Begin typing your search above and press return to search.
proflie-avatar
Login

ജമിനി ഗണേശനും ആദിവാസി രോഗങ്ങളും

ജമിനി ഗണേശനും  ആദിവാസി രോഗങ്ങളും
cancel

അത്തരം യാത്രകള്‍ പലപ്പോളും ഉല്ലാസയാത്രകളായിട്ടാണ് ഞങ്ങള്‍ കണക്കാക്കാറുണ്ടായിരുന്നത്. ഓഫിസില്‍നിന്ന് ഓണ്‍ഡ്യൂട്ടി അനുമതി കിട്ടും. അത്ര അകലെയൊന്നുമല്ലെങ്കില്‍പ്പോലും അങ്ങോട്ടുമിങ്ങോട്ടും വിമാന ടിക്കറ്റ് കിട്ടും. പലപ്പോളും ഫൈവ് സ്റ്റാര്‍-ഫോര്‍സ്റ്റാര്‍ ഹോട്ടലിലോ നല്ല റിസോര്‍ട്ടുകളിലോ താമസം കിട്ടും. വാര്‍ത്ത എഴുതാന്‍ വേണ്ട കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുതരുന്ന പ്രസ് നോട്ടുകളും ലഘുലേഖകളും കിട്ടും. ബോറടിപ്പിക്കുന്ന ചില സമ്മേളനങ്ങളില്‍ ഇരുന്നുകൊടുക്കേണ്ടി വരുമെങ്കിലും കാര്യങ്ങള്‍ കുശാലായിരിക്കും. വാഹനങ്ങളെക്കുറിച്ച് എഴുതുന്ന റിപ്പോര്‍ട്ടര്‍മാര്‍, വാണിജ്യകാര്യ...

Your Subscription Supports Independent Journalism

View Plans

അത്തരം യാത്രകള്‍ പലപ്പോളും ഉല്ലാസയാത്രകളായിട്ടാണ് ഞങ്ങള്‍ കണക്കാക്കാറുണ്ടായിരുന്നത്. ഓഫിസില്‍നിന്ന് ഓണ്‍ഡ്യൂട്ടി അനുമതി കിട്ടും. അത്ര അകലെയൊന്നുമല്ലെങ്കില്‍പ്പോലും അങ്ങോട്ടുമിങ്ങോട്ടും വിമാന ടിക്കറ്റ് കിട്ടും. പലപ്പോളും ഫൈവ് സ്റ്റാര്‍-ഫോര്‍സ്റ്റാര്‍ ഹോട്ടലിലോ നല്ല റിസോര്‍ട്ടുകളിലോ താമസം കിട്ടും. വാര്‍ത്ത എഴുതാന്‍ വേണ്ട കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുതരുന്ന പ്രസ് നോട്ടുകളും ലഘുലേഖകളും കിട്ടും. ബോറടിപ്പിക്കുന്ന ചില സമ്മേളനങ്ങളില്‍ ഇരുന്നുകൊടുക്കേണ്ടി വരുമെങ്കിലും കാര്യങ്ങള്‍ കുശാലായിരിക്കും.

വാഹനങ്ങളെക്കുറിച്ച് എഴുതുന്ന റിപ്പോര്‍ട്ടര്‍മാര്‍, വാണിജ്യകാര്യ ലേഖകര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത്തരം യാത്രകള്‍ പതിവായിരിക്കും. ആഴ്ചയ്ക്കാഴ്ചയ്ക്ക് എന്നോണമാകുമ്പോള്‍ മടുക്കുമല്ലോ! ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോളേക്ക് ചിലര്‍ സ്വയമങ്ങ്, മുതിര്‍ന്ന ലേഖകരായി മാറും. പിന്നെ, വിദേശ യാത്രകള്‍ക്കൊക്കെയേ തങ്ങളുള്ളൂ എന്ന മട്ടിലാവും അവര്‍. അല്ലാത്തതിനൊക്കെ പിള്ളേര് പോകട്ടെ എന്ന് ഊശിയാക്കും. ആരോഗ്യകാര്യ ലേഖകനായിരുന്നു ഞാന്‍. ഇത്തരം യാത്രകള്‍ക്ക് പൊതുവേ അവസരങ്ങള്‍ കുറവാണ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊക്കെ.

പക്ഷേ, പലപ്പോളും തൊന്തരവായിരിക്കും അത്തരം യാത്രകള്‍. നമുക്ക് ഒരു പിടിയുമില്ലാത്ത കാര്യങ്ങളായിരിക്കും അവിടെ ചര്‍ച്ചചെയ്യുന്നത്. അതിനൂതന ശസ്ത്രക്രിയാ രീതിയെക്കുറിച്ചൊക്കെയുള്ള ഘഡാഘഡിയന്‍ സെമിനാറുകളില്‍ ചുമ്മാ ചെന്ന് ഇരിക്കേണ്ടിവരും. കീഹോള്‍ സര്‍ജറി പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ്പിലൊക്കെ നമ്മള്‍ പോയിരുന്നിട്ട് എന്തുകാര്യം! എന്നാലും, കൊണ്ടുചെന്നിരുത്തും! അവിടെ നടക്കുന്ന ചര്‍ച്ചകളും ക്ലാസുകളുമൊക്കെ നമ്മുടെ തലക്കു മീതേയൊന്നുമല്ല, ശൂന്യാകാശത്തിലൂടെയാവും കടന്നുപോകുന്നത്. പലപ്പോളും ഏതെങ്കിലും ഗുദാമിലുള്ള റിസോര്‍ട്ടിലോ മലമൂട്ടിലോ ഒക്കെയാവും സെമിനാറുകള്‍. താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങണമെങ്കില്‍പോലും സംഘാടകരുടെ സഹായം വേണ്ടിവരും. തുടക്കം മുതല്‍ ഒടുക്കം വരെ ഏതെങ്കിലും തരത്തില്‍ നമ്മളെയവിടെ തളച്ചിട്ടുകളയും.

ഒരിക്കല്‍ ഒരു സെമിനാറിന് ചെന്നു കയറിയതേ പറഞ്ഞു -സാര്‍ നിങ്ങള്‍ ഇപ്പോള്‍ വാഹനമിറങ്ങിയിടത്തു നിന്ന് ഇങ്ങോട്ട് 110 മീറ്റര്‍ നടന്നാണ് വന്നത്. നിങ്ങളുടെ 20-22 കലോറി ഊര്‍ജം അതിനായി വിനിയോഗിച്ചിട്ടുണ്ടാവും! ചായ കുടിക്കാന്‍ ചെന്നാല്‍ അപ്പോള്‍ പറയും ഒരു ചായയില്‍ 50 മില്ലി പാലും 40 മില്ലി വെള്ളവുമാണ്. 100 ഡിഗ്രിയില്‍ ഒരു മിനിറ്റ് തിളച്ചതാണ്. ഇത്ര കലോറി ഊര്‍ജമുണ്ട്. ഫാറ്റ് നീക്കിയ പാലാണ്. ആര്‍ക്കും ഷുഗര്‍ നല്‍കിയിട്ടില്ല. ക്ഷമിക്കണം...

നല്ല ഒന്നാന്തരം ചിക്കന്‍ മപ്പാസ് ഒക്കെയാവും... രണ്ടാമതൊരു കഷണം കൂടിയെടുത്താല്‍ കലോറി വന്നു വിഴുങ്ങുകയും ഫാറ്റ് അടിഞ്ഞു കൂടുകയും ചെയ്യുന്ന വിവരണം കേട്ടാല്‍ തലേന്നു കഴിച്ചതുംകൂടി വമിച്ചു കളയാന്‍ തോന്നും!

പിന്നെ ഒരിക്കല്‍ വലിയൊരു ഹാര്‍ട്ട് ഹോസ്പിറ്റലിലേക്കാണ് പോയത്. പത്തു പേരുണ്ടായിരുന്നു ഹെല്‍ത്ത് എഴുത്തുകാര്‍. രാവിലെ മൂന്നു മണിക്ക് ഒരു സര്‍പ്രൈസുണ്ട് റെഡിയായിരിക്കണം എന്ന് അറിയിപ്പു കിട്ടി. സൗജന്യമായി കിട്ടുന്ന സ്കോച്ച് ഒക്കെ മടമടാ കുടിച്ച് ലക്കുംലഗാനുമില്ലാതെ കിടക്കുന്നവരൊക്കെ എങ്ങനെ എഴുന്നേറ്റുവരാനാണ് പുലര്‍ച്ചെ മൂന്നു മണിക്ക്.

പക്ഷേ, 2.50ന് തന്നെ എങ്ങനെയൊക്കെയോ സകലരെയും തട്ടിയെഴുന്നേൽപിച്ച് സര്‍പ്രൈസ് ആസ്ഥാനത്ത് എത്തിച്ചു. സര്‍പ്രൈസല്ല ഞെട്ടലായിരുന്നു. ഒരു ചുമരിനപ്പുറത്ത് ഓപറേഷന്‍ തീയേറ്ററാണ് എന്നുപറഞ്ഞ് ഭിത്തിയാകെ സ്ക്രീനാക്കി മാറ്റി ആ തീയേറ്ററില്‍ നടക്കുന്നത് ലൈവ് ആയി കാണിച്ചു. ഒരുതരം ഇലക്ട്രിക് കട്ടര്‍കൊണ്ട് ഒരാളുടെ നെഞ്ചിന്‍റെ നടുവിലെ അസ്ഥി നെടുകെ മുറിക്കുന്നു. അതു കണ്ടതും സകലരുടെയും അടുത്ത ഒരാണ്ടത്തേക്കുള്ള കിക്ക് കൂടി മുമ്പേറായി ഇറങ്ങിയകന്നു. കുറച്ചു കഴിഞ്ഞപ്പോളുണ്ട് ഒരു പൊണ്ണന്‍ തവള ഇരുന്നു പിടയ്ക്കുന്നതുപോലെ അവിടത്തെ രോഗിയുടെ ഹൃദയം ഒരു ഡോക്ടറുടെ കൈയിലിരുന്ന് പിടപിടയ്ക്കുന്നു.

മിടിക്കും നെഞ്ചില്‍ ശസ്ത്രക്രിയ എന്ന പേരിലാണ് ഞാന്‍ അതിനെക്കുറിച്ച് ലേഖനമെഴുതിയത്. മൂന്നു നാലു മണിക്കൂറോളമാണ് ജയിലിനകത്തെന്നപോലെ ആ രംഗങ്ങള്‍ കണ്ടുകൊണ്ടേയിരിക്കേണ്ടി വന്നത്. ഓപറേഷന്‍ തീയേറ്ററിലാണെങ്കില്‍ ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ ശ്വാസംപോലും വിടാതെ അറ്റന്‍ഷനായി നിൽപാണ്. ഇടക്ക് ചില യാന്ത്രിക ചലനങ്ങള്‍ മാത്രമേയുള്ളൂ. ഇത്രനേരം ഇങ്ങനെ നില്‍ക്കാനാവുന്നതെങ്ങനെയാണോ! ഞങ്ങള്‍ കാഴ്ചക്കാരും ഏതാണ്ട് അറ്റന്‍ഷനായിത്തന്നെ നിന്നുപോയി. അന്നു തീരുമാനിച്ചതാണ് ഇനി നമുക്കായി ഒരുക്കുന്ന എക്സിബിഷന്‍ പ്രോഗ്രാമുകള്‍ എന്തൊക്കെ എന്നു ചോദിച്ചിട്ടേ ഇത്തരം ഏര്‍പ്പാടിനു പോകൂ എന്ന്.

രോഗങ്ങള്‍ക്കിടയിലെ അധഃകൃതൻ

മിക്കപ്പോളും എഡിറ്റര്‍ക്കോ മറ്റ് മേലധികാരികള്‍ക്കോ ആയിരിക്കും അറിയിപ്പ് കിട്ടുക. അവര്‍ ഒരാളെ തിരഞ്ഞെടുത്ത് അയക്കലാണ് പതിവ്. ഇത്തവണ പക്ഷേ, ഇവരുടെ ഫോണ്‍കോള്‍ എനിക്കു നേരിട്ടാണ് കിട്ടിയത്. സാറ് തന്നെ വരണം എന്നാണ് ഞങ്ങളുടെ താൽപര്യം എന്നു കേട്ടപ്പോളാണ് ശ്ശെടാ! ഞാന്‍ ആളു കൊള്ളാമല്ലോ എന്ന് തോന്നിയത്.

ക്ഷയരോഗത്തെക്കുറിച്ച് മൂന്നാം ലോക രാജ്യങ്ങളിലെ പ്രാദേശിക ഭാഷാ ഹെൽത്ത് ജേണലിസ്റ്റുകളെ ബോധവത്കരിക്കാനുള്ള പരിപാടിയായിരുന്നു. രോഗങ്ങളുടെ കൂട്ടത്തില്‍ ഒട്ടും ഗ്ലാമറില്ലാത്തതാണ് ക്ഷയം. ഹാര്‍ട്ടറ്റാക്ക്, ഷുഗറ്, പ്രഷറ്, സ്ട്രോക്ക് ഒക്കെയാണല്ലോ രോഗങ്ങള്‍ക്കിടയിലെ സ്റ്റാറുകള്‍. എപ്പോഴും അവ ലൈംലൈറ്റിലുണ്ടാകും. ഇന്ത്യയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നതിന്‍റെ മൂന്നിരട്ടിയോളം ആളുകള്‍ ഓരോ കൊല്ലവും ക്ഷയംകൊണ്ട് മരിക്കുന്നുണ്ടെന്ന വിവരം എനിക്ക് വിശ്വസിക്കാന്‍തന്നെ വിഷമമായിരുന്നു. അധഃകൃത രോഗങ്ങളെയൊന്നും ആരും മൈൻഡു ചെയ്യാറില്ല, അതൊക്കെ വരുന്നവരെയും! മനുഷ്യരുടെ രോഗങ്ങളും മനുഷ്യരെപ്പോലെ തന്നെ.

ചെന്നൈയിലേക്കായിരുന്നു യാത്ര. പക്ഷേ, വിമാന ടിക്കറ്റ് തരില്ല. തേഡ് എ.സി തീവണ്ടിക്കുള്ള കാശ് തരും. അതും നമ്മള്‍ ടിക്കറ്റെടുത്ത് ചെല്ലണം. അവിടെ ചെന്ന് ടിക്കറ്റ് കൊടുത്താല്‍ കാശു കിട്ടും. ഇനിയിപ്പോള്‍ ഒരു വഴിയേ ഉള്ളൂ. തേഡ് എ.സി ടിക്കറ്റ് എടുക്കുക, അത് ഉടന്‍ ക്യാന്‍സല്‍ ചെയ്യുക. സാധാരണ കോച്ചില്‍ പോയിട്ട് തേഡ് എ.സിയുടെ പൈസ അവരില്‍നിന്ന് മേടിക്കുക. ചില്ലറ കാശ് ലാഭിക്കാനുള്ള ഏക വഴി അതുമാത്രം! തട്ടിപ്പൊന്നെങ്കിലും വേണം ഓരോ ട്രിപ്പിലും എന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകന്‍റെ ഉപദേശം. അന്താരാഷ്ട്ര സെമിനാര്‍ എന്നൊക്കെ പറഞ്ഞിട്ട് ഇതൊരുമാതിരി ഉഡായിപ്പ് പണിയാണല്ലോ! പോകണോ എന്ന് ഒന്ന് ശങ്കിച്ചു. എന്തായാലും ഒരു യാത്രയാണല്ലോ! യാത്രകളുടെ ഏറ്റവും വലിയ ലാഭം യാത്രതന്നെ. ലക്ഷ്യങ്ങളില്‍ വലിയ കാര്യമൊന്നും ഉണ്ടാവില്ല.

അന്താരാഷ്ട്ര മനുഷ്യർ സെമിനാര്‍ അന്താരാഷ്ട്രം തന്നെയായിരുന്നു. പാകിസ്താനില്‍നിന്നും ശ്രീലങ്കയില്‍നിന്നും ബംഗ്ലാദേശില്‍നിന്നും നേപ്പാള്‍, കോംഗോ, ബുര്‍ക്കിനാ ഫാസോ എന്നിവിടങ്ങളില്‍നിന്നും ഒക്കെയായി ആഫ്രിക്കയിലെയും ഏഷ്യയിലെയും കുറേ രാജ്യങ്ങളില്‍നിന്നുള്ള ജേണലിസ്റ്റുകളുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് ഞങ്ങള്‍ മൂന്നുപേര്‍. അമൃത്സറിലെ ഒരു പ്രാദേശിക പത്രത്തില്‍നിന്ന് ഒരു ചെറിയ പെണ്‍കുട്ടി. ആസാമില്‍നിന്ന് ഓള്‍ ഇന്ത്യാ റേഡിയോയിലെ പ്രബാല്‍കുമാര്‍ പിന്നെ കേരളത്തില്‍നിന്ന് ഞാനും. ആകെ 12 പേര്‍ മാത്രം. ആറു ദിവസം ഇവര്‍ക്കൊപ്പം കഴിയുന്നത് കുറച്ചു പ്രയാസമായിരിക്കുമെന്ന് തോന്നി.

മഹാബലിപുരത്തേക്കുള്ള വഴിയില്‍ ഒരു റിസോര്‍ട്ടിലായിരുന്നു വാസം. അവിടെയുള്ളതെല്ലാം ട്വിന്‍ റൂമുകളാണ്. രണ്ടു മുറിക്കും കൂടി ഒറ്റ ടോയ്ലെറ്റ് മാത്രമുള്ള ഇരട്ടമുറികള്‍. എനിക്ക് ഇരട്ടയായി കിട്ടിയത് പാകിസ്താന്‍കാരി അമാര അഹമ്മദിനെ. അവര്‍ക്കാണെങ്കില്‍ കേരളത്തെക്കുറിച്ച് മുടിഞ്ഞ അറിവാണ്.

ത്രിവന്ത്രം ത്രിവന്ത്രം എന്നു പറഞ്ഞ് സ്വൈരം തന്നില്ല ആദ്യ ദിവസം. ത്രിവന്ത്രത്ത് ഒരു ടെംപിളില്‍ ടണ്‍കണക്കിന് സ്വര്‍ണം കണ്ടെത്തിയ വിവരം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്ന കാലത്ത് അമാര അവളുടെ ഉർദു പത്രത്തില്‍ ത്രിവന്ത്രത്തെ ടെംപിളില്‍ കണ്ട നിധിയെക്കുറിച്ച് ഒരു മുഴുവന്‍ പേജ് ഫീച്ചര്‍ വെച്ചുകാച്ചിയിരുന്നു. കേരളത്തെക്കുറിച്ച് വല്ലതും അറിയണമെങ്കില്‍ പറഞ്ഞുതരാം എന്ന മട്ടിലാണ് അവള്‍. എനിക്കാണെങ്കില്‍ പാകിസ്താനെക്കുറിച്ച് ആകെയുള്ള അറിവ്, മുഹമ്മദാലി ജിന്ന, ഇന്ത്യാ വിഭജനം, പി.ഒ.കെ, ഇമ്രാന്‍ഖാന്‍, ബേനസീര്‍ ഭൂട്ടോ തുടങ്ങി ചില കാര്യങ്ങള്‍ മാത്രം.

ഇന്ത്യയും പാകിസ്താനും വീണ്ടും ഒരുമിച്ചു ചേര്‍ന്ന് യുനൈറ്റഡ് ഇന്ത്യയാകാനുള്ള സാധ്യതയെക്കുറിച്ചാണ് ഞാന്‍ അവരോടു സംസാരിച്ചത്. പാകിസ്താനില്‍ പൊളിറ്റിക്സ്, സൈന്യം, മതം –ഈ മൂന്നിന്‍റെയും ടോപ് ലെവലിലുള്ള ഒരു നൂറുപേരെ ഒരുമിച്ച് ഒരു ബസില്‍ കയറ്റി ഹിമാലയത്തിലേക്കോ മറ്റോ ഒരു ട്രിപ്പ് കൊണ്ടുപോകണം. എന്നിട്ട് ആ ബസ് ഒരു കൊക്കയിലേക്ക് മറിക്കണം, അല്ലെങ്കില്‍ എല്ലാവരെയും കൂടി ഒരുമിച്ച് വിമാനത്തില്‍ കയറ്റി നടുക്കടലില്‍ വീഴ്ത്തണം –എന്നാല്‍ അടുത്ത ദിവസം പാകിസ്താന്‍ ഇന്ത്യയോടു ചേരാന്‍ റെഡിയാകും എന്നായിരുന്നു അമാരയുടെ അഭിപ്രായം.

അയ്യോ! ഇവിടെ അങ്ങനെയൊക്കെ ആലോചിച്ചാൽതന്നെ രാജ്യദ്രോഹമാകുമല്ലോ എന്ന് എനിക്കൊരു ശകലം പേടി തോന്നി. കുറേക്കാലം ഗള്‍ഫില്‍ ജീവിച്ചിട്ടുണ്ടായിരുന്നതിനാല്‍ ഇന്ത്യക്കാരും പാകിസ്താനികളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് അവള്‍ക്ക് അറിയാമായിരുന്നു. ഞാനാകട്ടെ, ജീവിതത്തില്‍ ആദ്യം കാണുന്ന പാകിസ്താനിയാണ് അമാര. കുതിര ചാടുന്നപോലെ ചാടിക്കുതിച്ചു നടക്കുന്ന ഒരുത്തി. സകലയിടത്തും കടന്നുകയറി അലമ്പാക്കുന്ന ടീം.

ബുര്‍ക്കിനാ ഫാസോയില്‍നിന്നുവന്നത് പത്തറുപതു വയസ്സു തോന്നിക്കുന്ന ഒരു തടിച്ചിയായിരുന്നു. അമാരയുടെ കൂടെ ഒരു മുറിയില്‍ ആറു ദിവസം കഴിയാനാവില്ലെന്ന് ആദ്യദിവസംതന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ആദ്യ ദിവസം പിന്നിട്ടപ്പോള്‍ത്തന്നെ ഒട്ടുമിക്കവരും ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. എല്ലാവരുടെയും ഇംഗ്ലീഷ് ഏതാണ്ട് ഒരേ മട്ടാണ്. എല്ലാവരും സ്വന്തം ഭാഷയില്‍ ആലോചിച്ചുറപ്പിച്ച് ട്രാൻസ് ലേറ്റ് ചെയ്താണ് സംസാരിക്കുന്നത്. അമാരയെപ്പോലെ ചുരുക്കം ചിലരൊഴികെ ബാക്കി എല്ലാവരും ഒരേ മട്ടില്‍ ഉള്‍വലിഞ്ഞ സങ്കോചക്കാരാണ്. എല്ലാവരും സ്വന്തം നാട്ടില്‍ വിദൂരഗ്രാമങ്ങളില്‍ ജനിച്ച് അരിഷ്ടിച്ച് പഠിച്ച് കഷ്ടപ്പെട്ട് ജോലിചെയ്ത് വരുന്നവരാണ്.

എല്ലാവര്‍ക്കും സ്കോച്ച് ഒക്കെ ആഡംബരമാണ്. സൗജന്യ വിമാനയാത്രയും സൗജന്യ താമസവുമാണ് എല്ലാവരെയും ആകര്‍ഷിച്ച ആദ്യ ഘടകം. രണ്ടാം ദിവസം എല്ലാവരും, ‘നമ്മള്‍ ഒരേ മട്ടുകാര്‍’ എന്ന് തിരിച്ചറിഞ്ഞു. മസിലുപിടിത്തം വിട്ടതോടെ സമാധാനമായി. ഒരു വിധം കാര്യങ്ങളിലൊക്കെ ഒരു മസിലുപിടിത്തം അങ്ങനെ നില്‍ക്കും, എപ്പോളും. ഒരു കാര്യവുമുള്ളതല്ല. അതങ്ങു വിടാനായാല്‍ ജീവിതത്തിന് എന്തൊരു സ്വസ്ഥതയും സമാധാനവുമായിരിക്കുമെന്ന് പറയാനില്ല. പക്ഷേ, അങ്ങനെയങ്ങ് അയച്ചു വിടാന്‍ പറ്റാറില്ല മസിലുകളെ –ശ്രമിച്ചാല്‍ പോലും!

മജ്ജയിലെ ടാറ്റൂ

അമാരക്ക് ഒരു ഇന്ത്യക്കാരന്‍റെയൊപ്പം മുറി പങ്കിടാന്‍ താൽപര്യമായിരുന്നു. പക്ഷേ, അവള്‍ക്ക് ചറപറാ സംസാരിച്ചുകൊണ്ടേയിരിക്കണം. എന്തുപറഞ്ഞാലും വാദിച്ചു തകര്‍ക്കണം. ഞാനാണെങ്കില്‍ അവള്‍ വായില്‍ കോലിട്ടുകുത്തിയാലും മുക്കിയും മൂളിയും ഇരിക്കുകയേ ഉള്ളല്ലോ. അത് അവള്‍ക്കും പ്രശ്നം! അപരിചിതയായ ഒരു സ്ത്രീയുടെ കൂടെ മുറി പങ്കിടുന്നതില്‍ ഒരു ത്രില്ലുണ്ടെന്ന് ഉള്ളില്‍ ഒരു തിരപ്പ് ഉണ്ടായിരുന്നെങ്കിലും അതിന്‍റെ പേരിലുള്ള സങ്കോചം അത്രക്കു വലുതായിരുന്നു. പ്രബാലിനെ സഹമുറിയനായി കിട്ടിയാല്‍ കൊള്ളാമെന്ന് ഞാന്‍ ആഗ്രഹിച്ചു.

എങ്കിലും ബുര്‍ക്കിനാ ഫാസോയിലെ തടിച്ചിയെയാണ് അമാരക്കു പകരം എനിക്കു കിട്ടിയത്. മിസ്റ്റര്‍ ബീച്ചു പേടിച്ച് എന്നെ ഡൈവോഴ്സ് ചെയ്തു എന്നുപറഞ്ഞ് അമാര ആകെ ചിരിയും ബഹളവുമായിരുന്നു.

ബുര്‍ക്കിനാ ഫാസോക്കാരിയെ ഞാന്‍ ബുര്‍ക്കിമാഡം എന്നാണ് വിളിച്ചത്. പിന്നെ എല്ലാവര്‍ക്കും അവര്‍ ബുര്‍ക്കി ആയി. വൈകുന്നേരമായപ്പോളേക്കും അമാര ഒഴികെ എല്ലാവരും മിസ്റ്ററും മാഡവും ഒക്കെ വിട്ട് പേരുവിളിയായി. ബുര്‍ക്കി തണ്ണിമത്തൻ ‍ജ്യൂസു കുടിക്കുംപോലെയാണ് സ്കോച്ച് അകത്താക്കിയത്. അമാര ഒരു മദ്യവും കഴിക്കുമായിരുന്നില്ല. അമൃത് സറില്‍നിന്നു വന്ന ഇന്ത്യന്‍ സ്ത്രീ വൈന്‍ മാത്രമേ കഴിച്ചുള്ളൂ. രാത്രി പതിനൊന്നായപ്പോളേക്കും ബുര്‍ക്കി കോണ്‍ തെറ്റി വീണു.

പ്രബാലും അമാരയും ഞാനും കൂടി കെട്ടിവലിച്ചാണ് ബുര്‍ക്കിയെ മുറിയിലെത്തിച്ചത്. രാവിലെ എപ്പൊളോ ബുര്‍ക്കിയാണ് എന്നെ വിളിച്ച് എഴുന്നേൽപിച്ചത്. പതിവില്ലാത്ത സ്കോച്ചുപാനം എന്നെയും ആകെ എടുത്തിട്ടലക്കിക്കളഞ്ഞിരുന്നു. ബുര്‍ക്കി ഇഞ്ചിയൊക്കെ ചതച്ചിട്ട് ഒരു കോപ്പ തൈരുമായി വന്ന് നിര്‍ബന്ധിച്ച് അതു കുടിപ്പിച്ചു. രാവിലെ നേരത്തേ എഴുന്നേറ്റ് ചായയൊക്കെയിട്ട് ചേട്ടാ... ചായ എന്ന് ഗൃഹനാഥനെ വിളിച്ചുണര്‍ത്തുന്ന കുലസ്ത്രീ! എനിക്ക് ചിരി വന്നു.

ഛര്‍ദിക്കാനുള്ള ഒരു ഒറ്റമൂലി തരാമെന്നു പറഞ്ഞ് അവള്‍ ജാം പോലെ എന്തോ ഒരു സാധനം ചെറിയൊരു പാത്രത്തില്‍ എടുത്തു കൊണ്ടുവന്നു. അവളുടെ ആഫ്രിക്കന്‍ ഒറ്റമൂലിയുടെ സഹായമില്ലാതെ തന്നെ ഞാന്‍ ഛര്‍ദിച്ചു. ടോയ്ലെറ്റില്‍നിന്ന് പുറത്തെത്താനായാല്‍ എവിടെയെങ്കിലും കിടക്കാം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ, പറ്റിയില്ല. ബുര്‍ക്കി എന്നെ കമോഡിനുമേല്‍ ഇരുത്തി. ഷര്‍ട്ട് ഊരിയെടുത്തു. പിന്നെ ഹാന്‍ഡ്ഷവര്‍ കൊണ്ട് നനച്ചു കുതിര്‍ത്തു. ശരീരം തുടച്ച് എന്നെ ബെഡ്ഡിലിരുത്തി. കിടക്കരുതെന്ന് കര്‍ശനമായി പറഞ്ഞിട്ട് പോയി വലിയൊരു കപ്പ് നാരങ്ങാച്ചായയുമായി വന്നു. മധുരമില്ലാത്ത ലൈം ടീ. കുടിച്ചു തുടങ്ങാന്‍ കുറച്ച് പ്രയാസമായിരുന്നു. വല്ലാത്ത പുളി. പക്ഷേ, ഏതു പുളിയും ഒന്നു ശീലിച്ചാല്‍ രസമാകുമല്ലോ. കുറച്ചു നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. പിന്നെ ഒരു 30 മില്ലി സ്കോച്ച് വേഗം പങ്കിട്ട് കഴിച്ചു.

പ്രഭാതഭക്ഷണത്തിന്‍റെ സമയം കഴിഞ്ഞുപോയിരുന്നെങ്കിലും ബുര്‍ക്കി ഇഡ്ഡലിയും വടയും പൊങ്കലും ചെറിയൊരു കഷണം ബ്രെഡ്ഡും കടുപ്പത്തില്‍ കട്ടന്‍കാപ്പിയും കുറേ പഴങ്ങളും ഒക്കെ സംഘടിപ്പിച്ചു. വളരെ വേഗം ഞങ്ങള്‍ ഫോം വീണ്ടെടുത്തു. അപ്പോളാണ് പറയുന്നത്, ബുര്‍ക്കി നേരത്തേതന്നെ ഒറ്റമൂലി കഴിച്ച് ഛര്‍ദിച്ചിരുന്നു. ലെവല്‍ ഇല്ലാതെ മദ്യപിച്ചാല്‍ ഛര്‍ദിക്കേണ്ടി വരും എന്ന് മുന്‍പരിചയമുണ്ടായിരുന്നതുകൊണ്ടാണ് അവള്‍ ഒറ്റമൂലിയൊക്കെ കരുതിയിരുന്നത്.

 

ടോയ്ലെറ്റില്‍ ആകെ ഛര്‍ദിച്ച് കുളമാക്കി അതെല്ലാം ക്ലീനാക്കി കുളിച്ച് ഒന്നു കിടന്നുറങ്ങി ഫ്രഷ് ആയ ശേഷമാണ് അവള്‍ എന്നെ വിളിക്കാന്‍ എത്തിയതത്രെ. അവള്‍ക്ക് എന്നെക്കാള്‍ നാലു വയസ്സ് കുറവായിരുന്നു. 110 കിലോ തൂക്കമുണ്ട്. നിത്യവും ജിമ്മില്‍ ഒരു മണിക്കൂര്‍ അത്യധ്വാനംചെയ്യും. ബുര്‍ക്കിനാ ഫാസോയുടെ തലസ്ഥാനമായ വാഗഡൂഗുവില്‍ ഒരു ഫ്ലാറ്റുണ്ട് അവള്‍ക്ക്. അച്ഛനും അമ്മയും ഫ്രഞ്ചുകാരുടെ അടിമപ്പണിക്കാരായിരുന്നു. സ്കൂളില്‍ അവള്‍ ഗോള്‍ഡ് മെഡലുകാരിയായിരുന്നു.

സ്കോളര്‍ഷിപ്പ് കിട്ടി പാരീസില്‍ പോയി നാലുകൊല്ലം പഠിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ഏഴിരട്ടി വലുപ്പവും പകുതിയിലേറെ മാത്രം ജനസംഖ്യയുമുള്ള രാജ്യത്ത് പക്ഷേ, അവളെപ്പോലെ ലോകം കണ്ടിട്ടുള്ളവര്‍ കുറവാണ്. മൊസ്സിയാണ് അവളുടെ മാതൃഭാഷ. എങ്കിലും ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും പാരീസില്‍നിന്ന് ഡിഗ്രിയെടുത്ത ബുര്‍ക്കി, ഫ്രഞ്ചാണ് ഭാഷകളുടെ ഭാഷ എന്ന പക്ഷക്കാരിയായിരുന്നു.

മോപ്പസാങ്ങും ഹെമിങ് വേയും ഹ്യൂഗോയുമൊക്കെ മലയാളി എഴുത്തുകാര്‍കൂടിയാണെന്നു പറഞ്ഞത് അവള്‍ക്ക് അമ്പരപ്പായി. അവള്‍ പറഞ്ഞ പുതിയ ഫ്രഞ്ച് എഴുത്തുകാരെ പക്ഷേ, ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അവളാകട്ടെ ഇന്ത്യ എന്നതിനപ്പുറം കേരളം എന്നോ മലയാളം എന്നോ കേട്ടിട്ടുകൂടിയില്ലായിരുന്നു. അവിടെയും ലോക്കല്‍ ഭാഷകള്‍ കുറേയുണ്ടെങ്കിലം ഫ്രഞ്ചാണ് ഭാഷ. ഞാന്‍ വാന്‍ഗോഗിനെക്കുറിച്ചു പറഞ്ഞു പെരുകിയപ്പോള്‍ ബുര്‍ക്കി എന്നെ കെട്ടിപ്പിടിച്ചു. പീനസ്തനിയുടെ സ്നേഹത്തുടുപ്പില്‍ എനിക്ക് ശ്വാസം മുട്ടി.

പാരീസില്‍ ആദ്യം അവളുടെ കാമുകനായിരുന്ന ഒരു ബല്‍ജിയംകാരന്‍ കുടിച്ചു ലക്കുകെട്ട് (അവളും അതേ സ്ഥിതിയായിരുന്നു കേട്ടോ!) അവളെ കിടക്കയിലേക്കു വലിച്ചിഴച്ചത് ചെറുത്തപ്പോള്‍ അയാള്‍ മാന്തിപ്പൊളിച്ചതിന്‍റെ പാടുകള്‍ അവളുടെ രണ്ടു കൈകളിലും വരഞ്ഞു പൊള്ളിയതുപോലെ കിടപ്പുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ സത്യത്തില്‍ എനിക്കു സന്തോഷമാണ് തോന്നിയത്. ഏതു പാരീസിലായാലും കാര്യങ്ങള്‍ ഏതാണ്ട് ഒരേ മട്ടില്‍ത്തന്നെ, അല്ലേ! എന്ന്!

ക്ഷയരോഗത്തെക്കുറിച്ച് മൂന്നാം ലോകരാജ്യക്കാരെ ബോധവത്കരിച്ചു നിലംപരിശാക്കുകയാണ് പരിപാടിയില്‍. പകല്‍ ഭയങ്കര ബോധവത്കരണവും സന്ധ്യമയങ്ങിയാല്‍ ബോധതമസ്കരണവും എന്ന് ഞാന്‍ ബുര്‍ക്കിയോട് പറഞ്ഞൊപ്പിച്ചു. അവള്‍ ചിരിച്ചതേയുള്ളൂ –ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടില്ലെന്ന് തോന്നി.

ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍

ബുര്‍ക്കി വാഗഡുഗുവിലെ അവളുടെ ഫ്ലാറ്റിന്‍റെ വീഡിയോ എനിക്കു കാണിച്ചുതന്നു. വരാന്തയില്‍ അയകെട്ടി അടിവസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു ചിരിവന്നു. എല്ലാ ലോകത്തും മനുഷ്യര്‍ ഒരുപോലെ തന്നെ! നാട്ടിലെത്തിയിട്ട് കല്യാണമൊന്നും കഴിച്ചില്ലേ എന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ അമ്പരന്നു! ഇതൊക്കെയെന്തിനാ ചോദിക്കുന്നത് എന്ന മട്ടില്‍! 110 കിലോ തൂക്കവും ആറടി പൊക്കവുമുള്ള ഇത്തരമൊരു തടിച്ചിയെ കെട്ടാന്‍ അത്രക്ക് ധൈര്യമുള്ള ആണുങ്ങള്‍ ബുര്‍ക്കിനാ ഫാസോയില്‍ ഉണ്ടാവില്ല അല്ലേ എന്ന് ഞാന്‍ പിന്നെയും പറഞ്ഞു. ഇയാളെന്താ ഈ കല്യാണക്കാര്യത്തില്‍ കിടന്നു കറങ്ങുന്നത്... അവള്‍ അമ്പരക്കുന്നത് ഭാഗ്യവശാല്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റി. അവളുടെ നോട്ടത്തിന്‍റെ വെയിലില്‍ എന്‍റെ ഉള്ള് ഉണങ്ങി.

ബുര്‍ക്കിയുടെ അമ്മക്ക് ഗുരുതരമായ പ്രമേഹമുണ്ട്. അതിനാല്‍ എപ്പോളും ശ്രദ്ധവേണം. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ അമ്മയുടെ അടുത്തുപോയി കാര്യങ്ങള്‍ തിരക്കും. അമ്മയുടെ അച്ഛനും അമ്മയും അടിമപ്പണി ചെയ്തിട്ടുള്ളവരാണ്. അതിന്‍റെയൊരു കിടുകിടുപ്പ് അമ്മക്ക് ഇപ്പോളുമുണ്ടെന്ന് ബുര്‍ക്കി പറഞ്ഞു. വംശീയതയുടെ കിടുകിടുപ്പായാലും തുടുതുടുപ്പായാലും വിട്ടുപോകണമെങ്കില്‍ തലമുറ പലതു കഴിയണം. വാഗഡുഗുവിലും രണ്ടു മൂന്നു കൊല്ലം അവള്‍ ഒരു കൂട്ടുകാരന്‍റെ കൂടെ കഴിഞ്ഞു. പിന്നെ പിരിഞ്ഞു. അവര്‍ ഒരുമിച്ചായിരുന്നപ്പോള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചതാണ്. പിന്നെ വേണ്ടെന്നു വെച്ചു.

ആഫ്രിക്കക്കാരിയാണെങ്കിലും ബുര്‍ക്കിക്ക് യൂറോപ്പിലെ രാഷ്ട്രീയ സാഹിത്യ സാംസ്കാരിക കാര്യങ്ങളിലൊക്കെ അപാര പിടിപാടായിരുന്നു. കുറച്ചൊരു ലോകബോധമുള്ള ആഫ്രിക്കക്കാരൊക്കെ അടുത്തകാലം വരെ യൂറോപ്പിനെക്കുറിച്ചുള്ള സങ്കൽപങ്ങളിലാണ് ജീവിച്ചിരുന്നത് –അവള്‍ വിശദീകരിച്ചു. പുതിയ ആഫ്രിക്കക്കാര്‍ സങ്കൽപത്തിലും യൂറോപ്പിനെ കുടഞ്ഞുകളഞ്ഞ് ആഫ്രിക്കയെ നിറക്കാനുള്ള ശ്രമങ്ങളിലാണ്.

എത്ര കുടഞ്ഞാലായിരിക്കും ആഫ്രിക്കയില്‍നിന്ന് യൂറോപ്പ് തെറിച്ചുപോവുക? ഞാന്‍ ചോദിച്ചപ്പോള്‍ ബുര്‍ക്കി അതിശയത്തോടെ കണ്ണു തുറിച്ചു. ചരിത്രം അങ്ങനെ കുടഞ്ഞാലൊന്നും പോവില്ല മീസ്റ്റര്‍ ബീച്ചൂ. അതിന്‍റെ ടാറ്റൂ ബോണ്‍മാരോയിലാണ് ഇടുന്നത്.

ഉടഞ്ഞു കുഴയാത്ത അവിയല്‍

രാവിലെ ഒരു സെഷന്‍ ക്ലാസ് കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ ഏതെങ്കിലും വിദൂരഗ്രാമത്തിലേക്ക് യാത്രയാണ്. പ്രോഗ്രാം നടത്തുന്ന എന്‍.ജി.ഒകള്‍ ഭയങ്കരമായി അധ്വാനിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താനാണ് ഇത്തരം പരിപാടികളെന്ന് ഞങ്ങള്‍ മിക്കവര്‍ക്കും അറിയാമായിരുന്നു. പിന്നെ, പങ്കാളികള്‍ക്ക് ഒരു ട്രിപ്പ് ഒരുക്കാനുള്ള ഉപായവും. തിരുവണ്ണാമല ഭാഗത്ത്, ...പട്ടി എന്ന് അവസാനിക്കുന്ന പേരുള്ള ഏതോ ഗ്രാമത്തിലേക്കാണ് ആദ്യദിവസം പോയത്. തിരുവണ്ണാമലയില്‍ രമണ മഹര്‍ഷി എന്നൊരു സന്ന്യാസിയുണ്ടായിരുന്നു എന്ന് ഞാന്‍ ബോധവത്കരിച്ചെങ്കിലും അമൃത് സറുകാരിയോ ആസാംകാരന്‍ പ്രബാലോ പോലും മഹര്‍ഷിയെ കേട്ടിട്ടുണ്ടായിരുന്നില്ല.

അവര്‍ രണ്ടുപേരും പക്ഷേ, ശ്രീനാരായണ ഗുരുവിനെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു. ബുര്‍ക്കി അരബിന്ദോ മഹര്‍ഷിയെ കേട്ടിട്ടുണ്ടായിരുന്നു. തിരുവണ്ണാമലയാണ് പ്രദേശം എന്നു പറഞ്ഞതിനാലാണ് ഞങ്ങളുടെ ടീം ലീഡറായിരുന്ന ഡോ. ജയന്തി ഗണേശനോട് നമുക്ക് രമണാശ്രമത്തില്‍ പോകാമല്ലോ അല്ലേ എന്ന് ചോദിച്ചത്. വില്ലേജേഴ്സിനെ കാണാനും അവരുടെ ചികിത്സാ എക്സ്പീരിയന്‍സുകള്‍ അറിയാനുമുള്ള സമയം നഷ്ടപ്പെടും. തന്നെയല്ല ഇങ്ങനെയൊരു യാത്രക്കിടെ പോകേണ്ട സ്ഥലവുമല്ലല്ലോ രമണാശ്രമം –ഡോ. ജയന്തി ഖേദം പറഞ്ഞു. രണ്ടാം ദിവസം മുതല്‍ ഞങ്ങളുടെ കൂടെയുള്ള ഒരു പങ്കാളിയെപ്പോലെതന്നെ ആയിക്കഴിഞ്ഞിരുന്നു ഡോ. ജയന്തി. അവര്‍ എപ്പോളും അണിഞ്ഞിരുന്ന മാസ്കിനു പോലുമുണ്ടായിരുന്നു ഒരു സ്പെഷല്‍ കുലീനഭാവം.

എവിടെയോ പരിചയമുള്ള മുഖമാണല്ലോ എന്ന് ഡോ. ജയന്തിയെ കണ്ടപ്പോള്‍ മുതലേ എനിക്ക് തോന്നുന്നുണ്ടായിരുന്നു. സുന്ദരികളായ സ്ത്രീകളെ കാണുമ്പോളൊക്കെ മീസ്റ്റര്‍ ബീച്ചുവിന് അങ്ങനെ തോന്നുന്നതായിരിക്കും സാരമില്ല എന്നാണ് അമാര അഹമ്മദ് പറഞ്ഞത്. ഗ്രാമസഞ്ചാരത്തിനിറങ്ങും മുമ്പ് ഭക്ഷണം വിളമ്പുമ്പോള്‍ ഡോ. ജയന്തി പറഞ്ഞു –ഇന്ന് എല്ലാം കാരൈക്കുടി സ്റ്റൈലാണ്. കാരൈക്കുടി അവിയല്‍ ലോകപ്രസിദ്ധം! സംഭവം നമ്മുടെ അവിയല്‍തന്നെ.

പക്ഷേ, കഷണങ്ങള്‍ വെന്ത് ഉടഞ്ഞിട്ടില്ല. നല്ല വെള്ള നിറമാണ്. ഇതിന് നല്ല രുചിയൊക്കെയുണ്ടെങ്കിലും ഉടഞ്ഞുകുഴഞ്ഞ് മഞ്ഞ കലര്‍ന്ന പച്ചനിറത്തിലുള്ള കേരള അവിയലാണ് എനിക്കിഷ്ടം. നമുക്കെപ്പോളും പ്രിയം നമ്മുടെ അവിയല്‍ തന്നെ. കാരൈക്കുടി മണിയെ അല്ലാതെ കാരൈക്കുടി അവിയല്‍ കേട്ടിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. ഏത് അവിയല്‍ ആയാലും അധികം വെന്ത് ഉടഞ്ഞുചേരാതെ കഷണങ്ങള്‍ ഒറ്റയൊറ്റയായി നില്‍ക്കുകയാണു വേണ്ടതെന്ന് ഡോ. ജയന്തി പറഞ്ഞു. പിന്നെ ചോദിച്ചു-

മണിസാമിയെ തെരിയുമാ..?

ആളെ അറിയില്ല. ആ മൃദംഗംവായന കേട്ടിട്ടുണ്ട്...

ഡോ. ജയന്തി മൃദംഗം വായിക്കും. സംഗീതം പഠിച്ചിട്ടുണ്ട്. എം.ബി.ബി.എസും ജനറല്‍ മെഡിസിനില്‍ എം.ഡിയും ചെയ്ത് നാലഞ്ചുകൊല്ലം ചെന്നൈയില്‍ നല്ല നിലയില്‍ പ്രാക്ടീസും ചെയ്തിരുന്നതാണ്. അതിനിടെയാണ് ഈ എന്‍.ജി.ഒയില്‍ വന്നുപെട്ടത്. അതോടെ പ്രാക്ടീസ് നിര്‍ത്തി. ഫുള്‍ടൈം എന്‍.ജി.ഒ പ്രവര്‍ത്തനം. തമിഴ്നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിലൊക്കെ കയറിയിറങ്ങിയിട്ടുണ്ട്. ഹിന്ദു പത്രത്തില്‍ ഇടക്കൊക്കെ ക്ഷയരോഗത്തെക്കുറിച്ച് ലേഖനങ്ങള്‍ എഴുതും. ചികിത്സയെക്കാള്‍ ഡോ. ജയന്തിക്ക് പ്രിയം തമിഴകത്തിന്‍റെ ജനസംസ്കാരവും യാത്രകളും പാട്ടും നൃത്തവും ഒക്കെയായിരുന്നു.

ആട്ടുകൊട്ടുപാട്ട് ചേരല്‍ ഡോക്ടര്‍ എന്നുവിളിച്ചത് ഡോ. ജയന്തിക്ക് ഇഷ്ടപ്പെട്ടു. ഒരു ഡോക്ടര്‍ക്കു കിട്ടുന്ന വരുമാനത്തെക്കാള്‍ മികച്ചതാണല്ലേ ഇത്തരം എന്‍.ജി.ഒകളുടേത് എന്ന് ഞാന്‍ അതിശയിച്ചു. പക്ഷേ, ഡോ. ജയന്തി ഒട്ടും സമ്പന്നയായിരുന്നില്ല. അഡയാറിനടുത്ത് ഒരു രണ്ടു ബെഡ്റൂം ഫ്ലാറ്റിലാണ് ഡോ. ജയന്തിയും അമ്മയും താമസിക്കുന്നത്. വലിയ ശമ്പളം കിട്ടാവുന്ന പ്രാക്ടീസ് ഉപേക്ഷിച്ച് ക്ഷയരോഗ ചികിത്സയുടെ ഒപ്പം കൂടുന്നതില്‍ അമ്മയ്ക്കും സന്തോഷമായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. അധഃസ്ഥിതരോഗംകൊണ്ടു വലയുന്ന ഏറ്റവും താഴെയുള്ള മനുഷ്യര്‍ക്കൊപ്പം അത്ര സന്തോഷത്തോടെ അങ്ങനെ പോകുന്നു –ഡോ. ജയന്തി പറഞ്ഞു. അതെന്താ! അമ്മയ്ക്ക് ക്ഷയരോഗമുണ്ടായിരുന്നോ എന്നു ചോദിക്കാന്‍ വന്നതാണെങ്കിലും എന്തോ ഭാഗ്യംകൊണ്ട് ഞാന്‍ ചോദിച്ചില്ല.

ഡോ. ജയന്തിയുടെ അമ്മ, മീനാക്ഷി സുന്ദരംപിള്ളയുടെ പാണ്ടനല്ലൂര്‍ ഭരതനാട്യക്കളരിയിലെ അംഗമായിരുന്നു. ചില സിനിമകളിലൊക്കെ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. കുലീനമായ അംഗചലനങ്ങളോടെ ഡോ. ജയന്തി വലിയ സന്തോഷം പറഞ്ഞു.

മാത്തിരൈ അമ്മാ

തിരുവണ്ണാമലക്കടുത്ത്, ഓലയും തകരപ്പാളികളും മേഞ്ഞ് പേടിച്ചു കുനിഞ്ഞുനിന്ന കുടിലുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ അന്താരാഷ്ട്ര ജേണലിസ്റ്റുകളുടെ സംഘം നിരന്നുനിന്നു. ഓടിയെത്തിയ സ്ത്രീകള്‍ മിക്കവരും ഡോ. ജയന്തിയുടെ കാലില്‍ തൊട്ടു തൊഴുതു. ഡോ. ജയന്തി അവിടെ ഒരു കല്ലിനു മുകളില്‍ ഇരുന്നു. എങ്ങനെയാണ് കൃത്യമായി ക്ഷയരോഗ ചികിത്സ നടത്തുന്നതെന്ന് ഗ്രാമീണസ്ത്രീകളിലൊരാള്‍ വിവരിക്കാന്‍ തുടങ്ങി. ഊരില്‍ ഒരാള്‍ക്ക് ചുമ തുടങ്ങുമ്പോള്‍ത്തന്നെ അയാളെ ആശുപത്രിയില്‍ കൊണ്ടുപോകും. ചുമക്കാരന് ആശുപത്രിയില്‍ പോകാനൊക്കെ മടിയായിരിക്കും. ഓട്ടോ വിളിച്ച് വീട്ടില്‍ ചെന്ന് കൂട്ടിക്കൊണ്ടുപോകും.

ക്ഷയരോഗമുണ്ടെന്നു കണ്ടാല്‍ മരുന്ന് അയാളുടെ കൈയില്‍ കൊടുക്കില്ല. അടുത്ത ഏതെങ്കിലും വീട്ടിലെ ഒരു അമ്മയുടെ പക്കല്‍ ഒരാഴ്ചത്തേക്കുള്ള ഗുളിക കൊണ്ടുവന്നു കൊടുക്കും. ആ അമ്മ കൃത്യസമയത്ത് ഗുളികയും വെള്ളവുമായി രോഗക്കാരന്‍റെ വീട്ടില്‍ ചെന്ന് രണ്ടുനേരവും അയാളെ ഗുളിക കഴിപ്പിക്കും. ഗുളിക കഴിച്ചു കഴിഞ്ഞിട്ടേ മടങ്ങൂ. ഓരോ ദിവസവും ഗുളിക കഴിച്ചത് ഒരു കാര്‍ഡില്‍ അടയാളപ്പെടുത്തും. നാലോ അഞ്ചോ ദിവസം കൂടുമ്പോള്‍ ഊരില്‍ത്തന്നെയുള്ള വോളന്‍റിയര്‍ ക്യാപ്റ്റനായ മറ്റൊരു സ്ത്രീ ഈ കാര്‍ഡ് പരിശോധിക്കും.

ഊരിലെ അമ്മമാര്‍ ചികിത്സയുടെ മാസ്റ്റര്‍മാരാവുകയാണ്. വലിയ ഉത്തരവാദിത്തവും അധികാരവുമാണ് അവര്‍ക്ക് അത്. മാത്തിരൈ അമ്മാവുകള്‍. മാത്തിരൈ എന്നാല്‍ ഗുളിക. 14 ദിവസം കൂടുമ്പോള്‍ ചെന്നൈയില്‍നിന്ന് ഡോ. ജയന്തിയുടെ കൂടെയുള്ള ആരെങ്കിലും എത്തി കാര്യങ്ങള്‍ പരിശോധിക്കും. മാസത്തിലൊരിക്കല്‍ ഡോ. ജയന്തി ഓരോ ഊരിലുമെത്തും. ഊരിലുള്ളവര്‍ക്കെല്ലാം വേണ്ട പരിശോധനകള്‍ നടത്തും.

ഞങ്ങള്‍ പല രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നു കേട്ടപ്പോള്‍ ഊരുകാര്‍ എല്ലാവരെയും മാറിമാറി തൊഴുതു. ബുര്‍ക്കി വളരെ വേഗം അവരില്‍ പലരോടും അടുപ്പത്തിലായി. ഊരിലുള്ളവര്‍ക്ക് ഡോ. ജയന്തിയെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാകുന്നില്ലായിരുന്നു. അന്നു രാത്രി ബുര്‍ക്കി എന്നോട് ജമിനി ഗണേശനെക്കുറിച്ചു ചോദിച്ചു. ഡോ. ജയന്തി, ജമിനി ഗണേശന്‍റെ മകളാണെന്നാണ് ഊരുകാര്‍ പറഞ്ഞത്. ജമിനി ഗണേശന്‍റെ മകളോ! ഞാന്‍ അന്തം വിട്ടുപോയി. പിറ്റേന്ന് രാവിലെതന്നെ ഡോ. ജയന്തിയെ കണ്ട് ചോദിച്ചു-

‘‘മാഡം ജമിനി ഗണേശന്‍ സാറിന്‍റെ മകളാണെന്ന് പറഞ്ഞില്ലല്ലോ...’’

‘‘ഏയ്... ജമിനി ഗണേശനാ... അതിനു സാധ്യതയില്ല! അവരൊക്കെ പെരിയ ആള്‍ എന്നാണ് അമ്മ എപ്പോളും പറയാറുള്ളത്. ആരാണെന്നു പറയാം സമയം വരട്ടെ എന്നേ അമ്മ പറഞ്ഞിട്ടുള്ളൂ...’’ ഡോ. ജയന്തി ബലമായി ചിരിച്ചു.

‘‘ജമിനി ഗണേശനെക്കുറിച്ച് അങ്ങനെയൊരു പറച്ചില്‍ ഉണ്ടെന്നു തോന്നുന്നു. അത്തരം പറച്ചിലുകളില്‍ അദ്ദേഹവും രസിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്...’’

ഡോ. ജയന്തിയുടെ ചിരി കൂടുതല്‍ അയവു നേടി. അന്ന് രാത്രി ഡോ. ജയന്തിയും ബുര്‍ക്കിയും ശ്രീലങ്കയില്‍നിന്നുള്ള ഹര്‍ഷിനിയും ഒക്കെ അഴിഞ്ഞാടുകയായിരുന്നു. അമൃത് സറില്‍നിന്നുള്ള കുലീനയായ ഇന്ത്യന്‍ പെണ്‍കുട്ടിയും അവര്‍ക്കൊപ്പം തിമിര്‍ക്കുന്നുണ്ടായിരുന്നു. മീസ്റ്റര്‍ ബീച്ചു, നിങ്ങള്‍ ഇന്ന് വേറേ ഏതെങ്കിലും റൂമില്‍ പോയി കിടക്കണം കേട്ടോ. ഞങ്ങള്‍ നാലുപേരും കൂടി ഇന്ന് നമ്മുടെ റൂമിലാണ്... ബുര്‍ക്കി നേരത്തേതന്നെ എനിക്ക് നിര്‍ദേശം തന്നു.

രണ്ടു മലകള്‍ ചേര്‍ന്നാലും നാലു മുലകള്‍ ചേരില്ല എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടിലുണ്ട് എന്ന് ഞാന്‍ കഷ്ടപ്പെട്ട് വിശദീകരിക്കാന്‍ ശ്രമിച്ചു.

‘‘ലുക് മൈ ഫ്രണ്ട്... അത് കേരളാവില്‍. ഇത് തമിഴകം. ഇവിടെ നാലല്ല എട്ട് മുലകള്‍ ചേരും...’’ ഡോ. ജയന്തി എല്ലാവരുടെയും മുലകള്‍ ചേര്‍ത്തു മുട്ടിച്ചു. ഞാന്‍ ഒരുതരത്തില്‍ അവിടെനിന്ന് തടിതപ്പി.

വര്‍ക്ക്ഷോപ്പ് കഴിഞ്ഞ് പിരിയുന്നതിനുമുമ്പ് ഡോ. ജയന്തി കുറേ അനൗണ്‍സ്മെന്‍റുകള്‍ നടത്തി. അമൃത്സറില്‍നിന്നുള്ള പെണ്‍കുട്ടി ജോലി രാജിവെച്ച് ചെന്നൈയില്‍ ഈ എന്‍.ജി.ഒ സംഘത്തിനൊപ്പം ചേര്‍ന്നു എന്നതാണ് എന്നെ അമ്പരപ്പിച്ചത്. പ്രവര്‍ത്തനം വാഗഡുഗുവിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ അവിടത്തെ മേയര്‍ ഡോ. ജയന്തിയെ അങ്ങോട്ടു ക്ഷണിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ അവിടെ ബുര്‍ക്കിയുടെ കൂടെ താമസിച്ച് കാര്യങ്ങള്‍ ആലോചിക്കുമെന്നുമായിരുന്നു മറ്റൊന്ന്.

ബുര്‍ക്കി വീണ്ടും

വര്‍ക്ക്ഷോപ്പ് കഴിഞ്ഞ് ഞാന്‍ പതിവുപോലെ കാര്യങ്ങള്‍ വിട്ടുകളഞ്ഞിരുന്നു. വല്ലപ്പോളും അമാര അഹമ്മദിനെയും പ്രബാല്‍ കുമാറിനെയും ഹര്‍ഷിനിയെയുമൊക്കെ ​േഫസ്ബുക്കിലോ മറ്റോ കണ്ടാലും വലിയ കൗതുകം തോന്നാതെയുമായി. ഏറെക്കഴിഞ്ഞാണ്. ഒരുദിവസം ബുര്‍ക്കിയുടെ വിശദമായ ഒരു ഇ-മെയില്‍ വന്നു. അപ്പോളാണ് അറിയുന്നത്, കുറച്ചുനാളായി അവള്‍ ചെന്നൈയിലുണ്ടെന്ന്.

ഡോ. ജയന്തി ചെയ്തിരുന്ന ജോലികള്‍ ഏറെയും ഇപ്പോള്‍ ചെയ്യുന്നത് ബുര്‍ക്കിയാണ്. എന്നെ കാണണമെന്ന് ഡോ. ജയന്തി ഒരിക്കല്‍ പറഞ്ഞിരുന്നതുകൊണ്ടാണ് ബുര്‍ക്കി വിളിച്ചത്. പ്രീമിയം തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വൈകിട്ടുതന്നെ ഞാന്‍ ചെന്നൈ മെയിലിനു കയറി. കോയമ്പേടുനിന്ന് ഒരു എസ്.ഇ.ടി.സി ബസ് കിട്ടിയതുകൊണ്ട് വേഗം എന്‍.ജി.ഒയുടെ ഓഫീസിലെത്തി.

 

കോവിഡിന്‍റെ തൊന്തരവുകള്‍ കഴിഞ്ഞ് കാലങ്ങളായിട്ടും ബുര്‍ക്കി മാസ്ക് വെച്ചിട്ടുണ്ടായിരുന്നു. സ്റ്റൈലന്‍ മാസ്ക്. ഇഞ്ചിയുടെ എരിവും നല്ല മധുരവുമുള്ള ലസ്സിയാണ് അവളെനിക്ക് കുടിക്കാന്‍ തന്നത്. ഡോ. ജയന്തി മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞെന്ന് ബുര്‍ക്കി പറഞ്ഞത് വളരെ കൂളായിട്ടായിരുന്നു. സൂയിസൈഡ് ആയിരുന്നു. എല്ലാവരോടും പറഞ്ഞ് സൗകര്യം നോക്കി ഒരു ദിവസം തിരഞ്ഞെടുത്ത് ഡോ. ജയന്തി മരിച്ചു. മരണം വരിച്ചു. അതിശയപ്പെടുകയൊന്നും വേണ്ട എന്ന മട്ടില്‍ അത്ര ലാഘവത്തോടെയാണ് ബുര്‍ക്കി സംസാരിച്ചത്.

ഡോ. ജയന്തി ഈ എന്‍.ജി.ഒയില്‍ ചേര്‍ന്ന് വൈകാതെ തന്നെ ക്ഷയരോഗിയായിരുന്നു. അതാണ് അവര്‍ പതിവായി മാസ്ക് വെക്കാന്‍ കാരണം. പലതവണ രോഗം വന്നു മാറി. പക്ഷേ, ഏതാനും മാസം മുമ്പ് ഡോക്ടര്‍ക്ക് എം.ഡി.ആര്‍.ടി.ബി എന്ന രോഗം സ്ഥിരീകരിച്ചു. മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് (എം.ഡി.ആര്‍.) ടി.ബി–മരുന്നുകള്‍ ഫലിക്കാത്ത ഗുരുതരമായ ക്ഷയരോഗം. എം.ഡി.ആര്‍.ടി.ബി ഉള്ളവര്‍ രോഗം മറ്റാരിലേക്കും പകര്‍ന്നുപോകാതിരിക്കാന്‍ ഏകാന്തവാസത്തില്‍ പോവുകയാണ് രീതി. അല്ലെങ്കില്‍ സാനിറ്റോറിയത്തിലാക്കും. രോഗം കണ്ടെത്തിയപ്പോള്‍ മുതല്‍ ഡോ. ജയന്തി ഏകാന്തവാസത്തിലായിരുന്നു. സ്വയം ഭക്ഷണം പാചകംചെയ്തു കഴിച്ചു.

ഓണ്‍ലൈനില്‍ മാത്രം ഓര്‍ഗനൈസേഷന്‍റെ കാര്യങ്ങള്‍ നോക്കി. ഒട്ടേറെ മരുന്നുകള്‍ സ്വന്തം ശരീരത്തില്‍ പരീക്ഷിച്ചു. മാസങ്ങള്‍കൊണ്ടുതന്നെ ലോകമെമ്പാടുനിന്നും പല കമ്പനികള്‍ ഡോക്ടറുടെ ശരീരത്തില്‍ മരുന്നുപരീക്ഷണങ്ങള്‍ നടത്തി. പക്ഷേ, എക്സ്.ഡി.ആര്‍.ടി.ബി എന്ന അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തുകയാണുണ്ടായത്. അതോടെ, ഡോ. ജയന്തി പതുക്കെ ജോലികളില്‍നിന്ന് പൂര്‍ണമായും വിട്ടു. ഒട്ടേറെ ആളുകള്‍ക്ക് സന്ദേശങ്ങളും ഇ-മെയിലുകളും അയച്ചു. ബുര്‍ക്കി ഓര്‍ഗനൈസേഷന്‍റെ ചുമതലകള്‍ ഏറ്റെടുത്തു. പിന്നെ ഡോ. ജയന്തി മരണം വരിച്ചു.

വര്‍ക്ക് ഷോപ്പില്‍ കൂടെയുണ്ടായിരുന്ന അമൃത് സറുകാരി ഇന്ത്യന്‍ വനിത ഡല്‍ഹിയില്‍ ഇതേ എന്‍.ജി.ഒയില്‍തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് ബുര്‍ക്കി പറഞ്ഞു! എന്നെ നേരിട്ടു കേള്‍പ്പിക്കാനായി ഡോ. ജയന്തി നല്‍കിയിരുന്ന ശബ്ദസന്ദേശം ബുര്‍ക്കി കേള്‍പ്പിച്ചു – എന്‍ അപ്പാ ജമിനി ഗണേശന്‍തന്നെയാണെന്ന് എല്ലാവരും പണ്ടു മുതലേ പറയുന്നുണ്ട്. പക്ഷേ, ഒന്നും പറയാതെ അമ്മ കടന്നുപോയി. അവരൊക്കെ പെരിയ ആള്... ഹാര്‍ട്ടറ്റാക്കും കൊളസ്ട്രോളും ഒക്കെപ്പോലെ! എന്‍ അമ്മാ പാവം! ടി.ബിപോലെ! അമ്മാ പോയാച്ച്... ഇനി ആരോരുമറിയാതെ എനിക്കും പോകണം. പക്ഷേ...

(ചിത്രീകരണം: രാജേഷ്​ ചിറപ്പാട്​)

News Summary - weekly literature story