Begin typing your search above and press return to search.
proflie-avatar
Login

അപ്പിസുനിയെ കാൺമാനില്ല

അപ്പിസുനിയെ കാൺമാനില്ല
cancel

നാളെ രാവിലെ മുതല്‍ അപ്പിസുനിയെ കാണാതാകും. അടയാളങ്ങളൊന്നും ബാക്കിയാക്കാത്ത അപ്രത്യക്ഷമാകല്‍. തിരഞ്ഞ് ചെല്ലാന്‍ വഴികളൊന്നും ഇല്ലാത്ത തിരോധാനം. ആര്‍ക്കും ശൂന്യതാഭാരം ഉണ്ടാക്കാത്ത വെറുമൊരു അസാന്നിധ്യം. അപ്പിസുനിയെ കാണാതായത് തിരുവനന്തപുരം നഗരം അറിയുകപോലുമില്ല. ചിറക്കുളത്തെ ഇടവഴികളില്‍ അതൊരു സംസാരവിഷയമാകില്ല. എന്തിന്, വീട്ടുസാധനങ്ങള്‍ അടുക്ക് തെറ്റി, തിങ്ങി തെറിച്ചിരിക്കുന്ന അയാളുടെ രണ്ടുമുറി വീട്ടില്‍പോലും അത് ചലനമുണ്ടാക്കില്ല. രണ്ടു ദിവസങ്ങള്‍ക്കുശേഷം സുനിയുടെ ഭാര്യ അജിത കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കും. നാടകകൃത്ത് കുന്നുകുഴി ഫ്രാന്‍സിസ് വടിവൊത്ത...

Your Subscription Supports Independent Journalism

View Plans

നാളെ രാവിലെ മുതല്‍ അപ്പിസുനിയെ കാണാതാകും. അടയാളങ്ങളൊന്നും ബാക്കിയാക്കാത്ത അപ്രത്യക്ഷമാകല്‍. തിരഞ്ഞ് ചെല്ലാന്‍ വഴികളൊന്നും ഇല്ലാത്ത തിരോധാനം. ആര്‍ക്കും ശൂന്യതാഭാരം ഉണ്ടാക്കാത്ത വെറുമൊരു അസാന്നിധ്യം.

അപ്പിസുനിയെ കാണാതായത് തിരുവനന്തപുരം നഗരം അറിയുകപോലുമില്ല. ചിറക്കുളത്തെ ഇടവഴികളില്‍ അതൊരു സംസാരവിഷയമാകില്ല. എന്തിന്, വീട്ടുസാധനങ്ങള്‍ അടുക്ക് തെറ്റി, തിങ്ങി തെറിച്ചിരിക്കുന്ന അയാളുടെ രണ്ടുമുറി വീട്ടില്‍പോലും അത് ചലനമുണ്ടാക്കില്ല. രണ്ടു ദിവസങ്ങള്‍ക്കുശേഷം സുനിയുടെ ഭാര്യ അജിത കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കും. നാടകകൃത്ത് കുന്നുകുഴി ഫ്രാന്‍സിസ് വടിവൊത്ത വലിയ അക്ഷരങ്ങളില്‍ എഴുതിക്കൊടുത്ത അന്വേഷണാപേക്ഷ. അതിന് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ കൊടുത്ത രസീത്, കൈസഞ്ചിയിലെ ഇലക്ട്രിസിറ്റി ബില്ലുകള്‍ക്ക് ഇടയിലേക്ക് അജിത തിരുകുന്നതോടെ തിരച്ചിലുകള്‍ അവസാനിക്കും. മറവിയുടെ മരുത്തരിശിലേക്ക് എല്ലാം വറ്റിത്തീരും.

കോണ്‍ട്രാക്ടര്‍ രാമചന്ദ്രനും ആര്‍.സി യൂനിയനിലെ പ്രഭാകരനും അലസമായി പറയും. ‘‘ആ അപ്പിസുനി എവ്‌ടെപ്പോയി തൊലഞ്ഞടേ, വെക്കം വേറെ ആളെ പിടിക്കണല്ലോ. അവനൊണ്ടെ ഏത് തീട്ടക്കുഴീലും വാപ്പിളാട്ടാതെ ചാടിയേനെ.’’

‘‘അവന്റപ്പന്‍ മുത്തൂനേം ഇതോലെ ഒരു വെളുപ്പാങ്ങാലത്ത് നിന്നനിപ്പി കാണാതായതല്ലേ.’’ ചിറക്കുളത്ത് ഇപ്പോഴും അഞ്ച് രൂപയ്ക്ക് ചായ വില്‍ക്കുന്ന ശശിയണ്ണന്‍, ഗ്ലാസിന്റെ വാവട്ടം കഴുകാതെ അടുത്ത ചായ എടുക്കുന്നതിനിടയില്‍ പറഞ്ഞൊഴിയും.

ജീവിതത്തില്‍ കാലുറപ്പിച്ച് നില്‍ക്കാത്തതുകൊണ്ട്, സുനിയുടെ കാലടികള്‍ എവിടെയും പതിഞ്ഞിട്ടില്ല. മണ്ണില്‍പോലും പോറലേൽപിക്കാതെ നടന്നതുകൊണ്ട്, ഒരിടത്തും സുനിയുടേതായി വടുക്കൾ ഉണ്ടാകില്ല. പക്ഷേ, ജോണി ഉണ്ടായിരുന്നെങ്കില്‍ സുനിയെ അന്വേഷിച്ച് കുറച്ചുദിവസം ലക്ഷ്യമില്ലാതെ തനിയെ നടക്കുമായിരുന്നു. ഒടുവില്‍ ജോണി പറഞ്ഞേക്കുമായിരുന്നു: ‘‘എന്തോരം ഒറ്റയ്ക്കായി തിരുവന്തോരം…’’ ഒരാള്‍ മാത്രം ഇതെല്ലാം അകക്കണ്ണാല്‍ കണ്ടറിഞ്ഞു. തൈക്കാട് ശിവക്ഷേത്രത്തിന് മുന്നിലെ പടിക്കെട്ടില്‍, കാലുകള്‍ പിണച്ച് നട്ടെല്ലിനെ നേര്‍രേഖയില്‍ നിര്‍ത്തി കണ്ണടച്ച് ധ്യാനിച്ചിരുന്ന സുബ്ബയ്യ.

കാണാതാകുന്നതിന്റെ തലേന്ന് സന്ധ്യക്കും സുനി പണിക്ക് പോയിരുന്നു. കോണ്‍ട്രാക്ടര്‍ രാമചന്ദ്രന്‍ തന്നെയാണ് മൊബൈലിലേക്ക് വിളിച്ചത്. ‘‘ടേയ്, ടപ്പന്ന് അരിസ്റ്റോ വരെ വാടാ. ലൈനില് ലീക്ക്. ഏരിയ മൊത്തം പൊട്ടിയൊലിക്ക്ണ്. നാറ്റംകൊണ്ട് പേലകള്‍ക്ക് സ്റ്റേഷനിപോലും ഇരിക്കവയ്യ. ഹോട്ടല് കാര് ചെവിതല തരാത്ത ചെലപ്പ്. കസ്റ്റമര്‍മാര് മൂക്കും പൊത്തിയോടണ്. ഹോട്ടല് കാര് തന്നെ കണ്ട, കണ്ടീം കുന്തമൊക്കെ ഒഴുക്കിവിടണതാ. നീ പെട്ടെന്ന് വാ. ദീപു അവിടൊണ്ട്.’’ സുനി മൂളുക മാത്രം ചെയ്തുകൊണ്ട് ഫോണ്‍ വെച്ചു. മറിച്ചൊന്നും പറഞ്ഞ് സുനിക്ക് വഴക്കമില്ല. അപ്പോഴേക്കും വീടിന് മുന്നിലെ മുടുക്കുകളില്‍നിന്ന് ഇരുള്‍ പൊന്തിപ്പരക്കാന്‍ തുടങ്ങിയിരുന്നു.

സുനി അകത്തെ മുറിയിലേക്ക് കയറി. സ്റ്റൗ വെച്ച പാതകത്തിന് താഴെ ഭിത്തിയില്‍ ചാരി അജിത നിലത്ത് ചുരുണ്ടിരിക്കുകയാണ്. കാലുകള്‍ കൈകൊണ്ട് ചുറ്റി മുറുക്കി പിടിച്ചിരുന്നു. വേദനകൊണ്ടോ ദേഷ്യംകൊണ്ടോ മുഖം കോടിയിരുന്നു. മൂക്കിന്റെ വലതുവശത്ത് എഴുന്നുനില്‍ക്കുന്ന കറുത്ത മറുക് വിറക്കുന്നതുപോലെ തോന്നി. എന്തെങ്കിലും ചോദിച്ചാല്‍ അവള്‍ പൊട്ടിത്തെറിക്കുമോ എന്ന് സുനി പേടിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല. പാഴ്ത്തടിയുടെ വാതില്‍, ഇലക്ട്രിക് വയറിന്റെ വളയക്കെട്ടില്‍ പിടിച്ച് പതുക്കെ ചാരി അയാള്‍ ഇറങ്ങി. യാത്രാമൊഴിയുടെ സ്വരത്തില്‍ വാതില്‍ ഞരങ്ങി.

അരിസ്റ്റോ ജങ്ഷനിലാകെ കന്നാലി ചത്ത് ചീഞ്ഞപോലുള്ള നാറ്റമാണ്. ഹോട്ടലില്‍നിന്നുള്ള എണ്ണക്കൊഴുപ്പില്‍ വേസ്റ്റടിഞ്ഞ് സീവേജ് ലൈന്‍ ബ്ലോക്കായതാണ്. നഗരത്തിന്റെ മണ്‍തോലിനടിയിലെ കെട്ടവെള്ളത്തിന്റെ രഹസ്യനാളികളിൽ അടവുകള്‍ ഉണ്ടായാല്‍, നാറ്റംകൊണ്ട് സുനിക്ക് അത് മനസ്സിലാകും. അത് ജനിച്ച നാള്‍ മുതലുള്ള മൂക്കറിവുകളാണ്. തീട്ടവെള്ളത്തിന്റെ തുരങ്കപാതകളിലെ ട്രാഫിക് പൊലീസെന്ന് സുനിയെപ്പറ്റി ജോണി പറയാറുണ്ട്. കൈരളി തിയറ്ററിന് എതിര്‍വശത്തുള്ള മാന്‍ഹോള്‍ തുറന്ന് ദീപു കാത്തുനില്‍പ്പുണ്ടായിരുന്നു. ഗെറ്റും ഓസും കമ്പിക്കൂട്ടും എല്ലാമായി അവന്‍ പരാജയപ്പെട്ട് നില്‍പ്പാണ്. ഹോട്ടലുകളിലെ സെക്യൂരിറ്റിക്കാര്‍ തൂവാലകൊണ്ട് മൂക്കു കെട്ടി, പൊട്ടിയൊഴുകുന്ന മാലിന്യം തങ്ങളുടെ നടയില്‍നിന്ന് മാത്രം തേവിക്കളഞ്ഞു. ഭക്ഷണം കഴിക്കാന്‍ വന്നവര്‍ ഓക്കാനംകൊണ്ട് പിന്തിരിഞ്ഞോടി.

‘‘അണ്ണാ, കമ്പിയിട്ട് പിടിച്ചിട്ടും പോരണില്ല. എറങ്ങി വെട്ടിമാറ്റണം.’’ സുനിയെ കണ്ടപാടെ ദീപു പറഞ്ഞു. അതിനാണ് സുനിയെ കാത്തുനിന്നതും. സുനി മാന്‍ഹോളിന് ചുറ്റും നടന്ന് മനസ്സുകൊണ്ട് ആഴം അളന്നു. മൂന്ന് മീറ്ററെങ്കിലും താഴ്ച ഉണ്ടാകും. ബാന്‍ഡിക്യൂട്ട് യന്ത്രം വന്നശേഷം ആള്‍നൂഴികളില്‍ തൊഴിലാളികള്‍ ഇറങ്ങരുതെന്നാണ് കോർപറേഷന്റെ തിട്ടൂരം. എങ്കിലും ചേര്‍പ്പുകളിലെ മുടക്ക് നീക്കാന്‍ ഇറങ്ങേണ്ടി വരും. അതിന് സുനിതന്നെ വേണം.

റോഡരികിലെ നടവഴിക്ക് അതിരിട്ട ലോഹക്കുഴല്‍ പിടിയിലേക്ക്, ഷര്‍ട്ടും മുണ്ടും അയാള്‍ ഊരിയിട്ടു. നഗരമധ്യത്തില്‍ അണ്ടർവെയര്‍ മാത്രമിട്ട് സുനി സങ്കോചമില്ലാതെ നിന്നു. ദീപു എടുത്തു കൊടുത്ത നല്ലെണ്ണ കാലിലും കയ്യിലും തേച്ച്, സുനി ആള്‍നൂഴിയിലേക്ക് നൂണ്ടിറങ്ങി. ചീഞ്ഞ നാറ്റത്തിന്റെ ചുഴലിയില്‍ സുനി കുലുങ്ങിയില്ല. അടുക്കളയിലെയും കക്കൂസിലെയും മാലിന്യം ഹോട്ടലുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണ്. ഭക്ഷണവും മലവും കുഴഞ്ഞ്, ചേര്‍പ്പിലെ എണ്ണക്കെട്ടില്‍ തങ്ങിയിരുന്നു. തീന്‍മേശകള്‍ തൂറിയതു പോലെ. കട്ടമുറിക്കിയിട്ട് കമ്പികള്‍ കോര്‍ത്ത്, ദീപു മുകളില്‍ നിന്ന് പിടിച്ചുകൊടുത്തു. തൂമ്പിലെ അടവിലേക്ക് നീളന്‍ പിടിയുള്ള നമ്മാട്ടികൊണ്ട് അയാള്‍ വെട്ടി. പിന്നാലെ കമ്പിയിട്ട് പിടിച്ചപ്പോള്‍ അടവ് തെറിച്ചു. കമ്പിയും നമ്മാട്ടിയും ദീപുവിന് തിരികെ കൊടുത്ത് സുനി കയ്യിലൂന്നി മുകളിലേക്ക് കയറി. തീട്ടവും ചേറും കുഴഞ്ഞ ദേഹവുമായി റോഡില്‍ കയറി നിന്ന സുനിയെ, കൂടിനിന്ന വഴിയാത്രികരും കച്ചവടക്കാരും ഉളുമ്പോടെ നോക്കി. അഞ്ചടി പൊക്കമുള്ള കണ്ടിയെ പോലെ.

‘‘ഓസടിക്കടാ.’’ സുനി പറഞ്ഞു.

ദീപു പൈപ്പില്‍ ഘടിപ്പിച്ച ഓസ് സുനിയുടെ ദേഹത്ത് ചീറ്റി. അയാള്‍ കൈയും കാലും കഴുകി. അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക് വലിച്ച് നീട്ടി, അതിനുള്ളിലേക്ക് വെള്ളം കയറ്റി. പിന്നെ ആരെയും ശ്രദ്ധിക്കാതെ നനഞ്ഞ ദേഹത്തേക്ക് മുണ്ടും ഷര്‍ട്ടും വലിച്ചിട്ടു. ദീപുവിന്റെ കൈലി മടക്കില്‍ തപ്പിക്കൊണ്ട് സുനി ചോദിച്ചു. ‘‘പേശെടെ കുത്തില് വെല്ലോം ഒണ്ടാടാ. ഒണ്ടേ പെട്ടെന്ന് താടെ…’’ തപ്പലിനിടെ സുനിയുടെ കൈയിൽ ഒരു കുപ്പി തടഞ്ഞു.

‘‘ജവാനാണ് അണ്ണാ’’, ദീപു സമ്മതിച്ചു.

‘‘എന്ത് പാഷാണായാലും മതി, ഇത്തിപ്പോരം വെള്ളോം.’’

സുനി തിടുക്കപ്പെട്ടു. ദീപു പ്ലാസ്റ്റിക് കവറില്‍നിന്ന് വെള്ളവും എടുത്തു കൊടുത്തു. തൊട്ടടുത്ത് കെട്ടിടം പണി നടക്കുന്ന പറമ്പിലേക്ക് കയറിനിന്ന്, രണ്ട് കവിള്‍ ജവാന്‍ വായിലേക്ക് നേരിട്ടൊഴിച്ചു. പിന്നാലെ കുറച്ച് വെള്ളവും. നെഞ്ചിലൂടെ ഒരു കുമ്പിള്‍ തീ വെന്തിറങ്ങി, വയറ്റില്‍ ചെന്ന് അണഞ്ഞു. വായില്‍ റമ്മിന്റെ മധുരപുളിപ്പും അണ്ണാക്കില്‍ മോര്‍ച്ചറി മണവും നിറഞ്ഞു. ദേഹമാകെ ഉറുത്തിയ ഉളുമ്പ്, ചെതുമ്പല്‍ പോലെ തെറിച്ചു പോയി. ദീപുവിന് രണ്ട് കുപ്പികളും തിരികെ കൊടുത്ത് സുനി ഒന്നും മിണ്ടാതെ നടന്നു. തിരുവനന്തപുരം നഗരത്തിന് ചില പ്രത്യേകതകളുണ്ട്. വലിയ കെട്ടിടങ്ങള്‍ക്ക് ഇടയില്‍ ആരുടെയും കണ്ണില്‍പെടാത്ത മനുഷ്യപ്പൊത്തുകള്‍ ഇവിടെയുണ്ട്. ഒരാള്‍ക്ക് മാത്രം നടന്നു കയറാവുന്ന മുടുക്കിനുള്ളിലേക്ക് ചെന്നാല്‍, അത് പത്തും അമ്പതും പേര്‍ താമസിക്കുന്ന മാളങ്ങളായിരിക്കും. കോണ്‍ക്രീറ്റ് സൗധങ്ങളുടെ ഇട നിറച്ച് നില്‍ക്കുന്ന മനുഷ്യപ്പുറ്റുകള്‍.

സ്റ്റാച്യു ജങ്ഷനില്‍നിന്ന് ചിറക്കുളത്തേക്ക് ഇറങ്ങുന്ന ആക്കുളം റോഡില്‍, അത്തരമൊരു പൊത്തിലാണ് സുനിയുടെ വീട്. കുമ്മായമടിച്ച, മേല്‍ക്കൂരയായി അലുമിനിയം ഷീറ്റിട്ട രണ്ടുമുറി വീട്. ഒന്നാമത്തെ മുറിയിലാണ് ഇരിപ്പും കിടപ്പുമെല്ലാം. നിരതെറ്റി അലങ്കോലമായി കിടക്കുന്ന ആ കുടുസ്സുമുറിക്കുള്ളില്‍, വയറുന്തിയ ഒരു പഴയ ടി.വിയുമുണ്ട്. അച്ഛനുള്ളപ്പോള്‍ മുറിക്ക് നടുവിലൊരു കര്‍ട്ടണ്‍ ഇട്ടിരുന്നു. കര്‍ട്ടണിന് അപ്പുറത്തെ ഒരിക്കലും കിടക്കവിരി മടക്കിവെക്കാത്ത ഒറ്റക്കട്ടിലിലാണ് അച്ഛന്‍ കിടന്നിരുന്നത്. രണ്ടാമത്തെ മുറിയിലാണ് പാചകവും കഴിപ്പും. അതിന്റ ഒരു ഭാഗം കെട്ടിത്തിരിച്ചാണ് കക്കൂസാക്കിയിരിക്കുന്നത്.

ചെങ്കല്‍ച്ചൂളയെ ഫ്ലാറ്റ് പണിത് രാജാജി നഗറാക്കിയപ്പോള്‍ മിച്ചം വന്നവര്‍ക്കൊപ്പം ഇവിടേക്ക് താമസം മാറിയതാണ് സുനിയും അച്ഛന്‍ മുത്തുവേലുവും അമ്മ ഭവാനിയും ചേട്ടന്‍ സജിയും. അച്ഛന്‍ കോർപറേഷനിലെ കണ്ടിൻജന്‍സി ജീവനക്കാരനായിരുന്നു. സുനിയെ പ്രസവിച്ചശേഷമാണ് അമ്മ ഭവാനിക്ക് സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരനിയമനം കിട്ടുന്നത്. മോഡല്‍ സ്‌കൂളിന് എതിര്‍വശത്തായി, ജോണിയുടെ വീടിനോട് ചേര്‍ന്നായിരുന്നു ചെങ്കല്‍ചൂളയിലെ സുനിയുടെ ഒാല മേഞ്ഞ കൂര.

തിന്നാനും തൂറാനുമൊക്കെ ജോണിയാണ് അന്നും കൂട്ട്. രാവിലെ കഴിക്കാന്‍ പഴംക്കഞ്ഞിയാകും. ഉച്ചക്ക് സ്‌കൂളില്‍നിന്ന് ചാടി വന്നാല്‍ മിക്ക ദിവസവും അമ്പത് പൈസയുടെ മിക്‌സ്ചറും അച്ചാറും കൂട്ടി പച്ചച്ചോറ് വാരിത്തിന്നും. രാത്രി അച്ഛന്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ ചൂരത്തലയോ കൊഴിയാളയോ കൊണ്ടുവരും. വാകീറി പതം പറഞ്ഞുകൊണ്ട് അമ്മ അത് വെച്ചുണ്ടാക്കും. രാത്രിയാണ് എല്ലാവരും വയര്‍ നിറച്ച് ഉണ്ണുക. അംഗന്‍വാടിയോട് ചേര്‍ന്നുള്ള മറപ്പുരയിലാണ് സുനിയും ജോണിയുംകൂടി വെളിക്കിരിക്കുക. പേപ്പറില്‍ തൂറിയിട്ട് അത് പൊതിഞ്ഞെടുത്ത്, പാഴ്ത്തടിപ്പെട്ടിയില്‍ കൊണ്ടുപോയി ഇടണം. അച്ഛനാകും രാത്രി ഇതെല്ലാംകൂടി കാനയിലേക്ക് തള്ളുക. സ്വന്തം തീട്ടം പൊതിഞ്ഞെടുക്കുന്ന ബാല്യകാലത്തിലാണ്, അറപ്പ് എന്ന വികാരം സുനിയെ വിട്ടൊഴിഞ്ഞത്. ചിറക്കുളത്തേക്ക് താമസം മാറിയപ്പോള്‍, സ്വന്തമായി കക്കൂസ് എന്നത് അച്ഛന്റെ വാശിയായിരുന്നു. വീട് പണിയാനായി വാനം കോരിയപ്പോള്‍ തന്നെ, അടച്ചുകെട്ടുള്ള കക്കൂസുകുഴി അച്ഛന്‍ കുത്തിച്ചിരുന്നു.

സുനില്‍കുമാര്‍ എന്ന നീളന്‍ പേര് അപ്പിസുനി എന്ന വട്ടപ്പേരിലേക്ക് ചുരുങ്ങിയത് മോഡല്‍ പ്രൈമറി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. കരിക്കട്ടപോലുള്ള തടിച്ച ശരീരത്തില്‍, തൂവെള്ള ഖദറിന്റെ ഷര്‍ട്ടും മുണ്ടും ധരിക്കുന്ന വേണുഗോപാല്‍ സാറായിരുന്നു അന്നത്തെ ക്ലാസ് ടീച്ചര്‍. അമ്മക്ക് ശ്വാസംമുട്ട് കൂടിയ ഒരുദിവസം രാവിലെ, പുളിപ്പ് നുര പൊന്തിയ പഴിക്കഞ്ഞി കുടിച്ചാണ് സുനി സ്‌കൂളില്‍ ചെന്നത്. ഉച്ച കഴിഞ്ഞപ്പോള്‍ ആ വളിപ്പ്, ചന്തിയുടെ മുറുക്കം ഭേദിച്ച് നിക്കറിലേക്ക് തൂകി. പുറത്തേക്ക് ഒഴുകാതിരിക്കാന്‍ നിക്കറിന്റെ അറ്റം തൊടയിലേക്ക് ചുറ്റിപ്പിടിച്ച് സുനി കുനിഞ്ഞിരുന്നു. താഴത്തെ നിലയില്‍ കക്കൂസ് ഉണ്ടെങ്കിലും അവിടേക്ക് പോകണമെന്ന് വേണുഗോപാല്‍ സാറിനോട് എഴുന്നേറ്റ് നിന്ന് പറയാനുള്ള ധൈര്യം സുനിക്ക് ഇല്ലായിരുന്നു. പിടിച്ചു നിര്‍ത്താനാകാതെ മലത്തിന്റെ ദുര്‍ഗന്ധം പെട്ടെന്ന് ക്ലാസിലാകെ നിറഞ്ഞു. ആരോടും ഒന്നും പറയാനാകാതെ അപമാനംകൊണ്ട് സുനിയുടെ കണ്ണ് നിറഞ്ഞൊഴുകി. പൊങ്ങലിന്റെ കലയുള്ള തടിച്ച മൂക്ക് വീണ്ടും വീര്‍പ്പിച്ച് വേണുഗോപാല്‍ സാര്‍ പറഞ്ഞു: ‘‘എന്ത്‌രാണ് ഒരു കെടുമ്പ് നാറ്റം.’’

സെക്ര​േട്ടറിയറ്റിലെ ക്ലാര്‍ക്കിന്റെ മകനായ രാഹുല്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു; ‘‘സര്‍ ഈ സുനില്‍ കുമാര്‍ നിക്കറില്‍ അപ്പിയിട്ടു.’’

‘‘സഞ്ചിയെടുത്ത് വേഗം വീട്ടിപ്പോടാ’’, വേണുഗോപാല്‍ സര്‍ ശബ്ദമുയര്‍ത്തി ആട്ടി.

പിറ്റേന്ന് മുതല്‍ ക്ലാസില്‍ എല്ലാവരും അപ്പിസുനില്‍ എന്ന് അവനെ വിളിക്കാന്‍ തുടങ്ങി. ചാരായം കുടിച്ചിട്ട് വരുന്ന രാത്രികളിൽ അച്ഛന്‍ സുനിയെ, ന്റെ അപ്പീ, കൊച്ചാപ്പീ…. എന്ന് നീട്ടി വിളിക്കുമായിരുന്നു. അച്ഛന്റെ അപ്പീ എന്ന വിളിയിലെ വാത്സല്യം, വടക്കനായ രാഹുലിന്റെ അപ്പീ എന്ന വിളിയിലെ മഞ്ഞനാറ്റത്തിന് സാവധാനം വഴിമാറി. എല്ലാവര്‍ക്കും അവന്‍ അപ്പിസുനിലായി. പിന്നെ വീണ്ടും ചുരുങ്ങി, അപ്പിസുനിയായി. സ്വതവെ ആരോടെങ്കിലും സംസാരിക്കാന്‍ അപകര്‍ഷതയുള്ള സുനി ആ ദിവസങ്ങളില്‍ കൂടുതല്‍ നിശ്ശബ്ദനായി. കൂടുതല്‍ അപമാനിതനായി. അന്ന് അവനെ ആശ്വസിപ്പിച്ചത് രണ്ടു പേരാണ്. ആത്മമിത്രമായ ജോണിയും തൈക്കാട് ക്ഷേത്രവളപ്പില്‍ അലഞ്ഞുനടക്കുന്ന സുബ്ബയ്യയും.

‘‘'നീ പോവാമ്പറയടാ,’’ ജോണി ആശ്വസിപ്പിച്ചു. ‘‘കളിയാക്കണ ഊളകളോട് നീ കേക്കണം, അവന്റെയൊന്നും നിക്കറി കേറിയല്ലല്ലോ തൂറിയെ. നമ്മടെ നിക്കറിലല്ലേ. നമ്മടെ ചന്തി. നമ്മടെ തീട്ടം. തൂണീലെ തീട്ടം തിരുമ്പിയാ പോം. അവന്റെയൊക്കെ മനസ്സിലാ തീട്ടം. ചുള്ളേലെ പിള്ളേര് ചൂളിപോയാലാടാ പങ്കം. വൈയ്യിട്ട് ജാക്‌സണ്‍ ക്ലബില് എന്റെ ഡാന്‍സൊണ്ട്. നീ ചെറക്കൊളത്തൂന്ന് വരണം. നമക്ക് ചെത്തണം.’’

 

ജോണി കുട്ടിക്കാലം മുതല്‍ക്കെ അങ്ങനെയാണ്. ബ്രേക്ക് ഡാന്‍സിലും ഗിറ്റാറിലും ജീവിതത്തിന്റെ താളച്ചുവട് കണ്ടെത്തി. സ്വന്തമായി ഉണ്ടാക്കിയ ലോകത്ത് അവന്‍ ഒറ്റയാനായി ജീവിച്ചു. ഉള്ള് കായുമ്പോള്‍ സുനി നെഞ്ചുപൊട്ടി പ്രാർഥിക്കുന്നത് ചുടലവാസിയായ ശിവനോടാണ്. അങ്ങനെയാണ് തൈക്കാട് ശിവക്ഷേത്രത്തില്‍ കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ പോകാന്‍ തുടങ്ങിയത്. അവിടെ വെച്ചാണ് അവന്‍ സുബ്ബയ്യയെ കാണുന്നത്. കാവിയുടെ മുണ്ടും മേല്‍പുതപ്പുമിട്ട മെലിഞ്ഞ വൃദ്ധന്‍. നരച്ചതെങ്കിലും തിങ്ങിയ താടിയും മീശ‍യും. കാലത്തിന്റെ പൽച്ചക്രങ്ങളില്‍ ഉരഞ്ഞു തീരാത്ത യൗവനമാണ് ആ കണ്ണുകളില്‍. എന്തുകൊണ്ടോ ആ കണ്ണുകളില്‍ നോക്കി ചാമി എന്നല്ല, അയ്യാ എന്ന് വിളിക്കാനാണ് സുനിക്ക് തോന്നിയത്.

സ്‌കൂളില്‍നിന്ന് ഉച്ചക്ക് ഇറങ്ങിയ ദിവസവും സുനി തൈക്കാട് ക്ഷേത്രത്തില്‍ ചെന്നു. കണ്ണടച്ച് നിന്ന് പ്രാർഥിക്കുമ്പോഴും ഒച്ചയില്ലാതെ കണ്ണീരൊഴുക്കിയ ബാലനെ പിന്നില്‍നിന്ന് സുബ്ബയ്യ ചേര്‍ത്തുപിടിച്ചു. സുനി തിരിഞ്ഞുനിന്ന് ഒന്നുമാലോചിക്കാതെ, ആരെന്ന് പോലുമറിയാതെ, അയ്യാ എന്ന് വിളിച്ചു. അതായിരുന്നു ആദ്യത്തെ വിളി. വിറകും തൊണ്ടും കൊണ്ട് മൃതദേഹങ്ങള്‍ കത്തിക്കുന്ന തൈക്കാട്ടെ പഴയ ശ്മശാനത്തിന്റെ വലതുവശത്തുകൂടി സുനിയെയും കൂട്ടി അയാള്‍ നടന്നു. അന്ന് അവിടെയൊരു മൈതാനമാണ്. നട്ടെല്ല് പൊട്ടി മനുഷ്യനെയ്യ് കത്തുന്ന നാറ്റമായിരുന്നു മൈതാനമാകെ. പ്രാണനില്‍ മാന്തിപ്പറിക്കുന്ന നഖമുള്ള നാറ്റം. നടക്കുന്നതിനിടെ എട്ട് വയസ്സുകാരനായ സുനിയോട് ആശ്വാസ വാക്കുകള്‍ക്ക് പകരം സുബ്ബയ്യ ഒരു കഥ പറഞ്ഞു.

‘‘പണ്ട് പണ്ട്, വളരെ പണ്ട് ഒരു രാജകുമാരന്‍ സ്വയംവരത്തിനുശേഷം പത്‌നിയെയും കൂട്ടി ഗംഗയിലൂടെ തോണിയാത്ര നടത്തി. കല്യാണം കഴിഞ്ഞുള്ള ഉല്ലാസയാത്ര. പുതുമോടിയോടെ തോണിയിലിരുന്ന് വെള്ളം തേവി തെറിപ്പിക്കുന്നതിനിടെ, നവവധുവിന്റെ കൈയില്‍നിന്ന് വജ്രങ്ങള്‍ പതിപ്പിച്ച വള ഊരി ഗംഗയുടെ ആഴങ്ങളിലേക്ക് പോയി. അതോടെ, ഇരുവരുടെയും ഉത്സാഹം കെട്ടു. വിലയേറിയ വജ്രവള നഷ്ടപ്പെട്ടതില്‍ മനംനൊന്ത് രാജകുമാരി കരയാന്‍ തുടങ്ങി. അപ്പോള്‍ ഗംഗയില്‍ ചാടി വള തിരയാന്‍ രാജകുമാരന്‍ മുതിര്‍ന്നു. പക്ഷേ, തോണിക്കാരന്‍ തടഞ്ഞു. ഗംഗയുടെ ഏറ്റവും ആഴമേറിയ ഭാഗമാണിതെന്നും ഇറങ്ങിയാല്‍ അപകടമാണെന്നും തോണിക്കാരന്‍ വിലക്കി. അമൂല്യമായ വള നഷ്ടപ്പെട്ടു എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അവര്‍ യാത്ര പാതിയില്‍ നിര്‍ത്തി. തീരത്തേക്കു തന്നെ തോണി തിരിച്ചുവിട്ടു. തീരത്ത് ധ്യാനിച്ചിരുന്ന ഒരു സന്യാസിയോട് ഇരുവരും സങ്കടം പറഞ്ഞു. നവവധു ആ സന്യാസിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ജീവിതത്തിന്റെ മഹാപ്രയാണത്തില്‍, കാലത്തിന്റെ ദ്രുതമാറ്റങ്ങളില്‍ ഈ സ്വർണവളയത്തിന്റെ നഷ്ടം നിങ്ങള്‍ ഓര്‍ക്കുകപോലുമില്ലെന്ന് സന്യാസി സമാധാനിപ്പിച്ചു. പക്ഷേ അവരുടെ ദുഃഖം ശമിച്ചില്ല. അപ്പോള്‍ സന്യാസി അവരെ അല്‍പം അകലെയായിരിക്കുന്ന ചെരുപ്പുകുത്തിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അയാളോട് സഹായം അഭ്യർഥിക്കാന്‍ നിർദേശിച്ചു.

രാജകുമാരനും പത്‌നിയും ചെരുപ്പുകുത്തിയോട് ആജ്ഞാപിക്കുന്നതിന് പകരം സഹായമിരന്നു. ചെരുപ്പുകുത്തി ആദ്യം ഗൗനിക്കാതെ തുകല്‍ തുന്നല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒരു രാജകുമാരന്‍ വിടാതെ താണുകേണ് അപേക്ഷിക്കുന്നത് കണ്ടപ്പോള്‍ ചെരുപ്പുകുത്തിയുടെ ഉള്ള് നനഞ്ഞു. അയാള്‍ മൃഗത്തോല്‍ ഊറക്കിട്ടിരുന്ന മണ്‍കുടത്തിലെ കെട്ടവെള്ളത്തിലേക്ക് കൈയിട്ട് അല്‍പം പരതിയശേഷം, ആ സ്വര്‍ണവള എടുത്തുകൊടുത്തു. ഗംഗയുടെ ആഴങ്ങളിലേക്ക് പോയ വജ്രം പതിപ്പിച്ച അതേ വള. രാജകുമാരനും പത്‌നിയും മൃഗത്തോല്‍ കിടന്ന് ചീയുന്ന ആ അഴുക്കുവെള്ളത്തെ തൊട്ട് നമസ്‌കരിച്ചു.’’

സുനിക്ക് ഉയിരിന്റെ ആഴങ്ങളില്‍ താങ്ങായി നിന്നത്, എന്നും ജോണിയും സുബ്ബയ്യയും മാത്രമായിരുന്നു. കല്യാണം കഴിഞ്ഞിട്ടുപോലും രാജാജി നഗറിലെ ജോണിയുടെ ഫ്ലാറ്റിലേക്ക് രാത്രികളില്‍ സുനി പോകും. രണ്ടാം നിലയിലുള്ള ആ രണ്ടുമുറി ഫ്ലാറ്റിലാണ് ജോണിയും ചേട്ടനും ചേട്ടത്തിയും അമ്മയും അച്ഛനും താമസിച്ചത്. അതുകൊണ്ട് ജോണിയുടെയും സുനിയുടെയും ഒത്തുകൂടല്‍ ടെറസിന് മുകളിലാണ്. സെലിബ്രേഷന്‍ റമ്മില്‍ വിയര്‍ത്തും ചെങ്കല്‍ച്ചൂളയിലെ അടിമക്കുടിക്ക് മുമ്പുണ്ടായിരുന്ന ഏലായുടെ കാറ്റേറ്റ് തണുത്തും, ടെറസിന് മുകളില്‍ മലര്‍ന്നു കിടന്ന് അവര്‍ നേരം വെളുപ്പിക്കും.

വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരണമൊക്കെ ജോണി പറഞ്ഞത്, ഈ മദ്യപാനങ്ങള്‍ക്കിടയിലാണ്. ‘‘പൊന്നുമച്ചമ്പി, എന്ത്‌രേലും കാട്ടനടിച്ചിട്ട് വന്നാ അണ്ണന് പിന്നെ കവയ്‌ക്കെടെ കുരുപ്പാണ്. അക്കനാണെ തൊള്ള കീറാതെ കെടക്കാനുമറിയേല. അമ്മേം അച്ഛനും മുറിയ്ക്കകത്ത് കേറിയാ, ഈ കീറ്റലപ്പടി ഞാ കേക്കണം. ഞാ എഴീച്ച് പോയി ടെറസേ കെടക്കും. എനി ഞാനൊരുത്തിക്ക് പെടവെട കൊടുത്താ, കുടുംബത്തി കൂട്ടക്കരച്ചിലാകുമെടാ.’’

‘‘ഓ, തന്നെ.’’ സുനി റമ്മിന്റെ മധുരമുള്ള എരിവില്‍ വക്രിച്ച് ചിരിച്ചു. ‘‘ന്നിട്ട് അക്കന് വിശേഷമൊന്നുമായില്ലല്ലോടാ.’’

‘‘അതിപ്പം അജിതയ്ക്കുമായില്ലല്ലോ.’’ ജോണി തിരിച്ചടിച്ചു.

‘‘ഒര് കൊച്ചപ്പി വേണമെന്ന് ആശയില്ലാഞ്ഞിട്ടല്ല…’’ സുനിയുടെ ശബ്ദം താണു. അയാൾ തലകുനിച്ചു. ‘‘യീടയ്ക്കായി അജിത അടുപ്പിക്കുന്നില്ലെടാ. ന്നെ നാറ്റാന്നാ പറേന്നെ. സാമാനത്തിന്റെ തൊലിക്കെടെ, കണ്ടവന്റെ തീട്ടം കേറിയിരുപ്പൊണ്ടോന്ന് കേക്കുവാ. അപ്പം ന്റെ ല്ലാമങ്ങ് താണ് പോയി. അമ്മനാണെ സത്യം, കുളിച്ച് വെടിപ്പോടാ ഞാച്ചെന്നെ. വെടിപ്പോടെ നടന്നിട്ടൊള്ളൂ. ന്നിട്ടും അങ്ങനെ കേട്ടപ്പം, ഒന്നും മിണ്ടാണ്ട് ഞാനങ്ങ് എറങ്ങി നടന്ന്. പാതിരാത്രില്. തോനെ കരച്ചിലും വന്ന്. അവള്ടെ മനസ്സിലെന്താന്ന് എനിക്കറിയാം. കെട്ടിയതാണേലും ഒന്നും ചോദിക്കാ വയ്യ. ഒന്നിനുമൊരു ധൈര്യല്ലിടാ…’’

‘‘അത് സൂക്ഷിക്കണം മച്ചമ്പി. ഞാ കെട്ടിയില്ലേലും, കൊറെ പെണ്ണുങ്ങളെ കണ്ടടെ. കൊറെ കുണ്ടണിയും നൊണയും കേട്ട്. അതോണ്ട് പറേവാ. നമ്മള് രണ്ട് കാര്യങ്ങളാ നോക്കണ്ടിയെ. ഒന്ന്, നമ്മളോട് ഇള്ളോളം നൊണ പറയുന്നോന്ന്. പിന്നെ, നമ്മടെ മണം കൊള്ളില്ലാന്ന് പറയുന്നോന്ന്. പെണ്ണ് വിട്ട് പോണേല് ആദ്യം അവള്മാര് വെറുക്കുന്നെ നമ്മടെ മണമാണ്. ഇത് രണ്ടും ഒത്താ, ഓര്‍ത്തോ അവള് കൈവിട്ട് പോവാന്ന്. എന്ത്‌രേലുമൊന്ന് നീ വാതൊറന്ന് കേക്കടേ, അജിതയോട്.’’

അപ്പോള്‍ സുനി ഒന്നും മിണ്ടിയില്ല. ഇനി വീട്ടില്‍ ചെന്നാലും സുനിയൊന്നും മിണ്ടില്ല. ശബ്ദം ഉയര്‍ത്തി സംസാരിക്കാന്‍ ഒരുങ്ങിയാല്‍ തന്നെ, അപ്പോള്‍ അയാളുടെ മുന്‍വശത്തെ ഒടിഞ്ഞ പല്ല് പുളിക്കും. അതോടെ നിശ്ശബ്ദനാകും. അഞ്ചാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി അച്ഛനെ സഹായിക്കാന്‍ പോയി തുടങ്ങിയ കാലത്താണ്, ഋഷിമംഗലത്തുവെച്ച് അടി കിട്ടി നിലത്തു വീണ് മുന്‍വശത്തെ ഒരു പല്ല് പൊട്ടിയത്. ആറ്റുകാല്‍ പൊങ്കാലക്ക് തലേന്ന്, ഋഷിമംഗലം ക്ഷേത്രത്തിലേക്ക് കതിര്‍കാള എഴുന്നള്ളത്ത് നടക്കുകയായിരുന്നു. ചിറക്കുളത്തുനിന്ന് ഋഷിമംഗലത്തേക്ക് തിരിയുമ്പോൾ, കതിരു കെട്ടിയ പൊയ്ക്കാളയ്ക്ക് ചുറ്റും ചെണ്ടയുടെ പാണ്ടിതാളത്തിനൊത്ത് കൂട്ടുകാര്‍ തുള്ളി. പ്രായത്തിന്റെ കൗതുകംകൊണ്ട് അവര്‍ക്കൊപ്പം സുനിയും കൂടി. പെട്ടെന്നാണ് ആകാശത്തുനിന്ന് വെള്ളിടി വെട്ടിയപോലെ, കരണം തീര്‍ത്തൊരു അടികിട്ടി സുനി നിലത്തേക്ക് മുഖമടച്ച് വീണത്. അജിത്തായിരുന്നു അത്. അജിത് അലറി: ‘‘ക്ഷേത്രത്തിലോട്ടുള്ള എഴുന്നെള്ളിപ്പിലാണോടാ കണ്ട തീട്ടപ്പിള്ളേര് കെടന്ന് തുള്ളുന്നെ…’’

അജിത് ബി. നായര്‍ മോഡല്‍ പ്രൈമറി സ്‌കൂളില്‍ സുനിക്കൊപ്പം പഠിച്ചതാണ്. കോർപറേഷന്‍ കോണ്‍ട്രാക്ടര്‍ രാമചന്ദ്രന്റെ മകനാണ്. ഋഷിമംഗലം ക്ഷേത്രത്തിന്റെ ഭാരവാഹികൂടിയായ അച്ഛന്റെ പിന്‍ബലത്തിലാണ്, ഇന്നോളം കണ്ടിട്ടില്ലാത്തവനെ പോലെ അജിത് സുനിയുടെ കരണത്തടിച്ചത്. ആ വീഴ്ചയില്‍ സുനിയുടെ മുന്‍വശത്തെ ഒരു പല്ല് പൊട്ടി. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം വെളുക്കെ ചിരിച്ച് നെറ്റി നിറയെ കുറിയിട്ട് അജിത് സുനിക്ക് മുന്നില്‍ വന്നുനിന്നു. കോർപറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി മത്സരിച്ചപ്പോള്‍. ഇപ്പോള്‍ ചിറക്കുളം വാര്‍ഡിലെ കൗണ്‍സിലര്‍ അജിത് ബി. നായരാണ്.

അടി കിട്ടി മുഖം മുറിഞ്ഞ സുനി, കൂട്ടം പിരിഞ്ഞ് താഴെ വഞ്ചിയൂരിലേക്ക് ഒറ്റയായി നടന്നു. അവിടെ കോടതിക്ക് മുന്നില്‍ സുബ്ബയ്യ നിൽപുണ്ടായിരുന്നു. സുനിയെ കാത്തെന്നപോലെ. അയ്യാ… എന്ന് കരഞ്ഞുകൊണ്ട് അവൻ ഓടിച്ചെന്നു. കാര്യമറിഞ്ഞപ്പോള്‍ ചെറുതായി ചിരിച്ചുകൊണ്ട് സുനിയുടെ എണ്ണ പുരളാത്ത തലമുടിയുടെ കരുകരുപ്പിലൂടെ വിരലോടിച്ചു. എന്നിട്ട് സുബ്ബയ്യ പറഞ്ഞു; ‘‘ഏത് തമ്പ്രാന്‍ തൂറിയതായാലും തീട്ടത്തിന് ഒരു ജാതിയേയുള്ളൂ. ഏത് തമ്പ്രാന്റേതായാലും ശവം ചീഞ്ഞാല്‍ ഒരു നാറ്റമേയുള്ളൂ. അത് കാലേ നിനക്ക് മനസ്സിലാകും. ഇപ്പോ നീ ഇവിടെ നിന്ന് പാറ്റൂര്‍ വരെ ആരോടും മിണ്ടാതെ പതുക്കെ നടന്നിട്ട് തിരിച്ച് വാ.’’

എന്തിനെന്ന് മനസ്സിലായില്ലെങ്കിലും വഞ്ചിയൂര്‍ മുതല്‍ പാറ്റൂര്‍ വരെ സുനി സാവധാനം നടന്നു. ഓരോ കാലടിയിലും വേദനയെ ഉരിഞ്ഞുകളയാന്‍ ശ്രമിച്ചു. ശരീരത്തിലെയും മനസ്സിലെയും. അങ്ങനെ നടക്കുമ്പോള്‍ സുനിയെ ഒരു കാറ്റ് വന്നു പൊതിഞ്ഞു. നഗരത്തില്‍ വീശാത്ത തരം, അടരുകളുള്ള കാറ്റ്. ഉള്ളില്‍ തൊട്ട് തണുപ്പിക്കാന്‍ വിരലുകളുള്ള കാറ്റ്.

വഞ്ചിയൂർ കോടതിക്ക് മുന്നിലേക്ക് തിരിച്ച് വരുമ്പോഴേക്കും അവന്റെ ശ്വാസഗതി താണു. നീറ്റലടങ്ങി. അവഹേളനത്തിന്റെ വിയര്‍പ്പ് കാറ്റില്‍ വറ്റി.

കോടതിക്ക് മുന്നില്‍ കാത്തുനിന്ന സുബ്ബയ്യയെ നോക്കി സുനി ചിരിച്ചു. പ്രശാന്തമായ ചിരി ഏറ്റുവാങ്ങിയിട്ട് സുബ്ബയ്യ ചോദിച്ചു: ‘‘എന്തു തോന്നി? കാറ്റേറ്റ് തണുത്തോ?’’

‘‘എവിടെന്നോ കാറ്റടിച്ചു. തണുത്തു.’’

‘‘എവിടുന്നോ അല്ല. ഇവിടെ മാത്രമുള്ള കാറ്റാണ്. കനകക്കുന്നിലെ കൃത്രിമ മരച്ചാലില്‍ ഈ കാറ്റ് കിട്ടില്ല. വേറെങ്ങും കിട്ടില്ല. വഞ്ചിയൂരിനും പാറ്റൂരിനും ഇടയില്‍ മാത്രമുള്ള കാറ്റ്. ഈ വഴിയുടെ വശങ്ങളിലുള്ള രണ്ടു തടി മില്ലുകളിലായി, കാടുകളില്‍നിന്ന് വെട്ടിക്കൊണ്ടുവന്ന കൂറ്റന്‍ മരങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. അറത്തതും അറക്കാനുള്ളതും. മരം വീണാലും കാടിന്റെ കാറ്റ് കൂടെയുണ്ടാകും. അറത്ത് കഷണങ്ങളാക്കിയാലും കാറ്റ് ചുറ്റിപ്പറ്റി നില്‍ക്കും. മരത്തില്‍ തങ്ങിയ കാറ്റിന് അതിന്റെ തടിക്കഷണങ്ങളെ തിരിച്ചറിയാനാകും. അങ്ങനെ കാട്ടിൽനിന്ന് മരത്തിനൊപ്പം വന്ന്, ഇവിടെ കാത്ത് കിടക്കുന്ന കാറ്റാണ് നിന്നെ പൊതിഞ്ഞത്. നീ ഓര്‍ക്കണം, ഓരോ മരക്കഷ്ണത്തിലും കാടിന്റെ ഉള്‍ക്കാമ്പുണ്ട്. ഓരോ മരക്കൊള്ളിയിലും കൊടുംവനമുണ്ട്. അതുകൊണ്ട് വീണുപോയാലും മരം ഒറ്റയ്ക്കാകുന്നില്ല.’’ സുനി ശാന്തനായി വീട്ടില്‍ ചെന്നപ്പോള്‍, വീട്ടില്‍നിന്ന് മറ്റൊരാള്‍ കലിതുള്ളി പുറത്തേക്ക് ഇറങ്ങി. സുനിയുടെ ചേട്ടന്‍ സജി. സുനിയുടെ എതിര്‍ സ്വഭാവമാണ് സജിക്ക്. മെലിഞ്ഞിട്ടാണ് എങ്കിലും ആരെയും തല്ലി വീഴ്ത്തുന്ന എല്ലുറപ്പാണ്. ചോര കണ്ടാൽ അറയ്ക്കാത്ത ചങ്കുറപ്പാണ്.

 

ഋഷിമംഗലത്തെ ക്ഷേത്രക്കുളത്തിന്റെ ചുറ്റുവഴിയില്‍, അജിത്തിനെ സജി വട്ടംപിടിച്ചു. അടിനാഭിക്കുള്ള ഒറ്റച്ചവിട്ടിന് അജിത്തിനെ നിലത്ത് വീഴ്ത്തി. ‘‘എന്റെ തമ്പീടെ ദേഹത്ത് കൈവെക്കുമോടാ’’, എന്ന് ചോദിച്ച് പൊതിരെ തല്ലി. കുളത്തിന് ചുറ്റും അജിത്തിനെ ഓടിച്ചു. കതിര്‍കാള എഴുന്നള്ളിപ്പിന് വന്നവരടക്കം ആരും തടയാന്‍ ഒരുമ്പെട്ടില്ല. തല്ലുന്നത് സജി ആയതുകൊണ്ട്, കൂടി നിന്നവര്‍ ഇടപെടാതെ അന്ധാളിച്ച് നിന്നതേയുള്ളൂ.

(തുടരും)

News Summary - weekly literature story