Begin typing your search above and press return to search.
proflie-avatar
Login

ബ്ലാക് ഹോൾ

ബ്ലാക് ഹോൾ
cancel

ആദ്യം ഗുജറാത്തി സ്റ്റൈലിൽ, പിന്നെ കേരള സ്റ്റൈലിൽ... സിന്ദഗിയുടെ ഇന്നത്തെ സാരി പരീക്ഷണം ആരംഭിക്കുകയാണ്. രണ്ടു രീതിയിലും ഉടുത്തൊരുങ്ങി സിന്ദഗി അമ്മയുടെ മുന്നിൽ പോയി നിന്നു. ‘‘റാണി മാഡം, ഇഷ്ടപ്പെട്ടോ...’’ ആ പുഞ്ചിരിയിൽ സമ്മതം കിട്ടിയപോലെ അവൾ വീണ്ടും സ്റ്റെയർകേസ് ചവിട്ടി മുകളിലേക്ക് പോയി. പിന്നെ അടുത്ത സാരിയിലേക്ക്. അതും കഴിഞ്ഞ് താഴോട്ടിറങ്ങി ലിവിങ് റൂമിൽ എത്തി അമ്മയുടെ മുന്നിൽ വീണ്ടും നിന്നു. അമ്മയുടെ പ്രിയപ്പെട്ട മഞ്ഞ ഫ്ലോറൽ പ്രിന്റ് സാരി ഉടുത്താണ് നിൽപ്. സിന്ദഗി വീണ്ടും റാണിയെ നോക്കി. അമ്മസ്റ്റൈലിൽ ഒരു വട്ടപ്പൊട്ടിന്റെ കുറവുണ്ട്. അതിന്നു വേണ്ട. പുഞ്ചിരി മായാതെ ചുവരിലെ ചില്ലുകൂട്ടിൽ അമ്മ...

Your Subscription Supports Independent Journalism

View Plans

ആദ്യം ഗുജറാത്തി സ്റ്റൈലിൽ, പിന്നെ കേരള സ്റ്റൈലിൽ... സിന്ദഗിയുടെ ഇന്നത്തെ സാരി പരീക്ഷണം ആരംഭിക്കുകയാണ്. രണ്ടു രീതിയിലും ഉടുത്തൊരുങ്ങി സിന്ദഗി അമ്മയുടെ മുന്നിൽ പോയി നിന്നു.

‘‘റാണി മാഡം, ഇഷ്ടപ്പെട്ടോ...’’

ആ പുഞ്ചിരിയിൽ സമ്മതം കിട്ടിയപോലെ അവൾ വീണ്ടും സ്റ്റെയർകേസ് ചവിട്ടി മുകളിലേക്ക് പോയി. പിന്നെ അടുത്ത സാരിയിലേക്ക്. അതും കഴിഞ്ഞ് താഴോട്ടിറങ്ങി ലിവിങ് റൂമിൽ എത്തി അമ്മയുടെ മുന്നിൽ വീണ്ടും നിന്നു.

അമ്മയുടെ പ്രിയപ്പെട്ട മഞ്ഞ ഫ്ലോറൽ പ്രിന്റ് സാരി ഉടുത്താണ് നിൽപ്. സിന്ദഗി വീണ്ടും റാണിയെ നോക്കി. അമ്മസ്റ്റൈലിൽ ഒരു വട്ടപ്പൊട്ടിന്റെ കുറവുണ്ട്. അതിന്നു വേണ്ട. പുഞ്ചിരി മായാതെ ചുവരിലെ ചില്ലുകൂട്ടിൽ അമ്മ അവളെ നോക്കി.

അമ്മ ബാക്കിവെച്ച ആഭരണങ്ങളെക്കാൾ സിന്ദഗിക്ക് പ്രിയം സാരികളാണ്. ഒരു ഫങ്ഷനുപോലും സാരി ഉടുക്കാത്ത സിന്ദഗി ഈയിടെ അമ്മയുടെ സാരി വൈവിധ്യങ്ങളിൽതന്നെ പൊതിയുന്നു. അതുടുക്കുമ്പോൾ അറിയാതെ ഒരു ആത്മവിശ്വാസം വരുന്നു. അമ്മയുടെ മണം സാരിയിൽ ഇപ്പോഴും ബാക്കിയുണ്ട്.

‘‘അല്ലെങ്കിലും റാണി മാഡം, നിങ്ങളെന്തിനാ എനിക്ക് സിന്ദഗി എന്ന് പേരിട്ടത്. ജീവിതം, വല്ലാത്ത ജീവിതം തന്നെ...’’

മുമ്പും ഈ ചോദ്യം അവൾ അമ്മയോട് ചോദിക്കുമായിരുന്നു.

‘‘എന്റെ സിന്ദഗീ... മനുഷ്യജീവൻ ഉള്ളിടത്തോളം കാലം നിന്റെ പേര് നിലനിൽക്കും. അവർ ആ പേരിനെ ചുറ്റും. അതിന്റെ പിന്നാലെ പായും.

ജീവിതം -ആ മൂന്നക്ഷരത്തിനു വേണ്ടിയാണ് അന്ത്യം വരെ മനുഷ്യശ്വാസത്തിന്റെ പടയോട്ടം.’’

റാണി മകളോട് തന്റെ കാൽപനിക ലോകം തുറക്കും. സിന്ദഗിയുടെ ജനനത്തിന്റെ ആഘോഷത്തിലാണ് സാജുവിന്റെ ബൈക്കു കുതിച്ചു പാഞ്ഞത്. അച്ഛൻ ചേതനയറ്റതും അവൾ കണ്ടിട്ടില്ല. മുന്നോട്ടുള്ള ജീവിത പ്രയാണത്തിന്റെ അർഥങ്ങൾ എല്ലാം സ്വീകരിച്ചു റാണി മകൾക്ക് പേരിട്ടു, സിന്ദഗി. പേര് പോലെ മകൾതന്നെയായിരുന്നു അവൾക്ക് ജീവിതം.

സന്തോഷം വരുമ്പോൾ അവൾ മകളെ നോക്കി പാടും,

‘‘സിന്ദഗി കാ സഫർ...’’ രാജേഷ് ഖന്ന ഫാനായ സാജുവിന്റെ പ്രിയപ്പെട്ട പാട്ട്.

ഓർമകളുടെ വേലിയേറ്റം താങ്ങാനാവാതെ സിന്ദഗി വെറുതെ കണ്ണടച്ചു. ഭൂഗോളവും കടന്ന്, ശനിയും നെപ്റ്റ്യൂണും സൂര്യനും കടന്ന് അനേകമനേകം ഗോളങ്ങൾ ഒരുമിച്ച് അവൾക്ക് മുകളിൽ കറങ്ങി. നക്ഷത്രങ്ങൾ, ഉൽക്കകൾ, ഗ്രഹങ്ങൾ... പിന്നെ അതിനുമപ്പുറം ഇരുണ്ട ലോകങ്ങൾ... ഓരോന്നും സിന്ദഗിക്ക് മുന്നിൽ കറങ്ങുകയാണ്. ഓർമകളുടെ നക്ഷത്രങ്ങൾ തിളങ്ങുന്ന കാലം മുതൽ അവളുടെ മുന്നിൽ ഈ ദൃശ്യമുണ്ട്. കുഞ്ഞായിരിക്കെ, ഉറക്കത്തിൽ അതു കണ്ട് ആദ്യം അവൾ പേടിച്ചു. പിന്നെ നിത്യവും വന്നതോടെ ഏതോ ഉന്മാദലഹരിയായി. അമ്മയോട് പറഞ്ഞപ്പോൾ കൂടുതൽ ആത്മവിശ്വാസം.

‘‘ഇതിലെവിടെയെങ്കിലും അച്ഛനുണ്ടാകും. നിന്നെ തേടിവരികയാണ്.’’

കുഞ്ഞുമനസ്സിന്റെ സന്തോഷം ചെറുതൊന്നുമല്ലായിരുന്നു. ‘ചിത്രം’ സിനിമയിൽ വധശിക്ഷക്ക് പോകാൻ ഒരുങ്ങുന്ന മോഹൻലാലിന്റെ ഡയലോഗ് അവൾക്ക് കൂടുതൽ വിശ്വാസം പകർന്നു. മരിച്ചുകഴിഞ്ഞാൽ ആകാശത്തെ ഒരു നക്ഷത്രമായി ‘ചിത്ര’ത്തിലെ മോഹൻലാൽ മാറിയെന്ന് അവൾ കരുതി. അതുപോലെയാകും തന്റെ അച്ഛനും -ഏതോ നക്ഷത്രമായി തന്നെ തേടിവരുന്നു.

മിക്ക കുഞ്ഞുങ്ങളെയുംപോലെ അവളും ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കൈവീശി. കൗമാരത്തിലും സ്വപ്നം തുടർന്നു. അതോടെ, റാണി യഥാർഥ സയൻസ് ടീച്ചർ ആയി.

‘‘മോളേ, സിന്ദഗീ... നീ വളരെ ക്രിയേറ്റിവ് ആണ്. ഫ്രോയ്ഡിന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനം വായിക്ക്. സ്വപ്നങ്ങളിൽ ഗാലക്സി കാണുന്നവർ ക്രിയേറ്റിവ് മനസ്സ് ഉള്ളവരാണ്.’’

റാണി മകൾക്ക് പുതിയ പാഠം പകർന്നു. ആ പാഠത്തിന്റെ തുടർച്ച രാത്രിയായിരുന്നു. ടെറസിന് മുകളിലേക്ക് അവൾ മകളെ വിളിച്ചു. സിന്ദഗി മുകളിലേക്ക് വന്നു. ടെറസിന് മുകളിൽ ഒരു പായ വിരിച്ചിട്ടുണ്ട്. രണ്ട് തലയിണയും. അതിൽ ഇരുവരും ആകാശം നോക്കി കിടന്നു.

‘‘ഇന്നെന്താ നക്ഷത്രം... കാർത്തികയല്ലേ..?’’

നക്ഷത്രങ്ങൾ പോയിട്ട് മലയാള മാസംപോലും ഓർമയില്ലാത്ത സിന്ദഗി ഒഴുക്കൻ മറുപടി പറഞ്ഞു.

‘‘ആയിരിക്കും.’’

സയൻസ് ടീച്ചർ ഉണർന്നു.

‘‘ആയിരിക്കും എന്നല്ല, ആണ്... നേരെ മുകളിലേക്ക് നോക്ക്...’’

ഇംഗ്ലീഷിൽ ‘പി’ (p) എന്നെഴുതിയപോലെ നോക്കിനിൽക്കുന്നു കാർത്തിക എന്ന നക്ഷത്രക്കൂട്ടം. വാനനിരീക്ഷണത്തിന്റെ കൗതുകം നിറച്ച് സിന്ദഗി ആകാശത്തുനിന്ന് കണ്ണെടുക്കാതെ ചോദിച്ചു.

‘‘അപ്പോൾ രോഹിണി?’’

റാണി വീണ്ടും വിരൽ ചൂണ്ടി. ഇംഗ്ലീഷിൽ ‘വി’ (v) തിരിച്ചിട്ടപോലെ അതാ തിളങ്ങിനിൽക്കുന്നു രോഹിണി. നാലഞ്ചു നക്ഷത്രങ്ങൾ ഒരുമിച്ചു ചേർന്നതാണ് രോഹിണി. എന്നാൽ, ഒന്നിനുമാത്രം തിളക്കം കൂടും. അന്ന് പിന്നെയും അവൾ പഠിച്ചു. ചുവന്നുതുടുത്ത് മിന്നിത്തിളങ്ങുന്ന ഒറ്റനക്ഷത്രം തിരുവാതിര, വാൽക്കണ്ണാടിപോലെ കുഞ്ഞുനക്ഷത്രങ്ങൾ ഒരുമിച്ച് ചേർന്ന് പൂയം... കൗതുകങ്ങൾ തീർന്നില്ല.

‘‘നമുക്ക് മുന്നിലെ ഏറ്റവും വലിയ അത്ഭുതരഹസ്യം ഈ പ്രപഞ്ചംതന്നെയാണ്. അനന്തതയിൽ ഒഴുകുന്ന ചുരുളഴിയാത്ത അത്ഭുത രഹസ്യം.’’

ആകാശം നോക്കി റാണി തുടർന്നു. സിന്ദഗി വീണ്ടും പഠിച്ചുകൊണ്ടിരുന്നു. ആദ്യം കണ്ട നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും അപ്പുറം അനേകം ഗാലക്സികൾ. പിന്നെയൊരിക്കൽ നക്ഷത്രശോഭ കെട്ട ദാമ്പത്യം ഉപേക്ഷിച്ച മകൾ മടങ്ങിവരുമ്പോഴും ശാസ്ത്രതത്ത്വംപോലെ അമ്മ പറഞ്ഞു.

‘‘നമ്മുടെ കണ്ണീരു മറ്റുള്ളവർക്ക് കാണാനുള്ളതല്ല. ദുഃഖം പറഞ്ഞിരുന്നു സമയവും കളയരുത്. ജീവിക്കുക. തലയെടുപ്പോടെ. ഇനിയും ബാക്കിയുണ്ട് ഭാവിയും വർത്തമാനവും.’’ഒരു നക്ഷത്രംപോലെ റാണിയുടെ വാക്കുകൾ മകൾക്ക് വെളിച്ചമേകി.

മിക്ക അമ്മമാരും ഒരു നക്ഷത്രമാണ്. സ്വയം പ്രകാശിച്ച് മക്കൾക്ക് വെളിച്ചമേകുന്ന നക്ഷത്രം. ഓരോ നക്ഷത്രത്തിലും നിറയെ ഊർജമുണ്ട്. വാക്കുകളുടെ ഊർജം പകർന്ന് അമ്മനക്ഷത്രം മകൾക്കു മുന്നിൽ തിളങ്ങിക്കൊണ്ടേയിരുന്നു. ഭൂഗോളവും കടന്ന്, ശനിയും നെപ്റ്റ്യൂണും സൂര്യനും കടന്ന് സ്വന്തം ജീവിതത്തിന്റെ ഓർമ മണ്ഡലങ്ങളിലൂടെ കറങ്ങുകയാണ് ഇപ്പോൾ സിന്ദഗി.

പൊടുന്നനെ എന്തോ ഒന്നാലോചിച്ച് യൂട്യൂബിൽ ഒരു പാട്ടു പരതി. ഒരു പരസ്യം കഴിഞ്ഞ ഉടൻ അനിരുദ്ധ് രവിചന്ദർ തമിഴിൽ പാടുകയാണ്...

‘‘അമ്മാ അമ്മാ... നീ എൻകെ അമ്മ...

ഉന്നൈ വിട്ടാൽ എനക്കാര് അമ്മാ...’’

റാണിയുടെ ഫോട്ടോയിലേക്കും നോക്കി അവൾ ലിവിങ് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പിന്നെ ചില്ലിട്ട ചിത്രത്തിന് താഴെയുള്ള സോഫയിൽ വന്നിരുന്നു. ഫോട്ടോ നോക്കി അവൾ ഏങ്ങി ഏങ്ങി കരഞ്ഞു...

‘‘അമ്മ... എനിക്കാരും ഇല്ല അമ്മാ... ഞാനൊറ്റയായി അമ്മാ...’’

പാട്ടിന്റെ ഒച്ചയിൽ ആരും കേൾക്കാനില്ലായിരുന്നു അവളുടെ കരച്ചിൽ. രണ്ടോ മൂന്നോ തവണകൂടി അവൾ ആ പാട്ട് തന്നെ വെച്ചു. വലിയ വീടിന്റെ ശൂന്യതയിൽ അവൾ ഓരോ മുറിയും കയറിയിറങ്ങി.

 

ഓസ്‌കർ നേടിയ ‘ജോക്കർ’ സിനിമയിലെ നായകനെപ്പോലെ വാതിലടച്ച് തോക്കെടുത്തു വെറുതെ വെടിവെക്കണമെന്ന് അവൾക്ക് തോന്നി. പക്ഷേ, ​ൈകയിലെ പിസ്റ്റൾ സ്വയംരക്ഷക്കുള്ളതാണ്. ഏതു നിമിഷവും പതിയിരിക്കുന്ന അപകടം അവൾ മണത്തു. ജീവിച്ചിരിക്കുന്നവരെയാണ് നമ്മൾ ഏറ്റവും ഭയക്കേണ്ടത്. നാട്ടിലെ രണ്ടു ചെറുപ്പക്കാർ ഈയിടെയാണ് ഭീഷണിയുടെ ചില സ്വരങ്ങൾ തുടങ്ങിയത്. പിസ്റ്റളും കൈയിലെടുത്തു അവൾ മെല്ലെ സ്റ്റെയർകേസ് കയറി. ആ നിമിഷം താൻ ഒരു വേട്ടക്കാരനാണോ ഇരയാണോ എന്നുപോലും തിരിച്ചറിയാതെ പിസ്റ്റളിൽ പിടിമുറുക്കി മെല്ലെ നടന്നു. മുകളിലെ മുറിയിൽ കയറി വാതിലടച്ചു വീണ്ടുമിരുന്നു. അവധിദിനങ്ങൾ ഏകാന്തതയുടേതാണ്. സിന്ദഗി വീണ്ടും കണ്ണടച്ചു. ആ നിമിഷം ഒരു നക്ഷത്രവും അവൾക്ക് മുന്നിൽ വന്നില്ല.

അഗാധമായ ദുഃഖം ഒരാളോടുപോലും വിവരിക്കാനാവാതെ കണ്ണുനീര് ഇറ്റുവീണു. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റുമെന്നു പറയുന്നത് വെറുതെയാണ്. കരച്ചിലിൽ അൽപമെങ്കിലും തലയിണ നനയാതെ ഒരു ദിവസവും കടന്നുപോയിട്ടില്ല. ഇപ്പോൾ ആ കരച്ചിലിനിടയിൽ ഒരു നക്ഷത്രവും അവൾക്ക് മുന്നിൽ മിന്നുന്നില്ല. അല്ലെങ്കിലും നക്ഷത്രങ്ങൾക്കു എല്ലാ കാലവും സ്വയം പ്രകാശിക്കാനാവില്ല.

‘‘പ്രകാശത്തിനുപോലും പുറത്തുകടക്കാനാവാതെ പിണ്ഡമേറിയ ഒരു വസ്തു ഈ പ്രപഞ്ചത്തിലുണ്ട്. ഓരോ അണുവിലും പിണ്ഡമുണ്ട്. നക്ഷത്രങ്ങൾക്കുമുണ്ട്. പ്രകാശം കെട്ട്, നശിച്ചുപോകുന്ന നക്ഷത്രങ്ങൾ പൂർണമായി ഇല്ലാതാവുന്നില്ല. അത് ബ്ലാക് ഹോളുകളായി മാറുന്നു. സമയംപോലും നിശ്ചലമാകുന്ന ബ്ലാക് ഹോൾ.’’

അവശതകൾക്കിടയിൽ സിന്ദഗിയോട് ഒരിക്കൽ അമ്മ പറഞ്ഞു. ഐൻ​ൈസ്റ്റനിൽ തുടങ്ങി ഹോക്കിങ്ങിലൂടെ കടന്നുപോയ നിരന്തര അന്വേഷണം പറയുന്നത് അതുതന്നെയാണ്.

വേദനകളില്ലാത്ത ലോകത്തേക്ക് റാണി പോയി. അന്ത്യകർമത്തിന് തൊട്ടുമുമ്പു വരെ സിന്ദഗി അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. കണ്ടവർ മനമുരുകി. പതിനാറു നാളുകൾ തിരക്കായിരുന്നു. ആളുകളുടെ വരവ്, അനുശോചനങ്ങൾ... ഒന്നിനും സമയമുണ്ടാവില്ല. അതും കഴിഞ്ഞാണ് വീണ്ടും ജീവിതം തുടങ്ങിയത്. പിന്നെ സിന്ദഗി വീടിന്റെ ഏതെങ്കിലും കോണിൽ നിശ്ചലയായിരിക്കും. ഇടക്ക് കരയും. ഇടക്ക് തരിച്ചിരിക്കും. ഇടക്ക് പാട്ടുകൾ കേൾക്കും. ഇടക്ക് പിസ്റ്റളുമായി റോന്തുചുറ്റും. ഇതാണ് അവളുടെ ‘സിന്ദഗി’. അമ്മയുടെ വേർപാടിൽ ബാക്കിയായ സിന്ദഗി.

സിന്ദഗി കണ്ണുകൾ മുറുക്കി അടച്ചു. കൈകൾ രണ്ടും കണ്ണിനു മുകളിൽ പൊത്തി. കാത്തിരിപ്പിനൊടുവിൽ വരുന്നുണ്ട്, നക്ഷത്രങ്ങളും നക്ഷത്ര അവശിഷ്ടങ്ങളും പൊടിപടലങ്ങളും തമോദ്രവ്യങ്ങളും എല്ലാം ചേർന്ന ഗാലക്സി. അവൾക്കറിയാം, മരിച്ചവരാരും നക്ഷത്രങ്ങളായി പുനർജനിക്കുന്നില്ല. പക്ഷേ, അമ്മനക്ഷത്രം ബാക്കിവെച്ച അവശിഷ്ടം എന്തായിരിക്കും. ബ്ലാക് ഹോൾ എവിടെയായിരിക്കും. താനാണോ, തന്റെ ജീവിതമാണോ ബ്ലാക് ഹോൾ എന്നു ചിന്തിച്ച് സിന്ദഗി കണ്ണടച്ചിരുന്നു.

(ചിത്രീകരണം: സന്തോഷ്​ ആർ.വി)

News Summary - weekly literature story