താനൂർ: ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. താനാളൂർ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിെൻറയും റംലയുടെയും മകൾ സഫ്ല ഷെറിൻ (ഏഴ്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂർ ചുങ്കത്തായിരുന്നു അപകടം. പെൺകുട്ടി ഗുഡ്സ് ഓട്ടോയിൽ ബന്ധുവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഒഴൂർ വെട്ടുകുളത്തെ ബന്ധുവീട്ടിൽ നിന്ന് വിറകുമായി അരീക്കാടേക്ക് പോകുമ്പോഴായിരുന്നു അപകടം. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. പെൺകുട്ടി തൽക്ഷണം മരിച്ചു. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഫ്ല അരീക്കാട് എ.എം.യു.പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: സഫ്വാൻ.