കട്ടപ്പന: വീടില്ലാതിരുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട കുടിവെള്ള പദ്ധതിയുടെ മോട്ടോർപുരയിൽ താമസിച്ചിരുന്ന വൃദ്ധൻ കുളത്തിൽ വീണു മരിച്ചു. ഉപ്പുതറ തുണ്ടിയിൽ കുഞ്ഞുകുട്ടിയാണ് (75) മരിച്ചത്. ഉപ്പുതറ പഞ്ചായത്ത് ആറാം വാർഡിൽ ഉപേക്ഷിക്കപ്പെട്ട കുടിവെള്ള പദ്ധതിയുടെ കുളത്തിൽ വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കുളത്തിന് സമീപത്തെ സ്ഥലത്ത് മരച്ചീനി കൃഷിയുടെ കളയെടുക്കുന്നതിനിെടയാണ് കുളത്തിൽ വീണത്. കുളത്തിെൻറ കെട്ടിലിരുന്ന് വിശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇയാൾ വീഴുന്നത് കണ്ട സമീപവാസി നാട്ടുകാരെ കൂട്ടി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട കടത്തിണ്ണകളിലായിരുന്നു രാത്രി കിടപ്പ്. അടുത്ത നാളിലാണ് താമസം മോേട്ടാർ പുരയിലേക്ക് മാറ്റിയത്. മൃതദേഹം ഉപ്പുതറയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾക്കായി പഞ്ചായത്തും പൊലീസും അന്വേഷണം ആരംഭിച്ചു.