Begin typing your search above and press return to search.
proflie-avatar
Login

സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ആഗോള സിനിമ

സ്വാതന്ത്ര്യത്തെക്കുറിച്ചൊരു  ആഗോള സിനിമ
cancel

‘ഓര്‍ബിറ്റ്’ സ്റ്റുഡിയോയില്‍ ഒരു ഓഡിഷന്‍ നടക്കുന്നുണ്ട്. അടുത്തുതന്നെ ചിത്രീകരണം തുടങ്ങാന്‍ പോകുന്ന ഒരു വെബ് സീരീസിനു വേണ്ട അഭിനേത്രികളെ തെരഞ്ഞെടുക്കുന്നതിനാണ്. അതില്‍ പങ്കെടുക്കാനായി റോസ് മരിയ എന്ന റോസ് അതിരാവിലെ എണീറ്റു. കണ്ണാടിക്കു മുന്നില്‍ ഇരുന്ന് ഫേഷ്യല്‍ ചെയ്യാന്‍ ആലോചിച്ചെങ്കിലും വേണ്ടെന്നു ​െവച്ചു. അഭിനയിക്കേണ്ട റോള്‍ എന്താണെന്നറിയാതെ മേക്കപ്പിട്ട് ചെന്നിട്ടെന്താ കാര്യം?മുറിയില്‍, കിടക്കയില്‍ അവളുടെ ആറു വയസ്സുള്ള മകള്‍ മിയ ഉറങ്ങിക്കിടക്കുന്നുണ്ട്. അവളുടെ ഭര്‍ത്താവ് ഡിക്സണും അയാളുടെ ആന്‍റിയും വളര്‍ത്തമ്മയുമായ ജുവാമയും മറ്റു രണ്ടു മുറികളിലായി ഉറങ്ങുന്നുണ്ട്. പുലര്‍ച്ചയില്‍...

Your Subscription Supports Independent Journalism

View Plans

 ‘ഓര്‍ബിറ്റ്’ സ്റ്റുഡിയോയില്‍ ഒരു ഓഡിഷന്‍ നടക്കുന്നുണ്ട്. അടുത്തുതന്നെ ചിത്രീകരണം തുടങ്ങാന്‍ പോകുന്ന ഒരു വെബ് സീരീസിനു വേണ്ട അഭിനേത്രികളെ തെരഞ്ഞെടുക്കുന്നതിനാണ്. അതില്‍ പങ്കെടുക്കാനായി റോസ് മരിയ എന്ന റോസ് അതിരാവിലെ എണീറ്റു. കണ്ണാടിക്കു മുന്നില്‍ ഇരുന്ന് ഫേഷ്യല്‍ ചെയ്യാന്‍ ആലോചിച്ചെങ്കിലും വേണ്ടെന്നു ​െവച്ചു. അഭിനയിക്കേണ്ട റോള്‍ എന്താണെന്നറിയാതെ മേക്കപ്പിട്ട് ചെന്നിട്ടെന്താ കാര്യം?

മുറിയില്‍, കിടക്കയില്‍ അവളുടെ ആറു വയസ്സുള്ള മകള്‍ മിയ ഉറങ്ങിക്കിടക്കുന്നുണ്ട്. അവളുടെ ഭര്‍ത്താവ് ഡിക്സണും അയാളുടെ ആന്‍റിയും വളര്‍ത്തമ്മയുമായ ജുവാമയും മറ്റു രണ്ടു മുറികളിലായി ഉറങ്ങുന്നുണ്ട്.

പുലര്‍ച്ചയില്‍ എല്ലായിടവും നിശ്ശബ്ദമായിരുന്നു. കിളികള്‍ ഉണരാന്‍ നേരമാകുന്നേയുള്ളൂ. മുറിയില്‍ ചെറുതായി കറങ്ങുന്ന ഫാനിന്‍റെ ശബ്ദം മാത്രം. ആ ഇരിപ്പില്‍ റോസ് പറഞ്ഞറിയിക്കാനാവാത്ത സ്വാസ്ഥ്യം അനുഭവിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഡിക്സണുമായി വാക്കാല്‍ വിവാഹബന്ധം പിരിഞ്ഞ ആ നിമിഷം മുതല്‍ മനസ്സ് തീര്‍ത്തും സ്വതന്ത്രമായിരിക്കുന്നു. എത്രയും പ്രിയപ്പെട്ട കുഞ്ഞിനെയും കൊത്തിയെടുത്ത് ആകാശത്തിന്‍റെ തുറസ്സുകളിലൂടെ ചിറകു വിരുത്തി പറന്നു പറന്നു പറന്നു പോകാനാണ് അവളിപ്പോള്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത്. എന്നാല്‍, അതിനുവേണ്ട നിയമപരമായ നടപടികള്‍ തീര്‍പ്പാകുന്നതുവരെ ഈ വീട്ടില്‍തന്നെ തുടരുകയും ചെയ്യും.

(‘‘-അല്ലാതെ പിന്നെ! ഇപ്പഴേ ഇറങ്ങിക്കൊടുക്കേണ്ട കാര്യമെന്ത്? കെട്ട് കഴിഞ്ഞ് ഞാന്‍ കയറിവന്ന വീടല്ലേ ഇത്. സംഗതി ഓര്‍ഡറാകുന്ന വരെ കെട്ട്യോന്‍റെ വീട്ടില് നമ്ക്ക്ള്ള അവകാശമെന്തിനാ ലാപ്സാക്കണേ!’’)

സ്വസ്ഥതയില്ലാത്തൊരു ദാമ്പത്യബന്ധത്തില്‍നിന്ന് തത്ത്വത്തില്‍ വിട്ടുനില്‍ക്കാനായതിന്‍റെ ആശ്വാസമാണ് ഒട്ടും കഴിയാത്തതെന്ന് സ്വയം ബോധ്യമുള്ള അഭിനയപ്പരീക്ഷയില്‍ പങ്കെടുക്കാന്‍ റോസിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞൊരു ദിവസം ഡിഗ്രിക്കു പഠിച്ചിരുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഈ ഓഡിഷന്‍ സംബന്ധിച്ച പരസ്യം കണ്ടിരുന്നു. ഒന്നു നോക്കിയാലോ എന്ന് അവള്‍ക്കു തോന്നി. തെരഞ്ഞെടുക്കപ്പെടാനോ നടിയാകാനോ ഒന്നും ഉദ്ദേശിച്ചല്ല. ഇപ്പഴത്തെ ഒരു മൂഡില്‍ ചെയ്യാത്തതെന്തെങ്കിലും ചെയ്യാനൊരു തോന്നല്‍.

(‘‘-ആരോടും അനുവാദമോ അഭിപ്രായമോ ഒന്നും ചോദിക്കേണ്ടതില്ലാത്തൊരു സന്ദര്‍ഭം കര്‍ത്താവീശോമിശിഹാ കണ്ടറിഞ്ഞു തരുമ്പോ കണ്ടില്ലെന്നു നടിക്കരുതല്ലോ.)

അന്നിമിഷം അവള്‍ ഉറപ്പിച്ചിരുന്നു -റോസ് ഇതിനു പോയിരിക്കും. ഇനി എങ്ങാനും അവരു സെലക്ട് ചെയ്താൽ, ലോങ് ലീവെടുത്താണേലും പോകും, നടിയാകും. ഇതുവരെ തമാശക്കുപോലും ഒരു നടിയാവുന്ന കാര്യം ചിന്തിച്ചിട്ടേയില്ലെന്നും അവള്‍ ഓര്‍ത്തു.

(‘‘-എങ്കിലും, മനസ്സിന് വല്ലാത്ത സന്തോഷമുണ്ടാക്കുന്ന എന്തെങ്കിലും ജീവിതത്തില്‍ ഉണ്ടായാല്‍ അത് ആഘോഷിക്കാന്‍ ഏതു വഴീം നോക്കും. അതൊര് ശീലായിപ്പോയി.’’)

തറവാട്ടിലെ സമ്പത്തെല്ലാം കൈയടക്കി റോസിന്‍റെ അമ്മയടക്കമുള്ള അനിയത്തിമാരെ എല്ലാ നിലക്കും ഉപദ്രവിച്ച് ഭീകര ഭരണാധികാരിയായി വാണ അമ്മാവന്‍ കുരിയാക്കോയുടെ മരണം റോസ് ആഘോഷിച്ചത് ശവമെടുപ്പിന്‍റെ സമയത്ത് പരിസരത്തുള്ള കുട്ടികളെക്കൊണ്ട് തൊട്ടടുത്തുള്ള പാടത്ത് ഗുണ്ടുകള്‍ കെട്ടിയ മാലപ്പടക്കം നെരത്തി പൊട്ടിച്ചാണ്.

(‘‘-അതുപോലുള്ളൊരു കിറുക്കായ്ട്ട് ഇതിനേം കണ്ടേച്ചാ മതി.’’)

അരയിലെ താക്കോല്‍ക്കൂട്ടത്തിന്‍റെ കിലുക്കത്തില്‍ വേണം വീടു ചലിക്കാന്‍ എന്നു ശഠിക്കുന്ന അയാളുടെ ആന്‍റി ജുവാമയുടെ ധാർഷ്ട്യവും അവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇഴയുന്ന ഡിക്സന്‍റെ പ്രകൃതവും ചേര്‍ന്നാണ് ഇപ്പോള്‍ ഈ ഓര്‍ബിറ്റ് സ്റ്റുഡിയോയില്‍ മേക്കപ്മാനു മുന്നില്‍ അവളെ എത്തിച്ചിരിക്കുന്നത്.

(‘‘-ഈ സമയത്ത് എം.ജി.എം ഹൈസ്കൂളിലെ പത്ത് ഡിയില്‍ കണക്കു പഠിപ്പിക്കേണ്ട ഞാനാണീ പറ്റാത്ത പണിക്കിറങ്ങിയിരിക്കുന്നതു കേട്ടോ..!’’)

അതോര്‍ത്തപ്പോള്‍ റോസിനു ചിരി മുട്ടി. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുള്ള തീരെ മെലിഞ്ഞ ഒരു യുവാവാണ് മേക്കപ് മാന്‍. അയാളുടെ കറുകറുത്ത, കഴുത്തില്ലാത്ത ടീ ഷര്‍ട്ടിന്‍റെ ഉദരഭാഗത്ത് ഒരു നീഗ്രോ പവര്‍ ലിഫ്റ്റര്‍ മസ്സിലു പെരുപ്പിച്ചു നില്‍ക്കുന്ന ചുവപ്പന്‍ പടമുണ്ട്. റോസിനെ ഒരു കറങ്ങുന്ന കസേരയില്‍ ഇരുത്തിയിട്ട് വിയര്‍പ്പു തുടക്കാന്‍ അയാള്‍ ടവല്‍ കൊടുത്തു. ഗൂഗിളില്‍ ‘ഓര്‍ബിറ്റ്’ സ്റ്റുഡിയോയുടെ ലൊക്കേഷന്‍ കാണിച്ചിരുന്നത് എം.ജി റോഡിലെ പണിക്കേഴ്സ് തിയറ്ററിനടുത്ത് ബസ് സ്റ്റോപ്പിനു തൊട്ടടുത്തായിരുന്നു. ഓട്ടോ പിടിക്കാനുള്ള ദൂരമുണ്ടായിരുന്നില്ല. പക്ഷേ, നല്ല വെയിലുണ്ടായിരുന്നു.

പത്തു മിനിറ്റോളം ഫുട്പാത്തിന്‍റെ ഓരം പറ്റി നടന്ന് ചെന്ന് റിസപ്ഷനിലെ യുവതി പറഞ്ഞതനുസരിച്ച് രണ്ടു കോണി കയറി മുകള്‍ത്തട്ടിലെ വിശാലമായ ഹാളില്‍ ചെന്നപ്പോള്‍തന്നെ റോസ് ആകെ നനഞ്ഞിരുന്നു. പതിനേഴു വയസ്സു മുതല്‍ മുപ്പതു വയസ്സു വരെയുള്ള പെണ്‍കുട്ടികളും യുവതികളുമടങ്ങുന്ന പത്തു പതിനഞ്ചു മത്സരാര്‍ഥികള്‍ അവിടെ വൃത്താകൃതിയില്‍ ഇട്ടിരുന്ന സോഫകളിലും കസേരകളിലുമായി ഇരിക്കുന്നുണ്ടായിരുന്നു.

റോസും ആ കൂട്ടത്തിലൊരാളായി ഇരുന്നു. പെണ്‍കുട്ടികളുടെ കൂടെ മുതിര്‍ന്ന ചില സ്ത്രീകളുമുണ്ട്. അമ്മമാരോ ചേച്ചിമാരോ ആകാം. കൂടുതല്‍ പേരും സാധാരണമട്ടിലാണിരുന്നത്. പലപല ഓഡിഷനുകള്‍ക്കും പോയ അനുഭവപരിചയം അവരുടെ ഭാവചലനങ്ങളിലുണ്ട്. കുറച്ചു പേര്‍ക്കു മാത്രമേ തന്നെപ്പോലെ പരിഭ്രമമുള്ളൂ എന്ന് റോസ് കണ്ടു. ടവലുകൊണ്ട് എത്ര ഒപ്പിയിട്ടും മേൽച്ചുണ്ടില്‍ വിയര്‍പ്പു കുമിളകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. വിരലുകളില്‍ നേര്‍ത്തൊരു വിറയുണ്ട്. കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും ഇടയില്‍ പെരുമാറുമ്പോഴൊന്നും ഉണ്ടാവാറില്ലാത്തൊരു സഭാകമ്പം. തീര്‍ത്തും വേറിട്ടൊരു മേഖലയിലേക്കു വന്നതുകൊണ്ടാകാമെന്ന് റോസ് സമാധാനിച്ചു.

മേക്കപ് കഴിഞ്ഞിട്ടും അതറിയാതെ കണ്ണടച്ചിരിക്കുന്ന റോസിനെ മേക്കപ് മാന്‍ തട്ടിവിളിച്ചു. കണ്ണുതുറന്ന് നിവര്‍ന്നിരുന്ന അവള്‍ക്കു നേരേ കണ്ണാടി കാണിച്ചു. അതില്‍ അവളുടെ മുഖത്ത് തെളിച്ചമില്ലെന്നു കണ്ടിട്ടാവും അയാള്‍ പറഞ്ഞു-

‘‘റോളിനനുസരിച്ചുള്ള മെയ്ക് ഓവര്‍ ആണ് തരാന്‍ പറഞ്ഞത്ട്ടോ.’’

എന്താ റോള്‍? അത് ഉള്ളില്‍ ചോദിച്ചപ്പോഴേക്കും പോണി ടെയ്ലുകാരന്‍ ഒരു യുവാവ് മുറിയുടെ വാതില്‍ക്കല്‍ വന്നു.

‘‘കഴിഞ്ഞെങ്കില്‍ ആ ഹാളിലേക്കുതന്നെ ചെന്നിരിക്കാം.’’

കിളിശബ്ദമാണ് അയാള്‍ക്ക്.

തിരികെ ഹാളിലേക്കു ചെന്നപ്പോള്‍ ഓഡിഷനുള്ള യുവതികളും പെണ്‍കുട്ടികളും മാത്രമേ അവിടെ ഉള്ളൂ. ബന്ധുക്കളെ താഴെ റിസപ്ഷനിലേക്കു മാറ്റിയിരിക്കും. ഇരിക്കുന്നവരുടെയൊക്കെ മേക്കപ്പ് കഴിഞ്ഞിരിക്കുന്നു.

ഹാളില്‍നിന്ന് രണ്ടു മുറിയിലേക്കുള്ള വാതിലുകളുണ്ട്. അതിലൊരു മുറി തുറന്ന് പ്രസരിപ്പോടെ ഒരു യുവതി ഹാളിലേക്കു വന്നു. കടും കറുപ്പ്-കടും മഞ്ഞ ചെക്ക് ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ച അവളുടെ മുടി പൊതുവേ ഡിജെ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന് യോജിച്ച ഫിഷ് ടെയ്ല്‍ ബ്രയ്ഡ് ശൈലിയില്‍ സെറ്റ് ചെയ്തിരുന്നു. അത് അവള്‍ക്ക് ഉള്ളതിലും പ്രായം കുറച്ചു തോന്നിച്ചു. അവള്‍ ഒരറ്റത്തുനിന്നും അച്ചടിച്ച ഒരു പേപ്പര്‍ ഓരോരുത്തര്‍ക്കായി കൊടുത്തിട്ട് എന്തോ നിര്‍ദേശം നല്‍കി റോസിന്‍റെ മുന്നില്‍ വന്നു. അവളെ ഒന്നു ശ്രദ്ധിച്ചിട്ട് കൈയിലെ പേപ്പറുകളില്‍ ആദ്യം ഇരുന്നതു കൊടുത്തെങ്കിലും, ‘‘സോറി, അതല്ല കാരക്ടര്‍’’ എന്നു പറഞ്ഞ് തിരികെ വാങ്ങി മറ്റൊരു പേപ്പര്‍ കൊടുത്തു.

‘‘സീന്‍ ആണിത്’’, അവള്‍ പറഞ്ഞു. ‘‘നോക്കിയിട്ട് ഇതിലെ ഡയലോഗ് പഠിച്ചു വയ്ക്കൂ. ടീച്ചറാ അല്ലേ.. അപ്പോ പിന്നെ വേഗം പഠിക്കാല്ലോ. ഓകെ. ടേണ്‍ ആവുമ്പോ വിളിക്കാട്ടോ.’’

അവള്‍ വന്ന മുറിയിലേക്കു തന്നെ പോയി. മത്സരാര്‍ഥികള്‍ കൈയിലെ പേപ്പറിലേക്കു മുഖം താഴ്ത്തി തങ്ങള്‍ക്കു കിട്ടിയ റോളുകളിലേക്ക് മനസ്സ് അര്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. ഒറ്റ നോട്ടത്തില്‍തന്നെ റോസിന്‍റെ മുഖത്ത് നേര്‍ത്തൊരു തെളിച്ചമുണ്ടായി. ഒരു ഉദ്യോഗസ്ഥയായ ഭാര്യയുടെ റോളാണ് ചെയ്യേണ്ടത്. കഥാപാത്രത്തിന്‍റെ ജീവിതത്തിലെ സന്ദിഗ്ധമായ രണ്ടു സന്ദര്‍ഭങ്ങള്‍. എ, ബി എന്നു കൊടുത്തിട്ടുണ്ട്. ആദ്യത്തേതില്‍ ഭാവാഭിനയം മതി. രണ്ടാമത്തേതില്‍ അഭിനയത്തോടൊപ്പം തെല്ല് നീണ്ടൊരു സംഭാഷണവുമുണ്ട്.

അതു വായിച്ചപ്പോള്‍ ആദ്യത്തെ കൗതുകം ശരിക്കും വിസ്മയത്തിനു വഴി മാറി. ആ രണ്ടു സന്ദര്‍ഭങ്ങളിലൂടെയും ഈ അടുത്ത കാലത്തുതന്നെ അവളുടെ ജീവിതം കടന്നുപോയിട്ടുണ്ട്. യാദൃച്ഛികമായിരിക്കാം -റോസ് തെല്ല് അസ്വസ്ഥതയോടെ ഓര്‍ത്തു. എങ്കിലും ഇതു വല്ലാത്തൊരു വിധിതന്നെ.

‘‘അനുഭവിച്ചത് അഭിനയിക്കേണ്ടി വരിക!’’

ഈ വെബ് സീരീസിന്‍റെ കഥയെന്താണെന്നറിയാന്‍ തന്നെ അവള്‍ക്കപ്പോള്‍ തോന്നി. ഭ്രാന്തു പിടിപ്പിക്കുംവിധം അസ്വസ്ഥമായ മനോനിലയിലേക്ക് എത്തിച്ച കുറേയധികം അനുഭവങ്ങളില്‍നിന്നൊക്കെ മനസ്സിനെ ഊരിയെടുക്കാന്‍ തന്നെയാണ് ഇവിടേക്കു വന്നത്. അതില്‍നിന്നു രണ്ടു സന്ദര്‍ഭങ്ങളിപ്പോള്‍ കൈയിലെ പേപ്പറില്‍ നിവര്‍ന്നുനിന്ന് അവളെ പുച്ഛത്തോടെ നോക്കുകയാണ്.

‘‘വേറേ ഒരു റോളും കണ്ടില്ല തരാന്‍!’’

ഓഡിഷന്‍ തുടങ്ങുമെന്നു പറഞ്ഞ സമയം കഴിഞ്ഞിട്ട് പിന്നെയും അരമണിക്കൂറു കഴിഞ്ഞു. കാത്തിരിപ്പിന്‍റെ മുഷിച്ചിലും പെരുകിവരുന്ന ഉത്കണ്ഠയും. അതുവരെ വസ്ത്രം ഉലയാതെ നിശ്ചലതയോടെ പരസ്പരം സംസാരിക്കാതെ തീര്‍ത്തും ഔപചാരികതയോടെ ഇരുന്ന യുവതികളുടെ ശരീരചലനങ്ങളില്‍ അയവു വരുന്നത് റോസ് ശ്രദ്ധിച്ചു. അവര്‍ പരസ്പരം നോക്കാനും പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കാനും തുടങ്ങുന്നു.

(‘‘-അതല്ലെങ്കിലുമതേ, പൊതുവായ ഒരു അലട്ട് തോന്നുമ്പോഴാണ് നമുക്ക് ഈഗോ വിട്ട് മറ്റൊരാളെ കൂടെനിര്‍ത്താനോ അവന്‍റെ കൂടെ നില്‍ക്കാനോ തോന്നുന്നത്...’’)

 

റോസ് സീറ്റില്‍ ചാരി ഇരുന്ന് കോട്ടുവായിട്ടു. ഹാളിലേക്കുള്ള മറ്റൊരു വാതില്‍ തുറക്കപ്പെട്ടു. നേരത്തേ മേക്കപ് റൂമിലേക്കു വന്ന കിളിശബ്ദമുള്ള യുവാവ് വാതില്‍ക്കല്‍നിന്ന് ഓഡിഷന്‍ തുടങ്ങുകയാണെന്ന് അറിയിച്ചു. ചാഞ്ഞും ചരിഞ്ഞും അലസമായി ഇരുന്നവരിലൂടെ ഉന്മേഷത്തിന്‍റെ ഒരനക്കം ഓളംപോലെ കടന്നുപോയി. കിളിശബ്ദക്കാരന്‍ മൊബൈല്‍ ഫോണില്‍ നോക്കി ആദ്യത്തെ പേരു വിളിച്ചു. റോസിന്‍റെ അരികില്‍ ഇന്‍സ്റ്റയില്‍ റീല്‍സ് സ്ക്രോള്‍ ചെയ്തു നോക്കിയിരുന്ന ചുരുണ്ട് ചിതറിയ മുടിയുള്ള പെണ്‍കുട്ടി പിടഞ്ഞെഴുന്നേറ്റ് കയ്യിലെ ഫയലുമായി തൊഴില്‍ തേടി വന്ന ഒരുവളുടെ ഉള്‍പ്പേടിയോടെ അകത്തെ മുറിയിലേക്കു പോയി.

തുടര്‍ന്ന് ഊഴമനുസരിച്ച് പലരും അകത്തേക്കും തെല്ലിട കഴിഞ്ഞ് പുറത്തേക്കും പൊയ്ക്കൊണ്ടിരുന്നു. അവസാനത്തെയാളായിരിക്കെ റോസ് അഭിനയിക്കേണ്ട ഭാവവും അവതരിപ്പിക്കേണ്ട സംഭാഷണവും വീണ്ടും മനസ്സിലോര്‍ത്തു. ഒരിക്കല്‍കൂടി അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടു മറ്റേതെങ്കിലും സന്ദര്‍ഭം കിട്ടിയിരുന്നെങ്കില്‍ എന്ന് അവള്‍ വീണ്ടും ആശിച്ചു. അതേസമയം തന്നെ തനിക്കതു സാധിക്കുമെന്നും തനിക്കേ അതു നന്നായി ചെയ്യാന്‍ കഴിയൂ എന്നും അവള്‍ക്കു തോന്നി.

ആരെക്കാളും മികവില്‍ അത് അവതരിപ്പിച്ചതായും ആ വെബ് സീരീസിലെ പ്രധാന റോളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായും തുടര്‍ന്ന് സ്കൂളിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് നീണ്ട അവധിയെടുത്ത് അഭിനയത്തില്‍ സജീവമാകുന്നതായും അവള്‍ വിചാരിച്ചു -ഒപ്പംതന്നെ ജീവിച്ച അതേ സന്ദര്‍ഭങ്ങളിലൂടെ തന്നെയാണ് ഇനി അഭിനയിച്ചു കടന്നുപോകേണ്ടതും എന്നാണേ പോ, പോട്ട്- എന്നു പറഞ്ഞിറങ്ങിപ്പോകാനും സാധ്യതയുണ്ടെന്ന് അവള്‍ക്കു തോന്നി.

‘‘റോസ് മരിയാ, എസ്...’’

വാതില്‍ക്കല്‍നിന്നുള്ള കിളിശബ്ദം റോസിനെ പെട്ടെന്ന് എഴുന്നേല്‍പ്പിച്ചു. ഭംഗിയായി ഒരുക്കിയ സാമാന്യം വലിയ ഒരു മുറിയിലേക്കാണ് അവള്‍ കടന്നത്. വെളിച്ചം പരിമിതമായി ക്രമീകരിച്ചിരുന്നതുകൊണ്ട് മുറിയുടെ ചുവരുകളൊന്നും ദൃശ്യമായിരുന്നില്ല.

മധ്യത്തിലായി മൂവി കാമറ വെച്ചിട്ടുണ്ട്. അതില്‍നിന്നു ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുള്ള ഒരു വലിയ സ്ക്രീന്‍ ഒരുവശത്തു വെച്ചിട്ടുണ്ട്. അർധവൃത്താകൃതിയില്‍ ഒരടി മാത്രം ഉയരമുള്ള വേദിയില്‍ സ്റ്റീല്‍കൊണ്ടുള്ള സ്റ്റൂള്‍ എന്നു തോന്നിക്കുന്ന കുഷ്യനിട്ട ഇരിപ്പിടങ്ങളില്‍ മൂന്നു പുരുഷന്‍മാര്‍ ഇരിക്കുന്നുണ്ട്. ഒരാള്‍ മലയാളിയാണ്. നടുവില്‍ ഇരിക്കുന്നത് ചൈനക്കാരനാണോ? ആവണം. വലതുവശത്തിരിക്കുന്നയാള്‍ ജൂതനെ പോലെയുണ്ട്. റോസ് അവരെ മാറിമാറി നോക്കി നേര്‍ത്തൊരു പരിഭ്രമത്തോടെ അവര്‍ക്കു മുന്നിലായി ഇരുന്നു. അവര്‍ മൂന്നുപേരും അവളെതന്നെ ശ്രദ്ധാപൂര്‍വം നോക്കുകയാണ്. മലയാളിയെന്നു തോന്നിച്ചയാള്‍ മലയാളി തന്നെ എന്ന് അയാള്‍ വാ തുറന്നപ്പോള്‍ റോസിനു മനസ്സിലായി.

‘‘ഞാന്‍ സംവിധായകനാണ്. പേര് ബോസ്.’’

ക്ലീന്‍ ഷേവു ചെയ്ത് മുടി കൃത്യമായി വെട്ടിയൊരുക്കിയ ഒരു ഹിന്ദി നടനെപ്പോലെ തോന്നിക്കുന്ന സംവിധായകന്‍.

‘‘ഇദ്ദേഹമാണ് പ്രൊഡ്യൂസര്‍, ലീ കാങ്.’’

നടുവിലിരുന്ന ചൈനക്കാരന്‍ ഒരു പാവത്താനെപ്പോലെ മന്ദഹസിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകള്‍ വര പോലെയായി.

‘‘അത് ഏലിയാഹു.’’ പ്രൊഡ്യൂസര്‍ക്കും അപ്പുറത്തിരുന്ന ജൂതനെന്നു തോന്നിക്കുന്നയാളെ ചൂണ്ടി ബോസ് പറഞ്ഞു. ‘‘ഈ വെബ് സീരീസ് സംപ്രേഷണം ചെയ്യുന്ന ഒ.ടി.ടിയായ ഡോട്ട്-ന്‍റെ സി.ഇ.ഒ.’’

ഏലിയാഹു തല മൊട്ടയടിച്ചിരുന്നു. ചെമ്പന്‍ മീശ. കവിളുകള്‍ ഷേവു ചെയ്ത് മിനുമിനാന്നിരിക്കുന്നു. അയാള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നല്ല ഉയരമുണ്ടെന്നു മനസ്സിലാകും.

‘‘ഇവര്‍ ഫോറിനേഴ്സാണല്ലോ എന്നൊരു ടെന്‍ഷന്‍ വേണ്ട കേട്ടോ.’’ ബോസ് ആശ്വസിപ്പിക്കുംപോലെ പറഞ്ഞു. ‘‘രണ്ടുപേര്‍ക്കും നല്ല അസ്സലായി മലയാളം മനസ്സിലാകും.’’

മാറിനിന്നിരുന്ന യുവതിയോടായി ബോസ്, ഓകെ, നീതു ജോസ്, ലറ്റ് അസ് സ്റ്റാർട്ട് എന്നു പറഞ്ഞു. നീതു ജോസ് എന്ന ആ യുവതി ചുറുചുറുക്കോടെ മുന്നോട്ടുവന്ന് റോസിന് നില്‍ക്കേണ്ട പൊസിഷന്‍, ലുക്ക് ഉറപ്പിക്കേണ്ട സ്പോട്ട്, മൂവ്മെന്‍റ്സ് എത്രത്തോളമാകാം എന്നതിനെ കുറിച്ചൊക്കെ കൃത്യമായി നിർദേശം നല്‍കി. റോസ് കൈയിലെ പേപ്പറിലെ അഭിനയിക്കേണ്ട സന്ദര്‍ഭങ്ങളിലേക്ക് ഒന്നുകൂടി നോക്കി.

‘‘താങ്കള്‍ വിവാഹബന്ധം മതിയാക്കണമെന്ന ചിന്തയിലാണ്. അപ്പോള്‍ ഭര്‍ത്താവ് ഇങ്ങനെ പറയുന്നു. ‘അമ്മയില്ലാത്ത എന്നെ വളര്‍ത്തി വലുതാക്കിയത് ആന്‍റിയാണ്. ആന്‍റി പറയണതേ ഞാന്‍ കേൾക്കൂ. ആന്‍റി വിചാരിക്കണതേ ഈ വീട്ടീ നടക്കൂ. നിനക്കു സൗകര്യോണ്ടേ നിന്നാ മതി.’ ’’

ഇതു കേള്‍ക്കുന്ന താങ്കളുടെ റിയാക്ഷന്‍. അത് നിശ്ശബ്ദമായി മുഖഭാവത്തിലൂടെയോ ശരീരഭാഷയിലൂടെയോ അവതരിപ്പിക്കാം. സമയം മൂന്നു സെക്കൻഡ്.’’ ഡിക്സണ്‍ അന്നു പറഞ്ഞ അതേ കാര്യത്തിനുള്ള പ്രതികരണം മുഖത്തുവരാന്‍ റോസ് മനസ്സുകൊണ്ട് തയാറെടുത്തു. അത് അനുഭവിച്ച ആ നിമിഷം മനസ്സില്‍ നിറഞ്ഞു. ബോസ് എന്ന സംവിധായകന്‍റെ സ്ഥാനത്ത് ഡിക്സണെ സങ്കൽപിച്ചു. എന്തും എരിക്കുന്നൊരു നോട്ടം അയാളില്‍ തറപ്പിച്ചു നിര്‍ത്തി. അതിന്‍റെ അവസാനത്തില്‍ ചുണ്ടിന്‍കോണില്‍ തെളിഞ്ഞൊരു പുച്ഛം കലര്‍ന്ന ചിരി കൂടി ചേര്‍ത്തു. ആ ഭാവം സ്റ്റില്‍ ആക്കി. കട്ട് പറയുംവരെ. അതിനപ്പുറം ഒന്നും ചെയ്യാന്‍ റോസിനു തോന്നിയില്ല.

‘‘അല്ല, അത്രയേ ഞാനന്നും ചെയ്തിരുന്നുള്ളൂ.’’ അവള്‍ ബോസിനെ നോക്കി. ബോസ് ഏലിയാഹുവിനോടും ലീ കാങ്ങിനോടും എന്തോ മന്ത്രിച്ചു.

‘‘ഓകെ- ഡയലോഗ് റന്‍ററിങ് കൂടി നോക്കാം.’’

ബോസ് അവളുടെ നേര്‍ക്ക് തിരിഞ്ഞു. ആനി പേപ്പറിലേക്ക് വീണ്ടും നോക്കി.

‘‘താഴെ പറയുന്ന സംഭാഷണങ്ങള്‍ അവയ്ക്ക് ആവശ്യമായ വൈകാരികഭാവത്തോടെ അവതരിപ്പിക്കുക:

 

‘‘-ലോട്ടറി വിക്ക്ന്ന പെണ്ണുങ്ങളെ കണ്ട്ട്ട്ണ്ടോ? അന്തസ്സായി ജീവിക്കുന്ന പെണ്ണുങ്ങള്‍. നെറ്റും പിഎച്ച്.ഡീമൊക്കെണ്ടായ്ട്ടും ജോലി വേണേ നിങ്ങളെപ്പോലുള്ളവരെ സുഖിപ്പിക്കണംങ്കില്, പോ പുല്ലേന്നു പറഞ്ഞ് ലോട്ടറി വിറ്റ് ജീവിക്കും ഞാന്‍. -മടിക്കുത്തഴിച്ച് കഴിയാനാണേ അതിനും പെണ്ണ് തന്നെ വിചാരിക്കണം. നിങ്ങളെപ്പോലെ ആണെന്നു പറഞ്ഞ് നടക്കുന്നവര് മാത്രം മോഹിച്ചാല്‍ പോരാ-’’ സ്കൂളിലെ മാനേജരുടെ മുഖത്തു നോക്കി അവള്‍ പറഞ്ഞ കാര്യമാണത്. അല്‍പം ചില വ്യത്യാസങ്ങളുണ്ടെന്നേയുള്ളൂ. അത് അതേ വീറോടെ തന്നെ പറയാനും റോസിനു പ്രയാസമുണ്ടായില്ല. ബോസും ലീ കാങ്ങും ഏലിയാഹുവും പരസ്പരം തമ്പു കാണിച്ചു.

‘‘ഓകെ, മിസിസ് റോസ് മരിയ. യു ആര്‍ സെലക്ടഡ്.’’ ബോസ് പറഞ്ഞുതീരും മുമ്പ് റോസ് കടന്നു പറഞ്ഞു-

‘‘വെയ്റ്റ്... വെയ്റ്റ് സര്‍, അതിനുമുമ്പ് ഒരു കാര്യമറിയണംന്ന്ണ്ട്.’’

പറയൂ എന്ന മട്ടില്‍ ഏലിയാഹു തലയാട്ടി.

റോസ് മൂന്നു പേരെയും മാറിമാറി നോക്കി.

‘‘ആരാ ഇതിന്‍റെ റൈറ്റര്‍?’’

കൂടെയുള്ളവരെ ഒന്നു നോക്കിയിട്ട് ബോസ് തന്നെ പറഞ്ഞു:

‘‘ഇതിന് റൈറ്റര്‍ ഇല്ല.’’

അത് അത്ര വിശ്വസിക്കാത്ത മട്ടില്‍ റോസ് തലയാട്ടി: ‘‘ഓകെ. എങ്കില്‍ ഇതിന്‍റെ സ്റ്റോറി എനിക്കൊന്നറിയണംന്ന്ണ്ട്.’’

ബോസ് എന്തോ പറയാന്‍ പോയപ്പോള്‍ ലീ കാങ് അയാളെ തടഞ്ഞു. പിന്നെ, എഴുന്നേറ്റ് അവള്‍ക്കരികിലേക്കു വന്നു. അവളെ ഇരുത്തിയൊന്നു നോക്കിയിട്ട് ഉച്ചാരണശുദ്ധിയില്ലാത്ത മലയാളത്തില്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു. അതിന്‍റെ സാരം ഇതാണ്- ഈ വെബ് സീരീസിന്‍റെ റൈറ്ററും പ്രോജക്ടു ഡിസൈനറും ഒക്കെ ദാ ഞങ്ങള്‍ക്കു മുന്നിലെ ഈ കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയറാണ്. ഇതാണ് ഞങ്ങളോടു പറഞ്ഞത് നിങ്ങളുടെ ലൈഫ് പോര്‍ട്രേ ചെയ്യാന്‍. ഒരു നല്ല വെബ് മൂവിക്കു വേണ്ടതെല്ലാം നിങ്ങളുടെ ലൈഫിലുണ്ടെന്നും അതുകൊണ്ട് നിങ്ങളെ തന്നെ കാസ്റ്റു ചെയ്യാനും അത് കമാന്‍ഡ് ചെയ്തു. അതിനുവേണ്ടി ഞങ്ങള്‍ മറ്റുള്ളവരെയും വിളിച്ചു എന്നേയുള്ളൂ. നിങ്ങളെത്തന്നെ സെലക്ടു ചെയ്യാന്‍ വേണ്ടിയാണ് ഈ ഓഡിഷന്‍ വെച്ചത്.

റോസിന് ഒന്നും ശരിക്കങ്ങോട്ടു മനസ്സിലായില്ല. എങ്കിലും അവള്‍ പറഞ്ഞു - ‘‘ഞാനിതിനില്ല. എന്തോ... എന്‍റെ ലൈഫായിട്ട് ഇത് എവിടെയൊക്കെയോ റിലേറ്റു ചെയ്യുന്നപോലെ തോന്നുന്നു. -നോ. നിങ്ങള്‍ക്കു വേറേ ആളെ നോക്കാം.’’

കറുത്ത കോട്ട് നേരേയാക്കിക്കൊണ്ട് എഴുന്നേറ്റ് ഏലിയാഹു അവള്‍ക്ക് അരികിലേക്കു വന്നു. അവള്‍ വിചാരിച്ചതിലുമേറെ ഉയരമുണ്ട് അയാള്‍ക്ക്. കുറച്ചുകൂടി നല്ല മലയാളത്തില്‍ ശാന്തമായി അയാള്‍ പറഞ്ഞു- നിങ്ങളുടെ ജീവിതത്തിലെ സര്‍വതും ഈ സോഫ്റ്റ് വെയർ കോപ്പി ചെയ്തിട്ടുണ്ട്. നിങ്ങളുടെ മാത്രമല്ല, പലരുടെയും. നിങ്ങളൊക്കെ നടന്ന വഴികള്‍, ചെയ്ത കാര്യങ്ങള്‍, പറഞ്ഞത്, എന്തിന് ഓരോരോ സന്ദര്‍ഭങ്ങളില്‍ ചിന്തിച്ച കാര്യങ്ങള്‍ വരെ. അതില്‍ നിങ്ങളുടെ ഡാറ്റയാണ് ഞങ്ങളുടെ വെബ് സീരീസിന് ഏറ്റവും പറ്റിയതായി അവസാന സ്ക്രൂട്ട്നിയില്‍ വന്നത്. ഇതാണ് ഇതുവരെയുള്ള കാര്യങ്ങളുടെ ഒരു സ്റ്റാറ്റസ്.

ആകെ പകച്ചുനിന്ന റോസിനെ തണുപ്പിക്കുന്നൊരു ചിരിയോടെ ബോസും മുന്നോട്ടുവന്ന് അവള്‍ക്കു മുന്നില്‍ നിന്നു. ഇപ്പോള്‍ അവള്‍ ശരിക്കും ഒരു ഇന്ത്യക്കാരനും ചൈനക്കാരനും ഇസ്രായേല്‍കാരനും നടുവിലാണ്.

‘‘റോസ് മരിയാ, കേള്‍ക്കൂ -നിങ്ങളെ ഇവിടേക്ക് എത്തിക്കാന്‍പോലും ഞങ്ങള്‍ക്ക് കാര്യമായിട്ടൊന്നും തന്നെ ചെയ്യേണ്ടിവന്നിട്ടില്ല. ആ വാട്സ്ആപ് മെസേജ് കണ്ട് നിങ്ങള്‍ ഇവിടെ വരുമെന്ന കാര്യം സോഫ്റ്റ് ​വെയര്‍ വഴി ഞങ്ങള്‍ക്കുറപ്പായിരുന്നല്ലോ. ഇതുവരെ നിങ്ങള്‍ അനുഭവിച്ച നല്ലതും ചീത്തയുമായതെല്ലാം ക്രിയേറ്റിവ് മെറ്റീരിയലുകളായി അതിലുള്ളപ്പോള്‍ നിങ്ങള്‍ ഇനി ചെയ്യാന്‍പോകുന്നതും അതില്‍ ഉണ്ടാവുമല്ലോ.’’

റോസ് അന്ധാളിപ്പോടെ ആ കമ്പ്യൂട്ടറിനെ നോക്കി.

‘‘നോക്കൂ, മൊത്തം കാര്യങ്ങളില്‍നിന്ന് തിരക്കഥക്കു വേണ്ടത് സിസ്റ്റം തന്നെ സീനുകളാക്കിക്കഴിഞ്ഞു. ഇനി നിങ്ങളുടെ ഫ്യൂച്ചറില്‍നിന്ന് നമ്മുടെ ഈ സീരീസിനു വേണ്ടി ചില കാര്യങ്ങള്‍ സ്ക്രിപ്റ്റിന്‍റെ ക്ലൈമാക്സിലേക്കു കയറിയിട്ടുമുണ്ട്. നിങ്ങള്‍ക്ക് ഇനി റെമ്യൂണറേഷന്‍ എഗ്രിമെന്‍റ് സൈന്‍ ചെയ്യുക മാത്രമേയുള്ളൂ. മറ്റൊന്ന് ഈ പ്രോജക്ട് ഓഫര്‍ ചെയ്യുന്നത് നിങ്ങള്‍ സ്വപ്നം കാണാത്ത തുകയാണ്. അടുത്തയാഴ്ച നമുക്കു ഷൂട്ടു തുടങ്ങാം.’’

സംസാരത്തിനിടെ തന്നെ അവര്‍ മൂന്നുപേരും തന്നെ ഒരു വൃത്തത്തിനുള്ളിലാക്കിക്കഴിഞ്ഞെന്നു തോന്നിയപ്പോള്‍ ആ വളയം തകര്‍ക്കാനെന്നപോലെ പൊട്ടിത്തെറിച്ചുതന്നെ റോസ് പറഞ്ഞു-

‘‘നിങ്ങള്‍ക്ക് ഭ്രാന്താണ്. ഞാനെന്തു ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കും. എന്‍റെയാ നശിച്ച കല്യാണമൊഴിച്ച് ബാക്കിയെല്ലാം ഞാനെന്‍റെ ഇഷ്ടത്തിലും സ്വാതന്ത്ര്യത്തിലുമാണ് ചെയ്തുപോന്നിട്ടുള്ളത്. ഇപ്പോ ആ കല്യാണക്കുരുക്ക് പൊട്ടിച്ച് ഞാന്‍ ടോട്ടലീ ഫ്രീയായിരിക്കുകയാണ്. എന്‍റെ ഫ്രീഡം ​െവച്ചു കളിക്കാന്‍ ഒരാളും വരണ്ട.’’

ഫ്രീഡം എന്നു കേട്ടിട്ടോ എന്തോ ലീ കാങ്ങും ഏലിയാഹുവും പരസ്പരം നോക്കി ഒന്നു മന്ദഹസിച്ചു. പിന്നെയും എന്തൊക്കെയോ ഉറക്കെ പറയുന്ന റോസിനെ ഏലിയാഹു സഹതാപത്തോടെ നോക്കിയിട്ട് പറഞ്ഞു. -നോക്കൂ സഹോദരീ, ഒരാളുടെ റിയല്‍ ലൈഫ് സ്റ്റോറി അയാളെതന്നെ കഥാപാത്രമാക്കി അവതരിപ്പിക്കുക- ഇത് ഹൈലൈറ്റു ചെയ്തുകൊണ്ടാണ് നമ്മളീ പ്രോഡക്ട് മാര്‍ക്കറ്റ് ചെയ്യാന്‍ പോവുന്നത്. ഓര്‍ക്കുക, ലോകത്തെ എല്ലാ ഭാഷകളിലും ഇത് നിർമിക്കപ്പെടും. നിങ്ങള്‍, നിങ്ങളുടെ ലൈഫ്, ഒക്കെ ഈ ലോകമെങ്ങും എത്തുകയാണ്.’’

‘‘മൈ ലൈഫ് ഇസ് മൈ പ്രോപ്പര്‍ട്ടി. മൈ പ്രൈവറ്റ് പ്രോപ്പര്‍ട്ടി.’’

അലറിയ റോസിനെ ചുമലില്‍ മെല്ലെ തട്ടി സമാധാനിപ്പിച്ചുകൊണ്ട് ബോസ് പറഞ്ഞു:

 

‘‘സിസ്റ്റര്‍ നിങ്ങളുടേതായ എല്ലാം, ഈവന്‍ ഓരോ സമയത്തെ നിങ്ങളുടെ ചിന്തകള് വരെ ആ സോഫ്റ്റ് വെയറിലുള്ളപ്പോള്‍ ഇമോഷനലായിട്ട് ഇനി കാര്യമുണ്ടോ. ബീ പ്രാക്ടിക്കല്‍. യു ആര്‍ സെലക്ടഡ്. നിങ്ങളിപ്പോള്‍ ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പേരുള്ള നമ്മുടെ സീരിയലിലെ ഹീറോയ്ന്‍ ആണ്. നമുക്കിനി വര്‍ക്ക് സ്റ്റാർട്ട് ചെയ്യാനുള്ള കാര്യങ്ങളേ ആലോചിക്കാനുള്ളൂ.’’

മൂന്നുവശത്തുനിന്നും വളഞ്ഞ് മെല്ലെ അതിക്രമിച്ചു കയറിക്കൊണ്ടിരിക്കുന്ന മൂന്നു വലിയ രാജ്യങ്ങള്‍ക്കു നടുവിലെ ചെറിയൊരു പ്രവിശ്യ മാത്രമാവുകയാണ് താനെന്ന് റോസ് അറിഞ്ഞു. സര്‍വശക്തിയുമെടുത്ത് കുതറിക്കൊണ്ട് അവള്‍ വാതിലിനു നേര്‍ക്കു കുതിച്ചതും പെട്ടെന്ന് മുറിയിലെ ലൈറ്റുകളൊക്കെ തെളിഞ്ഞു. അവിടം വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന അതിവിശാലമായൊരു ഹാളായി കാണപ്പെട്ടു. അതിനു നടുവിലെ വൃത്താകാരത്തിലുള്ള ഒരു ഉയര്‍ന്ന വേദിയിലാണ് താനും ബോസും ലീ കാങ്ങും ഏലിയാഹുവും എന്ന് റോസ് കണ്ടു. ചുറ്റിനും വലിയൊരു പ്രേക്ഷകസമൂഹം തന്നെ തിങ്ങിക്കൂടി നിന്ന് ആരവമിടുന്നു. ചാനൽ കാമറകള്‍ അവള്‍ക്കു നേരേ തുറുകണ്ണുമായി നില്‍ക്കുന്നു. കാമറ ഫ്ലാഷുകള്‍ അവളുടെ മുഖത്ത് വീണ് മിന്നിക്കൊണ്ടിരിക്കുന്നു. ശബ്ദപ്രകാശബഹളങ്ങള്‍ക്കിടയില്‍ പകച്ചുനിന്ന റോസിന് തോന്നി, സ്വന്തം മുഖം സ്വന്തം ശബ്ദം, സ്വന്തമായ ഓർമകള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍ ഒക്കെയും അവളില്‍നിന്ന് അടര്‍ന്നുമാറി ചിതറി പലതായി ആള്‍ക്കൂട്ടത്തിന്‍റെ ഇരമ്പലില്‍ ചെന്നില്ലാതാവുകയാണെന്ന്.

കരഘോഷങ്ങള്‍ക്കിടയില്‍ മാറിടം പാതി മറയുന്നതും വേദിയില്‍ ഇഴയുന്നതും തിളങ്ങുന്നതുമായ വസ്ത്രം ധരിച്ച ചെമ്പന്‍ മുടിയുള്ളൊരു യുവതി ഒഴുകി വന്ന് അവളുടെ സ്ഫടികതുല്യമായ ശബ്ദത്തില്‍ മൈക്കിലൂടെ വിളംബരം ചെയ്തു- ‘‘റോസ് മരിയ എന്ന ഇന്ത്യന്‍ സ്ത്രീയുടെ ജീവിതം വിവരിക്കുന്ന വെബ് സീരീസിന്‍റെ ടൈറ്റില്‍ പ്രകാശനം ഒ.ടി.ടി പ്ലാറ്റ് ഫോമായ ഡോട്ട്-ന്‍റെ സി.ഇ.ഒ ഏലിയാഹു ഇതാ, നിര്‍വഹിക്കാന്‍ പോകുന്നു.’’

അതിനായി അയാളെ ക്ഷണിക്കുന്നപോലെ അവള്‍ ആവേശത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു:‘‘മിസ്റ്റര്‍ ഏലിയാഹു ഫ്രം ഇസ്രായേല്‍...’’

News Summary - weekly literature story