പയ്യോളി: ദേശീയപാതയില്‍ പെരുമാള്‍പുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കീഴൂര്‍ കുന്നത്ത് പടിഞ്ഞാറയില്‍ ബാബു - സവിത ദമ്പതികളുടെ മകന് അഭിനന്ദ് (18) ആണ് മരിച്ചത്. പയ്യോളി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്. ഇ. വിദ്യാര്‍ഥിയാണ് അഭിനന്ദ്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം നടന്നത്. തിക്കോടി ഭാഗത്തേക്ക് പോവുന്ന അഭിനന്ദ് ഓടിച്ച ബൈക്കും എതിര് ദിശയില്‍ വന്ന മറ്റൊരു ബൈക്കും തമ്മില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് തൊട്ടടുത്ത് നിര്‍ത്തിയിട്ട കാറിന്റെ പുറകില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ പ്രഥമശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോഴിക്കോട് ഫറൂഖ് ശാരദാമന്ദിരം സ്വദേശി രാഹുല്‍ (23), സുഹൃത്ത് ആഗ്നേയ് (23) എന്നിവരാണ് എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അനുവിന്ദയാണ് അഭിനന്ദിന്റെ സഹോദരി.