മിനിക്കഥകൾ

പട്ടിണിയെ വിഷം കൊടുത്ത് തോൽപ്പിച്ചവർ
ഇന്നലെ വരെ ആ വീടിന് മുറ്റത്തേക്ക് ഒരു മനുഷ്യക്കുഞ്ഞുപോലും എത്തി നോക്കിയിരുന്നില്ല.
കാരണം, വീട്ടിനകത്തെ നാലു വയറുകൾ പട്ടിണിയിലായിരുന്നു.
ഇന്ന് ആ വീട്ടുമുറ്റം നിറയെ ആളുകളുടെ തിരക്ക്...
ഉത്തരത്തിൽ നാലുപേർ തൂങ്ങിക്കിടക്കുന്നതിൽ സഹതപിക്കുന്നവരുടെ തിരക്ക്...
കുമാരേട്ടന്റെ പാർട്ടി
കൂലിപ്പണിക്കാരനായ കുമാരേട്ടന്റെ ഓലമേഞ്ഞ വീട്ടിലെ അടുപ്പുകൾ മിക്ക ദിനങ്ങളിലും പുകഞ്ഞിരുന്നില്ല.
കുമാരേട്ടന്റെ പരാതികളും ഇല്ലായ്മകളും പാർട്ടിക്കാർ ഗൗരവത്തിലെടുത്തില്ല.
ലോകം കീഴ്മേൽ മറിഞ്ഞാലും കുമാരേട്ടന്റെ വോട്ടും വീട്ടുകാരുടെ വോട്ടും പാർട്ടിക്ക് തന്നെ.
ദിവാകരേട്ടന്റെ മകന് പാർട്ടി ബാങ്കിൽ കറങ്ങുന്നൊരു കസേര തരപ്പെട്ടു. ദിവാകരേട്ടന്റെ ഓട് മേഞ്ഞ വീടിനുമുകളിൽ പഞ്ചായത്ത് കോൺക്രീറ്റുറപ്പിച്ചു.
ഇടത്തോട്ടും വലത്തോട്ടും ആടി നിൽക്കുന്ന ദിവാകരേട്ടന്റെയും കുടുംബത്തിന്റെയും വോട്ട് പാർട്ടിക്ക് തന്നെയെന്ന് ഉറപ്പിക്കണം.
