കൂറ്റനാട്: വീടിന്റെ ടെറസിന് മുകളില്‍ ഉറങ്ങാന്‍ കിടന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റകോട് വരമംഗലത്ത് പരേതയായ കാദർ-ആച്ചുമ്മ ദമ്പതികളുടെ മകൻ മുഹമ്മദാലിയാണ് (60) മരിച്ചത്. വേനല്‍ ചൂട് കാരണം ടെറസിനു മുകളിലാണ് കട്ടിലും കിടക്കയുമിട്ട് കിടന്നുറങ്ങാറുള്ളത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് 12 വരെ ഭാര്യയുമായി സംസാരിച്ചിരുന്ന ശേഷമാണ് ഉറങ്ങാൻ പോയത്.കാലത്ത് ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ 8.30യോട് കൂടി വീട്ടുകാർ ചെന്ന് നോക്കുമ്പോൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂക്കിന്റെ ഭാഗത്തും കണ്ണിന് താഴെയുമായി ചെറിയ പാടുകൾ കണ്ടതിനാൽ അസ്വാഭാവിക മരണത്തിന് ചാലിശ്ശേരി പൊലീസ് കേസെടുത്തു. മേൽനടപടികൾ പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ശനിയാഴ്ച തിരുമിറ്റകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ആമിന. മക്കൾ: ഷംനാസ്, ഷിയാസ്, ഷെമീറ. മരുമക്കൾ: ഷെമീറ (വരവൂർ), സാബിറ, അഷ്റഫ്.