കോഴിക്കോട്: മഹാരാഷ്ട്ര അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച കോഴിക്കോട് സ്വദേശി കെ. നളിനാക്ഷൻ (79) മുംബൈയിൽ പൊള്ളലേറ്റു മരിച്ചു. രണ്ടു ദിവസമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. വീട്ടിലെ പൂജാമുറി അടച്ചിട്ട് പൂജ ചെയ്യുന്നതിനിടെ വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നു. രക്ഷപ്പെടുത്തുമ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ബൈഖ്ള മസീന ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയാണ് മരണം. കൊളങ്ങരടത്ത് കുടുംബാംഗമായ നളിനാക്ഷൻ നഗരത്തിൽ ആറാം ഗേറ്റിനടുത്തുള്ള വീട്ടിൽനിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിൽനിന്ന് റാങ്കോടെയായിരുന്നു വിജയം. 1967 മഹാരാഷ്ട്ര കേഡറിലാണ് ഐ.എ.എസ് ലഭിച്ചത്. ഐ.എ.എസിനുമുമ്പ് െഎ.പി.എസ് കിട്ടിയിരുന്നു. കുറച്ചുകാലം കേരളത്തിൽ എ.എസ്.പിയായി ജോലി നോക്കി. സിവിൽ സർവിസിലെത്തുന്നതിനു മുമ്പ് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു. ജില്ലയിൽനിന്നുള്ള രണ്ടാമത്തെ ഐ.എ.എസുകാരനാണ്. മുംബൈയിലെ ആദ്യത്തെ മലയാളി മുനിസിപ്പൽ കോർപറേഷൻ കമീഷണറായിരുന്നു. 13 വർഷം മഹാരാഷ്ട്ര ഐ.എ.എസ് അസോസിയേഷെൻറ പ്രസിഡൻറായിരുന്നു. പിന്നീട് ഗതാഗത, എക്സൈസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി. ഭാര്യ: ഐറ. മക്കൾ: സമീർ (എൻജിനീയർ, പുണെ), ഡോ. ശ്രീജിത്ത് (മുംബൈ), ശൈലേഷ് (ഹോങ്കോങ്).