കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതുപറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലിയാണ് (44) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിനാണ് മൃതദേഹം മണ്ണിൻപിലാക്കൽ കടവിൽ നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കടലുണ്ടിപ്പുഴ പെരുമ്പുഴക്ക് സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുകയായിരുന്ന മുഹമ്മദലി ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അടിയൊഴുക്ക് തിരിച്ചടിയായി. വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷസേനയും തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചു. തിങ്കളാഴ്ച മുഴുവൻ നടത്തിയ തിരച്ചിലും വിഫലമായിരുന്നു. താനൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേന, മലപ്പുറത്തുനിന്നെത്തിയ സ്ക്യൂബാ ടീം, കോട്ടക്കൽ, വേങ്ങര, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്നുള്ള ട്രോമ കെയർ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. അബ്ദുറഹ്മാന്റെയും ആയിശയുടെയും മകനാണ് മുഹമ്മദലി. ഭാര്യ: ഷെറീന. മക്കൾ: ഹനിയ, ഹാദിയ. ഖബറടക്കം പുതുപ്പറമ്പ് ബുധനാഴ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.