Begin typing your search above and press return to search.
proflie-avatar
Login

ഈരോത്തുമല വന്യജീവിസങ്കേതം

ഈരോത്തുമല   വന്യജീവിസങ്കേതം
cancel

വൈകുന്നേരത്തെ ഇന്റർസിറ്റിയിലിരിക്കുമ്പോൾ മുതൽ ആദിത്യ ചിന്തിച്ചത് മുഴുവൻ ഇന്നെങ്കിലും മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാലോ എന്നുമാത്രമായിരുന്നു. കുടംപുളിയിട്ട നല്ല എരിവുള്ള മീൻകറി അവൾക്ക് അത്രക്ക് പ്രിയപ്പെട്ടതായിരുന്നു. ഓർത്തപ്പോൾ തൊട്ട് നാവിൽ വെള്ളമൂറാൻ തുടങ്ങിയതാണ്. കാർപോർച്ചിലെത്തി സ്​കൂട്ടി സ്റ്റാൻഡിലാക്കി ഇറങ്ങിയപ്പോൾ മുന്നിൽ കുഞ്ഞുബാറ്റും തോളിൽവെച്ച് ക്രിക്കറ്റ് പണിക്കിറങ്ങിയ കിച്ചൻ. ഇവനിത് എപ്പോ എത്തി?! ആദിത്യയുടെ കണ്ണുകൾ വിടർന്നു. ‘‘ചിറ്റേ, അമ്മയോടൊന്ന് ന്നെ വിടാൻ പറയോ? വേം വരും ഞാൻ.’’ പാവം തോന്നിയ അവൾ അവന് മുന്നിൽ മുട്ടുകുത്തിയിരുന്ന് നീളൻ തലമുടി വിരലുകൊണ്ട്...

Your Subscription Supports Independent Journalism

View Plans

വൈകുന്നേരത്തെ ഇന്റർസിറ്റിയിലിരിക്കുമ്പോൾ മുതൽ ആദിത്യ ചിന്തിച്ചത് മുഴുവൻ ഇന്നെങ്കിലും മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാലോ എന്നുമാത്രമായിരുന്നു. കുടംപുളിയിട്ട നല്ല എരിവുള്ള മീൻകറി അവൾക്ക് അത്രക്ക് പ്രിയപ്പെട്ടതായിരുന്നു. ഓർത്തപ്പോൾ തൊട്ട് നാവിൽ വെള്ളമൂറാൻ തുടങ്ങിയതാണ്.

കാർപോർച്ചിലെത്തി സ്​കൂട്ടി സ്റ്റാൻഡിലാക്കി ഇറങ്ങിയപ്പോൾ മുന്നിൽ കുഞ്ഞുബാറ്റും തോളിൽവെച്ച് ക്രിക്കറ്റ് പണിക്കിറങ്ങിയ കിച്ചൻ. ഇവനിത് എപ്പോ എത്തി?! ആദിത്യയുടെ കണ്ണുകൾ വിടർന്നു.

‘‘ചിറ്റേ, അമ്മയോടൊന്ന് ന്നെ വിടാൻ പറയോ? വേം വരും ഞാൻ.’’

പാവം തോന്നിയ അവൾ അവന് മുന്നിൽ മുട്ടുകുത്തിയിരുന്ന് നീളൻ തലമുടി വിരലുകൊണ്ട് കുനുകുനെ ചിക്കിപ്പരത്തി. ‘‘നീ വന്നത് അറിഞ്ഞില്ലെടാ ചക്കരേ... ഒന്നും വാങ്ങിയില്ലല്ലോ ചിറ്റ.’’

‘‘നിക്കൊന്നും വേണ്ട, ന്നെ കളിക്കാൻ വിട്ടാ മതി.’’

‘‘ന്നാ പോയി സെഞ്ച്വറിയടിച്ച് വാ, നിന്റെ ക്ലിയോപാേട്ര​ന്റെ കാര്യം ചിറ്റയേറ്റു.’’ ക്ലിയോപാട്ര എന്നത് അവ​ന്റെ അമ്മക്ക് അവൻ തന്നെയിട്ട ടൈറ്റിലാണ്. ആദിത്യക്ക് മാത്രം അറിയാവുന്ന ഒന്ന്.

അവൻ അവളുടെ വിയർപ്പ് തലയുയർത്തിത്തുടങ്ങിയ കവിളിൽ അമർത്തി ചുംബിച്ച് ‘താങ്ക്യൂ’ എന്നും പറഞ്ഞ് ഓടി. മഴമേഘങ്ങളുടെ പശ്ചാത്തലത്തിലുള്ള ആ ഉരുണ്ടുരുണ്ടുള്ള ഓട്ടം കാണാൻ നല്ല രസമായിരുന്നു.

വീട്ടിൽനിന്നും കുറേ ദൂരെയാണ് കളിസ്​ഥലം. പക്ഷേ, മുറ്റത്തുനിന്നും നോക്കിയാൽ ഏറക്കുറെ കാണാം. എള്ള് കൊയ്ത പറമ്പിലെ എക്കോല് വലിച്ചൂരി മാറ്റി കുട്ടികൾ ഒരു ഗ്രൗണ്ടാക്കിയിട്ടുണ്ട്. മലക്ക് മുകളിൽ വീടായിട്ട് അവരുടേത് മാത്രമേയുള്ളൂ. ഇടതൂർന്ന മരങ്ങളും കുറ്റിക്കാടുകളും ചീവീടുകളുടെ കരച്ചിലുമാണ് എങ്ങും. എല്ലാ ദിവസവും വൈകുന്നേരമായാൽ കോടയോടൊപ്പം കുറച്ച് കുട്ടികളും കൂടി ബാറ്റും ബോളും കൈയിലേന്തി മലകയറി വരും. അപ്പോൾ മാത്രമാണ് ചുറ്റുപാടുകളിൽ ഒരനക്കമുണ്ടാവുക. തറവാട്ടിൽനിന്നും ഇറങ്ങുമ്പോൾ അച്ഛനോട് അപ്പാപ്പൻ പറഞ്ഞിരുന്ന​േത്ര നിങ്ങളവിടെ തീർത്തും ഒറ്റപ്പെട്ടുപോവുമെന്ന്. പറഞ്ഞത് അച്ചട്ടായി. വർഷം ഇരുപത് കഴിഞ്ഞിട്ടും അവർക്കുശേഷം ഒരു മനുഷ്യക്കുഞ്ഞുപോലും വീട് എന്ന സങ്കൽപവുമായി ആ പരിസരത്തേക്കിതുവരെ പാളിനോക്കിയിട്ടുപോലുമില്ല.

‘‘അവൾക്കിന്ന് കലികയറാൻ ഇതുമതിയാകും. അല്ലെങ്കിലേ ഒരു പറച്ചിലുണ്ട് നീയാണ് ഇവിടെ വരുമ്പോൾ അവനെ വഷളാക്കുന്നതെന്ന്.’’ മഴക്കാറ് കണ്ട് അയയിൽനിന്നും തുണിയെടുത്ത് ധൃതിയിൽ സിറ്റൗട്ടിലേക്ക് കയറുന്നതിനിടയിൽ അമ്മ അവളെ നോക്കി കണ്ണുരുട്ടി.

‘‘എ​ന്റെ അമ്മേ, കളിച്ചിട്ടൊക്കെ വഷളാവുകയാണേൽ നമ്മുടെ രാഹുലും പന്തും ഗില്ലുമൊക്കെ വഷളാവണം, പിന്നല്ല. അതേയ്, ഞാനിന്ന് ചോറ് തിന്നിട്ടാണ് കുളിക്കുന്നത്. ഒന്നെടുത്ത് വെക്കാമോ?’’

‘‘ശമ്പളമൊന്നും തരുന്നില്ലല്ലോ, ആലോചിക്കട്ടെ...’’

‘‘ഹലോ.., മിസിസ് മായാ ബാബുരാജ്- ചിലവിന് പുറമെ മാസാമാസം ആയിരംവെച്ച് സാലറി എന്നും പറഞ്ഞ് ബാങ്കിലേക്കിട്ടു തരുന്നത് പിന്നെ എന്താണ്?’’ അവൾ ചുണ്ടുകൾ കോട്ടി.

അത് കേട്ടതും അമ്മ കൈയോങ്ങി. ‘‘എക്കളംനക്കിയാ വരുന്നത്. ഇല്ലേൽ കാണായിരുന്നു.’’ അതും പറഞ്ഞ് കൈയിലുള്ള ഉണങ്ങിയത് മുഴുവൻ കസേരയിലേക്കിട്ട് അമ്മ വേഗം വിറകെടുക്കാൻ പുറത്തേക്ക് പാഞ്ഞു. ലോകത്ത് പെയ്യുന്ന സകല മഴകളുടെ പേരും അമ്മക്കറിയാം. അതൊരത്ഭുതമാണ്.

അവൾ വേഗം മുറിയിലെത്തി കൈയും കാലും മുഖവും കഴുകി കണ്ണാടിയിൽ നോക്കി പല പോസുകളിലായി കുറച്ച് ചിരികൾ അടർത്തിയിട്ടു. രണ്ട് സെൽഫിയുമെടുത്തു. മൊബൈൽ വാങ്ങിയതു മുതൽ ദിവസേന ഓരോ ഫോട്ടോയെടുത്ത് ഡിജിറ്റൽ ആൽബം ഉണ്ടാക്കുന്നുണ്ട്. എക്കോൽ എന്ന് വിളിക്കുന്നവരുടെ അണ്ണാക്കിലേക്ക് കയറ്റിക്കൊടുക്കാനുള്ളതാണ് ആ ചേഞ്ച് ഓവർ. കഴിഞ്ഞ രണ്ടാഴ്ചയായി നല്ല തിരക്കാണ് ഓഫീസിൽ. കഷ്​ടപ്പെട്ട് ഉണ്ടാക്കിയെടുത്തത് അൽപം ഉടഞ്ഞിട്ടുണ്ട്, അതൊന്ന് മെയ്​ന്റയിൻ ചെയ്യണം. പോരാത്തതിന് ആ തിരക്ക് തിന്നുതിന്ന് കൺതടങ്ങളിലെ കറുത്തവാവ് പതിയെ വളർന്നുവലുതാവുന്നുമുണ്ട്. മീന ഡോക്ടർ പറഞ്ഞ ബ്ലൂ-കട്ടി​ന്റെ കണ്ണട ഇനി വൈകിക്കൂടാ. ഒരു മൂളിപ്പാട്ടോടെ അവൾ ഡൈനിങ് ഹാളിലെത്തിയപ്പോഴേക്കും അമ്മ ഭക്ഷണം എടുത്തുവെച്ചുകഴിഞ്ഞിരുന്നു.

ചോറ് വിളമ്പി കറിപ്പാത്രം തുറന്നതും അതുവരെ ഊറിവന്നആദിത്യയുടെ സകല ഉന്മേഷവും ഒരൊറ്റയാളലിൽ എരിഞ്ഞില്ലാതെയായി. അവൾ അടുക്കളവാതിലിന് നേരെ തിരിഞ്ഞു. ‘‘ഇതെന്താമ്മേ ഇന്ന് തേങ്ങയരച്ച കറി?’’

‘‘ഓ അതോ, അതിന്ന് പവി വന്നപ്പോൾ അവൾക്കിഷ്​ടമാണല്ലോ എന്ന് കരുതി കുറച്ച് തേങ്ങയരച്ചു.’’ അമ്മ പപ്പടത്തിന്റെ പാത്രവുമായി വന്നു. ‘‘ഇന്ന് എ​ന്റെ ദിവസമല്ലേ? ഇഷ്ടമുള്ളത് കഴിക്കാലോന്ന് വെച്ചിട്ടാണ് മനുഷ്യൻ ആക്രാന്തം കാട്ടി വന്നത്. അപ്പോ നോക്കുമ്പോൾ...’’ ആദിത്യയുടെ കൈയിൽ കിടന്ന് ഞെരിഞ്ഞ പച്ചച്ചോറ് വേദന സഹിക്കാനാവാതെ വിരലുകൾക്കിടയിലൂടെ പുറത്തേക്ക് ചാടി.

‘‘അവൾ എപ്പോഴെങ്കിലും വരുന്നതല്ലേ ആദീ...’’

‘‘അതിന്? ആര് വന്നാലും ഇല്ലെങ്കിലും എ​ന്റെ ദിവസങ്ങളിലെങ്കിലും എനിക്ക് സ്വന്തം രുചികളിൽ കഴിക്കാൻ പറ്റണം.’’ അവൾ ഉറപ്പിച്ചുപറഞ്ഞു.

‘‘ഏ പിന്നേ നി​ന്റെയൊരു രുചി, കല്യാണം കഴിച്ചാൽ തീരാവുന്നതേയുള്ളൂ നി​ന്റെയീ രുചിക്കഴപ്പ്. കിട്ടുന്നതും തിന്ന് മൂലക്കിരിക്കേണ്ടിവരും.’’ മുടി വാരിക്കെട്ടിക്കൊണ്ട് പവിത്ര മുറിയിൽനിന്നും ഇറങ്ങിവന്നു.

‘‘അത്ര പരിചയമുണ്ടെങ്കിൽ നിനക്കിവിടെ വരുമ്പോഴും അങ്ങനെയങ്ങിരുന്നാൽ പോരേ?’’

‘‘അതിനാര് പറഞ്ഞു എനിക്ക് ഉണ്ടാക്കാൻ? മനുഷ്യന് എപ്പോഴെങ്കിലും റേഷൻപോലെ സ്വന്തം വീട്ടിൽ വരാൻ കിട്ടുന്ന അവസരമാണ്. അതിനിടേല് ഇവിടെയോടുന്ന ഫുഡിന്റെ ടൈംടേബിള് നോക്കലല്ല എ​ന്റെ പണി.’’

ഉടനെ ആദിത്യ അമ്മക്ക് നേരെ തിരിഞ്ഞു. ‘‘ഓ അങ്ങനെ, അപ്പോൾ ഇത് അമ്മയുടെ സ്വന്തം കലാപരിപാടിയാവും.’’

‘‘നീയീ പപ്പടം കൂട്ടി ഒന്ന് തിന്നാദീ. വേണമെങ്കിൽ .......................ചമ്മന്തിയൊടിച്ചുതരാം. വെറുതെ നായാട്ട് ഉണ്ടാക്കാൻ നിൽക്കല്ലേ.’’ അമ്മ പപ്പടം നീട്ടി.

ഒരൊറ്റ തട്ടായിരുന്നു ആദിത്യ പപ്പടം. കൃത്യം ആ സമയത്താണ് അച്ഛൻ ഡൈനിങ് ഹാളി​ന്റെ വാതിൽ കടന്നുവന്നത്. അന്തരീക്ഷം നിശ്ചലമായി. ഉടനെ അമ്മ ‘‘അല്ലെങ്കിലും എ​ന്റെ കൈക്ക് ആദ്യേ എല്ലില്ലല്ലോ’’ എന്ന് പിറുപിറുത്തുകൊണ്ട് പൊടിഞ്ഞുപോയ പപ്പടക്കഷണങ്ങൾ പെറുക്കാനും ധൃതിപ്പെട്ട് കൈകൊണ്ട് കൂട്ടിവാരാനും ശ്രമിച്ചു. അച്ഛൻ ടേബിളിന് അരികിലെത്തി കൈയിലെ ചിക്കൻ കവർ പവിത്രക്ക് നേരെ നീട്ടി.

‘‘എന്താണ് പ്രശ്നം?’’

ആദിത്യ പതുക്കെ സ്റ്റൂളിൽനിന്നും ഉയർന്നു. അവൾ ആദ്യം തലതാഴ്ത്തി. പിന്നെ ശബ്ദവും. ‘‘ഇന്നും നാളെയും എ​ന്റെ ദിവസമാണ്. തേങ്ങയരച്ച കറി എനിക്കാദ്യമേ ഇഷ്ടമല്ല.’’

അച്ഛനൊരു ദീർഘനിശ്വാസമുതിർത്തു. ‘‘ഇതാണോ ഇത്ര വല്യ പ്രശ്നം? ഞാൻ വിചാരിച്ചു...’’ ഒന്ന് നിർത്തി അച്ഛൻ ചുറ്റുപാടും നോക്കി. ‘‘ഇന്നെന്തേ പതിവിന്ന് വിപരീതമായി അസമയത്തൊരു ചോറുവിളമ്പലൊക്കെ..! ഇവിടാരും വിളക്കൊന്നും കത്തിക്കുന്നില്ലേ?’’

 

പ്രശ്നം പരിഹരിക്കപ്പെട്ടതുപോലെ ക്ലോക്കിലേക്ക് കണ്ണയച്ച് അമ്മ ‘‘അയ്യോ’’ എന്നും പറഞ്ഞ് വേഗം വിളക്കെടുക്കാൻ കോണിക്കൂടിലേക്ക് നീങ്ങി.

അച്ഛ​ന്റെ ആ ലാഘവത്വം ആദിത്യയുടെ ദേഷ്യം ഇരട്ടിയാക്കി. ‘‘എ​ന്റെ ദിവസങ്ങളിലെങ്കിലും എനിക്ക് ഇഷ്ടത്തോടെ കഴിക്കണം.’’ അവളുടെ ശബ്ദം പതിവിലധികം ഉയർന്നു.

അതോടെ തിരിച്ചുനടക്കാനോങ്ങിയ അച്ഛൻ ഒന്നുനിന്നു. പിന്നെ അവളെ നോക്കി. അയാൾ തന്നെയാണ് കാലങ്ങൾക്കുമുമ്പ് അങ്ങനെയുള്ള നിയമം ആ വീട്ടിൽ കൊണ്ടുവന്നത്. അതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. ഒരാൾക്ക് എരിവ് കൂടുതൽ വേണം. വേറൊരാൾക്ക് തേങ്ങയരച്ചത് വേണം. മറ്റൊരാൾക്കാണെങ്കിൽ പുളി തീരെ പറ്റില്ല. അതുമല്ലാത്തൊരാൾക്ക് പച്ചക്കറി വേണം. അങ്ങനെ ഒരുവീട്ടിൽതന്നെ നൂറായിരം രുചികൾ. അവ എല്ലാ ദിവസവും എങ്ങനെ പ്രായോഗികമാക്കും! അതുകൊണ്ട് ആഴ്ചയിൽ രണ്ടുദിവസം വീതം നാലുപേർക്ക് വീതിച്ചു. കല്യാണം കഴിച്ചുപോകുന്നതുവരെ പവിത്ര അതനുഭവിച്ചു. അവൾ പോയപ്പോൾ അവളുടെ ദിവസങ്ങൾ അച്ഛമ്മക്ക് കൊടുത്തു. അമ്മക്ക് പ്രത്യേകിച്ച് ദിവസമൊന്നുമില്ല. ഇറച്ചിയാണെങ്കിലും പച്ചക്കറിയാണെങ്കിലും എല്ലാം കഴിക്കും. അതുകൊണ്ട് അമ്മ പൊതുരുചികളുടെ കവലയാണ് എക്കാലവും.

‘‘ഒരു ദിവസമത് തെറ്റിയെന്ന് കരുതി എന്താണ്?’’ അച്ഛൻ, നിലവിളക്ക് തുടക്കുന്ന അമ്മക്ക് നേരെ തിരിഞ്ഞു. ‘‘മായേ, ശനിയും ഞായറുമല്ലേ ഇവളുടെ മെനു. ഇന്നത്തേത് ഒഴിവാക്കിയേക്ക്. നാളേം മറ്റന്നാളും ഇവൾക്ക് കൊടുത്തേക്ക്.’’ അയാൾ ആദിത്യയെ നോക്കി. ‘‘പ്രശ്നം തീർന്നില്ലേ, ഇന്നെന്തായാലും നീ ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്.’’

ആദിത്യക്ക് നിലതെറ്റി. ‘‘പ്രശ്നം തീർന്നിട്ടൊന്നുമില്ല. എന്തിനാണ് എ​ന്റേതുമാത്രം എല്ലാവരും എപ്പോഴും തെറ്റിക്കുന്നത്? നിങ്ങളുടേതാരുടേതും തെറ്റുന്നില്ലാലോ.’’

ആദിത്യയുടെ വർത്തമാനം കേട്ടപ്പോൾ അമ്മ അച്ഛനെ ആളലോടെ നോക്കി. അച്ഛ​ന്റെ കണ്ണുകൾ അപ്പോഴേക്കും ചുവന്നു കഴിഞ്ഞിരുന്നു. ‘‘നി​ന്റെ എന്ത് തെറ്റിച്ചെന്നാണ്? ഭക്ഷണമാണോ ഉദ്ദേശിച്ചത്? അതോ ആ തെണ്ടിച്ചെക്കനുമായുള്ള േപ്രമമോ? പറയിപ്പിക്കരുത് നീ വെറുതെ...’’

‘‘അച്ഛനെന്തിനാണ് കറിയുടെ കാര്യം പറയുമ്പോൾ േപ്രമത്തി​ന്റെ കാര്യമെടുത്തിടുന്നത്? അങ്ങനെയാണെങ്കിൽ അശ്വി​ന്റെ പ്രണയമോ? അതിനച്ഛന് പ്രശ്നമില്ല ല്ലേ..?’’

അച്ഛ​ന്റെ കണ്ണുകളിൽ തീ പുരണ്ടു. ‘‘അവൻ ആങ്കുട്ടിയാടീ... വകതിരിവുള്ളവൻ. നെന്നെപ്പോലെ േപ്രമത്തിൽപെട്ട് പഠിപ്പ് മൂഞ്ചിച്ച് ചില്ലറചക്രത്തി​ന്റെ പണിക്ക് പോകുന്നവനല്ല. മനസ്സിലായോ?’’

‘‘ആദീ...’’ നിലവിളക്കിലേക്ക് തിരക്കിട്ട് എണ്ണയൊഴിക്കുന്നത് നിർത്തി അമ്മ താക്കീതി​ന്റെ സ്വരത്തിൽ വിളിച്ചു. അവർ അപകടം മണത്തുകഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്.

അവൾ അച്ഛനെയും അമ്മയെയും മാറിമാറി നോക്കി, പിന്നെ ദേഷ്യം മൂത്ത് കസേര നിരക്കിയെഴുന്നേറ്റ് വേഗം വാഷ്ബേസിന് നേരെ നടന്നു. ‘‘അവനെ പെറ്റിട്ട അന്നുമുതൽ തുടങ്ങിയതാണ് നിങ്ങളുടെയെല്ലാവരുടെയും ഈ ഒടുക്കത്തെ കംപാരിസൺ. മടുത്തിട്ടുണ്ടെനിക്ക്.’’ ചോറ് തിന്നാഞ്ഞിട്ടും അവൾ വാഷ്ബേസിനിലേക്ക് തുടർച്ചയായി കുലുക്കുഴിഞ്ഞ് തുപ്പി.

ജോലി കഴിഞ്ഞ് അശ്വിൻ വീട്ടിലേക്ക് കയറിയ സമയമായിരുന്നു അത്. എല്ലാവരും ഞെട്ടറ്റ് നിൽക്കുകയാണ്. എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയപ്പോൾ അവൻ പവിത്രക്ക് നേരെ പുരികമുയർത്തി. അവൾ ആദിത്യക്ക് നേരെയും ഭക്ഷണത്തിന് നേരെയും കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. മുറിയിലേക്ക് പോണപോക്കിൽ പ്ലേറ്റിലെ കുഴച്ച ചോറ് കണ്ട് അശ്വിൻ നിന്നു.

അപ്പോഴേക്കും അമ്മ വേഗം വിളക്ക് ഡൈനിങ് ടേബിളിൽവെച്ച് പ്ലേറ്റെടുക്കാൻ തുനിഞ്ഞു. ‘‘കുഴച്ച ചോറ് ഞാനെന്തായാലും കളയാൻ പോണില്ല.’’

‘‘അമ്മയെന്താ ഇവിടത്തെ എച്ചില് തിന്നുന്ന പട്ടിയാണോ? കുഴച്ചവർതന്നെ തിന്നോളും. ഒരുദിവസം ഇഷ്​ടമില്ലാത്തത് കഴിച്ചെന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോണില്ല.’’ അശ്വിന്റെ ഇടപെടൽ വളരെ പെട്ടെന്നായിരുന്നു.

അപ്പോഴേക്കും ആദിത്യ കൈ കഴുകി അവ​ന്റെ മുന്നിലെത്തി. ‘‘ഇല്ല, വീഴില്ല. കഴിഞ്ഞ ആറു ദിവസമായി നിങ്ങൾക്കെല്ലാവർക്കും ഇഷ്​ടമുള്ളതാണ് ഞാൻ കഴിച്ചുകൊണ്ടിരുന്നത്. നി​ന്റെ ദിവസങ്ങളിൽ എനിക്കിഷ്ടമുള്ള കറി വെച്ചുവിളമ്പിയാലും നീയീ ഇടിഞ്ഞുവീഴാത്ത ആകാശത്തിന്റെ കഥ പറയുമോ? അങ്ങനെയാണെങ്കിൽ ഓക്കെ.’’

അശ്വിന് ഉത്തരം മുട്ടി. അപ്പോഴേക്കും പവിത്ര ഇടപെട്ടു. ‘‘ഇതതൊന്നുമല്ലടാ. അവളുടെ പ്രണയം പൊട്ടിയതി​ന്റെ കലിപ്പും നി​ന്റെ പ്രണയം നടന്നുപോകുന്നതി​ന്റെ അസൂയയുമാണ്.’’ അവൾ പല്ലുഞെരിച്ചു.

‘‘ദേ പവ്യേച്ച്യേ..,’’ ആദിത്യ പവിക്ക് നേരെ ചൂണ്ടുവിരൽ വിറപ്പിച്ചു. ‘‘കെട്ടിച്ച് വിട്ടിടത്തുനിന്നും തോന്നണ നേരത്ത് പാഞ്ഞുവന്ന് ഓരോന്ന് പറഞ്ഞ് വെറുതേ കുടുംബകലഹം ഉണ്ടാക്കാൻ നോക്കരുത്. പറഞ്ഞേക്കാം.’’

‘‘ഓഹോ കെട്ടിച്ചുവിട്ടപ്പം നിങ്ങൾക്കെല്ലാവർക്കും ഞാൻ അന്യയായി ല്ലേ?’’ പവിത്രയുടെ കണ്ണുകളിലേക്ക് എവിടെ നിന്നോ ഒരുകുടം വെള്ളം വന്നടിഞ്ഞു. അവൾ അശ്വിന് നേരെ തിരിഞ്ഞു. ‘‘നിനക്കും അങ്ങനെത്തന്നെയായിരിക്കും അല്ലേടാ?’’

പൊടുന്നനെ അശ്വിൻ ആദിത്യയുടെ അരികിലെത്തി അവളുടെ കരണക്കുറ്റി പുകച്ച് ഒരൊറ്റ അടിയായിരുന്നു! ‘‘മൂപ്പിളപ്പമില്ലാതെ സംസാരിക്കുന്നോ? ഇതവളുടെയും കൂടി കുടുംബമല്ലേ, അല്ലേന്ന്?’’

ചുമരിലേക്ക് വേച്ചുവീഴാൻ പോവുന്നതിന് മുമ്പ് ആദിത്യ അവനെ സകലശക്തിയുമെടുത്ത് ഉന്തി. അതോടെ അശ്വിൻ ബാലൻസ്​ തെറ്റി ഡൈനിങ് ഹാളിലെ മേശപ്പുറത്തേക്ക് ചെന്നുവീണു. അവ​ന്റെ തോളിലെ ബാഗ് തട്ടി മേശപ്പുറത്തെ സ്റ്റാൻഡിലെ ഗ്ലാസുകളിൽ ഒന്നുരണ്ടെണ്ണം തറയിലേക്ക് വീണ് പൊട്ടിച്ചിതറി. ടേബിളിന് മുകളിലേക്ക് മറിഞ്ഞ നിലവിളക്ക് ഉരുണ്ടുരുണ്ട് താഴേക്ക് ചാടി.

വെളുത്ത മാർബിൾ തറയിൽ എണ്ണയുടെ ഇരുണ്ട ഭൂഖണ്ഡങ്ങളുണ്ടായി.

എല്ലാവരെയും മാറിമാറി നോക്കിയ അമ്മയുടെ കണ്ണുകൾ അച്ഛനിൽ വന്നുതറഞ്ഞു. അവരുടെ ചങ്ക് ഉച്ചത്തിലിടിച്ചു.

അച്ഛൻ ആദ്യം ചെന്ന് വിളക്ക് നിവർത്തി ഭക്തിയോടെ തൊട്ട് നെറുകയിൽ വെച്ചു. പിന്നെ ആദിത്യയെ നോക്കി ഒരൊറ്റ കുതിപ്പിന് അവളുടെ അരികിലെത്തി കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് ഇരുകവിളത്തും മാറിമാറിയടിച്ചു. ആരും പ്രതീക്ഷിച്ചതായിരുന്നില്ല അത്. ആദ്യത്തെ രണ്ടുമൂന്നടി കഴിഞ്ഞ് തല കറങ്ങിപ്പോയ ആദിത്യ കുതറാൻ നോക്കി. അതിന് കഴിയാതെയായപ്പോൾ അച്ഛ​ന്റെ കൈയിൽ ഉറക്കനെ കടിച്ചു. വേദനയിൽ അച്ഛൻ പിടിവിട്ടു. ചോരകൊണ്ട് ഒന്നൊന്നര കളി. ആദിത്യയുടെ ചുണ്ടിൽനിന്നാണോ അതോ അച്ഛ​ന്റെ കൈയിൽനിന്നാണോ എന്ന് കൃത്യമായി പറയാൻ പറ്റാത്ത അവസ്​ഥ! ചോര കണ്ടതും ‘‘കളിച്ച് കളിച്ച് അച്ഛന് നേരെയാണോടീ നി​ന്റെ കളി’’ എന്നാേക്രാശിച്ചുകൊണ്ട് പവിത്ര ചീറ്റയെപ്പോലെ കുതിച്ച് ആദിത്യയുടെ കാലുകൾക്കിടയിലൂടെ കാലുകൾ പിണച്ച് അവളെ നിലത്തേക്ക് തള്ളിയിട്ടു. കിട്ടിയ തക്കത്തിന് അച്ഛൻ അവളുടെ മുകളിൽ കയറിയിരുന്ന് കഴുത്ത് പിടിച്ചു ഞെരിച്ചു. ശ്വാസം കിട്ടാതെയായ ആദിത്യയുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു. കാലിട്ടടിച്ചുള്ള അവളുടെ പരാക്രമം കണ്ടപ്പോഴേക്കും അമ്മ നിലവിളിച്ചുകൊണ്ട് ഓടിവന്ന് അച്ഛനെ അവളിൽനിന്നും വലിച്ച് അപ്പുറത്തേക്കിട്ടു.

‘‘തൊട്ടുപോകരുതവളെ. നിങ്ങൾക്കതിനുള്ള ഒരവകാശവുമില്ല.’’ അമ്മ അച്ഛന് നേരെ അലറിക്കൊണ്ട് ആദിത്യയെ പിടിച്ചെഴുന്നേൽപിച്ചു. ജീവിതത്തിലാദ്യമായിട്ടായിരുന്നു അങ്ങനെയുള്ള അമ്മയെ അവരെല്ലാവരും കാണുന്നത്.

അത് കേട്ടതും അച്ഛൻ നിശ്ചലനായി, അഭിമാനം വ്രണപ്പെട്ട് മക്കളെ മൂന്നുപേരെയും ഭീതിയിൽ നോക്കി. പിന്നെ കിതച്ചുകൊണ്ട് അമ്മക്കെതിരെ തിരിഞ്ഞു. ഇമവെട്ടാതെ കുറേ നേരം നോക്കിനിന്നു. ‘‘ഉണ്ടാക്കിയ എനിക്കല്ലെങ്കിൽ പിന്നെ ആർക്കാ അതിനുള്ള അവകാശം? ഏ? പറയാൻ.’’

‘‘വെറുതെ ഉണ്ടായതല്ലല്ലോ.. ഉണ്ടാക്കാൻ പറ്റുന്ന സാധനം എ​​ന്റെയടുത്ത് ഉണ്ടായിട്ടല്ലേ?’’

എല്ലാവരും സ്​തബ്ധരായി! ആ പറഞ്ഞത് അമ്മ തന്നെയാണോ എന്നവർ അമ്പരന്നു. തറയിലേക്ക് അമ്പിപ്പോയതുപോലെയായ അച്ഛൻ സകല ഊർജവും സംഭരിച്ച് ‘‘നീയും അവളും കൂടി നി​ന്റെ മറ്റോടത്തെ വർഗസ്വഭാവം കാണിക്കുന്നോടീ’’ എന്ന് ഗർജിച്ചുകൊണ്ട് അമ്മയെ ഒരൊറ്റയടി! നിലതെറ്റിപ്പോയ അമ്മ ദൂരേക്ക് തെറിച്ചുവീണു.

അവരിൽനിന്നും ‘​‘ന്റെ മുത്തപ്പാ...’’ എന്ന നിലവിളിയുയർന്നു.

മൂന്നുപേരും ഞെട്ടിത്തരിച്ച് നോക്കുമ്പോൾ നിലത്തേക്ക് അമരാതെ ഇരുകൈകളും മുകളിലേക്കുയർത്തിപ്പിടിച്ച് കിടന്ന് വിറക്കുകയാണ് അമ്മ. എന്താണ് സംഭവിച്ചതെന്നറിയാതെ തരിച്ചുനിൽക്കുന്ന സമയം സാരിയകന്ന് ദൃശ്യമായ അമ്മയുടെ പുക്കിൾച്ചുഴിയിൽനിന്നും പതിയെ നിലവിളക്കി​ന്റെ കൂർത്ത തണ്ട് പുറത്തേക്കങ്ങ് മുളച്ച് പൊങ്ങി. മേശാപ്പൂവ് പോലെ ചോര മുകളിലേക്ക് ചീറ്റി! ആ കാഴ്ചയിൽ കണ്ണ് പുളിച്ച് ആദിത്യ കരച്ചിലോടെ മുഖംപൊത്തി. മാർബിൾ പതിക്കുംനേരം പണിക്കാർ വിരിയിച്ചെടുത്ത പൂക്കളേക്കാളും ഭംഗിയിൽ നിലത്ത് വലിയൊരു ചോരപ്പൂവ് വിടരാൻ തുടങ്ങി.

‘‘അമ്മേ...’’ പവിത്ര ഓടിപ്പോയി അമ്മയെ വാരിയെടുത്തു. പൊടുന്നനെ വിളക്ക് താഴേക്കൂർന്ന് വലിയൊരൊച്ചയോടെ ഉരുണ്ടുരുണ്ട് ടേബിളി​ന്റെ കാലിൽ പോയി തട്ടി നിന്നു. ഇരുകാലുകളുമിട്ടിഴച്ച് അമ്മയുടെ രണ്ടേരണ്ട് പിടച്ചിൽ! പതിയെ ഉയർത്തിപ്പിടിച്ച കൈകൾ താഴേക്ക് ഒടിഞ്ഞുതൂങ്ങി, ശിരസ്സ് ഇടത്തേക്ക് ചെരിഞ്ഞു. അച്ഛൻ ഓടിപ്പോയി വെള്ളമെടുത്ത് വന്നു. അവർ എല്ലാവരുംകൂടി അമ്മയെ കുലുക്കിയുണർത്താനും വായിലേക്ക് വെള്ളമൊഴിക്കാനും ശ്രമിച്ചു. ആദിത്യ കവിളിൽ തുടരത്തുടരെ തട്ടി വിളിച്ചുനോക്കി. അശ്വിൻ വേഗം തോർത്തെടുത്ത് ചോര ചീറ്റുന്ന വയറി​ന്റെ ഭാഗത്ത് മുറുക്കെ കെട്ടി. ഹൃദയമിടിപ്പ് പരിശോധിച്ച അവൻ തലക്ക് കൈ കൊടുത്ത് ചുമരിലേക്ക് ചാരി ഉറക്കെ കരഞ്ഞു. മൂന്നുപേരും പരസ്​പരം നോക്കി. പല്ലവി അശ്വി​ന്റെ അരികിലെത്തി.

‘‘പോയി..’’ ഈർച്ചവാൾ തട്ടിയപോലെ അവ​ന്റെ സ്വരത്തിൽ ചോര പുരണ്ടു.

ആദിത്യക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ അമ്മയെ വീണ്ടും വീണ്ടും അണച്ചുപിടിച്ചു.

‘‘മായേ... ഇങ്ങോട്ട് നോക്കിയേ.’’ അച്ഛൻ ഒരു ഭ്രാന്തനെപ്പോലെ ആർത്തലച്ചു.

‘‘അച്ഛാ...’’ അശ്വിൻ ഉറക്കെ വിളിച്ചു. ‘‘വെറുതെ ഒച്ചേംബഹളോം ഉണ്ടാക്കി ആളുകളെ കൂട്ടാൻ നോക്കല്ല നിങ്ങള്...’’ അവൻ വേഗം കണ്ണുകൾ തുടച്ച് അച്ഛനെ എഴുന്നേൽപിച്ച് സോഫയിൽ കൊണ്ടുപോയി ഇരുത്തിച്ചു.

‘‘എന്നാലും, ഞാൻ അറിയാതെയാടാ. സത്യായിട്ടും അറിയാതെയാണ്...’’ അയാൾ ചങ്കുപൊട്ടിക്കരഞ്ഞു.

‘‘കരയാതിരിക്കച്ഛാ... ഞങ്ങക്കറിയാം...’’ അശ്വിൻ അച്ഛനെ ചേർത്തുപിടിച്ച് ശിരസ്സിൽ പതുക്കെ തലോടി. പിന്നെ നെഞ്ചിൽ കെട്ടിയ കരച്ചിലോടെ പവിക്കരികിലെത്തി. അപ്പോഴേക്കും തറയിൽ ഇരുട്ടിലെ തടാകം പോലെ രക്തം തളംകെട്ടിക്കഴിഞ്ഞിരുന്നു. പൊടുന്നനെ അവൻ പരിസരബോധം വീണ്ടെടുത്തു.

‘‘ഇവിടെയിങ്ങനെയിട്ടാൽ ആകെ പ്രശ്നാവും. എത്രയും പെട്ടെന്ന് ഹോസ്​പിറ്റലിലെത്തിക്കണം. ഞാൻ കാറെടുത്ത് മുന്നിലേക്കിടാം...’’

അവൻ അതും പറഞ്ഞ് വേഗം പുറത്തേക്കോടിയിറങ്ങി. അച്ഛൻ അപ്പോഴും സോഫയിലിരുന്ന് മുഖം പൊത്തി കരയുകയായിരുന്നു. ഇടംനെഞ്ചിലെ വേദന കടിച്ചമർത്തി ആദിത്യ ചുമര് ചാരിനിന്ന് മുഖം മുകളിലേക്കാക്കി കണ്ണുകൾ ഇറുകെയടച്ചു. പവിത്ര വേഗം, അമ്മ നേരത്തെ അയയിൽ നിന്നും സോഫയിൽ കൊണ്ടിട്ടിരുന്ന വസ്​ത്രങ്ങളിൽ ചിലതെടുത്ത് നിലത്തുള്ള ചോര തുടക്കാൻ തുടങ്ങി.

‘‘ആദീ... ഒന്നു പിടിച്ചേ...’’ അമ്മയെ മറിച്ചിടാൻ നേരം പവി വിളിച്ചുപറഞ്ഞതൊന്നും അവൾ കേട്ടതേയില്ല.

അപ്പോഴേക്കും അശ്വിൻ തിരിച്ചെത്തി. അവരിരുവരും ചേർന്ന് അമ്മയെ ബദ്ധപ്പെട്ട് പൊക്കാൻ ശ്രമിച്ചു. ജീവിതത്തിലാദ്യമായി അവർക്ക് അമ്മ വലിയൊരു ഭാരമായി അനുഭവപ്പെട്ടു.

‘‘ഡോക്ടർ ചോദിക്കുമ്പോൾ മാർബിളിൽ വെള്ളം വഴുക്കി നിലവിളക്കിന് മുകളിലേക്ക് വീണതാണെന്നേ പറയാവൂ..’’ അശ്വിൻ എല്ലാവരോടുമായി പറഞ്ഞു.

‘‘ഞാൻ സത്യം പറയും.’’ പൊടുന്നനെ ആദിത്യയുടെ ശബ്ദം ഇടിമുഴക്കംപോലെ മുഴങ്ങി.

അശ്വിനും പവിത്രയും ഞെട്ടി. അമ്മയുടെ ശരീരം അവരുടെ കൈകളിൽ നിന്നും താഴേക്ക് വഴുതി. വല്ലാത്ത തളർച്ചയോടെ പവിത്രയും അശ്വിനും അമ്മയെ തറയിലേക്ക് വെച്ചു. അച്ഛ​ന്റെ തേങ്ങൽ പിടിച്ചുകെട്ടിയപോലെ നിന്നു. മൂന്നുപേരും തമ്മിൽത്തമ്മിൽ നോക്കി.

അശ്വിൻ എഴുന്നേറ്റ് ആദിത്യയുടെ അരികിലെത്തി, അവൾക്ക് യാതൊരു ഭാവമാറ്റവുമില്ല. ‘‘ആദീ, നീയെന്താണ് പറയുന്നത് ആദീ? നമ്മുടെ അച്ഛൻ മനഃപൂർവം ചെയ്തതാണോ ഇത്? എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ എല്ലാവരും പെടുമേ. പറഞ്ഞില്ലാന്ന് വേണ്ട.’’

ആദിത്യ അശ്വിനെ നോക്കി വിളറിയ ചിരിചിരിച്ചു. ‘‘എല്ലാവരുമല്ല, നിങ്ങള് മൂന്നുപേര്...’’ അവൾ കണ്ണുകൾ തുടച്ചു. ‘‘നിങ്ങള് മൂന്നുപേരും പെടും. അങ്ങനെ പറ...’’

അശ്വിൻ വിറങ്ങലിച്ചുപോയി. അവൻ ആദിത്യയെ തുറിച്ചുനോക്കി. അപ്പോഴേക്കും പവിത്ര അവർക്കരികിലെത്തി. കരച്ചിലും ദേഷ്യവും എല്ലാംകൂടി ചേർന്ന് അവളും വല്ലാത്ത അവസ്​ഥയിലായിക്കഴിഞ്ഞിരുന്നു.

‘‘നീ ഒറ്റൊരുത്തിയാണ് ഇത് മുഴുവൻ ഉണ്ടാക്കിയത്. അവളുടെ മറ്റോടത്തെ ഒരു ടൈംടേബിളും മീൻകറി അടന്തലും...’’ പവിത്ര അവൾക്ക് നേരെ അടുത്തു. ആദിത്യ പതുക്കെ ചുമര് ചാരി പിന്നോട്ട് നീങ്ങി.

അപ്പോഴേക്കും അശ്വിൻ വന്ന് അവർക്കിടയിലേക്ക് കയറി. ‘‘പവീ, തമ്മിൽത്തല്ലാനുള്ള സമയമല്ലിത്... നിങ്ങൾക്ക് രണ്ടിനും തീരെ ബുദ്ധിയില്ലേ?’’

‘‘ഇവളാണ്, ഇവൾ മാത്രമാണ് ഇതിനെല്ലാം ഉത്തരവാദി. എന്നിട്ട് കാലത്തി പറഞ്ഞത് കേട്ടില്ലേ നീ..? അവള് സത്യം പറയുന്നത് എനിക്കൊന്ന് കാണണമല്ലോ...’’ പവിത്രയുടെ അതുവരെ കാണാത്ത മുഖമായിരുന്നു അത്.

‘‘അവളെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കൊള്ളാം. നീ ദയവുചെയ്ത് അപ്പുറത്തേക്കൊന്നു പോയേ...’’ അശ്വിൻ പവിത്രയെ പിടിച്ച് ദൂരേക്ക് തള്ളി. ‘‘ആദീ, മോളേ നോക്ക്. ഇത് കുട്ടിക്കളിയല്ല. നമ്മൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ പ്രശ്നമാണ്. പഴയ കാര്യമെന്തെങ്കിലും ഉണ്ടെങ്കിൽ അതിന് പകരം വീട്ടാനുള്ള അവസരമല്ല ഇത്.’’

‘‘ഒരു പകരം വീട്ടലുമില്ല. ഞാനിവിടെ നടന്ന കാര്യം പറയും. അത്രയേ ഉള്ളൂ.’’ ആദിത്യയുടെ സ്വരം ദൃഢമായിരുന്നു.

അവളോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് അശ്വിന് തോന്നി. ‘‘ഉറപ്പാണോ?’’ എന്നിട്ടും അവൻ അവസാന ശ്രമമെന്ന രീതിയിൽ ചോദിച്ചു.

‘‘ആ ഉറപ്പാണ്.’’ അവൾ തറപ്പിച്ചു പറഞ്ഞു.

അശ്വിൻ പവിത്രക്ക് നേരെ തിരിഞ്ഞു. അവളുടെ മുക്ക് അസ്വാഭാവികമായി വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. അച്ഛൻ അശ്വിന് നേരെ ഒന്നു നോക്കിയ ശേഷം സോഫയിൽനിന്നും എഴുന്നേറ്റ് ഡൈനിങ്ങിലെ ജനൽ തുറന്ന് അഴികളിൽ പിടിച്ച് പുറത്തേക്ക് കണ്ണയച്ച് നിന്നു.

പെട്ടെന്ന് അശ്വിൻ ആദിത്യയുടെ കൊരവള്ളിയിൽ ഒറ്റ പിടുത്തമായിരുന്നു. അവൾ അത് തീരെ പ്രതീക്ഷിച്ചതായിരുന്നില്ല. കഴുതപ്പുലിയെപോലെ അവളുടെ മുഖത്തേക്ക് അവൻ ഇളിച്ചു കാട്ടി. ‘‘എന്നാ നീ പറയില്ല.’’ ആദിത്യക്ക് ശ്വാസം മുട്ടി. ‘‘എ​ന്റെയും വിൻസിയുടെയും പ്രണയത്തിനിടയിൽ കയറിക്കളിച്ച അന്ന് ഒഴിവാക്കി വിട്ടതാണ് നിന്നെ ഞാൻ. വെറുതെ അരിയൊടുങ്ങാതെ ചാകാൻ നിൽക്കണ്ട. പറഞ്ഞേക്കാം.’’ അവൾ കൂടുതൽ പിടഞ്ഞ് ദയനീയമാവാൻ തുടങ്ങിയപ്പോഴേക്കും അവൻ പതിയെ പിടുത്തം വിട്ടു.

നിലത്തേക്ക് വീണുപോയ ആദിത്യ വല്ലാത്ത ആശ്വാസത്തിൽ കുരച്ചു. പണിപ്പെട്ട് ശ്വാസം നേരെയാക്കിയ ശേഷം അവൾ അശ്വിനെ നോക്കി പല്ലുഞെരിച്ചു. ‘‘അമ്മയും ഞാനുമൊക്കെ ഇക്കാലമത്രയും അനുഭവിച്ചതെല്ലാം പെട്ടെന്നങ്ങ് മറക്കുമെന്ന് കരുതിയോ? അതുകൊണ്ടുതന്നെയാണ് ഇനിയൊരു പെണ്ണിനുംകൂടി ആ ഗതി വരണ്ടാന്ന് വിചാരിച്ച് അന്ന് ഞാനവളോട് പോയി നിനക്ക് അവനെ ശരിക്കറിയോന്ന് ചോദിച്ചത്...’’ അവൾ എഴുന്നേറ്റുനിന്ന് കഴുത്തുഴിഞ്ഞ് തൊണ്ട നേരെയാക്കി.

അശ്വി​ന്റെ കണ്ണുകളിൽ വൈരം പൊടിഞ്ഞു, സങ്കടംകൊണ്ട് ചുണ്ടുകൾ വിറഞ്ഞു. ‘‘അപ്പോൾ അവളോട് അന്ന് നീ ശരിക്കും ചോദിച്ചിരുന്നല്ലേ! ഞാങ്കരുതിയിരുന്നത് അതെല്ലാം നാട്ടുകാര് പറഞ്ഞുണ്ടാക്കിയതാണെന്നാണ്. കൊള്ളാം.’’

അശ്വിൻ വല്ലാത്ത ചിരിയോടെ കൈ വീണ്ടും അവളുടെ കഴുത്തിന് നേരെ നീട്ടി. ഇത്തവണ അൽപം ബലത്തിലായിരുന്നു. ആദിത്യക്ക് കുതറാൻപോലും കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ തുറിച്ചു. ചുമരിൽ പറ്റിച്ചേർന്ന് കാറ്റേറ്റ ചുമർചിത്രംപോലെ അവൾ ഉലഞ്ഞു. പവിത്ര അതുകണ്ട് മരവിച്ച് നിന്നു. അച്ഛൻ അപ്പോഴും ഒന്നും അറിയാത്തപോലെ ജനലഴികളും പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ്. അശ്വിൻ പല്ലു ഞെരിച്ചു. ‘‘അങ്ങനെയാണെങ്കിൽ നീ ഞങ്ങളെ ഒറ്റും. ഉറപ്പാ... ഞങ്ങളെ അങ്ങനെയങ്ങ് ഒറ്റിയിട്ട് നീ മാത്രം രക്ഷപ്പെട്ടാലെങ്ങനെയാ? ഏ!’’ അശ്വി​ന്റെ പിടിത്തത്തിൽനിന്നും അവൾക്ക് നിവരാൻ കഴിഞ്ഞില്ല. എല്ലിച്ച ആ ശരീരം പതുക്കെ അവൻ ചുമരിലൂടെ മുകളിലേക്കുരച്ച് പൊക്കി. തൂങ്ങിമരണത്തിലേർപ്പെടുന്നയാളുടെ പ്രച്ഛന്നവേഷപ്രകടനംപോലെ അവൾ വിറച്ചു. എത്രയോ ദിവസങ്ങളിൽ അന്ന് വിൻസി ഫോണെടുക്കാത്തതിലുള്ള സകല ഈർഷ്യയും അവ​ന്റെ പിടിത്തത്തിലേക്ക് ഊർന്നുവന്നു.

കൈകൾ രണ്ടും താഴേക്ക് നിവർന്ന് വിരലുകൾ മടക്കി ആദിത്യ ചുമരിൽ മാന്തി. പുറത്തേക്ക് ചാടിയ അവളുടെ നാക്കിൽ പല്ല് കൊണ്ട് ചോര പൊടിഞ്ഞു. കണ്ണുകൾ അശ്വിന് നേരെ മിഴിഞ്ഞു. അവസാന പിടച്ചിലും നിന്നു. നോട്ടം മാത്രം ബാക്കിയായപ്പോൾ അവൻ കൈ പിൻവലിച്ചു. പരസഹായം നഷ്​ടപ്പെട്ട ആദിത്യയുടെ ശരീരം ചാർജ് തീർന്ന റോബോട്ടിനെപ്പോലെ ഒടിഞ്ഞുമടങ്ങി നിലത്തേക്കൂർന്നു. അനക്കമില്ലാതെ കിടക്കുന്ന അവളെ നോക്കി അശ്വിൻ പോയി കസേരയിലിരുന്ന് കിതച്ചു. അവൻ വിയർത്തുകുളിച്ചിരുന്നു അപ്പോഴേക്കും.

 

പവിത്ര ഓടിവന്ന് ആദിത്യയെ കുലുക്കി വിളിച്ചു, മൂക്കി​ന്റെയോരത്ത് കൈവെച്ചു. വിറച്ചുപോയി അവൾ. ‘‘ഡാ...’’ എല്ലാ ഊർജവും ചോർന്നതുപോലെ അവൾ അശ്വിനെ നോക്കി നിലവിളിച്ചു. മൂന്നുപേർക്കും മിണ്ടാട്ടമില്ലാതെയായി. അശ്വിൻ മുഖം അമർത്തിയുഴിഞ്ഞും മുടി പിടിച്ചുവലിച്ചും മുറിയിൽ ഭ്രാന്തമായി നടന്നു. പവിത്ര അങ്ങേയറ്റം ദയനീയതയോടെ അച്ഛനെ നോക്കി. ഒന്നും അറിയാത്തപോലെയാണ് അച്ഛ​ന്റെ നിൽപ്. അവൾക്ക് ജീവിതത്തിലാദ്യമായി പേടി തോന്നി.

വലിയൊരു ഇടിവാൾ വന്ന് വീണ് കണ്ണഞ്ചിയപ്പോൾ അച്ഛൻ ജനലടച്ച് കർട്ടൻ നീക്കി വീണ്ടും സോഫയിൽ വന്നിരുന്നു.

‘‘എന്തെങ്കിലുമൊന്ന് ചെയ്യ് അച്ചൂ നീ...’’ അശ്വി​ന്റെ നടപ്പ് കണ്ട് പവിത്രക്കും ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.

അശ്വിൻ നടത്തം നിർത്തി വിളറി പിടിച്ച് അവൾക്ക് മുന്നിലെത്തി. വളരെ കുറഞ്ഞ സമയംകൊണ്ട് അവൻ പടുവൃദ്ധനായതുപോലെ പവിത്രക്ക് തോന്നി. ‘‘അമ്മയെ നമുക്ക് വീണെന്നും പറഞ്ഞ് ഹോസ്​പിറ്റലിൽ കൊണ്ടുപോകാം.. പക്ഷേ ആദി, അവളെ എന്തുചെയ്യുമെന്നാണ് ഞാനും ആലോചിക്കുന്നത്.’’ മനസ്സിൽ ഒന്നും തെളിഞ്ഞുവരാത്തതിന്റെ നിരാശ അവ​ന്റെ മുഖത്തുണ്ടായിരുന്നു.

‘‘വേണ്ടായിരുന്നു ഒന്നും...’’ പവിത്രയുടെ കണ്ണുകൾ നിറഞ്ഞു. അവൾ തലക്ക് കൈ കൊടുത്ത് നിസ്സഹായയായി ഇരുന്നു.

പുറത്ത് മഴ പെയ്യാൻ തുടങ്ങി. ഓപൺ ടെറസിലെ തകരഷീറ്റിന് മുകളിൽ മഴ ആർത്തലച്ചു. ആകാശക്കൂട്ടങ്ങൾ പരസ്​പരം മത്സരിച്ച് മിന്നലുടുപ്പുകൾ ഊരിയെറിഞ്ഞ് അട്ടഹസിച്ചു. പവിത്ര എഴുന്നേറ്റ് അച്ഛനരികിൽ പോയിരുന്നു.

‘‘അച്ഛാ...’’ അവൾ പതിയെ വിളിച്ചു.

‘‘ആദിയെ മാറ്റിയേ പറ്റൂ, ഒരിക്കലും കിട്ടാത്ത വിധത്തിൽ...’’ മിന്നൽവെളിച്ചത്തിൽ അച്ഛൻ ആരോടെന്നില്ലാതെ പിറുപിറുത്തു.

‘‘ഒരിക്കലും കിട്ടാത്ത വിധത്തിൽ മാറ്റുന്നതൊന്നും ഇന്നത്തെ കാലത്ത് നടക്കില്ലച്ഛാ... അതൊന്നും ബുദ്ധിയല്ല.’’ പവിത്ര മുഖം അമർത്തിയുഴിഞ്ഞു.

‘‘എങ്കിൽ പിന്നെ നീ പറയ്, എന്താ ചെയ്യേണ്ടതെന്ന്.’’ അശ്വിനും അവർക്കരികിലെക്കെത്തി.

പവിത്ര, അച്ഛനെയും അശ്വിനെയും മാറിമാറി നോക്കി. ‘‘ആദിയുടെ കാര്യം ഒരു കൈയബദ്ധംപോലെ നമുക്ക് പൊലീസിലറിയിക്കാം. അതായിരിക്കും ഏറ്റവും നല്ലത്.’’

അശ്വിനിൽ ഞെട്ടലുണ്ടായി. അത്തരമൊരു മറുപടി അവൻ തീരെ പ്രതീക്ഷിച്ചതല്ല. ‘‘അത് നടക്കില്ല പവ്യേച്ച്യേ. പൊലീസുമായുള്ള ഒരിടപാടും ഇതിൽ നടക്കില്ല.’’ അവ​ന്റെ സ്വരം പരുക്കനായി.

‘‘വേറെ വഴിയില്ല അച്ചൂ... പൊലീസ്​ ഇടപെട്ടെന്ന് കരുതി ഒരു പ്രശ്നവുമുണ്ടാവാൻ പോവുന്നില്ല. അതിനെ കുറിച്ചോർത്ത് നീ വിഷമിക്കണ്ട.’’

കുറച്ചുനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. അവർ ശ്വസിക്കുന്നുണ്ടോ എന്നുപോലും സംശയമായി. മഴയുടെ ശബ്ദം വീട്ടിനുള്ളിലേക്ക് ഇരച്ചുകേൾക്കാൻ തുടങ്ങി.

‘‘അങ്ങനെയാണെങ്കിൽ ഒരു കാര്യം ചെയ്യാം.’’ അശ്വി​ന്റെ ഒച്ച പൊങ്ങിയപ്പോൾ പവിത്ര അവന് നേരെ മുഖമുയർത്തി. ‘‘നി​ന്റെ അടുത്ത് നിന്നാണ് സംഭവിച്ചതെന്ന് പറയാം.’’

പവിത്ര അവനെ തുറിച്ചുനോക്കി. ‘‘എന്റെ അടുത്തുനിന്നോ?’’

‘‘ആ, ഒരു പ്രശ്നവുമുണ്ടാവില്ലെങ്കിൽ പിന്നെന്താ?’’

പവിത്ര പതറി. ‘‘പക്ഷേ സത്യം അതല്ലല്ലോ...’’

‘‘സത്യം പറയാൻ ശ്രമിച്ചവളെ കുറിച്ചാണ് നമ്മളിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.’’ അശ്വി​ന്റെ വലതുകണ്ണ് വല്ലാതെ ചെറുതായി.

പവിത്രയുടെ നെറ്റി ചുളിഞ്ഞു. ‘‘ഭീഷണിപ്പെടുത്തുകയാണോ?’’

‘‘ഭീഷണിയൊന്നുമല്ല, എല്ലാവരുംകൂടി തുടങ്ങിയ പരിപാടിയല്ലേ... അപ്പോ പിന്നെ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണ്. അത് ഓർമിപ്പിച്ചതാണ്.’’ അശ്വി​ന്റെ ഭാവം മാറിയിട്ടുണ്ടായിരുന്നു.

‘‘എല്ലാവരും കൂടിയുള്ള പരിപാടിയോ? എന്ത് വർത്തമാനമാണ് അച്ചൂ ഇത്?’’ പവിത്രയുടെ ഒച്ചയുയർന്നു.

‘‘പിന്നല്ലാതെ?’’

‘‘നി​ന്റെയും അച്ഛ​ന്റെയും തെമ്മാടിത്തരം വിൻസിയോട് പറഞ്ഞതിനുള്ള ദേഷ്യത്തിനല്ലേ ആദിയെ നീ ഇത്തോതിലാക്കിയത്.’’ ആദിത്യ അവനെ രൂക്ഷമായി നോക്കി.

‘‘രണ്ടുപേരും ഒന്ന് നിർത്തുന്നുണ്ടോ?’’ അച്ഛ​ന്റെ ശബ്ദം ഉയർന്നു. ‘‘പറ്റിപ്പോയതീന്ന് എങ്ങനെയെങ്കിലും ഊരാനുള്ള വഴിയെക്കുറിച്ച് ചിന്തിക്ക് ആദ്യം...’’

പൊടുന്നനെ ആദിത്യ ഒന്ന് ചുമച്ചതുപോലെ പവിത്രക്ക് തോന്നി. അവൾ ഞെട്ടലോടെ തിരിഞ്ഞുനോക്കി. രണ്ടുമൂന്ന് ഈച്ചകൾ അവളുടെ മുഖത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്.

കുതികുത്തി പെയ്യുന്ന മഴയാണ് പുറത്ത്. ഇരുട്ട് തല പൊക്കിത്തുടങ്ങിയിട്ടുണ്ട്. ഇറയത്ത് നിന്നും പുകപോലെ നുരഞ്ഞുയർന്ന ഈയാംപാറ്റകൾ ഡൈനിങ്ങിലേക്ക് പല ഭാഗത്തിലൂടെയും ഇരച്ചെത്തി. അവ അമ്മയുടെയും ആദിത്യയുടെയും ശരീരങ്ങളിൽ കിടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാനെന്നവണ്ണം കുനുകുനെ ചിറകുകളിട്ടടിച്ചു.

‘‘ആരെങ്കിലും എന്തെങ്കിലുമൊന്ന് പറയ്... വേഗം...’’ അശ്വിന്റെ ക്ഷമയറ്റു.

‘‘ഞാൻ പറയാനുള്ളത് പറഞ്ഞു. മറ്റുള്ള പരിപാടികൾക്കൊന്നും ഞാനില്ല. ഇനി നിങ്ങള് എന്താന്ന് വെച്ചാ ആയിക്കോ... എന്നെ വിട്ടേക്ക്.’’ ഒടുവിൽ പവിത്ര ടി.വിയുടെ തൊട്ടുതാഴെയുള്ള ടീപ്പോയിക്ക് മുകളിലെ ഫോണെടുത്ത് സുധീറി​ന്റെ നമ്പറ് തിരഞ്ഞെടുത്ത് ഡയൽ ചെയ്ത് ചെവിയിലേക്ക് ചേർത്ത് തൊട്ടപ്പുറത്തേക്ക് നടന്നു.

കോള് കണക്ടാവാൻ കുറച്ച് സമയമെടുത്തു. അങ്ങേത്തലയ്ക്കൽ ഒരൊറ്റ റിങ് ചെയ്യുന്നതേ പവിത്ര കേട്ടുള്ളൂ.. ‘‘പ്ടോ’’ എന്നുള്ള ഒച്ചകേട്ട് തിരിഞ്ഞുനോക്കി. കൈയിൽ കിച്ചുവിന്റെ പഴയ കുഞ്ഞുബാറ്റുമായി അച്ഛൻ. ചെവിയിലേക്ക് വെച്ച ഫോൺ എവിടേക്കാണ് പോയതെന്നറിയാതെ അവൾ തരിച്ചുപോയ കൈയിലേക്ക് ഉറ്റുനോക്കി. അന്നേരം ചെവിക്ക് കീഴ്ഭാഗത്തിലൂടെ എന്തോ അരിച്ചിറങ്ങുന്നതുപോലെ തോന്നി. ഇടതുകൈകൊണ്ട് തടവിനോക്കിയപ്പോൾ ചോരയുടെ വഴുവഴുപ്പ്! പൊടുന്നനെ പവിത്രക്ക് ഡൈനിങ് ഹാൾ ഒറ്റയടിക്ക് കീഴ്മേൽ മറിഞ്ഞു. തലയ്ക്കുള്ളിൽനിന്നും നിർത്താത്ത മൂളക്കം. എന്തെങ്കിലുമൊന്ന് പിടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ച് അവൾ ചുറ്റുവട്ടവും കൈകൊണ്ട് പരതി. അപ്പോഴേക്കും നേരത്തെ കേട്ടതുപോലുള്ള ശബ്ദം ഒരിക്കൽക്കൂടി മുഴങ്ങി. അത് ത​ന്റെ തലയിലാരോ അടിച്ച ശബ്ദമാണെന്ന് ഒരു മിന്നായംപോലെ അവൾക്ക് മനസ്സിലായി.

തറയിലേക്ക് വെട്ടിയിട്ടതുപോലെ വീണ പവിത്രയുടെ തലയുടെ ഇടതുവശം തകർന്ന് തരിപ്പണമായിട്ടുണ്ടായിരുന്നു. ചോര പുരണ്ട ബാറ്റുമായി നിന്ന് അച്ഛൻ കിതച്ചു. അശ്വിൻ വീണുകിടക്കുന്ന പവിത്രയെയും അച്ഛനെയും മാറിമാറി നോക്കി. അവൻ പകച്ചുപോയിട്ടുണ്ട്. ചെറുതായി കറങ്ങുന്ന ഫാനി​ന്റെ ഒച്ചമാത്രം!

‘‘അച്ചുവേ..., എന്താ അവിടെയൊരു ഒച്ച?’’ അകത്തുനിന്നും ഇടർച്ചയുള്ള വൃദ്ധസ്വരം കേട്ടപ്പോൾ അച്ഛൻ ഞെട്ടി.

‘‘ഒന്നുമില്ലച്ഛമ്മേ... അത് വെള്ളത്തി​ന്റെ ജഗ് വീണതാ..’’ അശ്വിൻ വേഗം വിളിച്ചുപറഞ്ഞു.

‘‘മായയെവിടെ? അവളെ കുറേ... നേരമായല്ലോ കണ്ടിട്ട്. വെളക്ക് വെച്ചിട്ടെത്ര നേരായി! എന്നെ ഭസ്​മംപോലും തൊടീച്ചില്ലല്ലോ അവള്... ഞാനാണെങ്കിൽ ഒന്ന് കണ്ണ് മാളിപ്പോവേം ചെയ്തു.’’

അച്ഛൻ അശ്വിനെ നോക്കി ബാറ്റ് ഡൈനിങ്ങി​ന്റെ മൂലയിലേക്കിട്ടു. പിന്നെ വേഗം കോണിക്കൂടിലേക്ക് കയറി അൽപം ഭസ്​മം വിരലുകൊണ്ട് നുള്ളിയെടുത്ത് അവരുടെ മുറിയിലെത്തി. വാട്ടർ ബെഡ്ഡിൽ പറ്റിക്കിടക്കുന്ന ആ ശരീരത്തി​ന്റെ തലമാത്രം മുഴുത്ത് കാണാം. അച്ഛൻ കട്ടിലിലിരുന്ന് ചിരിച്ചുകൊണ്ട് അവരുടെ നെറ്റിയിൽ പതുക്കെ ഭസ്​മം ചാർത്തി.

നാമജപം നിർത്തി അവർ നീർക്കുതിരയെപ്പോലെ മീന്ത വിറപ്പിച്ചു. ‘‘നി​ന്റെ കൈക്കെന്താ ചോരയുടെ മണം?’’

‘‘രാത്രിയിലേക്ക് കുറച്ച് ചിക്കൻ വാങ്ങിയിട്ടുണ്ടായിരുന്നു.’’

അവർ കുറച്ച് വലിയ ശ്വാസത്തോടൊപ്പം കൂടുതൽ മണം ഉള്ളിലേക്കെടുത്തു. ‘‘ഇത് കോഴിയുടെ മണമല്ലല്ലോ...’’ കാഴ്ചയറ്റ ആ കണ്ണുകൾ ഭീതികൊണ്ട് ഉലഞ്ഞു.

‘‘കോഴിയാണമ്മേ... പുറത്ത് നല്ല ഇടീം മഴയുമാണ്. അമ്മ നാമം ജപിച്ച് കിടന്നോ.’’ അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അയാൾ തൊട്ടപ്പുറത്തെ വലിയ രണ്ട് തലയിണകൾ എടുത്ത് അമ്മയുടെ മുഖത്തിന് മുകളിലേക്ക് വാത്സല്യത്തോടെ വെച്ചു. അവരെന്തോ പറയാൻ തുടങ്ങിയത് പൊടുന്നനെ മുറിഞ്ഞു. തളർന്നുപോയ ശരീരം ചലിപ്പിക്കാനാവാതെ തലയിട്ടുലച്ചു. അന്നേരം അയാളുടെ കൈകളിലെ ഞരമ്പുകൾ ജാഗ്രതയോടെ എഴുന്നേറ്റു. കട്ടിലി​ന്റെ കാൽഭാഗത്ത് അഴിയിലായി കെട്ടിയിട്ട യൂറിൻ ബാഗിലേക്ക് പാഞ്ഞുവന്ന അവസാന തുള്ളി ചാടണോ വേണ്ടയോ എന്ന നിലയിൽ ട്യൂബി​ന്റെ കൊല്ലിയിൽ അൽപനേരം അമാന്തിച്ച് നിന്നു.

പുറത്ത് അസാധ്യനീളത്തിലൊരു കാറ്റടിച്ചു. മുറ്റത്ത് പണ്ട് അമ്മ നട്ട നാടൻമാവി​​ന്റെ വലിയ ചില്ല കനത്ത ശബ്ദത്തോടെ പൊട്ടി വീണു.

സോഫയിലേക്ക് വീണിരുന്ന് ഭസ്​മം പുരണ്ട കൈകൾകൊണ്ട് മുഖം പൊത്തി തേങ്ങിക്കരയുന്ന അച്ഛനെ അശ്വിൻ തുറിച്ചുനോക്കി.

പെട്ടെന്ന് ഡൈനിങ്ങി​ന്റെ വാതിലിൽ മുട്ടുകളുയർന്നു.

രണ്ടുപേരും ഞെട്ടി! അശ്വിൻ വേഗം പവിത്രയെ ഡൈനിങ്ങിലെ സോഫക്ക് പിന്നിലേക്ക് വലിച്ചിട്ടു. പിന്നെ സോഫയിലുണ്ടായിരുന്ന ഉണങ്ങിയ തുണികൾ മൊത്തം നിലത്തേക്ക് വാരിയിട്ട് ധൃതിയിൽ ചോര തുടച്ച് കോണിക്കൂടിനുള്ളിലേക്കെറിഞ്ഞു. അമ്മയെ അവർ പൂജാമുറിയിൽ കൊണ്ടുപോയി തള്ളി വാതിലടച്ചു. ചോരയുടെ മണമായിരുന്നു അവിടം മുഴുവൻ. ഓടിപ്പോയി സ്​േപ്ര കുപ്പിയെടുത്ത് കൊണ്ടുവന്ന് അവൻ ഡൈനിങ് മൊത്തം പൂശി. അപ്പോഴേക്കും അച്ഛൻ ആദിത്യയെ അവളുടെ മുറിയിൽ കൊണ്ടുപോയി കിടത്തി മുകളിലേക്ക് പുതപ്പ് വലിച്ചിട്ടു.

ഒറ്റനോട്ടത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി അശ്വിൻ പതിയെ പോയി വാതിൽ തുറന്നു.

സിറ്റൗട്ടിലെ ഇരുട്ടിൽ, ദേഹം മുഴുവനായി നനഞ്ഞ് ബാറ്റും തോളിൽ വെച്ച് കള്ളച്ചിരിയുമായി കിച്ചൻ!

അശ്വിനും അച്ഛനും പരസ്​പരം നോക്കി. അന്നേരം കിച്ചൻ കുസൃതിയിൽ അശ്വിന് നേരെ മിണ്ടരുത് എന്ന രീതിയിൽ ചൂണ്ടുവിരൽ ചുണ്ടിലേക്കമർത്തി. പിന്നെ മുയലി​ന്റെ ജാഗ്രതയോടെ ചുറ്റുപാടും നോക്കിക്കൊണ്ട് ഇരച്ചെത്തിയ തണുത്ത കാറ്റിനൊപ്പം ഡൈനിങ്ങിലേക്ക് കയറി. അവൻ കടന്നതും അശ്വിൻ ശബ്ദമുണ്ടാക്കാതെ വാതിലടച്ച് കുറ്റിയിട്ടു. അച്ഛൻ അശ്വിനെത്തന്നെ നോക്കി നിന്നു.

പൊടുന്നനെ ഒരിടിവാൾ ഇറങ്ങിവെട്ടി!

എന്തൊക്കെയോ പൊട്ടിപ്പൊരിഞ്ഞ ശബ്ദം. എല്ലാ വെളിച്ചവും അറ്റു. വീട് മുഴുവൻ മണ്ണ് വെന്ത മണം പരന്നു. അശ്വിൻ കീശയിലെ മൊ​െബെൽ തപ്പി, ഏതോ മുറിയിൽനിന്നും കിച്ചന്റെ നിലവിളിയുയർന്നു. ഡൈനിങ്ങിലൂടെ ആരോ ഓടിയതുപോലെ. മൊ​െബെൽ തിരഞ്ഞ് അശ്വിൻ എന്തിലൊക്കെയോ തട്ടിവീഴാൻ പോയി. തിരച്ചിലിനൊടുവിൽ കിട്ടിയ മൊ​ബൈലിലെ ടോർച്ച് ഓൺചെയ്ത് അവൻ കിച്ച​ന്റെ നിലവിളി കേട്ട മുറിയിലേക്ക് കുതിച്ചു.

‘‘കിച്ചാ...’’ അവൻ പതുക്കെ വിളിച്ചുകൊണ്ട് മുറിയുടെ ഓരോ ഇടങ്ങളിലേക്കായി വെളിച്ചം പായിച്ചു. കിച്ചൻ പക്ഷേ അവിടെ എവിടെയും ഉണ്ടായിരുന്നില്ല. അപ്പോഴേക്കും അച്ഛനും മുറിയിലേക്കെത്തി.

‘‘ഡാ..’’ അച്ഛൻ ഭീതിയോടെ തറയിലേക്ക് നോക്കി. നിലത്ത് ചോര പുരണ്ട കാൽപ്പാടുകൾ! അവരിരുവരും പതുക്കെ ആ പാടുകൾ പിന്തുടർന്നു. അത് കിച്ചണിലേക്കായിരുന്നു നീണ്ടു കിടന്നത്. സ്റ്റോർ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ ഇരുവരും നിന്നു.

ഉള്ളിൽനിന്നും കിച്ച​ന്റെ നേർത്ത ഞരക്കം. വെളിച്ചമടിച്ചപ്പോൾ കണ്ടു, കോൺക്രീറ്റ് റാക്കി​ന്റെ ഏറ്റവും താഴത്തെ തട്ടിൽ വായിൽ തുണി തിരുകി കൈകൾ രണ്ടും പിന്നിലേക്ക് കെട്ടിയ നിലയിൽ കിച്ചൻ. അച്ഛനും അശ്വിനും ഭീതിയോടെ മുഖത്തോട് മുഖം നോക്കി. അശ്വിൻ വേഗം മൊബൈൽ വെളിച്ചമണക്കാതെ ഷർട്ടി​ന്റെ പോക്കറ്റിലിട്ട് അവനെയെടുത്ത് കൈയി​ന്റെ കെട്ടഴിച്ചു.

 

പെട്ടെന്നായിരുന്നു പിന്നിൽനിന്നും വലിയൊരൊച്ചയോടെ അച്ഛൻ മറിഞ്ഞുവീണത്. അശ്വിൻ ഞെട്ടലോടെ തിരിഞ്ഞുനോക്കി. മൊ​െബെലി​ന്റെ നേർത്ത വെളിച്ചത്തിൽ ബാറ്റും കൈയിൽ പിടിച്ച് അവൾ!

ഒരലർച്ചയോടെ അവൾക്കുനേരെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും അശ്വി​ന്റെ തല പിളർത്തിക്കൊണ്ട് ബാറ്റ് തലയിൽ പതിഞ്ഞു. മൊ​െബെൽ വെളിച്ചംകെട്ട് പൊട്ടിയ പന്തംപോലെ മുറിയുടെ മൂലയിലേക്ക് തെറിച്ചുവീണു. തലപിളർന്ന് അശ്വിൻ ചോരയിൽ കിടന്ന് പിടഞ്ഞു. തൊട്ടപ്പുറത്തുനിന്നും പാതിബോധത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ച അച്ഛ​ന്റെ തലയിൽ പിന്നെയും വീണു അടി. പകതീരാതെ രണ്ടുപേരെയും മതിവരുവോളം അവൾ തല്ലിച്ചതച്ചു. അനക്കം നിന്നുവെന്ന് തോന്നിയപ്പോൾ നിലത്ത് വീണുകിടക്കുന്ന അശ്വി​ന്റെ മൊബൈലെടുത്ത് കിതച്ചുകൊണ്ട് അവൾ സ്റ്റോർ റൂം മുഴുവൻ തിരഞ്ഞു. പിന്നെ വേഗം അടുക്കളയിലേക്ക് കടന്ന് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി. ഓടി ഡൈനിങ്ങിലെത്തി മുൻവശത്തെ വാതിലും പരിശോധിച്ചു.

ഒടുവിൽ സ്റ്റെയറിനടുത്തെത്തി മുകളിലേക്ക് നോക്കി.

‘‘കിച്ചാ...’’ അവൾ ഉറക്കെ വിളിച്ചു. മറുപടിയായി പുറത്തുനിന്നും കൂർത്തുവരുന്ന ഇടിവാളി​ന്റെ വെളിച്ചവും മുഴക്കവും മാത്രം!

ഒരു കൈയിൽ ബാറ്റും മറുകൈയിൽ മൊബൈൽ വെളിച്ചവുമായി അവൾ പതിയെ മുകൾനിലയിലേക്കുള്ള സ്റ്റെപ്പുകൾ കയറാൻ തുടങ്ങി...

(ചിത്രീകരണം: തോലിൽ സുരേഷ്​)

News Summary - weekly literature story