ചെറുകോൽപുഴ: ശനിയാഴ്ച പമ്പയാറ്റിൽ ചെറുകോൽപുഴ ഭാഗത്ത് ഒഴുക്കിൽപെട്ട് കാണാതായ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ നരേന്ദറാണ് (24) മരിച്ചത്. പത്തനംതിട്ടയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന സ്കൂബാ സംഘം രണ്ടുദിവസമായി തിരച്ചിൽ നടത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് മൃതദേഹം മുങ്ങിയെടുത്തത്. സുഹൃത്തുക്കളോടൊപ്പം കടവിൽ കുളിക്കാനെത്തിയ നരേന്ദർ മറ്റുള്ളവർ നോക്കിനിൽക്കെ മുങ്ങിത്താഴുകയായിരുന്നു. കെട്ടിടനിർമാണ തൊഴിലാളിയായ ഇയാൾ വെണ്ണിക്കുളം വാളക്കുഴിയിലായിരുന്നു താമസം. ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി. രമേശ് കുമാർ, എസ്. ശ്രീകുമാർ, വി. അനൂപ്, ഹോംഗാർഡ് ഡേവിഡ് എന്നിവരാണ് തിരച്ചിൽ നടത്തിയത്.