ഒരാൾ നീന്തി രക്ഷപ്പെട്ടു
വടകര: മത്സ്യവുമായി പോകുകയായിരുന്ന ഫൈബർ വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. മാഹി പൂഴിത്തല ചിള്ളിപ്പറമ്പത്ത് അസീസ് (45), ചോമ്പാല മാടാക്കര സ്വദേശി വലിയപുരയിൽ അച്യുതൻ (56) എന്നിവരാണ് മരിച്ചത്. മാടാക്കര സ്വദേശി പുതിയപുരയിൽ ഷൈജു (41) ആണ് നീന്തി രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മീനുമായി ചോമ്പാലയിലേക്കുള്ള യാത്രക്കിടെ കരയിൽനിന്ന് നാലു കിലോമീറ്റർ അകലെ കുരിയാടിയിൽ പുറംകടലിലാണ് അപകടം. വള്ളം മറിഞ്ഞതോടെ നീന്തി കരക്കെത്തിയ ഷൈജുവിൽനിന്ന് വിവരമറിഞ്ഞ് മത്സ്യത്തൊഴിലാളികളാണ് മറ്റു രണ്ടുപേരെ കരക്കെത്തിച്ചത്. ഒരാൾ കരക്കെത്തുന്നതിന് മുമ്പും ഒരാൾ വടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. കാറ്റിൽ മറിഞ്ഞ വള്ളത്തിൽ കുറെ സമയം മൂവരും പിടിച്ചുനിന്നെങ്കിലും രക്ഷപ്പെടുത്താൻ ആരുമുണ്ടായിരുന്നില്ല. വള്ളത്തോടൊപ്പം ഒരാൾ മുങ്ങിപ്പോകുകയും കരയിലേക്ക് നീന്തി രക്ഷപ്പെടുന്നതിനിടെ ഒരാളെകൂടി കാണാതാവുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഷൈജു പറഞ്ഞു. അച്യുതന്റെ ഭാര്യ: മിനി. മക്കള്‍: അശ്വന്ത്, ശിവാനി. മരുമകന്: ഷിജിന്. സഹോദരങ്ങള്‍: ലക്ഷ്മണൻ, ഗണേശന്, രഘു, രമണി, സുശീല.അസീസിന്റെ ഭാര്യ: സീനത്ത്. മക്കൾ: അജ്മൽ, അസീബ്, അസ്ലം. പിതാവ്: മുഹമ്മദ്. മാതാവ്: കുഞ്ഞിബി. സഹോദരങ്ങൾ: ബഷീർ, ഗഫൂർ നൗഷാദ്, ഷഫീർ, ഷാഹിദ.