കോഴിക്കോട്: സേട്ട് നാഗ്ജി പുരുഷോത്തം കമ്പനി, സൺ അമ്പ്രല്ല, എം.പി.ക്രെഡിറ്റ് കോർപറേഷൻ, സൺടെൽ മാർക്കറ്റിങ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറും വ്യവസായ പ്രമുഖനുമായ രമേഷ് എം. മേത്ത (89) വെസ്റ്റ്ഹിൽ നന്ദാവനം കോളനി ‘സുജാത’യിൽ നിര്യാതനായി. ഭാര്യ: സരള മേത്ത. മക്കൾ: പരേതനായ മനോജ് മേത്ത (മൈസൂരു), പ്രദിപ്ത സാംഘ്വി (ബംഗളൂരു), സുജാത പ്രഭു (ബറോഡ). മരുമക്കൾ: ഡോ. ചന്ദ്രകാന്ത് സാംഘ്വി, നീരു മേത്ത. കോഴിക്കോട്ട് സേട്ട് നാഗ്ജി ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തന രംഗത്തും സജീവമായിരുന്നു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡൻറ്, ഗുജറാത്തി വിദ്യാലയ അസോസിയേഷൻ പ്രസിഡൻറ്, ഭഗവാൻ കാളിക്കുണ്ട് പരസ്നാഥ് ജൈനക്ഷേത്ര മാനേജിങ് ട്രസ്റ്റി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സേട്ട് നാഗ്ജി പുരുഷോത്തം കമ്പനിയിൽ മൂന്നാം തലമുറക്കാരനായി 1970ൽ മാനേജിങ് ഡയറക്ടറുടെ ചുമതല ഏറ്റെടുത്ത ഇദ്ദേഹം മൈസൂരുവിലും മുംബൈയിലും ഫാക്ടറി തുടങ്ങി.