Begin typing your search above and press return to search.
proflie-avatar
Login

മനുഷ്യൻ

മനുഷ്യൻ
cancel

പെരുന്നാളിന് നാട്ടിൽപോവുന്ന അവസാന സുഹൃത്തും മുറിവിട്ട് പോയിട്ടുണ്ട്. ഞാൻ ഇൻസ്റ്റ റീലുകളും വാർത്താ ബഹളങ്ങളും കണ്ട് വെറുതെ സമയം തള്ളിനീക്കുന്നു. അപ്പുറത്തെ പറമ്പിൽ നനഞ്ഞ കണ്ണുകളും എല്ലിച്ച ശരീരവുമുള ബദറുൽ ആലം മൂർച്ച കുറഞ്ഞ മഴുകൊണ്ട് കാതലുള്ള പ്ലാവിൻ തടികൾ പിളർത്താൻ പാട്പെടുന്നു.

കിതച്ച് കുരക്കുമ്പോൾ തുറുകണ്ണുകളോടെ മരണത്തിന് അടുത്തോളമെത്തുന്ന വേദനയിൽ അയാൾ തിരിച്ചുപോരുന്നുണ്ട്. ഉടുത്തിരിക്കുന്ന കള്ളിത്തുണിയിൽ മുഖം തുടച്ച് തന്റെ നിസ്സഹായത ആരും കണ്ടില്ലെന്ന് ഉറപ്പിക്കാനായി ചുറ്റും ജാള്യത്തോടെ നോക്കിയിട്ട് വീണ്ടും ആയുധമെടുക്കുന്നത് കാണാം. അജ്ഞാതമായൊരു ജലകണം അയാളുടെ കൺകോണുകളിൽ തങ്ങിനിന്നിരുന്നു. പറയപ്പെടാത്ത ഏതൊക്കയോ നോവുകളിൽ അയാൾ ചിലപ്പോഴൊക്കെ ഇടറിനിൽക്കുന്നുണ്ട്.

അടുത്ത പറമ്പിലെ മുതലാളിയുടെ കാര്യസ്ഥൻ വിലപേശി തർക്കിക്കുമ്പോൾ മാത്രമാണ് ആ ബംഗാളി വൃദ്ധൻ എന്റെ ശ്രദ്ധ തൊടുന്നത്. കൺമുന്നിലിട്ട് മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കുമ്പോൾ ഞാനും ഒരു വിഡ്ഢിയെപോലെ ആൾക്കൂട്ടത്തിന്റെ താളത്തിനൊപ്പം ഉണ്ടായിരുന്നു. വിറകു കൊത്താനായി വീടുകൾ കയറിയിറങ്ങി തോറ്റ മനുഷ്യൻ ചുട്ടുനീറുന്ന വെയിലത്തുനിന്ന് മനുഷ്യരെ ദയയോടെ നോക്കുന്നു. അയാൾക്ക് ഒടുവിൽ ഒരു പണി ഒത്തുവന്നിട്ടുണ്ട്. പക്ഷേ, തനിക്ക് താങ്ങാനാവാത്ത കുമിഞ്ഞുകിടക്കുന്ന ഭീമൻ തടികൾ കാണിച്ച് ബദറുൽ ആലമിന്റെ ദുർബല ശരീരത്തോട് ചുറ്റുമുള്ളവർ ഗുസ്തി പിടിക്കുന്നു. ആയിരത്തോളം രൂപ വിലയുള്ള മനുഷ്യാധ്വാനത്തെ ചവിട്ടിത്താഴ്ത്തി അഞ്ഞൂറിലെത്തിച്ചിട്ട് വല്ലാത്തൊരു ചാരിതാർഥ്യത്തോടെ ആൾക്കൂട്ടം വീമ്പ് പറയുന്നു.

‘ഭായീ അനക്ക് വേണെങ്കില് എടുത്തോ. ഇല്ലെങ്കിലിവിടെ വേറെ ആളെക്കിട്ടും. അല്ലെങ്കിലും ഇവർക്കൊക്കെ ഇപ്പൊ കുറച്ച് തണ്ട് കൂടിയിട്ടുണ്ട്.’

ബദറുൽ ആലമിന് മടങ്ങാനാവുന്നില്ല... ജീവിച്ച് കാണാനുള്ളൊരു കൊതി അയാളുടെ തളർന്ന സിരകളെ ത്രസിപ്പിക്കുന്നു. വളഞ്ഞ ശരീരവും കനത്ത ജീവിത ഭാരവുമായി നടന്നുവലഞ്ഞ് എങ്ങനെയോ വീണുകിട്ടിയ അവസരം ഇനി തരപ്പെട്ടെന്ന് വരില്ലല്ലോ. പ്രായത്തിന് ഒതുങ്ങാത്ത പാറപോലുള്ള മരത്തടികൾ കൊത്തിമുറിക്കാൻ ഒരുങ്ങുന്ന അയാളുടെ ദുരവസ്ഥയോട് ചുറ്റും കൂടിയ മനുഷ്യർ കരുണ കാണിച്ചില്ല. അയാൾ ഒരോ ആളിനെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. ലജ്ജയോടെ തലതാഴ്ത്തിനിന്ന എന്നെ പ്രതീക്ഷയോടെ നോക്കി ബദറുൽ ആലം മുറിമലയാളത്തിൽ പറഞ്ഞു

‘ന്നാന് മൻശനല്ലേ ശേട്ടാ. ഇത്രം സാനം അഞ്ഞൂര് രൂപക്ക് എന്ത് ശെയ്യാനാ. ശേട്ടാ എനിക്കു ഒരു ഫാമിലിയില്ലേ’

അതോടെ വിലപേശലുകാർ ദിവ്യനെ നോക്കുന്ന മട്ടിൽ എന്നെ ശ്രദ്ധിക്കുന്നു. എല്ലാവരെയും പോലെ കളികാണുന്ന ലാഘവത്തോടെ ഒരു മനുഷ്യന്റെ നോവിന്റെ പിടച്ചിലിലേക്ക് നോക്കിനിൽക്കുകയായിരുന്നു ഞാനും. എന്തെങ്കിലും പറയാനൊരുങ്ങുമ്പോഴേക്ക് അവരുടെ ചൂഴ്ന്നുനോട്ടം എന്നെ നിശ്ശബ്ദനാക്കുന്നു.അഞ്ഞൂറ് രൂപക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത പ്ലാവിൻ തടികൾ മുഴുവൻ കൊത്തിനുറുക്കാൻ മറ്റൊരു വഴിയുമില്ലാതെ കീഴടങ്ങുമ്പോൾ ഒരിക്കൽകൂടി തനിക്കുവേണ്ടി ആരെങ്കിലും ന്യായം പറയുമെന്ന് അയാൾ പ്രതീക്ഷിച്ചു. അതുണ്ടായില്ല. തോർത്തുമുണ്ട് തലയിൽചുറ്റി മേലോട്ട് കണ്ണുകളുയർത്തിയിട്ട് പൊരിഞ്ഞ് കത്തുന്ന വെയിൽ ചൂടിലേക്കിറങ്ങുന്ന നേരത്ത് ആ ശുഷ്കശരീരം മെല്ലെ എന്നെ വിളിച്ചു,

‘ശേട്ടാ മലയാലിയാണെങ്കില് ങ്ങള് ഇങ്ങനെ ശെയ്യോ’

എന്റെയുള്ളിലെ അറ്റമറിയാത്ത മടകളിൽ സ്വന്തം ഇരുട്ടുകളോട് മല്ലടിക്കുന്ന ഞാൻ നിസ്സംഗനായി നിന്നതേയുള്ളൂ. മറ്റാരെങ്കിലും അയാളെ രക്ഷിക്കട്ടെയെന്ന് ഞാനും കരുതി.

എന്തെങ്കിലും പറയണമെന്ന് കരുതി മാത്രം ഞാൻ പറഞ്ഞു,

‘ഭായീ നല്ല ശമ്പളമുള്ള വേറെ എത്ര പണികളുണ്ട് നാട്ടിൽ’

ഇപ്പോൾ ആഞ്ഞ് വീഴുന്ന മഴുവിന്റെ മുഴക്കം അതിനുള്ളിലെ വെറും മനുഷ്യന്റെ ഹൃദയം പറിയുന്ന ഞെരക്കം എന്റെ മുറിയിലേക്ക് എന്നെ തെല്ലും അലോസരപ്പെടുത്താതെ വന്നുപോവുന്നു. എന്റെ പാഴ്ചിന്തകളുടെ പശ്ചാത്തലത്തിൽ ചെറുശബ്ദത്തിൽ ഒരു മാപ്പിളപ്പാട്ടിന്റെ ശീല് ഇഴയുന്നുണ്ട്. മൊബൈലിൽ തോണ്ടി​ക്കൊണ്ടിരിക്കുന്ന, നെഞ്ചിൽ മടക്കിവെച്ച സാഹിത്യ പുസ്തകം കിടക്കുന്നു.

ഉച്ചക്ക് അങ്ങാടിയിലെ പ്രശസ്തമായ കുഴിമന്തി കടയിൽ നിന്ന് മൂക്കറ്റം തിന്ന് മടങ്ങുമ്പോൾ തെങ്ങിൻ തണലിൽ തളർന്ന് ഒടിഞ്ഞിരിക്കുന്ന ബദറിന് കൊത്തിമുറിക്കാൻ ഒരുപാട് ഭീമൻ തടികൾ പിന്നെയും കിടപ്പുണ്ട്. നിലയില്ലാത്ത നിസ്സഹായതയോടെ കത്തുന്ന വെയിലിൽ കണ്ണുനട്ട് ഒരു മനുഷ്യൻ ഇരിക്കുന്നു. കുറച്ചുകഴിഞ്ഞ് തന്റെ ജീവിതത്തിന്റെ അവസാനിക്കാത്ത നട്ടുച്ചയിലേക്ക് അയാൾ വീണ്ടുമിറങ്ങി. തണലിൽ ഉടമസ്ഥന്റെ കാര്യസ്ഥൻ ആജ്ഞയുടെ വാൾ വീശിക്കൊണ്ടിരുന്നു.

‘വേഗം നോക്കടാ വേറെ പരിപാടിയുള്ളതാ’

ആഴമറിയാത്ത ദുഃഖത്തിലേക്ക് ആഞ്ഞെറിയുന്ന ആയുധം പറിച്ചെടുക്കാനാണ് ഏറെ ബുദ്ധിമുട്ടിയത്. മരത്തിന്റെ വിള്ളലുകളിൽ കുരുങ്ങുന്ന മഴു വലിച്ചെടുക്കാൻ കഴിയാതെ പലപ്പോഴും അന്താളിപ്പോടെ അയാൾ ചുറ്റും കണ്ണയച്ചു.

സന്ധ്യയായപ്പോൾ ഞാൻ വീട്ടിലേക്ക് വിളിച്ച് എന്റെ കുടുംബത്തിന്റെ പെരുന്നാൾ പുടവകൾ ഉറപ്പുവരുത്തി. ചെമ്മീൻ ബിരിയാണിയും ചിക്കൻ കൊണ്ടാട്ടവും അന്നത്തെ പകലിൽ വിഭവമാക്കുന്ന സന്തോഷം അവരറിയിച്ചു. പെരുന്നാളിന് ട്രിപ്പ് പോവാൻ അയ്യായിരം രൂപ ജീപേ ചെയ്തുകൊടുത്തു.

ഉത്തരവാദിത്തങ്ങളുടെ ഭാരമിറക്കി മനോരാജ്യവും കണ്ട് പുതച്ചുമൂടി കിടന്നു. കുറച്ചുകഴിഞ്ഞ് എന്റെ സ്വാർഥയുടെ വാതിലിൽ ഒരാൾ അക്ഷമനായി മുട്ടുന്നത് ഞാനറിഞ്ഞു. മടിച്ചുമടിച്ച് ഞാൻ വാതിൽ തുറന്നു. അപ്പോൾ ബദറുൽ ആലം.

ഇരുട്ടിന് കനം കൂടിയിട്ടുണ്ട്. ഞാൻ നോക്കി, പറമ്പിൽ കൂട്ടിയിട്ട തടികളെല്ലാം അയാൾ വിറകാക്കി മാറ്റിയിട്ടുണ്ട്. ഭായി കരയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. പക്ഷേ, അപ്രതീക്ഷിതമായി സഹനത്തിന്റെ ചിറ പൊട്ടിച്ച് ഏങ്ങലടിച്ചുകൊണ്ട് കണ്ണീർ ചാലുകൾ കുതിച്ചുചാടി

‘ഭായീ എന്ത് പറ്റി’

‘എനക്ക് കുറച്ച് വെള്ളം തരൂ’ ആ മനുഷ്യൻ ആകെ അരക്ഷിതനായിരുന്നു.

ഞാൻ വേഗം തണുത്ത വെള്ളവുമായി വന്നു. ആളുന്ന തീയിലേക്കെന്നോണം ഒറ്റയിരിപ്പിന് അത് മുഴുവൻ കുടിച്ചു. ആ തകർന്ന മനുഷ്യൻ അത്രയും ദയനീയമായ ഒരു നോട്ടം എന്റെ നേരെ പായിച്ചു. അപ്പോഴാണ് ഞാൻ മനുഷ്യനെപ്പറ്റി ബോധവാനാകുന്നത്

‘ശേട്ടാ അവരെന്നെ പിന്നേം പറ്റിച്ചു’

‘അഞ്ഞൂറ് പറഞ്ഞിട്ട് പണി കഴിഞ്ഞപ്പോ മുന്നൂറ്റമ്പതാ തന്നേ. ആളുകള് എന്താ ശേട്ടാ ഇങ്ങനെ’

സമാധാനിപ്പിക്കാനായി ഞാൻ ഭംഗിവാക്കുകൾ തിരഞ്ഞു. നിലക്കാത്ത ആ കണ്ണീരൊഴുക്കിന് എനിക്ക് തടവെക്കാനായില്ല. ഞാൻ തൊടിയിലും പരിസരത്തും ചെന്ന് അന്വേഷിച്ചു.

‘അവരൊക്കെ പോയി ശേട്ടാ. ഇവടെ ഉള്ളോരല്ല.ഇനി പറഞ്ഞിട്ട് കാര്യല്ല’ പിക്കാസിന്റെ പിടി തോളിൽ വെച്ച് അയാൾ എണീക്കുന്നു.

അകലെ ഏതോ ഗ്രാമത്തിൽ വൃദ്ധയായ ഒരു മാതാവ് മകനെ ഓർക്കുന്നു. റിക്ഷ വലിച്ച് കരതൊടാത്ത ജീവിതവുമായി ശയ്യാവലംബിയായ പിതാവ് മകനെ തേടുന്നു. ഹതഭാഗ്യയായ ഒരു ഭാര്യ പ്രിയപ്പെട്ടവനെ കാത്തിരിക്കുന്നു. ഒരു സാധു മനുഷ്യന്റെ കുടിലിൽ നിറങ്ങളില്ലാത്ത അനേകം പെരുന്നാളുകളിൽ ഒന്നുകൂടി...

ചോറ് കഴിച്ചെന്ന് അയാൾ തലയാട്ടി. നീട്ടിയ പണവും സലിം സ്നേഹത്തോടെ നിരസിച്ചു.

‘ചോറും കറിയൊക്കെ എവിടുന്നേലും കിട്ടും, മൻശത്തമാണ് കിട്ടാത്തെ’

മനുഷ്യൻ എന്ന എന്റെ അവകാശവാദത്തിനുനേരെ ആരോ ചളിവാരി എറിഞ്ഞിരിക്കുന്നു. സാക്ഷരത സർട്ടിഫിക്കറ്റിൽ ഒരു പാവപ്പെട്ടവന്റെ വിയർപ്പ് തുള്ളികൾ വീണ് എരിയാൻ തുടങ്ങുന്നു.

ബദറുൽ ആലം ഇറങ്ങിനടന്നു. ആരുടെയൊക്കെയോ പ്രിയപ്പെട്ട ഒരാൾ സംസ്കാരങ്ങളുടെ പറുദീസയിലൂടെ തകർന്ന ഹൃദയവുമായി കടന്നുപോവുന്നു. പരിസരത്തെ വീടുകളിലും അങ്ങാടിയിലും പെരുന്നാളിന്റെ പൊലിവോടെ പടക്കങ്ങൾ പൊട്ടുമ്പോൾ കുട്ടികളുടെ ആർപ്പുവിളികൾ ഉയരുന്നുണ്ട്.

Show More expand_more
News Summary - മനുഷ്യൻ