Begin typing your search above and press return to search.
proflie-avatar
Login

കൊമ്പൻ

കൊമ്പൻ
cancel

‘‘ഒന്നാലോചിച്ചു നോക്ക്യേ. ഒരു മനുഷ്യനുണ്ടാകുന്നതിൽവച്ച് ഏറ്റവും വലിയ അസ്​ക്യത. പങ്കപ്പാട്.’’ വിരലിൽ കൊളുത്തിയെടുത്ത ടച്ചിങ്സ്​ അണ്ണാക്കിലേക്ക് തള്ളിക്കയറ്റി മുക്കാലും നിറഞ്ഞ വെട്ടുഗ്ലാസ്​ കൈയിലെടുത്ത് വെയിറ്റർ ചുമന്നുകൊണ്ടുവരുന്ന ബീഫ് ൈഫ്രയും താറാവ് പെരളനും പന്നിമലത്തും പൊറോട്ടയും നോക്കി കോമാചിത്തിലിരിക്കുന്ന പൊറിഞ്ചുവിനെ നോക്കി തങ്കച്ചൻ ചോദിച്ചു. വട്ടംവെട്ടിയ സവാളയിൽനിന്നൊരു ചക്രമെടുത്ത് കടിച്ച് ഗ്ലാസിലെ ത്രീ എക്സ്​ ഒരു സിപ്പെടുത്ത് തുമ്മൽ പാസാക്കി ഇളിച്ചു പൊറിഞ്ചു. പിന്നെ ഒലിച്ചിറങ്ങിയ മൂക്കുനീർ ചീറ്റി തറയിലിട്ടു. ‘‘പേറ്റുനോവ്. പ്രസവവേദന.’’...

Your Subscription Supports Independent Journalism

View Plans

‘‘ഒന്നാലോചിച്ചു നോക്ക്യേ. ഒരു മനുഷ്യനുണ്ടാകുന്നതിൽവച്ച് ഏറ്റവും വലിയ അസ്​ക്യത. പങ്കപ്പാട്.’’

വിരലിൽ കൊളുത്തിയെടുത്ത ടച്ചിങ്സ്​ അണ്ണാക്കിലേക്ക് തള്ളിക്കയറ്റി മുക്കാലും നിറഞ്ഞ വെട്ടുഗ്ലാസ്​ കൈയിലെടുത്ത് വെയിറ്റർ ചുമന്നുകൊണ്ടുവരുന്ന ബീഫ് ൈഫ്രയും താറാവ് പെരളനും പന്നിമലത്തും പൊറോട്ടയും നോക്കി കോമാചിത്തിലിരിക്കുന്ന പൊറിഞ്ചുവിനെ നോക്കി തങ്കച്ചൻ ചോദിച്ചു.

വട്ടംവെട്ടിയ സവാളയിൽനിന്നൊരു ചക്രമെടുത്ത് കടിച്ച് ഗ്ലാസിലെ ത്രീ എക്സ്​ ഒരു സിപ്പെടുത്ത് തുമ്മൽ പാസാക്കി ഇളിച്ചു പൊറിഞ്ചു. പിന്നെ ഒലിച്ചിറങ്ങിയ മൂക്കുനീർ ചീറ്റി തറയിലിട്ടു.

‘‘പേറ്റുനോവ്. പ്രസവവേദന.’’

‘‘അല്ലേയല്ല. നീയൊന്ന് ഓർത്തുനോക്ക്യേ. അല്ലെങ്കിൽ വേണ്ടാ. ഞാൻ ഒരു ക്ലൂ തരാതെതന്നെ പറയട്ടെ. മലബന്ധം.’’

കുടലിലകപ്പെട്ടത് പുറത്തേക്കു ചാടാതെ അതിനകത്തുതന്നെ അട്ടിപ്പേറിരിക്കുക. കുടലിൽ ആപ്പുതിരുകിയ പ്രതീതിയും കക്കൂസിലിരിക്കുമ്പോഴുള്ള മുക്കലിന്റെ ശക്തിയും കണക്കുകൂട്ടി പൊറിഞ്ചു സമ്മതിച്ചു.

‘‘ശരിയാ. വയറൊഴിഞ്ഞാൽ എല്ലാം സുഖായി.’’

‘‘നന്നായൊന്നു വയറൊഴിഞ്ഞാൽ ശരീരം അപ്പൂപ്പൻ താടിപോലാകും.’’ പൊറിഞ്ചു പറഞ്ഞതിന് ഒപ്പാരി ചേർന്നു തങ്കച്ചൻ.

‘‘മനുഷ്യന്മാർക്ക് മലബന്ധം വന്നാൽ പലവഴി നോക്കാം. ഒരാനയ്ക്ക് വന്നാലോ.’’ സങ്കടംചേർത്ത ഈണത്തിൽ കുഴയുന്ന നാവിന്റെ വഴക്കത്തിൽ പറഞ്ഞൊപ്പിച്ചു തങ്കച്ചൻ.

അവർക്കിടയിൽ ധൂപക്കുറ്റിയിൽനിന്നെന്നവണ്ണം പന്നിമലത്തിയതിന്റെ പുക നിറഞ്ഞ് വെട്ടുനെയ്യിൽ മൊരിഞ്ഞ മസാലയുടെ ഗന്ധം ഒഴുകി. പൊറിഞ്ചു മൂന്നാമത്തെ പെഗ് വിഴുങ്ങിയപ്പോൾ തങ്കച്ചന്റെ ഒച്ചയുടെ പിച്ച് മാറി. ‘‘ഇതാ. ഇതൊക്കെ തിന്നാട്ടെ. മീതെയൊരു ദഹനത്തിനു പാറ്റിയാൽ മതി റം. നമ്മൾ രണ്ടുപേരുംത ന്നെ കാലിയാക്കേണ്ടതാ ഈ കുപ്പി.’’

സോഡ നുരച്ചുപൊന്തുന്ന ഗ്ലാസെടുത്ത് ചുണ്ടോടടുപ്പിച്ച് തങ്കച്ചന്റെ ഡയലോഗിൽ ചെവികൊളുത്തി പൊറിഞ്ചു ഇരുന്നു. ഈ ഇരപ്പനോട് കെഞ്ചേണ്ടിവന്നുവല്ലോ എന്ന് മനസ്സാ ശപിച്ച് പന്നിയുടെ മൊരിഞ്ഞൊരു ഉള്ളിറച്ചിക്കഷണം ഞണ്ടളയുള്ള അണപ്പല്ലിനു വിട്ടുകൊടുത്തു പൊറിഞ്ചു.

‘‘കുടിച്ചുകൊണ്ട് വണ്ടിയോടിച്ചാൽ ലൈസൻസ്​ പോക്കാ. കാര്യത്തിലേക്ക് കടക്കാം. ഞാൻ പറഞ്ഞൂലോ, കേശവൻ കർത്തായുടെ ആനയ്ക്ക് വന്ന എരണ്ടക്കെട്ട്. എഴുന്നള്ളിക്കേണ്ട സീസണായി.’’

പൊറിഞ്ചുവിന്റെ നീണ്ടുപോകുന്ന കൈത്തണ്ടയിൽ നോക്കി ഒരു പ്രസംഗത്തിന്റെ മട്ടിലാണ് തങ്കച്ചൻ അത്രയും പറഞ്ഞൊപ്പിച്ചത്.

മേശയുടെ ഏറ്റവും അറ്റത്തിരിക്കുന്ന താറാവ് പെരളനിൽനിന്ന് ജീവനുള്ള താറാവിനെ പിടിക്കുംപോലെ കഷണങ്ങളെടുത്തു ചവയ്ക്കുന്ന പൊറിഞ്ചുവിന്റെ കൈ ഒരു ജേസീബിയുടെ ജിറാഫ് കഴുത്തിനെ ഓർമിപ്പിച്ചു. എല്ലാം കുത്തിയിളക്കി മറ്റൊരിടത്ത് പ്രതിഷ്ഠിക്കുന്ന യന്ത്രചലനംപോലെ അത് കാണപ്പെട്ടു.

‘‘എരണ്ടക്കെട്ടോ. ഏതാനയ്ക്ക്?’’

‘‘മാഞ്ഞാലി രഘുറാമിന്. തലയെടുപ്പുള്ള കൊമ്പൻ. രഘുറാമിനെ കേട്ടിട്ടില്ലേ?’’

‘‘അപ്പേരിലൊരു നടനുണ്ടല്ലോ?’’

‘‘അത് ജയറാം. ആനക്കമ്പക്കാരനാ. ഇത് നമ്മുടെ കേശവൻ കർത്തായുടെ ആന. തടിമില്ല് നടത്തുന്ന കർത്തേടെ.’’

‘‘ഞാനൊരു കർത്താവിനേം അറിയില്ല. ആട്ടെ, എനിക്കെന്താ ഇതിൽ റോള്?’’

‘‘നിന്റെ കൈ നീളമാ ഭാഗ്യാവതാരം. നീ രക്ഷപ്പെട്ടടാ പൊറിഞ്ചു.’’

എന്താണ് തങ്കച്ചൻ പറയുന്നതെന്ന് വ്യക്തമാകാതെ പൊറിഞ്ചു ചോദിച്ചു: ‘‘എന്താ ഞാൻ ചെയ്യേണ്ടത്?’’

വർത്തമാനം നീട്ടിക്കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിച്ച് തങ്കച്ചൻ കാര്യത്തിന്റെ ആകെ മൊത്തം ഒറ്റവാചകത്തിൽ ആറ്റിക്കുറുക്കി. ‘‘മാഞ്ഞാലി രഘുറാമിന് ആന്ത്രനോവിന് കൈനീളമുള്ള ഒരാളെ വേണം. ഒരാഴ്ച അത് എടുത്തുകളയുന്ന ജോലിയാണ് നിന്നെയേൽപിക്കുന്നത്.’’

‘‘ആനേടെ വായേക്കോടെ കൈയിട്ടോ...’’

‘‘ആനവായിൽ അമ്പഴങ്ങ എന്നപോലെയായല്ലോ നിന്നോട് പറഞ്ഞത്. എടാ പൊട്ടാ. ബാക്കിലൂടെ.’’

പൊട്ടൻവിളി തീരെ പിടിക്കാത്ത മട്ടിൽ പൊറിഞ്ചുവിന്റെ മുഖഭാവം കുട്ടിയാനയുടെ മട്ടും ഭാവവുമുള്ള വടക്കൻ കൊറിയയിലെ പ്രസിഡന്റിന്റെ മട്ടിലായി.

‘‘അതിന് ആന സമ്മതിക്കോ?’’

ആറ്റുകൊഞ്ചിന്റെ കുപ്പായം ഒട്ടിച്ചുവെച്ചപോലെയുള്ള ചെളികെട്ടിയ കൈ നഖംനോക്കി തങ്കച്ചൻ പെരുത്തുകയറി. ‘‘തടസ്സം നീക്കാൻ ആന നിന്നുതരുമെന്ന് മാത്രമല്ല. പിന്നെയത് നിന്നെ മറക്കുകേയില്ല. ആട്ടെ കൈനഖം വെട്ടിമാറ്റി വെടിപ്പാക്കണം. മുറിവുണ്ടാകരുത്. പിന്നെ നിന്റെ കൈനീളം പോലൊന്ന് ഭൂമി മലയാളത്തിലുണ്ടോടാ പൊറിഞ്ചു. അഞ്ചടി ഏഴിഞ്ചുകാരന് മൂന്നടി ദൈവം കൽപിച്ചുനൽകിയതല്ലേ.’’

കുഴയുന്ന നാവിൽ തങ്കച്ചൻ എന്തോ പറയാനാഞ്ഞു. മൊരിഞ്ഞ ഇടിമുളകിന്റെ എരിവ് വാക്കുകളെ തടയിട്ട് തൊണ്ടക്കുഴിയിൽ മുദ്രവച്ചു. ‘‘അപ്പോൾ നമ്മൾ വീണ്ടും മലബന്ധത്തിലേക്ക് കടക്കുന്നു. സംഗതി വിവരിക്കാം.’’

ഏറെ പ്രയാസപ്പെടുംമട്ടിൽ ചുമച്ചുകൊണ്ട് തങ്കച്ചൻ തുടർന്നു. ‘‘ഈ മാസംതന്നെ കാർപ്പിള്ളിക്കാവിലും പറവൂരും കാളികുളങ്ങരയും മുത്തകുന്നത്തും എഴുന്നള്ളിക്കേണ്ടതാ. നായത്തോട് വച്ചാണ് എരണ്ടം പുറത്തുവരുന്നില്ലെന്ന് പാപ്പാൻ കണ്ടുപിടിച്ചത്. പിന്നെ കരച്ചിലും പുളച്ചിലുമായി കേശവൻ കർത്തായുടെ കടപ്ലാവിൻചോട്ടിൽ അലറിക്കൊണ്ട് ഒരേ നിൽപ്. പാവം.’’

പൊറിഞ്ചു വാചാലനായി. ‘‘തെങ്ങിന്റെ ഓലേം മടലും കൊടുത്താൽ വേലികെട്ടിയപോലെ നാര് തടഞ്ഞ് കൊടല് ബ്ലോക്കാകും. കൈതച്ചക്ക വിഴുങ്ങിയാലും നോവുണ്ടാവും. ദഹിച്ചത് പുറത്തുപോവാതിരുന്നാ വരുന്നതാ എരണ്ടക്കെട്ട്. കാട്ടാനകൾക്ക് ആന്ത്രവീക്കം വരാറില്ലല്ലോ. വയറ്റീന്ന് പോവാതെ ചാവത്തേയുള്ളൂ പാവം കൊമ്പൻ.’’

സംഭാഷണം ദീർഘിപ്പിക്കാൻ താൽപര്യമില്ലെന്ന മട്ടിൽ പൊറിഞ്ചു പറഞ്ഞു. ‘‘പ്ലാസ്റ്റിക്കിന്റെ കിറ്റ് വല്ലതും അകത്തെത്തിയിട്ടുണ്ടാവും. അല്ല, കാട്ടിലെ ആനകൾക്കും ഇപ്പോൾ അങ്ങനെയുണ്ടാവാറുണ്ടെന്നു കേട്ടിട്ടുണ്ട്. ആട്ടെ, ഈ കഥ പറയാനാണോ ടാക്സി വിളിച്ച് തിരുക്കൊച്ചീലെത്തിച്ചുള്ള സൽക്കാരം.’’

കാര്യത്തിലേക്ക് വഴിതിരിയുന്നുണ്ടെന്നു ബോധ്യമായപ്പോൾ മുഖത്തൊരു ത്രീ എക്സ്​ പുഞ്ചിരിവരുത്തി ചിരിച്ചുകൊണ്ട് തങ്കച്ചൻ ഗ്ലാസ് നിറച്ചു. ബാറിലെ ഇത്തിരിവെട്ടത്തിൽ ചുണ്ട് വക്രിച്ചുള്ള ചിരിയോ കറവീണ പല്ലോ ദൃശ്യമാകുന്നതിനു പകരം ചെമന്ന വെളിച്ചം തട്ടി പൊറിഞ്ചുവിന്റെ കണ്ണുകൾ മഞ്ചാടിക്കുരുവായി.

കേശവൻ കർത്തായുടെ വീട്ടിൽ ചേർപ്പിൽനിന്നും ചികിത്സക്കെത്തിയ കണ്ടമ്പിള്ളി നമ്പീശനാണ് മാഞ്ഞാലി രഘുറാമിന്റെ എരണ്ടകെട്ടിന് മരുന്നുചീട്ടെഴുതിയത്. കേശവൻ കർത്തായുടെ നിയോഗപ്രകാരം തങ്കച്ചനാണ് പൊറിഞ്ചുവിന്റെ പേര് ഗണിച്ചെടുത്തത്.

 

പൊറിഞ്ചുവും തങ്കച്ചനും ഒരേ സ്​കൂളിലാണ് ബെഞ്ചുന്തിയത്. പത്താം ക്ലാസ്​ കഴിഞ്ഞപ്പോൾ അപ്പന്റെ ചായക്കടയിൽ സഹായിയായി പൊറിഞ്ചു. കണക്കിനു തോറ്റതുകൊണ്ട് പഠനം മറ്റുവഴി കയറിപ്പോയില്ല. അഞ്ചടി അഞ്ചിഞ്ച് പൊക്കമുള്ള പൊറിഞ്ചുവിന്റെ കൈകൾക്ക് മൂന്നടി നീളമുണ്ടെന്നു കണ്ടുപിടിച്ചത് സ്​കൂൾ മാനേജരായ ഫാദർ തോമസ്​ കൈപ്പിള്ളിയാണ്. ബാസ്​കറ്റ്ബോൾ കളിയിൽ പൊറിഞ്ചു വിലസിയതും കൈനീളം കൊണ്ടുതന്നെ. തുല്യ ഉയരമുള്ള രണ്ടുപേര് നിന്നാലും പൊറിഞ്ചു കൈ രണ്ടും പൊക്കിയാൽ വളയത്തിന്റെ ഏതാണ്ട് അടുത്തെത്തും. ഓന്ത് നാവുനീട്ടി ഇര പിടിക്കുംപോലെ തുരുതുരാ പന്തുകൾ കുട്ടയിൽ വീണപ്പോൾ ഫാദർ തോമസ്​ കൈപ്പിള്ളിക്കും ബോധ്യമായി, ഇത്തവണ േട്രാഫി സെന്റ് അലോഷ്യസ്​ സ്​കൂളിനുതന്നെയെന്ന്.

പത്താം ക്ലാസുകാർ അണിനിരന്ന മത്സരം നടന്നത് ആലുവ സെന്റ്മേരീസിലാണ്. ചായക്കടയിൽ ഉണ്ടംപൊരി ചുട്ടു കോരിയിടുന്നതുപോലെ ആസ്വദിച്ച് പൊറിഞ്ചു ആകാശത്തേക്കു കൈകളുയർത്തി. പത്താം ക്ലാസിൽ പഠിത്തമവസാനിപ്പിച്ച് അപ്പന്റെ ചായക്കടയിൽ സഹായിയായി നെയ്യപ്പവും പഴംപൊരിയും സുഖിയനും തിന്ന് എണ്ണമെഴുപ്പ് വച്ച പൊറിഞ്ചു പ്രധാന കളിക്കാരനായ മത്സരത്തിൽ േട്രാഫി സെന്റ് അലോഷ്യസിനായിരുന്നു. മറ്റാരുടെയോ യൂനിഫോം പൊറിഞ്ചുവിനെ ഉടുപ്പിക്കുമ്പോൾ പി.ടി മാസ്റ്റർ സേവ്യർ സംശയം ചോദിച്ചു: ‘‘അയ്യോ! പൊറിഞ്ചു സ്റ്റുഡന്റല്ലെന്നു തിരിച്ചറിഞ്ഞാലോ. പിന്നെ സ്​കൂളിനാവും ചീത്തപ്പേര്.’’

‘‘ആരു തിരിച്ചറിയാൻ. സേവ്യർ സാർ പതറാതെ. ആരു തിരക്കുന്നു മാഷേ ഇതൊക്കെ.’’

ഫാദർ തോമസ്​ കൈപ്പിള്ളിയാണ് പിന്നീട് നടന്ന പത്തിലേറെ മത്സരങ്ങളിൽ പൊറിഞ്ചുവിനെ പങ്കെടുപ്പിച്ചത്. സെന്റ് അലോഷ്യസിന്റെ ബാസ്​കറ്റ് ബോൾ ടീം തലയെടുപ്പോടെ സഞ്ചരിച്ചു. വിദ്യാർഥിയുടെ കെട്ടും മട്ടും വീണ്ടെടുത്ത് പൊറിഞ്ചു അവർക്കൊപ്പം പമ്പരം ചുറ്റി. ജേസീബിയുടെ തുമ്പിക്കൈ കോരിയിടുന്നതുപോലെ ഉയരമുള്ള കൊട്ടയിൽ പന്തുകൾ തുരുതുരാ വീണുകൊണ്ടിരുന്നു. പത്താം ക്ലാസിൽ പഠിത്തമവസാനിപ്പിച്ചവന് ഇരിക്കപ്പൊറുതിയില്ലാതെ മത്സരം തുടർന്നുകൊണ്ടിരുന്നു.

പത്താം ക്ലാസ്​ കഴിഞ്ഞപ്പോൾ കുറേപ്പേർ കൊഴിഞ്ഞുപോയി. ചിലർ കോളജിലെത്തിച്ചേർന്നു. രണ്ടു കൊല്ലം കോളജിൽ പഠിക്കാൻ ഭാഗ്യമുണ്ടായവരുടെ കൂട്ടത്തിൽ തങ്കച്ചനുമുണ്ടായിരുന്നു. ആയിടക്കാണ് പൊറിഞ്ചു ഒരു ആയുർവേദ ആശുപത്രിയിൽ ചേർന്നത്. പഞ്ചകർമ ചികിത്സയിൽ ഉഴിച്ചിലും പിഴിച്ചിലും തനിക്കു വഴങ്ങുമെന്ന് പൊറിഞ്ചുവിന് തിരിച്ചറിവുണ്ടാക്കിക്കൊടുത്തത് മുട്ടോളംവരെയെത്തുന്ന കൈകളാണ്. ആനയുടെ തുമ്പിക്കൈപോലുള്ള, ജേസീബിയുടെ കഴുത്തിനെ ഓർമിപ്പിക്കുന്ന കൈകൾ. ഗാന്ധിജിയുടെ മുട്ടുകവിഞ്ഞുകിടക്കുന്ന കൈകളെ ഓർമിപ്പിക്കുന്നതായിരുന്നു അത്. പൊറിഞ്ചുവിന് ‘ഒന്നര’ എന്ന ഇരട്ടപ്പേര് വീണത് അങ്ങനെയാണ്.

അപ്പൻ ചത്തപ്പോൾ ചായക്കടക്ക് കന്തീശപാടി പലകയിട്ടു. തിരുമ്മുചികിത്സയും പഞ്ചകർമവുമായി ദേശങ്ങൾ താണ്ടി അടയ്ക്കാപ്പുത്തൂരിലെ പാരമ്പര്യവൈദ്യന്റെ അടുത്തെത്തിപ്പെട്ടു പൊറിഞ്ചു. അന്ന് വഴിപിരിഞ്ഞതാണ് തങ്കച്ചനെ. പിന്നീടൊരു ദശാസന്ധിയിലും തമ്മിൽ കാണാനൊത്തില്ലെങ്കിലും പട്ടാമ്പിയിലെ ഒരു തിരുമ്മൽകേന്ദ്രത്തിൽ വച്ച് അതുപോലൊരു ചടയനെ എണ്ണത്തോണിയിലിട്ട് ആറാടിച്ചത് ഓർക്കുന്നു. അരക്ക് മേലോട്ട് കഴുത്തുവരെ ഉള്ളും പുറവും ചാമക്കണ്ടംപോലെ രോമക്കുത്തുള്ള കരടിയെ തിരുമ്മുമ്പോൾ തങ്കച്ചന്റെ ചൂര് ഓർമവന്നു. തങ്കച്ചൻ ബാസ്​കറ്റ് ബോൾ ഉയർത്തി മെല്ലെ കുട്ടയിലിടുമ്പോൾ വിയർപ്പിൽനിന്നു തികട്ടുന്ന മണത്തെ ചാഴിച്ചൂര് എന്ന് പൊറിഞ്ചുവിന്റെ മനസ്സ് പറയും. പരിചിതഗന്ധം നുകർന്ന് പിന്നീടൊരാളെ ഉഴിഞ്ഞിട്ടേയില്ല പൊറിഞ്ചു.

‘‘അമ്പടാ. നീ പെണ്ണും പെടക്കോഴിയുമായി പട്ടാമ്പിയിൽ കർക്കടകചികിത്സയുമായി കഴിയുകയാണെന്ന് ലോറിക്കാരൻ രാമൻകുട്ടിയാണ് പറഞ്ഞത്.’’

‘‘പിടക്കോഴിയൊന്നുമില്ലടാ കൂവേ. ലിവിങ്ടുഗദർ. ആദ്യത്തേതിനെ ഉപേക്ഷിച്ചു. അതിലൊരാൺ തരി. അവറ്റോള് താമരശ്ശേരിയിൽ. ചുരമടിവാരമായതുകൊണ്ട് അന്തിക്കൂട്ടുണ്ട് അവൾക്ക്.’’

തങ്കച്ചൻ ചിരിച്ചു. ഒപ്പം ചില്ലിച്ചിക്കനിലെ കാപ്സിക്കത്തിന്റെ പച്ചരാശി കൈവെള്ളയിൽ തുപ്പി മേശക്കു കീഴെയിട്ടു. ഇടിമുളകിന്റെ ഒരു തരി ചവച്ചിറക്കി തങ്കച്ചൻ ചോദിച്ചു: ‘‘നിനക്കെങ്ങനെ ഇതിനൊക്കെ ധൈര്യം വന്നെടാ കൂവേ?’’

‘‘അവിടെ പലർക്കും രണ്ടോ മൂന്നോ പെണ്ണുങ്ങളുണ്ട്. ഭർത്താക്കന്മാരുപേക്ഷിച്ച പെണ്ണുങ്ങളാ എന്റെ ടാർജറ്റ്. ഒശത്തി മൊതലുകള്.’’

തങ്കച്ചന്റെ ചീറ്റിപ്പോകുന്ന ചിരിയും കോടുന്ന ചുണ്ടുകളും നോക്കിയിരുന്ന് ഇടതു കൈപ്പത്തിയിലെ വിരലുകളിൽ നാലും മടക്കി പൊറിഞ്ചു സ്വന്തം കൈനഖം പരിശോധിച്ചു. ചെളികെട്ടിയ നഖക്കാഴ്ച മീൻ ചെതുമ്പൽപോലെ. പന്നിമലത്തിയതിന്റെ നെയ്യിൽ കുഴഞ്ഞ വലതു കൈപ്പടത്തിലെ നഖം തള്ളവിരൽകൊണ്ട് തടവിയപ്പോൾ, തിരുമ്മൽകേന്ദ്രത്തിലെ തലശ്ശേരിക്കാരൻ ഗുരുക്കൾ പറഞ്ഞതും താമരശ്ശേരിയിലെ ഖദീജ പറഞ്ഞതും പൊറിഞ്ചുവിന്റെ തലച്ചോറിൽ ചെണ്ടകൊട്ടി. നഖക്ഷതങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ഇരുവരും പറഞ്ഞത്.

തലശ്ശേരിക്കാരൻ ഗുരുക്കൾ. ‘‘മനിഷ്യന്മാരുടെ ദേഹത്ത് തിരുമ്മണോങ്കി കൈനഖം വെട്ടി വൃത്തിയാക്കണം. ചെളിയുണ്ടാവരുത് നഖത്തിൽ. തടിക്ക് പോറൽ പറ്റാതെ നോക്കണം.’’

ഖദീജ: ‘‘നഖംകൊണ്ട് മുറിഞ്ഞത് നീറ്റലാകുന്നു. എന്താ ഒരു മാന്തിപ്പറ.’’

ഗ്ലാസിൽ പകുതിയോളം റം നിറഞ്ഞു. മീതെ സോഡ നുരഞ്ഞുപൊങ്ങി ഒരു വെള്ളച്ചാട്ടത്തിന്റെ വൃത്തം തീർത്തു.

‘‘ഇന്നുതന്നെ കേശവൻ കർത്തായുടെ വീട്ടിലെത്തണം. നിന്റെ പേരു കേട്ടാൽ ഈഴവനെന്നേ തോന്നൂ. കഴുത്തിൽ വെന്തിങ്ങയില്ലല്ലോ. നസ്രാണിയാന്ന് പറഞ്ഞറിയിക്കണ്ട. അല്ലെങ്കിലും ആനകൾക്കും ജാതിയുണ്ടല്ലോ. കണ്ണനും ജയറാമും അല്ലാതെ ഈശോയും യോഹന്നാനും യാക്കോബും ആ വകുപ്പിലില്ലല്ലോ.’’

താഴെ റെഡിയായി നിൽക്കുന്ന ഫോർച്യൂണറിൽ സീറ്റ് ബെൽറ്റിൽ കൊരുത്തുകിടക്കുന്ന ൈഡ്രവർക്കരികിൽ മുന്നിൽ തങ്കച്ചൻ. പിന്നിൽ ഇറപ്പറ്റിൽ പൊറിഞ്ചു. വെളിച്ചത്തിൽനിന്നും കണ്ണുപറിച്ച് തൊട്ടുമുകളിലെ ആകാശത്തുനിന്ന് ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ കൂതിയിൽ മിന്നുന്ന വെട്ടം നോക്കി പൊറിഞ്ചു മയങ്ങി. വണ്ടി മാഞ്ഞാലി രഘുറാമിന്റെ ദേശത്തേക്ക് പറന്നു.

കേശവൻ കർത്താ പള്ളിയുറക്കത്തിന് വട്ടംകൂട്ടുമ്പോഴാണ് ഫോർച്യൂണർ മുറ്റത്തെത്തിയത്. ആനവാതിലിനപ്പുറം കൊമ്പനെ എഴുന്നള്ളിച്ചപോലെ കുടവയർ ഇളക്കി നടന്നുവരുന്ന കർത്താക്ക് ദൃഷ്​ടിദോഷം പറ്റാതിരിക്കാൻ മുന്നിൽ ആറാട്ടുമുണ്ടനെപ്പോലെ കുഴിയാനപ്പരുവത്തിൽ കണ്ടമ്പിള്ളി നമ്പീശൻ. ഇതാണോ മാഞ്ഞാലി രഘുറാമെന്ന മറ്റൊരാന എന്നു ശങ്കിച്ചുപോകുമാറ് കർത്തായുടെ വിരിമാറും ഉന്തിയ ചാറവയറും. കഴുത്തിലൊരു സ്വർണച്ചങ്ങല. ആനയേക്കാൾ ആ രൂപത്തെ ഉപമിക്കാവുന്നത് ഗണപതിയെയാണെന്ന് തങ്കച്ചന് തോന്നി. തുമ്പിക്കൈയുടെ ഒരു കുറവേയുള്ളൂ. കഴുത്തും വിരിപ്പുറവും ഒന്നായതുപോലെ. ഇത്രയും കറുത്ത ഒരു കർത്തായെ ആദ്യമായി കാണുകയാണെന്ന് പൊറിഞ്ചു ഓർത്തു.

ഉറക്കച്ചടവോടെ പൊറിഞ്ചുവിന്റെ കൈയിൽ ഏറെനേരം നോക്കിനിന്നു കണ്ടമ്പിള്ളി നമ്പീശൻ. തിടംവച്ച പ്ലാശിൻവേര് തൂങ്ങിക്കിടക്കുന്നതുപോലെ കാൽമുട്ടും കവിഞ്ഞുകിടക്കുന്ന കൈയുടെ ഉറവിടമായ തോളിൽ തട്ടി വൈദ്യൻ പറഞ്ഞു:

‘‘ഇതൊരു പനങ്കുലപോലുണ്ടല്ലോ ചങ്ങായി. കൈക്ക് പശമെഴുക്കു വേണം. ആവണക്കെണ്ണയിൽ കറ്റാർവാഴപ്പോളനീര് ചേർത്തൊരു മുക്കൂട്ടുണ്ടാക്കി ഞാനിതാ വരുന്നു.’’

വൈദ്യൻ ചാവടിയിലേക്ക് കയറി. ബംഗ്ലാവിന്റെ വരാന്തയിൽനിന്നും അകത്തേക്കു കയറി കേശവൻ കർത്തായെ വരാന്തയിലേക്ക് ഇറക്കിക്കൊണ്ടുവന്നു തങ്കച്ചൻ. പൊറിഞ്ചുവിനെ ചൂണ്ടിക്കാണിച്ച് വൈദ്യൻ അകത്തേക്കു കയറിപ്പോയി.

‘‘ഇതാണ് ഞാൻ പറഞ്ഞ ആള്.’’ തങ്കച്ചൻ പറഞ്ഞു.

വിലപേശി വാങ്ങാൻ നിർത്തിയ അടിമയെ നോക്കുംപോലെ കേശവൻ കർത്താ പൊറിഞ്ചുവിനെ നോക്കി. കൈത്തലം അടിമുടി വീക്ഷിച്ചു. ബോധ്യംവന്നപോലെ തങ്കച്ചനോട് മൊഴിഞ്ഞു: ‘‘ഈ കൈകൊണ്ട് ഒപ്പിക്കാം.’’

ഇരുട്ടിന്റെ മറപറ്റി കടപ്ലാവിന്റെ ചോട്ടിൽ ഒരു തുമ്പിക്കൈ വായുവിലേക്ക് ഉയരുന്നതും നോക്കി തങ്കച്ചൻ ചാവടിയുടെ അകത്തേക്കു കയറി. ആനയുടെ ചിന്നംവിളിയും ചങ്ങലപൊട്ടിക്കാനുള്ള തത്രപ്പാടും അവസാനിച്ചിട്ടില്ല. വൈദ്യൻ വാതിൽക്കലെത്തിയപ്പോൾ ഒരു ചുട്ടിത്തോർത്ത് മാത്രം ഉടുത്ത് റെഡിയായിനിന്നു പൊറിഞ്ചു. വൈദ്യന്റെ കണ്ണിൽ ഉറക്കം ഗുളികയരയ്ക്കുന്നത് കണ്ടു. ഒരു ബക്കറ്റ് നിറയെ കൊഴുത്ത ദ്രാവകവും ഒരു കെട്ട് പഴന്തുണിയുമായി പൊറിഞ്ചുവിന്റെ മുന്നിലെത്തി വൈദ്യൻ. ആനയ്ക്കു പിന്നിൽ ഒരു മരക്കുതിരയെ കൊണ്ടുവച്ചത് രണ്ട് ബായിമാരാണ്. തങ്കച്ചൻ അവർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. മൂന്ന് ലൈറ്റുകൾ നിരയായി കമ്പിയിൽ തൂക്കി ആനപ്പന്തിക്കു മുകളിൽ വെളിച്ചത്തിന്റെ കെട്ടുപൊട്ടിച്ചുവിട്ടു. അവിടം ഒരു ഓപറേഷൻ ടേബിൾപോലെ കാണപ്പെട്ടു.

‘‘നീ പീഠത്തിൽ നിൽക്കും; ആന താഴെയും.’’ വൈദ്യൻ പറഞ്ഞു.

ഒന്നാം ക്ലാസിലെ പാഠപുസ്​തകത്തിൽ ഇതിനോട് സാമ്യമുള്ള ഒന്ന് പഠിച്ചത് തലച്ചോറിൽ മിന്നിമറഞ്ഞതായി പൊറിഞ്ചു അറിഞ്ഞു.

‘‘ഇതാ ബക്കറ്റ് പൊക്കിത്തരാം. ഈ പ്ലാസ്റ്റിക്ക് കൂട് കൈയിലിടുക. ഇത് മെഴുക്കുപരുവമാണ്. കൈകടക്കണമല്ലോ. ഉള്ളിൽ കൈയെത്തുമ്പോൾ ഊടുപാടെ ഇളക്കരുത്’’, വൈദ്യൻ പറഞ്ഞു.

തടിച്ചുരുണ്ട കാലുകൾ. കീഴോട്ട് നിലംമുട്ടെ തൂങ്ങിയാടുന്ന ഉരുണ്ടുനീണ്ട തുമ്പിക്കൈയിൽനിന്നും ഒഴുകുന്ന ഞോളയിൽ ശ്വാസം നുരകുത്തി പതകുത്തി ഒച്ചവെയ്ക്കുന്നു. വിസ്​താരമേറിയ ചെവിയാട്ടി സ്വയം തണുപ്പിക്കുന്ന കൊമ്പൻ ഇടക്കിടെ അലറുന്നുണ്ട്. പാപ്പാനുനേരെ ഒച്ചവയ്ക്കുന്നുണ്ട്. ആ ശബ്ദത്തെ ചിന്നംവിളിയെന്നു പറയാനാവില്ല. ശരിക്കും വിലപിക്കുന്ന ഒരു കൊമ്പന്റെ ദയനീയമായ അടക്കിക്കരച്ചിൽ. ആനച്ചങ്ങലകൊണ്ട് മുൻകാലും കൈയും ബന്ധിച്ച കടപ്ലാവിന് നൂറിലേറെ വർഷത്തെ പഴക്കമുണ്ടെങ്കിലും സഹികെട്ട ആന അത് ഇളക്കിമറിക്കുമെന്ന് പൊറിഞ്ചുവിന് തോന്നി. ഇങ്ങനെയും ആന അലറുമോ എന്ന് അവൻ ശങ്കിച്ചു. ആനക്ക് മനുഷ്യസംസർഗം ഇഷ്​ടമല്ലെന്നും വഴങ്ങാത്ത ആനകളുടെ കാഴ്ച കളയാൻ കണ്ണിൽ മരക്കറയൊഴിക്കുന്ന പാപ്പാന്മാരുണ്ടെന്നും ആനവൈദ്യന്മാർ പറയാറുള്ളത് പൊറിഞ്ചുവിന് തികട്ടി.

‘‘ശാന്തനാണ്. വയറൊഴിഞ്ഞാൽ പാവമാണ്. കൊമ്പനാന്ന് തോന്നില്ല. ദേ, അങ്ങോട്ട് നോക്കിക്കെ. അർജുനൻ. അവനങ്ങനെയല്ല.’’

വൈദ്യൻ ചൂണിക്കാണിച്ചിടത്തേക്ക് പക്ഷേ, പൊറിഞ്ചു നോക്കിയില്ല. വേദനകൊണ്ടാണ് ആന നിർത്താതെ ചെവിയാട്ടുന്നത്. ബക്കറ്റിലെ ദ്രാവകം ഇളക്കിയപ്പോൾ കൈകൾ പള്ളിയിലെ ആനാംവെള്ളത്തിൽ മുക്കിയെന്ന തോന്നലാണ് പൊറിഞ്ചുവിനുണ്ടായത്. മരക്കുതിരയിൽ നിന്നാൽ വാലിനടിയിലൂടെ കൈ കടത്താം. പക്ഷേ, വാല് പൊക്കാനുള്ള പ്രയാസം ശരിക്കും പൊറിഞ്ചുവിനെ വലച്ചു. അതിന്റെ ഇത്തിരി തുമ്പിൽ ശേഷിച്ച ബ്രഷ് പോലുള്ള രോമങ്ങൾക്ക് കമ്പിയുടെ ബലമുണ്ടായിരുന്നു. വാല് ബലമായി മടക്കി തുടക്കിടയിൽ ചേർത്തുപിടിച്ചു കൊമ്പൻ.

നെടുമ്പയുടെ കാവിനു താഴെയുള്ള ചൂട്ടുപാടത്ത് ഞണ്ടളകളിൽ കൈയിട്ട് പാമ്പിനെ വലിച്ചെടുത്ത് കൂട്ടുകാർക്കു നേരെയെറിഞ്ഞ ഒരു പെരുങ്കയ്യൻ ബാലന്റെ മുഖം പൊറിഞ്ചുവിന്റെ മനസ്സിൽ മിന്നിമറഞ്ഞു. ചുറ്റിക്കുടഞ്ഞുള്ള ആ ഏറിൽത്തന്നെ ചത്തുപോയിരുന്നു പാമ്പ്. അപ്പോഴാണ് കൂട്ടുകാർ ശ്വാസം നേരെയാക്കി തിരികെയെത്തിയത്. ആ ഞണ്ടളങ്ങൾക്കു മീതെയാണ് വിമാനത്താവളത്തിന്റെ റൺവേ വന്നത്. വിമാനത്താവളം വന്നപ്പോൾ പാടം ഉപേക്ഷിച്ച് കിഴക്കൻ മലയിലേക്ക് കുടിയേറിയവരിൽ പൊറിഞ്ചുവും തങ്കച്ചനും പെട്ടു. പിന്നീടുള്ള വഴുവഴുപ്പുള്ള ഓർമകളിൽ തങ്കച്ചൻ ഒളിച്ചുകിടന്നു.

കുഴമ്പിന്റെ സ്​നിഗ്ധതയിൽ ചന്ദ്രിക സോപ്പിന്റെ മണം നുകർന്ന് വാലിന്റെ ഓരംചേർന്ന് പൊറിഞ്ചു കൈകടത്തി. പാതാളവിടവിൽ പെട്ടെന്ന് എന്തിലോ കൈ തടഞ്ഞു. ശങ്കിച്ച് കൂടുതൽ ശക്തിയോടെ കൈ ഉന്തി നീക്കിയപ്പോൾ ആനയിൽനിന്ന് രണ്ട് ആനക്കോൽ അകലെ നിലയുറപ്പിച്ച് പൊറിഞ്ചുവിന്റെ പെരുങ്കൈ വിളയാട്ടം കൺപാർത്ത് വൈദ്യൻ വിജ്ഞാനം വിളമ്പി.

‘‘ആനയുടെ വൃഷണങ്ങൾ അകത്താ. പുറത്തല്ല. പിന്നെയുമുണ്ട് ആനയ്ക്ക് പ്രത്യേകതകൾ. പിത്തസഞ്ചിയില്ല, വിയർപ്പുഗ്രന്ഥിയുമില്ല.’’

കൊമ്പൻ വേദനകൊണ്ട് പുളയുകയാണെന്ന് അതിന്റെ കാലിലെ വിറയൽ ബോധ്യപ്പെടുത്തുന്നുണ്ട്. ഏ തോ ഗുഹാതലത്തിൽ കണ്ണുകെട്ടി സഞ്ചരിക്കുന്ന മായാവിയെപ്പോലെ കൈത്തണ്ട നീണ്ടുനീണ്ട് കുടലിൽ ചുറ്റിക്കിടന്ന പ്ലാസ്റ്റിക്കു തിരുപ്പന്റെ തുമ്പറ്റം തൊട്ടു. ഇപ്പോഴായിരുന്നു നഖം വേണ്ടിയിരുന്നത് എന്നും ഓലത്തിരുപ്പനെ പിച്ചിയെടുക്കാനാവുന്നില്ലെന്നും ഓർത്ത് സർവ പുണ്യാളന്മാരെയും വിളിച്ചു പൊറിഞ്ചു.

മൂന്നാംവട്ടം കുഴമ്പിൽ കൈമുക്കി കുടലിലേക്ക് കടത്തിവിട്ടപ്പോൾ പൊതിയാത്തേങ്ങയുടെ വലുപ്പമുള്ള ദഹിക്കാത്ത ഒരു എരണ്ടം പുറത്തുചാടി. പൊറിഞ്ചു നിന്നിരുന്ന പീഠത്തിന്റെ കാലിൽ തട്ടി അത് നിലത്തുവീണെങ്കിലും ചിതറിയില്ലെന്നു മാത്രമല്ല പന്തുപോലെ ഉരുണ്ട് മണലിൽ സ്​ഥാനമുറപ്പിച്ചു. സെപ്റ്റിക് ടാങ്ക് കലക്കിവിട്ടപോലെ പരിസരമാകെ ചീഞ്ഞുനാറുന്ന വെടക്കുമണം നിറഞ്ഞു. തങ്കച്ചൻ ഒഴികെ ഏവരും മൂക്ക് പൊത്തി.

വൈദ്യൻ അടക്കം പറഞ്ഞു. ‘‘ആവൂ, ഒരു പിണ്ടം പോന്നു. അതും പ്ലാസ്റ്റിക്കുകൂട്. ഇനി നാളെ മതി.’’ സ്വന്തം വയറിൽ തടവി വയറൊഴിഞ്ഞുപോയതിൽ ആശ്വാസം കൊള്ളുന്നതുപോലെ വൈദ്യന്റെ മുഖം കാണപ്പെട്ടു.

അകത്തേക്കു കയറ്റിയ കൈത്തണ്ട പിൻവലിക്കുമ്പോൾ ചളി കെട്ടിയ പാടത്ത് പെയ്ത്തുവെള്ളത്തിൽ കൈപ്പന്ത് തട്ടുമ്പോഴുള്ള ചളപള ശബ്ദം പുറത്തുവന്നത് ഓർത്ത് പൊറിഞ്ചു വൈദ്യനെ നോക്കി. കൈപ്പലകവഴി കക്ഷത്തിലേക്ക് ഒലിച്ചിറങ്ങിയ പിണ്ഡജലം നെഞ്ചിലൂടെ ചാലിട്ട് തോർത്തിനെ നനച്ചിരുന്നു. അത് തുടകൾ നനച്ചു. ശരീരമാകെ നനഞ്ഞുകുതിർന്നു. ആഴ്ചകളോളം തൈലത്തിൽ കിടത്തിയ ഒരു ഫറോവയുടെ മമ്മിയാണ് സ്വന്തം ശരീരമെന്ന് പൊറിഞ്ചുവിന് തോന്നലുണ്ടായി. വിസർജ്യത്തിന്റെയും മൂത്രത്തിന്റെയും കടുത്ത ഗന്ധം അവനു ചുറ്റും നിറഞ്ഞുനിന്നു.

പുറത്തെടുത്ത കൈ കുടഞ്ഞുനിൽക്കുന്ന പൊറിഞ്ചുവിനെ നോക്കി വൈദ്യൻ അലറി: ‘‘പറ്റിച്ചൂലോ. നിന്റെ കയ്യീക്കെടന്ന കവർ എന്തിയേടാ?’’

അപ്പോഴാണ് കയ്യുറ അകത്തുപെട്ടത് പൊറിഞ്ചു അറിഞ്ഞത്.

കാട്ടരുവിയിൽ ഉറവപൊട്ടുംപോലെ ആന മൂത്രമൊഴിച്ചു. വേദനക്കു ശമനംവന്നപോലെ, വാലാട്ടി വശം ചേർന്നുപോകുന്ന പൊറിഞ്ചുവിനെ കാണാൻ തലതിരിച്ചു. എന്നാൽ, ആനയുടെ കണ്ണിൽപ്പെടാതെ ചാവടിയുടെ പിന്നിലെ കിണറ്റിൻകരയിലേക്കുള്ള വഴി നടന്നു പൊറിഞ്ചു.

 

‘‘കുളിക്ക്. എന്തെങ്കിലും കഴിക്ക്.’’ കേശവൻ കർത്താ പൊക്കിളിൽ വിരലിട്ട് പൊറിഞ്ചുവിനോട് പറഞ്ഞു. കർത്തായുടെ കുറുകിയ കഴുത്തിലെ സ്വർണമാല ആനയെ തളച്ച ചങ്ങലയെ ഓർമിപ്പിച്ചു. അതിന്റെ അറ്റത്തൊരു നിറച്ച ഏലസ്സ് കിടന്നിരുന്നു. അതിന് അമ്മിക്കുഴയുടെ ആകൃതിയായിരുന്നു. ബക്കറ്റിലെ കൊഴുത്ത ദ്രാവകം ഒരു കവുങ്ങിൻപാളകൊണ്ട് മൂടി മീതെയൊരു കല്ല് കയറ്റിവച്ച് വൈദ്യൻ പറഞ്ഞു: ‘‘പാതിരാവായില്ലേ. പോയി ഉറങ്ങിക്കോളൂ. പുലർച്ചെയാവാം അടുത്തത്.’’ കുളി കഴിഞ്ഞ ചായ്പിലെത്തുമ്പോൾ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന റമ്മുമായി തങ്കച്ചനെത്തി.

‘‘ഉറങ്ങാൻ കള്ള് വേറെ കുടിക്കണം. ദേ. വെള്ളം ചേർത്തിട്ടുണ്ട്. ഇതങ്ങട് വലിച്ച് ഉറങ്ങിക്കോളൂ.’’

ഗ്ലാസ്​ നീട്ടി തങ്കച്ചൻ കോലായിലെ അരമതിലിലിരുന്നു. സിരകളിലൂടെ പായുന്ന റമ്മിന്റെ ലഹരിയിൽ കൊമ്പന്റെ നിഴലിനോടൊപ്പം ഇടക്ക് വായുവിലുയരുന്ന തുമ്പിക്കൈയും കാലിന്റെ വിടവിൽ അലസമായി ആടുന്ന മൂത്രത്തണ്ടും നോക്കിയിരുന്ന് ഭാവനയിൽ മുഴുകാൻ ശ്രമിക്കുമ്പോൾ അകത്ത് വിരിച്ച പായ ചൂണ്ടി തങ്കച്ചൻ പറഞ്ഞു: ‘‘പോയിക്കിടന്ന് ഉറങ്ങിക്കോ. പുലർച്ചെ കാണാം.’’

പുലർച്ചെ ആകാശത്തു വട്ടംചുറ്റുന്ന വിമാനത്തിന്റെ ഇരമ്പലിനൊപ്പം പൊറിഞ്ചുവിന്റെ കൂർക്കംവലിയും ചേർന്നു. തുറന്നുകിടന്ന ജാലകത്തിലൂടെ ഉദയസൂര്യനെ മറയ്ക്കുന്ന കരിമേഘം നോക്കി കലിയോടെ പെയ്യുന്ന മഴ കണികണ്ട് പൊറിഞ്ചു എഴുന്നേറ്റ് ഒരു ബീഡിക്ക് തീയിട്ടു.

രണ്ടാമത്തെ ദിവസമാണ് തങ്കച്ചൻ തിരിച്ചെത്തിയത്. കൂപ്പുലേലം ഉണ്ടായിരുന്നതുകൊണ്ട് വരാനൊത്തില്ലെന്നും ഇന്നലെ പൂശിയില്ലേ എന്നും ബാക്കി കാണില്ലല്ലോ എന്നും കുശലം ചോദിച്ചപ്പോൾ പൊറിഞ്ചു തലേന്നത്തെ സംഭവം വിവരിച്ചു.

രാത്രി കണ്ട ആനയെയായിരുന്നില്ല രാവിലെ കണ്ടതെന്ന് തോന്നി. ശാന്തൻ. പരിചിതഗന്ധം തിരിച്ചറിഞ്ഞ കൊമ്പൻ പൊറിഞ്ചുവിനെ കണ്ടപാടെ മൂത്രമൊഴിച്ച് തുമ്പിക്കൈ ആട്ടി. കണ്ണിൽ പൊടിഞ്ഞ നീര് പുറത്തു ചാടിക്കാൻ ഇത്തിരിപ്പോന്ന കണ്ണിറുക്കിയപ്പോൾ മഞ്ചാടിക്കുരു പൊഴിയുന്നതുപോലെ. പൊറിഞ്ചുവിന്റെ തുമ്പിക്കൈപോലുള്ള കൈയിനെ അരിച്ചുപെറുക്കുന്ന തേനീച്ചക്കണ്ണുകൾ. ചെവിയാട്ടി വാലിട്ടിളക്കി നിൽക്കുന്ന മാഞ്ഞാലി രഘുറാമിന്റെ വാലിനു കീഴെ രണ്ടു ബായിമാർ മരക്കുതിര കൊണ്ടുവച്ചു. പാപ്പാൻ നൽകിയ നിർദേശം പാർത്ത് വൈദ്യൻ പറഞ്ഞു:

‘‘അറ്റംവരെ കൈകടത്തി പതുക്കെ ഇളക്കിവിടണം. പിന്നിൽനിന്നൊരു പീച്ചാംകുഴലിൽ കറ്റവാഴപ്പോളയുടെ ആറാട്ട് നടത്തി കഷായവസ്​തി ചെയ്യാം. ഇതിൽ ആവണക്കെണ്ണയിൽ ചെന്നാമുക്കിയിലയും കുരുവില്ലാക്കടുക്കയും അരച്ചുചേർക്കുകയും ചെയ്തിട്ടുണ്ട്.’’

ഞണ്ടളയിലൂടെ കടന്നുപോകുന്ന കൈപ്പടത്തിൽ ഇറുകിയ ഞണ്ടിനെ കോർത്തെടുക്കുന്നതുപോലെ പൊറിഞ്ചു ഒരു ചുമ്മാടിന്റെ തുമ്പിൽ തൊട്ടു. മെല്ലെ മെല്ലെ അത് വലിച്ച് വൻകുടലിന്റെ അറ്റംവരെയെത്തിച്ചു. പുഴയിൽ ആഞ്ഞുപതിക്കുന്ന വള്ളക്കോല് പോലെയായിരുന്നു വലംകൈ. പിച്ചാംകുഴലിൽനിന്നും പുറത്തുചാടിയ എരണ്ടത്തോടൊപ്പം വീണ വഴുവഴുപ്പുള്ള പിത്തനീർ പൊറിഞ്ചുവിന്റെ വയറും നനച്ച് തുടയ്ക്കിടയിലൂടെ ചാലിട്ട് നിലംപൊത്തി. വെടക്കുമണമുള്ള അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നിയതുകൊണ്ടാവാം വൈദ്യരും പാപ്പാനും ആനയുടെ മുന്നിൽനിന്നു മാറി കോലിറയത്ത് നിലയുറപ്പിച്ചിരുന്നു.

വേദനക്ക് സമാപ്തിപോലെ മാഞ്ഞാലി രഘുറാം വാല് വീശി ചെവിയാട്ടി സ്വയം തണുപ്പിച്ചുകൊണ്ടിരുന്നു. മണ്ണ് തുളച്ച് പാതാളത്തിലേക്കു പോകുന്ന മൂത്രം. അത് വീണിടത്ത് സോപ്പുപതയെ തോൽപിക്കുന്ന വെളുത്ത വൃത്തങ്ങൾ. തുമ്പിക്കൈകൊണ്ട് പൊറിഞ്ചുവിന്റെ കഷണ്ടികയറിയ തലയിൽ തൊട്ടു കൊമ്പൻ. മരക്കുതിരയെ ഇതിനകം എടുത്തുമാറ്റിയിരുന്നു. പൊറിഞ്ചു കൊമ്പന്റെ തുമ്പിയും കൊമ്പും തടവി. അതിലെ എണ്ണമയം കൈയിലാകെ പടർന്നു. മൂക്കിലേക്ക് അടിച്ചുകയറിയ വിസർജ്യത്തിന്റെയും മദജലത്തിന്റെയും ഗന്ധം പൊറിഞ്ചു തിരിച്ചറിഞ്ഞു. വൈദ്യൻ വിളമ്പിയ വിജ്ഞാനത്തിന് സ്​ഥിരീകരണമായി, ആനക്ക് വൃഷണങ്ങൾ രണ്ടുണ്ടെന്നും അത് ഉള്ളിലാണെന്നും ഓർത്തു.

പൊറിഞ്ചുവിന്റെ വിവരണം കേട്ടപാടെ തങ്കച്ചൻ ചിരിച്ചു. ആനയെ വീക്ഷിച്ച് പാപ്പാന്റെ അടുത്തെത്തി എന്തോ കുശലം ചോദിച്ചു.

‘‘കുളിച്ചിട്ട് വാ. ഞാൻ ഒരെണ്ണം കൊണ്ടുവന്നിട്ടുണ്ട്. എയർപോർട്ടിൽനിന്ന് സംഘടിപ്പിച്ചതാ.’’

ഗ്ലാസിലേക്ക് പകർന്ന ദ്രാവകം മണത്തുനോക്കി തങ്കച്ചൻ തുടർന്നു:

‘‘വിസ്​കിയാ. ലേശം പതുക്കെയേ ഏശൂ. ഹാങ്ഓവർ കാണില്ല.’’

പൊതികളിൽനിന്ന് കൊഴുവ വറുത്തതും ബീഫ് തേങ്ങാക്കൊത്തിട്ട് ഉലർത്തിയതും വട്ടംവെട്ടിയ സവാളയും പൊറോട്ടയും പുറത്തു ചാടി.

‘‘ഞാൻ പറഞ്ഞില്ലേ, ഇവിടെ കൂടാം. നാലെണ്ണമുണ്ടല്ലോ. ഏതിനാ എപ്പോഴാ എരണ്ടക്കെട്ടെന്നു പറയാനൊക്കില്ലല്ലോ. ഇന്ന് രഘുറാമിന്. നാളെ കല്യാണിക്ക്.’’

‘‘കർക്കിടകം വരുന്നു. ഞാനവിടെ കുറെപ്പേരെ തിരുമ്മാമെന്ന് ഏറ്റിട്ടുണ്ട്. തലശ്ശേരിയിൽനിന്ന് ഒരു ഗുരുക്കളും വരും. തണ്ടിക വെടുപ്പാക്കാൻ ആളെ ഏൽപിച്ചിട്ടുണ്ട്. ഇപ്പോഴാ സീസൺ.’’

‘‘നിനക്ക് അതിനേക്കാൾ കൂടുതൽ ഇവിടെ സംഘടിപ്പിക്കാം. ഒന്നുമില്ലെങ്കിൽ പാപ്പാനോടൊപ്പമോ മില്ലിലോ കൂടാം.’’

പാപ്പാൻ ആനയുടെ മുൻകാലിൽ ചാരിനിൽക്കുന്നത് വീക്ഷിച്ചാണ് പൊറിഞ്ചു കൊമ്പന്റെ അരികിലെത്തിയത്. പൊറിഞ്ചുവിനെ കണ്ടപ്പോൾ ആന തുമ്പിക്കൈ ഉയർത്തി അഭിവാദ്യംചെയ്തു. പിന്നീട് ചെവികൾ വെഞ്ചാമരം വീശി. പൊറിഞ്ചു കൊമ്പന്റെ കാലിൽ തൊട്ടു. ആന കാലകത്തി തുമ്പിക്കൈ ഉയർത്തി. വാല് ഭൂമിക്ക് സമാന്തരമായി പിടിച്ചുനിന്നു.

പാപ്പാൻ പറഞ്ഞു: ‘‘നിന്നെ കാണുമ്പോൾ ആന കാണിക്കുന്ന കുസൃതി കണ്ടോ. അതിന് കാരണമുണ്ട്. നീയതിന്റെ മർമത്തിലല്ലേ തൊട്ടത്. പോരാത്തതിന് എരണ്ടം കോരിമാറ്റാൻ ഒരാഴ്ചയല്ലേ എടുത്തത്.’’

പൊറിഞ്ചു കൊമ്പന്റെ തുമ്പിയിൽ തൊട്ട് അതിനെ ആശ്ലേഷിച്ചു. പശമെഴുക് അവന്റെ കൈയിൽ പടർന്നു. കാമുകിയുടെ ദേഹത്ത് ചുറ്റുംപോലെ ആയിരുന്നു അത്.

എരണ്ടക്കെട്ട് മാറിയപ്പോൾ രഘുറാമിനെ എഴുന്നള്ളത്തിനു കൊണ്ടുപോയിത്തുടങ്ങാമെന്ന് കേശവൻ കർത്താ പറഞ്ഞു. മൂന്ന് അമ്പലങ്ങളിലെ പകൽപ്പൂരത്തിന് രഘുറാം തിടമ്പേറ്റി. മാണിക്യമംഗലത്ത് നടന്ന മത്സരത്തിൽ ഗജരാജനായി വിലസി. കാഞ്ഞൂർ പള്ളിപ്പെരുനാളിന് അമ്പെഴുന്നള്ളിച്ചു. ആ ദിനങ്ങൾ പൊറിഞ്ചുവും പാപ്പാനോട് ഒപ്പമുണ്ടായിരുന്നു.

മിഥുനം അവസാനിക്കും മുമ്പ് മഴ തുടങ്ങി. രഘുറാമിനെ താലോലിച്ച് തങ്കച്ചന്റെ വരവിനായി കാത്തിരുന്നു പൊറിഞ്ചു. പൊറിഞ്ചുവിനെ കണ്ടില്ലെങ്കിൽ ആനയുടെ മുഖത്ത് വിഷാദഭാവം നിറയുന്നുണ്ടെന്നും അവരുടെ മേനിപ്പൊരുത്തം അങ്ങനെയാണെന്നും വൈദ്യൻ പറഞ്ഞത് വിശ്വസിക്കാനാവാതെ കേശവൻ കർത്താ ചോദിച്ചു:

‘‘എന്തു കൈവിഷമാണാവോ രഘുറാമിന് ആ പെരുങ്കൈയൻ കൊടുത്തത്. ആനമയക്കി മന്ത്രമോ.’’

‘‘ഏയ്. അതൊന്നുമല്ല. ആനയ്ക്ക് അവനെ ഇഷ്​ടമാ. ആ നീണ്ട കൈയും വിരിഞ്ഞ നെഞ്ചും എഴുന്നള്ളത്തിന്റെ പവറും ആരാ ഇഷ്​ടപ്പെടാത്തത്. പോരാത്തതിന് നല്ലൊരു ഉഴിച്ചിൽകാരനും.’’

ലുലുമാൾ കാണിക്കാമെന്ന് പറഞ്ഞ് തങ്കച്ചൻ കൊണ്ടുപോയ ദിവസം തിരിച്ചെത്തിയപ്പോൾ രഘുറാം നിന്ന ഇടം ശൂന്യമായി കാണപ്പെട്ടു. അവിടെയാകെ കോരിമാറ്റാത്ത ആനപ്പിണ്ടം കിടന്നിരുന്നു. തുരുമ്പുപിടിച്ച് ഉപയോഗശൂന്യമായ ഒരു ആനച്ചങ്ങല കടപ്ലാവിനെ ചുറ്റിയിരുന്നു.

ചായ്പിലെത്തിയപ്പോൾ രഘുറാമിന്റെ പാപ്പാൻ വരാന്തയിൽ കിടന്ന് കൂർക്കം വലിക്കുന്നു. മഴയുടെ ആരവവുമായി ഇരുട്ടുപരന്ന രാത്രി. തങ്കച്ചൻ വണ്ടിയോടിച്ച് തിരിച്ചുപോവുകയും ചെയ്തു.

മഴയിൽ കുളിച്ച് പൊറിഞ്ചു കടപ്ലാവിന്റെ ചോട്ടിലെത്തി. മഴയെ ഇരട്ടിപ്പിക്കുന്ന കടപ്ലാവിന്റെ ഇലകളിൽ മദ്ദളംകൊട്ടുന്ന ജലകണങ്ങൾ. ഒന്നും മനസ്സിലാക്കാനാവാതെ കല്യാണിയുടെ അരികിലെത്തി അവളുടെ പാപ്പാനോട് പൊറിഞ്ചു ചോദിച്ചു:

‘‘രഘുറാം എവിടെ...എഴുന്നള്ളത്തിനു കൊണ്ടുപോയോ?’’

‘‘ഏയ്... അവനെ എരുമപ്പെട്ടിയിലെ ഒരു മേനോനു വിറ്റു. എപ്പോഴും എരണ്ടക്കെട്ടുള്ള അവനെയിനി നിർത്തേണ്ടെന്ന് തങ്കച്ചൻ മൊതലാളിയാണ് പറഞ്ഞത്. നീ തിരിച്ചുപോയില്ലേ?’’

തിരുക്കൊച്ചി ബാറിൽ ​െവച്ച് ഇതുവരെയുള്ളതിന്റെ പ്രതിഫലമായി പതിനായിരം രൂപയെന്നു പറഞ്ഞ് തങ്കച്ചൻ ഒരു നോട്ടുകെട്ട് കൈവെള്ളയിൽവച്ചത് വെറുതെയല്ല എന്ന് പൊറിഞ്ചുവിന് ബോധ്യമായി.

സിബ് ചേരാത്ത ബാഗിൽ ആനച്ചൂരുള്ള ഉടുപുടവകൾ കുത്തിനിറച്ച്, ചാക്കുനൂലുകൊണ്ടൊരു വട്ടക്കെട്ട് കെട്ടി കടപ്ലാവിന്റെ ഓരം ചേർന്ന് ചാറ്റൽമഴയിലൂടെ പുറത്തേക്കിറങ്ങുമ്പോൾ കർക്കിടക ചികിത്സക്കായി കെട്ടിയൊരുക്കിയ പട്ടാമ്പിയിലെ ഷെഡ് മനസ്സിൽ കത്തുന്നതായി പൊറിഞ്ചുവിന് തോന്നി. തൃശൂർ വരെ മലബാർ എക്സ്​പ്രസ്​. പിന്നെ പാലക്കാടിനു പോകുന്ന ബസ്. പൊറിഞ്ചു നടപ്പിന് വേഗം കൂട്ടി. അവനെ തോൽപിക്കാനെന്നവണ്ണം ഒരു കൊമ്പനെപ്പോലെ മഴ കിഴക്കൻമലയിലേക്ക് കൊമ്പുകുത്തി സഞ്ചരിച്ചുകൊണ്ടിരുന്നു.

(ചിത്രീകരണം: ചിത്ര എലിസബത്ത്​)

News Summary - weekly literature story