കോഴിക്കോട്: പ്രസിദ്ധ കീബോർഡ് ആർട്ടിസ്റ്റ് രാമനാട്ടുകര രവീന്ദ്രനാഥ് (63) നിര്യാതനായി. രാമനാട്ടുകര ശാന്തിഹോസ്പിറ്റലിനുസമീപം ശാസ്താപുരിയിലായിരുന്നു താമസം. നെഞ്ചുവേദനയെ തുടർന്ന് കുറച്ചുദിവസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കഴിഞ്ഞദിവസം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച അർധ രാത്രിയോടെയാണ് മരണം. ബ്രദേഴ്സ് ഓർക്കസ്ട്രയിലൂടെ എക്കോഡിയൻ ആർട്ടിസ്റ്റായിട്ടാണ് സംഗീത മേഖലയിലെ തുടക്കം. 1970ൽ തിരുവനന്തപുരം തരംഗിണിയിലെത്തിയതോെടയാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അനുപല്ലവി എന്ന ചിത്രത്തിലെ ഈ സ്വരം പൂവിടും കാലമേ എന്നുതുടങ്ങുന്നതടക്കം നിരവധി ഹിറ്റുകൾക്ക് കീബോർഡ് വായിച്ചിട്ടുണ്ട്. കുറച്ചുകാലം വിദേശത്തും സംഗീതാധ്യാപകനായിരുന്നു. പിതാവ്: പരേതനായ ശാസ്താപുരി അപ്പുകുട്ടൻ. അമ്മ ദേവകി. സഹോദരങ്ങൾ: ശ്രീധരൻ (റെയിൽവേ), പുഷ്പരാജൻ, സുഗതകുമാരി, ഷീബ, ഷീല, മധുസൂദനൻ. സഞ്ചയനം ഞായറാഴ്ച.