Begin typing your search above and press return to search.
proflie-avatar
Login

ഭൂപാളം

ഭൂപാളം
cancel

‘‘എന്റെയാ ചെറുപ്പാംകാലം തൊട്ടേ, നോക്കിയേ ഈ നിലാക്കുളിര് ചുമ്മാതങ്ങ് അഴിഞ്ഞുവരലാണ്. ഇത്രയിത്രകാലം നേർത്തും മുഴുത്തും മാഞ്ഞും ഈ മണ്ണിനെ നോക്കി നോക്കിനിന്നിട്ടും അതിന്റെ സുഖത്തണുക്കങ്ങൾ മഞ്ഞു-മഴയോളങ്ങൾ കോരി പൂവിലകളിൽ വിതറണ കണ്ടിട്ടും ചിണുക്കം മായാ ഈ മണ്ണൊരുത്തിയെ താരാട്ടി തേനൂട്ടുമെന്റെ മാലാഖ പെൺകൂട്ടേ... ഈ മൺ തണുവിത്തിരി ചിറകിൻ ചുഴിയിൽ കോരിക്കോരി ആ നിലാക്കുടത്തിൻ തോരെതോരെയൊഴിച്ചാൽ നിനക്ക് എന്നാ ചേതം വരാനാന്നേ.’’ കുടുകുടെ തന്നിലാഴും ഗർഭക്കുഞ്ഞിനെ നിലാവ് കൊള്ളിക്കാൻ കുളിതെറ്റി നനഞ്ഞുവിളർത്ത രാത്രിയിലേക്ക് മുഴുവനായി ഇറങ്ങിവന്ന് മൃൺമയിയുടെ അമ്മ പിണക്കത്തിന്റെ...

Your Subscription Supports Independent Journalism

View Plans

‘‘എന്റെയാ ചെറുപ്പാംകാലം തൊട്ടേ, നോക്കിയേ ഈ നിലാക്കുളിര് ചുമ്മാതങ്ങ് അഴിഞ്ഞുവരലാണ്. ഇത്രയിത്രകാലം നേർത്തും മുഴുത്തും മാഞ്ഞും ഈ മണ്ണിനെ നോക്കി നോക്കിനിന്നിട്ടും അതിന്റെ സുഖത്തണുക്കങ്ങൾ മഞ്ഞു-മഴയോളങ്ങൾ കോരി പൂവിലകളിൽ വിതറണ കണ്ടിട്ടും ചിണുക്കം മായാ ഈ മണ്ണൊരുത്തിയെ താരാട്ടി തേനൂട്ടുമെന്റെ മാലാഖ പെൺകൂട്ടേ... ഈ മൺ തണുവിത്തിരി ചിറകിൻ ചുഴിയിൽ കോരിക്കോരി ആ നിലാക്കുടത്തിൻ തോരെതോരെയൊഴിച്ചാൽ നിനക്ക് എന്നാ ചേതം വരാനാന്നേ.’’

കുടുകുടെ തന്നിലാഴും ഗർഭക്കുഞ്ഞിനെ നിലാവ് കൊള്ളിക്കാൻ കുളിതെറ്റി നനഞ്ഞുവിളർത്ത രാത്രിയിലേക്ക് മുഴുവനായി ഇറങ്ങിവന്ന് മൃൺമയിയുടെ അമ്മ പിണക്കത്തിന്റെ കുഞ്ഞുതരികൾ തുടുങ്കവിളിൽനിന്നും ആകാശത്തേക്ക് വാരിയെറിഞ്ഞു. അതുകൊണ്ടൊരു കുളിർമേഘപ്പാളി വിരിച്ച് അതിനിടയിൽ ചാരി ഒളിച്ചു നിലാവ്...

മൃൺമയി ഈ ഒളിച്ചുകളി അനുകരിക്കലായി...

മുന്നൂർക്കുടത്തിലെ ഓളങ്ങൾ മെച്ചപ്പെടലായി...

പൊട്ടുപോലൊരു ഹൃദയം ആകാശത്തെ ആഴ്ത്തി തോന്നിയതുപോലെ മിടിപ്പായി. ആ ഫലഭൂയിഷ്ഠമാത്രകളിൽ പൊക്കിൾ വള്ളി ഊറ്റത്തോടെ തളിർത്തുമറിഞ്ഞു, അതിലൂടെ ഊർന്ന് ചാടി മൂപ്പാകും മുമ്പ് നിരവധിയായി അവൾ ഭൂമി കാണാനിറങ്ങിയിരുന്നു.’’

‘‘യ്യോ എന്തായിയിത്?

ഈ പാതിരാ നേരത്ത് നിറവയറും വെച്ച് മുറ്റത്തോട്ട് ഇറങ്ങിയോ... കുഞ്ഞിന് ദോഷമാണേ ഇതെല്ലാം... വേഗം പെരയ്ക്കാത്തോട്ട് കയറിപ്പോ കൊച്ചേ...’’

അച്ഛമ്മയൊച്ചയിൽ മൃൺമയി ഗർഭപ്പൂട്ടിൽ കൂമ്പി അടങ്ങി; അടങ്ങിയൊതുങ്ങി.

ഒറ്റനോക്കിൽ വീട് അറിയാത്തവിധം ബഹുമുഖപ്പച്ചകൾ കാര്യസ്ഥനായി ആ ഗർഭ പൂതികളിൽ ഓടിഓടി... ഉള്ളിലെ മൃൺമയിപ്പെണ്ണുമായി അമ്മ മൃണാളിനി രാപ്പകലുകളന്യേ ഒാക്കാനംവരാതെ ഇലകളിൽ കാറ്റ് തിളയ്ക്കുന്ന നുരകളുടെ വേവില്ലാ കുളിരാവി ആവോളം ആവോളം ശ്വസിച്ചു. ഉള്ളിലെ പ്രണയ പയോധിയിൽ തെളിഞ്ഞൊഴുകുന്ന തന്റെ പെൺകുഞ്ഞിനായി ഏറ്റവും ഈർപ്പമാണ്ട നേരങ്ങളിൽ അവൾ മയമുള്ള കുപ്പായങ്ങൾ തുന്നലായ്.

തനിക്കുള്ള തന്നെ എവിടെയോ അടക്കി ഇരുത്തിയതിനാൽ മൃൺമയിയച്ഛമ്മയാൽ മൃണാളിനി അതീവ സ്വീകാര്യയായതാണ്. അതുകൊണ്ടുതന്നെ അനുസരണയുള്ള അടുക്കളയിൽ ബലമായി നടന്നും നിന്നും കൊണ്ട് അവർ തൊലി അധികം നീക്കാത്ത കുത്തരിച്ചോറും തേങ്ങാ കൊത്തിട്ട മെഴുക്കുപുരട്ടികളും പുളി അധികമാകാത്ത കുറുക്കു കാളനും മരുമകളുടെ നാവിഷ്ടം അറിഞ്ഞു പാകപ്പെടുത്തി. ഇടനേരങ്ങളിൽ പഞ്ഞപ്പുല്ല് കുറുക്കിയെടുത്തു. പരന്ന പാത്രത്തിൽ മുളച്ച ചെറുപയർ നിറച്ചുവെച്ചു.

ഗർഭമുഷിവുകൾ ഇല്ലാതെ മൃണാളിനി അപരലോകങ്ങൾ കിനാവ് കണ്ടു, ആകാശം നോക്കി മടുപ്പായി ഉണങ്ങി വീണ തെങ്ങോലകളിൽനിന്നും ഈർക്കിലുകൾ ചീകിയെടുത്ത് തന്റെ കൈവെള്ളയിലേക്ക് ഒതുങ്ങുന്ന ചൂലുകൾ ഒരുക്കി. രണ്ടു നേരത്തെ മുറ്റം തൂപ്പു കഴിഞ്ഞിട്ടും അവൾ എണ്ണിവെച്ച ഞരമ്പുകളോടെ, സങ്കടപ്പെട്ട ചുളിവുകളോടെ കരിയിലകൾ അവളുള്ള ത്തിലേക്ക് കൂടുതൽ ശാദ്വലപ്പെടുകയാണുണ്ടായത്. അതുകൊണ്ടാകാം തൊടിയിൽ അന്തവും കുന്തവും ഇല്ലാതെ പൊങ്ങിത്തളർന്ന് ‘‘ഒന്ന് വേഗം നുള്ളിത്തരാമോ എന്നെ’’ എന്ന് വേരു പൊട്ടിക്കുന്ന ചീരച്ചെടികളിൽനിന്നും മൂപ്പായതിനെ മാത്രം അടർത്തിയെടുത്ത് അവൾ അടുക്കളയിൽ ​െവച്ചതും.

മാസങ്ങൾ ഏറിയേറി മൃൺമയിയുടെ പിറവിനേരം വന്നു, ആദ്യ പൂ വിരിയലിൽപോലും ഒന്നുലയാത്ത ചുളുങ്ങാത്ത ചില്ലത്തഴപ്പുപോലെ അത്രമേൽ ശാന്തദീപ്തയായി മൃണാളിനി ലേബർ റൂമിലെ തുളയുന്ന പതംപറച്ചിലുകളെ നോക്കി ചരിഞ്ഞു കിടന്നു.

‘‘അവൾ വന്നിരിക്കുന്നു’’, അവൾ കിടന്ന മുറിയിലേക്ക് ആശുപത്രിവളപ്പിലെ കലപിലാ മരുന്നേറും മരക്കാറ്റുകൾ ടാർവഴിയിലെ തിരക്കിലൂടെ ചാടിയോടി ദൂരെദൂരത്തെ വയൽ ചെളി കോരി ഇത്തിരി നനവ് കാണുന്നിടത്തെല്ലാം തിക്കിത്തിരക്കുന്ന നെയ്യാമ്പലുകളിൽ വലംവെച്ച് പായുന്നതിനിടയിൽ അയാളെ വട്ടംചുറ്റി.

കാൽവണ്ണയിൽനിന്നും പൊടുന്നനെ ഉതിർന്ന ഒരു കുടന്ന കുളിരുമായി അയാൾ ആഹ്ലാദിച്ചു നിന്നു.

കെട്ടുമട്ടുകൾ അഴിച്ചുകളഞ്ഞ് കൊഴുപ്പാൽ ചുറ്റിയ അമ്മിഞ്ഞയുമായി ഭൂമി അവളെ തന്നിലേക്ക് വളച്ചെടുത്തു. വയൽക്കരയിൽ ഏറെ ശങ്കിച്ചുനിന്ന ശേഷം അടുക്കായി പൂവിട്ട പൂക്കൂടയിൽനിന്നും ഒന്ന് വലിച്ചൂരിയെടുത്ത് തുമ്പച്ചെടി അവളുടെ ജനൽക്കരയിലേക്ക് പറത്തിവിട്ടു. അവൾക്ക് ഇളയമ്മിഞ്ഞപ്പൂതി വന്നു, അത് ഇഷ്ടമായ മൃണാളിനി ആദ്യാവകാശത്തോടെ അവളെ ചേർത്തണച്ചു. പാലുണ്ട് നിറഞ്ഞ അവളെ ആ മുറിയൊന്നാകെ വാരിയെടുത്തു.

‘‘പെണ്ണേ മൃൺമയീ... അനന്തതയുടെ പ്രകാശദൂരത്തിൽനിന്നും നക്ഷത്രങ്ങൾ െവച്ച ഒരു കുറുക്ക് പാലമിട്ട് ഗോളങ്ങൾ മഴമണികൾ നിറച്ച കിലുക്കാംപെട്ടിയുമായി നിരനിരയായി ഇറങ്ങിവന്നു. തണുവിലേക്ക് ഇരുട്ടുമറിയുന്ന അഴിമുഖ വന്യതകളിൽ നിഗൂഢങ്ങൾ അവൾക്കുള്ള ഇങ്കുപാത്രം നിറച്ചുവെച്ചു.

‘‘കൊടും പകൽ നേരത്തും മൃൺമയിപ്പെണ്ണേ നിന്റെ പാദസര മണികളിൽ എന്തിനാണ് ഇത്ര മഴനിലാ നനവ്?,’’ മാനഗംഗാ യാഴത്തിൽ മുങ്ങാംകുളി കഴിഞ്ഞ് അന്തിയിലേക്ക് ഓടിയിറങ്ങിയ നക്ഷത്രക്കന്നിയുടെ വികാരാർദ്രമായ അസൂയപ്പെടൽ. ‘‘നിറയെ കിലുക്കം ഉള്ളത് കെട്ടിത്തന്നത് നീ ചാടിയോടി മറയുന്ന വഴികൾ അറിയാനാ കാടുകേറിപ്പെണ്ണേ’’, അച്ഛമ്മ ഉൽക്കടമായ തണുപ്പുവയറ്റത്ത് അവളെ ഒന്നിച്ച് അങ്ങൊരു ചേർക്കലാണ്.’’

എപ്പഴേലും എങ്ങനേലും എന്തേലും ഒരു കഥ പറഞ്ഞുകൂടെ നിനക്കും? കറപ്പൂക്കൾ ഇടതിങ്ങും പെറ്റിക്കോട്ടിൽനിന്നും ഓടിനീങ്ങുന്ന സമകാലികർ അവളെ വട്ടം പിടിച്ചുനിന്നു. പിന്നീട് അങ്ങനെ പാതിവഴിയിൽ അവരാലോ അവളാലോ തനിച്ചായ മൃൺമയി ഒരാവശ്യത്തിനും അല്ലാതെ കണ്ണ് നനഞ്ഞു വന്ന സ്നേഹത്തോടെ അവരെ നോക്കിനിന്നു.

കല്ലുമാലകൾ ഊരിയെറിഞ്ഞ് ഭൂമി അവളെ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ചു സൂര്യക്കമ്മൽ ചെവിയിൽ ഉമ്മവെച്ചു. ആ ഉമ്മയിൽ അമർന്ന അവളെ വെളിനിലങ്ങളിൽ ആരും കാണാതായി. ഇടംകൈകൊണ്ടവൾ വീടിന്റെ സ്നേഹത്തെ അടർത്തി മടിയിൽ വെച്ചപ്പോൾ, സൂക്ഷ്മതയോടെ രാത്രിയിലേക്ക് ഒച്ചകൾ രാകിപ്പെടുത്തിവെച്ച പ്രാണങ്ങൾ വലംകയ്യിൽ ഇക്കിളികൂട്ടി. പലവായ്ത്താരികളിൽ അത്താഴംകൊണ്ടവർ ഉറക്കിനു പോയി. കിഴക്കേലെ വെട്ടക്കുത്തുകൾ അവളെ നുള്ളി എണീപ്പിക്കുംവരെ;

അവയുടെ താഴ്സ്ഥായീ സ്വപ്നങ്ങളിൽ കിനിഞ്ഞ് അവൾ സുഗന്ധപൂരിതയായി...

 

പുലരിക്കല്ലൂതിക്കൊടുത്ത വെട്ടത്തരികളിൽനിന്നും അമ്മ, ഉണങ്ങിയ ഓലത്തുഞ്ചിലേക്ക് പകർത്തിയ തീമിന്നൽ വാങ്ങി അടുപ്പൊന്നു ഞെട്ടിപ്പിടഞ്ഞു അതിന്റെ പനിച്ചൂട് ഇരുമ്പൻ ദോശക്കല്ലിന് വേണ്ടതിലേക്ക് വളർന്നോ എന്ന് പരിശോധിച്ചു വരുമ്പോഴേക്കും സൂര്യൻ പുച്ഛത്തോടെ തലേ സന്ധ്യയിൽ അധികമായി ഉലുവാ കുതിർത്തരച്ചുെവച്ച മാവ് കൂടുതൽ പതംവന്നിരിക്കുന്നല്ലോ എന്ന് അനുസരണയില്ലാതെ പടർന്ന മേഘദോശകൾ ചുട്ടെറിഞ്ഞു. കൃത്യമായ വട്ടത്തോടെ ചേലൊത്ത് വന്ന ദോശകളിൽ നെയ് വീഴ്ത്തി ‘‘ഇതെന്തുവാ കൊച്ചേ തമാശ കളിയാണോ’’ എന്ന് തിരക്കിടുന്ന മൃണാളിനിയെ കണ്ടു ചെറുപ്പാംകാലത്തിന്റെ കിണുക്കം തേച്ച ഒരു ഇളിഭ്യതയോടെ മേഘദോശക്കീർമറയിലേക്ക് കുതിച്ചൊളിഞ്ഞു കുഞ്ഞിളം സൂര്യൻ...

‘‘സുഖമല്ലേ എന്ന് അത്യന്തം തമാശകൾ കലർന്ന ഒരു സമാധാനത്തോടെ ജീവിതം മൃൺമയിയെ നോക്കിനിന്നു.

കിണറ്റുവക്കിൽ ആർത്തുവളരുന്ന ചെമ്പരത്തിയും തെച്ചിയും ശംഖുപുഷ്പവും അതിനിടയിൽ കരിന്തുളസി നുള്ളുന്ന അച്ഛമ്മയുംകൂടി അവളെ പ്രൗഢിയോടെ നോക്കുന്നുണ്ടായിരുന്നു. നുള്ളിയെടുത്ത തുളസിനാമ്പുകളുമായി അച്ഛമ്മ ഉമ്മറത്തിരിക്കുമ്പോൾ മൃണാളിനി ഇളനീർ ധാരാളമായി അരച്ചുചേർത്ത നീർദോശയും പതുക്കെ മാത്രം എരിവ് ചേർത്ത ചട്ടിണിയും അവരുടെ ഇറമ്പിൽ കൊണ്ടു​െവച്ചു.

ദോശ ചവക്കുന്ന അച്ഛമ്മയെ മൃൺമയി നോക്കിക്കൊണ്ടിരിക്കുമ്പോൾ അവരുടെ അച്ഛമ്മ പ്രായത്തിന് വീഴ്ത്താൻ ആകാത്ത എന്തോ ഒന്നുകൊണ്ട് നിറങ്ങൾ പടർത്തി ചേർത്ത ഒരു കൗമാരപ്പാവാട വട്ടംചുറ്റി ഒരു ശൃംഗാരിക്കാറ്റ് പോലെ... അതിന്റെ സമൃദ്ധമായ തുമ്പ്, കാലത്തിന്റെ പായൽക്കുള പടവുകളിൽ ഒന്നു നനഞ്ഞോടിപ്പോയി.

ദിവാസ്വപ്നങ്ങളിൽ ഇനിയും അരയന്ന ദൂതിമാർ വന്നു ചേരാത്ത വനികളിൽ അവരുടെ മിഴികൾ തുടിച്ചുനിൽക്കുന്നു; ചാരുകാലം കളഞ്ഞുപോയ ഒരു കാറ്റല.

മൃൺമയിക്ക് അവർ ഉഗ്രനള മാതാവ് നാലാം ദിവസം കഴിഞ്ഞിട്ടും നളനിഴൽ മറയ്ക്ക് പുറകിൽ ഏറെയായി അവരുടെ കളിവിളക്ക് മിനുങ്ങി കത്തുന്നു ഇലകളിൽ ദൂതുചേർത്ത എന്റെ പാവം ദമയന്തിയമ്മേ...

സങ്കടം ചുരന്ന് ചുരന്ന് അവൾ അങ്കലാപ്പിലായി...

ധീരധീരനാം നളയച്ഛൻ ഏതോ അശുദ്ധസന്ധ്യയിലേക്ക് നടന്നുകയറി ചൂതെടുത്ത് പോയവൻ. അമ്മയുടെ അതിസാവധാന ലോലമാം നന്ദനോദ്യാനത്തിൽ കാളകൂറ്റിൻ പൊടിപടലങ്ങൾ മേളാംഗിച്ചു. അവളുടെ കൂടെ മുന്നൂർക്കുടത്തിൽ നീന്തിയിരുന്ന അരയന്നപ്പിടകൾക്ക് ചിറകണഞ്ഞു പോയതും അവളുലഞ്ഞു നിലവിളിയായി ‘‘അമ്മേ, ഞാൻ വരുന്നില്ലാട്ടോ...’’

‘‘വായോ...’’

മണ്ണിനെ ചമയിക്കാൻ അൽപമാത്രം അകലെ​െവച്ച ഒരു നക്ഷത്രപ്പലകമേലിരുന്ന് കാറ്റിൽ പാറിയെത്തുന്ന പൂവിത്തുകൾ വാരി ആവോളം ഈർപ്പമിറങ്ങിയ ഗർഭതടങ്ങളിൽ നിർത്താതെ പാകവെ വശ്യശ്യാമള ചാരുമുഖി ദൈവിണി അവളെ തൊട്ടിലാട്ടി വിളിച്ചു. –പിന്നെയും പിന്നെയും കുഞ്ഞുകുപ്പായ ഞൊറികളിൽ ചേർക്കാൻ കടൽമുത്തുകൾ തപ്പുന്ന അമ്മയെ കണ്ടവൾക്ക് നൊന്തു.

‘‘ഇല്ല ഇല്ലേയില്ല.’’ അവൾ ഗർഭക്കൂടയടിയിലേക്ക് ഊളിയിട്ടു. "

‘‘ചുന്ദരിയമ്മേ... നിന്റെ ചുറ്റിനും ചൂടില്ലാത്തൊരു വെട്ടം’’, അവൾ മൃണാളിനിയെ ചുറ്റിപ്പിടിച്ചു. എത്ര ഉന്മാദം. അമ്മക്കോലത്തിലേക്ക് മെയ്യിലെ ഈറൻ ചന്തങ്ങളെ തുടച്ചൊടുക്കുന്നവർക്കിടയിലൂടെ തന്റെയീ മേഘരൂപിണി മഴവാഹിനിയമ്മയെ നടത്തിക്കൊണ്ടു പോകാൻ... അവൾ കിളിച്ച നാളുകളിൽ നാമ്പിട്ട മരങ്ങൾ നിറയെ പൂവുതിർത്തു നിൽക്കുന്നു. ‘‘അമ്മയോടൊപ്പം എനിക്ക് അവയുടെ ചുവട്ടിൽ വെറുതെ വെറുതെ ഇരിക്കാൻ കഴിയുന്നില്ലല്ലോ...’’

അവൾ ഭൂമി കർണനോട് സങ്കടപ്പെട്ടു. അവിടെ പൂവിരിയും നേരങ്ങളറിയാതെ അവൾ നഗരക്കോലായിൽ ചമ്രം പടിഞ്ഞിരുന്നു. അലക്കാൻ കഴിയാത്ത വിഴുപ്പായി പുസ്തകക്കൂട്ടങ്ങൾ അവളുടെ മടിയിൽ കുമിഞ്ഞു കമിഴ്ന്നു.

ഉറങ്ങാൻ കിടക്കെ ‘‘അമ്മ ദേഹത്തെ കൊടുങ്കാട്ടു മുല്ലമണം തലയിണ മുകളിൽ വിതറിവീണു. അവ പെറുക്കിയെടുത്ത് അനേകമനേകം ഇടനാഴികൾ കടന്ന് അവൾ അനേകമനേകം മുല്ലക്കാടുകളിൽ പൂത്തു വീണു. നെടുംപകലിൽ പാഠ്യ-പാഠ്യേതരങ്ങൾ മുല്ലമണങ്ങളിലേക്ക് വിവർത്തനം ചെയ്യാനിട്ടുകൊണ്ട് അവൾ ദിവാസ്വപ്നങ്ങളിലേക്ക് അപ്രത്യക്ഷയായി. ജീവിതം നേർപ്പിലും നേർത്ത ഒരു അപ്പൂപ്പൻതാടി പുതച്ച് അവളെ ഉഗ്രമായി ഭ്രമണം ചെയ്യുകയുണ്ടായി. ഭ്രമണക്കാറ്റിൽ കിളിയേറാ പുസ്തകക്കൂടുകൾ ആടിയുലഞ്ഞു. ഇനിയും വെടിപ്പാകാത്ത വാധ്യാർ പേച്ചുകൾ പാതിവിടർന്നതിൽ അന്തിച്ചങ്ങനെ നിന്നു. ഊഴം കാത്ത കായകൾ നിസ്സഹായതയോടെ കാറ്റിലേക്ക് കുനിഞ്ഞു നോക്കി.

അപ്പോഴൊക്കെ ഏതോ ഓർമകളുടെ ഉന്മാദമേറി അവളുടെ കണ്ണുകൾ താഴ്‌ന്നടഞ്ഞു. ഭൂമി കർണന്റെ പെണ്ണേയെന്നുള്ള വിളി മാത്രം വെളിച്ചപ്പെട്ടു. അദൃശ്യാത്മാക്കളായി ജീവരൂപങ്ങൾ ധ്യാനിച്ചിരിക്കുന്ന കോടാനുകോടി ജീവിതാഗ്രഹങ്ങളെ എങ്ങനെ എതിരേൽക്കും എന്ന ധർമസങ്കടംകൊണ്ട് കുറുകിക്കൊണ്ടിരിക്കുന്ന ഭൂശ്വാസത്തിലേക്ക് ഭൂമി കർണന്റെ കൊച്ചുകാടിൻ പച്ചകൾ, പൂവുകായകൾ... ആഴമൂറ്റി നിന്നു. കണ്ടിട്ടുണ്ട് പുൽച്ചാടികൾ ആ സാവധാനനടപ്പിനെ സാകൂതം നോക്കിനിൽക്കുന്നത്. സന്ധ്യയിലെ കുഞ്ഞു പ്രാണങ്ങളുടെ ശബ്ദനേർമകൾ കവർന്നെടുത്ത് മൃണ്മയി അയാളെ ഉച്ചരിച്ചു.

ഭൂമി കർണൻ...

ഭൂമി കർണൻ...

നോക്കിനിൽക്കെ ആ വൃദ്ധസ്വരൂപത്തെ ജ്ഞാനയൗവനം പൂണ്ടുപിടിക്കുകയും അത്രയും ഓരോമനക്കുഞ്ഞ് ആമോദസാരാമൃതമായി കമിഴ്ന്നു നീന്തുകയും ചെയ്തു അപ്പോൾ–

‘‘ഹേയ് മറഞ്ഞിരിക്കാതിങ്ങനെ’’... ഏതോ താഴ്‌വാരങ്ങളുടെ തിരശ്ശീല മാറുന്നു. ശ്രാവണിന്റെ ഒച്ചമുഴക്കത്തോടെ ആ കൊച്ചു വനയുള്ളത്തിലേക്ക് ബിംബിച്ചു. ‘‘ഭൂമി കർണാ... കുളിരിനു കുളിരാവട്ടെ... പുനരെഴുത്തിലേക്ക് ഇനി വേഗമോടെ വ്യാപൃതനാകൂ... എത്രമാത്രം പൊരുളുകളാണ് ഈ ഇലകളുടെ ബഹുമുഖഛായയിൽ!’’ ശ്രാവണിന്റെ ഒച്ച വീണ്ടും ഒരു ചില്ലയിൽ ഉമ്മ കോർത്തിടുന്നു. ‘‘നിന്റെ കൊച്ചു വനത്തിനപ്പുറം... ഋതുക്കൾ കലഹംെവച്ചു മരങ്ങളിൽ മാറിക്കയറുന്നു.

 

വരണ്ട തേനീച്ച മൂളക്കങ്ങൾ പലവഴി അഴിഞ്ഞുപോയി. തുഞ്ചമരങ്ങളിൽ കണ്ടു​െവച്ചതൊന്നും പറിച്ചെടുക്കാനാവാതെ മരംകേറിപ്പിള്ളേർ കുഴഞ്ഞുവീണു. ഉദയമലകളിലെ മഞ്ഞുമഴ വെയിലുകളുടെ ഏറ്റുമുട്ടലുകൾ അവരെ പുരാമണം തറഞ്ഞ കളിയിടങ്ങളിൽ ഉന്തിയിട്ടു. മനംപോലെ ആഴ്ന്നു കുളിർന്ന കണ്ണുടക്കാ താഴ്‌വാരങ്ങളിൽ പൊതിഞ്ഞു​െവച്ച പ്രപഞ്ചമഹാഭരണഘടനക്ക് മീതെ കൂടു- കൂട്ടുകളുടെ രസതന്ത്രമറിയാത്ത പൊങ്ങനുറുമ്പുകൾ നെട്ടോട്ടമോടുന്നു.

‘‘നിങ്ങൾ... നിങ്ങൾ... പൂവിരിമീതെ നടക്കാത്ത ഒരുഗ്രഭരണാധികാരിയാകേണ്ടവൻ. ’’

‘‘ശ്രാവണിന്റെ ശബ്ദം കേട്ട് ദൂതു വേഗങ്ങൾ മടക്കിയിട്ട് മേഘങ്ങൾ ഭൂവിൻ ശ്രോതാക്കളായി.’’ അന്നാളിന് വേണ്ടി മാത്രം പൂക്കുംനാൾ മാറ്റി​െവച്ച വാകച്ചോട്ടിലിരുന്നു അരിവാൾ മെലികൊയ്ത്തുകാരികൾ മിനുമിനെ കരുങ്കറുപ്പി കാക്കകൾ, എന്നിവർക്ക് സഹ്യമകൻ പുറമേറിവന്ന വൈലോപ്പിള്ളിയും അന്തിയേറും വരെ കാവ്യസദ്യ വിളമ്പി.

‘‘ഞങ്ങളുടെ കൊച്ചു കിനാവുകൾ തേടിയലഞ്ഞുമലർക്കളമെഴുതിക്കാത്തോരരചൻ’’ (1)

അതിനകം വേദിയിലേക്ക് ആർത്തു കയറിയ കാട്ടുപടർപ്പിൽ ഭൂമികർണൻ മറഞ്ഞൊഴിഞ്ഞു. ഓരോ തവണ കാണാതാകുമ്പോഴും അയാളുടെ മൗനം വഴിഞ്ഞു കാടുകൂടുതൽ സ്വസ്ഥമാകുന്നു. അവിടത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋതുക്കൾ കൂടുതൽ സുധാമയമാകുന്നു. മൃൺമയി നോട്ടത്തെ ശ്രാവൺ കണ്ടപ്പോൾ അതു കൂടുതൽ വികസിതമാകുന്നത് അറിഞ്ഞു, കൂടുതൽ ഉറവുകൾ നീട്ടുന്നത് അറിഞ്ഞു.- അയാൾ വിതറിയ അഭൗമസ്വപ്നങ്ങൾ നോവിൻപൊടി പാറിയ ദിനരാത്രങ്ങൾ ആ നോട്ടത്തെ മനുഷ്യന്റേതല്ലാത്തതാക്കി.

കിഴക്കേ ചക്രവാളത്തിൽനിന്നു പടിഞ്ഞാറോട്ട് പാറിപ്പോകുന്ന കുഞ്ഞുപക്ഷികൾ അവളുടെ മീതെ മൃൺമയി എന്നവളെ തുള്ളിവിളിച്ചു. അവളുടെ പാട്ടു തൊട്ട മേഘങ്ങൾ ജലശുദ്ധിയോടെ പെയ്തുതോർന്നു. മഴക്കൊതി മണം തിന്നു ഒതുങ്ങിപ്പോയ കരിയിലകൾക്കിടയിൽ നാഗങ്ങൾ ഭൂമിയുടെ മുഴുവൻ സുഖവും ​െവച്ചെടുത്ത് ചുരുണ്ടുറക്കമായി. സജീവമായിരുന്ന ആ ആകാശത്തെ അവൾ തിടുക്കമില്ലാതെ നുകർന്നു. ഗോളങ്ങളുടെ കവിളുരുമ്മൽച്ചാൽ വീണ അതിന്റെ ഗൂഢങ്ങൾ തട്ടിക്കളയാതെ അവൾ പകലിലൂടെ നടന്നുപോയി.

‘‘അക്കാദമിക് കാര്യങ്ങൾ ഇക്കാലത്ത് ഇത്രയും തള്ളിക്കളയുന്ന നിന്റെ അഹങ്കാരം...’’

തുകൽ​െബൽറ്റൂരി ഉണങ്ങി മടക്കാൻ ഇട്ട തുണികളിലേക്ക് അച്ഛൻ ഊക്കോട് എറിഞ്ഞു: ‘‘പഠിച്ചോ?: വല്ലതും പഠിച്ചോ കൊച്ചേ?’’ ‘‘പഠിക്കാൻ മോശമാ അല്യോ?’’ നന്നായി പഠിച്ചേക്കണേ.

പല പൊക്കത്തിലുള്ള പിന്നിലെ കൂട്ട ഗീതയിലേക്ക് ചെവിയിട്ടുകൊടുക്കാതെ അവൾ ഓടിമറഞ്ഞു. പാട്ടിനു പുറകെ തെല്ലും പാഠമുരയ്ക്കാ മരങ്ങൾ കടപുഴകിയും, ഗുഹാകാലത്തെ മെച്ചപ്പെടാൻ പഠിച്ച പാറകൾ ദിക്കുകൾ പൊട്ടുമാറങ്ങനെ. ചെന്തെങ്ങുകൾക്ക് തടം എടുക്കുന്നവർ

‘‘ഞങ്ങളെ തൊട്ടു നോക്കല്ലേ കൊച്ചേ, സഹിക്കാൻ മേലമുഷിവാ’’ എന്നവളെ ദൂരെയാക്കി.

‘‘ഈ വെയിലേ ഞങ്ങളുടേതാ...’’

‘‘വെയിൽ നനത്തോട്ടിൽ കരിമ്പൻ തോർത്തു കാട്ടി തണലിൽ പൊട്ടുമീനുകളെ വീഴ്ത്തുന്ന കാലിപ്പിള്ളേർ ഒച്ചയിട്ടു. പൊടിപ്പു തൊങ്ങലുകൾ ചുറ്റാത്ത മൃണ്മയിയുടെ സങ്കടം അന്നാണ്, അവർക്കൊക്കെ വളരെ നിസ്സാരമായ തനിക്ക് അതിന്മേൽ ആണല്ലോ എന്നവരെ ധരിപ്പിക്കാനുള്ള മെയ്ച്ചേല് തനിക്ക് ഇല്ലാതെ പോയതിനാൽ നാലുവഴിക്കും ഉറവ പൊട്ടാൻ തുടങ്ങിയത്.

‘‘എന്റെ മൺകിനാ പെണ്ണല്ലോ’’ കുളിർനോവുകൾ ഊർന്നുവീഴുന്ന സങ്കടത്തോടെ ശ്രാവണിന്റെ ഇലമണമുള്ള നെഞ്ചിൽ അവൾ അള്ളിപ്പിടിച്ചു

അവരെ കാത്തുനിന്നു, വഴിയോരങ്ങൾ അമർത്തിവെച്ച മൊട്ടുകളെ ഒന്നായി വിരിയിക്കാൻ.

മഴ വെയിലുകളുടെ തിരക്കഥയെഴുതി ഉന്നതമായ ശിഖരങ്ങളോട് അവരെ നോക്കിനിന്നു പൂമരക്കൂട്ടുകൾ.

ആകാശ നീലം മുക്കിയ ചിറകുകൾ ഉണക്കി പൊന്മകൾ കുറുകി ഇറങ്ങിയതും അവർ കൈകോർത്തു കയറിയ താഴ്വരകളിലേക്ക്.

നീർക്കനം കൂടിയിട്ടും ‘‘അരുതേ ഇപ്പം വിരിഞ്ഞതേയുള്ളൂ എന്റെ ഈ ഓമന’’ എന്ന് മണ്ണിൻ പാവമാം നോക്കിലുമ്മ വെച്ച് മേഘങ്ങൾ കാട്ടുപൂവിൻ നെറുകയിൽ ഇക്കിളി കൂട്ടിനിന്നു. അവരെ കണ്ടുമുട്ടുന്നിടങ്ങളിൽ ഇരുട്ടിലേക്ക് ചൊരിയാതെ സന്ധ്യ തന്റെ ചായങ്ങൾ അത്രയും മൈതാനങ്ങളിൽ ഊറ്റി​െവച്ചു.

രാത്രിക്കും അസമയനിഷ്ഠകളോടെ അതിന്റെ കഠിന രഹസ്യങ്ങളിലേക്ക് അവരെ ഒരുക്കിനിർത്തേണ്ടതുണ്ട്. അതുത്സാഹപ്പെട്ടു.

‘‘എനിക്കായ് ഇല ചാറ്റൽ കൊണ്ടവരേ... ഉമ്മ... ഉമ്മ...’’ ഭൂമിയുടെ ചാരുവമ്മിഞ്ഞ പാടെ ചുരന്നു. അവർ നിറഞ്ഞു അതീതമായി കുതിർന്നു’’

‘‘ആൺകൊച്ചാപോലും’’, കേട്ടതേ ഒരു സമാധാനം –മുക്കാലും നിഴൽ ഒട്ടിയ ഉമ്മറത്തൂണിന്മേൽ വട്ടംപിടിച്ച് സുഗന്ധി വിശേഷങ്ങൾ മുറുക്കുമ്പോൾ ഇളംപച്ചയും ക്രീമും നിറം ​െവച്ച യൂനിഫോമിൽ തുള്ളിത്തുള്ളി ഒരു കുഞ്ഞി പെണ്ണ് മൃൺമയിയുടെ മടിക്കുത്തിൽ നിറയെ മഞ്ചാടിക്കുരു വാരിയിട്ടു. പുലരി മണം കൂട്ടി മെടഞ്ഞിട്ട അവളുടെ മുടിയിലിരുന്ന് റോസാപ്പൂവ് സങ്കടത്തോടെ മൃൺമയിയെ നോക്കിനോക്കി വാടിത്തളർന്നു. പ്രസവിക്കാതെ പറ്റിച്ച മയിൽപ്പീലിഗർഭങ്ങളെക്കുറിച്ച് അനിഷ്ടത്തോടെ സംസാരിച്ചുകൊണ്ടാണ് അവർ ഒരിക്കൽ അവർ ഇടവഴികൾ അത്രയും ചാടിക്കടന്നത്.’’

‘‘നിന്റത്രേം ചിരി​െവച്ച ഒരു കിലുക്കാംപെണ്ണു മതിയായിരുന്നു.’’

സുഗന്ധി വയറ്റത്ത് താലോലം വെക്കവെ മൃൺമയിക്ക് കരച്ചിൽ മുറ്റി.

‘‘മേഘക്കൂടയിൽ നിറയെ കൺമഷി ​െവച്ച് സമത്വാദർശനായ ആകാശം കുടുകൂടാന്ന് പെണ്ണു വാവകളെ മാടിമാടി വിളിക്കും.

സൂര്യ കരയിൽ തിളയേറി പതംവന്ന നാൽപാമര മണമുള്ള വേതുവെള്ളം മലയീണത്തിലൂടെ കുതിച്ച് നിന്റെ അമ്മ ഉടവുകളെ നീർത്തിവെക്കും, കോന്തലയിൽ പരബ്രഹ്മത്തിലെ അങ്ങാടിമരുന്നുകളുമായി നിന്റെ ജനൽക്കരയിൽ കാറ്റ് അടങ്ങിനിൽക്കും.

ഭൂമി കർണനെ ഓർത്തുംകൊണ്ട് സുഗന്ധിയെ ചേർത്തുകൊണ്ട് ഏതോ കുതിപ്പിൽ പറഞ്ഞുപോയെങ്കിലും ഏതോ നൈരാശ്യത്താൽ അവൾക്ക് മുഴുമിക്കാൻ ആയില്ല.

‘‘പെണ്ണുടൽ മൺജലങ്ങൾ ആർദ്രമാക്കുന്ന ഒരിടം അതിന്റെ ഓരോ അടരിലും വരൾമരങ്ങളുടെ സങ്കടം ഉലയും, വറ്റു നദികൾ കുളിക്കാൻ ഇറങ്ങും. മഞ്ഞുകാല പക്ഷികൾ കുറുകിയുറങ്ങും’’ ഭൂമി കർണന്റെ ഒച്ചകൾ നേർത്ത് ലയിച്ചത് എങ്ങാവോ?

മൃണ്മയിയുടെ കഥ ഓർമകൾ ഓരോതവണ കേൾക്കുമ്പോഴും ഭൂമി കർണന് കുളിർന്നു.

അദ്ദേഹത്തെ അവൾ നോക്കിനിൽക്കേ കേട്ടുനിൽക്കെ മലയുറവിലെ കുളിരിൽ അകപ്പെട്ട ആത്മാവിൽ തെളിമയുടെ ആവി കിനിഞ്ഞുനിന്നു...

ഭൂമിയിലെ ഇലയറകൾ അത്രയും മേഘമാർഗം മഴയേറാ ഗോളങ്ങളിലേക്ക് ചിതറിത്തെറിച്ചു. അതീവ കുളിർ പായകൾ നിർത്തി ഓളങ്ങൾ പുഴനീള നിലകൊണ്ടപ്പോൾ ചുഴികളിൽ വീണ നിലാവിന് ഇക്കിളിയായി നനഞ്ഞൊട്ടിയ നിലാവിഴകൾ ഊരിയെടുത്ത് ചായ്മരങ്ങൾ ഈറൻചുറ്റേ രാവിനാകെ ആടാൻ വിധത്തിൽ ഊഞ്ഞാല വള്ളികൾ ബലം ​െവച്ചും...

ഊഞ്ഞാലയിൽ ആർദ്രതയോടെ അവൾക്ക് നേരെ കൈകൾ നീട്ടി ശ്രാവൺ. മൺതണുപ്പൻ വിരലുകളിലൂടെ നൂറ്റാണ്ടുകളുടെ പടർച്ചയോടെ കുളിർമര ചില്ലകൾ കാറ്റേന്തി വന്നു തിടുക്കം അറിയാത്ത നേരത്തിന്റെ ഒരു കണിക ഭ്രമണത്തിൽനിന്നും പാറി വന്ന് അവരുടെ കൂടെ കിനാവ് കണ്ടിരുന്നു.

‘‘ശ്രാവൺ ഞാൻ ഓർക്കുന്നത് എവിടെയും ഒരുനാളും പോകാതെ ഇത്രയും ഇങ്ങനെ ഒരാളായി ഭൂമി കർണൻ എങ്ങനാകാം പരിവർത്തനപ്പെട്ടത്?’’

നീ ശ്രദ്ധിച്ചോ? ഒരു യാത്രക്ക് ഒരുങ്ങാനുള്ള സാധനസാമഗ്രികൾ തൂക്കാനുള്ള ഇടമൊന്നും അയാളുടെ ദേഹത്തെങ്ങും ഇല്ല.

‘‘ശ്രാവൺ കുന്നിറങ്ങി അയാൾ അപ്രത്യക്ഷനാകുന്നത് കുട്ടിക്കാലത്ത് ഞാൻ നോക്കിനിന്നിട്ടുണ്ട് ആ തിരോധാനത്തെ, എന്റെ രാത്രിക്കുറിപ്പുകളിൽ പലതവണ ഞാൻ പൂരിപ്പിച്ചിട്ടുണ്ട്, ശ്രാവൺ താഴ്വരയിലെ പുരാതന മനുഷ്യൻ അയാൾക്കായി അരുവികളിൽനിന്നും കുമ്പിളിൽ വെള്ളം കോരിയും വിസ്താരമേറിയ കാട്ടിലകളിൽ നാടിറങ്ങാത്ത കായികനികൾ വിളമ്പുകയും ചെയ്യുന്നുണ്ട്. കാട്ടുപറമ്പിലെ ഒളിസമൃദ്ധിയിൽനിന്നും അയാൾ അധ്വാനം മതിയാക്കി തിരിച്ചു കയറി വരുമ്പോഴാണ് സ്വപ്നത്തിൽനിന്നും ഉണരുന്ന എന്റെ മുന്നിൽ അയാളുടെ തൃപ്തഭാവദർശനം തെളിയുക. ഞാനും ഒരിക്കൽ എങ്ങോട്ടെങ്കിലും ഒന്നിനുമല്ലാതെ പുറപ്പെട്ടുപോകുന്ന എന്നെ കിനാവ് കണ്ടിരുന്നു. ഇനിയെങ്ങും പോകേണ്ട എനിക്ക്,

‘‘ഇപ്പോൾ നിന്റെ അരികുകളിൽ തഴപ്പാർന്ന ഭൂഖണ്ഡങ്ങളുടെ നടയടയാളങ്ങൾ...’’

എനിക്കും പൊന്നേ, ശ്രാവൺ അവളുടെ മിഴികളിലേക്ക് നനവോടെ നോക്കി പറഞ്ഞു.

‘‘നിന്നെപ്പോലെ അടിവേരുകളിൽ പുളകിതമായ അത്രയും നദികളെ അടയിരുത്തിയ ഒരൊറ്റ മരം ഭൂമിയിൽ മറ്റെവിടെയാണ്...’’

ഞാൻ കടന്നുവന്ന വഴികളിൽ നീളെ നഗരച്ചാലുകൾ കവിഞ്ഞുനിൽപ്പാണ്, അവയൊക്കെ ചാടിക്കടന്നത് ക്ഷീണിതമായ നിന്റെയീ വിരൽതുമ്പിലേറിയാണ്. ഇനി എനിക്ക് തിരുത്തി എഴുതണം, ആശ തീരാനഗരങ്ങളുടെ ഇത്തിൾക്കൊമ്പിൽനിന്നും പൊടിച്ചുവരുന്ന ഉപ നഗരങ്ങളെയെല്ലാം. നിന്നെ നോക്കി മാത്രം നിന്നെ ചാലിച്ച് മാത്രം...

ശ്രാവൺ കനമേറിയ ഒരു നനയാൽ കാൽവിരലുകളിൽ പതിഞ്ഞ വെള്ളത്തിരിയോടെ എഴുന്നേറ്റു.

അവ്യക്ത വ്യസനങ്ങളുമായി അന്തി ഒരു ഗാഢകവിതയെ ചുരത്തി. അത് കറന്നെടുത്ത് പ്രണയികൾ ഉൾക്കുടത്തിൽ ഒഴിച്ചു. ആരൊക്കെയോ നിലക്കടലയും ഐസ്ക്രീമും തോരാത്ത ചൊടി വക്കുകൾ കോട്ടി അതിനോട് അനാസ്ഥ കാട്ടുകയാണ്. ഇടയിലൂടെ ഒന്നുമറിയാതെ തിടുക്കമാണ്ട ഇളമെയ്കളെ തലങ്ങും വിലങ്ങും പായിക്കുന്ന കുഞ്ഞുങ്ങളെ കണ്ട് പാവം തോന്നി, അപാരപ്രപഞ്ചം എങ്ങുമുറയ്ക്കാത്ത ആ നോട്ടങ്ങളിൽ കൺകെട്ട് വിദ്യയുമായി ഇരച്ചുകയറി നിൽപ്പായി. അടക്കം അറിയാത്ത അവരുടെ ഉടുപ്പുകളിൽ രാത്രിയുടെ പൊടിച്ചില്ലകൾ നെടുകെയും കുറുകും വീണു കുതിർന്നു.

‘‘എങ്ങും മാന്തളിർനിറമാർന്ന പട്ടണം കെട്ടണം ഇവർക്കായി മാത്രം...’’

മൃൺമയിക്ക് ഏറെ ഇഷ്ടമുള്ള ശ്രാവണിന്റെ ഒച്ചയിൽ ഒരു കരതൊടാ തിര ഞെട്ടും കുളിരിട്ട് കെട്ടിപ്പിടിച്ചു. ‘‘അവിടെ നട്ടുച്ച നേരങ്ങളിൽ മേഘാവൃതമായ സംഗീതത്തിന്റെ മേലാപ്പുകളിൽനിന്നും ആവശ്യാനുസരണം മാത്രം പൊഴിയുന്ന വെയിൽ തൂവാലകളിൽനിന്നും യാത്രക്കാർക്ക് കാറ്റ് തണുപ്പുകളെ ആവോളം ഒപ്പിയെടുക്കാം, ഇഷ്ടമുള്ള തോതിൽ പുളിമധുരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് അകത്തേക്ക് ഒഴിഞ്ഞുനിൽക്കുന്ന വാണിഭശാലകളുടെ ശാന്തത...

ശ്രാവണിന്റെ വാഗ്ദാനങ്ങൾ ഏറ്റുവാങ്ങി കരയാകെ തിരമുഷിവിനെ മറന്നു കിടന്നു. കടൽ അയാളെ കേൾക്കാൻ വേണ്ടി മന്ദ്രതാളത്തിൽ തുടർന്നു...

ആർഭാടമില്ലാത്ത വിലവിവരപ്പട്ടികകളിൽ വൃത്തിയുള്ള അങ്ങാടിക്കിളികൾ കൊക്കുരുമ്മും: ആ തണുക്കൻപട്ടണത്തിന്റെ കുഞ്ഞിക്കമ്പുകൾ മുറിച്ചെടുത്തുകൊണ്ട് സാധനസാമഗ്രികൾക്ക് ഇളക്കത്തോടെ ഇരിക്കാൻ കഴിയുന്ന മാർദവമുള്ള സഞ്ചികളുമായി കടലേ നിനക്കപ്പുറത്തേക്ക് നിനക്കുമീതേ ആളുകൾ തിരികെ പോകും.

ആ സ്വപ്നത്തിന്റെ നനകൺ തിളക്കത്തോടെ നിൽക്കുമ്പോൾ ശ്രാവൺ കണ്ടു, പല ഋതുക്കനികൾ കൊതിയായി അടുക്കിവെച്ച അറ്റമില്ലാത്ത ഒരു പഴക്കട മുന്നിൽ, മഴത്തൊപ്പിവെച്ച് തനിയെ അയാൾ നൽകുന്നു ഭൂമി കർണൻ..!

പുലർച്ചെ മുതൽ മൃൺമയിയുടെ തലേന്നാൾ സ്വപ്നം അവളെ പലതവണ നുള്ളി നോവിക്കലാണ്, ഒരമർത്തി ഉമ്മയാൽ ചേർക്കാനാവാതെ മാഞ്ഞുപോയ ഒരു സ്ത്രീരൂപം അറ്റമില്ലാത്ത ഞാറ്റുപാടത്തുനിന്ന് അവളെ സങ്കടത്തോടെ നോക്കി. അവർക്ക് ഒന്നുമറിയില്ലായിരുന്നു, കല്യാണപ്പുരകളിലെ ചെണ്ടുമാല്യങ്ങളെ പേടിച്ച് ഒരുമയോടെ ഓമനയോടെ തളിർത്തേറിയ ഞാറ്റു തഴപ്പുകളിലേക്ക് അവർ ഊളിയിട്ടു. മരിക്കുംവരെ താൻ തളിർപ്പിച്ചു നിർത്തിയ ഭൂമി ഉരുണ്ടതാണെന്ന് പോലും അവരോട് ആരും പറഞ്ഞിരിക്കില്ല. കൈയിൽ കിട്ടിയത് എടുത്ത് പാവപ്പെട്ട പച്ച കളയും മനുഷ്യരെയും നോവിക്കുന്നത് കാണാൻ വയ്യാതെ അവർ നേർത്ത വരമ്പിൽ തനിച്ചിരുന്നതും കരഞ്ഞതും പതം പറഞ്ഞതും ഒട്ടും ആകർഷകം ആയിരുന്നില്ല. ഭൂമി കർണനും അവരും തമ്മിൽ കണ്ടിട്ടുണ്ടാകുമോ? എങ്കിൽ അവർ മരിച്ചത് എത്ര ആശ്വാസത്തോടെയാകണം:

ഒരിക്കലും ആനന്ദങ്ങളെ തിരിച്ചുപിടിക്കാൻ വയ്യാത്തവിധം അവൾ തളർച്ചയെ ഏറ്റുവാങ്ങിയ നിലയിലാണ് ശ്രാവൺ അവളെ വൈകിട്ട് കാണാൻ എത്തിയത്.

 

സുഗന്ധിയും അവളുടെ വീർത്ത വയറും മൃൺമയിയുടെ മേൽവലിയ ഭാരം കയറ്റി​െവച്ചിരുന്നു, സുഗന്ധിയുടെയും പുറകെ അവർ എത്ര പേരാണ്! പൊലിക്കുന്നു പൂവ് പട്ടുകൾ.

ഗർഭത്തിലെ തണുത്ത കൊഴുത്ത ജലമേറിയ വിരലുകൾ കനംവെച്ച് അവരുടെ കൺതടങ്ങൾ കുറുകുന്നു, അതീവലാഘവത്തോടെ തനിക്കു മീതെ നിന്ന പുഷ്പിതമരത്തെ അത്രയും വിസ്മയത്തോടെ ഒരിക്കലും താൻ നോക്കിയിട്ട് ഇല്ലല്ലോ എന്ന് മൃൺമയി ഓർക്കുന്നു.

എത്ര വരണ്ടാകും ഇനി ഈ പൂവിത്തുകൾ തോടുകൾ പൊട്ടിച്ച് മണ്ണെങ്ങും ചിതറുക.!? പിന്നെ ഒരു ഇലനാമ്പിൽനിന്നും അടങ്ങാക്കുളിർ മഹാപ്രവാഹം. സുഗന്ധി മെയ്യിലൂടെ ഒഴുകി ഒഴുകിയൂരുന്നു കുഞ്ഞു കരച്ചിലുകൾ ഇപ്പുറം ഇലനിറുകിൽ പൊന്തിയ ആവിയേറ്റ് മൃൺമയി ആകെ വിയർത്തു.

‘‘ഉണരൂ പെണ്ണേ, ഉണരൂ ഉത്തരപൂർവങ്ങളിൽനിന്നും ആദിമഗന്ധവാഹിയായ ഒരു കാറ്റ് അവളെ ഉലച്ചു, തെക്കുവടക്കുകളിൽ സൂര്യചന്ദ്രന്മാർ അവളുടെ പേരു വിളിച്ചു, അവളിലാകെ ജ്വലിച്ചു, ശ്രാവൺ നോക്കിനിൽക്കെ മൃൺമയിയുടെ ശബ്ദം പ്രപഞ്ചത്തിന്റെ ഭൂപാളത്തെ എതിരേറ്റു. മഴയും ഇലച്ചാറും മൂടിനിൽക്കുന്ന അവളുടെ മേനിഭാരത്തെ ശ്രാവൺ എന്നേക്കുമായി വാങ്ങി. അതിൽ എന്നതിൽ മാത്രം ആയാളും അങ്ങനെ നിലകൊള്ളുന്നു.

======

കർണാടക സംഗീതത്തിലെ ഒരു രാഗം.

(1) വൈലോപ്പിള്ളിയുടെ ഓണമുറ്റത്ത് എന്ന കവിതയിലെ വരികൾ

(ചിത്രീകരണം: ചിത്ര എലിസബത്ത്​)

News Summary - weekly literature story