Begin typing your search above and press return to search.
proflie-avatar
Login

അപരിചിതർ

അപരിചിതർ
cancel

( എഴുത്തിയത്-ശാദിൽ ടി.ടി കാവനൂർ)

ആ വീട് കാലമേറെയായി അടഞ്ഞുകിടക്കുകയാണ്. മുറികളാകെ പൊടിപടലങ്ങൾ നിറഞ്ഞിട്ടുണ്ട്, കട്ടിലുകൾ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. അയാൾ നിശ്ശബ്ദനായി വടക്കേവശത്തെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. ജനൽ പാളികൾ പലതും തകർന്നു കിടക്കുന്നു. തറയിൽ ഉടഞ്ഞ ഒരു ഫോട്ടോ ഫ്രെയിം. അയാൾ മെല്ലെ അത് കൈയിലെടുത്തു. തുറിച്ചുനോക്കി; ഒട്ടും പരിചിതമല്ലാത്ത ചില മുഖങ്ങൾ. കുറച്ചു നേരത്തെ ആലോചനക്കുശേഷം അയാളത് ബാഗിലാക്കി. ചുറ്റിലുമുള്ള ചുമരിലെ വരകളും എഴുത്തുകളും വല്ലാത്തൊരു അപരിചിതത്വം കാണിക്കുന്നു. സംശയങ്ങൾ അയാളെ ഒരൽപം നിശ്ശബ്ദനാക്കി.

തിരികെ വീട്ടിലെത്തി അയാൾ അലമാരയിലെ പുസ്തകങ്ങളോടെല്ലാം കാര്യം തിരക്കി. എന്നാൽ ആ ഫോട്ടോയിലുള്ളവരെക്കുറിച്ചോ, ആ പഴയ വീടിനെക്കുറിച്ചോ യാതൊരു വിവരവും അവരുടെ പക്കലും ഇല്ലായിരുന്നു. ‘ആരാണവർ? അവർ അവിടെ?’ അയാളുടെ മനസ്സിന് ആശയക്കുഴപ്പം. അലമാര അടക്കാൻ നേരമാണ് പഴയൊരു പുസ്തകം അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. പൊടിതട്ടി വായിക്കാൻ തുടങ്ങി.

അൽപസമയം, പുസ്തകം അടച്ചുവെച്ച് ഒരു ഭ്രാന്തനെപ്പോലെ അയാൾ വീട്ടിൽ നിന്നിറങ്ങിയോടി. മനസ്സ് ശൂന്യമായിരുന്നു, എവിടേക്കെന്നറിയാതെ അവൻ തെരുവിലൂടെ നടന്നു. എന്തൊക്കെയോ ഓർമകൾ മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നതുപോലെ അയാൾക്ക് തോന്നി. പെട്ടെന്ന് പിറകിൽനിന്ന് ആരോ വിളിക്കുന്നതായി തോന്നി. തിരിഞ്ഞുനോക്കി. ചോരക്കറ പുരണ്ട വസ്ത്രങ്ങളുള്ള ചിലർ. എവിടെയൊക്കെയോ കണ്ടുപരിചയമുള്ള മുഖങ്ങൾ. പെട്ടെന്ന് ബാഗിൽനിന്ന് ആ പഴയ ഫ്രെയിം എടുത്ത് നോക്കി. അതേ മുഖങ്ങൾ!

അവൻ അവരിലേക്ക് ഓടിയെത്താൻ ശ്രമിച്ചതും, നിമിഷനേരം കൊണ്ട് അവർ കൺമുന്നിൽ നിന്നും മാഞ്ഞുപോയി. അവൻ അവിടെത്തന്നെ നിശ്ചലനായി നിന്നു. നിയന്ത്രണം നഷ്ടപ്പെട്ട അയാൾ ഒരു ഭ്രാന്തനെപ്പോലെ തെരുവിൽ അലറിവിളിക്കാൻ തുടങ്ങി. പെട്ടെന്ന് ഞെട്ടിയുണർന്ന അയാൾ ചുറ്റും നോക്കി. ആളുകൾ വട്ടമിട്ടുനിൽക്കുന്നു. കൈകാലുകൾ കെട്ടിയിട്ടിരിക്കുകയാണ്. തനിക്കുചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. വല്ലാത്തൊരു അന്ധാളിപ്പ്.

Show More expand_more
News Summary - Strangers