കോടഞ്ചേരി: തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മണ്ണൂർ വളവ് സുബ്രഹ്മണ്യന്റെ മകൻ അമൽ പാച്ചാട്ട് (22) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട തടയണയിൽനിന്ന് 100 മീറ്ററോളം താഴെ പാറക്കെട്ടിൽനിന്നാണ് മൃതദേഹം വീണ്ടെടുത്തത്.
എൻ.ഡി.ആർ.എഫും അഗ്നി രക്ഷാസേനയും സന്നദ്ധ സേനകളും സംയുക്തമായി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. വിനോദയാത്രക്ക് വന്ന അഞ്ചംഗ വിദ്യാർഥികൾ അടങ്ങുന്ന സംഘം ഞായറാഴ്ച ആണ് തുഷാരഗിരിയിൽ എത്തിയത്. ഉച്ചക്ക് രണ്ടോടെ രണ്ടു പേർ ഒഴുക്കിൽപെട്ടു.
ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ജൂലൈ നാലിന് കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനെ ഇനിയും കണ്ടെത്താനായിട്ടില്ല.