ആലത്തൂർ: മുതിർന്ന മാധ്യമപ്രവർത്തകനും സംഗീതജ്ഞനുമായ കാവശ്ശേരി ഓട്ടുപുര ഗ്രാമം കെ.പി. കൃഷ്ണൻകുട്ടി (കെ.പി.കെ. കുട്ടി -89) ന്യൂഡൽഹിയിൽ നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. എയർഫോഴ്സിൽ ക്ലർക്ക് പേ അക്കൗണ്ടായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. 1960ൽ ഇന്ത്യൻ എക്സ്പ്രസിൽ ചേർന്നു. പിന്നീട് യു.എൻ.ഐയിലേക്ക് മാറി. 1984ൽ ചീഫ് എഡിറ്ററായി വിരമിച്ചശേഷം ഇൻഡോ ഏഷ്യൻ ന്യൂസ് സർവിസ് എന്ന സ്ഥാപനം ആരംഭിച്ചു. ലീല ഓംചേരിക്കൊപ്പം ഇന്ത്യയിലുടനീളം സംഗീതകച്ചേരി നടത്തിയിട്ടുണ്ട്. 2006 മുതൽ 10 വർഷം കാവശ്ശേരിയിൽ താമസിച്ചിരുന്നു. ഈ കാലത്ത് ഒട്ടേറെ കുട്ടികൾക്ക് സൗജന്യമായി സംഗീത ക്ലാസ് നൽകിയിരുന്നു. അന്നൊന്നും ഇദ്ദേഹത്തെക്കുറിച്ച് ആർക്കും അറിവില്ലായിരുന്നു. പിന്നീട് സംഗീത ക്ലാസിനെക്കുറിച്ച് പത്രക്കാർ നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനെയൊരാളെക്കുറിച്ച് അറിയുന്നത്. 2017ൽ വീണ്ടും താമസം ഡൽഹിയിലേക്ക് മാറ്റി. പിതാവ്: കാവശ്ശേരി ഓട്ടുപുര ഗ്രാമം പരേതനായ വൈദ്യനാഥ അയ്യർ. മാതാവ്: പരേതയായ പെരുമ്പിലാവ് പാറുക്കുട്ടി. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: വിജയ് (ഡൽഹി), അജയ് (ആസ്ട്രേലിയ). മരുമക്കൾ: ചിത്ര, അനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ന്യൂഡൽഹി ലോധി റോഡ് വൈദ്യുതി ശ്മശാനത്തിൽ.