പാതിജീവൻ കൊടുത്തോളണേ

‘‘ന്റെ പാതി ജീവൻ കൊടുത്തോളണേ, പടച്ചോനേ...’’ ഒരു ദീർഘശ്വാസമെടുത്ത് ഔവ്വക്കയെന്ന് വിളിപ്പേരുള്ള അബൂബക്കർ റോഡിലേക്ക് നോക്കി പറയുമ്പോൾ ബൈക്കപകടത്തിൽ ചോരയിൽ കുളിച്ചു കിടന്ന മാത്യൂസിനെ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു. ബി.എസ് സി ഫിസിക്സ് വിദ്യാർഥിയായ മാത്യൂസിന്റെ ബൈക്കും തലശ്ശേരിയിൽനിന്നും കോഴിക്കോട്ടേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസും തമ്മിൽ മുഖാമുഖം ഇടിച്ചതിനു സാക്ഷിയാണ് ഔവ്വക്ക. ബസിന്റെ മുൻവശത്തിനു മാത്രം ഒരു പോറലുണ്ടായെങ്കിലും മറ്റാർക്കും പരിക്കുപറ്റിയില്ല. എന്നാൽ, ഹെൽമറ്റില്ലാതെ പറന്ന മാത്യൂസിന്റെ മുതുകും തലയും കൈയുമെല്ലാം പൊട്ടി കുടുകുടെ ചോരയൊലിച്ചു. കൂട്ടംകൂടി...
Your Subscription Supports Independent Journalism
View Plans‘‘ന്റെ പാതി ജീവൻ കൊടുത്തോളണേ, പടച്ചോനേ...’’ ഒരു ദീർഘശ്വാസമെടുത്ത് ഔവ്വക്കയെന്ന് വിളിപ്പേരുള്ള അബൂബക്കർ റോഡിലേക്ക് നോക്കി പറയുമ്പോൾ ബൈക്കപകടത്തിൽ ചോരയിൽ കുളിച്ചു കിടന്ന മാത്യൂസിനെ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു. ബി.എസ് സി ഫിസിക്സ് വിദ്യാർഥിയായ മാത്യൂസിന്റെ ബൈക്കും തലശ്ശേരിയിൽനിന്നും കോഴിക്കോട്ടേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസും തമ്മിൽ മുഖാമുഖം ഇടിച്ചതിനു സാക്ഷിയാണ് ഔവ്വക്ക. ബസിന്റെ മുൻവശത്തിനു മാത്രം ഒരു പോറലുണ്ടായെങ്കിലും മറ്റാർക്കും പരിക്കുപറ്റിയില്ല. എന്നാൽ, ഹെൽമറ്റില്ലാതെ പറന്ന മാത്യൂസിന്റെ മുതുകും തലയും കൈയുമെല്ലാം പൊട്ടി കുടുകുടെ ചോരയൊലിച്ചു. കൂട്ടംകൂടി നിന്ന ആളുകൾക്കിടയിൽനിന്നുമാണ് ഔവ്വക്കയുടെ ആ ശബ്ദം ഉച്ചത്തിൽ മുഴങ്ങിയത്. അയാളുടെ പ്രാർഥന ഫലിച്ചെന്നോണം മാത്യൂസ് രക്ഷപ്പെട്ടു. നാട്ടുകാരും ബസിലുള്ളവരും മരിച്ചെന്ന് ഉറപ്പിച്ച ആ പയ്യന്റെ ഓരോ ശ്വാസവും ഔവ്വക്കയുടെ ഓരോ പ്രാർഥനപോലെയായിരുന്നു.
പത്തമ്പതു വർഷമായി നാട്ടിൽ പല ജോലികളിലുമായി ഔവ്വക്കയുണ്ട്. മീൻ വിൽപനക്കാരൻ, പറമ്പു കിളക്കുന്നവൻ, തെങ്ങുകയറ്റക്കാരൻ... അങ്ങനെയങ്ങനെ പല വേഷങ്ങളിൽ അയാൾ നാട്ടുകാരുടെ പ്രിയങ്കരനായി. ഇഷ്ടമുള്ളവർ ഔവ്വക്കയെന്നും ബക്കർക്കയെന്നും അബൂക്കയെന്നുമൊക്കെ വിളിച്ചുപോന്നു. തനിക്ക് എത്ര പേരുകളുണ്ടെന്ന് അയാൾക്കുതന്നെ നിശ്ചയമില്ല. പത്തോ ഇരുപതോ തെങ്ങിൽ കയറി തേങ്ങയിട്ടശേഷം വീട്ടുകാരാരെങ്കിലും കൂലി കൊടുക്കാൻ ശ്രമിച്ചാൽ ഔവ്വക്ക തടയും–
‘‘നിക്ക് രണ്ട് തേങ്ങ മതി. തിന്നാനും കുടിക്കാനുമെല്ലാം കൈയിലുണ്ട്.’’
പറമ്പു കിളച്ചു കഴിയുമ്പോഴാകട്ടെ,
‘‘അതേയ്, നിക്ക് മൂന്ന് വാഴക്കന്ന്കള് തന്നാ മതി.’’ പണമായിരുന്നില്ല അയാൾക്ക് സമ്പത്ത്. മറിച്ച് നിറഞ്ഞ സ്നേഹവും നിഷ്കളങ്കമായ വാക്കുകളുമായിരുന്നു. അത് പലപ്പോഴും മണ്ടനൗക്ക, പാവമൗക്ക എന്നൊക്കെയുള്ള കളിയാക്കലുകൾക്ക് വഴിവെച്ചു. അല്ലെങ്കിലും നിഷ്കളങ്കതയ്ക്ക് അത്രയൊന്നും ഗൗരവം ഇവിടില്ലല്ലോ.
ഒരിക്കൽ വില്ലേജ് ഓഫീസർ ചന്ദ്രദാസന്റെ പറമ്പ് കിളച്ചുകൊണ്ടിരിക്കെ ഉഴുതുമറിഞ്ഞ മണ്ണിനപ്പുറം നിൽക്കുന്ന ഒരു വെള്ള കൊക്കിനെ സന്തോഷത്തോടെ ഔവ്വക്ക നോക്കിനിന്നു. എന്നാൽ തന്റെ നോട്ടം മാത്രമല്ല അതിന്റെ മേലേക്ക് ചൂഴ്ന്നിറങ്ങിയതെന്ന് തിരിച്ചറിയാൻ ഒരു പൂച്ചയുടെ മുരൾച്ച വേണ്ടിവന്നു. ഔവ്വക്ക ഒച്ചയുണ്ടാക്കാൻ തുടങ്ങുംമുമ്പേ കൊറ്റിയുടെ ചിറക് പൂച്ചയുടെ വായിലകപ്പെട്ടിരുന്നു. അതൊന്നു പിടഞ്ഞു. പൂച്ച ക്രുദ്ധമായ ഒരു നോട്ടവും പുച്ഛഭാവവും അയാൾക്കു നേരെ തൊടുത്തുകൊണ്ട് മൊഴിഞ്ഞു – ‘‘ഇരയുടെ നോട്ടം മാത്രമല്ല ഈ ഭൂമിയിലുള്ളത്.’’
‘‘ന്റെ പാതി ജീവനെടുത്തോളണേ പടച്ചോനേ... ന്റെ പാതിജീവൻ...’’ എന്ന പ്രാർഥന തീരും മുമ്പേ കൊക്ക് തിരിഞ്ഞും മറിഞ്ഞും പിടഞ്ഞും പൂച്ചയുടെ വായിൽനിന്നും വേർപെട്ടു. ഔവ്വക്ക കൈയുയർത്തിയതും പൂച്ച തിരിഞ്ഞോടി. ഞൊണ്ടിയായി പോയെങ്കിലും അൽപം കഴിഞ്ഞപ്പോൾ അത് പതിയെപ്പതിയെ പറന്നു പറന്ന് ഉയർന്ന വാഴക്കയ്യിൽ ചെന്നിരുന്നു. അയാളുടെ പുഞ്ചിരിക്ക് കരുണയുടെ കടലാഴമുണ്ടെന്ന് ഇലക്കീറിലൂടെ രംഗം കണ്ട മേഘത്തുണ്ട് തിരിച്ചറിഞ്ഞു.
ഏറ്റവും രസകരമായ ഒരു കാര്യം അരങ്ങേറിയത് പോസ്റ്റ്മാൻ സുജീഷിന്റെ കല്യാണത്തലേന്നാണ്. ചായകുടിക്കു ശേഷം വട്ടം കൂടിയിരുന്ന് എല്ലാവരും സംസാരിക്കുന്നതിനിടയിൽ ഔവ്വക്കയുടെ ശ്രദ്ധ മുഴുവനും ഗ്ലാസിൽ ബാക്കിയായ ചായയിൽ വന്നു പതിച്ച ഉറുമ്പിലായിരുന്നു. മധുരത്തടാകത്തിലെന്നപോലെ ആവതു നീന്താൻ ശ്രമിച്ചിട്ടും അതിന് ഗ്ലാസിന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. ഔവ്വക്ക മെല്ലെ തന്റെ വിരലുകൾ ഗ്ലാസിലേക്കിട്ട് ഉറുമ്പിനെ പുറത്തെടുത്തു. ഭൂമിയിലെ തന്റെ അവസാനത്തെ ശ്വാസമെടുക്കാനുള്ള പുറപ്പാടിലായിരുന്നു ഉറുമ്പ്. ഔവ്വക്ക സ്നേഹത്തോടെ അതിനെ കയ്യിലെടുത്ത് കിടത്തി ചുണ്ട് കൂർപ്പിച്ച് ഊതിക്കൊണ്ടിരുന്നു. ശ്വാസക്രമത്തിനനുസരിച്ച് ‘‘എന്റെ പാതി ജീവൻ കൊടുത്തോളണേ... പടച്ചോനേ...’’ എന്ന ഓത്ത് ചുറ്റുമുള്ളവർ കേട്ടുനിന്നു. അൽപം കഴിഞ്ഞപ്പോൾ മുൻകാലുകൾകൊണ്ട് മുഖം തുടച്ച് അത് ഇഴയാൻ തുടങ്ങി. ഇഴച്ചിൽ പതുക്കെയുള്ള നടത്തമായി. പിന്നീടത് ഓട്ടമായി മാറി. കൈവിരലിൽനിന്നും മേശമേൽ ചേക്കേറിയ ഉറുമ്പ് തലചെരിച്ച് ഔവ്വക്കയെ നോക്കി. അതിന്റെ കണ്ണുകളിലെ മിന്നൽവെളിച്ചം ഔവ്വക്കയുടെ കണ്ണുകളെ തൊട്ടു.
ഇങ്ങനെ പാമ്പുകൾ കിണറ്റിൻവലയിൽ കുടുങ്ങുമ്പോൾ, ഇലകൾ കൊഴിയുമ്പോൾ, മനുഷ്യർ കരയുമ്പോൾ ഔവ്വക്കയുടെ പ്രാർഥന ഉയർന്നുയർന്നു കേട്ടു. ‘‘പാതി ജീവൻ കൊടുത്തോളണേ... പടച്ചോനേ...’’ എന്ന ശബ്ദം ആ നാടിനു പരിചിതമായി. ഏതെങ്കിലും കുട്ടി സൈക്കിളിൽനിന്ന് വീഴുമ്പോൾ, ആരുടെയെങ്കിലും കാലുളുക്കുമ്പോൾ, അങ്ങനെയങ്ങനെ പരിക്കില്ലാത്ത ചെറു സന്ദർഭങ്ങളിൽ വരെ ആളുകൾ തമാശയെന്നോണം ‘‘പാതി ജീവൻ കൊടുത്തോളണേ’’ എന്ന് പറയാൻ തുടങ്ങി. ഔവ്വക്ക എന്ന പേര് മറന്നാലും പാതിജീവൻ കൊടുത്തോളണേ എന്ന വാക്യം സ്മരണയുടെ നിത്യവിഹായസ്സായി വ്യാപിച്ചു.
ആയുസ്സ് പകുത്തു പകുത്തു കൊടുത്തതിനാലാവാം ഔവ്വക്ക ആശുപത്രിയിലായി. നാട്ടുകാരിൽ ചിലരെല്ലാം കാണാനായി ചെന്നു. ഡോക്ടറുടെ വിസിറ്റിങ് സമയമുള്ള ആ ദിവസം ആളുകളും ബഹളങ്ങളുമെല്ലാം കുറഞ്ഞ വാർഡിൽ മിടിപ്പ് പരിശോധിക്കവെ ഔവ്വക്കയുടെ കണ്ണുകൾ ഇടതുഭാഗത്തേക്ക് ചെരിഞ്ഞു. അയാൾ പതുക്കെ എന്തോ മൊഴിഞ്ഞു, ‘‘ന്റെ ജീവനെടുത്തോളണേ... പടച്ചോനേ’’ എന്ന് ഡോക്ടർ കേട്ടു. കൂടിനിന്നവർ കേട്ടു. കേട്ടവർ കേട്ടവർ ഔവ്വക്കയുടെ മുഖത്തേക്ക് നോക്കി. ഡോക്ടറുടെ കണ്ണുകൾ മുറിയാകെ കറങ്ങിനടന്നു. എല്ലാവരും കണ്ണുകളാൽ ചുമരാകെ പരതി നോക്കി. മെല്ലെമെല്ലെ പോകുന്ന ഒരു പാറ്റയിലേക്ക് നാവു നീട്ടിയടുക്കുന്ന ഒരു വലിയ പല്ലി അവരുടെ ശ്രദ്ധയിൽപെട്ടു. നോട്ടങ്ങളെല്ലാം തിരിച്ചുവന്നപ്പോൾ കട്ടിലിൽ മിഴികൾ കൂമ്പി പുഞ്ചിരിയാൽ ചെരിഞ്ഞുകിടക്കുന്ന ബുദ്ധധ്യാനത്തെ അവരൊന്നാകെ കണ്ടുനിന്നു. അപ്പോൾ പതിയെ ചിറകുവിരിച്ച ആ പാറ്റ ചുമരിൽനിന്നും ഒരു പക്ഷി കണക്കെ ജാലകത്തിലൂടെ പുറത്തേക്കു പറന്നു.
