Begin typing your search above and press return to search.
proflie-avatar
Login

അമ്മ

അമ്മ
cancel

വരാന്തയിലിരുന്ന് കൈലേസിൽ പൂക്കൾ തുന്നുകയായിരുന്നു അമ്മ. പെട്ടെന്നാണ് ജീപ്പിന്റെ ഇരപ്പ് കേട്ടത്. അമ്മ അകത്തേക്കോടി. എന്നിട്ട് വലിയ മൺകലത്തിന്റെ മൂടി വലിച്ചുതുറന്നു. ‘‘അകത്തേക്കിറങ്ങിക്കോ’’ എന്ന് മകനോട് പറഞ്ഞു. പായസം തിന്നുകൊണ്ടിരിക്കുകയായിരുന്നു അവൻ. കേട്ടപാടേ അവൻ അതിനുള്ളിലിറങ്ങി. അമ്മ അതിന്റെ മൂടിയടച്ചു. അതിനു മേൽ ഒരു മുഷിഞ്ഞ പുതപ്പെടുത്ത് വിരിച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ വരാന്തയിലെ ഇരുമ്പ് കസേരയിൽ ഓടി വന്നിരുന്നു. അതീവശ്രദ്ധയോടെ അവർ ചിത്രപ്പണി തുടർന്നു. കുമ്മായം പൊടിഞ്ഞ് മാറാല കയറിയ ചുവരും നരച്ച ആ സ്ത്രീയും തുരുമ്പിച്ച കസേരയും അവരുടെ കൈലേസും അതിലെ തുന്നലുകളും ചേർന്ന് പഴക്കം...

Your Subscription Supports Independent Journalism

View Plans

വരാന്തയിലിരുന്ന് കൈലേസിൽ പൂക്കൾ തുന്നുകയായിരുന്നു അമ്മ. പെട്ടെന്നാണ് ജീപ്പിന്റെ ഇരപ്പ് കേട്ടത്. അമ്മ അകത്തേക്കോടി. എന്നിട്ട് വലിയ മൺകലത്തിന്റെ മൂടി വലിച്ചുതുറന്നു. ‘‘അകത്തേക്കിറങ്ങിക്കോ’’ എന്ന് മകനോട് പറഞ്ഞു. പായസം തിന്നുകൊണ്ടിരിക്കുകയായിരുന്നു അവൻ. കേട്ടപാടേ അവൻ അതിനുള്ളിലിറങ്ങി. അമ്മ അതിന്റെ മൂടിയടച്ചു. അതിനു മേൽ ഒരു മുഷിഞ്ഞ പുതപ്പെടുത്ത് വിരിച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ വരാന്തയിലെ ഇരുമ്പ് കസേരയിൽ ഓടി വന്നിരുന്നു. അതീവശ്രദ്ധയോടെ അവർ ചിത്രപ്പണി തുടർന്നു.

കുമ്മായം പൊടിഞ്ഞ് മാറാല കയറിയ ചുവരും നരച്ച ആ സ്ത്രീയും തുരുമ്പിച്ച കസേരയും അവരുടെ കൈലേസും അതിലെ തുന്നലുകളും ചേർന്ന് പഴക്കം ചെന്ന ഒരു റിയലിസ്റ്റിക് ചിത്രമുണ്ടായി.

‘‘നിന്റെ മകനെവിടെ?’’ തോക്കുധാരിയായ പട്ടാളക്കാരൻ ചോദിച്ചു. കൊന്നുതള്ളിയവരുടെ സ്മാരകംപോലെ അയാൾ പച്ച യൂനിഫോമിൽ നിരവധി നക്ഷത്രങ്ങൾ അണിഞ്ഞിട്ടുണ്ടായിരുന്നു.

‘‘എന്റെ മകൻ ഇവിടെ വരാറില്ല.’’ കൈലേസിൽനിന്നും മുഖമുയർത്താതെ അമ്മ നുണ പറഞ്ഞു.

‘‘ഇന്ന് അവന്റെ ജന്മദിനമാണ്. നീ ഉണ്ടാക്കിക്കൊടുക്കുന്ന പായസം അവന് വലിയ ഇഷ്ടമാണ്. അവൻ ഇന്നലെ രാത്രി ഈ നഗരത്തിൽ എത്തിയിട്ടുണ്ട് എന്ന് ഞങ്ങൾക്കറിയാം.’’

‘‘ഉവ്വോ?’’

‘‘അഭിനയിക്കണ്ട. പായസം കുടിക്കാൻ വേണ്ടി മാത്രം അവൻ വരും. ശരി, അവൻ ഒരു വിപ്ലവകാരിയാണെന്ന് നിനക്കറിയാമോ?’’

‘‘അറിയാം.’’ അമ്മ പറഞ്ഞു. ഓഫീസർ ആ സ്ത്രീയെ അത്ഭുതത്തോടെ നോക്കി. ലാത്തികൊണ്ട് മുഖം തൊട്ടുയർത്തി: ‘‘നിന്റെ മുഖത്ത് നല്ല വിളർച്ചയുണ്ടല്ലോ?’’ അമ്മ തുന്നൽജോലി തുടർന്നുകൊണ്ടിരുന്നു.

തന്റെ മകൻ ഭരണകൂടത്തിനെതിരായ വലിയൊരു പോരാട്ടത്തിലാണെന്ന് ആ അമ്മക്ക് അറിയാമായിരുന്നു. ജനാധിപത്യം എന്നാൽ, വിഡ്ഢികളോ കോവർ കഴുതകളോ ആയ വികാരജീവികളുടെ മുൻഗണനയാണെന്ന് അവർക്കറിയാമായിരുന്നു. അത്തരക്കാരാണ് ലോകത്ത് കൂടുതൽ. ഭൂരിപക്ഷം മനുഷ്യർ ഒരു കാര്യത്തിൽ യോജിക്കുന്നുവെങ്കിൽ അത് മനുഷ്യ പുരോഗതിക്ക് എതിരായ ഒന്നായിരിക്കുമെന്നും ആ അമ്മക്ക് അറിയാമായിരുന്നു. ലോകത്ത് മാറ്റം കൊണ്ടുവന്നിട്ടുള്ളത് ചെറു ന്യൂനപക്ഷമാണെന്നും മാൻഡേറ്റിലൂടെയോ റഫറണ്ടത്തിലൂടെയോ അല്ല, സമ്പൂർണ വിപ്ലവത്തിലൂടെയാണത് സംഭവിക്കുന്നതെന്നും അമ്മക്ക് അറിവുണ്ടായിരുന്നു. ഭൂരിപക്ഷം, എന്നാൽത്തന്നെ അടിച്ചു വാർത്തെടുത്ത ഭീകരമായ ഒരാശയമാണെന്നും.

അതുകൊണ്ടുതന്നെ തന്റെ മകൻ നടത്തുന്ന വിപ്ലവ ശ്രമങ്ങൾക്ക് ആ അമ്മ മനസ്സുകൊണ്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിദൂരമായ പട്ടണങ്ങളിലെ പോസ്റ്റോഫീസുകളിലോ പോലീസ് സ്റ്റേഷനുകളിലോ വിപ്ലവകാരികൾ പോസ്റ്ററുകൾ പതിച്ചതായി പത്രത്തിൽ വായിക്കുന്ന ദിവസങ്ങളിൽ അമ്മ വല്ലാതെ ആഹ്ലാദിക്കും. ആ ദിവസങ്ങളിൽ വീടിന് ചുറ്റും രഹസ്യപ്പോലീസിന്റെയും പട്ടാളത്തിന്റെയും സാന്നിധ്യമുണ്ടാവും. വിപ്ലവം മോചിപ്പിക്കുന്നത് പോലീസുകാരേ, പട്ടാളക്കാരേ, നിങ്ങളെ കൂടിയാണ്. അമ്മ ചിന്തിക്കും. അവർക്ക് പട്ടാളക്കാരോട് ശത്രുതയോ വെറുപ്പോ ഉണ്ടായിരുന്നില്ല. സമ്പൂർണ വിപ്ലവം ആരംഭിക്കുമ്പോൾ, പോരാട്ടത്തിന്റെ ഒരു കൈയായി മാറേണ്ടവരാണവർ. ഇന്നാട്ടിലെ കർഷകരുടെയും തൊഴിലാളികളുടെയും മക്കളാണവർ.

‘‘ശരി. ഞാൻ നിന്റെ വീട് ഒന്ന് പരിശോധിക്കട്ടെ’’, പട്ടാളക്കാരൻ പറഞ്ഞു. ആകെ ഒരു കിടപ്പുമുറിയും അടുക്കളയും തീൻമുറിയും മാത്രമേ വീട്ടിനുള്ളൂ. അടുക്കളയിൽ കുറച്ച് പച്ചക്കറികളും പാതി മുറിച്ച ഒരു പുഴമീനും മാത്രം ഉണ്ടായിരുന്നു. ദുർബലനായ ഒരു പൂച്ച അടുക്കളയിൽ ചടഞ്ഞു കൂടിക്കിടന്നു. കിടപ്പുമുറിക്കുള്ളിലായിരുന്നു മകനെ ഒളിപ്പിച്ചുവെച്ച ചാടി. അതിനടുത്തു വന്ന് ഒന്നു നോക്കിയശേഷം അയാൾ പറഞ്ഞു: ‘‘കൊള്ളാല്ലോ, ഒരു മനുഷ്യനെ ഒളിപ്പിച്ചു​െവക്കാൻ പറ്റിയ വലിപ്പമുണ്ടല്ലോ നിന്റെ കലത്തിന്.’’ എന്നിട്ടയാൾ ചിരിച്ചു. അമ്മയും ചിരിച്ചതായി വരുത്തി. അവിടെ ഉണ്ടായിരുന്ന ഇരുമ്പ് കസേര അയാൾ എടുത്ത് നിവർത്തി മൺകലത്തിന്റെ അരികത്തായി ഇട്ടു. എന്നിട്ട് അതിൽ കയറി ഇരുന്നു. കാലുകൾ ഉയർത്തി കലത്തിന്മേൽ ​െവച്ചു.

അമ്മ ചിത്രപ്പണി തുടർന്നുകൊണ്ടിരുന്നു. ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു അവർ തുന്നിക്കൊണ്ടിരുന്നത്. അത് വരച്ചുകഴിഞ്ഞപ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞിരുന്നു. ഗർഭസ്ഥമായ ഉദരംപോലെ പുറം ഉന്തിയ ചാടിയിലും ചിത്രത്തുന്നലിലും ഇടക്കിടെ പട്ടാളക്കാരൻ മാറിമാറി നോക്കും. പിന്നെ കോട്ടുവാ ഇടും. അമ്മ അതു പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ചിത്രം തുന്നാൻ തുടങ്ങി. രാത്രി ഉടനീളം ആ തുന്നലും നോട്ടവും കോട്ടുവായിടലും ഇരിപ്പും തുടർന്നു. ഇരുവർക്കും വിശന്നില്ല. താൻ രാജ്യത്തിന് കാവൽ നിൽക്കുകയാണെന്ന് പട്ടാളക്കാരൻ ചിന്തിച്ചു. താൻ വിപ്ലവത്തിന് കാവൽനിൽക്കുകയാണെന്ന് അമ്മയും.

രണ്ട് കാവലുകൾക്കുള്ളിൽ ആ മൺചാടി നിശ്ചലം നിന്നു. സമയം നീളുന്നതിനനുസരിച്ച് അമ്മയുടെ മുഖം കൂടുതൽ വിളറാൻ തുടങ്ങി. കൈവിരലുകൾ വിറക്കാനും. കാഴ്ച മറയാനും. നൂലുകൾ വരയുടെ അതിർത്തിവിട്ട് നീങ്ങാനും. ഭൂമിയിലുണ്ടായ ഏറ്റവും ദീർഘമായ നിമിഷങ്ങളാണ് നീങ്ങുന്നത്. ഹുങ്കാര ശബ്ദത്തോടെ സംഭവിക്കുന്ന ഒരു പ്രസവമായിരുന്നു അമ്മ വരക്കാൻ തുടങ്ങിയത്. വീർത്ത വയറിന് ഭൂപടത്തിലുള്ള ഏതോ രാജ്യത്തിന്റെ രൂപം കൈവന്നു. കൈവിറയലോടെ വരച്ചതിനാൽ രാജ്യത്തിന്റെ അതിർത്തികൾക്ക് മുള്ളിന്റെ ആകൃതിയായി.

എന്നിട്ടും അവർ വരച്ചുകൊണ്ടേയിരുന്നു. പട്ടാളക്കാരൻ അവന്റെ തോക്കിൽ താളംപിടിച്ചുകൊണ്ട് ഏതോ പാട്ടുമൂളി.

‘‘അവൻ വരാതിരിക്കില്ല. അല്ലേ?’’ പട്ടാളക്കാരൻ ചോദിച്ചു. ‘‘പായസക്കൊതിയൻ.’’ അയാൾ പൊട്ടിച്ചിരിച്ചു. ‘‘നിങ്ങൾ പോയി കിടന്നുറങ്ങിക്കൊള്ളൂ.’’ മേശമേൽ ​െവച്ചിരുന്ന പായസക്കിണ്ണം ചൂണ്ടിക്കൊണ്ട് അയാൾ സൗജന്യം പറഞ്ഞു: ‘‘അവനെ കൊണ്ടുപോകുന്നതിനു മുമ്പ് തീർച്ചയായും ആ പായസം ഞാനവന് കൊടുക്കും.’’

‘‘വേണ്ട, ഞാൻ അമ്മയല്ലേ?’’ അമ്മ തുന്നിക്കൊണ്ടിരുന്നു. ‘‘നീ വേണമെങ്കിൽ ഉറങ്ങിക്കോളൂ.’’

‘‘വേണ്ട. ഞാൻ പട്ടാളക്കാരനല്ലേ?’’

‘‘പട്ടാളക്കാർക്കും ഉറങ്ങാൻ കഴിയുന്ന ഒരു കാലം വരും.’’ അമ്മ പറഞ്ഞു.

‘‘ആ!’’

പുലർച്ചെയായപ്പോൾ ഒന്നാമത്തെ പട്ടാളക്കാരൻ പോയി പകരം മറ്റൊരുത്തൻ വന്നു. അവനും നെഞ്ചിൽ മെഡലുകളും ചുമലിൽ നക്ഷത്രങ്ങളും അണിഞ്ഞിരുന്നു. വന്നപാടെ അയാൾ ഇരുമ്പ് കസേരയിൽ ഇരിക്കുകയും കാലുകൾ ഉയർത്തി മൺകലത്തിൽ വെക്കുകയും ചെയ്തു. ആ കസേര ക്രമേണ ഒരു പട്ടാളപോസ്റ്റായി മാറി. അമ്മക്കുമാത്രം പകരമാളുണ്ടായില്ല. ഒരേയിരിപ്പിൽ പുറത്തേക്കും അകത്തേക്കും കണ്ണയച്ച് കൈലേസിൽ അവർ ചിത്രങ്ങൾ തുന്നിക്കൊണ്ടിരുന്നു. വിശന്നിട്ടും അമ്മ തളർന്നില്ല. ലോകത്ത് ഒരുപാട് അമ്മമാർ ഇങ്ങനെ നീറിനീറി മരിച്ചിട്ടുണ്ട്. ഒരുപാട് വ്യവസ്ഥിതികൾ അമ്മമാരെ ഇങ്ങനെ നീറ്റിയിട്ടുണ്ട്. പച്ചിരുമ്പ് പോലെ നിസ്സംഗയായി അവർ അങ്ങനെ തന്നെ ഇരുന്നു. ആ വീട്ടുമുറ്റത്തേക്ക് ആരും കടന്നുവന്നില്ല.

ഏഴു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഡൈനിങ് ടേബിളിലിരുന്ന പാൽപ്പായസം ചീയാൻ തുടങ്ങി. അതിനുള്ളിൽനിന്നും പുഴുക്കൾ ഉയിരുെവച്ച് പുറത്തിറങ്ങാനും. ചുറ്റുപാടാകെ ദുർഗന്ധവും പടർന്നു. അമ്മയുടെ മുഖമാകട്ടെ വികാരങ്ങളെ സംസ്കരിച്ച ശവപ്പറമ്പു പോലെ മരവിച്ചു. ഏഴാം ദിവസം പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞുപോയ പട്ടാളക്കാരൻ അമ്മയെ നോക്കി ചിരിച്ചു. അയാൾക്ക് അന്ന് പകരക്കാരൻ വന്നില്ല.

‘‘ഏഴ് ദിവസമായല്ലോ, ഇനിയൊരിക്കലും അവൻ വരാനിടയില്ല.’’ അയാൾ തോക്ക് ചുമലിലിട്ട് നടന്നുപോയി.

അവശയായ ആ സ്ത്രീ മൺചാടിയിലേക്ക് നോക്കി. അതിന്റെ പള്ളയിൽ പതിഞ്ഞ ബൂട്ടിന്റെ പാടുകൾ നോക്കി. എന്നിട്ട് അനങ്ങാതെ അങ്ങനെയിരുന്നു.

തുന്നൽ ജോലി തീരാറായിരിക്കുന്നു. പ്രസവം എന്ന ചിത്രമാണല്ലോ അമ്മ തുന്നിക്കൊണ്ടിരുന്നത്. അവശേഷിച്ച നൂൽകൊണ്ട്, എന്നെങ്കിലും വയർ പിളർന്ന് ഹുങ്കാര ശബ്ദത്തോടെ പുറംലോകത്തേക്ക് വരുന്ന കുഞ്ഞിന്റെ ചിത്രത്തിന്റെ അവസാന വര അവർ തുന്നാൻ തുടങ്ങി.

News Summary - weekly literature story