കോഴിക്കോട്: : മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും മുൻ കേന്ദ്ര ഫിഷറീസ് കമീഷണറുമായ ഉള്ള്യേരി വെങ്ങിലോട്ട് എം.കെ. രവീന്ദ്രൻ നായർ (72 ) നിര്യാതനായി. ഫിഷറീസ് സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്രൈംബ്രാഞ്ച് എസ്.പി രാഹുൽ ആർ. നായരുടെ പിതാവാണ്.കോഴിക്കോട് ഉേള്ള്യരിയിൽ പരേതനായ കെ. വി. ഗോവിന്ദൻ നായരുടെയും നാരായണിയമ്മ ടീച്ചറുടെയും മൂത്ത മകനായി 1949 ആഗസ്റ്റ് അഞ്ചിനാണ് ജനനം.കൊച്ചിയിൽ കേന്ദ്ര സർക്കാർ ഫിഷറീസ് സ്ഥാപനത്തിെൻറ ഡയറക്ടർ ആയിരിക്കെ 1998 ൽ നാലു മാസം നീണ്ട ഇന്ത്യൻ അൻറാർട്ടിക് പര്യവേക്ഷണ സംഘത്തെ എം.കെ. രവീന്ദ്രൻ നായർ നയിച്ചു. സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യവും ഉണ്ടായിരുന്നു. കേന്ദ്ര ഫിഷറീസ് കമീഷണർ ആയിരിക്കെ തലായി, കൊയിലാണ്ടി, നീണ്ടകര മുതലായ ഫിഷിങ് ഹാർബറുകൾക്ക് കേന്ദ്ര അംഗീകാരം ലഭിക്കാൻ മുൻകൈ എടുത്തിരുന്നു. കുറച്ചു മാസങ്ങളായി ശ്വാസകോശ അർബുദ ബാധയെ തുടർന്ന് എം.വി.ആർ കാൻസർ സെൻററിൽ ചികിത്സയിൽ ആയിരുന്നു. അടുത്തിടെ കോവിഡും ബാധിച്ചിരുന്നു. ഭാര്യ: പരേതയായ സുമതി ആർ നായർ. മറ്റൊരു മകൻ: സൂരജ് ആർ. നായർ. മരുമക്കൾ: ഡോ. പി.കെ. മല്ലിക, ലക്ഷ്മി കൃഷ്ണൻ. സഹോദരങ്ങൾ: സരോജിനിയമ്മ, പ്രഭാകരൻ നായർ, അരവിന്ദാക്ഷൻ നായർ, അശോകൻ നായർ.