Begin typing your search above and press return to search.
proflie-avatar
Login

ഒടയോൻ

ഒടയോൻ
cancel

എന്റെ കുട്ടിക്കാലത്തെ ഒരു സംഭവമാണ്. എനിക്കന്ന് ആറേഴ് വയസ്സു കാണും. അടുത്ത വീട്ടിലെ സുരേഷിന്റെ കൂടെ കളിക്കുകയായിരുന്നു. അവന്റെ കൈയിൽ നല്ല ഭംഗിയുള്ള ഒരു കാർ ഉണ്ടായിരുന്നു. എന്റെ വീട്ടിലെ ഡൈനിങ് ടേബിളിൽ അവനത് ഓടിച്ചു കളിച്ചു. എന്നിട്ട് തെല്ല് ഗമയോടെ പറഞ്ഞു: ‘‘മനോജേ, നീയെന്റെ കാർ കണ്ടോ?’’ ഞാനവന്റെ അവകാശവാദത്തെ ഖണ്ഡിച്ചു: ‘‘നീ മണ്ടനാണ്. ഇതു കാറല്ല. കാറാണെങ്കിൽ നിനക്കു കയറിയിരിക്കാൻ സാധിക്കും. ഇഷ്ടംപോലെ ഡ്രൈവ് ചെയ്യാൻ പറ്റും. ഇതു വെറും കളിപ്പാട്ടം.’’ സുരേഷിന്റെ മുഖമിരുണ്ടു. എനിക്ക് കാറില്ലാത്തതിന്റെ കുശുമ്പാണെന്ന് കുറ്റപ്പെടുത്തി. പിന്നെ കളിപ്പാട്ട വണ്ടിയുമെടുത്ത് അവന്റെ പാട്ടിനു...

Your Subscription Supports Independent Journalism

View Plans

എന്റെ കുട്ടിക്കാലത്തെ ഒരു സംഭവമാണ്. എനിക്കന്ന് ആറേഴ് വയസ്സു കാണും. അടുത്ത വീട്ടിലെ സുരേഷിന്റെ കൂടെ കളിക്കുകയായിരുന്നു. അവന്റെ കൈയിൽ നല്ല ഭംഗിയുള്ള ഒരു കാർ ഉണ്ടായിരുന്നു. എന്റെ വീട്ടിലെ ഡൈനിങ് ടേബിളിൽ അവനത് ഓടിച്ചു കളിച്ചു. എന്നിട്ട് തെല്ല് ഗമയോടെ പറഞ്ഞു:

‘‘മനോജേ, നീയെന്റെ കാർ കണ്ടോ?’’

ഞാനവന്റെ അവകാശവാദത്തെ ഖണ്ഡിച്ചു:

‘‘നീ മണ്ടനാണ്. ഇതു കാറല്ല. കാറാണെങ്കിൽ നിനക്കു കയറിയിരിക്കാൻ സാധിക്കും. ഇഷ്ടംപോലെ ഡ്രൈവ് ചെയ്യാൻ പറ്റും. ഇതു വെറും കളിപ്പാട്ടം.’’

സുരേഷിന്റെ മുഖമിരുണ്ടു. എനിക്ക് കാറില്ലാത്തതിന്റെ കുശുമ്പാണെന്ന് കുറ്റപ്പെടുത്തി. പിന്നെ കളിപ്പാട്ട വണ്ടിയുമെടുത്ത് അവന്റെ പാട്ടിനു പോയി.

യാഥാർഥ്യങ്ങൾ വ്യാഖ്യാനങ്ങളിലൂടെ സൃഷ്ടിച്ചെടുക്കേണ്ടതല്ലെന്ന ചിന്താഗതി ക്രമേണ എന്നിൽ തീവ്രമായി. എന്നാൽ, ആശയപരമായ വിയോജിപ്പുകൾ എപ്പോഴുമൊന്നും വെളിപ്പെടുത്തുവാൻ ഞാൻ തയാറായില്ല.

എന്റെ അമ്മൂമ്മ കഥകൾ പറഞ്ഞുതരാറുണ്ട്. മിക്കവാറും സുരേഷും എന്റെയൊപ്പം കഥ കേൾക്കാനുണ്ടാവും. അങ്ങനെയിരിക്കെയാണ് അമ്മൂമ്മ ആ കഥ പറഞ്ഞുതന്നത്:

‘‘നമ്മുടെ നാട്ടിൽ മച്ചകത്ത് ഒടയോൻ എന്നൊരാൾ ജീവിച്ചിരുന്നു...’’ ഞാൻ ശ്രദ്ധിച്ചു.

‘‘ഒരിക്കൽ ഒരിടത്ത്’’ എന്നല്ല അമ്മൂമ്മ കഥ തുടങ്ങിയത്. ചരിത്രത്തിന്റെ ഒരു പ്രേതസാന്നിധ്യം എനിക്കാ കഥയിൽ അനുഭവപ്പെട്ടു. അമ്മൂമ്മ കഥ തുടർന്നു:

‘‘അതിസുന്ദരിയായ പൊന്മേനിത്തങ്കയായിരുന്നു ഒടയോന്റെ ഭാര്യ. തത്ത്വചിന്ത, രാഷ്ട്രമീമാംസ, നീതി, ന്യായം തുടങ്ങിയ കാര്യങ്ങളിൽ മച്ചകത്ത് ഒടയോൻ വളരെ പരിജ്‌ഞാനം സമ്പാദിച്ചിരുന്നു. ധാർമികമായ കാര്യങ്ങളിൽ മുൻപന്തിയിൽ നിലകൊണ്ടു. ന്യായാധിപന്മാർ, രാജഭടന്മാർ, ഭിഷഗ്വരന്മാർ എന്നിങ്ങനെ ഉന്നതസ്ഥാനീയരായ പലരും അദ്ദേഹത്തിന്റെ മിത്രങ്ങളായി ഉണ്ടായിരുന്നു.’’

കഥപറച്ചിലിനിടയിൽ അമ്മൂമ്മ തെല്ലുനേരം മൗനം പാലിച്ചു. എന്നിട്ടു തുടർന്നു:

‘‘അദ്ദേഹം നിരവധി ദേശങ്ങളിൽ സഞ്ചരിച്ച് പല ഗുപ്തവിദ്യകളും സ്വായത്തമാക്കി. അങ്ങനെ വാത്സ്യായനം എന്ന വിദ്യയിലും പ്രാവീണ്യം സമ്പാദിച്ചിരുന്നുവത്രേ. അതിനാൽ സുന്ദരിയായ ഏതു യുവതിയെ കണ്ടാലും തന്റെ ഭാര്യയാക്കി മാറ്റുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു...’’

അമ്മൂമ്മ പറയുന്നതിന്റെ മുഴുവൻ പൊരുളും എനിക്കു തിരിഞ്ഞു കിട്ടിയില്ല. ഇപ്രകാരം അമ്മൂമ്മ പറഞ്ഞ കഥയിൽ മച്ചകത്ത് ഒടയോൻ, പൊന്മേനിത്തങ്ക, അവരുടെ പുത്രന്മാർ, സുന്ദരിമാരായ അച്ചിമാർ, നാടുവാഴും പൊന്നുതമ്പുരാൻ, രാജകിങ്കരന്മാർ, നാട്ടുപ്രമാണികൾ, ചാരന്മാർ, ചോരന്മാർ, മർമവിദ്യാ വിദഗ്ധന്മാർ, മന്ത്രവാദികൾ തുടങ്ങി നിരവധി കഥാപാത്രങ്ങളുണ്ടായിരുന്നു. എല്ലാവർക്കും മേലേ സകലവിദ്യകളിലും സ്ഥാനമാനങ്ങളിലും മുമ്പനായി മച്ചകത്ത് ഒടയോൻ നിലകൊണ്ടു. ഈ കഥാപാത്രങ്ങളെല്ലാം ചേർന്ന് ഐതിഹ്യസമാനമായ ഒരു അന്തരീക്ഷം ഒടയോന്റെ ചരിതത്തിൽ സൃഷ്ടിച്ചു. അമ്മൂമ്മ കഥ പറയുമ്പോഴുള്ള കുഴപ്പമതാണ്. അച്ഛന്റെ കുട്ടിക്കാലത്തെപ്പറ്റി പറഞ്ഞുതരുമ്പോഴും ശ്രീ പരമേശ്വരനും പാർവതിയും മറ്റും കയറിവരും:

‘‘നിന്റെ മുത്തച്ഛനും എനിക്കും മക്കളുണ്ടായില്ല. നാമജപം, പൂജ, വഴിപാട്. അമ്മൂമ്മയും അപ്പൂപ്പനും പല പുണ്യസ്ഥലങ്ങളിലും പോയി. ഒരു ശിവരാത്രി ദിവസം സന്ധ്യ കഴിഞ്ഞപ്പോൾ ഭസ്മക്കുറിയൊക്കെയണിഞ്ഞ് ഒരാൾ കയറിവന്നു. അയാൾ ഒന്നും ചോദിച്ചില്ല. രണ്ടു വർഷത്തിനുള്ളിൽ നിങ്ങൾക്കു സന്താനസൗഭാഗ്യമുണ്ടാകുമെന്നു പറഞ്ഞ് കുറെ ഭസ്മം വാരി എന്റെ മുഖത്തിട്ടു. എന്നിട്ടു തിരിഞ്ഞുനോക്കാതെ പടിയിറങ്ങിപ്പോയി. മക്കളേ, അന്നു ഞാൻ സ്വപ്നത്തിൽ കണ്ടു, അതേ മുഖം, ഭസ്മക്കുറി, രുദ്രാക്ഷമാല... ശംഭോ! മഹാദേവ... ശംഭോ! മഹാദേവ... അങ്ങനെയാണ് നിന്റെയച്ഛനുണ്ടായത്...’’ ഇതാണ് അമ്മൂമ്മയുടെ രീതി.

എനിക്കു ദേഷ്യം വരും. പക്ഷേ, സുരേഷ് കണ്ണുമിഴിച്ചിരുന്ന് കേട്ടുകൊള്ളും. എന്നിട്ട് ക്ലാസിലൊക്കെ ചെന്നു പറയുകയും ചെയ്യും. മനോജിന്റെ അമ്മൂമ്മയെ പരമശിവൻ അനുഗ്രഹിച്ചതാണ്. അങ്ങനെയാണ് അവന്റെ അച്ഛനുണ്ടായത്. കുട്ടികളെല്ലാം വിചിത്രജീവിയെ കാണുന്നതുപോലെ എന്നെ നോക്കും.

സുരേഷിന്റെ ജീവിതത്തെ എന്റെ അമ്മൂമ്മ വളരെയേറെ സ്വാധീനിച്ചു. അവൻ കഥകളെഴുതിത്തുടങ്ങി. ഒടയോനെപ്പറ്റി തന്നെയായിരുന്നു ആദ്യകഥ. എനിക്കു വായിക്കുവാൻ തന്നു:

‘‘ഒരിടത്ത് മച്ചകത്ത് ഒടയോൻ എന്നൊരാളുണ്ടായിരുന്നു...’’ വായിച്ചു തുടങ്ങിയപ്പോൾതന്നെ എനിക്കു ചെകിടിച്ചു. അമ്മൂമ്മ പറഞ്ഞപ്പോഴുണ്ടായിരുന്ന ചരിത്രപരമായ നേരിയ അംശംപോലും അവന്റെ കഥയിൽനിന്നു തിരസ്കരിക്കപ്പെട്ടിരിക്കുന്നു. ഞാൻ അവഗണിച്ചെങ്കിലും പ്രശംസയും പ്രോത്സാഹനവും നേടി കെ.പി. സുരേഷ് പിന്നെയും കഥകളെഴുതി. ദാ, ഇപ്പോൾ നിങ്ങളെല്ലാം അറിയുന്ന ഒന്നാന്തരം കഥാകൃത്താണവൻ. ആദ്യകഥയെഴുതി അവൻ മച്ചകത്ത് ഒടയോനെ മറന്നു.

ചില എഴുത്തുകാരെപ്പോലെ തന്റെ എഴുത്തിന്റെ ഭാരവും മഹത്ത്വവും ചുമന്നുകൊണ്ടു നടക്കുന്ന ശീലം അവനില്ലായിരുന്നു. എന്റെ നാട്ടിൽ അങ്ങനെയൊരാൾ ജീവിച്ചിരുന്നുവെന്നറിയുമ്പോൾ, അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കേണ്ടതും ചരിത്രത്തിന്റെ താളുകളിൽ അദ്ദേഹത്തെപ്പറ്റി സത്യസന്ധമായി എഴുതിച്ചേർക്കേണ്ടതും എന്റെ കടമയാണെന്നു ഞാൻ വിശ്വസിച്ചു. അങ്ങനെ പല ഗ്രന്ഥപ്പുരകളിലും പരിശോധിച്ചു.

ഒടയോനെപ്പറ്റിയുള്ള എന്റെ ഗവേഷണത്തെക്കുറിച്ച് മച്ചകത്തു തറവാട്ടുകാരറിഞ്ഞു. ഒടയോന്റെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്നവരാണവർ. എന്നെ സമീപിച്ച് അവർ പറഞ്ഞു:

‘‘മി. മനോജ്, ഞങ്ങൾ പറഞ്ഞുതരാം. താങ്കൾ അതു രേഖപ്പെടുത്തിയാൽ മാത്രം മതി. മഹാനായ ഒടയോൻ മുത്തച്ഛന്റെ ജീവിതകഥകൾ തലമുറകളായി പറഞ്ഞു പറഞ്ഞു കേട്ടിട്ടുണ്ട്. അതൊരു ഗ്രന്ഥമാക്കണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്. താങ്കൾ അതു രേഖപ്പെടുത്തിയാൽ ചരിത്രത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയില്ല.’’

എനിക്കതിനോടു യോജിക്കുവാൻ സാധിച്ചില്ല. എന്നാൽ ഒരു മാസത്തിനുള്ളിൽ മച്ചകത്ത് ഒടയോന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. കെ.പി. സുരേഷായിരുന്നു എഴുതിയത്. ഒരു നോവലിന്റെ ഘടനയും സൗകുമാര്യവും അതിനുണ്ടായിരുന്നു. അതിൻപ്രകാരം അദ്ദേഹം പരമസാത്വികനും ഉന്നതസ്ഥാനീയരുടെ അടുത്ത മിത്രവുമായിരുന്നു. വൈദ്യം, ജ്യോതിഷം, മന്ത്രവാദം, വാത്സ്യായനം തുടങ്ങിയ വിദ്യകളിൽ അവഗാഹമുള്ള വ്യക്തിയുമായിരുന്നു. സോമരസത്തിനു തുല്യമായ പാനീയം സ്വയമുണ്ടാക്കി സേവിച്ചിരുന്നുവെങ്കിലും മാംസം ഭുജിച്ചിരുന്നുവോയെന്ന് വ്യക്തത ലഭിച്ചില്ല. കിഴക്കുനിന്നു വന്ന പരദേശിപ്പടയെ ഒറ്റക്കു നേരിടുകയും, പലായനംചെയ്ത ശത്രുവ്യൂഹത്തെ മന്ത്രവിദ്യയാൽ സൃഷ്ടിച്ച ഗർത്തത്തിൽ വീഴ്ത്തി സമൂലം സംഹരിക്കുകയും ചെയ്യുന്നത് ഒരു സിനിമയിൽ കാണും വിധം കെ.പി. സുരേഷ് ഭംഗിയായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

പെട്ടെന്ന് വലിയ ഒരു അഗ്നിഗോളം ആകാശത്തുനിന്ന് ഒടയോന്റെ മേൽ പതിച്ചതും ഒടയോനും അദ്ദേഹം സഞ്ചരിച്ച അശ്വവും ഒരു പുൽക്കൊടിപോലും അവശേഷിക്കാത്തവിധം അവർ നിന്ന മൺതിട്ടസഹിതം ക്ഷണത്തിൽ അപ്രത്യക്ഷമായതും വിവരിക്കുന്നതാണ് അവസാന അധ്യായം. ധീരതയും സേവനൗത്സുക്യവും നിറഞ്ഞ മഹത്ത്വപൂർണമായ ജീവിതമായിരുന്നെങ്കിലും പ്രകൃതിശക്തിക്കുമേൽ ഇടപെട്ടതിന്റെ അനിവാര്യമായ ശിക്ഷയാണ് ഒടയോന് കരഗതമായതെന്ന് ആമുഖത്തിൽ സുരേഷ് പറഞ്ഞിട്ടുണ്ട്. ഈ ചരിത്രാതീത ദൃക്സാക്ഷി വിവരണം അവനെങ്ങനെ സാധിച്ചുവെന്ന് ഏതു വായനക്കാരനും അത്ഭുതം തോന്നും. പക്ഷേ, എന്റെ അന്വേഷണങ്ങൾ അവസാനിപ്പിച്ചില്ല. ഞാൻ നേരെ കണിയങ്ങാട്ടു പുരയ്ക്കലെത്തി. അങ്ങോട്ടു പോകുവാൻ തെല്ലു മടിയുണ്ടായിരുന്നു.

ഇരിക്കുവാൻ പറഞ്ഞാൽ കിടക്കുന്നവരാണ് അവിടത്തെ സ്ത്രീകൾ എന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. ഒരുപാട് അശ്ലീല കഥകളും അവരെപ്പറ്റി പ്രചാരത്തിലുണ്ട്. എങ്കിലും ആ തറവാടിന്റെ പഴമയും, അവരുടെ മുത്തശ്ശിമാരെപ്പറ്റിയുള്ള കെട്ടുകഥകളുടെ ബാഹുല്യവും അങ്ങോട്ടു ചെല്ലുവാൻ എന്നെ പ്രേരിപ്പിച്ചു. ഇപ്പോഴത്തെ തലമുറയിലുള്ള ഒരു എക്സ് മിലിട്ടറിക്കാരനായിരുന്നു ഭാര്യയോടും മക്കളോടുമൊപ്പം അവിടെ താമസിച്ചിരുന്നത്. വളരെ കുലീനമായ പെരുമാറ്റമായിരുന്നു അവരുടേത്. വിരമിക്കുന്നതിനു ഏതാനും വർഷം മുമ്പ് വേഷംമാറി പാക്കിസ്ഥാനിൽ പോയിട്ടുണ്ടെന്നും, അവിടത്തെ പത്തു പന്ത്രണ്ടു പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ടെന്നും, അവരിൽ ചിലരൊക്കെ തന്റെ മക്കളെ പ്രസവിച്ചിട്ടുണ്ടെന്നും, അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പതിനൊന്നു പാക്കിസ്ഥാൻ പട്ടാളക്കാർക്കു മുകളിലൂടെ അവിടെ നിന്നു തന്നെ തട്ടിയെടുത്ത ഒരു പാറ്റൻ ടാങ്ക് ഓടിച്ചു കയറ്റിയിട്ടുണ്ടെന്നും, അതിൽ അൽപജീവനോടെ ശേഷിച്ച ഒരുവൻ തനിക്കു നേരെ വെടിയുതിർത്തുവെന്നും പറഞ്ഞ് അയാൾ തന്റെ കാൽമടമ്പ് പൊക്കിക്കാണിച്ചു.

പാക്കിസ്ഥാനിലെ പെണ്ണുങ്ങളുടെ കാര്യം ഭാര്യക്കും മക്കൾക്കുമെന്നല്ല, ആർക്കും അറിയില്ലെന്നും, എന്നോടുള്ള വിശ്വാസംകൊണ്ടു മാത്രം പറഞ്ഞതാണെന്നും, തന്റെ കാലശേഷം വേണമെങ്കിൽ ചരിത്രത്തിൽ രേഖപ്പെടുത്തിക്കൊള്ളാനും അയാൾ പറഞ്ഞു. ചൊറിപ്പാടുപോലെ ശേഷിക്കുന്ന വെടിയുണ്ട കയറിയ അടയാളം അയാൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ തൊട്ടുനോക്കി.

ഞാൻ താൽപര്യപൂർവം കേൾക്കുകയും അത്ഭുതവും ആദരവും പ്രകടിപ്പിക്കുകയുംചെയ്തപ്പോൾ തറവാടിന്റെ തട്ടിൻപുറത്തു കയറി പരിശോധിക്കാനുള്ള അനുമതിയും മിലിട്ടറി ക്വാട്ടയിലുള്ള രണ്ടു ലാർജും അയാൾ എനിക്കു നൽകി.

 

ഇരുട്ടും മാറാലയും എലിയും പാറ്റയുമെല്ലാം നിറഞ്ഞ തട്ടുമ്പുറത്ത് ഒരുദിവസം മുഴുവൻ ഞാൻ പരതി. ഒടുവിൽ പഴക്കംചെന്ന ഏതാനും താളിയോലകൾ കിട്ടി. പകുതി ചിതലെടുത്തിരുന്നു. ഇരുട്ടിന്റെ മറവിൽ എലിയും പാറ്റയും കരണ്ടുതിന്നു കളയുന്ന ചരിത്രത്തെയോർത്ത് ദുഃഖം തോന്നി.

താളിയോലകൾ വീട്ടിൽ കൊണ്ടുപോയി വളരെ ശ്രദ്ധയോടെ വായിച്ചു. അതിന്റെ പഴക്കം നിർണയിച്ചു. കളിയങ്ങാട്ടു തറവാട്ടിലെ കാളി എന്നു പേരുള്ള ഒരു മുത്തശ്ശിയെഴുതിയ കുറിപ്പുകളായിരുന്നു അതെല്ലാം. വാത്സ്യായനത്തിൽ സാമർഥ്യമുള്ളവളായിരുന്നു കാളി മുത്തശ്ശി. അവരുടെ ശിഷ്യനായി ഒടയോൻ അൽപകാലം വാത്സ്യായനം അഭ്യസിച്ചതിന്റെ സൂചനകൾ കണ്ടുകിട്ടി. ഹസ്തിനി ലക്ഷണങ്ങൾ തികഞ്ഞ, വലിയ മുലയുള്ള സുന്ദരിയായ ഗുരുനാഥയെ ഞാൻ മനസ്സിൽ സങ്കൽപിച്ചു.

 

എന്നാൽ, പിന്നീടുള്ള ഓലകളിൽ, തന്റെ ശിഷ്യനോടുള്ള അവരുടെ വാത്സല്യം കുറഞ്ഞുവരുന്നതു കണ്ടു. ഒടയോന്റെ ജീവിതത്തെപ്പറ്റിയുള്ള ചില സൂചനകൾ അവിടവിടെയായി ചിതറിക്കിടക്കുന്നതും കണ്ടു. ഭാര്യയുടെ മാതാവിനെ ഒടയോൻ പ്രാപിച്ചുവെന്നുള്ളതും, പിതാവിനെ ചിരവകൊണ്ടു തലയിൽ പ്രഹരിച്ചു വധിച്ചുവെന്നതുമായിരുന്നു ആ സൂചനകളിൽ ചിലത്. എന്നാൽ, ഒടയോന്റെ കുടുംബം, ജാതി, സ്ഥാനം എന്നിവ നിർണയിക്കാൻ പറ്റുന്നവയായ തെളിവുകളൊന്നും കണ്ടുകിട്ടിയില്ല.

ആ ഓലകൾ വായിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തമായി. ഒടയോന്റെ പിന്മുറക്കാരെന്ന് അവകാശപ്പെടുവാൻ മച്ചകത്തു തറവാട്ടുകാർക്കു മാത്രമല്ല സാധിക്കുന്നത്.

ഒരു വൈകുന്നേരം നാട്ടിലെ പ്രാചീനമായ ചില നിർമിതികളും കുളിക്കടവിലെ സ്തൂപത്തിൽ കണ്ടിട്ടുള്ള ചില ലിഖിതങ്ങളും പരിശോധിച്ചും വായിച്ചു വ്യാഖ്യാനിക്കാൻ ശ്രമിച്ചും ഏറെ സമയം ചെലവഴിച്ചശേഷം ഞാൻ മടങ്ങിപ്പോവുകയായിരുന്നു. ചെറിയാച്ചന്റെ ചായക്കടേന്ന് ഒരു ചായ കുടിച്ചിട്ട് സാവധാനത്തിലായിരുന്നു നടത്തം. നടക്കുകയാണെന്നോ വഴിയിൽ നിറയെ ഇരുട്ടാണെന്നോ ഞാൻ അറിയുന്നുണ്ടായിരുന്നില്ല. പാടവരമ്പു മുറിച്ചു കടന്ന് ഞാൻ കലുങ്കിനടുത്തെത്തിയതും ശൂ ശൂ ന്ന് പുറകിൽനിന്നാരോ വിളിച്ചു. സത്യം പറഞ്ഞാൽ അപ്പോഴാണ് എനിക്കു സ്ഥലകാലബോധമുണ്ടായത്. ഞാൻ തിരിഞ്ഞു നിന്നു.

‘‘മനോജ് സാറിനെയൊന്നു കാണണമെന്ന് കുറെ ദിവസമായി വിചാരിക്കുന്നു.’’

പാടത്തുനിന്ന് പഞ്ചായത്തു റോഡിലേക്കുള്ള കോൺക്രീറ്റ് പാലത്തിലൂടെ കയറിവന്ന്, സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ സ്വന്തം നിഴലിനെ അലിയിച്ചു കളഞ്ഞ് മുന്നിൽ നിൽക്കുന്നതു ശിവൻ കുട്ടിയാണെന്നു മനസ്സിലായി. പഴയ സഖാവാണ്. ഒരുതവണ ഇലക്ഷനു നിന്നു തോറ്റു. ഇപ്പോൾ സമുദായ പ്രവർത്തനങ്ങളിൽ സജീവമാണ്. എവിടെയോ പോയി പൂജകൾ പഠിച്ചെന്നും ഇപ്പോൾ ഏതോ ഗുരുമന്ദിരത്തിൽ ശാന്തിക്കാരനായി നിൽക്കുകയാണെന്നും കേട്ടിരുന്നു.

‘‘സാറ് ചെല കാര്യങ്ങളൊക്കെ അന്വേഷിച്ചു നടക്കുവാണെന്നറിഞ്ഞു. ഒള്ളത് ഒള്ളതുപോലെയൊക്കെ എഴുതി​െവക്കണമെങ്കിൽ സാറിനെപ്പോലൊള്ളവരു തന്നെ വേണം. ഞാനൊരു രഹസ്യം പറയാം. ഈ ഒടയോനുണ്ടല്ലൊ... അങ്ങേര് നായരല്ല. എന്റെയൊരു മുതുമുത്തച്ഛനായിട്ടു വരും.’’

എനിക്കു വിശ്വാസം വന്നില്ല. ശിവൻകുട്ടി മദ്യപിച്ചിട്ടില്ലെന്നു കുറച്ചു സമയത്തിനുള്ളിൽ ഉറപ്പുവരുത്തി. സംശയദൃഷ്ടിയോടെയുള്ള എന്റെ നിൽപു കണ്ടിട്ടാവണം, ശിവൻകുട്ടി പരിഭവിച്ചു:

‘‘അതെന്താ സാറേ, നായന്മാർക്കു മാത്രേ ചരിത്രമൊള്ളോ? സമയം കിട്ടുമ്പം സാറ് വീട്ടിലേക്കൊന്നു വാ. എനിക്കു കൊറച്ചു സംസാരിക്കാനുണ്ട്. എന്റെ മോള് ശ്രീക്കുട്ടി എമ്മേ മലയാളമാ. അവക്കും ചെലതു പറയാനുണ്ട്. അതൊക്കെ കേക്കുമ്പം സാറ് ഞെട്ടും.’’

ചരിത്രകാരന് മുൻവിധികൾ പാടില്ല എന്ന ബോധ്യം എന്നെ ശിവൻകുട്ടിയുടെ വീട്ടിലേക്കു നയിച്ചു. ഒരു വലിയ തെളിവു ഹാജരാക്കാനെന്നപോലെ അയാൾ വാത്സല്യപൂർവം മകളെ അങ്ങോട്ടു വിളിച്ചു. കാഴ്ചയിൽ സുന്ദരിയും ഊർജസ്വലയുമായ ശ്രീക്കുട്ടി ഒരു പുസ്തകവുമായിട്ടാണ് എന്റെ മുന്നിലേക്കു കടന്നുവന്നത്. 2007ൽ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പി.എ. നാസിമുദ്ദീൻ എന്ന കവിയുടെ ‘ദൈവവും കളിപ്പന്തും’ എന്ന കവിതാസമാഹാരമായിരുന്നു അത്. മുമ്പെങ്ങും അങ്ങനെയൊരു പുസ്തകമോ എഴുത്തുകാരനെയോ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.

‘‘മോള് വായിക്കും. സാറൊന്ന് കേട്ടു നോക്ക്.’’

അഭിമാനത്തോടെ അയാൾ മകളെ നോക്കി. പുസ്തകം തുറന്ന് ശ്രീക്കുട്ടി ഒരു കവിത ഉറക്കെ വായിച്ചു:

‘‘ചെത്തുകാരൻ

സ്വർഗത്തിൽനിന്നിറങ്ങി വരുന്നു.

അവന്റെ കൈയിൽ വിശുദ്ധ പാനീയം

അവന്റെ കൈയിലെ നുരച്ചാർക്കുന്ന കള്ളിന്

ആദിത്യരേണു പോൽ പുതുവീര്യം

അവൻ പടവുകളേറി

അശ്വാരൂഢനെപ്പോലെ പടവെട്ടി

തന്റെ മധുവുമായി തിരിച്ചെത്തുന്നു.

അവന്റെ കുടത്തിൽ

ഭൂമിയുടെ പുളിപ്പുകൾ പാഞ്ഞു നടക്കുന്നു.

അവൻ ദുന്ദുഭിയാൽ ഭൂമിയുടെ ജലനീരിനെ

സുരപാനീയമായി മയക്കുന്നു.

വിളനിലങ്ങളിൽ ഭൂമിയെ ഉർവരമാക്കുന്ന

ഹരിഹരനും ചെണ്ടനും ചെറുമനും വേണ്ടി

തന്റെ നീറുന്ന നീരൊഴുക്കി

അവനിതാ ആകാശത്തിൽനിന്നു വരുന്നു...’’

അവൾ വായിച്ചു നിർത്തിയപ്പോൾ ശിവൻകുട്ടി തലക്കു പിന്നിൽ കൈകൾ പിണച്ചുവെച്ച് ചാരുകസേരയിൽ കിടന്നുകൊണ്ടു പറഞ്ഞു:

‘‘സാറിനു മനസ്സിലായില്ലേ. ഒടയോനെപ്പറ്റിയാ. അങ്ങേര് വലിയ ദിവ്യനായിരുന്നു. സംസ്കൃതം പഠിക്കാൻ യോഗമൊണ്ടായ ചെല കാർന്നോന്മാര് അദ്ദേഹത്തെപ്പറ്റി കുറച്ചൊക്കെ എഴുതിവച്ചിട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ കൈമാറി കൈമാറി ഇപ്പം ആരുടെ കൈയിലാണെന്നു പിടിയില്ല. പക്ഷേ, ഞാനതു കണ്ടുപിടിക്കും. ഏതോ പനയുടെ മുകളിൽ കയറിയ ഒടയോൻ മുത്തച്ഛൻ പിന്നെ എറങ്ങിവന്നിട്ടില്ലെന്നാ പറയുന്നെ. സ്വർഗത്തിലെ സോമരസം അപഹരിച്ചെന്നാരോപിച്ച് ഗന്ധർവന്മാർ പിടികൂടിയതാണെന്നു പറയുന്നു... ഒരുപക്ഷേ, ഇതെല്ലാം നാസിമുദ്ദീന് അറിയാമായിരിക്കും.’’

ഒടയോന്റെ അനുഗ്രഹം തനിക്കുണ്ടെന്നും, അതുകൊണ്ടാണ് ഭൗതികവാദം ഉപേക്ഷിച്ച് ആത്മീയ മാർഗത്തിൽ സഞ്ചരിക്കാൻ തനിക്കു പ്രേരണയുണ്ടായതെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.

‘‘നിങ്ങൾക്കുപോലും വ്യക്തതയില്ലാത്ത കാര്യങ്ങൾ നാസിമുദ്ദീൻ എങ്ങനെയറിഞ്ഞു?’’

ശിവൻകുട്ടയെയും മകളെയും ഞാൻ മാറിമാറി നോക്കി.

‘‘ഈ നാസിമുദ്ദീൻ ചില്ലറക്കാരനല്ല. ഉന്മാദികളായി ചമയുന്ന ചില സിദ്ധന്മാരുടെ ശിക്ഷണം സ്വീകരിച്ച് അദ്ദേഹം കാലങ്ങളോളം പല ദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഒരുപക്ഷേ, ആ യാത്രകൾക്കിടയിൽ യഥാർഥ നാസിമുദ്ദീൻ മരിച്ചുപോവുകയും മരണമില്ലാത്ത ഏതോ സൂഫി സന്യാസി നാസിമുദ്ദീനായി മടങ്ങിവന്ന് കവിത എഴുതുകയുമാണോന്ന് എനിക്കു സംശയമുണ്ട്. ലോകത്തു പലതും യുക്തികൊണ്ടു വിശദീകരിക്കാൻ പറ്റുന്നതല്ലല്ലൊ സർ!’’

ശ്രീക്കുട്ടി ഭക്തിപൂർവം ആ പുസ്തകത്തിൽ തഴുകി.

‘‘ഇതൊന്നും നിങ്ങൾ കെ.പി. സുരേഷിനോടു പറഞ്ഞില്ലേ?’’ ഞാൻ തിരക്കി.

‘‘പറഞ്ഞു. പക്ഷേ, അയാക്ക് മച്ചകത്തുകാരുടെ എച്ചിച്ചോറ് മതി. നമ്മളെയങ്ങ് അവഗണിച്ചു. ദാ, ഇവിടെ വിളിച്ചിരുത്തി നല്ല ചെത്തിയെറങ്ങിയ പനങ്കള്ളും കൊടുത്ത് ഞാനെല്ലാം വിസ്തരിച്ചതാ. രണ്ടു തലമുറ മുമ്പ് ഗുരുദേവൻ വന്നിരുന്നു ശ്ലോകം ചൊല്ലിയ തിണ്ണയാ. അതിന്റെ വിലപോലും എനിക്കു തന്നില്ല. നാറി...’’

ശിവൻകുട്ടി രോഷം പൂണ്ടു. ആ വിളി എന്നിലേക്കും പടരുന്നതിനു മുമ്പ് ഞാൻ ചോദിച്ചു:

‘‘എനിക്കീ നാസിമുദ്ദീനെ ഒന്നു നേരിട്ടു കാണാനാവുമോ?’’

‘‘അങ്ങനെ പിടിതരുന്നയാളല്ല. അല്ലെങ്കിലും അവധൂതന്മാർ അങ്ങനെയാണല്ലൊ. കിട്ടിയാൽ കിട്ടി. അതിനൊരു യോഗമൊക്കെ വേണം സാറേ. മിഠായിത്തെരുവിനടുത്ത് ഒരു വൈദ്യശാലയുണ്ട്. എടക്കെടെ അവിടെ വരും. വൈദ്യരുടെ മകളെന്റെ ക്ലാസ്മേറ്റാണ്. അവളാണ് പറഞ്ഞത്. കവിത പതഞ്ഞ് ഗ്യാസ് കേറുമ്പം വന്ന് ചില അരിഷ്ടങ്ങളൊക്കെ മേടിച്ചു കുടിക്കുമെന്ന്. പക്ഷേ, യഥാർഥ നാസിമുദ്ദീൻ ആരാണെന്ന് അവൾക്കൊരു ഡൗട്ടൊണ്ട്. ഇന്നലെ കണ്ടയാളല്ലത്രേ ഇന്നു കാണുമ്പം. ഇനി വേറെ വേറെയാൾക്കാര് വന്ന് താൻ നാസിമുദ്ദീനാണെന്ന് പറയുന്നതാണോന്നുപോലും അവൾക്കു തോന്നാറുണ്ടെന്നും പറഞ്ഞിട്ടൊണ്ട്.’’

എന്തായാലും അവിടെപ്പോയി കക്ഷിയെ ഒന്നു കാണാമെന്നു ഞാൻ സമ്മതിച്ചു.

മിഠായിത്തെരുവിനടുത്തുള്ള വൈദ്യശാലക്കു സമീപം ഞാൻ ചുറ്റിപ്പറ്റി നിന്നു. ഫോൺ നമ്പറോ വിലാസമോ ശ്രീക്കുട്ടി തന്നിരുന്നില്ല. കൂട്ടുകാരിക്കു കത്തെഴുതി കാര്യങ്ങളെല്ലാം പറഞ്ഞേക്കാമെന്ന് അവൾ പറഞ്ഞിരുന്നു. പകലുകളെല്ലാം കവികൾക്കു വർജ്യമാണെന്നു കേട്ടിട്ടുള്ളതു സത്യമാണെന്നു തോന്നുന്നു. സന്ധ്യയായി. രാത്രിയായി. വന്നതു വെറുതെയായെന്നു മനസ്സിലായി. ഇരുട്ടു കൂനകൂട്ടിയ മൂലയിലേക്കു മാറി ഒരു സിഗരറ്റു കത്തിച്ച് ഞാൻ ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ ഇടുങ്ങിയ കെട്ടിടനിരകൾക്കിടയിൽനിന്നുമൊരു നിഴൽ മുന്നിലേക്കു നീണ്ടുവന്നു.

‘‘എന്റെ കവിത വായിച്ചിട്ട് എന്തൊക്കെയോ സംശയമുണ്ടന്നു കേട്ടല്ലൊ?’’

അതു നാസിമുദ്ദീനാണെന്നു ഞാൻ ഊഹിച്ചു.

‘‘നമുക്ക് വെട്ടമുള്ളിടത്തേക്കു മാറിനിൽക്കാം...’’

ഞാൻ അയാളുടെ മുഖം കാണുവാൻ ആഗ്രഹിച്ചു.

‘‘വെട്ടം മനസ്സിലുണ്ടെങ്കിൽ മാറിനിക്കേണ്ട കാര്യമില്ല. എന്തിനാണ് എന്നെ കാണാൻ വന്നതെന്നു പറയൂ...’’

വല്ലാത്ത തിക്കുമുട്ടൽ തോന്നി. ഒത്തിരി കാര്യങ്ങൾ ചോദിക്കുവാനുണ്ട്. വാതവേദനയിലെന്നപോലെ മനസ്സു കലങ്ങി.

‘‘താങ്കൾ ചെത്തുകാരനെപ്പറ്റി ഒരു കവിത എഴുതിയല്ലൊ. അത് ഒടയോനെപ്പറ്റിയാണോ?’’

‘‘അതെ...’’ അയാൾ അസാമാന്യ സ്ഫുടതയുള്ള ശബ്ദത്തിൽ പറഞ്ഞു:

‘‘അതു മാത്രമല്ല, എന്റെ എല്ലാ കവിതകളും ഒടയോനെപ്പറ്റിയാണ്.’’

 

ഇനി എന്തു ചോദിക്കണം എന്നു പിടിയില്ലാതെ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു. കവികളുടെ വകതിരിവില്ലാത്ത ഭാഷ,ചരിത്രകാരന്മാർക്ക് നേരേചൊവ്വേ മനസ്സിലാകണമെന്നില്ലല്ലോ. അതിന്റെ പേരിൽ അപകർഷത കാട്ടേണ്ട കാര്യവുമില്ല. അറിയേണ്ടതു ചോദിക്കുക തന്നെ വേണം.

‘‘നാസിം, താങ്കൾ തുറന്നു പറയണം. ശരിയ്ക്കും ഈ ഒടയോന്റെ ജാതിയേതാണ്?’’

ഒരു മുട്ടൻതെറി പൊട്ടിവീണു.

‘‘ഒടയോന്റെ ജാതി ചോദിക്കുന്ന നാറീ, നിന്നെയൊന്നും വെളിച്ചത്തു കാണാൻ കൊള്ളുകേലന്നു പണ്ടേ എനിക്കറിയാരുന്നു...’’

പെട്ടെന്നൊരു കാറ്റു വീശി. സ്ട്രീറ്റ് ലൈറ്റുകൾ കെട്ടു. മുന്നിലെ നിഴലുകൾ കീറിപ്പറിഞ്ഞ് പോയി.

‘‘നാസിം...’’ ഞാൻ വിളിച്ചു. ആരും വിളി കേട്ടില്ല.

അങ്ങനെയൊരാൾ വന്നുവെന്നതും സംസാരിച്ചുവെന്നതും ദിവാസ്വപ്നമായിരുന്നുവോയെന്ന് മടക്കയാത്രയിൽ തോന്നി. സങ്കൽപവും യാഥാർഥ്യവും കൂടിക്കുഴഞ്ഞ ചതുപ്പിൽ പെട്ടുപോവുകയാണോയെന്നു സംശയിച്ചു.

‘‘ചെന്നിട്ട് നാസിമുദ്ദീനെ കണ്ടില്ല അല്ലേ?’’

ക്ഷേത്രത്തിൽ പോയിട്ടുവരുന്ന വഴിയായിരുന്നു ശിവൻകുട്ടി.

എന്താണങ്ങനെ ചോദിച്ചതെന്നു മനസ്സിലായില്ലെങ്കിലും വിശദീകരിക്കാനൊന്നും പോയില്ല. കവികൾ പൊതുവെ സമനില തെറ്റിയവരാണ്, അവരോട് സൂക്ഷിച്ച് ഇടപെടണം എന്ന ചിന്തയോടെ ഞാൻ മുന്നോട്ടു നടന്നു. കഴിഞ്ഞ രാത്രിയിൽ, നാസിമുദ്ദീനെന്ന പേരിലുള്ളയാളുമായി നടത്തിയ സമാഗമത്തോടെ ഒരു അധൈര്യം എന്നെ പിടികൂടിയിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കി. ഒരു ചരിത്രകാരനതു പാടില്ലാത്തതാണ്.

തൽക്കാലം പ്രാദേശിക ചരിത്രരേഖകളും വാമൊഴികളും പുരാവൃത്തങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി വിശകലനംചെയ്തു തരംതിരിക്കുന്നതാവും ഉചിതമെന്നു നിശ്ചയിച്ചു.

അങ്ങനെ ഞാൻ പടപ്പാട്ടു തറവാട്ടുകാരുമായി ബന്ധപ്പെട്ടു. പഴയ നായന്മാരാണ്. ഇതറിഞ്ഞ ശിവൻകുട്ടി വഴിയിൽ​െവച്ച് എന്നെ കണ്ടപ്പോൾ കാർക്കിച്ചു തുപ്പിയിട്ടു കടന്നുപോയി. രാജഭരണകാലത്ത് നീതി, ന്യായം, കരംപിരിവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ജോലിക്കാരായിരുന്നു പടപ്പാട്ടെ പഴമക്കാരെന്നു ചരിത്രം പറയുന്നു. അതിനാൽ അവിടത്തെ ചില ഓലകളും ഞാൻ പരിശോധിച്ചു. അതിലും ഒടയോൻ പരാമർശിക്കപ്പെടുന്നുണ്ട്. ദേശക്കാരുടെ സർവവിധ സംഗതികളിലും ഒടയോന്റെ ലോപമില്ലാത്ത സാന്നിധ്യമുണ്ടായിരുന്നു. വ്യവഹാര തർക്കങ്ങളെ കുടുംബങ്ങൾ തമ്മിലുള്ള കലഹങ്ങളിൽനിന്ന് സാമൂഹ്യമായ സംഘർഷങ്ങളിലേക്കു വ്യാപിപ്പിക്കുവാൻ ഒടയോൻ വഹിച്ച പങ്കിനെപ്പറ്റി ചരിത്രം പറയുന്നു. അതിർത്തിത്തർക്കമാണെങ്കിൽ ഏതെങ്കിലും ഒരു കൂട്ടരെ സഹായിക്കുവാനെത്തും. രാത്രിയിൽ ഒറ്റക്ക് അതിരു മാന്തിക്കൊടുക്കും. യാതൊരുവിധ ലാഭവും പ്രതീക്ഷിച്ചല്ല. കലയുടെ ലക്ഷ്യം പരമമായ ആനന്ദമാണെന്ന് സുരേഷ് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഇവിടെയും അതു തന്നെയാകാം.

ദേശക്കാർ മിക്കവരും പരാതി പറഞ്ഞു. ഒടയോന്റെ പ്രപിതാക്കളെയോർത്തപ്പോൾ നാടുവാഴിക്ക് അദ്ദേഹത്തെ ശിക്ഷിക്കുവാൻ മനസ്സു വന്നില്ല. അദ്ദേഹം പ്രമാണിമാരുമായി കൂടിയാലോചിച്ചു. അധികാരികൾ കാളി മുത്തശ്ശിയുടെ സഹായത്തോടെ ഋഷിതന്ത്രത്തിൽ പറയുന്ന വിവിധ രീതികളിലുള്ള മൈഥുനലീലകളിൽ കഥാപുരുഷനെ വ്യാപൃതനാക്കി. നാട്ടിലെങ്ങും ശാന്തി നിറഞ്ഞു.

കാലം കടന്നുപോകെ ഒരുനാൾ ദിവാസ്വപ്നത്തിൽനിന്നുണർന്നപോലെ കാളി മുത്തശ്ശിയിൽനിന്നു വിടുതൽ നേടിയ ഒടയോൻ വല്ലാതെ അസ്വസ്ഥനായി. കർമസ്ഥാനത്തുനിന്നു വ്യതിചലിച്ചതുപോലെയൊരു താപം അദ്ദേഹത്തിന്റെ മനസ്സിൽ അനുഭവപ്പെട്ടു.

അദ്ദേഹം പലപല വിചാരങ്ങളിൽപെട്ടു കൂടുതൽ കൂടുതൽ ഖിന്നനാവുകയും, അതിൽനിന്നു മുക്തി പ്രാപിക്കുവാൻ മാർഗം തിരയുകയും, അവസാനം തന്റെ ഭൂസ്വത്ത് മക്കൾക്കെല്ലാം വീതിച്ചു നൽകുകയും ചെയ്തു. എന്നിട്ട് രാത്രിനേരം ഓരോ മകന്റെയും അതിരു മാന്തുവാൻ തുടങ്ങി. ആദ്യം പുത്രന്മാർ പരസ്പരം സംശയിച്ചു. പിന്നീട് തങ്ങളുടെ പിതാവിന്റെ മുൻകാല കൃത്യങ്ങളെപ്പറ്റി അവർക്ക് ഓർമയുണ്ടായി. ഒരു രാത്രിയിൽ ഒടയോൻ അതിരുമാന്തിയിരുന്നപ്പോൾ പുത്രന്മാരെല്ലാംകൂടി പിന്നിൽ പതുങ്ങിയെത്തി. മുഴുത്ത ഒരു കല്ലെടുത്ത് ഒടയോന്റെ മൂർധാവിൽ താഡിച്ചു.

പറമ്പിന്റെ അതിരിനു വെളിയിലുള്ള മൺതിട്ടയിൽ കൊണ്ടുചെന്നു കിടത്തി. പ്രേതത്തിന്റെ നിറുകയിലെ മുറിപ്പാട് സമാധിയുടെ ലക്ഷണമായിരുന്നില്ല. പുലർകാലേ കണ്ട ഒഴിഞ്ഞ മൺതിട്ടയും കരിഞ്ഞ പുൽനാമ്പുകളും ആകാശത്തുനിന്നും ആവിർഭവിച്ചെന്നു പറയപ്പെടുന്ന ദിവ്യമായ ഒരു അഗ്നിഗോളത്തിന്റെ കഥക്കു പിൻബലമേകി.

ഈ വസ്തുതകൾ വെളിപ്പെടുത്തിയ എന്നെ ആളുകൾ അസഭ്യംകൊണ്ടു മൂടി. ചരിത്രത്തെ തുരങ്കംവെക്കുന്നവനെന്ന് അപഹസിച്ചു. ശിവൻകുട്ടിയുടെയും മച്ചകത്തുകാരുടെയും പടപ്പാട്ടുകാരുടെയും നേതൃത്വത്തിൽ വിവിധ കൂട്ടായ്മകൾ രൂപപ്പെടുകയും നാട്ടിൽ പലയിടത്തും പ്രതിഷേധ യോഗങ്ങൾ നടത്തപ്പെടുകയും ഒന്നുരണ്ടു പേർ ഇരുട്ടിന്റെ മറവുപറ്റി എന്റെ വീടിനു കല്ലെറിയുകയുംചെയ്തു.

സത്യത്തെ വ്യഭിചരിക്കുന്നവരോ പക്ഷംപിടിക്കുന്നവരോ അല്ല കവികൾ എന്നൊരു വിശ്വാസം മിഠായിത്തെരുവിലേക്കു വീണ്ടും വണ്ടി കയറാൻ എന്നെ പ്രേരിപ്പിച്ചു. ഇതുപോലെയുള്ള പ്രതിസന്ധികളിൽ തുണയാവാൻ ഉന്മാദികൾക്കു മാത്രമേ കഴിയൂ. മുമ്പു പോയ സ്ഥലത്തു ചെന്നു ഞാൻ രാത്രിയിൽ കാത്തുനിന്നു.

‘‘ഹ! ഹ! താൻ പിന്നേം വന്നുവല്ലെ?’’

ഇരുട്ടിൽ കവിയുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു:

‘‘വിഷമിക്കണ്ട. സത്യത്തിന്റെ കൂടെ നിന്നോളൂ. ഒടയോൻ തന്നെ കാത്തുരക്ഷിക്കും.’’

മുഖം വ്യക്തമല്ല, നാസിമുദ്ദീനാവണം, അയാൾ എന്നെ ആലിംഗനംചെയ്തു. തെളിഞ്ഞ ആകാശത്തിന്റെ വെളിച്ചം പുരണ്ട മൂന്നാലു മഞ്ഞുതുള്ളികൾ എന്റെ ഉച്ചിയിലിറ്റു വീണു. അതൊഴുകിവന്ന് മുത്തുപോലെ എന്റെ മൂക്കിൻതുമ്പത്തു തിളങ്ങി. കുളിരു കോരി. വല്ലാത്ത ധൈര്യം വന്നു നിറയുന്നതു ഞരമ്പുകളറിഞ്ഞു. എന്തെങ്കിലും ചോദിക്കണമെന്നോ പറയണമെന്നോ തോന്നിയില്ല. ഞാൻ അയാളുടെ കൈ വിടുവിച്ച് തിരിഞ്ഞ് റോഡ് മുറിച്ചുകടന്നു.

പിന്നിലെ ഇരുട്ടിൽനിന്ന് ഭ്രാന്തന്റേതുപോലെയുള്ള ഒരു ചിരി ഉയർന്നു. തിരിഞ്ഞുനോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല.

കവി നിന്നിടത്ത് നിറയെ വെളിച്ചത്തിന്റെ പൂക്കളുമായി ഒരു മരം.

നാട്ടിലേക്കുള്ള വണ്ടി പിടിക്കാൻ ഞാൻ ബസ് സ്റ്റോപ്പിലേക്കു വേഗം നടന്നു.

(ചിത്രീകരണം: വിനീത്​ എസ്​. പിള്ള)

News Summary - weekly literature story