രാമനാട്ടുകര: അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. പരുത്തിപ്പാറ ചൂരക്കാട്ടില്‍ ചെറാട്ടു പറമ്പത്ത് ഗോപാലന്റെ ഭാര്യ സൗമിനി (63) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറോടെ രാമനാട്ടുകര ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിലാണ് അപകടം. കോഴിക്കോടുനിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന മിന്നൂസ് മിച്ചൂസ് ബസ് അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്ന് ബസ് സ്റ്റാൻഡിലേക്ക് കടക്കുന്നതിനിടെ വീട്ടമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. വീട്ടമ്മ ബസിനടിയിൽപ്പെടുകയായിരുന്നു. ബൈക്കോടിച്ച മകന് വിജിത്ത് തലനാരിഴക്ക് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കള്‍: ശ്രീജിത്ത്, വിജിത്ത്. മരുമക്കള്‍: ബബിത, സജി