Begin typing your search above and press return to search.
proflie-avatar
Login

ഒരു ശാസ്ത്രജ്ഞന്‍റെ മരണം

ഒരു ശാസ്ത്രജ്ഞന്‍റെ മരണം
cancel

ക്ലാസ് മുറിയിലിട്ട കസേരയിലിരുന്ന് തന്‍റെ പരീക്ഷണവസ്തുവിനെ നാരായണന്‍ മാഷ് നിരാശയോടെ വീക്ഷിച്ചു. കസേരയില്‍നിന്നെഴുന്നേറ്റ് ബലൂണ്‍ മുറുക്കെപ്പിടിച്ച് മാഷ് കുപ്പി തിരിച്ചും മറിച്ചും കുലുക്കി. അപ്പോള്‍ കുപ്പിയുടെ വാവട്ടം തുറന്ന് ചെറിയ അളവില്‍ മാത്രമുള്ള ഹൈഡ്രജന്‍ ചോര്‍ന്ന് ഒരു വവ്വാല്‍ചിറകുപോലെ ബലൂണ്‍ തളര്‍ന്നു കിടന്നു. തന്‍റെ പരീക്ഷണത്തില്‍ പരാജയപ്പെട്ടുപോയ ഒരു മഹാശാസ്ത്രജ്ഞന്‍റെ വേദന മാഷിന്‍റെ മുഖത്ത് പടര്‍ന്നുകൊണ്ടിരുന്നു. ആകാശത്തേക്ക് ഏതു നിമിഷവും ഉയര്‍ന്നുപൊങ്ങാവുന്ന മാന്ത്രിക ബലൂണിനെ സ്വപ്നം കണ്ടിരിക്കുന്ന ഞങ്ങളെയും തന്‍റെ പരീക്ഷണവസ്തുവിനെയും മാഷ്...

Your Subscription Supports Independent Journalism

View Plans

ക്ലാസ് മുറിയിലിട്ട കസേരയിലിരുന്ന് തന്‍റെ പരീക്ഷണവസ്തുവിനെ നാരായണന്‍ മാഷ് നിരാശയോടെ വീക്ഷിച്ചു. കസേരയില്‍നിന്നെഴുന്നേറ്റ് ബലൂണ്‍ മുറുക്കെപ്പിടിച്ച് മാഷ് കുപ്പി തിരിച്ചും മറിച്ചും കുലുക്കി. അപ്പോള്‍ കുപ്പിയുടെ വാവട്ടം തുറന്ന് ചെറിയ അളവില്‍ മാത്രമുള്ള ഹൈഡ്രജന്‍ ചോര്‍ന്ന് ഒരു വവ്വാല്‍ചിറകുപോലെ ബലൂണ്‍ തളര്‍ന്നു കിടന്നു. തന്‍റെ പരീക്ഷണത്തില്‍ പരാജയപ്പെട്ടുപോയ ഒരു മഹാശാസ്ത്രജ്ഞന്‍റെ വേദന മാഷിന്‍റെ മുഖത്ത് പടര്‍ന്നുകൊണ്ടിരുന്നു.

ആകാശത്തേക്ക് ഏതു നിമിഷവും ഉയര്‍ന്നുപൊങ്ങാവുന്ന മാന്ത്രിക ബലൂണിനെ സ്വപ്നം കണ്ടിരിക്കുന്ന ഞങ്ങളെയും തന്‍റെ പരീക്ഷണവസ്തുവിനെയും മാഷ് മാറിമാറി നോക്കിക്കൊണ്ടിരുന്നു. പിന്നെ ക്ലാസ് മുറിയുടെ പുറത്തേക്കു നടന്നു. ക്ലാസ് വരാന്തയില്‍ അതിരറ്റ നിരാശയോടെ നില്‍ക്കുന്ന മാഷിനെ ഞങ്ങള്‍ക്കു കാണാമായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം ക്ലാസ് മുറിയിലേക്ക് തിരിച്ചുവന്നു.

കുപ്പിയുടെ വാവട്ടത്തിലുറപ്പിച്ച ബലൂണ്‍ പതുക്കെ ഊരിയെടുത്ത് മാഷ് മേശപ്പുറത്തേക്കിട്ടപ്പോള്‍ അതു തേരട്ടപോലെ ചുരുണ്ടു. താന്‍ കുപ്പിയില്‍ പകര്‍ന്ന രാസപദാർഥങ്ങളിലേക്ക് ഒരപരിചിതനെപ്പോലെ മാഷ് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. പിന്നെ ക്ലാസ് മുറിയുടെ ജനലരികിലേക്ക് നടക്കുമ്പോള്‍ സന്ദേഹം മുറ്റിയ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഞങ്ങള്‍ക്ക് ദൃശ്യമായി. പാളികളോ അഴികളോ ഇല്ലാത്ത തുറന്ന ജനലിലൂടെ കുപ്പിയിലെ രാസപദാർഥങ്ങള്‍ മാഷ് പുറത്തേക്കു കമിഴ്ത്തി. ധൃതിയില്‍ തിരിച്ചുവന്ന് മേശപ്പുറത്ത് ചുരുണ്ടുകിടക്കുന്ന ബലൂണിലേക്ക് ഒരു തകര്‍ന്ന മനുഷ്യനെപ്പോലെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

‘‘കുട്ട്യോളെ, ഇതൊന്നും എനിയ്ക്ക് കഴിയൂല.’’

മാഷിന്‍റെ ശബ്ദം ഇടറിയിരുന്നു. അദ്ദേഹം ഞങ്ങള്‍ കുട്ടികള്‍ക്കു നേരെ നോക്കിയില്ല. തന്‍റെ പീരിയഡ് അവസാനിക്കുവാന്‍കൂടി നില്‍ക്കാതെ മാഷ് പതുക്കെ ക്ലാസ് മുറിക്ക് പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്‍റെ ശിരസ്സ് കുനിഞ്ഞിരുന്നു.

പെട്ടെന്ന് ശബ്ദത്തോടെ തുറന്ന മാഷിന്‍റെ വീടിന്‍റെ പൂമുഖവാതില്‍ എന്‍റെ ഓർമകളെ ഒരു കാരുണ്യവുമില്ലാതെ ചിതറിപ്പിച്ചു. വാതിലിനു പിറകില്‍ മാഷ് ഒരു തൂണിന്‍റെ നിശ്ചലതയോടെ നിന്നു. കാലം അഴിച്ചുപണിത അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ദൃശ്യമായി. നെറ്റിത്തടത്തിലേക്ക് എപ്പോഴും വീണുലഞ്ഞിരുന്ന മുടിയിഴകള്‍ അദൃശ്യം. പൂർണമായ കഷണ്ടിയിലേക്ക് വഴുതുന്ന ശിരസ്സില്‍ നരച്ച ഏതാനും മുടിയിഴകള്‍.

‘‘ഹരി വരൂ.’’

എന്നെ അകത്തേക്കു സ്വാഗതംചെയ്യുമ്പോള്‍ മാഷിന്‍റെ മുഖത്ത് എന്നോടുള്ള സൗഹൃദവും വാത്സല്യവും തെളിഞ്ഞു. ഹരിദാസ് എന്ന പേര് ചുരുക്കി പഴയപോലെ ഹരി എന്നുതന്നെയാണ് മാഷ് എന്നെ വിളിച്ചത്.

ഞാന്‍ വീടിനകത്തു കയറി സ്വീകരണമുറിയിലെ പാല്‍നിറമുള്ള സോഫയില്‍ ഒരല്‍പം കുറ്റബോധത്തോടെ ഇരുന്നു.

‘‘മാഷേ, സ്കൂള്‍ സോവനീറിനുവേണ്ടി ഞാനാ കുറിപ്പെഴുതുമ്പോള്‍ മാഷ് വിഷമിക്കുമെന്ന് ചിന്തിച്ചില്ല. എന്നോട് ക്ഷമിക്കണം.’’

ധൃതിയില്‍ കടുത്ത വേവലാതിയോടെ ഞാന്‍ പറഞ്ഞു.

‘‘എന്നോടു ക്ഷമ ചോദിക്കാനല്ല ഞാന്‍ നിന്നെ വിളിച്ചുവരുത്തീത്.’’

 

വീടിന്‍റെ അടുക്കള ഭാഗത്തേക്കു നടക്കുന്നതിനിടയില്‍ മാഷ് ഉച്ചത്തില്‍ പറഞ്ഞു. അടുക്കളയില്‍നിന്ന് ഫ്രിഡ്ജ് തുറന്നടയ്ക്കുന്ന ശബ്ദം ഉയര്‍ന്നു. അദ്ദേഹം തിരിച്ചെത്തുമ്പോള്‍ ഒരു കൈയില്‍ ഐസ് ക്യൂബുകളിട്ട ഓറഞ്ചു ജ്യൂസും മറുകൈയില്‍ വലിയൊരു ബോട്ടില്‍ അമേരിക്കന്‍ ബാര്‍ബണ്‍ വിസ്കിയുമുണ്ടായിരുന്നു. വിസ്കി ബോട്ടില്‍ ടീപ്പോയില്‍ ​െവച്ച് മാഷ് ജ്യൂസ് എനിയ്ക്കുനേരെ നീട്ടി.

‘‘നീ കുടിക്കുമോ?’’

മാഷ് ചോദിച്ചു.

‘‘ഇല്ല.’’

അതു പറയുമ്പോള്‍ ഞാനെന്‍റെ ശബ്ദത്തില്‍ ആവോളം വിനയം നിറച്ചു. ഇടക്ക് വല്ലപ്പോഴും മദ്യപിക്കുന്നത് മാഷില്‍നിന്ന് മറച്ചുവെക്കാന്‍ ഞാനാഗ്രഹിച്ചു. മാഷ് എനിക്ക് സമീപമുള്ള കസേരയില്‍ സ്വാസ്ഥ്യത്തോടെ ഇരുന്നു. അദ്ദേഹം വിസ്കി ബോട്ടില്‍ തുറന്ന് മദ്യമെടുത്ത് ഗ്ലാസിലൊഴിച്ച് അതില്‍ വക്കോളം വെള്ളം നിറക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത ത്രസിച്ചുകൊണ്ടിരുന്നു. ആദ്യത്തെ പെഗ് വിസ്കി കുടിച്ചുതീര്‍ക്കുമ്പോള്‍ത്തന്നെ എനിക്കു മുന്നില്‍ പഴയ നാരായണന്‍ മാഷ് പുനർജനിക്കുന്നത് കാണായി.

‘‘ഞാനെന്‍റെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.’’ ഗ്ലാസില്‍ രണ്ടാമത്തെ പെഗ് നിറക്കവേ അദ്ദേഹം പൊട്ടിച്ചിരിയോടെ പറഞ്ഞു.

ഒരു കൗതുകത്തോടെ മാഷെത്തന്നെ നോക്കിയിരിക്കുന്ന എന്നെ വീക്ഷിച്ച് അദ്ദേഹം ചുമരിന്‍റെ മൂലയിലേക്ക് വിരല്‍ചൂണ്ടി.

ചുമരില്‍ മാഷിന്‍റെ ഭാര്യ മല്ലിക ടീച്ചറുടെ ഫോട്ടോ. ചില്ലുകള്‍ക്കു മീതെ ഊര്‍ന്നുകിടക്കുന്ന അൽപം മങ്ങിയ ചുവന്നനിറത്തിലുള്ള പ്ലാസ്റ്റിക് പൂമാല. കണ്ണടച്ചില്ലുകള്‍ക്കിടയിലൂടെ പ്രകാശിക്കുന്ന ടീച്ചറുടെ കണ്ണുകള്‍.

‘‘ഈ മദ്യമൊക്കെ സ്റ്റേറ്റ്സില്‍നിന്ന് അവന്‍ കൊടുത്തയക്കുന്നതാണ്. ഇവനെത്തൊടുമ്പോള്‍ അവള്‍ വന്ന് കുപ്പിക്കഴുത്തില്‍തന്നെ പിടികൂടും. ‘കഴിക്കണ്ടാ, കരളുപോകും.’ അങ്ങനെയാണവള്‍ പറയുക. എന്‍റെ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിച്ച് അവളങ്ങോട്ട് എന്നെ സ്നേഹിച്ചു. ഭാര്യ വെട്ടിച്ചുരുക്കുന്ന ആണിന്‍റെ സ്വാതന്ത്ര്യമാണോ ദാമ്പത്യത്തിലെ സ്നേഹമെന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്.’’ അദ്ദേഹം പറഞ്ഞു.

മാഷിന്‍റെ ഭാഷയില്‍ വന്ന വിസ്മയകരമായ മാറ്റം ഞാന്‍ തെല്ല് അത്ഭുതത്തോടെ അറിഞ്ഞു.

‘‘ഒരുദിവസം അവളങ്ങ് പോയി. അന്നുമുതല്‍ ഞാന്‍ പൂർണ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.’’

മാഷ് വീണ്ടും ചിരിച്ചു. പക്ഷേ, ഉള്ളിലെവിടെയോ പൊടിയുന്നതുപോലുള്ള ഒരു കിലുക്കം ഞാന്‍ ആ ചിരിയില്‍ അനുഭവിച്ചു. മാഷില്‍നിന്ന് മുഖം മാറ്റാനെന്നവണ്ണം ഞാന്‍ ചുമരിലെ ഫോട്ടോകളിലേക്ക് കണ്ണുനട്ടു. മാഷിന്‍റെ മകന്‍ ബെന്നിയുടെ കുട്ടിക്കാലം മുതല്‍ക്കേയുള്ള ഫോട്ടോകളുണ്ട്. നാലാം ക്ലാസില്‍ ഞങ്ങള്‍ ഒരു ക്ലാസിലാണ് പഠിച്ചത്. അഞ്ചാം ക്ലാസു മുതല്‍ അവന്‍ ജനാര്‍ദനൻ മാഷിന്‍റെ സയന്‍സ് വിദ്യാർഥിയാണ്. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി സ്റ്റാച്യുവിന്‍റെ മുന്നില്‍ നില്‍ക്കുന്ന ബെന്നിയുടെയും ഭാര്യയുടെയും മകളുടെയും ചിത്രത്തിലേക്ക് ഞാനൽപം അസൂയയോടെ നോക്കി. നാസയില്‍ ചേര്‍ന്നതിനുശേഷം അവന്‍ ഒരുതവണ നാട്ടില്‍ വന്നിരുന്നു. അപ്പോള്‍ നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തില്‍ ഞാനും പങ്കുകൊണ്ടു.

‘‘ആ ഫോട്ടോയില്‍ നീയുണ്ടോ?’’

എന്‍റെ കണ്ണുകള്‍ ബെന്നിയിലാണെന്ന് കണ്ടപ്പോള്‍ മാഷിന്‍റെ ചോദ്യം.

ചുമരില്‍ ഏഴാം ക്ലാസിലെ ബെന്നിയുടെയും ക്ലാസിലെ മറ്റു കുട്ടികളുടെയും യാത്രയയപ്പ് ഫോട്ടോ. ഇതില്‍ ജനാര്‍ദനൻ മാഷിന്‍റെ തൊട്ടുപിറകിലെ നിരയില്‍നിന്ന് ബെന്നിയുടെ ചിരി കാണാം.

‘‘ഞാന്‍ ഏഴ് ബി യില്‍ മാഷിന്‍റെ ക്ലാസിലല്ലേ.’’

എന്‍റെ ശബ്ദത്തില്‍ ചെറിയൊരു രോഷത്തിന്‍റെ തികട്ടലുണ്ടായിരുന്നു.

മാഷ് എന്നെ സാകൂതം നോക്കി. പിന്നെ വീണ്ടും കുപ്പിയുടെ കോര്‍ക്ക് തുറന്നു. അമേരിക്കന്‍ ബാര്‍ബണ്‍ വിസ്കിക്ക് പാരിജാതപ്പൂക്കളുടെ മണമാണെന്ന് പറഞ്ഞ കവി സെബാസ്റ്റ്യനെ ഞാനോർമിച്ചു.

‘‘മാഷ്, ബെന്നീടടുത്ത് പോണില്ലേ?’’ ഞാന്‍ ചോദിച്ചു.

‘‘ഇല്ല.’’ മാഷ് ഉറപ്പിച്ചു പറഞ്ഞു.

‘‘ഞാനും മല്ലികയും പോയിരുന്നു. ആറുമാസം. അവിടെ എല്ലാവരുടെ കയ്യിലും തോക്കാണ്. അലാസ്കയിലെ റെഡ് ഇന്ത്യന്‍സിന്‍റെ ഗ്രാമം കാണാന്‍ പോയപ്പോള്‍ ബെന്നിയും തോക്കെടുത്ത് കാറില്‍ വയ്ക്കുന്നതു കണ്ടു. ആളുകളുടെ കണ്ണുകളിലൊക്കെ ഒരുതരം തീയാ. നമ്മടെ സയന്‍സ് മാഷ് ജനാർദനന്‍റെ കണ്ണുകളിലാ ഞാനത് കണ്ടിട്ടുള്ളത്. സത്യത്തില്‍ എനിയ്ക്ക് മടുത്തു.’’

‘‘എന്നിട്ട്?’’ എന്‍റെ സ്വരത്തില്‍ കുറച്ച് ഉദ്വേഗമുണ്ടായിരുന്നു.

‘‘എന്നിട്ടെന്താ, ഞാന്‍ തിരിച്ചുപോന്നു. മകന്‍റെ കൂടെ നില്‍ക്കണമെന്ന് മല്ലികയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതിനേക്കാള്‍ അവളുടെ താല്‍പര്യം എന്‍റെ സ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കലാണല്ലോ.’’

അദ്ദേഹം വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.

ഞാന്‍ മാഷിന്‍റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകള്‍ക്കു പിറകില്‍ പോയകാലത്തിന്‍റെ തീമേഘങ്ങള്‍ ഇഴയുന്നുണ്ടോ എന്നായിരുന്നു എന്‍റെ സംശയം. മൂന്നാമത്തെ പെഗും അവസാനിപ്പിച്ചതുകൊണ്ടാകണം മാഷിന്‍റെ കണ്ണുകളില്‍ ചുവപ്പു പടര്‍ന്നിരുന്നു. നെറ്റിത്തടത്തില്‍നിന്ന് കവിളിലേക്ക് വിയര്‍പ്പ് ഒലിച്ചിറങ്ങി.

‘‘നിന്‍റെ ലേഖനം ഞാന്‍ വായിച്ചു. തീര്‍ച്ചയായും നീ എഴുതിയതൊക്കെ സത്യമാണ്. ഒരധ്യാപകനെന്ന നിലയില്‍ ഞാന്‍ രണ്ടു മരണങ്ങള്‍ക്ക് ഉത്തരം പറയണം. ആദ്യം നിന്നിലെ ശാസ്ത്രജ്ഞന്‍റെ മരണത്തിന്. പിന്നെ വിശപ്പുമാറി ഒരു ദിവസംപോലും ഭക്ഷണം കഴിച്ചിട്ടില്ലാത്ത ഉണ്ണികൃഷ്ണന്‍ എന്ന പതിനൊന്നുകാരന്‍റെ.’’

മാഷിന്‍റെ വാക്കുകളില്‍ ഒരു വിറയലിന്‍റെ താളം ഞാനറിഞ്ഞു. എന്നിലെ ശാസ്ത്രജ്ഞനെ നാരായണന്‍ മാഷ് കൊന്നുകളഞ്ഞു എന്ന് ആലങ്കാരികമായി എഴുതിയത് ശരിയായോയെന്ന് ഞാന്‍ സംശയിച്ചു. ഈയടുത്തകാലത്ത് ഞാന്‍ കവിതകളെഴുതാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് ‘ഒരു ശാസ്ത്രജ്ഞന്‍റെ മരണം’ കവി ഭാവനയുടെ കൂട്ടുചായമായിക്കൂടെ?’’

എന്തോ അറിയില്ല. പക്ഷേ, ആകാശത്തേക്ക് ഹൈഡ്രജന്‍ ബലൂണുകള്‍ പറത്താന്‍ ശ്രമിച്ച് നാരായണന്‍ മാഷ് പരാജയപ്പെട്ടതിനുശേഷം തുടര്‍ന്നുവന്ന ആറാം ക്ലാസിലെ അരപ്പരീക്ഷയില്‍ ഞാന്‍ കണക്കിനും സയന്‍സിനും തോറ്റു. പരീക്ഷാപേപ്പര്‍ കിട്ടിയ ദിവസം രാത്രിയില്‍ കത്തിച്ചു​െവച്ച ഹരിക്കെയിന്‍ വിളക്കിനരികില്‍ വെറും നിലത്ത് വിഷണ്ണയായി അമ്മ ഇരുന്നു.

‘‘നിനക്കെന്താടാ മോനേ പറ്റീത്?’’

ഒരുത്തരവും എനിക്ക് പറയാനുണ്ടായിരുന്നില്ല. എന്‍റെ തലച്ചോറില്‍നിന്ന് കണക്കും സയന്‍സും ചിറകടിച്ച് പറന്നുപോയിരുന്നു. കൂട്ടുമ്പോഴും ഗുണിക്കുമ്പോഴും എന്നില്‍നിന്ന് അക്കങ്ങള്‍ ഊര്‍ന്നുവീണു. ഹരണനിയമങ്ങള്‍ അമാവാസി രാത്രിയിലെ കട്ടപിടിച്ച നിഗൂഢമായ ഇരുട്ടുപോലെ എന്‍റെ ഉള്ളില്‍ പരിഭ്രമം നിറച്ചു. സയന്‍സാകട്ടെ ഞാന്‍ കാണാപ്പാഠം വായിച്ചു പഠിക്കാനാണ് ശ്രമിച്ചത്. ബലൂണ്‍ പരീക്ഷണത്തിനെത്തുടര്‍ന്നുള്ള നാരായണന്‍ മാഷിന്‍റെ ഓരോ ക്ലാസിലും ഞാന്‍ നഷ്ടബോധത്തിന്‍റെ ഉള്‍പ്രകമ്പനംകൊണ്ട് കിടുങ്ങി. മാഷ് പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. പഠിപ്പിച്ച പാഠങ്ങളിലെ ചോദ്യം ചോദിക്കുമ്പോള്‍ നാരായണന്‍ മാഷിനു മുന്നില്‍ ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ വായും പൊളിച്ചുനിന്നു. മാഷിന്‍റെ മുഖത്ത് ആദ്യം തെളിഞ്ഞത് അത്ഭുതമായിരുന്നു. ക്ലാസിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുന്ന ഒരു മിടുക്കനായ കുട്ടിക്ക് എന്തുപറ്റിയെന്ന അത്ഭുതത്തില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ വികസിച്ചു. സയന്‍സ് പരീക്ഷയില്‍ വെറും എട്ടു മാര്‍ക്കു മാത്രം വാങ്ങിയ ഉത്തരക്കടലാസ് കൈമാറുമ്പോള്‍ നാരായണന്‍ മാഷ് വല്ലാത്തൊരു സഹതാപത്തോടെ എന്നെ നോക്കി. ഞാനാകട്ടെ മാഷിനു മുന്നില്‍ ഒരക്ഷരം പറയാതെ ഭൂമിയിലേക്ക് കണ്ണുനട്ട് തലകുനിച്ചുപിടിച്ച് നിന്നു.

‘‘അന്ന് കുറച്ചുകൂടി ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ ആ ബലൂണ്‍ പറത്താമായിരുന്നു.’’ മാഷ് പറഞ്ഞു.

അദ്ദേഹം കണ്ണുകളടച്ചു. പിന്നെ ഓർമകള്‍ക്കിടയില്‍ ഒരു പാലം നിർമിച്ചെടുക്കാന്‍ ശ്രമിക്കുന്നതുപോലെ നെറ്റിത്തടത്തില്‍ മാഷ് വലതുകൈ അമര്‍ത്തി.

‘‘ഉണ്ണികൃഷ്ണന്‍റെ വീടിനെക്കുറിച്ച് അന്വേഷിക്കാറുണ്ടോ?’’ പെട്ടെന്നായിരുന്നു മാഷിന്‍റെ ചോദ്യം

ഒരു നിമിഷം ആ ശബ്ദം നിർവഹിക്കാത്തൊരു കര്‍ത്തവ്യത്തിന്‍റെ മൗഢ്യത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

‘‘ഉണ്ണികൃഷ്ണന്‍റെ അനിയന്മാര്‍ ഗള്‍ഫിലാണെന്നാണറിവ്.’’

ഒരു പരുങ്ങലോടെ ഞാന്‍ പറഞ്ഞു.

‘‘ഞാനന്വേഷിച്ചു.’’

മാഷ് പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞു.

‘‘നിന്‍റെ കുറിപ്പ് വായിച്ചതിന്‍റെ പിറ്റേദിവസം തന്നെ ഒരു ടാക്സി വിളിച്ച് ഞാനവന്‍റെ വീടുവരെ അന്വേഷിച്ചു പോയി. രണ്ടുവര്‍ഷം മുമ്പ് അവന്‍റമ്മ മരിച്ചു. ആരും നോക്കാനൊന്നും ഇല്ലായിരുന്നു.’’

ഒരു തേങ്ങല്‍പോലെ മാഷിന്‍റെ വാക്കുകള്‍ ഇഴഞ്ഞു.

ഒരു നടുക്കം എന്നെ ബാധിച്ചു. എത്രയോ കാലം ഉണ്ണികൃഷ്ണന്‍റെ അമ്മ ഒരു കുറ്റബോധമായി എന്നെ പിന്തുടര്‍ന്നിട്ടുണ്ടായിരുന്നു. ആഴമേറിയ ഒരു ജലാശയത്തിലേക്ക് പാറക്കഷ്ണങ്ങള്‍ എടുത്തെറിയുന്നതുപോലെ എന്‍റെ ഉള്ളിന്‍റെയുള്ളില്‍ കലുഷമായ ഓർമകള്‍ പിടഞ്ഞുകൊണ്ടിരുന്നു.

മഹാത്മാ യു.പി സ്കൂളിലെ ആറാം സ്റ്റാന്‍ഡേര്‍ഡിലെ നാൽപതോളം കുട്ടികള്‍ നിരന്നിരിക്കുന്ന മുഷിഞ്ഞ ചുവരുകളുള്ള ഒരു ക്ലാസ് മുറി. എന്‍റെ കണ്ണുകള്‍ക്കു മുന്നില്‍ മങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രംപോലെ പ്രകാശിച്ചു. കണക്ക് അധ്യാപകനായ പ്രഭാകരന്‍ മാഷ് ബോര്‍ഡിലിട്ട ഒരു ചോദ്യത്തിന്‍റെ പിടിതരാത്ത ഉത്തരമന്വേഷിച്ചുള്ള പരിഭ്രാന്തിയില്‍ ഞങ്ങളുടെ വായിലെ ഉമിനീര്‍ വറ്റിയിരുന്നു. ഒരിലപോലും വീണാലറിയുന്ന ആ നിശ്ശബ്ദതയില്‍ ഒന്നു ചുമയ്ക്കാന്‍പോലും ഞങ്ങള്‍ ഭയന്നു.

കണക്ക് എഴുതിയിട്ട ബോര്‍ഡിനു നേരെ ഒരു കസേരയിലിരുന്നുകൊണ്ട് പ്രഭാകരന്‍ മാഷ് ഞങ്ങള്‍ കുട്ടികളുടെ പരിഭ്രമത്തിലേക്ക് കണ്ണെറിഞ്ഞുകൊണ്ടിരുന്നു. ഇടതുകാലിന്മേല്‍ കയറ്റിെവച്ച അദ്ദേഹത്തിന്‍റെ വലതുകാല്‍ ഒരു വിശറിപോലെ അങ്ങോട്ടുമിങ്ങോട്ടുമിളകി. ‘കൊമ്പന്‍’ എന്നായിരുന്നു ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ രഹസ്യമായി വിളിച്ചുകൊണ്ടിരുന്നത്. കണക്ക് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലോകം. കണക്ക് ശരിക്കറിയാത്ത കുട്ടികള്‍ പലപ്പോഴും മാഷിന്‍റെ ചൂരലിന്‍റെ തീച്ചൂടറിഞ്ഞു. ഇടതുകൈയിലും വലതുകൈയിലുമായി മൂന്നുവീതം പ്രഹരങ്ങളാണ് മാഷ് കുട്ടികള്‍ക്ക് സമ്മാനിക്കുക. പലര്‍ക്കും താങ്ങാനാവാത്തവിധം തീവ്രവും കഠിനവുമായിരുന്നു അത്. കുട്ടികളില്‍ പ്രയോഗിക്കാനായി വിവിധങ്ങളായ ശിക്ഷാവിധികള്‍ മാഷ് കണ്ടെത്തിയിരുന്നു. കുട്ടികളെ ക്ലാസിനു പുറത്തുവിട്ട് എടുപ്പിക്കുന്ന മണല്‍ത്തരികള്‍കൊണ്ടും എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്ന താക്കോലുകൊണ്ടും ആണ്‍കുട്ടികളുടെ തുടയില്‍ മാഷ് ചുവന്ന നിറത്തിലുള്ള ചിത്രങ്ങള്‍ രചിച്ചു. പെണ്‍കുട്ടികളുടെ ചെവിയില്‍ വിരലുകള്‍ കൊണ്ടായിരുന്നു മാഷിന്‍റെ പ്രയോഗം. തീക്ഷ്ണമായിരുന്നു അതിന്‍റെ രുചി. കടലാഴങ്ങളില്‍ മറഞ്ഞുകിടക്കുന്ന വേദനകളുടെ അഗ്നിപർവത വിസ്ഫോടനങ്ങളിലേക്ക് മാഷിന്‍റെ മുറകള്‍ കുട്ടികളെ നയിച്ചു. ഞങ്ങള്‍ കൂട്ടുകാരില്‍ ഉണ്ണികൃഷ്ണനായിരുന്നു ഏറ്റവും കൂടുതല്‍ ഭയം.

 

മിക്ക ദിവസങ്ങളിലും എന്‍റെ നോട്ട് ബുക്കില്‍നിന്ന് ഉത്തരങ്ങള്‍ പകര്‍ത്തിയും ചോദിച്ചറിഞ്ഞുമാണ് പ്രഭാകരൻ മാഷിന്‍റെ കൊടുംശിക്ഷകളുടെ കയത്തില്‍ മുങ്ങിത്താഴാതെ അവന്‍ രക്ഷപ്പെട്ടുകൊണ്ടിരുന്നത്. വളരെ പെട്ടെന്ന് കണക്കും സയന്‍സുമറിയാത്ത ഒരാളായുള്ള എന്‍റെ പരിവര്‍ത്തനം അശേഷം ഉള്‍ക്കൊള്ളാന്‍ അവന് കഴിഞ്ഞില്ല. മാഷിന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിനില്‍ക്കുന്ന ഞാന്‍ അവനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപരിചിതനായിരുന്നു.

ഒരു വെള്ളിയാഴ്ചയായിരുന്നു ഞങ്ങള്‍ കൊമ്പന്‍റെ പിടിയിലകപ്പെട്ടത്. ജീവിതാന്ത്യംവരെ മാഞ്ഞുപോകാത്തവിധം ആ ദിവസം എന്‍റെ ഹൃദയത്തില്‍ മുദ്രണംചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ ഉച്ചക്ക് വിശ്രമവേള കൂടുതലാണ്. അന്ന് ഉച്ചമണി മുഴങ്ങിയതിനുശേഷം ഞാനും ഉണ്ണികൃഷ്ണനും സ്കൂളിന് തൊട്ടടുത്ത പെട്ടിക്കടയില്‍നിന്ന് അഞ്ച് പൈസക്ക് പല്ലൊട്ടി മിഠായി വാങ്ങി. അതും തിന്നുകൊണ്ട് പള്ളിപ്പറമ്പിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. പള്ളിപ്പറമ്പില്‍ പടര്‍ന്നു പന്തലിച്ച കശുമാവുകള്‍ക്കു പിറകില്‍ പച്ചനിറത്തില്‍ മുഴുത്ത കൊട്ടക്കായകള്‍ പാകമായി നില്‍പുണ്ടായിരുന്നു. അതും ലക്ഷ്യമാക്കി പള്ളിപ്പറമ്പിലേക്ക് കുതിക്കുമ്പോഴാണ് വീട്ടില്‍നിന്ന് ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങള്‍ക്കു കുറുകേയുള്ള പ്രഭാകരന്‍ മാഷിന്‍റെ വരവ്. നെയ്തെടുത്ത ഖാദിമുണ്ടിന്‍റെ തലപ്പ് ഇടതുകക്ഷത്തിലേക്ക് ഉയര്‍ത്തിവെച്ച് മാഷ് ഞങ്ങളെ തറപ്പിച്ചു നോക്കി. പിന്നെ തലകുലുക്കി. അദ്ദേഹത്തിന്‍റെ ആ കണ്‍മുനഭാഷ്യത്തിന് എന്തൊക്കെയോ അർഥങ്ങളുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ് സ്കൂള്‍ കൂടിയപ്പോള്‍ ഒരു പ്രസന്നഭാവത്തോടെ മാഷ് ഞങ്ങളുടെ ക്ലാസ് മുറിയില്‍ ആഗതനായി. എന്നത്തെയുംപോലെ ചോദ്യം ചോദിക്കലിലായിരുന്നു തുടക്കം.

വളരെ ലളിതമായ ഒരു ജ്യാമിതീയ ഗണിതമായിരുന്നു മാഷിന്‍റെ ചോദ്യം. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞ ഗീതയടക്കമുള്ള പെണ്‍കുട്ടികളുടെ നിര പിന്നിട്ട് ചോദ്യം ഞങ്ങളുടെ ​െബഞ്ചിലേക്ക് കടന്നു. വേഗത കണക്കാക്കാനാവാത്ത ഒരു ചുഴലിക്കാറ്റുപോലെ മാഷിന്‍റെ തൊട്ടടുത്ത ചോദ്യം എന്നെയും ഉണ്ണികൃഷ്ണനെയും കടപുഴക്കി. ഉത്തരമറിയാതെ നിശ്ചേതനായി നിന്ന ക്ലാസിലെ മിടുക്കന്‍കുട്ടിയെ കണ്ട് മാഷ് ക്രുദ്ധനായി. നന്നായി വെളുത്ത ആ മുഖം ചുവന്നു. ഒരു ചെറുചിരി തങ്ങിനിന്നിരുന്ന കണ്ണുകള്‍ ചെറുതായി.

‘‘രണ്ടു കഴുതകളും ഇവിടെ വാ.’’

മാഷ് ഗർജിച്ചു. ഞാനും ഉണ്ണികൃഷ്ണനും ചെന്നു. മാഷ് കുട്ടികള്‍ക്കഭിമുഖമായി ഞങ്ങളെ തിരിച്ചുനിര്‍ത്തി.

‘‘ഉച്ചയ്ക്ക് ഉണ്ണാന്‍ വിടുമ്പ്വോ അടുത്ത പറമ്പില് തെണ്ട്വാണോടാ കഴുതേ...’’

ചൂരല്‍കൊണ്ട് എന്‍റെ കാലിന്‍റെ കൂച്ചിയില്‍ ആദ്യത്തെ അടി വീണു. ‘‘അയ്യോ’’ എന്ന് ഞാനറിയാതെ കരഞ്ഞു. ഒന്നു മുതല്‍ ആറു വരെ അടികള്‍ ഞാനെണ്ണി. തിരികെ ​െബഞ്ചില്‍ ചെന്നിരുന്നപ്പോള്‍ നിയന്ത്രിക്കാനാകാതെ തുടകള്‍ വിറയ്ക്കുന്നു. അപ്പോള്‍ എന്‍റെ നിറകണ്ണുകളുടെ വൃത്തത്തില്‍ ഉണ്ണികൃഷ്ണന്‍റെ ചുമരിനോട് ചേര്‍ന്നുയരുന്ന ശിരസ്സ് കണ്ടു. താക്കോലുകൊണ്ടായിരുന്നു അവന്‍റെ തുടയില്‍ പ്രയോഗം. വായ് അൽപം തുറന്ന് ഒറ്റക്കാലില്‍ അവന്‍ നിശ്ശബ്ദനായി നിന്നു. അതൊരു അഞ്ചു മിനിറ്റിന്‍റെ മുറയുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ കരഞ്ഞു കണ്ടില്ല. ഭീതികൊണ്ട് അവന്‍റെ നാവിറങ്ങിപ്പോയോ എന്നു ഞാന്‍ സംശയിച്ചു. ശിക്ഷ അവസാനിപ്പിച്ച അനുഭൂതിയോടെ മാഷ് പിടിച്ചുതള്ളിയപ്പോള്‍ അവന്‍ ക്ലാസ് മുറിയില്‍ നിലത്ത് കുനിഞ്ഞിരുന്നു. പിന്നെ എഴുന്നേറ്റ് എനിയ്ക്കരികിലേക്ക് നടന്നു. അവന്‍ മുടന്തുന്നുണ്ടായിരുന്നു. ​െബഞ്ചില്‍ എനിക്കരികില്‍ ഇരുന്നപ്പോള്‍ അവന്‍റെ ഹൃദയമിടിപ്പുകളുടെ മുഴക്കം തറവാട്ടമ്പലത്തിന്‍റെ തട്ടിന്‍പുറത്ത് സൂക്ഷിച്ച പഴയ തകിലിന്‍റെ മുഴക്കംപോലെ എനിക്കനുഭവപ്പെട്ടു. എന്തോ അവനെ സ്പര്‍ശിക്കാന്‍ എനിക്ക് പേടി തോന്നി.

സ്കൂള്‍ വിട്ടപ്പോള്‍ ഞാനവനോട് ചേര്‍ന്ന് റോഡുവരെ ഒന്നും സംസാരിക്കാതെ നടന്നു. വഴിപിരിയുന്നിടത്തു​െവച്ച് അവനെന്‍റെ കൈയില്‍ പിടിച്ചു.

‘‘നാളെ കാണാടാ.’’

അവന്‍ പറഞ്ഞു. അവന്‍റെ കണ്ണില്‍നിന്ന് കണ്ണീര്‍ കവിളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. മാഷിന്‍റെ താക്കോല്‍ തുളഞ്ഞുകയറിയ വലതുകാല്‍ വലിച്ചുവെച്ച് അവന്‍ പതുക്കെ നടന്നുപോകുന്നത് ഞാന്‍ നോക്കിനിന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ണികൃഷ്ണന്‍ വന്നില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും ഉണ്ണികൃഷ്ണന്‍ വന്നില്ല. പിന്നീടറിഞ്ഞു, ഉണ്ണികൃഷ്ണന് പനിയാണ്. വെള്ളിയാഴ്ചയെങ്കിലും ഉണ്ണികൃഷ്ണനെ കാണാനാകുമെന്ന് ഞാനാശിച്ചു. പിന്നെ തിങ്കളാഴ്ച അറിഞ്ഞു –ഉണ്ണികൃഷ്ണന്‍ മരിച്ചു. അവന് ടൈഫോയ്ഡായിരുന്നു.

അന്നുച്ചയ്ക്ക് ഞങ്ങള്‍ മുഴുവന്‍ കുട്ടികളും ഉണ്ണികൃഷ്ണന്‍റെ ഇല്ലത്തേക്ക് വരിവരിയായി നടന്നു. അന്ന് മഴയുള്ള ദിവസമായിരുന്നു. ഉണ്ണികൃഷ്ണന്‍റെ വീട്ടുമുറ്റം മഴയില്‍ നനഞ്ഞുകുതിര്‍ന്ന് കിടന്നു. ഇല്ലത്തെ ചെത്തിത്തേയ്ക്കാത്ത പൂമുഖത്ത് ഒരു മുഴുവന്‍ വാഴയിലയില്‍ ഉണ്ണികൃഷ്ണനെ എടുത്തുകിടത്തിയിരുന്നു. തലയ്ക്ക് പിറകില്‍ വെച്ച എണ്ണത്തിരിയിട്ട വിളക്കില്‍നിന്ന് തീനാളങ്ങള്‍ കാറ്റിലിളകി. ഉണ്ണികൃഷ്ണനരികിലാണ് അവന്‍റെ അമ്മ കിടന്നിരുന്നത്. അവര്‍ ബോധമറ്റു കിടക്കുകയാണെന്ന് ശാരദ ടീച്ചര്‍ പറയുന്നത് ഞങ്ങള്‍ കേട്ടു.

ഉണ്ണികൃഷ്ണനു മുന്നില്‍ അവന്‍റെ മുഖത്തേയ്ക്കുതന്നെ ഉറ്റുനോക്കിക്കൊണ്ട് ഞാന്‍ നിന്നു. അവന്‍റെ അമ്മയപ്പോള്‍ ബോധത്തിലേക്ക് ഉണര്‍ന്നതുപോലെ എഴുന്നേറ്റിരുന്ന് ഉണ്ണികൃഷ്ണന്‍റെ മുടിയിഴകള്‍ മാടിയൊതുക്കി. തൊട്ടടുത്ത നിമിഷം തലതിരിച്ച് അവര്‍ എന്നെ നോക്കി. അപ്പോള്‍ ആത്മാവ് പിളര്‍ന്നു പോകാതിരിക്കാന്‍ തേങ്ങിക്കരഞ്ഞുകൊണ്ട് ഞാനെന്‍റെ ഹൃദയത്തിനു മുകളില്‍ ഇരുകൈകളും വെച്ചു. കൂട്ടുകാരനെ രക്ഷിക്കാന്‍ നിനക്ക് കഴിഞ്ഞില്ലല്ലോ മകനേ എന്നായിരുന്നു ആ അമ്മയുടെ നോട്ടത്തിന്‍റെ അർഥമെന്ന് എനിക്ക് ആ കുഞ്ഞുവയസ്സിലും മനസ്സിലായി. പിന്നീട് പല രാത്രികളിലും ഞാന്‍ ഉണ്ണികൃഷ്ണന്‍റെ അമ്മയെ സ്വപ്നം കണ്ടു. അപ്പോഴൊക്കെ നിസ്സഹായതയോടെ വാവിട്ടു കരഞ്ഞ് ഞാന്‍ ഉറക്കം ഞെട്ടി എഴുന്നേറ്റു. അമ്മ ഞാനുറങ്ങുംവരെ എന്നെ ചേര്‍ത്തുപിടിച്ച് പുറത്ത് തലോടി. പുലരുംവരെ അമ്മ തെളിയിച്ച ചിമ്മിനിവിളക്ക് ഞങ്ങളുടെ മുറിയില്‍ എരിഞ്ഞുകൊണ്ടിരുന്നു.

‘ഒരു ശാസ്ത്രജ്ഞന്‍റെ മരണം’ എന്ന എന്‍റെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു: ‘‘എത്രയോ വര്‍ഷങ്ങളാണ് ഞാന്‍ ഉണ്ണികൃഷ്ണന്‍റെ അമ്മയുടെ നോട്ടത്തെ നെഞ്ചില്‍ ചുമന്നത്. പെട്ടെന്നൊന്നും വിശദീകരിക്കാനാവാത്ത ഒരു ദുരന്തത്തിന്‍റെ അടങ്ങാത്ത അലകള്‍. അന്ന് മഹാത്മാ യു.പി സ്കൂളിന്‍റെ തുറന്ന ആകാശച്ചെരിവുകളിലേക്ക് നാരായണന്‍ മാഷിന്‍റെ ബലൂണുകള്‍ പറന്നെങ്കില്‍ എന്ന് ഞാനിപ്പോഴും ആശിക്കുന്നു. അത് മലയാളം അധ്യാപകനായിത്തീര്‍ന്ന എന്നിലെ മരിച്ചുപോയ ശാസ്ത്രജ്ഞനെക്കുറിച്ചുള്ള ദുഃഖംകൊണ്ടല്ല. മറിച്ച്, ഒരു പ്രിയസുഹൃത്ത് ജീവിച്ചിരിക്കുമെന്ന പ്രത്യാശകൊണ്ടു മാത്രം.’’

മിനിറ്റുകളുടെ ഇടവേള പിന്നിട്ട് നാരായണന്‍ മാഷ് എന്നെ തൊട്ടു. മാഷിന്‍റെ അപ്പോഴത്തെ മുഖഭാവം എനിക്ക് നിര്‍വചിക്കാനായില്ല. പക്ഷേ, മാഷ് എന്നെ ഹരിയെന്ന് വിളിച്ചപ്പോള്‍ ആ ശബ്ദം ചിലമ്പുന്നതുപോലെ എനിക്ക് തോന്നി.

മാഷ് എനിക്കു മുന്നില്‍ നിന്നപ്പോള്‍ സോഫയില്‍നിന്ന് ഒരു പരിഭ്രമത്തോടെ ഞാന്‍ എഴുന്നേറ്റു. പറയാനുള്ള എന്തൊക്കെയോ വാക്കുകള്‍ക്കായി മാഷ് പരതുന്നതായി ആ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ എനിക്കു തോന്നി. മാഷ് എന്‍റെ തോളില്‍ സ്പര്‍ശിച്ചു.

‘‘ഹരി, അമ്മയോട് നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞത് ഒരു കാര്യത്തിനാണ്. നിന്നോട് മാപ്പുപറയാനാണ് ഞാന്‍ നിന്നെ വിളിച്ചുവരുത്തിയത്. ജീവിതത്തിന് പലപ്പോഴും നമ്മള്‍ നിശ്ചയിക്കാത്ത ഒരവസാനമുണ്ടാകുമല്ലോ. ഹരിദാസ് എന്ന ശാസ്ത്രജ്ഞനെ നഷ്ടപ്പെടുത്തിയതില്‍ എനിക്ക് വലിയ ദുഃഖമൊന്നുമില്ല. പക്ഷേ, ഉണ്ണികൃഷ്ണനെക്കുറിച്ചോര്‍ക്കുമ്പോഴാണ് എനിക്കു താങ്ങാന്‍ കഴിയാത്തത്. ജീവിതാന്ത്യംവരെ ആ ദുഃഖം എന്‍റെ മനസ്സിലുണ്ടാകും. തോറ്റുപോകുന്ന എല്ലാ അധ്യാപകര്‍ക്കുമുള്ള വിലപ്പെട്ട പാഠമാണത്.’’

മാഷ് പറഞ്ഞു. മാഷിന്‍റെ വാക്കുകള്‍ക്ക് വ്യക്തത കുറയുന്നത് കൂടുതല്‍ മദ്യപിച്ചതുകൊണ്ടാണെന്ന് ഞാന്‍ വിചാരിച്ചു. അദ്ദേഹത്തോട് യാത്രപറഞ്ഞ് വേഗത്തില്‍ തിരിച്ചുപോരണമെന്ന് ഞാനാഗ്രഹിച്ചു.

‘‘നിന്‍റമ്മയോട് ഞാന്‍ അന്വേഷിച്ചതായി പറയണം.’’

വീട്ടില്‍നിന്നിറങ്ങവേ മാഷ് പറഞ്ഞു. അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ഒരു ധൃതിയുണ്ടായിരുന്നു.

‘‘ഹരീ, നീയീ വീടു കണ്ടോ. ഇത് എന്‍റെ അച്ഛാച്ഛന്‍ പണിയിപ്പിച്ച വീടാണ്. അച്ഛനും ഞാനും ഞങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഈ വീടിന് മാറ്റങ്ങള്‍ വരുത്തി.’’

മാഷിന്‍റെ ശബ്ദത്തില്‍ ഒരു കയ്പ് പടര്‍ന്നു.

‘‘വരാന്തയില്‍ കിടക്കുന്ന ഈ കസേരയിലാണ് എന്‍റെ അച്ഛന്‍ മരണംവരെ ഇരുന്നിരുന്നത്. അച്ഛനും അമ്മയും ഈ വീട്ടില്‍ കിടന്നാണ് മരിച്ചത്.’’

മാഷിന്‍റെ മുറ്റത്തെ പടരന്‍പുല്ലുകള്‍ എന്‍റെ കാലുകളിലേക്ക് നനവു പടര്‍ത്തി. എനിക്കരികില്‍നിന്ന് മാഷ് ചൂണ്ടിക്കാണിച്ച ചാരുകസേരയിലേക്ക് ഞാന്‍ അസ്വസ്ഥതയോടെ നോക്കി.

‘‘ഹരീ, ഇന്ന് ഈ വീട്ടിലെ എന്‍റെ അവസാനത്തെ പകലാണ്. രാത്രിയില്‍ അവരെന്നെ കൊണ്ടുപോകും. തിരുവനന്തപുരത്ത് ഒരു ഹൈടെക് വൃദ്ധസദനം. അവന്‍റെ അമ്മയില്ലാതെ ഈ വീട്ടില്‍ തനിച്ച് ജീവിക്കുന്നത് എനിക്കപകടമാണെന്ന് ബെന്നി ഉറപ്പിച്ചു കഴിഞ്ഞു. അമേരിക്കയിലെ മഹാശാസ്ത്രജ്ഞരുടെ തീരുമാനങ്ങളില്‍ എപ്പോഴും ഒരു കൃത്യതയുണ്ടാകും.’’

മാഷ് കുഴഞ്ഞ ശബ്ദത്തില്‍ പൊട്ടിച്ചിരിച്ചു.

‘‘നമ്മള്‍ തമ്മില്‍ ഇനി കാണുകയുണ്ടാകില്ല.’’

മാഷ് എന്‍റെ ശിരസ്സില്‍ അവിചാരിതമായൊന്ന് തൊട്ടു. പിന്നെ പിന്‍തിരിഞ്ഞ് വീടിനകത്തേക്ക് നടന്നു. അദ്ദേഹത്തിന്‍റെ കാല്‍വെപ്പുകള്‍ മുപ്പതു വര്‍ഷം മുമ്പ് ബലൂണ്‍ പറത്താനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട് തിരിച്ചുനടന്ന ആ പഴയ അധ്യാപകന്‍റേതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

News Summary - Malayalam story-oru sasthranjante maranam 2