താമരശ്ശേരി: ഡ്യൂട്ടിക്കെത്തിയ താമരശ്ശേരി എസ്.ഐ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. കോഴിക്കോട് ചേവായൂർ കോവൂർ എം.എൽ.എ റോഡിലെ വാകേരി വി.എസ്. സനൂജാണ് (37) മരിച്ചത്.വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് സ്റ്റേഷനിൽവെച്ച് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നു വരെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനുവെച്ചു. വാകേരി സദാനന്ദന്റെയും വിലാസിനിയുടെയും മകനാണ് സനൂജ്. ഭാര്യ: നിമിഷ. മകൻ: നിവേദ് എസ്. നായർ. സഹോദരി: വിദ്യ.ഫയർഫോഴ്സ്, സെയിൽസ് ടാക്സ് എന്നീ വകുപ്പുകളിലെ സേവനത്തിനുശേഷമാണ് സനൂജ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. മാനന്തവാടി, കൽപറ്റ സ്റ്റേഷനുകളിൽ പ്രബേഷനറി എസ്.ഐയായും പേരാമ്പ്ര സ്റ്റേഷനിൽ എസ്.ഐയായും ജോലി ചെയ്തു. താമരശ്ശേരിയിൽ നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു