വടകര: പ്രമുഖ വടക്കൻപാട്ട് കലാകാരനും ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവുമായിരുന്ന താഴെകുന്നത്ത് ടി.കെ. കുമാരൻ (89) നിര്യാതനായി. കർഷകത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, സി.പി.എം ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. വടക്കൻ പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ആകാശവാണിയിലും ദൂരദർശനിലുമുൾപ്പെടെ വടക്കൻപാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ദീർഘകാലം ഒഞ്ചിയം തയ്യിൽ ക്ഷേത്രകമ്മിറ്റി പ്രസിഡൻറായിരുന്നു. കോളറ, വസൂരി തുടങ്ങിയ പകർച്ചവ്യാധികളിൽപെട്ട് വലഞ്ഞവരെ രക്ഷിക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ രൂപവത്കരിച്ച വളൻറിയർ സേനയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. മടപ്പള്ളി ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യസമര നായകന് മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മരണമടഞ്ഞ ദിവസം സ്കൂളിന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ചതിന് സ്കൂളില്‍ നിന്നും പുറത്തായി. ഈ സമരത്തിൽ പങ്കെടുത്തവർക്കെല്ലാം സ്വാതന്ത്ര്യ സമര പെൻഷൻ ലഭിച്ചപ്പോൾ നിരസിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനായി പലതവണ ആദരിക്കപ്പെട്ടിട്ടുണ്ട്. രാംമനോഹർ ലോഹ്യ ഖേത് മസ്ദൂർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിെൻറ നാടൻപാട്ട് കലാകാരനുള്ള ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ജാനു. മക്കൾ: സതി, സുമ (ഒഞ്ചിയം സർവിസ് സഹകരണ ബാങ്ക്). മരുമകൻ: ചന്ദ്രന് (ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ്, വെള്ളൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു (റിട്ട. കെ.എസ്.ആർ.ടി .സി), ചാത്തു (ചെന്നൈ), നാരായണി, പരേതരായ മാണി, ഗോപാലൻ.