തലശ്ശേരി: രാഷ്ട്രീയസംഘർഷത്തിൽ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകർക്കൊപ്പം മഞ്ഞോടി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പിണറായി പാനുണ്ടയിലെ ആർ.എസ്.എസ് പ്രവർത്തകനായ ചക്യത്ത് മുക്ക് പുതിയ വീട്ടിൽ ജിംനേഷാണ് (32) മരിച്ചത്. ആശാരിപ്പണിക്കാരനാണ്.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് സംഭവം. വാർഡിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് പരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതോടെ ഡോക്ടർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. ഇതിനായി വീട്ടുകാരെ ബന്ധപ്പെടുന്നതിനിടയിലാണ് മരണമെന്നാണ് വിവരം. ഇതിനിടെ ജിംനേഷ് മരിച്ചത് സി.പി.എം പ്രവർത്തകരുടെ അടിയേറ്റാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. എന്നാൽ, ഹൃദയാഘാതത്താലാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ വ്യക്തമാക്കി. ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ബാലസംഘം പിണറായി ഏരിയ സമ്മേളനം നടക്കുന്ന പാനുണ്ട സ്കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ കൈയാങ്കളി ഉണ്ടായിരുന്നു. സ്കൂൾ കവാടത്തിൽ സി.പി.എം സ്ഥാപിച്ച കൊടിതോരണങ്ങളും ഗേറ്റും തകർക്കപ്പെട്ടതാണ് പ്രശ്നമുണ്ടാക്കിയത്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് സി.പി.എം പ്രാദേശിക നേതാക്കൾ തലശ്ശേരി സഹകരണ ആശുപത്രിയിലും നാല് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. പിണറായി പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.
കുട്ടികളുടെ കലാസാംസ്കാരിക പരിപാടി നടക്കുന്ന സ്കൂളിൽ സംഘടിച്ചെത്തി കുഴപ്പങ്ങളുണ്ടാക്കിയ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം എരുവട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി കുറ്റ്യൻ രാജൻ പിണറായി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചുവെന്ന പ്രചാരണത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ നിരവധി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയിരുന്നു. നേതാക്കളായ എൻ. ഹരിദാസ്, പാറ ശശി എന്നിവർ സന്ദർശിച്ചു.
തലശ്ശേരി ഇൻസ്പെക്ടർ എം.വി. ബിജു ഇൻക്വസ്റ്റ് നടത്തി. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പാനുണ്ടയിലെ പി.വി. മോഹനൻ -ഒ.പി. അജിത ദമ്പതികളുടെ മകനാണ് ജിംനേഷ്. സഹോദരങ്ങൾ: ജിഷ്ണു, ജിംന.