നാട് ഓടുമ്പോൾ

ജീവൻ ഇല്ലാത്ത ജീവികൾ ഉണ്ടായിത്തുടങ്ങിയത് അയാൾ സർവകലാശാലയിൽ പഠിക്കാൻ ചേർന്ന കൊല്ലത്തിൽ ആയിരുന്നു. അന്നേ അത് വലിയ അത്ഭുതമായി. ആ തുടക്കം താൻ ഉൾപ്പെടെയുള്ള മനുഷ്യരെ ഇത്രവേഗം ഇത്ര വലിയ ഏടാകൂടത്തിൽ എത്തിക്കും എന്ന് അന്ന് തീരെ ഓർത്തില്ല. ആദ്യം വന്നത് നഗരത്തിലെ വലിയ എയർപോർട്ടിൽ സേവകവേഷത്തിലാണ്. സുന്ദരിയായ ഒരു സ്ത്രീ. ‘എനിക്ക് നിങ്ങളെ സഹായിക്കാൻ അവസരം തരുമോ?’ എന്ന് മാറത്ത് എഴുതിവെച്ചിരിക്കുന്ന അവരെ യാത്രക്കാർ പലതരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു....
Your Subscription Supports Independent Journalism
View Plansജീവൻ ഇല്ലാത്ത ജീവികൾ ഉണ്ടായിത്തുടങ്ങിയത് അയാൾ സർവകലാശാലയിൽ പഠിക്കാൻ ചേർന്ന കൊല്ലത്തിൽ ആയിരുന്നു. അന്നേ അത് വലിയ അത്ഭുതമായി. ആ തുടക്കം താൻ ഉൾപ്പെടെയുള്ള മനുഷ്യരെ ഇത്രവേഗം ഇത്ര വലിയ ഏടാകൂടത്തിൽ എത്തിക്കും എന്ന് അന്ന് തീരെ ഓർത്തില്ല. ആദ്യം വന്നത് നഗരത്തിലെ വലിയ എയർപോർട്ടിൽ സേവകവേഷത്തിലാണ്. സുന്ദരിയായ ഒരു സ്ത്രീ. ‘എനിക്ക് നിങ്ങളെ സഹായിക്കാൻ അവസരം തരുമോ?’ എന്ന് മാറത്ത് എഴുതിവെച്ചിരിക്കുന്ന അവരെ യാത്രക്കാർ പലതരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഒരു അമ്മക്ക് വേണ്ടത് താൻ കുളിമുറിയിൽ പോയിവരുന്നതുവരെ കൈക്കുഞ്ഞിനെ ഒരാളെ ഏൽപിക്കണം. വേറൊരാൾക്ക് തനിക്ക് പോകാനുള്ള ഗേറ്റിലേക്ക് വഴി അറിയണം. ഇനിയും ഒരാൾക്ക് മെൽബണിൽനിന്ന് മാഞ്ചസ്റ്ററിലേക്കുള്ള എളുപ്പയാത്രക്ക് വഴി അറിയണം. ആരോടും അവർ ചോദ്യകർത്താവിന്റെ അതേ ഭാഷയിൽ മറുപടി പറയുന്നു.
24 മണിക്കൂറും ജോലിചെയ്യും. വിശ്രമം വേണ്ട. ഭക്ഷണവും ഉറക്കവും വൈദ്യസഹായവും ആവശ്യമില്ല. വേണ്ടത് കറണ്ട് മാത്രം. ചാർജ് തീരാറായാൽ അതിനുള്ള സ്ഥലത്തുപോയി സ്വയം പ്ലഗ് ചെയ്യും. മതിയാവോളം ആയാൽ സ്വയം വേർപെടുത്തി പോരും. ഡോക്ടർമാർ, നഴ്സുമാർ, സെയിൽസ് ഗേളുകൾ, ടൂറിസ്റ്റ് ഗൈഡുകൾ തുടങ്ങിയവർ പിന്നാലെ വന്നു. ഏത് യന്ത്രം ഓടിക്കാനും, ആൾരൂപത്തിലോ അല്ലാതെയോ ഉള്ള യന്ത്ര ഉപാധികൾ ഉണ്ടായി. മാനുഷികമായ ഒരു തെറ്റും ഇവക്ക് പറ്റില്ല എന്ന ഗുണവും ആശാസ്യം. അധ്യാപകരും പൊലീസുകാരും കൂടി രംഗത്ത് എത്തിയപ്പോൾ ആളുകൾ ഈ വഴിക്കുള്ള പുരോഗതിയെ ആശങ്കയോടെ കാണാൻ തുടങ്ങി. അത്രയധികം പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. വരുമാനമില്ലാതെ ഈ ലോകത്ത് എങ്ങനെ ജീവിക്കാൻ!
മനുഷ്യശരീരത്തിലെ ഏത് അവയവവും കൃത്രിമമായി ഉണ്ടാക്കി മാറ്റിവെക്കാൻ കഴിഞ്ഞുവെങ്കിലും കൃത്രിമ ഗർഭപാത്രങ്ങൾ വാടകക്ക് കിട്ടും എന്നായപ്പോൾ പുരികങ്ങൾ ആശങ്കയോടെ ചുളിഞ്ഞു. പുതിയ നേട്ടംകൊണ്ട് വലിയ സൗകര്യങ്ങളാണ് കൈവന്നിരുന്നത്. രോഗനിർണയവും ചികിത്സയും കുറ്റമറ്റതായി, പ്രാണവായുപോലും കിട്ടാത്ത ബഹിരാകാശത്തും മറ്റ് അപകടകരങ്ങളായ പരിസ്ഥിതികളിലും ജോലികൾ നടത്താൻ എളുപ്പമായി.
പക്ഷേ, അമ്മ പെറ്റുണ്ടാകാവുന്ന ആളുകളെക്കാൾ ഏറെ സൗന്ദര്യവും വശ്യതയുമുള്ള ഇണകളെ മനുഷ്യർക്കുവേണ്ടി നിർമിക്കാം എന്നുവന്നതോടെയാണ് സമൂഹം എന്ന പേര് ഇല്ലാതാകാൻ തുടങ്ങിയത്. സർവകലാശാലയിൽ അയാളുടെ പഠിത്തം തീരുന്നതിനു മുമ്പേതന്നെ ഇത്രയുമൊക്കെ സംഭവിച്ചുകഴിഞ്ഞിരുന്നു. എന്നുവെച്ചാൽ ആദ്യത്തെ യന്ത്രമനുഷ്യനിൽനിന്ന് ഈ അവസ്ഥയിലേക്ക് ആകെ വേണ്ടിവന്നത് ഏഴു കൊല്ലം! സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങൾ മുന്നേറിയതോടെ എല്ലാ ജോലികളും ചെയ്യുന്ന പങ്കാളി എന്ന സ്ഥാനം സ്വപ്നത്തിലേ ഉള്ളൂ എന്ന സ്ഥിതി നേരത്തേതന്നെ ആയിരുന്നു. പക്ഷേ, കൃത്രിമബുദ്ധിയന്ത്രങ്ങൾ ഇത്രത്തോളം എത്തിയതോടെ പുരുഷനും സ്ത്രീക്കും തന്റെ ഇണയെ തനിക്ക് തീർത്തും ഇഷ്ടപ്പെടുന്ന രീതിയിൽ കൃത്രിമമായി നിർമിച്ചുവാങ്ങാൻ പറ്റും എന്നായി. പരാതികളും പരിദേവനങ്ങളും കുടുംബ കലഹങ്ങളും വേർപാടുകളും നാടുനീങ്ങി.
മത്സരത്തിന് അപ്പോഴും ധാരാളം വകയുണ്ടായിരുന്നു. കാർ ആയാലും കിടപ്പറപങ്കാളി ആയാലും ശതകോടികൾ വരെ വിലയുള്ള അപൂർവ ഉരുപ്പടികൾ ഉണ്ട് എന്നുവന്നു. സമൂഹശാസ്ത്രവും തത്ത്വവിചാരവും നീതിന്യായവും ഒക്കെയാണ് അയാൾ സർവകലാശാലയിൽ പഠിച്ചത്. ചുരുക്കത്തിൽ, ആ പഠിത്തം തീരുന്നതിനു മുമ്പുതന്നെ അയാൾ പഠിച്ചതത്രയും അപ്രസക്തമായി! സർവകലാശാലയിൽവെച്ച് കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെ അയാൾക്ക് ഇഷ്ടമായിരുന്നു. ആ പെൺകുട്ടി അതേ സർവകലാശാലയിൽ പഠിച്ചത് കൃത്രിമബുദ്ധി യന്ത്രങ്ങൾക്ക് പിടിപെടാവുന്ന വൈറൽ രോഗങ്ങൾക്കുള്ള ചികിത്സയാണ്. അതിനാൽ വളരെ വരുമാനമുള്ള ഉദ്യോഗം പെട്ടെന്നുതന്നെ കിട്ടി. ഈ ലെനിൻതാടിക്കാരനേക്കാൾ എല്ലാംകൊണ്ടും സ്വീകാര്യനായ യന്ത്രസഹായിയെ വാങ്ങി ജീവിതം ആസ്വദിക്കാം എന്ന് വന്നതോടെ... അവർ തമ്മിൽ കാണുന്നത് വിരളമായി. കണ്ടാലും ഒന്നും സംസാരിക്കാൻപോലും ഇല്ലാതെ വന്നു. വേറെ എന്തെങ്കിലും പഠിക്കാം എന്നുവെച്ചാൽ അതിന് സാമ്പത്തിക സഹായം വേണമല്ലോ. ഒരിടത്തും ഒരു ഒഴിഞ്ഞ ജോലിയും ബാക്കിയില്ല. ഇനി എങ്ങനെയെങ്കിലും കുറച്ചു പണം ഉണ്ടാക്കാം എന്ന് വെച്ചാലും എന്തു പഠിക്കണം എന്ന് അറിയില്ല.
ഏറെ പ്രതീക്ഷയോടെ താൻ സ്കോളർഷിപ്പുമായി കടന്നുവന്ന് കുടിയേറിയ വിദേശ സർവകലാശാലയോട് വിടപറയുന്ന ദിവസം അയാൾ തന്റെ പരിചയക്കാരിയുമായി കണ്ടുമുട്ടി. സർവകലാശാലയിൽനിന്ന് അവസാനമായി കിട്ടിയ കുറച്ചു പണം കൊണ്ട് നാട്ടിലേക്ക് പോകാനാണ് അയാൾ തീരുമാനിച്ചത്. ഈ നാട്ടിൽ താൻ ഇപ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ ‘കുപ്പത്തൊട്ടിജന’ങ്ങളിൽ ഒരാൾ മാത്രമായി പോയല്ലോ. കാമുകിയുമായി എന്നെന്നേക്കുമായി പിരിഞ്ഞുപോകുന്നതിൽ തനിക്കിപ്പോൾ ഒരു സങ്കടവുമില്ല എന്ന് അയാൾ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. അവളിൽ സങ്കടമൊന്നും കാണാത്തത് കൊണ്ടാകാം എന്ന് അയാൾ ഊഹിക്കുകയും ചെയ്തു. അവൾക്കുവേണ്ടി ‘എല്ലാം’ ചെയ്യുന്ന ‘ഒരാ’ളെ ഏതാണ്ടൊരു കൊല്ലം മുമ്പ് അവൾ ഇൻസ്റ്റാൾമെന്റിൽ വാങ്ങിയിരുന്നു എന്ന് അയാൾക്കറിയാം. ഒരു നടപ്പാതയിൽ വെച്ച് അവിചാരിതമായി സംഭവിച്ചതായിരുന്നു ഇപ്പോഴത്തെ കണ്ടുമുട്ടൽ. യാന്ത്രിക ഇണകളുടെ പ്രധാനമായ ഗുണം ഒരു എതിരാളിയുണ്ടെന്ന വിചാരമേ അവക്കില്ല എന്നതാണ്. ഒരു സ്റ്റണ്ടും പ്രതീക്ഷിക്കേണ്ട!

രഘു
‘പുനർവിൽപനമൂല്യം’ ഒട്ടുമില്ല എന്നതാണ് യാന്ത്രിക ഇണകളുടെ പ്രധാന ദോഷം. എത്ര തേഞ്ഞ ചെരുപ്പ് ആയാലും നനഞ്ഞു കിട്ടിയാൽ ഒരു പട്ടി എങ്കിലും അതിന് മൂല്യം കണ്ടു എന്നുവരാം. (വിശന്ന നായ നനഞ്ഞ തോലും എന്നുണ്ടല്ലോ.)
ഈ അവബോധം ആ നിമിഷത്തിൽ അയാളെ ഒരു പുതിയ ആശയത്തിലേക്ക് നയിച്ചു. കെട്ടും മട്ടും നിക്ഷിപ്ത സോഫ്റ്റ്വെയറും മാറ്റിയാൽ ഈ പാഴിനങ്ങളെ പുതിയ ആവശ്യക്കാർക്കുവേണ്ടി പ്രത്യേകം നിർമിച്ച ഉരുപ്പടികൾ ആക്കാം! ഇതിനൊപ്പം വന്നു മറ്റൊരു ആശയം കൂടി: വാത്സ്യായന മഹർഷിയുടെ മുറകൾ ഡിജിറ്റലൈസ് ചെയ്ത് ഇൻസ്റ്റലേഷൻ നടത്തുക കൂടി ചെയ്യാം! തുടർന്ന് അയാൾ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ലോകത്തെ ഏറ്റവും വലിയ ചന്തയിൽ കച്ചവടം തുടങ്ങി. പാർട്ണർ ബൈ ബാക്ക് ആൻഡ് റീ ഫർണിഷിങ് എന്നായിരുന്നു അയാളുടെ കമ്പനിയുടെ പേര്.
ആ കമ്പനിയുടെ ഷെയർ വാല്യൂ കുതിച്ചുകയറിയതോടെ അയാൾ ഏതാനും മാസങ്ങൾക്കകം സഹസ്രകോടീശ്വരനായി. അപ്പോൾ അയാളുടെ പഴയ കാമുകിയും അയാളെ തേടി എത്തി. അവർക്കും ഒരു പുതിയ മോഡൽ ഇണയെ വേണമായിരുന്നു. തന്റെ കൈവശമുള്ളതിന് ബൈ ബാക്ക് കിട്ടുമോ എന്ന് അന്വേഷിച്ചാണ് വന്നത്. കൂട്ടത്തിൽ ചോദിച്ചു, ‘നമുക്കൊരു ബിസിനസ് ടീം ആയിക്കൂടെ?’അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു; ‘കൂടെ രാപ്പാർക്കാൻ ഇനി നമുക്ക് ജീവനില്ലാത്ത ജീവികൾ പോരേ? നാടോടുമ്പോൾ നടുവേ ഓടണ്ടേ! ചേരയെ... തിന്നുന്ന നാട്ടിൽ ചെന്നാൽ...
