Begin typing your search above and press return to search.
proflie-avatar
Login

ഇനായ!

ഇനായ!
cancel

പിങ്ക് നിറമുള്ള കടലാസുപെട്ടിയിൽ അൽപം വളച്ച് ഒതുക്കിവെച്ചിരുന്ന ചെമ്പുതകിട് ചെറിയൊരു ശബ്ദത്തോടെ ഞെട്ടിപ്പിടച്ചാണ് താഴോട്ടുവീണത്. ഗൗളീരൂപം കോറിയിട്ടിരുന്ന, വർഷങ്ങളുടെ ക്ലാവ് പിടിച്ച ആ ലോഹത്തുണ്ട് കൈയിലെടുത്തപ്പോൾ ശ്വാസം നിലക്കുന്നപോലെ തോന്നി. ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ട വസ്തുക്കളിലൊന്നായിരുന്നു അമ്പതു രൂപപോലും വിലയില്ലാതിരുന്ന ആ വസ്തു. വർഷങ്ങൾക്കുമുമ്പ് മറുനാട്ടിൽ വെച്ച് നഷ്ടപ്പെട്ടുപോയതാണത്. കൗമാരം പിന്നിടുന്ന കാലത്ത്, സദാ കൈയിൽ കൊണ്ടുനടക്കണമെന്ന് ഭീതികലർന്ന സ്‌നേഹത്തോടെ പറഞ്ഞ് മറ്റാരും കാണാതെ കൈവെള്ളയിലെ വിയർപ്പടക്കം എന്റെ ഇടതു കൈയിലേക്ക് അതു തിരുകിവെച്ച...

Your Subscription Supports Independent Journalism

View Plans

പിങ്ക് നിറമുള്ള കടലാസുപെട്ടിയിൽ അൽപം വളച്ച് ഒതുക്കിവെച്ചിരുന്ന ചെമ്പുതകിട് ചെറിയൊരു ശബ്ദത്തോടെ ഞെട്ടിപ്പിടച്ചാണ് താഴോട്ടുവീണത്. ഗൗളീരൂപം കോറിയിട്ടിരുന്ന, വർഷങ്ങളുടെ ക്ലാവ് പിടിച്ച ആ ലോഹത്തുണ്ട് കൈയിലെടുത്തപ്പോൾ ശ്വാസം നിലക്കുന്നപോലെ തോന്നി. ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ട വസ്തുക്കളിലൊന്നായിരുന്നു അമ്പതു രൂപപോലും വിലയില്ലാതിരുന്ന ആ വസ്തു. വർഷങ്ങൾക്കുമുമ്പ് മറുനാട്ടിൽ വെച്ച് നഷ്ടപ്പെട്ടുപോയതാണത്. കൗമാരം പിന്നിടുന്ന കാലത്ത്, സദാ കൈയിൽ കൊണ്ടുനടക്കണമെന്ന് ഭീതികലർന്ന സ്‌നേഹത്തോടെ പറഞ്ഞ് മറ്റാരും കാണാതെ കൈവെള്ളയിലെ വിയർപ്പടക്കം എന്റെ ഇടതു കൈയിലേക്ക് അതു തിരുകിവെച്ച പഴയ കൂട്ടുകാരിയോട് ചെയ്തുപോയ കൊടുംപാതകമാണതെന്ന് തോന്നിയിരുന്നു. കുറെക്കാലം മനസ്സിൽ കൊണ്ടുനടന്ന ആ സങ്കടം പതുക്കെ വിട്ടുപോയതാണ്. വർഷങ്ങൾക്കുശേഷം അതെന്നിലേക്ക് തിരിച്ചുവന്നിരിക്കുന്നു!

പാകിസ്താനിലെ റാവൽപിണ്ടിക്കടുത്തുള്ള ഗുൽയാനയെന്ന ചെറുപട്ടണത്തിൽനിന്ന് ആറുമാസം മുമ്പ് അയച്ച കൊറിയറാണത്. എംബസികളിലും പട്ടാള ക്യാമ്പുകളിലും ചുറ്റി പലതവണ ഇഴകീറി പരിശോധിക്കപ്പെട്ട് ഏതോ സുരക്ഷാ ഉദ്യോഗസ്ഥന്റെ കാരുണ്യത്തിൽ തേടിയെത്തിയ സമ്മാനം! ഗുൽയാനയെന്ന് ഫ്രം അഡ്രസിൽ കണ്ടപ്പോഴേ തിളക്കമുള്ള ഒരു മുഖവും മധുരമായ പേരും മനസ്സിലേക്ക് വന്നു -ഇനായ! ദൈവമേ അവളുടെ കൈയിലായിരുന്നോ ഇത് ഇത്രയും കാലം!

ഏഴു വർഷം മുമ്പായിരുന്നു ആ പാകിസ്താൻ യാത്ര. മൂന്നുദിവസം നീണ്ട ഇസ്‍ലാമാബാദ് സന്ദർശനത്തിൽ അവിടത്തെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണുന്നതിന് ട്രാവൽ ഏജന്റ് നിയോഗിച്ച ഉർദു ദ്വിഭാഷിയായിരുന്നു ഇനായ. നഗരത്തിലെ കോളേജിലെ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ പി.ജി വിദ്യാർഥിനി. ഇരുപത്തിമൂന്നിൽ അധികം പ്രായം കാണില്ല. മുടി വെളിയിൽ കാണാത്ത രീതിയിൽ തട്ടംകൊണ്ട് ചുറ്റിക്കെട്ടിയ ആ പെൺകുട്ടി കളങ്കമേശാത്ത ചിരിയുടെ പ്രകാശം പരത്തി മുന്നിൽ വന്നുനിന്നു. എന്നാൽ, വിഷാദത്തിന്റെ ഒരു മിന്നലാട്ടം ആ മുഖത്ത് ഞാൻ കണ്ടു.

‘‘ബായ്ജാൻ ടക്‌സില്ലയിലും ഹാരപ്പയിലും തീർച്ചയായും പോണം’’ -എന്റെ മനസ്സ് വായിച്ചെടുത്തപോലെ അവൾ പറഞ്ഞു. രാവിലെ പതിനൊന്നു മണിയായിരുന്നു. വൈകി ഉണർന്നതുകൊണ്ട് പ്രാതൽ കഴിച്ചിരുന്നില്ല.

‘‘ആദ്യം എന്തെങ്കിലും കഴിക്കണം. നല്ല വിശപ്പുണ്ട്.’’

ഒരു തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ട് അവളെന്നോട് കാറിലേക്ക് കയറാൻ പറഞ്ഞു. നല്ല ഭക്ഷണം കിട്ടുന്നിടത്തേക്ക് ഡ്രൈവർക്ക് വഴി പറഞ്ഞുകൊടുത്തു. പരമ്പരാഗത രീതിയിലുള്ള ഒരു ഫുഡ്‌കോർട്ടായിരുന്നു അത്. വിവിധതരം ഇറച്ചികൾ വേവിക്കുകയും ചുടുകയും ചെയ്യുന്ന തുറന്ന അടുക്കളയിലൂടെ അതിഥികൾക്കായുള്ള ഇരിപ്പിടങ്ങളിലേക്ക് എന്നെ നയിച്ചു. അവിടത്തെ വിഭവങ്ങളെക്കുറിച്ച് അവൾ വിശദീകരിക്കാൻ തുടങ്ങിയപ്പോഴേ തൊട്ടടുത്തുണ്ടായിരുന്ന കണ്ണാടിക്കൂട്ടിലേക്ക് കണ്ണോടിച്ചുകൊണ്ട് ഞാൻ ചോദിച്ചു: ‘‘നമുക്ക് ബീഫ് ഷീക് കബാബും റൊട്ടിയും കഴിച്ചാലോ?’’ തലകുലുക്കി ശരിവെച്ച അവൾ ഒരു പ്ലേറ്റ് ബീഫ് ഷീക് കബാബ് ഓർഡർ ചെയ്തു. എന്താ ഒരു പ്ലേറ്റെന്ന് തിരക്കിയപ്പോൾ അവൾ പറഞ്ഞു, ‘‘ഞാൻ ബീഫ് കഴിക്കില്ല.’’ പാകിസ്താനികളിൽ ബീഫ് കഴിക്കാത്തവരോയെന്ന എന്റെ ചോദ്യം കേട്ട് അവളുടെ മുഖത്തെ വിഷാദം ഒന്നുകൂടി കനത്തു.

‘‘കുറേ കഴിച്ചതാണ് മുമ്പ്. എന്റെ ബായ്ജാന് ബീഫ് വളരെ ഇഷ്ടമായിരുന്നു. അവൻ പോയതോടെ ഞാനത് ഉപേക്ഷിച്ചു.’’ മരിച്ചുപോയ സഹോദരനോടുള്ള ഇഷ്ടം മുഴുവൻ ആ വാക്കുകളിൽ ഒളിപ്പിച്ചിരുന്നതുപോലെ തോന്നി. ഏറെ നിർബന്ധിച്ചപ്പോൾ ഉറുമാമ്പഴത്തിന്റെ ജ്യൂസ് മാത്രം അവൾ ഓർഡർ ചെയ്തു. നന്നായി അരച്ചെടുത്ത മാംസം കൈപ്പത്തിയുടെ നീളത്തിൽ ഉരുട്ടിയെടുത്ത് മസാല ചേർത്ത് വേവിച്ച ആ ഷീക് കബാബ് താരതമ്യേന കട്ടികൂടിയ റൊട്ടിക്കഷണങ്ങളിൽ പൊതിഞ്ഞ് ഞാൻ ആർത്തിയോടെ കഴിക്കുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു.

ഞങ്ങൾ ടക്സില്ലയിലേക്ക് പുറപ്പെട്ടു. ടക്‌സില്ലയെന്ന് ഇനായ പറയുന്നത് തക്ഷശിലയാണ്. ഇന്ത്യൻ സംസ്‌കാരത്തിന്റെ ആത്മാവുറഞ്ഞു കിടക്കുന്ന മണ്ണ്. അലക്‌സാണ്ടർ ചക്രവർത്തി മലകളും പുഴകളും താണ്ടിയെത്തി പടനയിക്കുകയും ഗ്രീക്കുകാരും മൗര്യന്മാരും റോമക്കാരും കനിഷ്‌കരും ഹൂണരും മാറിമാറി ചോരപ്പുഴയൊഴുക്കി അവകാശം സ്ഥാപിക്കുകയും ചെയ്ത ഇടം. സിന്ധുവിനും ഝലത്തിനും ഇടയിൽ വ്യാപിച്ചുകിടന്നിരുന്ന പൂർവഗാന്ധാരത്തിന്റെ പ്രാചീന തലസ്ഥാനം! ഞങ്ങൾ അവിടത്തെ മ്യൂസിയത്തിനുള്ളിലേക്ക് കയറി. ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട നഗരത്തിന്റെ അവശേഷിപ്പുകളാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രാചീനമായ ശിൽപങ്ങളും പാത്രങ്ങളും നാണയങ്ങളും ആയുധങ്ങളും അധികാര ചിഹ്നങ്ങളുമെല്ലാമുണ്ട്. അവൾ ഓരോന്നായി വിശദീകരിച്ച് കാണിച്ചുതന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ഇവിടെയെത്തിയ ചൈനീസ് സഞ്ചാരികളായിരുന്ന ഹുയാൻസാങ്ങും ഫാഹിയാനും തക്ഷശിലയിലുണ്ടായിരുന്ന പഠനകേന്ദ്രത്തിലെ വിദ്യാർഥികളായിരുന്നുവെന്ന് പറഞ്ഞപ്പോൾ ഇനായയുടെ ചരിത്രബോധത്തെക്കുറിച്ച് ശരിക്കും അത്ഭുതം തോന്നി. പാകിസ്താൻകാരിയായ ഈ പെൺകുട്ടിക്ക് എവിടെനിന്നാണ് ഇത്രയും അറിവുകൾ! ആ രാജ്യത്തെയും അവിടത്തെ പെൺകുട്ടികളെയും കുറിച്ചുണ്ടായിരുന്ന എന്റെ പൂർവധാരണകൾ തിരുത്തപ്പെടുകയായിരുന്നു.

കാഴ്ചകളുടെ പെരുക്കമോ ഇനായ ഉണർത്തിയ വിസ്മയമോ കാരണം മടക്കയാത്രയിൽ ഞാൻ മൗനിയായി. അപ്പോൾ നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു, ‘‘ബായ്ജാൻ. ഇതൊന്നും ഇഷ്ടമായില്ലെന്നുണ്ടോ?’’

ഒരു ഞെട്ടലോടെ ഞാൻ പറഞ്ഞു: ‘‘എല്ലാം ഇഷ്ടമായി, എല്ലാത്തിലും കൂടുതലായി ഇനായയെയും.’’

അവൾ പറഞ്ഞു, ‘‘നിങ്ങൾക്ക് എന്റെ ബായ്ജാന്റെ ഛായയുണ്ട്.’’

‘‘എന്നിട്ട് ബായിക്കെന്ത് പറ്റി?’’ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

‘‘എന്നെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന അവൻ എപ്പോഴോ അകന്നുപോയി. പിന്നെ പെട്ടെന്നൊരു ദിവസം കാണാതായി.’’ അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപ്പോഴാണ് എന്റെ കഴുത്തിലെ മാലയിൽ തൂക്കിയിട്ടിരുന്ന ലോഹത്തകിട് അവൾ ശ്രദ്ധിക്കുന്നത്. അതെന്താണെന്ന് അവൾ ചോദിച്ചു. ഞാൻ പറഞ്ഞു, ‘‘ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ടവളായിരുന്നവൾ തന്നതാണ്. എപ്പോഴും സൂക്ഷിക്കണമെന്നു പറഞ്ഞ്.’’

‘‘എന്നിട്ടവരിപ്പോഴെവിടെ?’’ അവളുടെ കണ്ണുകളിൽ ആകാംക്ഷ.

‘‘നിന്റെ ബായ്ജാനെപ്പോലെ ഒരുദിവസം പോയിക്കളഞ്ഞു.’’ അവിശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഇനായ ചോദിച്ചു, ‘‘നമ്മൾ രണ്ടുപേരും ഒരേപോലെ, അല്ലേ?’’ അതു പറയുമ്പോൾ അവളെന്റെ കൈകളിൽ മുറുകെപ്പിടിച്ചത് ഡ്രൈവർ ശ്രദ്ധിച്ചു. ഇംഗ്ലീഷിലാണ് ഞങ്ങൾ സംസാരിച്ചിരുന്നത് എന്നതുകൊണ്ട് അയാൾക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു. പക്ഷേ, ഇനായയുടെ പെട്ടെന്നുള്ള വൈകാരികപ്രകടനം അയാളെ ആശങ്കാകുലനാക്കി. ഇന്ത്യക്കാരനായ ഈ മനുഷ്യനോട് പാക് പെൺകുട്ടി അതിരുവിട്ടു പെരുമാറുന്നുവെന്ന ഭാവം അയാളുടെ മുഖത്ത് അപ്പോൾ വായിക്കാമായിരുന്നു.

അടുത്ത ദിവസം ഹാരപ്പയിലേക്ക് പോവാൻ തയാറായി ഇനായ ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ വന്നപ്പോൾ കാറിന് മറ്റൊരു ഡ്രൈവറായിരുന്നു. ഇസ്‍ലാമാബാദിൽനിന്ന് ദീർഘമായ യാത്രയാണ് ഹാരപ്പയിലേക്ക്. വഴിയിൽ ഏതോ ഒരു സ്ഥലത്തിന്റെ പേരെഴുതിയ ബോർഡ് കണ്ടപ്പോൾ അവൾ പറഞ്ഞു, ‘‘എന്റെ അനിയൻ ജോലിചെയ്യുന്ന ഫുട്‌ബോൾ ഫാക്ടറി ഇവിടെയാണ്.’’ അനിയനെ കാണണോയെന്ന എന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ലെങ്കിലും അങ്ങോട്ടുപോവാമെന്ന് ഞാൻ പറഞ്ഞു. നന്ദിയോടെയുള്ള ഒരു നോട്ടമായിരുന്നു അതിനുള്ള പ്രതികരണം. കാർ ഇനായ പറഞ്ഞുകൊടുത്ത വഴിക്ക് തിരിഞ്ഞു. പത്തു മിനിറ്റ് ഓടി മഞ്ഞച്ചായമടിച്ച വലിയൊരു ഗാരേജ് പോലുള്ള കെട്ടിടത്തിനു മുന്നിലാണ് അതു ചെന്നുനിന്നത്. ഇനായക്കൊപ്പം ഞാനുമിറങ്ങി. ആ കെട്ടിടത്തിന് അകത്തേക്കുള്ള വലിയ ഇരുമ്പുഗേറ്റിനരികിലേക്ക് അവൾ തിരക്കിട്ടു നടന്നു. അവിടെയുണ്ടായിരുന്ന വാച്ച്മാനുമായി ഇനായ സംസാരിച്ചു. അയാൾ അകത്തു കയറി കുറച്ചു സമയത്തിനുശേഷം പതിനഞ്ചോ പതിനാറോ വയസ്സു തോന്നിക്കുന്ന പയ്യനെയും കൂട്ടി തിരിച്ചുവന്നു.

പ്രായത്തിൽ കവിഞ്ഞ ഉയരമുള്ള ഇരുനിറക്കാരനായ അവന്റെ നെറ്റിയിലും കവിളിലും വിയർപ്പു പറ്റിയിരിക്കുന്നു. ഒതുക്കിവെക്കാത്ത ഇടതൂർന്ന ചെമ്പൻമുടി കണ്ണുകൾ വരെയെത്തുന്ന നിലയിൽ ഞാഞ്ഞുകിടന്നു. മുഖത്തെ കുട്ടിത്തത്തിന് ഒട്ടും യോജിക്കാത്ത ഗൗരവം അവനുണ്ട്. മുഷിഞ്ഞതും അയഞ്ഞതുമായ കറുത്ത പൈജാമയും ചാരനിറമുള്ള കുർത്തയുമാണ് വേഷം. ആ കെട്ടിടത്തിനു മുന്നിലെ ലയണൽ മെസ്സിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ബോർഡിനു മുന്നിലൂടെ അവൻ പതുക്കെ നടന്ന് ഞങ്ങൾക്കരികിലേക്ക് വന്നു. ഇനായ മുഷ്താഖ് എന്നു വിളിച്ച് അവനെ വാരിപ്പുണർന്നു. ചേച്ചിയുടെ വസ്ത്രത്തിൽ അഴുക്കു പറ്റുമെന്ന തോന്നലിൽ അവൻ പരമാവധി അകന്നുമാറുന്ന പോലെ തോന്നി. അവൻ പറഞ്ഞു, ‘‘ഇവിടെ എനിക്ക് വിഷമമൊന്നുമില്ല. സുഖമാണ്.’’ ഒട്ടും സത്യമല്ലാത്ത വാക്കുകൾ കേട്ട് ഇനായ ചിരിക്കാൻ ശ്രമിച്ചു. കുറച്ചു നേരത്തെ സംസാരത്തിനുശേഷം പിരിയാൻ നേരം അഴുക്കുപുരണ്ട കൈകൾകൊണ്ട് ചേച്ചിയുടെ കരങ്ങൾ പിടിച്ച് അവൻ ഉമ്മവെച്ചപ്പോൾ അവൾ കരഞ്ഞുപോയി.

 

തിരിച്ച് കാറിൽ കയറിയ ഞങ്ങൾ രണ്ടുപേർക്കും കുറേ നേരത്തേക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ഒടുവിൽ അസുഖകരമായ വീർപ്പുമുട്ടലിന് വിരാമമിട്ടത് അവൾതന്നെയാണ്. ‘‘പാവം അവന് 16 വയസ്സേയുള്ളൂ. നമ്മൾ ചൈൽഡ് ലേബർ എന്നൊക്കെ പറയാറില്ലേ? അതുതന്നെ. ലോകം മുഴുവൻ പ്രസിദ്ധമായ ഫുട്‌ബോളുകൾ ഉണ്ടാക്കുന്ന ഫാക്ടറിയുടെ ജോലികൾ കരാറെടുത്തു നടത്തുന്ന ഒരു ദല്ലാളിന്റെ കൂലിക്കാരനാണവനിപ്പോൾ. ഒരുതരം അടിമപ്പണി. വീട്ടിൽ വലിയ അത്യാവശ്യമുണ്ടായിരുന്നപ്പോൾ ഉമ്മിയുടെ കൈയിൽ കുറച്ചു പൈസ വെച്ചുകൊടുത്ത് ബന്ധുവായ ഒരാൾ അവനെ കൂട്ടിക്കൊണ്ടു പോയതാണ്. അപ്രന്റിസെന്ന പേരിലാണ് ഇവിടെ ജോലിചെയ്യുന്നത്. മൂന്നു നേരം ഭക്ഷണവും ഉറങ്ങാൻ ഒരിടവും നൽകും. മിക്ക ദിവസങ്ങളിലും പന്ത്രണ്ട് മണിക്കൂറൊക്കെ ജോലിചെയ്യിക്കുന്നു. മൃഗങ്ങളുടെ തോൽ ഉരച്ച് പരുവപ്പെടുത്തുന്ന ജോലിയാണ് മുഷ്താഖിന്. കുടുംബത്തിലെ ഇളയ കുഞ്ഞല്ലേ, നല്ല രീതിയിൽ പഠിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇങ്ങനെയായിപ്പോയി’’ - ഒരു വികാരവും പ്രകടമാവാത്ത തണുത്തുറഞ്ഞ ശബ്ദത്തിലാണ് ഇനായ സംസാരിക്കുന്നത്.

ബലൂചിസ്താനിൽ വേരുകളുള്ള ബലോച്ച് ഗോത്രത്തിൽനിന്നുള്ളവരാണ് ഇനായയുടെ കുടുംബം. അബ്ബ പട്ടാളക്കാരനായിരുന്നു. ഇടക്കെപ്പോഴോ മനഃപരിവർത്തനം വന്ന് അയാൾ തീവ്രവാദികൾക്കൊപ്പം ചേർന്നതോടെ കാര്യങ്ങൾ അവതാളത്തിലായി. അഫ്ഗാനിസ്താനിലെ റഷ്യൻ സൈന്യത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയായി അങ്ങോട്ടുപോയ അബ്ബ പിന്നെ തിരിച്ചുവന്നില്ല. ഉമ്മിയും കൗമാരപ്രായക്കാരിയായ ഒരനിയത്തിയും കൂടി ഉൾപ്പെട്ടതാണ് ഇനായയുടെ കുടുംബം. ഉമ്മി ഇപ്പോൾ അബ്ബയുടെ സഹപ്രവർത്തകനായിരുന്ന ഒരു പട്ടാള ഓഫീസറുടെ വീട്ടിൽ പണിക്കുപോവുന്നു. ഇനായയും അനിയത്തിയും പഠിക്കുന്നു. കാണാതെ പോയ ബായ്ജാനെ കുറിച്ച് അവളപ്പൊഴൊന്നും പറഞ്ഞില്ലെന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.

റാവൽപിണ്ടിയിലെ പട്ടാള ക്വാർട്ടേഴ്‌സിൽ അബ്ബക്കും ഉമ്മിക്കും സഹോദരങ്ങൾക്കുമൊപ്പം ചെലവിട്ട നല്ല നാളുകളെ കുറിച്ചുള്ള ഓർമകളിൽ അവൾ മുഴുകി. ജോലി കഴിഞ്ഞുവരുമ്പോൾ അബ്ബ കൊണ്ടുവരാറുണ്ടായിരുന്ന ബർഫിയുടെ മധുരവും അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നതും പാക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന വസിം അക്രം നാട്ടിൽ ഒരു ചടങ്ങിന് വന്നപ്പോൾ ഓട്ടോഗ്രാഫ് വാങ്ങിയതും അവളോർത്തു. ഒരു രഹസ്യം കൂടി ഇനായ പറഞ്ഞു. ബോളിവുഡ് നടൻ സൽമാൻ ഖാനെ നിക്കാഹ് ചെയ്യണമെന്നായിരുന്നു അന്നവളുടെ വലിയ മോഹം. അതിനുവേണ്ടി വീട്ടിലെ വി.സി.ആറിൽ സൽമാന്റെ സിനിമകൾ നിരന്തരം കാണുകയും ഹിന്ദി സിനിമാ പാട്ടുകൾ കാണാതെ പഠിക്കുകയും ചെയ്യുമായിരുന്നു.

ഓർമകൾ അവളെ കരയിക്കുമെന്നായപ്പോൾ ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. പാകിസ്താനിലെ ഭക്ഷണത്തെയും മെഹ്ദി ഹസ്സൻ എന്ന പാക് ഗസൽ ഗായകന്റെ മധുരമുള്ള ശബ്ദത്തെക്കുറിച്ചും ഞാൻ സംസാരിച്ചു. അപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ ‘‘കിയാ ഹേ പ്യാർ ജൈസേ ഹം നേ സിന്ദഗി കേ താരാ’’ എന്നു തുടങ്ങുന്ന മെഹ്ദിയുടെ ഗസൽ ഇമ്പമാർന്ന ശബ്ദത്തിൽ പാടി. ഞാനാ വരികളുടെ വശ്യതയിൽ മുഴുകി. പാടിക്കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, ‘‘ചെറുപ്പത്തിൽ അബ്ബ പാടുന്നത് കേട്ട് പഠിച്ചതാണ്.’’

പുലർച്ചെ അഞ്ചു മണിയോടെ യാത്ര തിരിച്ച ഞങ്ങൾ ഹാരപ്പയിലെത്തുമ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. വരണ്ട വിശാലമായ പാടങ്ങളും ഇടയിൽ കാണുന്ന പച്ചത്തുരുത്തുകളും മാന്തോട്ടങ്ങളും ചെറിയ അങ്ങാടികളും അവയെ കുറിച്ചുള്ള ഇനായയുടെ വിവരണങ്ങളുമായി സമയംപോയത് അറിഞ്ഞില്ല. ഇടക്കെവിടെയോ വണ്ടി നിർത്തിച്ച് അവൾ ഓടിപ്പോയി കടലാസ് പാത്രത്തിൽ നിറച്ച പഴക്കഷണങ്ങളുമായി തിരിച്ചുവന്നു. വാഴപ്പഴവും ആപ്പിളും മാങ്ങയും ഈത്തപ്പഴങ്ങളുമുണ്ടായിരുന്നു. ഒരേ പ്ലേറ്റിൽനിന്ന് ഞങ്ങൾ പഴക്കഷണങ്ങൾ പെറുക്കിത്തിന്നുമ്പോൾ അതുവരെ ഒന്നും മിണ്ടാതിരുന്ന ടാക്‌സി ഡ്രൈവർ തിരിഞ്ഞുനോക്കി ചിരിയോടെ പറഞ്ഞു, ‘‘ഹിന്ദി-പാക്കി ബായ് ബഹൻ.’’

ഹാരപ്പയെന്ന പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഇന്ത്യയിലെയും പാകിസ്താനിലെയും മനുഷ്യരുടെ ഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കിടക്കുന്ന ജന്മാന്തരബന്ധത്തിന്റെ ഊടും പാവും അവിടത്തെ മണ്ണിനെ പൊതിഞ്ഞുകിടക്കുംപോലെ എനിക്കു തോന്നി. ഒപ്പം ഇനായയോട് അതിരറ്റ സ്‌നേഹവും വാത്സല്യവും. ഞാനത് അവളോടു പറഞ്ഞു. നാലായിരം വർഷങ്ങൾക്കുമുമ്പ് സിന്ധു നദീതീരത്ത് നഗരം പണിത് ജീവിച്ച മനുഷ്യരുടെ ഭൂമിയാണ് ഹാരപ്പ. ഇന്ത്യൻ സംസ്‌കാരത്തിന്റെ ആദിമ ജന്മഭൂമി. മനുഷ്യർ മതങ്ങളും ജാതികളുമായി പിരിഞ്ഞ് വർണത്തിന്റെയും വർഗത്തിന്റെയും പതാകകളുടെയും പേരിൽ ചേരിതിരിഞ്ഞ് പോരടിക്കുന്നതിനും മുമ്പ് സഹകരിച്ച്, സ്‌നേഹിച്ച് ജീവിതം നയിച്ച മണ്ണ്. അവിടെ വെറുപ്പിന് സ്ഥാനമില്ല, സ്‌നേഹം മാത്രം. ചരിത്രാതീതമായ ആ ഓർമകളിൽ ഞങ്ങൾ ഊരും പേരുമില്ലാത്ത രണ്ട് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളായി മാറി. അങ്ങനെ ചുറ്റിനടന്ന് കാഴ്ചകൾ കണ്ട് സമയം പോയതറിഞ്ഞില്ല. സ്‌നേഹത്താൽ ബന്ധിതരായ മനുഷ്യരോടുള്ള വാത്സല്യം കാരണമാവാം മധ്യാഹ്നസൂര്യന്റെ ഉഷ്ണം കുറഞ്ഞുപോയി. ആശ്വസിപ്പിക്കുന്ന തണുത്ത കാറ്റടിച്ചു.

ആ ദിവസം ഉച്ചഭക്ഷണം കഴിക്കുന്ന കാര്യംപോലും ഞങ്ങൾ മറന്നു. തിരിച്ചുപോരുമ്പോൾ വൈകുന്നേരം നാലു മണിയോടെയാണ് അവൾ വീട്ടിൽനിന്ന് പൊതിഞ്ഞു കൊണ്ടുവന്നിരുന്ന ഭക്ഷണത്തെ കുറിച്ചോർത്തതുതന്നെ. വഴിയിൽ ഗുജ്‌റൻവാലക്കടുത്ത ഹരിതാഭമായ ഒരു ഗ്രാമത്തിലെ വിജനമായ ഒരിടത്ത്, ഒറ്റപ്പെട്ടുകിടക്കുന്ന മാവിൻതോട്ടത്തിൽ വണ്ടി നിർത്തിച്ച് ഇനായ എനിക്ക് ഭക്ഷണം വിളമ്പിത്തന്നു. അവളുടെ ഉമ്മി ഉണ്ടാക്കിയ കോഴിയിറച്ചിക്കറിക്കും റൊട്ടിക്കും നല്ല സ്വാദുണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ആ സമയത്ത് അടുത്ത കവലയിലേക്ക് കാറോടിച്ചുപോയി. അയാൾക്ക് ഇനായയുടെ ഭക്ഷണം മതിയായി കാണില്ല. വിശപ്പ് മാറിയപ്പോൾ ഞാൻ ഒരു മാവിൻ ചോട്ടിൽ ചാരിയിരുന്നു. നല്ല തണുത്ത കാറ്റുണ്ടായിരുന്നു. ഒന്നു മയങ്ങിപ്പോയി. അന്നേരം കവിളിൽ ആരോ ഉമ്മവെച്ചതായി ഞാൻ കിനാവു കണ്ടു. ഞാൻ ഉണർന്നപ്പോൾ അൽപം മാറി ഇനായ എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്. അവൾ എന്നെ ഉമ്മവെച്ചതായിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചുപോയി. അവളോടപ്പോൾ എനിക്കുള്ള വികാരമെന്തായിരുന്നെന്ന് അറിയില്ലായിരുന്നു. മടക്കയാത്രക്കിടെ വർഷങ്ങളായി പരിചയമുള്ള രണ്ടു കൂട്ടുകാരെപ്പോലെ ഞങ്ങൾ സംസാരിക്കാനും ഉറക്കെ ചിരിക്കാനും തുടങ്ങി. നാട്ടിലെ കഥകളായിരുന്നു അവളധികവും പറഞ്ഞിരുന്നത്.

ഹോട്ടലിനു മുന്നിൽ കാർ നിർത്തിയപ്പോൾ അവൾ പറഞ്ഞു, ‘‘രണ്ട് ദിവസം നിങ്ങളെ അനുഗമിക്കാനായിരുന്നു എനിക്കു കിട്ടിയ നിർദേശം. നാളെ ഞാൻ വരില്ല. നിങ്ങൾക്ക് ഇവിടെ ഷോപ്പിങ് നടത്താം. ഹോട്ടലുകാരോട് പറഞ്ഞാൽ ടാക്‌സി ഏർപ്പാടാക്കി തരും.’’ പിരിയുമ്പോൾ സങ്കടംകൊണ്ട് ഞാനൊന്ന് വിതുമ്പിയെന്ന് തോന്നുന്നു. അവൾക്ക് കുറച്ചു പണം നൽകാൻ നോക്കി. പക്ഷേ, അവൾ വാങ്ങിയില്ല. ‘‘എന്റെ പ്രതിഫലം അവരെനിക്ക് തന്നു കഴിഞ്ഞു. വെറുതെ ആരോടും ഒന്നും സ്വീകരിക്കരുതെന്ന് എന്റെ ഉമ്മി പറയാറുണ്ട്. ഒരു കാര്യം പറയാം, രണ്ടു ദിവസമേ നമ്മൾ ഒരുമിച്ചുണ്ടായിരുന്നെങ്കിലും എന്റെ ജീവിതത്തിൽ ഒരിക്കലും നിങ്ങളെ മറക്കില്ല. നിങ്ങൾക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കും.’’

ഇനായ നടന്നകന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കണ്ണടക്കുമ്പോൾ അവളുടെ ദുരിതജീവിതത്തിന്റെ ദൃശ്യങ്ങൾ മനസ്സിലേക്ക് ഇരമ്പിയെത്തുന്നു. ആരെയോ പേടിച്ച് ഒാടിക്കാണ്ടിരിക്കുന്ന ഒരു പെൺകുട്ടി. അതുകണ്ട് ആർത്തുചിരിക്കുന്ന ജനക്കൂട്ടം...

നേരം പുലർന്നപ്പോൾ അവൾ തന്നിരുന്ന മൊബൈൽ നമ്പറിലേക്ക് വിളിച്ചുനോക്കി. അവളുടെ നമ്പറല്ല. ട്രാവൽ ഏജൻസിക്കാർ തൽക്കാലത്തേക്ക് കൊടുത്തതാണ്, ജോലി കഴിഞ്ഞപ്പോൾ അവർ തിരിച്ചുവാങ്ങി. അതിഥികളെ സഹായിക്കാനെത്തുന്ന വിദ്യാർഥികൾക്കൊന്നും സ്വന്തമായി മൊബൈൽ ഫോൺ കാണില്ലെന്ന് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞതോടെ ഞാനാ ശ്രമം ഉപേക്ഷിച്ചു. അന്ന് ഉച്ചക്കായിരുന്നു എനിക്ക് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ്. തിരക്കുപിടിച്ച് പുറപ്പെടുമ്പോഴാണ് മനസ്സിലായത്, എന്റെ മാലയിൽ കോർത്തുവെച്ചിരുന്ന ചെമ്പ് തകിട് നഷ്ടമായിരിക്കുന്നു. അതുവരെ ഞാനത് അറിഞ്ഞതേയില്ല! ആ ഞെട്ടലിൽ ഇനായയെ ഞാൻ മറന്നു.

ഇപ്പോൾ വർഷങ്ങൾക്കുശേഷം ഇതാ ഗൗളീരൂപം കൊത്തിയ ആ തകിട് വീണ്ടും എന്നെ തേടിവന്നിരിക്കുന്നു. കൊറിയർ പെട്ടിക്കുള്ളിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയ ഒരു കത്തും. മുഴുവനായും ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളിൽ എഴുതിയ ആ കത്ത് ഇങ്ങനെയായിരുന്നു.

പ്രിയ സഹോദരാ, ഞാൻ ഇനായയുടെ കൂട്ടുകാരിയാണ്. ഈ ലോഹത്തകിട് നിങ്ങളുടെ വിലാസത്തിൽ അയക്കണമെന്ന് അവൾ പറഞ്ഞേൽപ്പിച്ചതാണ്. ആദ്യമേ പറയാം അവൾ മരിച്ചുപോയി. നിങ്ങൾ വർഷങ്ങൾക്കുമുമ്പ് അവൾക്ക് നൽകിയ വിസിറ്റിങ് കാർഡിൽനിന്നാണ് ഈ വിലാസം കിട്ടിയത്. ഇതിപ്പോൾ നിങ്ങൾക്ക് കിട്ടുമോയെന്നുതന്നെ അറിയില്ല. പക്ഷേ, അവൾ പറഞ്ഞതുകൊണ്ട് അയക്കുന്നു. നിങ്ങളോട് അവൾക്ക് വലിയ ഇഷ്ടമായിരുന്നു. അവളെ ഉപേക്ഷിച്ചുപോയ കൂട്ടുകാരന്റെ ഛായയുണ്ടായിരുന്നു നിങ്ങൾക്ക്. (അതവളുടെ സഹോദരൻ ആയിരുന്നുവെന്ന് നിങ്ങളോടവൾ കള്ളം പറഞ്ഞതാണ്.) ആ മനുഷ്യനെ അവൾ തീവ്രമായി സ്‌നേഹിച്ചിരുന്നു. പക്ഷേ, മറ്റൊരു പെൺകുട്ടിയുമായി അടുത്തപ്പോൾ അയാൾ അവളെ വിട്ടു കടന്നുകളഞ്ഞു, അവഗണിച്ചു. എന്നിട്ടും എന്റെ ഇനായ ആ മനുഷ്യനെ ഗാഢമായി സ്‌നേഹിച്ചുകൊണ്ടിരുന്നു. ആ മനഃസ്താപത്തിൽ ഉരുകിയുരുകിയാണ് അവൾ രോഗിയായി മാറിയതെന്ന് എനിക്കു തോന്നുന്നു.

 ഇനായ എന്ന ഉർദു വാക്കിന്റെ അർഥം നിങ്ങൾക്കറിയാമോ? സ്‌നേഹം അഥവാ പരിഗണന എന്നൊക്കെയാണ്. അവസാനിക്കാത്ത സ്‌നേഹമായിരുന്നു അവൾ. ആദ്യം കണ്ടതുമുതലേ നിങ്ങളെയും അവൾ സ്‌നേഹിച്ചുകൊണ്ടിരുന്നു. സ്‌നേഹത്തിന്റെ താക്കോലാണെന്ന തോന്നലിലാണ് അവളീ തകിട് സൂക്ഷിച്ചുവെച്ചതുതന്നെ. അവളത് കട്ടെടുത്തതല്ലെന്നും കാണാനായി നിങ്ങളോട് വാങ്ങിയശേഷം തിരിച്ചുതരാൻ മറന്നുപോയതാണെന്നുമാണ് പറഞ്ഞത്. നിങ്ങളെയത് ഏൽപ്പിക്കാൻ കഴിയാത്തതിൽ അവൾക്ക് വലിയ കുറ്റബോധമുണ്ടായിരുന്നു. അവളങ്ങനെയൊക്കെയായിരുന്നു. ഉറ്റസുഹൃത്തായിരുന്ന എനിക്കുപോലും ഇനായയെ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നെങ്കിലും നേരിൽ കണ്ട് നിങ്ങൾക്കിത് തരണമെന്നായിരുന്നു ആഗ്രഹം. അവൾക്കതിന് കഴിയാതെ പോയി. ഇനിയെങ്കിലും ഇത് നിങ്ങളുടെ കൈയിലെത്തിയാൽ അവൾക്ക് സന്തോഷമാവും. ഇത് കിട്ടുകയാണെങ്കിൽ നിങ്ങൾ താഴെ എഴുതിയ ഇ-മെയിൽ ഐഡിയിലേക്ക് ഒരു സന്ദേശം അയച്ചാൽ മതി. ആ ഒരൊറ്റ സന്ദേശമേ അയക്കാവൂ. കാരണം, എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. അവളുടെ ദൂതൻ മാത്രമാണ്.

സ്‌നേഹത്തോടെ ഇനായയുടെ സുഹൃത്ത്...

ആ തകിട് ഇപ്പോൾ എന്റെ കൈയിൽ കിടന്ന് ചുട്ടുപൊള്ളുകയാണ്. നഷ്ടപ്പെട്ടുപോയ രണ്ട് ഇഷ്ടങ്ങളുടെ തീ അതിലുണ്ട്.

News Summary - weekly literature story