Begin typing your search above and press return to search.
proflie-avatar
Login

കാവ് തീണ്ടൽ

കാവ് തീണ്ടൽ
cancel

മണ്ഡകപ്പറമ്പിലെ കാവിൽ പണ്ടുകാലത്തെന്നോ കുടിപ്പാർത്തിരുന്ന ഒരു സർപ്പമുണ്ടായിരുന്നു. കാലമ്പാമ്പ് എന്നാണ് അതിനെ ഞങ്ങളൊക്കെ വിളിക്കുന്ന പേര്. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ആരുടെയും കണ്ണിൽപ്പെടാതെ അതവിടെ ജീവിച്ചുപോന്നു. മുരടേശ്വരത്തമ്പലത്തിൽ നടക്കുന്ന യക്ഷിക്കളം പാട്ടുത്സവത്തിന് മുന്നോടിയായുള്ള ആയില്യപൂജക്ക് തലേദിവസം പുലർച്ചെ നാഗവീണമീട്ടിക്കൊണ്ട് പുള്ളുവനും പള്ളിവാളും പിടിച്ച് വെളിച്ചപ്പാടും ഒരു പൊട്ടച്ചെണ്ടയുടെ അകമ്പടിയോടെ കാവിൽച്ചെന്നു സർപ്പത്തിന് നൂറും പാലും നേദിക്കുന്ന ഒരു ചടങ്ങുണ്ട്. അതു കഴിഞ്ഞ് പിറ്റേന്നാണ് അമ്പലത്തിലെ കൊടിയേറ്റം. മണ്ഡകപ്പറമ്പിലെമ്പാടും...

Your Subscription Supports Independent Journalism

View Plans

മണ്ഡകപ്പറമ്പിലെ കാവിൽ പണ്ടുകാലത്തെന്നോ കുടിപ്പാർത്തിരുന്ന ഒരു സർപ്പമുണ്ടായിരുന്നു. കാലമ്പാമ്പ് എന്നാണ് അതിനെ ഞങ്ങളൊക്കെ വിളിക്കുന്ന പേര്. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ആരുടെയും കണ്ണിൽപ്പെടാതെ അതവിടെ ജീവിച്ചുപോന്നു.

മുരടേശ്വരത്തമ്പലത്തിൽ നടക്കുന്ന യക്ഷിക്കളം പാട്ടുത്സവത്തിന് മുന്നോടിയായുള്ള ആയില്യപൂജക്ക് തലേദിവസം പുലർച്ചെ നാഗവീണമീട്ടിക്കൊണ്ട് പുള്ളുവനും പള്ളിവാളും പിടിച്ച് വെളിച്ചപ്പാടും ഒരു പൊട്ടച്ചെണ്ടയുടെ അകമ്പടിയോടെ കാവിൽച്ചെന്നു സർപ്പത്തിന് നൂറും പാലും നേദിക്കുന്ന ഒരു ചടങ്ങുണ്ട്. അതു കഴിഞ്ഞ് പിറ്റേന്നാണ് അമ്പലത്തിലെ കൊടിയേറ്റം.

മണ്ഡകപ്പറമ്പിലെമ്പാടും നിറഞ്ഞിരുന്ന പലേതരം മരങ്ങളിലും കെട്ടുപിണഞ്ഞ വള്ളിപ്പടർപ്പുകളിലുമായി ഒരു ഇരുൾപ്രതിഭാസംപോലെ കാവും പരിസരവും പുറംലോകവുമായി ബന്ധമില്ലാതെ പാഴടഞ്ഞുകിടന്നിരുന്നതിനാൽ പെട്ടെന്നൊരാൾക്കും ആ ദൈവനാഗത്തെ കാണാൻപറ്റുമായിരുന്നില്ല.

‘‘നമ്മളെല്ലാം ഇത്രേംകാലം ഈട ജീവിച്ചിറ്റ് ആണാന്നു പറഞ്ഞിട്ടെന്താ കാര്യം? ഒരിക്കലെങ്കിലും ആ കാലമ്പാമ്പിനെയൊന്നു കാണാൻ കഴിഞ്ഞിറ്റ്ണ്ടാ? ചെറ്പ്പത്തില് നമ്മളെ എത്രയെത്ര പേടിപ്പിച്ചിരിക്കുന്ന്. കാർണവന്മാര് ഇപ്പളും കുഞ്ഞ്മക്കളെ പേടിപ്പിക്കാൻ പറയ്ന്ന പേരാ കാലമ്പാമ്പെന്ന്. അയ്‌ന നമ്മക്കിന്ന് പിടിക്കണം. ഒരു പാമ്പിനെപ്പേടിച്ച് ഇനിവര്ന്ന ഒരു തലമുറയും ഞെട്ടിത്തെറിക്കരുത്.” ചീട്ടുകളിച്ചും കള്ളുകുടിച്ചും നേരംപോക്കുന്നതിനിടയിൽ മയ്യു എന്ന മയൂരവാസൻ തന്റെ ആഗ്രഹം വെല്ലുവിളിയുടെ സ്വരത്തിൽ ഒന്നുകൂടി വെളിപ്പെടുത്തിയതപ്പോഴാണ്.

മനുഷ്യസ്പർശമില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു പച്ചത്തുരുത്തുപോലെ കാവ് ഞങ്ങളെയെന്നും പ്രലോഭിപ്പിക്കുമെങ്കിലും ഇരുണ്ടു നിബിഡമായ വൃക്ഷക്കൂട്ടങ്ങളുടെ ദൃഢാലിംഗനം ഞങ്ങളുടെയുള്ളിലെ ജിജ്ഞാസയുടെ തളിർനാമ്പുകളെ ആ ഭൂമികയിൽനിന്നും ഭയപ്പാടോടെ വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു എന്നുള്ളത് തീർച്ചയാണ്.

കാവിനു പുറത്തെ വയൽച്ചുള്ളികൾ നിറഞ്ഞ പുറമ്പോക്കിൽ മീൻപിടിത്തക്കാർ രാത്രി തങ്ങാനായി നാലഞ്ചു മരക്കുറ്റിയിൽ കെട്ടിയുയർത്തിയ കൂളിച്ചാപ്പയിൽ കൊടിയേറ്റത്തിനൊരു ദിവസം മുമ്പ് എല്ലാ വാരാന്ത്യത്തിലുമെന്നപോലെ ഞങ്ങൾ നാലുപേർ അന്ന് ഒത്തുചേർന്നതായിരുന്നു.

കുറേക്കാലമായിത്തുടരുന്ന ഈ രഹസ്യ കലാപരിപാടി കഴിഞ്ഞ രണ്ടു ശനിയാഴ്ചയായി മുടങ്ങിയതായിരുന്നു. എല്ലാത്തിനും മുൻകൈയെടുക്കുന്ന അയമൂട്ടി ഇടക്ക് എങ്ങോട്ടോ മുങ്ങിയതുകൊണ്ടാണ്. എവിടന്നെങ്കിലും കുറച്ചു കാശ് കൈയിൽത്തടഞ്ഞു കാണും. അപ്പന്റെകൂടെ മരച്ചീനി വിൽക്കാൻവന്ന തോമാച്ചനെ ടൗണിൽവെച്ച് കണ്ടപ്പോൾ മയ്യുവുമായി നമ്മളറിയാതെ പരമരഹസ്യമായി എന്തോ ഒരേർപ്പാട് കുറച്ചു കാലമായി അയമൂട്ടിക്കുണ്ടെന്ന് അവനെന്നോട് സംശയം പറഞ്ഞിരുന്നു.

‘‘കാലമ്പാമ്പിനെ നേരിൽ കണ്ടിട്ടേ ഞാനിന്ന് വീട്ടിലേക്ക് മടങ്ങുന്ന്ള്ളൂ.’’

മയ്യു അസന്ദിഗ്ധമായി പ്രസ്താവിച്ചു.

‘‘എന്റൊപ്പരം നിൽക്കുന്നവർക്ക് നിൽക്കാം. അല്ലാത്തവർക്ക് അവരവര്‌ടെ പാട്ടിനുപോകാം. പിന്നെ നിങ്ങളായ്റ്റ് ഇമ്മായ്‌രിയൊരു പരിപാടിക്ക് എന്നെ പ്രതീക്ഷിക്കണ്ട.’’

മയ്യു അറുത്ത് മുറിച്ചു പറഞ്ഞു.

അതു കേട്ടപ്പോൾ അയമൂട്ടിയും ഉഷാറായി. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ധീരനും കൂടുതൽ പുറംലോകങ്ങൾ കണ്ടിട്ടുള്ളതും അവനാണ്. എടുത്തുചാട്ടത്തിൽ അതികേമൻ. ഈ പത്തിരുപത്തഞ്ചു വർഷത്തിനിടക്ക് ഇരുപത്തേഴ് തവണയാണ് അവൻ നാടുവിട്ടുപോയത്. കുട്ടിക്കാലത്ത് ഒളിച്ചോട്ടമായിരുന്നെങ്കിൽ മുതിർന്നപ്പോൾ വീട്ടുകാർതന്നെയാണ് അതിന് മുൻകൈയെടുത്തത്. അവന്റെ വാപ്പ കമറുദ്ദീന്ക്ക്യാണ് ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ പേർഷ്യക്കാരൻ. കൈയിൽത്തടയുന്നതെന്തും മറിച്ചുവിറ്റ് കാശാക്കിത്തരും എന്നുള്ള ഒരു ഗുണംകൂടി അയമൂട്ടിക്കുണ്ട്.

കാലമ്പാമ്പിനെപ്പിടിച്ച് പുറംനാട്ടില് വിറ്റാൽ നല്ല കാശാണെന്നാണ് അവന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം. ദൈവത്തിന്റെ വിശുദ്ധസർപ്പമായതുകൊണ്ട് നമ്മൾ പറയുന്ന കാശ് കിട്ടുമെന്നാണ് രഹസ്യമായുള്ള അവന്റെ അവകാശവാദം. അയമൂട്ടിയുടെ ആ അവകാശവാദത്തിലാണ് ലഹരിപ്പുറം മയ്യു കേറിപ്പിടിച്ചത്.

‘‘ഹറാമാണെങ്കിലും അതിനെയൊന്നു കാണാൻ ഞമ്മക്കൂംണ്ടെടോ ആഗ്രഹം.’’ അയമൂട്ടി മയ്യുവിന്റെ അഭിപ്രായത്തെ പിന്താങ്ങി.

തോമാച്ചൻ ചീട്ടിൽ തുറിച്ചുനോക്കിയിരുന്നതല്ലാതെ അഭിപ്രായമൊന്നും പറഞ്ഞില്ല. പൊതുവേ ഒരു കാര്യത്തിനും മുൻകൈയെടുക്കാത്ത ആളായതുകൊണ്ട് അവനെവിട്ട് പ്രതീക്ഷയോടെ എന്റെ മുഖത്തേക്കാണ് മയ്യുവും അയമൂട്ടിയും ഉറ്റുനോക്കിയത്. ഈയിടെയായി ഇമ്മാതിരി സാധനങ്ങളുടെ കടത്തുകളെക്കുറിച്ചു പത്രത്തിലും ചാനലുകളിലുമുള്ള വാർത്തകൾ നിരവധിയായിട്ടുണ്ടെന്നു മയ്യു മുമ്പൊരിക്കൽ ഇതേപോലൊരു തണ്ണിപ്പാർട്ടിയിൽ പറയുകയുണ്ടായി. ഇരുതലമൂരിക്കാണ് ഏറ്റവും ഡിമാൻഡ്. നക്ഷത്ര ആമ, ഡ്രാക്കുളച്ചിലന്തി, പാതാളത്തവള, കുട്ടിത്തേവാങ്ക് എന്നിവക്കും നല്ല വിൽപനസാധ്യതയുണ്ടത്രേ. പലരും പറഞ്ഞുകേട്ടിടത്തോളം കാലമ്പാമ്പ് ഒരു റയർപീസാണല്ലോ.

കാലമ്പാമ്പിനെ വിദേശികളാരെങ്കിലും വാങ്ങുമോയെന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കേണ്ടിവരും. ഇമ്മാതിരി സാധനങ്ങൾ ക്രയവിക്രയം ചെയ്യുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളും ഏജന്റുമാരും ഉണ്ട്. കാവ് തൊട്ടുള്ള ഒരു കളിക്കും താനില്ലേ എന്ന അർഥത്തിൽ ഞങ്ങളെ നോക്കി ഒന്നിരുത്തി കൂമൻ മൂളുന്നതുപോലെ ശബ്ദമുണ്ടാക്കിയതല്ലാതെ തോമാച്ചൻ അഭിപ്രായമൊന്നും പറഞ്ഞില്ല.

പൊതുവേ, സന്ധ്യ കഴിഞ്ഞുള്ള ഒരേർപ്പാടിനും തോമാച്ചനുണ്ടാകില്ലെന്നറിയുന്നതുകൊണ്ടുതന്നെ അയമൂട്ടി അവന്റെ കാര്യത്തിൽ അത്ര പ്രത്യാശ പുലർത്തുന്നില്ലെന്നു തോന്നി. ‘‘പേടിത്തൊണ്ടൻ.’’ മയ്യു തോമാച്ചനിട്ടൊരു തട്ടു തട്ടി.

മയ്യുവും ഞാനും ദൈവവിശ്വാസികളൊക്കെയാണെങ്കിലും കല്ലിനും പാമ്പിനുമൊന്നും പാല് കൊടുക്കുന്നതരം പരിപാടികളോട് യോജിപ്പുള്ളവരായിരുന്നില്ല. മയ്യു പക്ഷേ, എന്നെപ്പോലെയല്ല. എല്ലാ വർഷവും ശബരിമലക്കു പോകും. അഷ്ടമിരോഹിണിക്ക് രക്ഷാബന്ധൻ കെട്ടും. പറശ്ശിനിക്കടവ് മുത്തപ്പന്റടുത്തു പോയി വെള്ളാട്ടം കഴിക്കും. വൈകുന്നേരം, രക്തസാക്ഷി സ്മാരകമന്ദിരത്തിൽ നടക്കുന്ന പാർട്ടിയുടെ അനുസ്മരണ പരിപാടിയിലും പങ്കെടുക്കും. അതുകൊണ്ടുതന്നെ മയ്യുവിന്റെ അച്ഛൻ സഖാവ് പ്രഭാകരേട്ടൻ മോന്റെ വ്യക്തിപരമായ കാര്യങ്ങളിലൊന്നും സ്വബോധമുണ്ടായിരുന്ന കാലത്തേ കൈകടത്താറുണ്ടായിരുന്നില്ല.

‘‘നമുക്കതിനെപ്പിടിച്ച് ഇന്നുതന്നെ പുറത്തുകടത്താൻ കഴിഞ്ഞാ നമ്മള് രക്ഷപ്പെടും മോനെ, ഡോളറാ...ഡോളർ.’’

അയമൂട്ടി ഒരിക്കൽക്കൂടി ഞങ്ങളെ പിരികേറ്റി. കള്ള് തീർന്നെങ്കിലും ആനമയക്കിയുടെ ലഹരി കുറേശ്ശ കേറിത്തുടങ്ങിയെന്ന് അവന്റെ ആ വാക്കുകളിൽ പ്രകടമായിരുന്നു.

മയ്യു ഇപ്പോൾ എന്തിനും റെഡിയാണ്, അയമൂട്ടിയും. പക്ഷേ, തോമാച്ചന്റെയത്രയല്ലെങ്കിലും എനിക്കുള്ളില്‍ പേടിയുണ്ട്. ഒന്നാമത്തെ കാര്യം, കളി ദൈവത്തോടാണ്. രണ്ട്, പൊലീസു പിടിച്ചാൽ ജാമ്യംവരെ കിട്ടാത്ത കേസും.

‘‘സത്യത്തിൽ, ആ കാലമ്പാമ്പിനെ ഇതിനുമുമ്പ് ആരെങ്കിലും കണ്ടിട്ടുണ്ടോന്നാ എന്റൊരു സംശയം.’’

മയ്യുവിന്റെ ശ്രദ്ധ തിരിക്കാനെന്നോണം ഞാൻ ശബ്ദംതാഴ്ത്തിക്കൊണ്ട് ചോദിച്ചു. അതുകേട്ട് മൂവരും ഒരു നിമിഷം എന്റെ നേരെ നോക്കി.

‘‘കാലമ്പാമ്പെന്നത് പണ്ടു പണ്ടേയുള്ള ഒരു ദൈവസങ്കൽപം മാത്രാണെങ്കിലോ. ഒരു മിത്ത്...’’

എന്റെ അസ്ഥാനത്തുള്ള സംശയം അള തുറന്ന് പുറത്തുചാടിയതപ്പോഴാണ്.

അൽപനേരത്തെ നിശ്ശബ്ദതക്കുശേഷം മയ്യു പറയാൻ തുടങ്ങി:

‘‘കണ്ടിനോന്ന് ചോയ്ച്ചാൽ, എന്റെ അച്ഛാച്ചൻ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്ന് പറയ്യ്വായിര്ന്ന്. ഒരു എട്ട്-എട്ടരക്കോല് നീളം വരും. നല്ല സ്വർണനെറം. തലയിലെ മാണിക്യക്കല്ലിന്റെ തിളക്കംകൊണ്ട് ഒറ്റനോട്ടത്തിൽ ആരുടേം കണ്ണഞ്ചിപ്പോകും. സംശ്യം തീർക്കണംന്നു വിചാരിച്ച് ചോയ്ക്കാമെന്നുവെച്ചാൽ അച്ഛാച്ചൻ ചത്തുപോക്വേം ചെയ്തല്ലോ. പക്ഷേ, എന്റെ അച്ഛനൊരിക്കെ പറഞ്ഞത് കാലമ്പാമ്പ് വെറും കെട്ടുകഥയാന്നാ. അതില് കാര്യംല്ല. എല്ലാ കമ്യൂണിസ്റ്റ്കാരും അങ്ങനെയൊക്കയേ പറയൂ, ഇല്ലേ സൈശാ.’’

വൈരുധ്യാത്മക ഭൗതികവാദത്തിൽ യുക്തിഭദ്രമായ കാര്യങ്ങൾക്കു മാത്രമേ സ്ഥാനമുള്ളൂ, ഞാൻ സമ്മതിച്ചുകൊടുത്തതുപോലെ തലയാട്ടി. ‘‘പിന്നെ, കാണാൻ സാധ്യതയുള്ളത് ആ പുള്ളോത്തി വനജയാ. ഓളാണെങ്കില് കെട്ട്യോൻ ചത്തേപ്പിന്നെ ഇവ്ടന്ന് മാറി ഇപ്പൊ കുന്ന്വരത്താണ് താമസം. കഴിഞ്ഞ രണ്ടുകൊല്ലൂം വെളിച്ചപ്പാടിന്റൊപ്പരം പുള്ളോത്തി വനജയാ കാവില് ആയില്യപൂജക്കു പോയത്. അതുകൊണ്ട് ഓളെന്തായാലും ഒരിക്കേങ്കിലും കാലമ്പാമ്പിനെ കണ്ടിറ്റ്ണ്ടാകും’’ -മയ്യു പറഞ്ഞു.

മയ്യുവിന്റെ അച്ഛാച്ഛൻ കോന്തുണ്ണി മൂത്താര് ആയകാലം മുഴുവൻ അമ്പലത്തിലെ വെളിച്ചപ്പാടായിരുന്നു. അതിനുംമുമ്പ് മൂത്താരുടെ അച്ഛൻ. ഒരു കൊല്ലം ഉത്സവത്തിന് ഭഗവതിയുറഞ്ഞ് തുള്ളുന്നതിനിടയിൽ വലിയ വട്ടളത്തിൽ തിളച്ചുകൊണ്ടിരുന്ന പന്തീനാഴിയിൽ വീണ് ശരീരം പൊള്ളി കിടപ്പിലായതിൽ പിന്നെയാണ് ആ കുടുംബത്തിൽനിന്ന് വെളിച്ചപ്പാടന്മാർ ഇല്ലാതായത്. പാരമ്പര്യമായിത്തന്നെ വെളിച്ചപ്പാടാകേണ്ടിയിരുന്നത് മയ്യുവിന്റെ അച്ഛനായിരുന്നു. അങ്ങേര് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി ചുവപ്പുകൊടിയും പിടിച്ച് നടന്നിരുന്നതുകൊണ്ട് അമ്പലത്തിന്റെ പരിസരത്തേ പോകുമായിരുന്നില്ല.

ഉത്സവക്കമ്മറ്റിക്കാർ പിന്നീടുള്ള കാലങ്ങളിൽ വടക്കുനിന്നെങ്ങാണ്ടോനിന്ന് കൂലിക്ക് ഒരു വെളിച്ചപ്പാടിനെ ഏർപ്പാടാക്കിയാണ് ഉത്സവം നടത്തുന്നത്. കോന്തുണ്ണി മൂപ്പർക്ക് മരണസമയത്തും ആ കൊടിയ വേദനയുണ്ടായിരുന്നെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതുവരെ, മുരടേശ്വരത്തെ ആയില്യപൂജക്ക് വെളിച്ചപ്പാടന്മാരെ തിരഞ്ഞെടുത്തിരുന്നത് മയ്യുവിന്റെ കുടുംബത്തിൽനിന്നായിരുന്നല്ലോ. മൂന്നു പെങ്ങന്മാർക്കിടയിലെ ഏക ആൺതരിയായിരുന്നു പ്രഭാകരേട്ടൻ.

‘‘കുടുംബദ്രോഹി... നെന്നെ കാലമ്പാമ്പ് കൊത്തും’’ എന്ന് ചാകാൻ നേരത്ത് കോന്തുണ്ണി മൂത്താര് മയ്യുവിന്റെ അച്ഛനെ ശപിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മൂത്താരുടെ ശാപംകേട്ട് പ്രഭാകരേട്ടൻ പതിവുപോലെ ഒരു ചിരിയും പാസാക്കി മുണ്ടിന്റെ ഒരറ്റം ഇടതുകൈയിലെടുത്ത് ആരെയും കൂസാതെ നടന്നുപോയിരിക്കണം.

‘‘എന്റെ അച്ഛനൊരു പൊട്ടൻ തന്ന്യാ, എല്ലാങ്കൊണ്ടും മരപ്പൊട്ടൻ.’’ മയ്യു ഈർഷ്യയോടെ പറഞ്ഞു.

‘‘അച്ഛനിപ്പൊ വെളിച്ചപ്പാടായിര്‌ന്നെങ്കി പുള്ളീടെ കാലശേഷം ഞാനായിരിക്കൂലെ അമ്പലത്തിലെ വെളിച്ചപ്പാട്. അങ്ങനെയായിരുന്നെങ്കില് ഇങ്ങനെ നിങ്ങളുടെകൂടെക്കൂടി തോന്നാസ്യോം കളിച്ച് നടക്കാതെ നല്ല കുട്ടപ്പനായി നടക്കായിര്ന്ന്. അപ്പൊ, എനിക്കും കാണായിര്ന്ന് ആ കാലമ്പാമ്പിനെ.’’

‘‘ഒരുപക്ഷേ മൂപ്പര് അത് പേടിച്ചായിരിക്കും പാർട്ടീച്ചേർന്നത്.’’

തോമാച്ചൻ ആദ്യമായി ഒരു തമാശ പറഞ്ഞു.

‘‘പാർട്ടീച്ചേർന്നിട്ടെന്താ, വെയിലും മഴയുംകൊണ്ട് പ്രവർത്തിച്ച് നമ്മളെ നാട്ടില് പാർട്ടി വളർത്തി ഒടുക്കം പ്രതിക്രിയാവാദവും പറഞ്ഞ് പ്രഭാകരേട്ടൻ പാർട്ടീന്ന് പൊറത്തുപോയില്ലെ.’’

ഇപ്പോൾ സ്വസ്ഥം, ഗൃഹം. അതിൽപ്പിന്നെ പ്രഭാകരേട്ടനെ ആത്മീയമാർഗത്തിലേക്കടുപ്പിക്കാൻ അമ്പലക്കമ്മറ്റിക്കാരും തങ്ങളുടെയൊപ്പം നിർത്താൻ കുറച്ച് ആറെസ്സെസ്സുകാരും ഒരു ശ്രമം നടത്തിയിരുന്നെങ്കിലും പ്രഭാകരേട്ടൻ തന്റെ പഴയ പ്രത്യശാസ്ത്രബോധ്യത്തിൽ ഉറച്ചുനിന്നു. അതോടുകൂടിയാണ് പ്രഭാകരേട്ടന് സമനില തെറ്റിയതെന്നും അതല്ല മൂത്താരുടെ മരണക്കിടക്കയിൽക്കിടന്നുള്ള ശാപംകൊണ്ടാണ് ഇപ്പോഴത്തെ തലതിരിവെന്നും പറയുന്നവരുണ്ട്. ശിഷ്ടകാലം പ്രഭാകരേട്ടൻ എങ്ങോട്ടും പോകാതെ ഉമ്മറത്തിണ്ണയിൽ ഒറ്റയിരുപ്പിരുന്നു. ഊണും ഉറക്കവും വല്ലപ്പോഴുമായി. വെളിച്ചപ്പെട്ടതുപോലെ ചില ദിവസം ഉറഞ്ഞുതുള്ളാനും തുടങ്ങിയതോടെ ദേവീകോപമാണെന്നും പറഞ്ഞ് പിടിച്ചുകെട്ടി കുറച്ചുകാലം ഗോപാലൻ വൈദ്യരുടെ ചികിത്സാലയത്തിലാക്കിയിരുന്നു. അവിടെയൊന്നും അടങ്ങിയിരുന്നില്ല പ്രഭാകരേട്ടൻ. അതിലും ഭേദം അമ്പലംതന്നെയായിരുന്നെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇടക്കിടെ ബാധയേറ്റതുപോലെ ഉറഞ്ഞുതുള്ളുന്നതുകൊണ്ട് വിശ്വാസികൾക്കും അതു കാണുമ്പോൾ അത്ര കുഴപ്പമുണ്ടാകാൻ വഴിയില്ല.

‘‘ഇപ്പൊത്തന്നെ നമുക്ക് കാവിൽക്കേറി ഒന്നു നോക്കിയാലോ...’’

അയമൂട്ടി പതുക്കെ, എല്ലാവരോടുമായി പറഞ്ഞു.

നട്ടുച്ചയായതുകൊണ്ട് കാവിന്റെ പരിസരത്ത് ഇപ്പോള്‍ ആരുമുണ്ടാകില്ല. രാവിലെയോ വൈകുന്നേരത്തോ മാത്രമേ അത്യാവശ്യക്കാരായ വഴിപോക്കർ അതുവഴി പോകാറുള്ളൂ.

‘‘ഹേയ് നമ്മുടെ ഈ അവസ്ഥയില്, ഇപ്പം പോയ്ക്കൂടാ. കൊറച്ച് വൈകട്ടെ. അപ്പോ ഒരു ജീവാജന്തു ആ ഭാഗത്ത്ണ്ടാവില്ല. സ്വസ്ഥമായി നമ്മക്ക് കാവിനൗത്ത് കേറാം.’’

മയ്യു പറഞ്ഞതിനനുസരിച്ച് അങ്ങനെതന്നെയെന്ന് ഞങ്ങള്‍ തീർച്ചയാക്കി.

‘‘കാവ് തീണ്ടൽ എന്നു നിങ്ങള് കേട്ടിട്ടില്ലേ, അത് ഇങ്ങനെയാ.’’

ചീട്ട് കശക്കൽനിർത്തി ഞങ്ങളോരോരുത്തരെയും നോക്കി പുതിയൊരു കണ്ടുപിടുത്തംപോലെ തോമാച്ചൻ പറഞ്ഞു.

‘‘ഞങ്ങൾക്കീലൊന്നും വിശ്വാസില്ലാന്നറിയാലോ. ഒരു വർഗീയജഹള ആവണ്ടല്ലോന്ന് കരുതി മാത്രാ ഞാനീ ലൈനിലൊന്നും അധികംകേറി എടപെടാത്തെ. അല്ലെങ്കില് പണ്ടേ ഞാനീ കാലമ്പാമ്പിനെ നിങ്ങളെ മുന്നിൽനിന്നന്നെ പിടിച്ച് വാലിൽതൂക്കിയെറിഞ്ഞേനെ.’’

അയമൂട്ടി തെല്ലുറക്കെത്തന്നെ പറഞ്ഞു.

‘‘നിനക്കതൊക്കെപ്പറയാം. നീയെന്തു മാപ്ലാടാ? വെള്ളിയാഴ്ചപോലും പള്ളീപ്പോകാത്ത മരമൂരീന്റെ വേദാന്തം. ഞങ്ങടെ ദൈവത്തെ എന്തുചെയ്യണമെന്നു ഞങ്ങക്കറിയാം. നീയെടപെടേണ്ട. അല്ലേ സൈശാ.’’

അയമൂട്ടിക്കുനേരെ ഇടത്തേ കൈ വീശിക്കൊണ്ട് മയ്യു എന്റെ നേരെത്തിരിഞ്ഞു.

‘‘നല്ലവനായ കർത്താവെ, ഇവരെന്താണ് പറയുന്നതെന്ന് ഇവർക്ക്തന്നെയറിയില്ല. ഇവരോട് ഒരിക്കലും പൊറുക്കരുതേ...’’ തോമാച്ചൻ കുരിശുവരച്ചുകൊണ്ട് വീണ്ടും ചീട്ടിടാൻ തുടങ്ങി.

ചർച്ച ചൂടുപിടിക്കാൻമാത്രം ഞങ്ങളുടെ പക്കൽ കള്ളുണ്ടായിരുന്നില്ല. അതിരാവിലേതന്നെ ഷാപ്പിൽപ്പോയിട്ട് രണ്ടു കുപ്പി ചുണ്ണാമ്പുകലക്കിയ സാധനമാണ് മയ്യുവിന് കിട്ടിയത്. ഇളംകള്ളെന്ന പേര് മാത്രം. സാക്ഷാൽ ആനമയക്കി. രണ്ടു കുപ്പികൊണ്ട് നാലുപേർക്ക് എന്താവാനാണ്?

‘‘സൈശാ, വനജേച്ചിയെപ്പിടിച്ചാൽ കാര്യം നടക്കും. നിന്റെ പഴയ ക്ലാസ്‌മേറ്റ്‌സല്ലേ.’’

ഇറക്കാനാഞ്ഞ ചീട്ട് നിലത്തിടാതെ അന്തരീക്ഷത്തിൽ ഒരു വട്ടംകറക്കിവീശി വിഷയത്തിന് ഒരൽപം എരിവ് പകർന്നുകൊണ്ട് അയമൂട്ടി എന്നെനോക്കി.

 

പുള്ളോൻ ഗംഗാധരന്റെ ഭാര്യയാണ് വനജ. ഗംഗാധരൻ മരിച്ചതിനുശേഷം അവർക്കായിരുന്നു ഞങ്ങളുടെ അമ്പലത്തിൽ കളമെഴുത്തുവഴിപാട് ചെയ്യാനുള്ള അവകാശം. പുള്ളുവൻമാരുടെ ഇടയിൽ സ്ത്രീകൾ സാധാരണ കളംപാട്ടുത്സവത്തിന് കൊടം താളംപിടിക്കാനും പഞ്ചവർണക്കളം വരക്കാനും കൂടെപ്പോയിരുന്നെങ്കിലും ഒരു പുള്ളുവനെപ്പോലെ ഉച്ചാരണശുദ്ധിയോടെ വീണമീട്ടി നാഗസ്തുതിപാടാൻ തുടക്കം കുറിച്ചത് വനജയായിരുന്നു. അഞ്ചാറുകൊല്ലം മുമ്പ് കുറച്ചുകാലം എന്റെകൂടെ എരിപുരത്തുള്ള ട്യൂട്ടോറിയൽ കോളേജിൽ പഠിച്ചിട്ടുണ്ടെങ്കിലും അന്ന് അവളുമായി അത്ര അടുത്തിടപഴകിയിട്ടില്ല. ഉത്സവകാലങ്ങളിൽ ഇടക്ക് കണ്ടിരുന്നെങ്കിലും വനജയുമായി കാര്യമായങ്ങനെ സംസാരമൊന്നും ഉണ്ടായിരുന്നതുമില്ല. അതുകൊണ്ടുതന്നെ ഞാനതു കേൾക്കാത്തതുപോലെയിരുന്നു.

‘‘പക്ഷേ, അവളതിന് സമ്മതിക്കോന്നറീല്ല. ഞാനൊരു വഴി കണ്ടിറ്റ്ണ്ട് സൈശാ. ഞാൻ പറയ്ന്നപോലെ നീ ചെയ്യാങ്കില് ഒരുഗ്രൻ ഓപ്പറേഷൻ പദ്ധതിയിട്ടിറ്റ്ണ്ട് ഞാനും മയ്യൂം ചേർന്ന്. അത് നീ ഓളക്കൊണ്ട് സമ്മയ് പ്പിച്ചാൽ മാത്രം മതി. ബാക്കിക്കാര്യം ഞങ്ങളേറ്റു.’’

അയമൂട്ടി വിഷയമവതരിപ്പിച്ചു.

‘‘വനജയേം നമ്മളൊപ്പരം കൂട്ടാനോ. എന്ത് പിരാന്താ നീയീപ്പറയ്ന്ന്?’’

എനിക്കൊരെത്തും പിടിയും കിട്ടിയില്ല.

‘‘ഇന്ന് വൈന്നരം ല്ലേ ഓപ്രേഷൻ. അന്തിയാകും മുമ്പ് കുന്നര്വത്ത് പോയിറ്റ് വനജയെക്കണ്ട് കാര്യം പറയാം. ഓക്കുംകൂടി ഗുണോള്ള കാര്യാന്നുകൂടി സമ്മയ് പ്പിച്ചാൽ ഓള് സഹകരിക്കും. നമ്മളൊപ്പരം വരുന്നേന് ഓള് ചോയ്ക്കുന്ന പൈശ കൊടുക്കാന്ന് പറയ്യേം നാളെ കൊടിയേറുന്നേന് മുമ്പ് ഓളെ തിരിച്ച് വീട്ടിലാക്കിക്കൊടുക്കേം ചെയ്യാം. വനജയ്ക്കല്ലേ കാലമ്പാമ്പിനോട് സംസാരിക്കാന്ള്ള മറ്റേടത്തെ ഭാഷയറിയൂ.’’

‘‘ഞാൻ വിളിച്ചാ ഓള് വര്വോ... അഥവാ നമ്മളൊപ്പരം വനജ വന്നൂന്നുവെച്ചോ... കാവില് വന്ന് ഓള് വിളിച്ചാൽ ആ കാലമ്പാമ്പ് ഇറങ്ങിവര്വോ?’’ ആകാംക്ഷകൊണ്ട് എന്റെ ശബ്ദം പൊങ്ങി.

‘‘ഇറങ്ങി വന്നില്ലെങ്കിൽ നമ്മള് ബലംപ്രയോഗിക്കേണ്ടിവരും, അത്രന്നെ.’’ മുഷ്ടിചുരുട്ടി മരപ്പലകയിൽ ആഞ്ഞുകുത്തിക്കൊണ്ട് മയ്യു തീർത്തു പറഞ്ഞു.

‘‘കാലമ്പാമ്പേ... നീ തീർന്നെടാ തീർന്ന്... നെന്റെ കളി ഇന്നത്തോടെ തീർക്കുമെടാ.’’

ഞങ്ങളെ മൂവരെയും ഞെട്ടിച്ചുകൊണ്ട് അപ്പോള്‍ കാലിയായ കള്ളുകുപ്പിയിലൊന്നെടുത്ത് പലകമേൽ ആഞ്ഞടിച്ച് പൊട്ടിച്ച് തോമാച്ചന്‍ ചാടിയെണീറ്റു. ചില്ലുകഷണങ്ങള്‍ ഞങ്ങള്ക്കു ചുറ്റും ചിതറി.

***

പുള്ളുവത്തി വനജയുടെ വീടിനു മുമ്പിലൂടെയുള്ള പെരുവഴിക്കു മുമ്പിൽ ചെന്നുനിന്ന് ഞാനും തോമാച്ചനും ഒരു ബീഡി പങ്കിട്ടു വലിച്ചു. വനജയുടെ വീടിനു പിന്നാമ്പുറം മുതൽ നല്ല കാടാണ്. ആൾപെരുമാറ്റവും കുറവ്. തൽക്കാലം അങ്ങോട്ടു മാറിനിൽക്കാമെന്നുള്ള തീരുമാനത്തോടെ മയ്യുവും അയമൂട്ടിയും ബൈക്കുകൾ റോഡിനോരത്തുനിന്ന് മാറ്റിനിർത്താനായി പോയി.

ഒടുക്കം, രണ്ടും കൽപിച്ച് ഞാൻ വനജയുടെ വീട്ടുമുറ്റത്തേക്കു ചെന്നു. ചാണകം മെഴുകി വൃത്തിയാക്കിയിട്ട വരാന്തയിലെ കുട്ടിത്തിണ്ണയിൽ ഒരു ചാവാലിപ്പട്ടി കിടന്നുറങ്ങുന്നുണ്ട്. പടിഞ്ഞാറ് വശത്ത് ചെറിയൊരു നാഗത്തറ കണ്ടു. കൽപ്രതിഷ്ഠയുടെ മീതെ കുങ്കുമം വിതറി ഒരു ചുവന്ന പട്ട് ചുറ്റിയിട്ടുണ്ട്.

കുറേക്കാലമായി വനജ ഒറ്റക്കാണ് താമസിക്കുന്ന​തെന്നറിഞ്ഞിരുന്നു. ഉമ്മറവാതിൽ തുറന്നുകിടന്നിരുന്നതുകൊണ്ട് വനജ അകത്തുണ്ടായിരിക്കുമെന്ന് ഞാനൂഹിച്ചു.

‘‘എന്തിനാ നമ്മള് വന്നതെന്നു വനജ ചോയ്ച്ചാൽ എന്താ പറയ്യ്വാ?’’

‘‘ഒരു ബന്ധുവിന് നാഗദോഷം തീർക്കാന്‌ണ്ടെന്ന് പറയ്യാം. ആയില്യത്തിന് ഒരു കളംപാട്ട് കഴിക്കാനുണ്ടെന്നും.’’

മയ്യുവിന്റെ ചോദ്യത്തിന് ഞാൻ വളരെ സമർഥമായിത്തന്നെ ഉത്തരം പറഞ്ഞു.

‘‘കുന്നര്വത്ത് എന്റൊരു മച്ചിൻച്ചിപ്പെങ്ങള്ണ്ട്. ഓറെ പുള്ളോത്തിക്കറിയ്യേം ചെയ്യാം. മുമ്പൊരിക്കല് പുള്ളോത്തി മരിച്ചുപോയ ഗംഗാരേട്ടന്നൊപ്പരം ഒരു നാഗദോഷം തീർക്കാൻ കുന്നര്വത്ത് വന്നപ്പോള് ഞാൻ പരിചയപ്പെട്‌ത്തേം ചെയ്തിറ്റ്ണ്ട്. അന്ന് ഞാനൊന്നു ചെറുതായി മുട്ടിനോക്കിയതാ. അതൊക്കെ വനജ ഇപ്പൊ ഓർക്കുന്നുണ്ടോന്നറീല്ല’’,

മയ്യു പറഞ്ഞു.

‘‘അതൊന്നും വനജ ഓർക്ക്ന്ന്വണ്ടാവില്ല. നിങ്ങളെല്ലാം തൽക്കാലം മാറിനിക്ക്. ഞാൻ സംസാരിച്ചിറ്റ് നിങ്ങളെ വിളിക്കാം’’, ഞാൻ പറഞ്ഞു.

ഞാൻ ഉമ്മറമുറ്റത്ത് ചെന്നുനിന്നപ്പോൾത്തന്നെ ഗൃഹസ്ഥനെപ്പോലെ പട്ടി ഒന്നു മുരണ്ടു. പക്ഷേ, കിടന്നിടത്തുനിന്ന് അതെണീറ്റു വന്നില്ല. തലപൊന്തിച്ചു ചുറ്റും നോക്കി വീണ്ടും ചുരുണ്ടുകിടന്നു. ഉമ്മറത്തിണ്ണയിൽക്കേറി ഞാനും പട്ടിയെപ്പോലെ കുറച്ചുനേരം മുരടനക്കി. അതുകേട്ട് അകത്തുനിന്നിറങ്ങിവന്നത് സാക്ഷാൽ വനജ തന്നെയാണ്. മുടിയൊക്കെ കൊണ്ടപോലെ മുകളില്‍ ചീകിക്കെട്ടി മുല്ലപ്പൂവും നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ടും കസവിന്റെ സെറ്റ്‌സാരിയും ചുണ്ടിൽ മുറുക്കിന്റെ തീജ്വാലയുമായി എന്റെ പഴയ സഹപാഠി. പണ്ട് ഇത്രയും തടിയും മാറിടവുമില്ലായിരുന്നു. ഇപ്പോൾ ആകപ്പാടെയൊരു ആനച്ചന്തത്തിലായിരുന്നു വനജയെന്ന് എനിക്കു തോന്നി.

‘‘എന്നാലും ന്റെ സതീശാ, നീയും ഇത്തരക്കാരനാണെന്ന് ഞാൻ ഒട്ടും നിരീച്ചിറ്റില്ല. നാട്ടുകാരനാണെങ്കിലും ഇമ്മാതിരി പണിക്കിറങ്ങുമ്പൊ നേരോം കാലോങ്കിലും നോക്കെണ്ടെടോ.’’

എന്നെ തിരിച്ചറിഞ്ഞപാടെ അതിശയപ്പെട്ടുകൊണ്ട് വനജ പറഞ്ഞു.

‘‘അങ്ങനെല്ല വനജ്യേച്ചി...’’ ഞാൻ നാണത്തോടെ പറഞ്ഞു.

‘‘നിങ്ങളുദ്ദേശിച്ച കാര്യത്തിനല്ല ഞങ്ങളിപ്പൊ വന്നത്. ഒര് വഴിപാട്ണ്ടാർന്ന്. വൈന്നേരം നിങ്ങള് എന്റൊപ്പരം മണ്ഡകപ്പറമ്പുവരെ ഒന്നു വരേണ്ടിവരും. കൂടിവന്നാ ഒരു മണിക്കൂർത്തെ പരിപാടി. അത് കഴിഞ്ഞാലുടനെ തിരിച്ചീട കൊണ്ടാക്കിത്തരികേം ചെയ്യാം.’’

മണ്ഡകപ്പറമ്പ് എന്നു കേട്ടതുകൊണ്ടായിരിക്കണം പെട്ടെന്നു വനജയുടെ മുഖത്തെ പ്രസാദം വറ്റി.

‘‘ഞാൻ വിചാരിച്ചു...’’ വനജ മറ്റെന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.

‘‘വനജേച്ചി വിചാരിച്ചാലെ എന്നെ രക്ഷിക്കാൻ കഴിയൂ... അത്ര കഷ്ടകാലമാ എനിക്ക്. സമയദോഷം...’’ ഞാൻ വിക്കിവിക്കിക്കൊണ്ട് പറഞ്ഞു.

‘‘നീയെന്നെ ഏച്ചീന്നൊന്നും വിളിക്കറ് സതീശാ. പത്തില് തോറ്റപ്പൊ ട്യൂട്ടോറിയൽ കോളേജിൽ നമ്മളൊന്നിച്ച് പഠിച്ച കാര്യം നീ മറന്നൂ ല്ലെ. തെയ്യംകെട്ടുന്ന മലയൻ തമ്പിമാഷ് നമ്മളെ ഇംഗ്ലീഷും മലയാളൂം പഠിപ്പിച്ചത് നിനക്കോർമ്മീല്ലെ? തോറ്റംപാട്ടിന്റെ ഈണത്തിലാ മാഷ് ചെലനേരം ക്ലാസ്സെടുക്ക്വാ. എനിക്ക് പഠിക്കാനൊന്നും ഇഷ്ടൂണ്ടായിറ്റല്ല, ഞങ്ങളെ സമുദായക്കാരില് പഠിച്ചാലും ഇല്ലെങ്കിലും പതിനഞ്ച് കഴിഞ്ഞാ പെങ്കുട്ട്യോളെ കല്യാണംകയ്പിച്ച് വിടണംന്നാ. അല്ലെങ്കി സർപ്പ ദോഷം കിട്ടൂന്നാ. അങ്ങനെ കൊല്ലപ്പരീക്ഷക്ക് മുന്നേതന്നെ ഞാൻ പുള്ളോൻ ഗംഗാരന്റെ കെട്ട്യോളായി. നീയിപ്പോം മൊലകുടി മാറാത്ത പിള്ളറകൂടെത്തന്ന്യാ കളി അല്ലേ സതീശാ?’’

വനജയുടെ പറച്ചിലു കേട്ടപ്പോൾ എനിക്കു അരയിൽനിന്ന് തുണിയുലിഞ്ഞുപോകുന്നതുപോലെ തോന്നി.

‘‘ഗംഗാരേട്ടൻ വെഷംതീണ്ടി മരിച്ചതറിഞ്ഞ് നമ്മള നാട്ട്ന്ന് എല്ലാ ജനങ്ങളും ശവംകാണാൻവന്നെങ്കിലും സതീശൻമാത്രം വന്നില്ല. നീ വരൂന്ന് വെറുതേ ഞാൻ പ്രതീക്ഷിച്ചുപോയിന്. പണ്ടുപണ്ടേയ്ള്ള ഒരു പ്രതീക്ഷ...’’

വനജയുടെ വാക്കുകളിൽ നനവു പടർന്നു. പെട്ടന്ന് വനജ എന്റെ കൈരണ്ടും കൂട്ടിപ്പിടിച്ച് ഏങ്ങലടിക്കാൻ തുടങ്ങി.

അതുവരെ നാഗപ്രതിഷ്ഠയുടെ മറവിൽ ചമ്മലോടെ മാറിനിൽക്കുകയായിരുന്ന അയമൂട്ടിയും മയ്യുവും ഞങ്ങൾക്കിടയിലേക്കു കേറിവന്നതുകൊണ്ട് ഞാൻ തല്ക്കാലം രക്ഷപ്പെട്ടു.

‘‘സതീശാ, അപ്പൊ നിങ്ങള് രണ്ട് കൂട്ടരും പഴയ ലോഹ്യം ഇപ്പൂം മറന്നിട്ടില്ലാല്ലേ.’’

മയ്യു പറഞ്ഞു.

‘‘രണ്ടു കൂട്ടർക്കും ഗുണോള്ള ഒരു കാര്യത്തിനാ വനജ്യേച്ചി ഇപ്പൊ ഇങ്ങളെ കാണാൻ സൈശൻ വന്നിന്.’’ എന്നിട്ട് എന്നെ നോക്കി കാര്യം പറ സതീശാ എന്നു കണ്ണുകാട്ടി.

‘‘പെരുവഴിക്ക് നിൽക്കാതെ ഇങ്ങോട്ടകത്തേക്ക് കയറിയിരിക്ക് ആങ്ങളമാരെ. വല്ലോരും കണ്ടാ പൂരപ്പാട്ടിന് അതുമതി ഇന്നത്തേക്ക്. മിറ്റത്ത്ന്ന് അകത്തേക്ക് കേറിയിരിക്ക്...’’

വനജ ഞങ്ങളെ ക്ഷണിച്ചു.

‘‘കാലമ്പാമ്പിനൊരു നേർച്ചകൊടുക്കാനാണ്...കൊറേ നാളായി വിചാരിക്കുന്ന്. സമയം ഒത്തുവന്നില്ല. ഈ വർഷത്തെ ഉത്സവത്തിനുമുമ്പ് കൊടുക്കണംന്നാ കണിയാര് പറഞ്ഞത്’’ -ഞാൻ വനജയോട് സ്വകാര്യം പോലെ പറഞ്ഞുതുടങ്ങി.

‘‘ഒരു പണത്തൂക്കത്തിലുള്ള സ്വർണരൂപത്തിൽ പണിത പാമ്പും മുട്ടയും കാവിൽച്ചെന്ന് കാലമ്പാമ്പിന് നേരിട്ട് സമർപ്പിച്ചു കഴിഞ്ഞാലേ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങിക്കിട്ടൂ. ജോലി, കല്യാണം... അങ്ങനെയെന്തും. സാധനം പൂജിച്ച് വെച്ചിറ്റ്ണ്ട്.’’

അതവിടെയെത്തിക്കാൻ ഇങ്ങനെയൊരു വളഞ്ഞവഴിയല്ലാതെ മറ്റൊരു നേർമാർഗവുമില്ലാത്തതുകൊണ്ടാണ് വനജയുടെ കൈസഹായം തേടിയെത്തിയതെന്നും ഞാൻ തുടർന്നു പറഞ്ഞു.

ഒരുവിധം മയ്യു പഠിപ്പിച്ചുതന്നതുപോലെത്തന്നെ കാര്യം അവതരിപ്പിച്ചു കഴിഞ്ഞിട്ടും വനജക്ക് എന്തോ, എന്റെ വാക്കിൽ അത്ര വിശ്വാസം വരാത്തതുപോലെയുണ്ടായിരുന്നു.

‘‘മറ്റന്നാളാ ആയില്യപൂജ...’’ വനജ പറഞ്ഞു. ‘‘അന്ന് പുലർച്ചെ വെളിച്ചപ്പാടിനൊപ്പം ഞാനും കാവിൽ പോകേണ്ടതാണ്. വർഷത്തിലൊരിക്കൽ, അന്നു മാത്രേ പുള്ളോത്തിക്ക് കാവിൽ സ്ഥാനംള്ളൂ. അതിനുമുമ്പ് ഇന്ന് സന്ധ്യയ്ക്ക് നിങ്ങളൊപ്പരം കാവില് കേറ്വാന്ന് പറഞ്ഞാ അയ്‌ന് അർഥ്വന്താ. ശാസ്ത്രം തെറ്റിക്ക്വാന്നല്ലേ?’’വനജ ചോദിച്ചു.

ഞങ്ങൾ മുഖത്തോടു മുഖം നോക്കി. ‘‘രണ്ടിലൊരു ദെവസംമാത്രേ ഞാൻ വിളിച്ചാൽ കാലമ്പാമ്പ് വരൂ... ഒന്നുകിൽ ഇന്നു സന്ധ്യയ്ക്ക്. അല്ലെങ്കിൽ മറ്റന്നാൾ പുലർച്ചെ. ഏതു ദെവസംവേണം?’’

‘‘ഇന്നുതന്നെ വേണം.’’ ഞങ്ങളൊരുമിച്ച് വനജയോട് പറഞ്ഞു. പതിയെ, വരാമെന്നു സമ്മതിച്ചുകൊണ്ട് വനജ എന്നെ ചേർന്നു നിന്നു. അവളുടെ നിശ്വാസത്തിന്റെ ചൂട് ഞാനറിഞ്ഞു.

‘‘കഴിഞ്ഞ മൂന്നു വർഷത്തിൽ ഒരുതവണ മാത്രേ ഞാൻ കാലമ്പാമ്പിനെ കണ്ടിറ്റ്ള്ളൂ. ഒരു മിന്നായംപോലെ. അന്നേരത്ത് എന്റെ എടത്തേകാലിന്റെ പെരുവിരലിലൂടെ ഒരു തരിപ്പ് മൂർധാവിലേക്ക് പാഞ്ഞുകേറിപ്പോയതോർമയ്ണ്ട്. കാഴ്ചയ്ക്ക് ഒരു ചെറിയ തിളക്കമുള്ള സാധനാ. കാവിനുള്ളിലെ കൽത്തറയിൽ അത് പ്രതിഷ്ഠയെ ചുറ്റിപ്പിണഞ്ഞ് കിടപ്പ്ണ്ടാവും. ഒരൊറപ്പൂംല്ല. കാണാൻ കഴിഞ്ഞാല്‍ സതീശന്റെ ഭാഗ്യം.’’

***

കാവും പരിസരവും വിജനമായിരുന്നു. ഞങ്ങളപ്പോൾ കൃത്യം കാവിനകത്തേക്കു പ്രവേശിക്കാനുള്ള ഇടുങ്ങിയ ഇരുമ്പു ഗേറ്റിനു മുന്നിലെത്തിക്കഴിഞ്ഞിരുന്നു. കുന്നരുവത്തുനിന്ന് ഞങ്ങളോടൊപ്പമിറങ്ങാൻ വനജക്ക് ഒരുപാടൊന്നും ആലോചിക്കാനില്ലായിരുന്നു. അധികം വെളച്ചിലില്ലാത തന്നെ വനജയെ തിരിച്ചെത്തിക്കേണ്ടിയിരുന്നു. സാധാരണ കൊടുക്കുന്നതിലും ഇരട്ടിയാണ് അവള്ക്ക് ദക്ഷിണവെച്ചത്. രണ്ടു ബൈക്കുകളിലായി ആർക്കും സംശയം തോന്നാത്തവിധത്തിൽത്തന്നെ ഞങ്ങൾ ഇരുട്ടുന്നതിനുമുമ്പ് മണ്ഡകപ്പറമ്പിലെത്തി.

‘‘നിങ്ങള് വിചാരിക്കുന്നകൂട്ട് ചെറിയൊരു ഭൂമിയല്ല മണ്ഡകപ്പറമ്പിലെ ഈ കാവ്. നമ്മള് കാണാത്ത മറ്റൊരു ലോകം ഇതിനകത്ത്ണ്ട്. ഒരു ഡിസ്‌കവറി ചാനലിലും നമ്മളാരും കാണാത്തത്. ഗംഗാരേട്ടൻ പത്തുപതിനഞ്ച് വർഷം നാഗപൂജയ്ക്കും മറ്റും ഇതിൽക്കേറി പെരുമാറിയതിന്റെ അനുഭവം കേട്ടിരുന്ന എനിക്ക് ഗംഗാരേട്ടൻ മരിച്ചതിൽപ്പിന്നെ ഇതിനുള്ളിൽ ആദ്യമായി കേറിയപ്പോഴാണ് ആ സത്യാവസ്ഥ തെളിഞ്ഞുകിട്ടിയത്. അവിടത്തെ നേരോം കാലൂം ആർക്കും പ്രവചിക്കാനാവാത്തതാണ്. ഒന്നാം കൊല്ലം എന്നോടൊപ്പം കോന്തുണ്ണി മൂത്താരാ കാവിലെ വെളിച്ചപ്പാടായി വന്നത്. ഉത്സവത്തിനിടെ മൂത്താര് പന്തീനാഴിയിൽവീണ് പൊള്ളലേറ്റ് കെടപ്പിലായതും അതേ വർഷമാ.’’

‘‘പുള്ളോത്തിപ്പെണ്ണേ, നെന്റെ കെട്ടിയോന്റെ നെറികേടുകൊണ്ടാ ഓനെ കാലമ്പാമ്പ് കൊത്തിയതെന്നാ വെളിച്ചപ്പാട് സൊകാര്യമായി എന്നോട് പറഞ്ഞത്. ഗംഗാരേട്ടൻ മരിച്ച് ഏഴാംനാൾ തളിച്ചു കുളികർമം നടക്കുന്ന ദിവസം. എന്താണ് എന്റെ പുള്ളോൻ ചെയ്ത നെറികേട് എന്നുമാത്രം മൂത്താര് പറഞ്ഞില്ല.’’

വനജ അത്രയും പറഞ്ഞ് പ്രാർഥിക്കുന്നതുപോലെ കുറച്ചുനേരം കാവിനുനേരെ നോക്കി തൊഴുത് എന്തോ പിന്നെയും പറയാന്‍ ശ്രമിച്ചു. അയമൂട്ടിയും തോമാച്ചനുംകൂടി അപ്പോഴേക്കും കാവിന്റെ ഒരാൾവീതിയുള്ള ചെറിയ തുരുമ്പുഗേറ്റ് ആഞ്ഞുതള്ളി. അലറിക്കരഞ്ഞുകൊണ്ട് അത് ഞങ്ങൾക്കു മുന്നിൽ തുറക്കപ്പെട്ടു. അപ്പോൾ, ആരോ പറത്തിവിട്ട കരിയിലക്കൂട്ടംപോലെ എങ്ങു നിന്നെന്നറിയില്ല കുറെ കടവാവലുകൾ ആകാശത്തേക്ക് ചിതറി. ഗ്രഹണം തുടങ്ങിയതുപോലെ നാട്ടുവെളിച്ചം മാഞ്ഞ് പരിസരം മുഴുവൻ ഇരുണ്ടതായി തോന്നി. കൊമ്പുകളുരച്ചുകൊണ്ട് ആർത്തലച്ചുവന്ന കാറ്റിൽ മരങ്ങൾ ഉലഞ്ഞാടി. പ്രകാശത്തിന്റെ ഒരല കാവിനുള്ളിലേക്കുള്ള ഞങ്ങളുടെ വഴിത്താരയെ കുറച്ചുനേരം നീട്ടിത്തെളിച്ച് ജ്വലിപ്പിക്കുകയും പിന്നെ അണഞ്ഞുപോവുകയും ചെയ്തു.

കാവിനുള്ളിലേക്കു കടക്കുന്നതിനുമുമ്പ് വനജ തോൾബാഗിൽ കരുതിയ വിചിത്രരൂപമാർന്ന നാഗവീണയെടുത്ത് മീട്ടാന്‍ തുടങ്ങി. പത്തിവിരിച്ചാടുന്നതുപോലെ അതിന്റെ കൈപ്പിടിയിലും കണ്ടു ചുറ്റിക്കെട്ടിയ ഒരു സർപ്പരൂപം. ഞങ്ങളുടെ പിന്നിലായി ഒരു നിശ്ചിത അകലത്തിൽ നടന്നതല്ലാതെ അയമൂട്ടിയും തോമാച്ചനും ഞങ്ങളുമായി പിന്നീട് ഇടപെട്ടതേയില്ല.

പുള്ളോത്തിയുടെ കൂടെ കാവിന്നകത്തേക്കു കേറുന്ന മയ്യുവിന്റെ കൈയില്‍ ഞങ്ങളുടെ രഹസ്യ ഉരുപ്പടികള്‍ വഴിപാട് സാമഗ്രികളെന്ന വ്യാജേന ഏൽപിച്ച് ഞാന്‍ തിരിച്ചു നടക്കുന്നേരം, ‘‘സതീശാ, കണ്ണടച്ച് പ്രാർഥിച്ചുകൊണ്ട് നീ ഈട നിൽക്കേ വേണ്ടൂ. കാവിനുള്ളിൽക്കേറി നെന്റെ വഴിപാടും സമർപ്പണൂം കയിച്ചിറ്റ് ഞാനും മയ്യൂം വേഗത്തില് വന്നോളാം. ഞങ്ങള് വൈതാലും തിരിച്ചീടത്തന്നെ വരും. നീ ഈട്ന്ന് വല്ലതുമൊക്കെക്കണ്ട് പേടിച്ചിറ്റ് വേറെ ഏടേം മാറിപ്പോയേക്കറ്.’’വനജ പറഞ്ഞു.

ജീർണിച്ചുതുടങ്ങിയ നേർത്ത വാതിൽപ്പാളികൾ നീക്കി മയ്യുവും വനജയും കാവിനുള്ളിൽക്കേറിപ്പോയത് ഒരുൾക്കിടിലത്തോടെ ഞാൻ കണ്ടതാണ്. അയമൂട്ടിയും തോമാച്ചനും തൊട്ടു മുമ്പുവരെ ഞങ്ങൾക്കു പിന്നിലുണ്ടായിരുന്നല്ലോ. അവരും അത് കണ്ടുകാണും. ഉള്ളിലുള്ള കള്ളിന്റെ മൂച്ച് കുറഞ്ഞതുകൊണ്ടാണോന്നറിയില്ല, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ രണ്ടുപേരെയും കാണാനില്ല. തിരിച്ചുപോകുമ്പോൾ അവരൊന്നും പറയാതിരുന്നതെന്തുകൊണ്ടായിരിക്കും, അഥവാ ഈ കാവ് തീണ്ടലിന് ഞങ്ങളെ പിരികേറ്റിയ അയമൂട്ടിയെങ്കിലും. എന്റെ ആലോചനകൾ കാടുകേറിക്കൊണ്ടേയിരുന്നു.

കുറച്ചുകഴിഞ്ഞ് കാവിനുള്ളിൽനിന്നും ചില സീൽക്കാരങ്ങളും ചരൽമണ്ണിലൂടൂർന്നിറങ്ങിപ്പോവുന്ന മഴയുടെ മൂളക്കംപോലെ വീണയുടെ ചിലമ്പിച്ച ശബ്ദവും കേട്ടുതുടങ്ങി. അതേറെനേരം തുടർന്നില്ല. തഞ്ചത്തിൽ ഇതിനകം കാലമ്പാമ്പിനെ വനജയറിയാതെ മയ്യു പിടിച്ചിട്ടുണ്ടാവണം. ഒരുപക്ഷേ ആ ശ്രമം വനജ തടഞ്ഞിട്ടുണ്ടെങ്കിലോ, ഞങ്ങളുടെ ലക്ഷ്യം അവൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലോ? എന്റെയുള്ളിൽ അകാരണമായ ഒരു നടുക്കമുണ്ടായി.

ഒടുക്കം, പ്രഭാകരേട്ടന്റെതുപോലെ അജ്ഞാതമായൊരു ബാധയേറ്റ്, വനജയുടെ വിലക്കുമറന്ന് കാവിന്റെ അടഞ്ഞ വാതിൽപ്പാളികൾ തള്ളിത്തുറന്നുകൊണ്ട് ഞാനകത്തേക്കു കേറിച്ചെന്നു. അതോടെ പലേതരം പ്രകോപനങ്ങൾ എന്റെ ദൃഷ്ടിക്കുനേരെയുണ്ടായി. ആദ്യം പ്രത്യക്ഷപ്പെട്ടത് കൂറ്റനൊരു നരിച്ചീറാണ്. പിന്നെ നെടുനീളന്‍ പച്ചക്കുതിരകള്‍. രണ്ടു നീല ഗോളങ്ങൾ പുറത്തേക്ക് തെറിച്ചുനിൽക്കുന്നതുപോലെയായിരുന്നു അതിന്റെ കണ്ണുകൾ. കാലുകള്‍ ചുട്ടുപഴുത്ത ഇരുമ്പു കമ്പികള്‍ നാട്ടിവെച്ചതുപോലയായിരുന്നു.

അവ നിലത്തുരയുമ്പോള്‍ കുറേശ്ശ പുക പൊന്തി. അത്തരത്തിലൊരു ദൃശ്യം ഇതിനുമുമ്പൊന്നും കാണാതിരുന്നതുകൊണ്ട് ഞാനാദ്യം ചിന്തിച്ചത് അയമൂട്ടിയെയും പുൽച്ചാടികളെ പിടിച്ചാലുള്ള കച്ചവടസാധ്യതയുമാണ്. അവനും കൂടിയുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങൾക്കതിനെ കീഴ്പ്പെടുത്താനായേനെ. പെട്ടെന്ന്, എന്റെ കണ്ണിലേക്കു എരിവുപൊടിപോലെ എന്തോ ഒന്ന് പാറിവീണു. കൈകൾകൊണ്ടത് തുടച്ചുനിവരുമ്പോഴേക്ക് ബാധകേറി ഉറയുന്ന അരമണികിലുക്കത്തോടെ മിന്നൽപോലെ തിളങ്ങുന്ന ഒരു പള്ളിവാളുമായി ആരോ എനിക്കുനേരെ വീശിയടുത്തു. ദൗർഭാഗ്യവശാൽ ആ വെട്ട് എനിക്കു ശരിക്കുമേറ്റു. അതോടെ, ഉടലിനുമീതെ വളരെ ദിവ്യമായി കൊണ്ടുനടന്നിരുന്ന എന്റെ ശിരസ്സ് ആഴത്തിൽ ഛേദിക്കപ്പെട്ടു.

നെടുകെ പിളർന്നുപോയ അവസാനത്തെ കാഴ്ചയുടെ ഒരരനിമിഷംകൊണ്ട് എന്റെ നോട്ടമെത്തിയത് ആ പ്രതിഷ്ഠത്തറയിലാണ്. അനാദികാലത്തെന്നപോലെ അവിടെ രണ്ടു നഗ്നനാഗങ്ങൾ അവിരാമം ഇണചേർന്നുകൊണ്ടിരുന്നു.

News Summary - weekly literature story