കോഴിക്കോട്: കോഴിക്കോട്: ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ കക്കോടി പഞ്ചായത്ത് ഓഫിസിനു സമീപം കുന്നിൻമുകളിൽ കെ.എം. അബ്ബാസ് (72) അന്തരിച്ചു. അസുഖബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ദേശാഭിമാനിയുടെ വളർച്ചയിൽ നേതൃപരമായ പങ്കുവഹിച്ച ഇദ്ദേഹം 1972ൽ പ്രൂഫ് റീഡറായാണ് ജോലിയിൽ കയറിയത്. 1977ൽ സബ് എഡിറ്ററായി. കോട്ടയം, തൃശൂർ, കണ്ണൂർ എഡിഷനുകൾ ആരംഭിക്കുമ്പോൾ ന്യൂസ് എഡിറ്റർ ചുമതല വഹിച്ചു. തിരുവനന്തപുരത്ത് യൂനിറ്റ് ആരംഭിക്കുമ്പോൾ ചീഫ് സബ് എഡിറ്ററായി. കോഴിക്കോട് യൂനിറ്റിൽ സീനിയർ ന്യൂസ് എഡിറ്ററായിരിക്കെ 2008 ഡിസംബറിൽ സർവിസ് അവസാനിപ്പിച്ചു. കക്കോടി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് സെൻസറിങിനെ മറികടന്ന് ദേശാഭിമാനി ഇറക്കുന്നതിൽ പങ്കു വഹിച്ചു. പരേതനായ മുഹമ്മദിന്റെയും (ബ്രൂക്ക്ബോണ്ട്) ആമിനയുടെയും മകനാണ്. ഭാര്യ: സക്കീന. മക്കൾ: ശബ്നം, തബ്സം (ബഹ്റൈൻ). മരുമകൻ: യൂസഫ് (ബഹ്റൈൻ). സഹോദരങ്ങൾ: സുഹറാബി, റസിയ, സജിത, ലത്തീഫ് എന്ന ബാബു, റിയാസ്, പരേതയായ ജമീല. വെള്ളിയാഴ്ച രാവിലെ 12 വരെ വീട്ടിൽ വെച്ചശേഷം ജുമുഅ നമസ്കാരത്തിനുശേഷം കക്കോടി ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.