വരവൂർ: ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ പോയി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ പിലാക്കാട് പെരുംകുന്ന് കോളനിയിൽ സുധാകരനാണ് (39) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഭാരതപ്പുഴയുടെ തിരുമിറ്റക്കോട് ഭാഗത്ത് സുധാകരൻ മീൻ പിടിക്കാൻ പോയത്. രാത്രിയായിട്ടും തിരിച്ച് വരാതായതോടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ ബെൽ അടിെച്ചങ്കിലും എടുത്തിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുഴയുടെ സമീപത്ത് നിന്ന് സുധാകരെൻറ ബൈക്കും മുണ്ടും ഷർട്ടും ചെരിപ്പുകളും കിട്ടി. വരവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ പട്ടാമ്പി, ഷൊർണൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചാലിശ്ശേരി, തൃത്താല പൊലീസും നാട്ടുകാരും ചേർന്ന് പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിൽ വൈകുന്നേരം ആറരയോടെ തൃത്താല സ്റ്റേഷൻ പരിധിയിലുള്ള പുഴയുടെ ഞങ്ങാട്ടിരി ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്േമാർട്ടം നടക്കും. സുധാകരൻ അവിവാഹിതനാണ്. പിതാവ്: കേശവൻ. മാതാവ്: കാർത്യായനി.