നെമോ മോറിറ്റുറസ് പ്രസുമീറ്റർ മെന്റയർ

പച്ചമാംസം കത്തുന്നതിന്റെ ഗന്ധം! നിലവിളിച്ചുകൊണ്ട് ഉണരുമ്പോൾ അമ്മൂമ്മയുടെ മുഖമാണ് മുന്നിൽ കണ്ടത്. “ഇന്നും സ്വപ്നം കണ്ടു. അല്ലേ?” പകച്ചുനോക്കിയിരുന്നതല്ലാതെ ഹരിണി മറുപടിയൊന്നും പറഞ്ഞില്ല. ഉണർന്നതിനു ശേഷം ഭീകരസ്വപ്നം കാണുന്നുണ്ട് എന്ന് ചെറിയൊരു ഓർമപോലുമുണ്ടാകാറില്ല. അതൊരു ആശ്വാസമാണോന്ന് ചോദിച്ചാൽ...
Your Subscription Supports Independent Journalism
View Plansപച്ചമാംസം കത്തുന്നതിന്റെ ഗന്ധം!
നിലവിളിച്ചുകൊണ്ട് ഉണരുമ്പോൾ അമ്മൂമ്മയുടെ മുഖമാണ് മുന്നിൽ കണ്ടത്.
“ഇന്നും സ്വപ്നം കണ്ടു. അല്ലേ?”
പകച്ചുനോക്കിയിരുന്നതല്ലാതെ ഹരിണി മറുപടിയൊന്നും പറഞ്ഞില്ല.
ഉണർന്നതിനു ശേഷം ഭീകരസ്വപ്നം കാണുന്നുണ്ട് എന്ന് ചെറിയൊരു ഓർമപോലുമുണ്ടാകാറില്ല. അതൊരു ആശ്വാസമാണോന്ന് ചോദിച്ചാൽ അല്ല. എന്ത് സ്വപ്നമാണ് കണ്ടതെന്ന് ഓർക്കാനെങ്കിലും സാധിച്ചിരുന്നെങ്കിൽ!
ചിലപ്പോഴൊക്കെ സ്വപ്നം കണ്ടെന്ന് മനസ്സിലാകുന്നതുപോലും ഞെട്ടിയെഴുന്നേൽക്കുമ്പോൾ അനുഭവിക്കുന്ന കനത്ത നെഞ്ചിടിപ്പുകാരണമാണ്.
അൽപനേരം അവളെ നോക്കിയിരുന്ന ശേഷം ദീർഘനിശ്വാസത്തോടെ അവളുടെ ശിരസ്സിൽ തലോടിക്കൊണ്ട് കൗസല്യ പതുക്കെ മന്ത്രിച്ചു.
“ആലത്തൂർ ഹനുമാനെ ചൊല്ലിക്കിടക്കൂ കുട്ടീ…അങ്ങുറങ്ങിപ്പൊക്കോളും വീണ്ടും…”
കൗസല്യ മുറി പുറത്തുനിന്നും ചാരി ബദ്ധപ്പെട്ട് പടികൾ ഇറങ്ങി പോകുന്ന ഒച്ച കാതോർത്ത്, ഹരിണി താൻ കണ്ട സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണടച്ചു.
* * * *
കൗസല്യ തിരികെ മുറിയിൽ എത്തിയപ്പോൾ രഘുനാഥൻ ഉണർന്നു കിടക്കുകയായിരുന്നു.
“ഇനി എത്ര ദിവസങ്ങൾ ബാക്കിയുണ്ട്? നമ്മൾ സ്വപ്നം കാണുന്നില്ല എന്നല്ലേയുള്ളൂ. അവസാനമായി സ്വസ്ഥമായി ഒന്നുറങ്ങിയിട്ട് എത്ര കൊല്ലമായീന്ന് നിശ്ചയമുണ്ടോ?” കൗസല്യ കട്ടിലിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു.
മറുപടിയായി ദീർഘനിശ്വാസം മാത്രം.
ആ രണ്ട് വൃദ്ധരും എന്നത്തേയും പോലെ ഏറെനേരം മച്ചിലേക്ക് നോക്കിക്കിടന്നു. രാത്രിയുടെ മറുകര കാണാനാകാത്തയിടത്ത് ഉറക്കത്തിന്റെ പുഴ നീന്തിക്കടക്കാൻ ഇറങ്ങിയ രണ്ടുപേർ!
‘‘ചൊവ്വാഴ്ചയല്ലേ വീണ്ടും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകേണ്ടത്? നന്ദുവിനോട് വരാൻ പറഞ്ഞിട്ടുണ്ടോ?” അൽപസമയത്തിനുശേഷം തിരിഞ്ഞുകിടന്ന് രഘുനാഥന്റെ മുഖത്തേക്ക് നോക്കിയാണ് കൗസല്യ ചോദിച്ചത്.
‘‘ഉവ്വ്. സാധിക്കുമെങ്കിൽ ലീവെടുത്ത് കുറച്ചുദിവസത്തേക്ക് വന്നു നിൽക്കാൻ പറഞ്ഞിട്ടുണ്ട്.”
‘‘അത് നന്നായി. അവനിവിടെയുണ്ടെങ്കിൽ കുട്ടിക്ക് അതൊരു ആശ്വാസമായിരിക്കും.”
“ ഉം.” രഘുനാഥൻ ഏതോ ആലോചനയിലേക്ക് ആണ്ടുപോകുന്നതിനൊപ്പം മൂളി.
പിന്നെ കുറച്ചുനേരത്തേക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല. വേദനയുടെ നനവുപടർന്ന അനേകമനേകം ദീർഘനിശ്വാസങ്ങൾ പരസ്പരം പിണഞ്ഞ് അന്തരീക്ഷത്തിൽ ഏറെനേരം തങ്ങിനിന്നു. ജനാലക്ക് പുറത്ത് ഉറക്കംതൂങ്ങി നിന്ന മരച്ചില്ലകൾക്കിടയിലൂടെ വീശിയ തണുത്ത കാറ്റ് അഴികൾക്കിടയിലൂടെ വിരൽനീട്ടി അവയിലെ വേവ് ഒപ്പിയെടുക്കാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ചീവീടുകൾപോലും മൗനമാണെന്നു തോന്നിക്കുന്ന നിശ്ശബ്ദമായ രാത്രിയിൽ രണ്ടു നെഞ്ചുകളുടെ പിടപ്പ് മുഴക്കത്തോടെ നിറഞ്ഞുനിൽക്കുന്നത് ഒന്ന് ശ്രദ്ധിച്ചാൽ കേൾക്കാവുന്നതേയുള്ളൂ!
എപ്പോഴോ രണ്ടാളും തളർന്നു മയങ്ങിത്തുടങ്ങി.
പുലർച്ചെ അടുത്തുള്ള ശിവക്ഷേത്രത്തിൽനിന്നും ഒഴുകിവന്ന സുപ്രഭാതം കേട്ടുതുടങ്ങിയപ്പോഴാണ് കൗസല്യ ആന്തലോടെ ഉണർന്നത്.
വല്ലാതെ വൈകിയല്ലോ എന്ന ചിന്തയോടെ അവർ പിടഞ്ഞെഴുന്നേറ്റു.
സമയം വെളുപ്പിന് അഞ്ചര!
പൂർണമായും നരച്ചതെങ്കിലും സമൃദ്ധമായ ചുരുണ്ട മുടി വാരിക്കെട്ടി, കാലത്തിന്റെ കൂർത്ത നഖങ്ങൾ ശരീരമാസകലം കോറിയ, ചെറിയ മെല്ലിച്ച ശരീരവും പേറി അവർ അടുക്കളയിലേക്ക് വേച്ചുവേച്ച് നടന്നു.
* * * *
തടവറയുടെ തണുത്ത ഇരുട്ടിൽ അനേക വർഷങ്ങളുടെ മൗനം പുതച്ചുറങ്ങിയിരുന്ന ആത്മാക്കളിലൊന്ന് പുറത്തെ കനത്ത ഇരുട്ടിന്റെ ആഴം അളന്നുകൊണ്ടിരുന്നു. ഇടനാഴിയിൽ അങ്ങേയറ്റത്തായി ചുവരിൽ തൂക്കിയിരുന്ന പഴയ ഘടികാരത്തിന്റെ താളത്തിലുള്ള ഒച്ച ആ രാത്രിയിൽ അയാളെ ഉറങ്ങാൻ സഹായിച്ചില്ല. രാത്രിയിലെ പാറാവുകാരൻ ഇടനാഴിയിലൂടെ കടന്നുപോയി. പാതിയുറക്കത്തിലായിരുന്നതിനാൽ അഴികളിൽ അടിച്ചു ശബ്ദമുണ്ടാക്കി ഉറങ്ങുന്ന തടവുകാരെ ഉണർത്തുന്ന ക്രൂര വിനോദം അന്നുണ്ടായില്ല.
* * * *
സെൻട്രൽ ജയിലിന്റെ വാതിൽ തുറന്നപ്പോൾ വർഷങ്ങൾക്കു മുമ്പ് അവ തനിക്കു പിറകിൽ അടയുമ്പോഴുണ്ടായ അതേ കരുകര ശബ്ദം കേട്ട് അയാളുടെ തൊലിയിൽ തരിപ്പുണ്ടായി. പോകുമ്പോൾ ധരിച്ചിരുന്ന ഇളം നീലയിൽ ചെറിയ വെള്ള വരകളുള്ള ഷർട്ടും കറുപ്പുകരയുള്ള മുണ്ടും തന്നെയാണയാൾ ധരിച്ചിരിക്കുന്നത്. ചെരുപ്പ് മാത്രം പുതിയത്! ഏതോ ക്ലബ് ഓണസമ്മാനം കൊടുത്തതാണ് ജയിൽപ്പുള്ളികൾക്ക്.
ആരോ കൈക്കുമ്പിളിലെടുത്ത് കുലുക്കിക്കുത്തി വലിച്ചെറിഞ്ഞ അക്ഷരങ്ങൾക്കിടയിലെ വടിവൊത്ത കൈയക്ഷരത്തിൽ എഴുതിയ വാക്കു കണക്കെ ആ ചെരുപ്പുകൾ മറ്റൊന്നുമായും ചേരാതെ വേറിട്ടുനിന്നു. അപ്പാടെ വെളുത്ത കുറ്റിത്തലമുടിയുടെ ഇടയിലൂടെ ചാലിട്ട് ഒഴുകി ഇറങ്ങുന്ന വിയർപ്പ് ഷർട്ടിലേക്ക് വീണയിടങ്ങളിൽ ഷർട്ട് ദേഹത്തേക്ക് ഒട്ടിയിട്ടുണ്ട്. ഒട്ടും പാകമാകാതെ തൂങ്ങിക്കിടക്കുന്ന വിധമാണ് ബാക്കി ഭാഗങ്ങൾ. അല്ലെങ്കിൽത്തന്നെ അത്തരമൊരു ഷർട്ട് ഇടേണ്ട പ്രായം അതിക്രമിച്ചിരിക്കുന്ന ദേഹം!
അയാളുടെ മുഖം കണ്ടാൽ ഒരിക്കലും ചിരിച്ചിട്ടേയില്ല എന്നു തോന്നിപ്പോകും. കണ്ണുകളിലെ ചുവപ്പ് കൺപോളകളിലേക്കും കണ്ണിന് താഴേക്കും ഒഴുകിപ്പടർന്നതുപോല. ചെന്നിയിലെ പിടയ്ക്കുന്ന നീല ഞരമ്പുകൾ പെട്ടെന്ന് നോക്കിയാൽ മുറിവുണങ്ങിയ വടുക്കളാണെന്ന് തോന്നും. ഇരുനിറമുള്ള ശരീരത്തിൽ രണ്ടു കൈയിലും വിരലുകൾ മുതൽ കൈമുട്ടുകൾവരെ പ്ലാസ്റ്റിക് വലിച്ച് ഒട്ടിച്ചുവച്ചതുപോലെ നിറവ്യത്യാസം തോന്നിക്കുന്ന തൊലി.
അയാൾ ചുറ്റും നോക്കി. പരിചയമില്ലാത്ത, തികച്ചും അന്യമായ ഏതോ ലോകത്ത് പെട്ടെന്ന് എത്തിപ്പെട്ടതുപോലെ! രാവിലെ പെയ്ത ചെറിയ മഴയിൽ കുതിർന്ന വഴുക്കലുള്ള മണ്ണ് ചെരുപ്പിന്റെ വശങ്ങളിലൂടെ അതിക്രമിച്ച് കാൽപ്പത്തിയിൽ എത്തിപ്പിടിച്ചിരിക്കുന്നു. മുന്നോട്ടു നീണ്ടുകിടക്കുന്ന നിരത്ത് മുമ്പത്തേതിലും അൽപം ഇടുങ്ങിയിട്ടുണ്ട്. അതോ ഇരുവശവും വരച്ചിരിക്കുന്ന നീളൻ വെള്ള വരകൾ ആ പ്രതീതി ഉളവാക്കുന്നതോ?
സ്വീകരിക്കാൻ ആരും വരുമെന്ന് അയാൾ പ്രതീക്ഷിക്കുന്നില്ല.അതുകൊണ്ടുതന്നെ അതിന്റെ പേരിൽ കുണ്ഠിതവുമില്ല. അയാൾ മുന്നോട്ടു നടന്നുതുടങ്ങി. അപരിചിതമായ നിറങ്ങളോടെയും കോലാഹലങ്ങളോടെയും പരിചയിച്ചിട്ടില്ലാത്ത വേഗത്തിൽ ഓട്ടോറിക്ഷകളും ബൈക്കുകളും അയാളെ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഉയരം കൂടിയ കോൺക്രീറ്റ് തൂണുകളിൽ ചെറിയ കുട്ടികൾ റബർപ്പാലുകൊണ്ട് നിർമിച്ചിരുന്ന ബോളുകൾപോലെ വൃത്തിഹീനമായ ഇലക്ട്രിക് വയറുകൾ കൂടിപ്പിണഞ്ഞു കിടക്കുന്നു. നിരനിരയായി നിൽക്കുന്ന അത്തരം തൂണുകൾ.
ചുറ്റിനും എങ്ങോട്ടാണ് നടക്കുന്നതെന്ന് അറിയുകപോലുമില്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ കൈയിലുള്ള ഫോണിലേക്ക് കുനിഞ്ഞുനോക്കി നടക്കുന്ന ചെറുപ്പക്കാർ. ചിലർ ചെവികളിൽ പല വലിപ്പത്തിലുള്ള ഹെഡ്ഫോൺ കുത്തിയിരിക്കുന്നത് കാണാം. ജീൻസ് ധരിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ അടുത്തൊരു കടയുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളിൽ ഇരിക്കുന്നു. പൊട്ടിച്ചിരിയും ബഹളവുമുണ്ടെങ്കിലും അവരുടെയും മുഖം കുനിഞ്ഞിട്ടാണ്. ഫോണുകളിൽ വിരലുകൾ ചലിക്കുന്ന വേഗം കണ്ട് അയാൾ അമ്പരന്നു! അയാളിലെ മടുപ്പും മരവിപ്പും വർധിച്ചു.
വളവുതിരിഞ്ഞപ്പോൾ നിന്നും ഉലുവ ഇട്ടുവച്ച മീൻകറിയുടെ മണം. ഏതോ അടുക്കളയിൽനിന്നും പാത്രങ്ങൾ കലഹിക്കുന്ന ഒച്ച. ഒഴുകിവരുന്നൊരു പഴയ സിനിമാഗാനം. പതിയെ നെഞ്ചിന്റെ മിടിപ്പ് സാധാരണ നിലയിലായപ്പോൾ അയാൾ നടത്തം നിർത്തി. ജയിൽ കഴിഞ്ഞുള്ള ബസ് സ്േറ്റാപ്പായിരുന്നു അത്.
* * * *
നന്ദു ബൈക്ക് സ്റ്റാൻഡിലേക്കിട്ട് തിരിഞ്ഞപ്പോഴേക്കും കൗസല്യയും രഘുനാഥനും വാതിൽക്കൽ എത്തിയിരുന്നു.
‘‘ആഹാ, കൺകുളിർക്കുന്ന കാഴ്ച. എന്നെ കാത്തുനിൽക്കുകയായിരുന്നോ?” എന്ന് ചോദിച്ചു ചിരിച്ചുകൊണ്ട് നന്ദു ഹെൽമെറ്റൂരി ബൈക്കിനോട് ചേർത്ത് ലോക്ക് ചെയ്തുെവച്ചു.
കൗസല്യയുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ട് അവനൊന്ന് സംശയിച്ചുനിന്നു.
“എന്തുപറ്റി അമ്മൂമ്മക്കിളിക്ക്?”
അവർ ഒന്നും മിണ്ടിയില്ല.
“എന്താ കാര്യം” എന്ന അർഥത്തിൽ നന്ദു അപ്പൂപ്പനെ നോക്കി പുരികമുയർത്തി.
രഘുനാഥൻ ബൈക്കിലേക്ക് നോക്കി ഒരു ആംഗ്യം കാണിച്ചു.
“ഓഹ്, ബാംഗ്ലൂരിൽനിന്നും ഇത്രടം ബൈക്ക് ഓടിച്ചുവന്നത് ഇഷ്ടായില്ല, അല്ലേ?” അവൻ കളിയായി കൗസല്യയുടെ കവിളിൽ തട്ടി.
ഒന്നുകൂടി മുഖം വീർപ്പിച്ചതല്ലാതെ കൗസല്യ അപ്പോഴും മറുപടി പറഞ്ഞില്ല.
“പെട്ടെന്ന് പോരണം എന്ന് വിളിച്ച് ഓർഡർ ഇടുക, കാര്യം പോലും മുഴുവനാക്കാതെ ഫോൺ വയ്ക്കുക.. ഓൺ ദ് സ്പോട്ട് ലീവാക്കി, ഫ്ലാറ്റിൽ പോയി ബാഗുപോലുമെടുക്കാതെ ഓടിവന്നപ്പോ… മോന്ത ദാ അഞ്ചുകിലോ…”
കൗസല്യ ചോദ്യഭാവത്തിൽ രഘുനാഥനെ ഒന്ന് നോക്കി.
“നന്ദുവിനെ വിളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹരിണി മുറിയിലേക്ക് കയറി വന്നത്. എന്തോ പെട്ടെന്ന് ഫോൺ കട്ട് ചെയ്തുപോയി.” രഘുനാഥൻ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.
കൗസല്യയുടെ മുഖത്തെ ഗൗരവം കുറഞ്ഞു.
“ഇത്തിരി നേരം കൂടുതൽ എടുത്താലും നീ കാറിൽതന്നെ പോന്നാൽ മതിയായിരുന്നു. ഇനി ഇങ്ങനെ ചെയ്യരുത് കേട്ടോ.”
“ശരി പോട്ടെ. ഇനി മേലാൽ ചെയ്യില്ല. പോരേ?’’
കൗസല്യക്ക് സന്തോഷമായി.
“ഹരിണി ഇതുവരെ ക്ഷേത്രത്തിൽനിന്ന് എത്തിയിട്ടില്ല. ഞാൻ ദേ ഇപ്പോ ദോശ ചുടാം. വേഗം പോയി കുളിച്ചു വന്നോളൂ…”
അവർ അടുക്കളയിലേക്ക് നടന്നു.

* * * *
ഹരിണി എത്തുമ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു.
‘‘അയ്യോ ആകെ ലേറ്റായി” എന്ന് പറഞ്ഞ് ടെൻഷനടിച്ചാണ് കയറിവന്നത്.
വന്നപാടെ കണ്ടത് ടി.വിയും കണ്ടിരിക്കുന്ന നന്ദുവിനെ. അവൾ അമ്പരന്നു ചുറ്റും നോക്കി. അപ്പൂപ്പനും അമ്മൂമ്മയും അടുത്തുള്ള കസേരകളിൽ തന്നെയുണ്ട്.
‘‘അയ്യോ ഇതെപ്പോ! എന്നാപ്പിന്നെ ഇന്ന് കോളേജിൽ പോകാതിരുന്നാലോ?” അവളുടെ കണ്ണുകൾ വിടർന്നു.
“ഏയ് അതുവേണ്ട. ചൊവ്വാഴ്ച അപ്പോയിൻമെന്റ് ഇല്ലേ? അപ്പൊ എന്തായാലും ലീവെടുക്കേണ്ടിവരും.”
‘‘ഓ, ചൊവ്വാഴ്ച. ഞാനത് മറന്നു.” ഹരിണിയുടെ ഉത്സാഹം അപ്പാടെ മാഞ്ഞു.
“നീയെന്താ ഇന്ന് ക്ഷേത്രത്തിൽനിന്ന് ഇത്ര താമസിച്ചത്?” നന്ദു വേഗം വിഷയം മാറ്റി.
‘‘ഓ അത്, ഇന്ന് ചമ്പക്കരേലെ ഏടത്തീടെ വക വിശേഷാൽ പൂജയാരുന്നു. പ്രസാദം വാങ്ങിയിട്ടെ പോകാവൂ എന്ന് നിർബന്ധം. എങ്ങനെ നോ പറയും..?”
“ഹ്ം! നൊ പറയേണ്ടിടത്ത് നൊ പറയണമെടി... എന്നാ വേഗം വാ. കഴിക്കാം. ഞാൻ കൊണ്ടുവിടാം ഇന്ന്.”
ഹരിണി ഒന്നു സംശയിച്ചു നിന്നിട്ട് മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങി.
താഴെ നിന്ന മൂവരും പരസ്പരം നോക്കി.
* * * *
“ദിവസങ്ങൾ അടുത്ത് വരുംതോറും അവളുടെ ദുഃസ്വപ്നങ്ങൾ കൂടിവരുകയാണ് ഡോക്ടർ.”
ചെക്കപ്പ് കഴിഞ്ഞ് പതിവുപോലെ ഹരിണിയെ പുറത്തുവിട്ട് ഡോക്ടർ നന്ദുവിനോട് സംസാരിക്കുകയായിരുന്നു.
“ഉം. അതേ. പുറത്തുകാട്ടുന്നതിനും അധികം സ്ട്രെസ്സ് ഉണ്ട് ഹരിണിയുടെ മനസ്സിൽ.” ഡോക്ടർ ചാക്കോ തോമസ് ചിന്താമഗ്നനായി.
‘‘അവൾ ആരോടെങ്കിലും അച്ഛനെപ്പറ്റി എന്തെങ്കിലും സംസാരിക്കാറുണ്ടോ?”
“ഇല്ല. ഒരിക്കലുമില്ല. അതേപ്പറ്റി ഞങ്ങളായിട്ട് അങ്ങോട്ട് എന്തെങ്കിലും ചോദിക്കാറുമില്ല. അവളെ വെറുതെ ഓർമിപ്പിച്ചു വേദനിപ്പിക്കണ്ട എന്ന് കരുതിത്തന്നെയാണത്.”
‘‘ഉം. തീരെ വേദനിപ്പിക്കാതെ മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ഒരിക്കലും വേദനകൾ താങ്ങാൻ പറ്റാത്തരീതിയിലേക്ക് അവൾ മാറിപ്പോകും. അതുകൊണ്ട് ഇഷ്ടമില്ലെങ്കിലും ഇടയ്ക്കൊക്കെ അതേപ്പറ്റി സംസാരിക്കാൻ ശ്രമിക്കണം.”
‘‘പക്ഷേ ഡോക്ടർ, അവളോട് എന്താണ് പറയുക?” നന്ദുവിന്റെ ചോദ്യത്തിന് ഡോക്ടർ വ്യക്തമായ മറുപടിയൊന്നും പറഞ്ഞില്ല. പകരം മറുചോദ്യമാണ് ഉണ്ടായത്.
‘‘നിങ്ങളുടെ ഡേറ്റ് ഫിക്സാക്കിയോ?”
“ഇല്ല ഡോക്ടർ. ഹരിണിയെക്കൂടി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാൻ ഞാൻ ശ്രമിക്കുന്നുണ്ട്. അവളുടെ കോഴ്സ് തീരാൻ ഇനി മാസങ്ങൾ മാത്രമേയുള്ളൂ. അതിനുശേഷം തീയതി ഉറപ്പിക്കാം എന്നാണ് കരുതുന്നത്.”
“ഇത്ര ചെറുപ്പത്തിലേ തന്നെ വിവാഹം നടത്താൻ അവളുടെ ഗ്രാൻഡ് പേരൻസ് സമ്മതിക്കുമോ?”
“അവരാണ് എന്നോടിത് ആവശ്യപ്പെട്ടത്. ഇനിയും ഹരിണി നാട്ടിൽ നിന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ...”
“ഉം.”
നന്ദു കതക് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഡോക്ടർ കണ്ണാടിയൂരി മേശപ്പുറത്ത് വച്ചിട്ട് വലതുകൈ മേശയിൽ കുത്തി നെറ്റിയിലേക്ക് ചേർത്തു. തല വേദനിച്ചിട്ടെന്നപോലെ പതിയെ വിരലുകൾകൊണ്ട് നെറ്റിയുടെ ഇരുവശവും അമർത്തിത്തടവാൻ തുടങ്ങി.
നന്ദുവിനെ കണ്ടപാടെ ഹരിണി മടിയിൽ ഇരുന്ന ബാഗ് തോളിൽ തൂക്കി വേഗം എഴുന്നേറ്റു.
ഡോക്ടർ എന്തു പറഞ്ഞു എന്ന് ചോദിക്കുമെന്ന് കരുതി. അതുണ്ടായില്ല.
“പോകാം?”
“വാ” നന്ദു ബൈക്ക് പാർക്ക് ചെയ്തയിടത്തേക്ക് നടന്നു.
* * * *
ശ്രീധരൻ ആരോടും വഴി ചോദിച്ചില്ല. അനേകം തവണ താണ്ടിയ വഴികളിലൂടെ ഏതോ യന്ത്രത്താൽ നിയന്ത്രിക്കപ്പെടുംപോലെ അയാളുടെ കാലുകൾ മുന്നോട്ടു നീങ്ങി.
പഴയ ബസ് സ്റ്റോപ്പിൽനിന്നും അൽപം മുന്നോട്ട് മാറി, ആൽമരം നിന്നിരുന്നതിന് അടുത്തായാണ് ബസ് നിർത്തിയത്. റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന ആ വടവൃക്ഷംനിന്നയിടത്ത് ഇപ്പോൾ സിമന്റു പുരണ്ട കുറ്റി മാത്രം അവശേഷിച്ചിരുന്നു. അവിടെയെന്തോ പണിതുയർത്താൻ ശ്രമിച്ച് പിന്നീട് ഉപേക്ഷിച്ച മട്ടുണ്ട്.
ബസ് കാത്തുനിൽക്കുന്നവർക്കിടയിൽ എന്തിനോ വേണ്ടി വാശിപിടിച്ച് കരഞ്ഞുകൊണ്ടിരുന്ന ചെറിയ കുട്ടിയെ കോരിയെടുത്ത് അമ്മ ചെവിയിൽ എന്തോ മന്ത്രിച്ചു. കുട്ടിയുടെ കരച്ചിൽ പിടിച്ചുനിർത്തിയതുപോലെ നിന്നു. അവൻ ഇടംകണ്ണിട്ട് തന്നെ നോക്കുന്നത് ശ്രീധരൻ കണ്ടില്ലെന്ന് നടിച്ചു.
റോഡിന്റെ മറുവശത്തുകൂടി ബസ് സ്റ്റോപ്പിലേക്കു നടക്കുന്ന ആളുകളിൽ ചിലർ തിരിഞ്ഞുനോക്കുന്നുണ്ടെന്ന് തോന്നി. അയാൾ ആരെയും നോക്കാതെ മുന്നോട്ടുതന്നെ നടന്നു.
അരയ്ക്കു താഴേക്ക് തളർച്ച ബാധിച്ചെന്ന് തോന്നിപ്പോയി!!
ഈ വരവ് ഒഴിവാക്കാൻ, താൻ ഒരിക്കലും ഒരു പരോൾപോലും അപേക്ഷിച്ചില്ലല്ലോ എന്ന് അയാളോർത്തു.
വീടിന്റെ വശത്തെ മതിലിനോട് ചേർന്ന നിരത്തിൽ എത്തിയപ്പോൾ കാലുകളുടെ തളർച്ച ഏതാണ്ട് ബലക്ഷയം തന്നെ ആയിക്കഴിഞ്ഞിരുന്നു. ആയാസപ്പെട്ട് അവ വലിച്ചുെവച്ച് മുന്നോട്ടുതന്നെ നടന്നു.
മഞ്ഞ ജമന്തിയും ചുവന്ന പനിനീർപ്പൂക്കളും വളർന്നുനിന്നിരുന്ന വിമലയുടെ ചെറിയ പൂന്തോട്ടം ഇപ്പോൾ ഉരുളൻ കല്ലുകൾ പാകി മാറ്റം വരുത്തിയിട്ടുണ്ട്. വീട് പണ്ടത്തെക്കാൾ ചെറുതായതുപോലെ! ഒരിക്കൽ വെയിലത്ത് തിളങ്ങിനിന്നിരുന്ന ഓടുകളിൽ ഇന്ന് പായൽ ചാലുകൾ. പുറമേ അടിച്ചിരുന്ന വെളുത്ത ചായം വെയിലും മഴയും ഏറ്റ് ആകെ നിറം മങ്ങിയ നിലയിലാണ്.
പഴയ ഗേറ്റിന്റെ ഓടാമ്പൽ തുറക്കുമ്പോൾ തുരുമ്പിച്ച ഇരുമ്പിന്റെ ദയനീയമായ ഞരക്കം. ഉള്ളിലേക്ക് കടന്നുവരരുത് എന്ന് കരഞ്ഞുപറയുന്നു! ചെവിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി അയാൾക്ക്.
“അമ്മിണീ, അടുക്കളപ്പുറത്ത് കൊപ്ര ഉണക്കുകയാണ്, പൂമുഖം വഴിയേ പോന്നോളൂ. എന്റെ കയ്യിൽ ആകെ തേങ്ങയുടെ അരപ്പാണ്. വാതിൽ ചാരിയിട്ടേയുള്ളൂ.”
അടുക്കളവശത്തുനിന്നും കൗസല്യ വിളിച്ചുപറഞ്ഞു.
ശ്രീധരൻ ഒരു നിമിഷം തറഞ്ഞുനിന്നുപോയി. ഏറെ പരിചിതമായിരുന്ന സ്വരം, പക്ഷേ എത്രയോ ജന്മങ്ങൾക്കപ്പുറത്തുനിന്നും കേട്ടതുപോലെ!
പാതി ചാരിയിരുന്ന വാതിൽ തുറന്ന് അയാൾ ഉള്ളിലേക്ക് കയറി.
“ഒന്നു വേഗമാവട്ടെ അമ്മിണീ. എന്താ ഇത്ര താമസിച്ചത്? ഒരുപാട് പണി കിടക്കുന്നു...”
വീണ്ടും കൗസല്യയുടെ ശബ്ദം.
നിമിഷങ്ങളോളം അയാൾ ശ്വാസമെടുക്കാൻ മറന്നു നിന്നുപോയി. ഓർമച്ചിത്രങ്ങളിൽ മായാതെ പതിഞ്ഞിരുന്ന പൂമുഖം അതേപടി തന്നെ. ഒരേയൊരു മാറ്റം. ചുവപ്പും വെള്ളയും പ്ലാസ്റ്റിക് പൂക്കൾ കോർത്ത മാല ചാർത്തി ചുവരിൽ വിമലയുടെ ചിത്രം. നോക്കി നിൽക്കുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരി അൽപം കൂടി വിടർന്നതായി തോന്നി.
മുകളിൽനിന്നും ആരോ പടികൾ ഇറങ്ങിവരുന്ന ഒച്ചകേട്ടു.
താഴേക്കിറങ്ങി വന്ന ഹരിണി അപരിചിതനെ കണ്ട് അവസാനത്തെ പടിയിൽത്തന്നെ നിന്നു.
ശ്രീധരന്റെ കണ്ണുകൾ വിടർന്നു... വിരലുകൾ പിടച്ചു...
ആരാ എന്നുള്ള ചോദ്യം തന്റെ ചുണ്ടുകളിൽനിന്നും പുറത്തേക്ക് എത്തുന്നതിനു മുമ്പുതന്നെ ഹരിണിയുടെ പുരികങ്ങൾ മുകളിലേക്ക് വളഞ്ഞു. കണ്ണുകൾ വിടർന്ന് തുറിച്ചു. ശരീരം ചെറുതായി വിറക്കുന്നുണ്ടെന്ന് തോന്നി.
അവളുടെ ഭാവമാറ്റം ശ്രീധരൻ പകപ്പോടെ നോക്കി നിന്നു.
നിമിഷങ്ങൾ വർഷങ്ങളായി നടിച്ച്, വലിഞ്ഞുനീണ്ട് അവർക്കിടയിലൂടെ സർപ്പത്തെപ്പോലെ ഇഴഞ്ഞു കടന്നുപോയി.
“മോളേ…”
ഹരിണിയുടെ അലർച്ച കേട്ടാണ് കൗസല്യ നെഞ്ചിടിപ്പോടെ അടുക്കളയിൽനിന്നും ഓടിയെത്തിയത്.
വീടിനു പുറകിൽ പറമ്പിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന നന്ദുവും രഘുനാഥനും അടുത്ത നിമിഷംതന്നെ സ്വീകരണമുറിയിലേക്ക് പാഞ്ഞെത്തി.
“മേലിൽ എന്നെ അങ്ങനെ വിളിച്ചു പോകരുത്.” പരിസരബോധം നഷ്ടപ്പെട്ട കണക്കെ ഹരിണി...
“എന്ത് ധൈര്യത്തിലാണ് നിങ്ങൾ ഇങ്ങോട്ട് കയറി വന്നിരിക്കുന്നത്? ഇനി ആരെയാണ് കൊല്ലേണ്ടത്? എന്നെയോ? അതിനാണോ വന്നിരിക്കുന്നത്? എന്റെ അമ്മയെ ഇത്രയും ക്രൂരമായി കൊന്നിട്ട്, അഞ്ചു വയസ്സുകാരിയായിരുന്ന എന്നെ ഒറ്റയ്ക്കാക്കി എന്റെ ജീവിതം നശിപ്പിച്ചിട്ട്, അമ്മ ജനിച്ചുവളർന്ന ഈ വീട്ടിൽത്തന്നെ വീണ്ടും കയറിവരാനുള്ള തൊലിക്കട്ടി! ദ്രോഹി!”
ശ്രീധരൻ പ്രതിമ കണക്കെ അനങ്ങാതെ നിന്നു.
പിന്നെയും എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് അവൾ കയ്യിലിരുന്ന കപ്പ് അയാളുടെ നേരെ വലിച്ചെറിഞ്ഞു. കപ്പ് അയാളുടെ കീഴ്ചുണ്ടിൽ തട്ടി, താഴെ വീണ് അനേകം നുറുങ്ങുകളായി ചിതറി.
കൗസല്യയും സംയമനം നഷ്ടപ്പെട്ടപോലെ ചീറിക്കൊണ്ട് അയാളുടെ അടുത്തേക്കെത്തി.
അയാളുടെ ചുണ്ടുപൊട്ടി ചോര താടിയിലേക്ക് ഊർന്നിറങ്ങിയിരുന്നു.
‘‘അവൾക്ക് പറയാനുള്ളതു കേട്ടല്ലോ. ഇനിയെന്തിനാണ് നിൽക്കുന്നത്? കടന്നുപോകൂ. മേലിൽ ഈ പടി കടന്നുവരരുത്. നിങ്ങളെ കാണാനാഗ്രഹിക്കുന്ന ഒരാളും ഇവിടെയില്ല.”
കൗസല്യയുടെ ശബ്ദം മറ്റേതോ ഗ്രഹത്തിൽനിന്നും ഉത്ഭവിക്കുന്നതായി തോന്നി.

പിന്നെയും നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി കടന്നുപോയി.
ഹരിണി വീട് കുലുങ്ങും വിധം പടികൾ ചവിട്ടിക്കയറി മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
ശ്രീധരൻ ജീവച്ഛവമായുള്ള ആ നിൽപ്പു തുടർന്നു. പിന്നെ താനെവിടെയാണ് നിൽക്കുന്നതെന്ന് ബോധമില്ലാത്തതുപോലെ പകച്ച് ചുറ്റിനും നിൽക്കുന്നവരുടെ മുഖത്തേക്ക് വീണ്ടും നോക്കി.
കൗസല്യയുടെ മുഖത്ത് ശ്രമപ്പെട്ടു വരുത്തിയ നിർവികാരത!
രഘുനാഥൻ ഒന്നും മിണ്ടിയില്ല. നോട്ടം നന്ദുവിലേക്കെത്തിയപ്പോൾ അയാളുടെ കണ്ണുകൾ അൽപനേരം അവനിലുടക്കി നിന്നു.
പിന്നെ പതിയെ പിന്തിരിഞ്ഞ് വാതിൽക്കലേക്ക് നടന്നു. നടക്കുന്നതിനിടയിൽ വേച്ചു പോകുന്നുണ്ടായിരുന്നു. വല്ലാതെ മദ്യപിച്ചു കുഴഞ്ഞെന്ന് തോന്നിക്കുന്ന നടപ്പ്!
വാതിൽക്കലെത്തി, വിറക്കുന്ന കൈകൾ നീട്ടി അയാൾ കട്ടിളകളിൽ അമർത്തിപ്പിടിച്ചു. കുറച്ചു നിമിഷങ്ങൾ വീണ്ടും അങ്ങനെതന്നെ നിന്നു. പിന്നെ കട്ടിളകളിൽനിന്നും പിടിവിടാതെ തന്നെ കാൽ വലിച്ച് പുറത്തെ പടിയിലേക്കു െവച്ചു. വാതിൽ കടക്കും മുമ്പ് ഒന്നുകൂടി തല തിരിച്ച് അയാൾ ചുവരിലുള്ള ഫോട്ടോയിലേക്ക് നോക്കി.
ഇത്തവണ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
‘‘നിൽക്കൂ.”
ശ്രീധരൻ ഗേറ്റ് കടന്ന് വീടിന്റെ വശത്തുള്ള നിരത്തിലൂടെ മുന്നോട്ടു നടക്കുമ്പോഴാണ് പിന്നിൽനിന്നും കൗസല്യ വിളിക്കുന്നത് കേട്ടത്.
അയാൾ തിരിഞ്ഞുനിന്നു.
കൗസല്യ തിടുക്കത്തിൽ അയാളുടെ അടുത്തേക്ക് നടന്നുവന്നു.
* * * *
ശ്രീധരൻ അവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ലാതെയാണ് നന്ദു ആ വീട്ടിലേക്ക് തിരിച്ചത്. ഗേറ്റ് തുറന്ന് അകത്തേക്ക് കയറി അവൻ ചുറ്റും നോക്കി. കുഞ്ഞു വെള്ളിപ്പാദസരങ്ങൾ കിലുക്കി ഒരിക്കൽ ഹരിണി ഓടി നടന്നിരുന്ന മുറ്റം!
അവൻ അകത്തേക്ക് നടന്നു. ഉമ്മറത്തേക്ക് കയറിയപാടെ അകത്തുനിന്നും ചുമ കേട്ടു. ചുമയെന്നു പറഞ്ഞുകൂടാ. ഏറെപ്പഴകിയ കഫത്തിനെതിരേ ശ്വാസകോശം നടത്തുന്ന ദുർബലമായ പ്രതിരോധം മാത്രമായിരുന്നു അത്.
നന്ദു ഉള്ളിലേക്ക് കയറി, ചുമ കേട്ട മുറിയിലേക്ക് നടന്നു.
അയാൾ കട്ടിലിൽ കിടപ്പാണ്. ഒരാഴ്ചകൊണ്ട് താടിയും മുടിയും വളർന്ന് പ്രാകൃത രൂപമായിരിക്കുന്നു. ദിവസങ്ങൾക്കു മുമ്പ് കത്തിനിന്നിരുന്ന ജീവിതപ്രതീക്ഷകളുടെ ശവപ്പറമ്പായി മാറിയ കണ്ണുകൾ ആയാസപ്പെട്ടുയർത്തി അയാൾ തല തിരിച്ചു നോക്കി. നന്ദുവിനെ കണ്ട് അയാൾ പതിയെ കട്ടിലിൽ നിവർന്നിരുന്നു.
എന്തു പറഞ്ഞു സംസാരിച്ചു തുടങ്ങണം എന്ന് തിട്ടമില്ലാതെയാണ് താൻ ഇറങ്ങിപ്പുറപ്പെട്ടത് എന്ന് നന്ദുവിന് മനസ്സിലായി. പറയാൻ തുടങ്ങിയതൊക്കെയും തൊണ്ടയിൽ എവിടെയോ തടഞ്ഞുനിൽക്കുന്നതുപോലെ.
‘‘മോൻ നന്ദുവല്ലേ, രേവതിയുടെ മകൻ? വിമലയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു നിന്റെ അമ്മ. കുട്ടിക്കാലത്ത് മോനെ കണ്ട ഓർമയുണ്ട്.”
നന്ദു സംസാരിക്കും മുമ്പേ ശ്രീധരൻ പറഞ്ഞു തുടങ്ങി.
‘‘മോനും ഹരിണിയും കുട്ടിക്കാലത്ത് കളിക്കൂട്ടുകാരായിരുന്നല്ലോ...” ശ്രീധരന് സംസാരിക്കുമ്പോൾ ശ്വാസതടസ്സം ഉണ്ടെന്നു തോന്നി.” എന്നെ മോനത്ര കണ്ടിട്ടുണ്ടാവില്ല! വിമലയ്ക്ക് ഞാൻ ആരോടും അങ്ങനെ സംസാരിക്കുന്നത് ഇഷ്ടമായിരുന്നില്ല.”
“അതേ, അമ്മ പറഞ്ഞിട്ടുണ്ട്.” നന്ദു തല കുലുക്കി സമ്മതിച്ചു. ഒന്ന് മടിച്ച് അവൻ തുടർന്നു.
“വിഷമിക്കരുതെന്ന് പറയാനാണ് ഞാൻ വന്നത്.”
ശ്രീധരന്റെ മുഖത്ത് പുച്ഛം കലർന്ന ചിരി വിടർന്നു.
“എനിക്കെന്തു വിഷമം? ഇനി എത്ര കാലം വിഷമിക്കാനാണ്? അതൊന്നും സാരമില്ല.”
“എന്റെയും ഹരിണിയുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.”
ശ്രീധരൻ കണ്ണുകൾ താഴ്ത്തി കാൽപാദങ്ങളിലേക്ക് നോട്ടം തിരിച്ചു.
‘‘അതെയോ? നന്നായി. എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.”
ഒരു നിമിഷം അയാൾ മൗനമായി തലകുനിച്ചിരുന്നു. പിന്നീട് ഒന്നു മുരടനക്കി പറയാനാഞ്ഞു.
‘‘അവളെപ്പറ്റി…’’ അയാൾ ശ്വാസം കിട്ടാത്തതുപോലെ നിർത്തി.
‘‘അറിയാം.” നന്ദു പെട്ടെന്ന് പറഞ്ഞു. ‘‘ഒക്കെ അറിഞ്ഞിട്ടാണ്…”
ഇത്തവണ നനഞ്ഞ കണ്ണുകൾ ഉയർത്തി ശ്രീധരൻ ആ യുവാവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകളിൽ നേരത്തേ കണ്ട പ്രകാശത്തിന്റെ ചെറുതിരികൾ! നന്ദിയോ വാത്സല്യമോ അമ്പരപ്പോ എല്ലാം കലർന്ന നോട്ടം.
വീണ്ടും തലകുനിച്ച് അയാൾ കാൽവിരലുകളിലേക്ക് നോട്ടം തിരിച്ചു.
കാലം തീർത്ത അതിരിനപ്പുറത്തും ഇപ്പുറത്തും നിന്ന് പരസ്പരം നോക്കുന്ന പ്രതിച്ഛായകൾപോലെ രണ്ടുപേർക്ക് വാക്കുകളുടെ ആവശ്യമില്ലാത്തതുകൊണ്ടാവും പിന്നീട് നന്ദു യാത്ര ചോദിച്ച് ഇറങ്ങും വരെ രണ്ടാളും ഒന്നും സംസാരിച്ചില്ല.
* * * *
അച്ഛന്റെ മുഖത്തുനോക്കി പറയാനുള്ളതൊക്കെയും പറഞ്ഞു തീർത്തു മുകളിലെ തന്റെ മുറിയിൽ എത്തിയശേഷം ഹരിണി കട്ടിലിലേക്ക് വീഴുകയായിരുന്നു. ഇത്രയും രൂക്ഷമായി ആരോടും സംസാരിച്ചിട്ടില്ല. പക്ഷേ ആദ്യമായി പറഞ്ഞത് കുറഞ്ഞുപോയി എന്നൊരു തോന്നൽ.
അപ്പൂപ്പനും നന്ദുവും അവൾക്ക് പിന്നാലെ മുറിയിലേക്ക് കയറിവന്നു. ഹരിണി കമിഴ്ന്നു കിടക്കുന്ന നിലയിൽനിന്നും തിരിഞ്ഞതേയില്ല. അവളോട് എന്ത് സംസാരിക്കണം എന്നറിയാഞ്ഞിട്ടാവണം ഏതാനും നിമിഷങ്ങൾ നിന്നശേഷം അവർ പതിയെ താഴേക്കിറങ്ങിപ്പോയി.
* * * *
കാലങ്ങളായി നെഞ്ചിൽ പെറുക്കിക്കൂട്ടിെവച്ചിരുന്ന ശാപവാക്കുകൾ കൃത്യമായി പറഞ്ഞു തീർക്കാനാവാത്തതിന്റെ ശ്വാസം മുട്ടലോടെയാണ് ഹരിണി വീണ്ടും എഴുന്നേറ്റു കതക് തുറന്നത്.
“ചോദിക്കണം. എന്ത് തെറ്റ് ചെയ്തിട്ടാണ് അമ്മയോട് ഇങ്ങനെ ചെയ്തതെന്ന്. എത്ര സ്വാർഥനായിട്ടാണ് അഞ്ച് വയസ്സുള്ള കുഞ്ഞിൽനിന്നും അമ്മയെ പറിച്ചെടുത്തതെന്ന്. ഒടുവിൽ ഇങ്ങോട്ട് മടങ്ങിവന്നാൽ സ്വീകരിക്കപ്പെടുമെന്ന് കരുതാനുള്ള ധൈര്യം എങ്ങനെയുണ്ടായെന്ന്.’’
അമ്മയുടെ സ്നേഹമറിയാതെ ജീവിച്ചുതീർത്ത ബാല്യകാലത്തിലെ വേദനകൾ ശാപമായി അയാളുടെ നെറുകയിലേക്ക് വർഷിക്കണം എന്ന് മനസ്സിൽ കരുതിയ എത്രയോ രാത്രികൾ അവളുടെ ഓർമയിൽ കൂടി കടന്നുപോയി. എന്നിട്ടും നേരിട്ട് കണ്ടപ്പോൾ അതൊന്നും പറഞ്ഞു തീർക്കാനായില്ല. അത്രയും നേരം ആ മുഖം കണ്ടുനിൽക്കാനാവുന്നില്ല. വെറുപ്പും അമർഷവുംകൊണ്ട് അവളുടെ വായിൽ കയ്പുനീര് കിനിഞ്ഞു. അനേകം കൂർത്ത മുള്ളുകളുള്ള വാക്കുകൾ ഹൃദയത്തിനുള്ളിൽനിന്ന് പുറത്ത് കടക്കാനാവാതെ ഞെങ്ങി ഞെരുങ്ങി അവളെ കുത്തി നോവിച്ചുകൊണ്ടിരുന്നു.
വീണ്ടും പടികൾ ഇറങ്ങിവരുമ്പോഴാണ് മതിലിന്റെ വളവ് കഴിഞ്ഞ് വേച്ച് ഇടറി നടന്നുപോകുന്ന ശ്രീധരനെ കാണുന്നത്. തൊട്ടുപിന്നാലെ അമ്മൂമ്മ അയാളെ പിറകിൽനിന്നും വിളിക്കുന്നതു കണ്ടു!
രക്തം കൊടുങ്കാറ്റിൽപെട്ട തിരമാലകളായി... പനിക്കുന്നതുപോലെ.. ചെവികൾ ചൂടായിരിക്കുന്നു.
കൗസല്യ എന്തോ പറയുന്നുണ്ട്.
ശ്രീധരൻ പുറംതിരിഞ്ഞാണ് നിൽക്കുന്നത്. ഒരക്ഷരംപോലും സംസാരിക്കാതെ അയാൾ എല്ലാം നിന്ന് കേൾക്കുകയാണ്.
ഹരിണി പതുക്കെ മുകളിലെ കിടപ്പുമുറിയിലേക്ക് മടങ്ങി. കുടഞ്ഞിടാനാവാത്ത ശാപവാക്കുകൾ തൊണ്ടയിൽ കാളകൂടമായി തങ്ങിനിന്നു!
അയാളോട് സംസാരിക്കാൻ പോയിരിക്കുന്നു! എന്തിന്?
കൈയിൽ കിട്ടിയ തലയണയെടുത്ത് അവൾ ചുവരിലേക്ക് ആഞ്ഞെറിഞ്ഞു.
* * * *
‘‘താനിന്ന് അൽപം കൂടിപ്പോയി എന്ന് തോന്നിയിരുന്നു.”
രാത്രി കിടക്കയിൽെവച്ചാണ് രഘുനാഥൻ കൗസല്യയോട് തുറന്നുപറഞ്ഞത്.
ഏങ്ങലടിച്ചുള്ള കരച്ചിലായിരുന്നു മറുപടി.
രഘുനാഥന് അതിശയം തോന്നിയില്ല. ആശ്വസിപ്പിക്കാനും വാക്കുകൾ ഉണ്ടായിരുന്നില്ല.
“മോൾ ഒരിക്കലും അറിയരുത്… ഒരിക്കലും… അവൾക്കത് താങ്ങാനാവില്ല...”
വിമല അവസാനം പറഞ്ഞ വാക്കുകൾ.
“മരണമൊഴിയെടുത്ത് പുറത്തേക്കുവന്ന പോലീസുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുത്തൊന്നും പറയാതെ തലകുനിച്ചു ശ്രീധരൻ നിന്ന നിൽപ്പ്...” കൗസല്യയുടെ ഒച്ച ചിലമ്പിച്ചു.
“മരണമൊഴി…” രഘുനാഥന്റെ കണ്ണുകൾ പിടച്ചു. “മരണമൊഴി...’’
“ഡോക്ടർ ചാക്കോ തോമസ് തന്നെയല്ലേ കുട്ടിയോട് സത്യം തുറന്നുപറയണ്ടെന്ന് നിർദേശിച്ചത്? വിമലയെ ചികിത്സിയ്ക്കുമ്പോഴേ കുട്ടിക്കും അതേ രോഗമുണ്ടാകാനുള്ള സാധ്യത അദ്ദേഹം ഉറപ്പിച്ചിരുന്നു! ഞാനെന്താണ് ചെയ്യേണ്ടിയിരുന്നത്?”
കൗസല്യയുടെ ദയനീയമായ ചോദ്യത്തിന് അയാൾ പെട്ടെന്ന് മറുപടി പറഞ്ഞില്ല.
“സ്വയം ചെയ്തതാണെന്ന് പറയാമായിരുന്നില്ലേ?” ശ്വാസംപോലെ നേർത്തതായിരുന്നിട്ടും നിമിഷങ്ങൾക്കു ശേഷമുള്ള അയാളുടെ ചോദ്യം കൗസല്യ കേൾക്കാതിരുന്നില്ല.
വർഷങ്ങളോളം അനേകമനേകം തവണ സ്വയം ചോദിച്ച ചോദ്യം. പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാൻ ഏക മകൾ വാശിപിടിച്ചപ്പോൾ സമ്മതിച്ചുപോയിട്ടും അവനോട് ബാക്കിനിന്ന വെറുപ്പാണോ കാരണം? അതോ അത്രയും സ്വാർഥമായി തന്റെ പിഞ്ചുകുഞ്ഞിനെ ബാക്കിയാക്കി ഈ ലോകം വിട്ടുപോകാൻ മകൾ തീരുമാനിച്ചെന്ന് ലോകത്തോടും, അതിലുമുപരി അവളോടും നുണ പറയാനുള്ള വൈമനസ്യമോ? അറിയില്ല!
മുഖം പൊത്തി കൗസല്യ പൊട്ടിക്കരഞ്ഞു.
സ്വന്തം വേദന മാത്രമല്ല കൗസല്യ കരഞ്ഞുതീർക്കുന്നത് എന്നയാൾക്ക് വ്യക്തമായിരുന്നു. ചിലപ്പോഴെങ്കിലും സ്വന്തം കണ്ണുനീരിന്റെ പാപനാശിനിയിലിറങ്ങി മുങ്ങിത്തുവർത്താതെ ചില പാപങ്ങൾ അവസാനിക്കുകയില്ലല്ലോ.
അൽപനേരത്തിനു ശേഷം കൗസല്യയുടെ ഏങ്ങലടികൾ നിലച്ചു.
പക്ഷേ, രണ്ടാളും ഉറങ്ങിയിട്ടില്ലെന്ന് പരസ്പരം പറയാതെതന്നെ അവർ തിരിച്ചറിഞ്ഞു. നേരം വെളുക്കുവോളം കണ്ണടച്ച് എന്നാൽ ഉറങ്ങാതെ നീറുന്ന നെഞ്ചുമായി രണ്ടാളും അങ്ങനെതന്നെ കിടന്നു.

എം. കുഞ്ഞാപ്പ
* * * *
മുറ്റത്തെ മൂവാണ്ടൻമാവിന്റെ മുകളിലേക്ക് ചിലച്ചുകൊണ്ട് കയറിപ്പോയ അണ്ണാറക്കണ്ണനെ താഴെ നിന്ന് പാട്ടുപാടി മടക്കി വിളിക്കുകയായിരുന്നു കുട്ടി.
‘‘അണ്ണാറക്കണ്ണാ പൂവാലാ…” പാടൂ… അമ്മ വരികൾ പറഞ്ഞു കൊടുത്തുകൊണ്ട് കൈകൾ തട്ടി കുട്ടിയുടെ ആവേശം കൂട്ടിക്കൊണ്ടിരുന്നു.
‘‘നന്നാക്കന്നാ ബൂബായാ…’’ അമ്മേ അനുകരിച്ച് രണ്ട് കൈയും തട്ടി ഇരുവശത്തേക്കും ആടിക്കൊണ്ട് കുട്ടി അണ്ണാറക്കണ്ണനെ നീട്ടിവിളിച്ചു.
ജോലികഴിഞ്ഞ് മടങ്ങിയെത്തിയ അച്ഛൻ പിറകിൽനിന്നും കുട്ടിയെ വാരിയെടുത്തു.
“ഇന്നെന്താ ഇത്ര വൈകിയത്?”
“പുതിയ എഞ്ചിനീയർ വന്നു. അയാളെ മൊത്തം ഒന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട ചാർജ് എന്റെ മണ്ടയ്ക്കായിരുന്നു.”
അമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് അച്ഛൻ കുട്ടിയുമായി വീടിനകത്തേക്ക് കയറി.
‘‘നന്നാക്കന്നാ ബൂബായാ…’’ കുട്ടി പാടിക്കൊണ്ടിരുന്നു.
‘‘അപ്പോൾ ഇന്ന് രാവിലെ പോകുമ്പോൾ അറിയാമായിരുന്നു, തിരിച്ചെത്താൻ താമസിക്കുമെന്ന്. അല്ലേ?” അയാളുടെ പുറകെ വീടിനുള്ളിലേക്ക് കയറുമ്പോൾ അമ്മ ചോദിച്ചു.
“ഇല്ല, ചാർജെടുക്കുന്ന കൃത്യമായ ദിവസം അറിയാമായിരുന്നില്ല. അടുത്തയാഴ്ച വന്നേക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്.”
“ഉം.” ഒന്നമർത്തി മൂളിയിട്ട് അമ്മ അടുക്കളയിലേക്ക് കയറി.
‘‘നീ മരുന്ന് കഴിക്കാൻ മറന്നോ?” അതിന് മറുപടിയുണ്ടായില്ല.
“ഇന്നിനി ഇതാണോ പ്രശ്നം? കുഴപ്പമാകുമോടാ കണ്ണാ?” മകളുടെ ചെവിയിൽ അച്ഛൻ മന്ത്രിച്ചു.
ഒന്നും മനസ്സിലായില്ല കുട്ടിക്ക്.
അവൾ ചുണ്ടുകൾ അയാളുടെ ചെവിയോട് അടുപ്പിച്ച് പാടി.
“ബൂബായാ…”
അച്ഛൻ ആ കുഞ്ഞുകവിൾ ചേർത്തുപിടിച്ച് അമർത്തി ഉമ്മെവച്ചു.
വേഗത്തിൽ മറിഞ്ഞ ദിനരാത്രങ്ങളുടെ താളുകൾക്കിടയിൽ കൂടിക്കലർന്ന നിറങ്ങൾ…
“പറ എനിക്കറിയണം. ആരാ അവൾ?”
ഭ്രാന്ത് പിടിച്ചതുപോലെ ഒച്ചവെക്കുന്ന അമ്മ.
“ഉച്ചമയക്കത്തിലൊന്നു കണ്ടുപോയ സ്വപ്നത്തിനാണോ നീ ഇങ്ങനെ?”
നിസ്സഹായതയോടെയുള്ള അച്ഛന്റെ ചോദ്യം കേട്ട് അമ്മ ചീറി.
“സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളാണെന്ന് ആരുപറഞ്ഞു? ആരും പറയാതെ മനസ്സ് തിരിച്ചറിയുന്ന സത്യങ്ങളാണവ.”
‘‘മരുന്ന് മുടങ്ങാതെ കഴിക്കാൻ ഞാൻ നിന്നോട് എത്ര തവണ പറഞ്ഞു?”
അച്ഛൻ ഏതാണ്ട് കരയാറായെന്ന് തോന്നി കുട്ടിക്ക്.
പെട്ടെന്ന് അമ്മയുടെ ഭാവം മാറി.
“അതിന് എനിക്കിപ്പോ കുഴപ്പമൊന്നുമില്ല. അങ്ങനെയൊരു സ്വപ്നം കണ്ടു പോയതുകൊണ്ടല്ലേ?” ചെറിയ കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ട് ഒന്നും സംഭവിക്കാത്തതുപോലെ അമ്മ തിരിഞ്ഞുനടന്നു.
ആ നടത്തം നോക്കി കുഴഞ്ഞുനിൽക്കുന്ന അച്ഛൻ.
കറുത്ത നിറത്തിലെ സമയത്തിന്റെ സഞ്ചാരം അതിവേഗത്തിൽ... ഇടവേളകൾ കൂടുന്നു…
ശരീരമാസകലം മണ്ണെണ്ണ തളിച്ച് അച്ഛന് മുന്നിൽനിന്ന് അലറുകയാണ് അമ്മ,
“അരുത്... അരുത്... ഞാൻ ജോലി രാജിവച്ച് വീട്ടിലിരുന്നോളാം.’’
അച്ഛന്റെ കണ്ണുകൾ നിറഞ്ഞുതൂവുന്നുണ്ട്. കൈകൾ കൂപ്പി കെഞ്ചുന്നു…
കുട്ടി കളിച്ചുകൊണ്ടിരിക്കുകയാണ്.
അമ്മയുടെ നനഞ്ഞ സാരിത്തുമ്പ് കൈയിലെടുത്തു: ചുവപ്പും നീലയും നിറങ്ങൾ. മുനിഞ്ഞു കത്തുന്ന സന്ധ്യാദീപത്തിലെ തിരിയുടെ ചുവപ്പല്ല അമ്മയുടെ സാരിയുടെ ചുവപ്പ്.
രണ്ട് ചുവപ്പുകൾ, ഒന്നിലേക്ക് ഒന്നു ചേർത്താൽ…
ആളിക്കത്തുന്ന തീയ്... കുഞ്ഞു കൈപ്പടങ്ങളിൽ നീറ്റൽ... നിലവിളികൾ.
അമ്മ അപ്പാടെ നിലവിളക്കിലെ തീയുടെ ചുവപ്പിൽ.
പൊള്ളേറ്റ കൈയുടെ നീറ്റൽ...
കരഞ്ഞുകൊണ്ട് കുട്ടി പിറുപിറുത്തു. ‘‘ദീപം… ദീപം…”
കറുപ്പിലേക്ക് പടരുന്ന ചുവപ്പ്...
മനുഷ്യമാംസം കത്തുന്ന ഗന്ധം.
അലറിവിളിച്ചുകൊണ്ടാണ് ഹരിണി ഉണർന്നത്.
മുന്നിൽ കൗസല്യയുടെ മുഖം.
ഹരിണി മൂക്ക് വിടർത്തി ചുറ്റും മണം പിടിച്ചു.
“കുട്ടി പേടിസ്വപ്നം കണ്ടു. പേടിക്കണ്ട, അമ്മൂമ്മ ഇവിടെത്തന്നെയുണ്ട്.”
ഹരിണി അതിശയത്തോടെ കൗസല്യയെ നോക്കി.
‘‘ഓർമയില്ലല്ലോ…”
* * * *
കൗസല്യ പുറത്തേക്കിറങ്ങുമ്പോൾ നന്ദു വാതിലിന് പുറത്ത് നിൽക്കുന്നത് കണ്ടു.
“നെമോ മോറിറ്റുറസ് പ്രസുമീറ്റർ മെന്റയർ.”
കൗസല്യ പുരികമുയർത്തി.
“ഒരാൾ മരിക്കുമ്പോൾ അവസാനം പറയുന്ന വാക്കുകൾ സത്യമാണ് എന്നാണ് നിയമവ്യവസ്ഥ. അതിന്റെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്. അങ്ങനെ പറഞ്ഞുകൊള്ളാൻ അച്ഛൻ തന്നെയാണ് പറഞ്ഞുകൊടുത്തത്.” നന്ദു നിലത്തേക്ക് ദൃഷ്ടികൾ ഊന്നിക്കൊണ്ടാണ് പറഞ്ഞത്.
“ജീവിക്കാനുള്ള ആഗ്രഹംതന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കാം അച്ഛനുമന്ന്...”
അപ്പോഴും അവർ മറുപടി പറഞ്ഞില്ല.
“അമ്മയുടെ അസുഖം തന്നെയാണ് ഹരിണിക്കും എന്ന് അമ്മൂമ്മ പറയുംവരെ അറിയില്ലായിരുന്നത്രേ. അങ്ങനെയെങ്കിൽ ഒരിക്കലും അവൾ സത്യം അറിയേണ്ടതില്ല എന്നുതന്നെ പറഞ്ഞു. ഇനിയൊരിക്കലും അവളെ കാണാൻ ശ്രമിക്കില്ലെന്നും…”
ഒന്നു നിർത്തി, ദീർഘമായ ഒരു ശ്വാസമെടുത്ത് മുഖം കുനിച്ചുകൊണ്ട് അവൻ തുടർന്നു.
“അന്ന് തീരെ ചെറുപ്പമായിരുന്നതുകൊണ്ട് ആ ഓർമകൾ റിപ്രസ് ചെയ്യാൻ അവൾക്കു സാധിക്കുന്നുണ്ട് എന്നാണ് ഡോക്ടറും പറഞ്ഞത്, എന്നാൽ... ജീവിതം മുഴുവനും അങ്ങനെ ആയിക്കൊള്ളണമെന്ന് അതിനർഥമില്ല എന്നും പറഞ്ഞു.”
ഒരു ഞെട്ടലിന്റെ പ്രകമ്പനം തന്നെ വലയം ചെയ്തപ്പോൾ അവൻ മുഖമുയർത്തി നോക്കി... ആ വൃദ്ധയുടെ മെല്ലിച്ച ശരീരം വിറച്ചുവിറച്ച് കോണിപ്പടികൾ ഇറങ്ങിത്തുടങ്ങിയിരുന്നു. കൊടുങ്കാറ്റിൽ ആടിയുലയുന്ന കൊച്ചു കടലാസുതോണി ഓർമിപ്പിക്കുന്ന ആ ചെറിയ ശരീരം കണ്ണിൽനിന്നും മറയുംവരെ അവൻ നോക്കിനിന്നു. പിന്നീട് ഹരിണിയുടെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
