മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ അഗസ്ത്യൻമുഴി കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ശനിയാഴ്ച ഉച്ചക്ക് 12ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മുട്ടോളം വെള്ളത്തിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. കറുത്ത ഷർട്ടും ലുങ്കിയുമായിരുന്നു വേഷം. ഇയാളുടെ സഞ്ചിയും വസ്ത്രവും പുഴയോരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മുക്കം സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ഇദ്ദേഹത്തെ മുക്കത്തുവെച്ച് കണ്ടവരുണ്ട്. വയനാട് ചൂരമലയിലാണ് വീടെന്നും ബസിന് ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ അരീക്കോടുനിന്ന് നടന്നുവരുകയാണെന്നും പറഞ്ഞു. തുടർന്ന് നാട്ടുകാർ ഭക്ഷണവും സാമ്പത്തിക സഹായവും നൽകി മുക്കം ബസ് സ്റ്റാൻഡിൽനിന്ന് താമരശ്ശേരിക്കുള്ള ബസിൽ കയറ്റിവിട്ടതായിരുന്നു. മൃതദേഹത്തിൽനിന്ന് ബസ് ടിക്കറ്റ് ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.