ഷൊർണൂർ: അരനൂറ്റാണ്ടോളം ഷൊർണൂർ ടൗണിൽ ടാക്സി ഡ്രൈവറായിരുന്ന പരുത്തിപ്ര അറക്കരക്കാട്ടിൽ യൂസുഫിെൻറ (68) നിര്യാണത്തിൽ വേദനയോടെ നാട്. അര നൂറ്റാണ്ട് മുമ്പ് ടാക്സി ഡ്രൈവറായി ജോലിയാരംഭിച്ച യൂസുഫ് പതിവുപോലെ വ്യാഴാഴ്ചയും ഷൊർണൂർ ടാക്സി സ്റ്റാൻഡിലെത്തിയിരുന്നു. ഊണിന് വീട്ടിൽ മടങ്ങിയെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൊർണൂരിൽ പഴയ മോഡൽ അംബാസഡർ കാറുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളായിരുന്നു യൂസുഫ്. ടൗണിലെത്തുന്നവരും ചെറുതുരുത്തി, പട്ടാമ്പി, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി ഭാഗങ്ങളിലുള്ളവരുമായ ആയിരങ്ങളുമായി അടുത്തബന്ധം നിലനിർത്തിയിരുന്നു. ഇവരുടെയൊക്കെ വീടുകളിലെ മരണം, വിവാഹം അടക്കമുള്ള വിശേഷ സന്ദർഭങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: സുഹറ. മക്കൾ: സുബൈർ, സുലൈഖ, സുബൈദ. മരുമക്കൾ: റഷീദ, ഷറഫുദ്ദീൻ, റഫീഖ്.