കൊയിലാണ്ടി: ചേമഞ്ചേരി കണ്ണങ്കടവിൽ കോൺക്രീറ്റ് വീട് പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വെങ്ങളം ചീറങ്ങോട്ടുകുനി രമേഷാണ് (58) മരിച്ചത്. കാട്ടിൽപീടിക കീഴാരി താഴെ വേലായുധനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ജയാനന്ദൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണങ്കടവിൽ പള്ളിപ്പറമ്പിൽ മനാഫിന്റെ ഉടമസ്ഥതയിലുള്ള പഴയ കോൺക്രീറ്റ് വീട് പൊളിച്ചുമാറ്റുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് അപകടം. തൊഴിലാളികളുടെ മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നുവീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം തുടങ്ങിയത്. പിന്നാലെ വെള്ളിമാടുകുന്ന്, കോഴിക്കോട് സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേനകളും എത്തിയിരുന്നു. സ്ലാബിനടിയിൽ കുടുങ്ങിയവരെ മണ്ണുമാന്തിയുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ രമേഷനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ബാപ്പൂട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ (ബംഗളൂരു), അശ്വിൻ. സഹോദരൻ: സുരേഷ്.