മിവോഷിന്റെ വീട്ടിലെ പൂച്ച

ഇതുതന്നെയാണോ പ്ലാറ്റ്ഫോം എന്നറിയാൻ അയാൾ എല്ലാ ഇൻഫർമേഷൻ ബോർഡുകളിലും കണ്ണോടിച്ചു. അറിഞ്ഞുകൂടാത്ത ഒരു ഭാഷയുടെ മുന്നിലെ ഒന്നും മനസ്സിലാകാത്ത നിൽപ്പാണ് ലോകത്തിലെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയെന്ന് പല യാത്രകളിലും അയാൾക്ക് തോന്നിയിട്ടുണ്ട്. അർഥം അറിയില്ലാത്ത ലിപികൾ കൊഞ്ഞനം കുത്തുന്നപോലെ. നാട്ടിൽ ഇപ്പോൾ എല്ലാവരും പ്രഭാതഭക്ഷണം ആസ്വദിക്കുകയാവും. അയാൾക്ക് പെട്ടെന്ന് നാട്ടിൽ പോകണമെന്ന് തോന്നി.നേരം വെളുക്കുന്നതിന് മുമ്പേ അയാൾ റെയിൽവേ സ്റ്റേഷനിൽ...
Your Subscription Supports Independent Journalism
View Plansഇതുതന്നെയാണോ പ്ലാറ്റ്ഫോം എന്നറിയാൻ അയാൾ എല്ലാ ഇൻഫർമേഷൻ ബോർഡുകളിലും കണ്ണോടിച്ചു. അറിഞ്ഞുകൂടാത്ത ഒരു ഭാഷയുടെ മുന്നിലെ ഒന്നും മനസ്സിലാകാത്ത നിൽപ്പാണ് ലോകത്തിലെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയെന്ന് പല യാത്രകളിലും അയാൾക്ക് തോന്നിയിട്ടുണ്ട്. അർഥം അറിയില്ലാത്ത ലിപികൾ കൊഞ്ഞനം കുത്തുന്നപോലെ. നാട്ടിൽ ഇപ്പോൾ എല്ലാവരും പ്രഭാതഭക്ഷണം ആസ്വദിക്കുകയാവും. അയാൾക്ക് പെട്ടെന്ന് നാട്ടിൽ പോകണമെന്ന് തോന്നി.
നേരം വെളുക്കുന്നതിന് മുമ്പേ അയാൾ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇംഗ്ലീഷ് സംസാരിക്കാത്ത ഉൗബർ ഡ്രൈവർ ചില്ലറ ഇല്ലാത്തതിനാൽ പൈസ വാങ്ങാതെ പോയി. പോകുന്നതിന് മുമ്പ് ചെറുപ്പക്കാരനായ അവൻ ചിരിച്ചുകൊണ്ട് എന്തൊക്കെയോ അയാളോട് പറഞ്ഞു. അയാൾക്ക് ഒന്നും മനസ്സിലായില്ല. നല്ല ഭാരമുള്ള പെട്ടിയും തോളിലെ ബാക്ക്പാക്കും പിന്നെ ലാപ്ടോപ്പ് ബാഗും, എല്ലാംകൂടി ചുമന്ന് അയാൾ എങ്ങനെയോ താഴത്തെ നിലയിലെ പ്ലാറ്റ്ഫോമിലെത്തി. സുവാക്കിയിലേക്കുള്ള ഇന്റർസിറ്റി ട്രെയിൻ വരാൻ ഇനിയും അരമണിക്കൂറോളമുണ്ട്. അയാൾ ഒരു ബെഞ്ചിൽ ഇരുന്നിട്ട് ചുറ്റും നോക്കി. സമയം രാവിലെ മൂന്നുമണി. ആരുമില്ല. തണുപ്പ് അരിച്ചുകയറുന്നു. അയാൾ ജാക്കറ്റിന്റെ സിപ് മുകളിലേക്ക് വലിച്ചിട്ടു. ഇതുതന്നെയാണോ പ്ലാറ്റ്ഫോം എന്നറിയാൻ അയാൾ എല്ലാ ഇൻഫർമേഷൻ ബോർഡുകളിലും കണ്ണോടിച്ചു. അറിഞ്ഞുകൂടാത്ത ഒരു ഭാഷയുടെ മുന്നിലെ ഒന്നും മനസ്സിലാകാത്ത നിൽപ്പാണ് ലോകത്തിലെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയെന്ന് പല യാത്രകളിലും അയാൾക്ക് തോന്നിയിട്ടുണ്ട്. അർഥം അറിയില്ലാത്ത ലിപികൾ കൊഞ്ഞനം കുത്തുന്നപോലെ.
നാട്ടിൽ ഇപ്പോൾ എല്ലാവരും പ്രഭാതഭക്ഷണം ആസ്വദിക്കുകയാവും. അയാൾക്ക് പെട്ടെന്ന് നാട്ടിൽ പോകണമെന്ന് തോന്നി. രണ്ടാഴ്ചയായി വീട് വിട്ടിട്ട്. ഇനിയും മൂന്നാഴ്ചകൂടി. നഗരങ്ങളിലെ ആൾക്കൂട്ടങ്ങൾക്കിടയിലെ ഏകാന്തത അയാളുടെ ഹൃദയത്തെ കാർന്നെടുക്കാൻ തുടങ്ങി. എലി കരണ്ടുന്നതുപോലെ. അൽപാൽപമായി. ഹൃദയത്തിന്റെ അരികുകളിൽ ഒരു ആന്തൽ. സുവാക്കിയിലേക്ക് എട്ടു മണിക്കൂറുകളിൽ കൂടുതൽ യാത്ര ചെയ്യണം. താൻ താമസിക്കാൻ പോകുന്നത് പ്രശസ്ത എഴുത്തുകാരനും നൊേബൽ ജേതാവുമായ ചെസ്ലാവ് മീവോഷിന്റെ കുടുംബ വീട്ടിലാണ്. അവിടെ പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ജീവനക്കാരിയായ കരോലിനയുടെ കത്തിലെ വരികൾ അയാൾ ഓർത്തു: ‘‘ഫൗണ്ടേഷന്റെ ഡ്രൈവർ നിങ്ങളെ സ്റ്റേഷനിൽനിന്നും കൂട്ടും. വരുന്നവഴി അടുത്ത അഞ്ചു ദിവസത്തേക്കുള്ള ആഹാരം പാചകംചെയ്യാനുള്ളവ വാങ്ങണം. ഇവിടെനിന്ന് ഏറ്റവും അടുത്ത കട പത്ത് മൈലുകൾക്കപ്പുറമാണ്.’’
അയാൾ ഫോണിൽ ആ കത്തെടുത്ത് ഒന്നുകൂടെ വായിച്ചു. തനിക്ക് തെറ്റിയതല്ല. ഒരു കടപോലുമില്ലാത്ത സ്ഥലത്താണ് തന്റെ അടുത്ത രണ്ടാഴ്ചത്തെ താമസം. രാജ്യാന്തര അതിർത്തികൾക്ക് ചുറ്റും ജീവിക്കുന്നവരുടെ സ്വത്വവും, സംസ്കാരവും പഠിച്ച്, ജനങ്ങൾ തമ്മിൽ പാലങ്ങൾ പണിയുന്ന ഒരു അന്താരാഷ്ട്ര ഫൗണ്ടേഷന്റെ അതിഥിയാണ് അയാൾ. അവിടെ താമസിച്ച് എഴുതുകയാണ് അയാളുടെ പദ്ധതി. അയാൾ അസ്വസ്ഥനായി. വീട്ടിൽ പോകണം. യാത്ര മതിയായി. വീട് എന്താണെന്ന ചിന്ത അയാളെ വീണ്ടും ചിന്തിപ്പിച്ചു. രണ്ടാഴ്ചയിൽ കൂടുതലായി അയാൾ ചോറ് കഴിച്ചിട്ട്. അയാൾക്ക് ചോറും മീൻകറിയും കഴിക്കാൻ കൊതിയായി. അതാണോ വീട്? ബാംഗ്ലൂരിൽ തന്റെ കുടുംബം താമസിക്കുന്ന അപ്പാർട്മെന്റാണോ വീട്? ശാരീരിക സുഖമില്ലാത്ത ഭാര്യയും കുട്ടികളും ആണോ വീട്? താൻ ജനിച്ചു വളർന്ന കേരളത്തിലെ, അമ്മയും പെങ്ങളും താമസിക്കുന്ന കുടുംബവീടാണോ വീട്? അയാൾ ആലോചിച്ചു. അസ്വസ്ഥനായി.
കഴിഞ്ഞ രണ്ടാഴ്ച അയാൾ താമസിച്ചിരുന്നത് മറ്റൊരു നൊബേൽ ജേതാവായ ഷീമ്പോർസ്കയുടെ അപ്പാർട്മെന്റിലായിരുന്നു. സുവാക്കിയിലേക്കുള്ള ട്രെയിൻ അതിരാവിലത്തെ തണുപ്പിനെ കീറിമുറിച്ച് പായുമ്പോൾ, അയാൾ പ്രശസ്തയായ കവിയുടെ കൊളാഷുകളെ കുറിച്ച് ഓർത്തു. ആ വീട്ടിലെ ചുവരുകളിൽ അവയിൽ ചിലത് ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. അതിൽ ഒന്ന് ചിരിക്കുന്ന ഒരു പൂച്ചയുടേതായിരുന്നു. തന്റെ മുഖത്തിനേക്കാൾ വലുതും, നിറയെ പല്ലുകളുമുള്ള തന്റെ വായ തുറന്ന് ചിരിക്കുന്ന ഒരു പൂച്ച. അതിന്റെ മോണകൾക്ക് മാതളത്തിന്റെ ഇളം ചുവപ്പ് നിറമായിരുന്നു. ആ ചിരി ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. തന്റെ ചിരി കണ്ടിട്ട്, എതിർവശത്തിരുന്ന സ്ത്രീ അയാളെ നോക്കി പുഞ്ചിരിച്ചു. അവരുടെ ഇരട്ടത്താടി ചെറുതായി കുലുങ്ങി.
ഒറ്റക്ക് സംസാരിക്കുന്ന കിറുക്കന്മാരുടെ കൂട്ടത്തിൽ ഒറ്റക്ക് ചിരിച്ച തന്നെയും ആ സ്ത്രീ കൂട്ടിക്കാണുമോ എന്ന ചിന്തക്കിടയിൽ അയാൾ ഷീമ്പൊഴ്സ്കയുടെ ഒഴിഞ്ഞ വീട്ടിലെ പൂച്ചയെന്ന കവിതയിലെ പൂച്ചയെക്കുറിച്ച് ഓർത്തു. യജമാനനെ കാണാതെ ആ ഒഴിഞ്ഞ വീട്ടിൽ ഒറ്റക്കിരിക്കുന്ന പൂച്ചയെ ഓർത്തപ്പോൾ, അയാളുടെ ചിരി മാഞ്ഞു. ഒരു പൂച്ചയുടെ ചിരി. മറ്റൊരു പൂച്ചയുടെ ഒറ്റപ്പെടൽ. നിറം മാറുന്ന ഇലകളുള്ള മരങ്ങളെ വകഞ്ഞുമാറ്റി, ട്രെയിൻ മനോഹരമായ ഗ്രാമങ്ങളിലൂടെ സുവോക്കി ലക്ഷ്യമാക്കി പാഞ്ഞു. ജാള്യതയോടെ ആ സ്ത്രീയെ നോക്കിയിട്ട് അയാൾ കണ്ണുകളടച്ചു.
* * *
റഷ്യക്കും ബെലറൂസിനും ഇടക്കുള്ള സുവോക്കി ഗാപ് യൂറോപ്പിലെ തന്ത്രപ്രധാനമായ ഒരു സ്ഥലമാണ്. റഷ്യ മനസ്സ് വെച്ചാൽ, ഒരുപക്ഷേ, യൂറോപ്പിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു ‘ഇടുക്ക്’ ആണത്. അതിനെ കുറിച്ച് അയാളോട് പറഞ്ഞത് ഇന്ത്യൻ അംബാസഡറാണ്. ഡൽഹിയിൽനിന്ന് തന്റെ പുതിയ പോസ്റ്റിങ് കാത്തിരിക്കുന്ന അവർ, അയാളോട് വളരെ ആവേശത്തോടെയാണ് അതിനെക്കുറിച്ച് പറഞ്ഞത്. ‘‘ഒന്നും സംഭവിക്കില്ല... എന്നാലും,’’ അവർ മാപ്പിലെ ഒരു ചെറിയ വരയിലൂടെ വിരലോടിച്ചുകൊണ്ടു പറഞ്ഞു.
സുേവാക്കിയിൽനിന്നും ഏകദേശം മുപ്പത് കിലോമീറ്ററുകൾക്കകലെയാണ് സെയ്നി എന്ന ചെറിയ ഗ്രാമം. ഏകദേശം അയ്യായിരത്തിന് മുകളിൽ മാത്രം ജനസംഖ്യയുള്ള സെയ്നിയിൽനിന്നും കുറച്ച് മാറിയാണ് ക്രസ്നോഗ്രുഡ. അവിടെയാണ് മീവോഷിന്റെ കുടുംബവീട്. ഒരു വാക്കുപോലും ഇംഗ്ലീഷിൽ സംസാരിക്കാത്ത ഡ്രൈവർ കൃത്യമായി ഒരു ഗ്രോസറി കടയിൽ വണ്ടി നിർത്തി. അയാൾ അഞ്ച് ദിവസത്തേക്ക് പാചകം ചെയ്യാനുള്ള എല്ലാം വാങ്ങി. മുഴുത്ത തക്കാളികളും, ആപ്പിളിന്റെ അത്രയും വലിയ കൂണുകളും സോസേജുകളും കൂടെ നാല് ബിയർ കാനുകളും. ഒറ്റക്കാവുമ്പോൾ, ഉറക്കം വന്നില്ലെങ്കിൽ...

സുവോക്കി കഴിഞ്ഞ്, ഇരുവശവും നീണ്ട മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു കാടിന്റെ നടുവിലൂടെ കാർ സെയ്നി ലക്ഷ്യമാക്കി നീങ്ങി. പോളണ്ടിലിപ്പോൾ കൂണുകളുടെ സീസണാണ്. ‘മഷ്റൂം പിക്കിങ്ങി’ന് വന്നവരുടെ കാറുകൾ വനത്തിന്റെ അരികുകളിൽ പാർക്ക് ചെയ്തിരിക്കുന്നു. കഴിഞ്ഞ പട്ടണത്തിൽ കണ്ട ഇറാന എന്ന പെൺകുട്ടി അയാളോട് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘എന്റെ അപ്പൂപ്പന്റെ ഇഷ്ടപ്പെട്ട പ്രവൃത്തിയായിരുന്നു മഷ്റൂം പിക്കിങ്. പുള്ളിക്കാരൻ രാവിലെ സൈക്കിളുമായി ഇറങ്ങിയാൽ വൈകിട്ടേ തിരികെ എത്തൂ. എനിക്ക് തോന്നുന്നത് കൂണ് പറിക്കാനല്ല അപ്പൂപ്പൻ പോകുന്നത്, പകരം അമ്മൂമ്മയിൽനിന്നും രക്ഷപ്പെടാനാണെന്നാണ്.’’ കറുത്ത ഹൂഡി മാറ്റിയപ്പോൾ, അവളുടെ മൊട്ടത്തലക്ക് പിന്നിലെ ഡ്രാഗന്റെ ടാറ്റൂ അയാൾ കണ്ടു. തീയുടെ നിറത്തിൽ ഇരു ചെവികളുടെയും അറ്റംവരെ എത്തുന്ന ചിറകുകൾ.
പോളണ്ടിന്റെ ‘നോർത്ത് പോൾ’ ആണ് സെയ്നി. കാറിനുള്ളിലേക്ക് അരിച്ചു കയറുന്ന തണുപ്പ്. ശൈത്യകാലത്തിന്റെ തുടക്കമാകുകയായി. അയാൾ വിരലുകൾ കൂട്ടിത്തിരുമ്മി ചൂടാക്കി. നിശ്ചലമായ ഒരു തടാകത്തിന്റെ ഇരുവശവും കുന്നുകളും താഴ്ന്ന പുൽമേടുകളും. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചരിഞ്ഞ മേൽക്കൂരയുള്ള വീടുകൾ അയാളെ ബാല്യകാല വായനയിലെ ഏതോ ഓർമകളിലേക്ക് കൊണ്ടെത്തിച്ചു. ചില വീടുകൾ ‘ആനിമൽ ഫാമി’ലെ മിസ്റ്റർ ജോൺസിന്റെ മാനെർ ഫാമിനെ ഓർമിപ്പിച്ചു. കുടിച്ചു ലെക്കുകെട്ട മിസ്റ്റർ ജോൺസ് വേച്ചുവേച്ചു നടക്കുന്നതിനോടൊപ്പം ആടുന്ന റാന്തലിന്റെ വട്ടത്തിലുള്ള വെളിച്ചം അയാളുടെ ചിന്തകളിൽ ഓർമകളുടെ തുളകളിട്ടു. പോകുന്ന വഴിക്ക് ബൂട്ടുകളും ഊരിയെറിഞ്ഞിട്ട്, ഒരു മൊന്ത ബിയറും മോന്തിയിട്ട് അയാൾ മിസിസ് ജോൺസ് കൂർക്കം വലിച്ചുറങ്ങുന്ന കട്ടിലിനടുത്തേക്ക് നടന്നു. ഏതാനും നിമിഷങ്ങൾക്കകം, മൃഗങ്ങളുടെ വിപ്ലവത്തിന്റെ കാഹളം മുഴങ്ങും എന്ന സത്യം അറിയാതെ മിസ്റ്റർ ജോൺസും ഉറങ്ങിത്തുടങ്ങും. മനുഷ്യൻ എന്ന വർഗശത്രുവിനെതിരെ മൂന്ന് പന്നികളുടെ പിന്നിൽ മൃഗങ്ങൾ ഒത്തുകൂടും.
അധികം വൈകാതെ, കാർ ഒരു മൺപാതയിലേക്ക് തിരിഞ്ഞു. ഇരുവശങ്ങളിലും, തടാകത്തിന്റെ മുനിമൗനം. അതോ വിരഹത്തിന്റെ നിശ്ശബ്ദ വിഷാദമോ?
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ചുറ്റും മരങ്ങളുള്ള ഒരു വലിയ മതിൽക്കെട്ടിലേക്ക് വണ്ടി തിരിഞ്ഞു. കല്ല് പാകിയ പാതയിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ, അയാൾക്ക് മാൻഡ്രേക്കിന്റ സാനഡുവിലേക്ക് പോകുന്നപോലെ തോന്നി. പാതയുടെ അങ്ങേ അറ്റത്ത് ഒരു കൂറ്റൻ ബംഗ്ലാവ്: മീവോഷിന്റെ കുടുംബഭവനം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നശിച്ചുപോയ കെട്ടിടത്തെ ഫൗണ്ടേഷൻ പുതുക്കിപ്പണിഞ്ഞു. ഇരുപത് ഹെക്ടറിൽ മരങ്ങളും ഒരു തടാകവും. വണ്ടി നിന്നപ്പോൾ കരോലിന കെട്ടിടത്തിനുള്ളിൽനിന്നും ഇറങ്ങിവന്ന് അയാളെ ആലിംഗനംചെയ്തു. ചെറിയ ശരീരവും പരന്ന നെറ്റിയുമുള്ള ഒരു കൊച്ചു സ്ത്രീയായിരുന്നു കരോലിന. ഡ്രൈവർ അയാളുടെ പെട്ടിയും ബാഗും മുകളിലത്തെ നിലയിലെ അയാളുടെ കിടപ്പുമുറിയിൽ കൊണ്ടു വെച്ചു. കരോലിന അയാൾക്ക് അടുക്കളയും ഫ്രിഡ്ജും കാണിച്ചുകൊടുത്തു.
അന്ന് വെള്ളിയാഴ്ചയായിരുന്നു. ‘‘അടുത്ത രണ്ടു ദിവസങ്ങൾ നിങ്ങൾ മാത്രമേ ഇവിടെ കാണൂ. ഞങ്ങൾ ഇനി തിങ്കളാഴ്ച വരും,’’ കരോലിന പറഞ്ഞു. പെട്ടെന്ന് അയാളുടെ ഹൃദയത്തിൽ ഒരു നോവ് നിറഞ്ഞു. വേർപാടിന്റെ, വിട്ടുപോകലിന്റെ വേദന. ഒറ്റപ്പെടലിന്റെ ഭീകരത പൊടുന്നനെ അയാളെ മൂടി. അയാൾ ഒന്നും പറയാതെ പടികൾ പതിയെ ചവിട്ടിക്കയറി തന്റെ കിടപ്പുമുറിയിലേക്ക് പോയി. നല്ല തണുപ്പ്. അയാൾ മുറി ചൂടാക്കുന്ന ഉപകരണത്തിന്റെ സ്വിച്ച് ഓണാക്കിയിട്ട് കട്ടിലിൽ കയറിക്കിടന്നു. ജനാലയിലെ കണ്ണാടിയിലൂടെ പുറത്തെ മരത്തിന്റെ ചില്ലകൾ കാണാം. ഇലകൾക്ക് ചായയുടെയും ഓറഞ്ചിന്റെയും നിറങ്ങളായിത്തുടങ്ങി.
* * *
മൊബൈലിന്റെ ബീപ് ശബ്ദം അയാളെ ചിന്തയിൽനിന്നും ഉണർത്തി. കഴിഞ്ഞ ആഴ്ച പരിചയപ്പെട്ട, യുക്രെയ്നിൽനിന്നുള്ള വോളോഡിമീറിന്റെ മെസേജാണ്. ‘‘സഹോദരാ, നിങ്ങൾ ക്രസ്നോഗ്രുഡയിൽ എത്തിയോ?’’ വൊവോ എന്ന് അയാൾ വിളിക്കുന്ന വ്ലോഡിമിർ കുറച്ച് ദിവസങ്ങൾകൊണ്ടുതന്നെ ഒരു നല്ല സുഹൃത്തായിക്കഴിഞ്ഞിരുന്നു. അവൻ ഉച്ചത്തിൽ ചിരിക്കുമ്പോഴും, അവന്റെ കണ്ണുകളിൽ കീവിലുള്ള തന്റെ കുടുംബത്തിനെക്കുറിച്ചുള്ള ആവലാതി നിഴലിച്ചിരുന്നു. രാത്രി ഒരുപാടു നേരം അവൻ ഭാര്യയോട് ഫോണിൽ സംസാരിക്കുകയും, മക്കളോട് കൊഞ്ചുകയുംചെയ്തു. ‘‘ഞാൻ അവരെ വല്ലാതെ മിസ് ചെയ്യുന്നു’’, അവൻ ഫോൺ വെച്ചിട്ട് അയാളോട് പറഞ്ഞു. അവന്റെ നീല കണ്ണുകളിൽ, ദുഃഖത്തിെന്റ നനവ് അയാൾ കണ്ടു. അയാൾ സുേവാക്കിയിലേക്ക് തിരിക്കുന്നതിന്റെ തലേ ദിവസം, വൊവോ അയാളെ ഒരു യുക്രെയ്നിയൻ റെസ്റ്റാറന്റിൽ കൊണ്ടുപോയിട്ട് അവരുടെ ഭക്ഷണവും ബിയറും വാങ്ങിക്കൊടുത്തു. ‘‘ഇത് നമ്മുടെ സുഹൃദ്ബന്ധത്തിനുള്ള എന്റെ ട്രീറ്റ്’’, വൊവോ പറഞ്ഞു. ‘‘എത്രയോ വർഷങ്ങളായി ഞങ്ങളുടെ ഭാഷയും സാഹിത്യവും സംസ്കാരവും തമസ്കരിക്കാൻ അവർ ശ്രമിക്കുന്നു...
ഈ യുദ്ധം തിന്മയും നന്മയും തമ്മിലാണ്... ഇരുട്ടും വെളിച്ചവും തമ്മിൽ’’, അവൻ ഒരു കഷണം ഇറച്ചി ചവച്ചുകൊണ്ട് പറഞ്ഞു. ഓഡിയോ സ്റ്റുഡിയോ നടത്തുന്ന വൊവോ ശബ്ദങ്ങളെ തേടിയുള്ള യാത്രയിലാണ്. അതിനിടയിൽ പോളണ്ടിൽ താമസിക്കുന്ന യുക്രെയ്നിയൻ കവികളുടെ ഇന്റർവ്യൂകളും അവൻ റെക്കോഡ് ചെയ്യുന്നുണ്ട്. ‘‘കവികൾ കിളികളെ പോലെയാണ്. പേമാരിയിലും കൊടുംകാറ്റിലും അവർക്ക് അധികനാൾ പിടിച്ചുനിക്കാൻ കഴിയില്ല, എന്നാൽ തങ്ങളുടെ അവസാന ശ്വാസംവരെ അവർ സമൂഹത്തിൽ നടക്കുന്ന തെറ്റുകളെ വിളിച്ചു പറയും’’, വൊവോ പറഞ്ഞു. ‘‘അവരെ ഞാൻ റെക്കോർഡ് ചെയ്തു, പോഡ്കാസ്റ്റാക്കി ലോകത്തെ കേൾപ്പിക്കും.’’ അയാൾ അവന്റെ കൈകളിൽ പിടിച്ചു. ‘‘സഹോദരാ, ദൈവം നിനക്ക് അതിനുള്ള ശക്തിയും മാർഗവും തരട്ടെ!’’ പിരിയുന്നതിനു മുമ്പ്, അവർ നഗരത്തിലൂടൊഴുകുന്ന നദിയുടെ കുറുകെയുള്ള പാലത്തിൽനിന്ന് താഴോട്ട് നോക്കി കുറേ നേരം നിന്നു. ‘‘നമ്മളാണ് കാലത്തിന്റെ പാലങ്ങൾ...’’ അയാൾ അവനോട് പറഞ്ഞു. ഗാഢമായ ഒരു ആലിംഗനത്തിനുശേഷം യാത്ര പറഞ്ഞ് പിരിയുമ്പോൾ, അയാളുടെ ഹൃദയത്തിൽ ഒരു നീറ്റൽ.
വൊവോക്ക് മറുപടി മെസേജ് അയച്ചിട്ട് അയാൾ താഴേക്കിറങ്ങി. സമയം അഞ്ചു കഴിഞ്ഞു. കരോലിനയും സഹപ്രവർത്തകരും ജോലികഴിഞ്ഞു പോകാൻ തുടങ്ങുന്നു. അയാൾ വെളിയിലേക്കിറങ്ങി. ചുറ്റും മരങ്ങൾ, അവക്കപ്പുറം ഒരു തടാകം. അയാൾ നടന്നു. തണുപ്പ് കുത്തിക്കയറുന്നു. ‘‘നിൽക്കൂ...’’ ആരോ വിളിക്കുന്നത് കേട്ട് അയാൾ തിരിഞ്ഞുനോക്കി. കരോലിനയാണ്. കൈയിൽ ഒരു കമ്പിളി ഷോൾ. ‘‘ഇത് കഴുത്തിലൂടെ ചുറ്റിക്കോളൂ. ഇന്ന് തണുപ്പ് കൂടുതലാണ്’’, അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ‘‘ഇന്നിനി കുക്ക് ചെയ്യണ്ട... ഭക്ഷണം ഞാൻ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. അവനിൽവച്ച് ചൂടാക്കിയാൽ മതി... തിങ്കളാഴ്ച കാണാം. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചോളൂ.’’ കരോലിന കൈവീശിയിട്ട് പോയി. അയാൾ തടാകത്തിനടുത്തേക്ക് നടന്നു.
ചുറ്റും ഒരു ശബ്ദവുമില്ല. ഒരു ചെറുകാറ്റുപോലുമില്ല. എല്ലാ മരങ്ങളും നിശ്ചലം. മണ്ണിൽ അമരുന്ന സ്വന്തം കാൽപാദങ്ങളുടെ ചെറിയ ശബ്ദം അയാൾക്ക് വലുതായി കേൾക്കാം. വേറൊന്നുമില്ല. അയാൾ നിന്നു. ചെവി കൂർപ്പിച്ചു. ഇല്ല, ഒരു ശബ്ദവുമില്ല. അയാൾ തടാകക്കരയിലെത്തി. പരന്നുകിടക്കുന്ന ആ ജലാശയത്തിനപ്പുറം ലിത്വേനിയയാണ്. തടാകം മൂടൽമഞ്ഞ് പുതച്ച്, നിശ്ചലം. മീവോഷിന്റെ വരികളെ അയാൾ ഓർത്തു. ‘‘മരങ്ങൾ ജലത്തെ തൊട്ടു, പിന്നെ അപാര നിശ്ശബ്ദത...’’ കവി കുട്ടിക്കാലം ചിലവിട്ടിരുന്ന അതേ വീടും, പരിസരവും, തടാകവും. ഇവിടെ ഇതുപോലൊരു വൈകുന്നേരം തടാകത്തെ നോക്കിനിന്നിട്ടായിരിക്കാം അദ്ദേഹം ആ വരികളെഴുതിയത്.
നിശ്ശബ്ദതക്ക് ഒരു അപാരതയുണ്ടെന്ന് അയാൾക്ക് തോന്നി. നിശ്ശബ്ദതയുടെ ഉള്ളിലേക്കിറങ്ങുന്നത്, ഉള്ളി തൊലിക്കുന്നത് പോലെയും. ഓരോ അടരും മാറ്റുമ്പോൾ, വീണ്ടും ഒന്ന്. എല്ലാ അടരുകളും മാറ്റുമ്പോൾ ഒന്നുമില്ല. നിശ്ശബ്ദതക്കുള്ളിലും ഒന്നുമിെല്ലന്നായിരുന്നു അയാൾ ഇതുവരെ ധരിച്ചിരുന്നത്. എന്നാൽ ആ തടാകക്കരയിൽ നിൽക്കുമ്പോൾ അയാൾ നിശ്ശബ്ദതയുടെ ശബ്ദം കേട്ടു തുടങ്ങി. ‘ഇവിടം അത്രമേൽ നിശ്ശബ്ദം... ഇവിടെ നിശ്ശബ്ദതയ്ക്ക് ശബ്ദമുണ്ട്...’ എഴുതാനുള്ള വരി അയാൾ മനസ്സിൽ കുറിച്ചു. ചുറ്റുപാടും നിശ്ശബ്ദമാകുമ്പോൾ നമ്മൾ ഉള്ളിലെ ശബ്ദങ്ങൾ കേട്ടു തുടങ്ങും. അയാൾ അസ്വസ്ഥനായി. ഒരുതരം തണുപ്പിൽ പൊതിഞ്ഞ ഭയം അയാളിലേക്ക് അരിച്ചിറങ്ങി. അയാൾ തിരിച്ച് നടന്നു. ഇത്രയും വലിയ സ്ഥലത്ത് താൻ ഒറ്റക്കാണെന്ന ചിന്ത, അയാളുടെ നടപ്പിന്റെ വേഗത കൂട്ടി.
അയാൾ ബംഗ്ലാവിനടുത്തെത്തിയപ്പോൾ മുൻവശത്തെ കതക് തുറന്നു കിടക്കുകയായിരുന്നു. ആരെങ്കിലും അകത്തുണ്ടോ? അയാൾ സംശയിച്ചു. പരിചയമില്ലാത്ത ദേശത്തിൽ എല്ലാ ചെറിയ അനക്കവും ശബ്ദവും ഒരുതരം ഭീതി ഉളവാക്കുന്നതാണ്. അയാൾ അറച്ചറച്ച് അകത്തേക്ക് കയറി. കള്ളന്മാർ ആരെങ്കിലും അകത്തു കയറിക്കാണുമോ? അതോ, ഒരു മാനസികരോഗി കത്തിയുമായി അകത്ത് ഒളിച്ചിരിക്കുന്നുണ്ടാവുമോ? അയാൾക്ക് എന്തോ ഒരു ഭയം...

വലിയ മുറികളിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിന്റെ ശേഖരങ്ങളും, മീവോഷിന്റെ ജീവിതത്തിലെ പല സ്ത്രീകളുടെ ചിത്രങ്ങളും അവയുടെ വിവരണങ്ങളും കടന്ന് അയാൾ അടുക്കളയിലെത്തി. നിലം തൊട്ട് എല്ലാം മരത്തിൽ പണിഞ്ഞവ. അയാൾ താൻ കൊണ്ടുവന്നതിൽനിന്നും ഒരു ബിയർ എടുത്ത് പൊട്ടിച്ചു. ഒരു മുറുക്ക് ഇറക്കിയതിനുശേഷം അയാൾ കസേരയിൽ ഇരുന്നു. പുറത്ത് ഇരുട്ട് വീണുതുടങ്ങി. മുൻവശത്തെ കതകടച്ചു കുറ്റിയിട്ടിട്ട് അയാൾ മുകളിലെ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു. തന്റെ നെഞ്ച് പടാപടാന്ന് ഇടിക്കുന്നത് അയാൾക്ക് തന്നെ കേൾക്കാം. ബാക്കി ബിയർ ഒറ്റവലിക്ക് കുടിച്ചിട്ട് അയാൾ കതകടച്ചു. പിന്നെ, വിളക്ക് കെടുത്തിയിട്ട് കട്ടിലിൽ കിടന്നു. അധികം താമസിക്കാതെ ഇരുട്ടിന് കട്ടികൂടി.
മഴ പെയ്യാൻ തുടങ്ങി. മേൽക്കൂരയിൽ ചിതറിവീഴുന്ന മഴത്തുള്ളികൾക്ക് പരിചയമില്ലാത്ത ശബ്ദം. അപരിചിതമായ മഴ. നാട്ടിലെ മഴയുടെ ചാരുത അവിടത്തെ മഴക്കില്ലെന്ന് അയാൾ ഉറപ്പിച്ചു. അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. തണുത്ത ഇരുട്ട്. മരങ്ങളിൽ ചില്ലകൾ അനങ്ങുന്നോ? അതോ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് കൊന്നുതള്ളിയ ജൂതന്മാരുടെ പ്രേതങ്ങൾ ശിഖരങ്ങളിൽ തൂങ്ങി ആടുന്നതോ? തൊട്ടടുത്ത ജനവാസം പത്തു മൈലുകൾക്കപ്പുറമാണെന്ന ചിന്ത അയാളിലെ ഭയത്തിന് ആക്കംകൂട്ടി. കിടപ്പുമുറിയിൽ ഫോണിൽ സമയം ലിത്വേനിയയിലേതും പുറത്ത് പോളണ്ടിലേതും. ഇപ്പോൾ നാട്ടിലെ സമയം അയാൾ വെറുതെ കണക്കുകൂട്ടി. എല്ലാവരും ഉറങ്ങിക്കാണും. അയാൾ കണ്ണടച്ച് കിടന്നു.
കതകിൽ ആരോ ശക്തമായി മുട്ടുന്നത് കേട്ടാണ് അയാൾ കണ്ണ് തുറന്നത്. കുറ്റാകൂരിരുട്ട്. അതെ, ആരോ കതക് തുറക്കാൻ ശ്രമിക്കുന്നു. അയാളുടെ ദേഹമാസകലം വിറച്ചു. നട്ടെല്ലിലൂടെ ഒരു തരിപ്പ് താഴേക്ക് പോയി. അയാൾ ഒരക്രമിയെ നേരിടാൻ ഒരുങ്ങി. ഭയത്തിന്റെ പാരമ്യത്തിൽ മിന്നൽപോലെ വന്നുവീഴുന്ന ഒരു ധൈര്യം. മരിക്കുന്നതിന് മുമ്പുള്ള പരാക്രമം. അയാൾക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുമ്പ് ആരോ കതക് ശക്തിയായി തള്ളിത്തുറന്നു. അയാളുടെ തലയുടെ പിൻവശത്തെ രോമങ്ങൾ എഴുന്നേറ്റ് നിന്നു. തൊണ്ട വരണ്ടു.
ആരാ...ത്?
ശബ്ദമില്ല.
പെട്ടെന്ന് അയാൾ അത് കണ്ടു: തിളങ്ങുന്ന രണ്ടു പച്ചക്കണ്ണുകൾ. അത് അയാളുടെ നേരെ നീങ്ങി. അയാൾ പെട്ടെന്ന് വിളക്കിന്റെ സ്വിച്ചിട്ടു.
അതാ നിൽക്കുന്നു... അയാളെ തുറിച്ചു നോക്കിക്കൊണ്ട് ഒരു തടിയൻ പൂച്ച. കറുപ്പും വെളുപ്പും കലർന്ന, കട്ടിരോമങ്ങളുള്ള ഒരു പുലിക്കുട്ടിയുടെ വലുപ്പമുള്ള ഒരുവൻ.
പൂച്ചയാണോ, പുലിക്കുട്ടിയാണോ, അവൻ തന്നെ ആക്രമിക്കുമോ എന്നൊക്കെ അയാൾ ചിന്തിക്കുന്നതിനിടയിൽ, അവൻ അയാളുടെ അടുത്തേക്ക് വന്നിട്ട് മുഖം അയാളുടെ കാലിൽ ഉരക്കാൻ തുടങ്ങി. പ്രതീക്ഷിക്കാത്ത സ്നേഹപ്രകടനത്തിൽ അയാൾ അസ്വസ്ഥനായി. എന്നാൽ അവൻ തന്റെ സ്നേഹപ്രകടനം തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ അയാൾ കട്ടിലിൽ ഇരുന്നു. ഉടനെ അവൻ കട്ടിലിൽ ചാടിക്കയറിയിട്ട് അയാളുടെ മുതുകിൽ മുഖമുരക്കാൻ തുടങ്ങി. ‘‘ഛെ...പോടാ’’, അയാൾ അലറി. ‘‘പോ പൂച്ചേ…’’ ഇത്രയും വലിയ പൂച്ചയെ അയാൾ കണ്ടിട്ടില്ല. ഇത് വല്ല കാട്ടുപൂച്ചയാണോ? തന്നെ ആക്രമിക്കുമോ? അവൻ ഒറ്റക്കാണോ? ഉയർന്നു ചാടി തന്റെ കഴുത്തിലെ ഞരമ്പിൽ കടിക്കുമോ?
അവൻ മുഖമുയർത്തി അയാളെ നോക്കി. അവന്റെ കട്ടിയുള്ള വാല് അനങ്ങിക്കൊണ്ടിരുന്നു. വർഷങ്ങൾക്കു മുമ്പ്, അയാൾ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ ജിഞ്ചർബ്രെഡ് നിറത്തിൽ ഒരു പൂച്ചക്കുട്ടിയുണ്ടായിരുന്നു. അയാൾക്കും അനുജത്തിക്കും അതിനെ വളരെ ഇഷ്ടമായിരുന്നു. വേനൽ അവധിക്ക് അവനോടൊത്ത് ദിവസത്തിൽ അധികനേരവും കളിക്കുമായിരുന്നു. അയാളും അനുജത്തിയും ഷട്ടിൽ കളിക്കുമ്പോൾ അവൻ ഷട്ടിലിന് പിന്നാലെ ഓടും. വീടിനകത്ത് പന്തുരുട്ടിക്കളിക്കും. കാലിൽ കുറെ നേരം മുഖമുരസും, പിന്നെ വളഞ്ഞു കിടന്നുറങ്ങും. അയാളുടെയും അനുജത്തിയുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു അവൻ. ഒടുവിൽ, ഒരുദിവസം അവൻ മുറ്റത്ത് ജീവനില്ലാതെ കിടക്കുന്നത് അവർ കണ്ടു. ആ വേർപാട് അയാൾക്ക് സഹിക്കാനായില്ല. ഹൃദയം നുറുങ്ങി. പക്ഷേ, ജീവിതം ഒരുക്കിവെച്ചിരിക്കുന്ന മറ്റൊരുപാട് വേർപിരിയലുകളുടെ ആദ്യത്തേതായിരുന്നു അതെന്ന് അയാൾക്കറിയില്ലായിരുന്നു. അടുക്കളയുടെ പിറകുവശത്ത് ഒരു കുഴിയെടുത്ത് അവനെ അടക്കംചെയ്തതിനു ശേഷം അയാൾ ഒരു തീരുമാനമെടുത്തു: തന്റെ ജീവിതത്തിൽ ഇനി ഒരു വളർത്തുമൃഗം ഉണ്ടാവില്ല. മറ്റൊരുവിധത്തിൽ നോക്കിയാൽ, അപ്രതീക്ഷിതമായി ജീവിതം വെട്ടിത്തിരിഞ്ഞപ്പോൾ, മൃദുല വികാരങ്ങൾക്ക് സമയവും സ്ഥലവുമില്ലാതായി.
അയാൾ അവനെ നോക്കിയിരുന്നു. അവൻ അയാളെയും. അവന്റെ വാല് അനങ്ങിക്കൊണ്ടിരുന്നു. അവന് എന്തോ പറയാനുള്ളതുപോലെ... അവൻ വെറും ഒരു പൂച്ചയല്ല. അവനിൽ സ്നേഹത്തിന്റെ ഒരു അണമുറിയുന്നപോലെ. ഭീതി കുറഞ്ഞപ്പോൾ അയാൾ കട്ടിലിലേക്ക് ചാഞ്ഞു. കൈയെത്തി വിളക്കണച്ചു. കരോലിന കൊടുത്ത കമ്പിളിയുടെ ഷോൾ കഴുത്തിൽ ചുറ്റി. അഥവാ അവൻ പെട്ടെന്ന് പുലിയായി മാറി തന്നെ കടിച്ചാലും, ആദ്യ കടി തന്നെ ഞരമ്പിൽ ആകേണ്ട. യാത്രയുടെ ക്ഷീണത്തിൽ അയാൾ എപ്പോഴോ ഉറങ്ങിപ്പോയി.
* * *
രാത്രി മഴ പെരുത്തു. തുള്ളികൾ അപരിചിതമായ ഏതോ ഭാഷയിൽ മേൽക്കൂരയിൽ വീണുകൊണ്ടിരിക്കുന്നു. പരിചയമില്ലാത്ത മഴയും, ഇരുട്ടും, നിശ്ശബ്ദതയും. മുറി ചൂടാക്കുന്ന യന്ത്രത്തിന്റെ ചുവന്ന വിളക്ക് ഇരുട്ടിൽ കനലുപോലെ തീക്ഷ്ണമായി തിളങ്ങി. പെട്ടെന്ന് അയാൾക്ക് ആരോ ഒരാളുടെ സാന്നിധ്യം അനുഭവപ്പെട്ടു. അപ്പോഴാണ് അയാൾ പൂച്ചയുടെ കാര്യം ഓർത്തത്. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് തന്റെ വയറിൽ തല ചായ്ച്ചു പൂച്ച നല്ല ഉറക്കത്തിലാണെന്ന്. അയാൾ അലറി. ‘‘മാറെടാ...’’ അയാൾ കൈയെത്തി വിളക്കിട്ടു. അവൻ നല്ല ഉറക്കത്തിലാണ്. അയാൾ ശരീരം കുടഞ്ഞു. പൂച്ച പതിയെ കണ്ണ് തുറന്നിട്ട് അയാളെ നോക്കി. എന്നിട്ട് അവന്റെ കൈ അയാളുടെ വയറിലേക്ക് നിവർത്തിയിട്ട് പിന്നെയും ഉറങ്ങാൻ തുടങ്ങി. അയാൾക്ക് അതിനെ വലിച്ചെറിയാൻ തോന്നി. തന്റെ നെഞ്ചിലേക്ക് നീളുന്ന അവന്റെ രോമാവൃതമായ കൈയിലേക്ക് അയാൾ നോക്കി. അവൻ അയാളെ ആശ്വസിപ്പിക്കുന്നതു പോലെ അയാൾക്ക് തോന്നി. അയാൾ വിളക്കണച്ചു. അയാളുടെ വയറിനോടൊപ്പം പൂച്ചയുടെ തലയും ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു.
പിറ്റേന്നത്തേത് ഒരു വിളറിയ പ്രഭാതമായിരുന്നു. മേഘാവൃതമായ ആകാശം. ശക്തിയില്ലാതെ പൊടിയുന്ന മഴ. കുത്തിക്കയറുന്ന തണുപ്പ്. പൂച്ച നല്ല ഉറക്കത്തിലാണ്. അയാൾ അവനെ കുടഞ്ഞു മാറ്റിയിട്ട് എഴുന്നേറ്റു. അവൻ പ്രതിഷേധത്തിൽ എന്തോ പുലമ്പിക്കൊണ്ട് കട്ടിലിൽനിന്നും ചാടിയിറങ്ങിയിട്ട് അയാളുടെ കാലിനു ചുറ്റും ദേഹമുരച്ചു. അവെന്റ വാലിന് ഒരു വടത്തിന്റെ അത്രയും വണ്ണമുണ്ട്. അത് അനങ്ങിക്കൊണ്ടിരുന്നു. ചായയും സാൻഡ് വിച്ചുമുണ്ടാക്കാനായി അയാൾ അടുക്കളയിൽ പോയപ്പോൾ അവനും കൂടെ കൂടി. ചായ കുടിക്കാൻ അയാൾ തീന്മേശക്ക് അരികിലിരുന്നപ്പോൾ അവൻ മേശയിൽ ചാടിക്കയറി അയാൾക്ക് മുഖാമുഖമായി അയാളെ നോക്കിയിരുന്നു. ആ നിമിഷങ്ങളിൽ അവൻ ഒരു പൂച്ചയല്ലെന്നും, തന്നോടെന്തോ പറയാൻ അവൻ വെമ്പുന്നതായും അയാൾക്ക് തോന്നി. പൊടുന്നനെ, അവനോടെന്തോ ഒരിഷ്ടം അയാളിൽ നിറഞ്ഞു. അയാൾ കൈനീട്ടി അവന്റെ നെറ്റിയിൽ തലോടി. അവൻ കണ്ണുകളടച്ചു. ‘‘നിനക്ക് വിശക്കുന്നോടാ?’’ അയാൾ ചോദിച്ചു. അവൻ അയാളെ തന്നെ നോക്കി. ‘‘ഓ... നിനക്ക് പോളിഷേ മനസ്സിലാവത്തുള്ളൂ അല്ലെ?.. നിനക്ക് പാല് വേണോ? പിന്നെ... ഈ വിശപ്പിന് ഒരു ഭാഷയില്ല കേട്ടോടാ...’’ അയാൾ ഒരു ചെറിയ പ്ലേറ്റിൽ പാലൊഴിച്ചു മേശപ്പുറത്തുതന്നെ വെച്ചു. അവൻ അത് മുഴുവൻ നക്കിക്കുടിച്ചു. അയാൾ ഫോണിൽ അവൻ പാലു കുടിക്കുന്നതിന്റെ ഫോട്ടോകളെടുത്തു.
ഉച്ചയായപ്പോൾ അവൻ മച്ചിൻപുറത്തുനിന്നും തുറന്നുകിടന്ന ജനൽപാളി വഴി പുറത്തേക്ക് പോയി. അവൻ പോയപ്പോൾ അയാൾക്ക് വിഷമമായി. അവൻ ഇനി വരുമോ? എത്ര പെെട്ടന്നാണ് നമ്മളിൽ സ്നേഹം നിറയുന്നത്... അന്ന് സന്ധ്യവരെ അയാൾ അവൻ വരുന്നുണ്ടോയെന്ന് നോക്കിയിരുന്നു. മഴ നിന്നപ്പോൾ അയാൾ പുറത്തേക്കിറങ്ങി. തടാകക്കരയിൽ പോയി കുറെ നേരം നിന്നു. ഒരു മനുഷ്യന്റെ സാന്നിധ്യംപോലും അടുത്തെങ്ങുമില്ല. തണുപ്പിൽ വിരലുകൾ മരവിച്ചു. മഴയും ഇരുട്ടും വീണപ്പോൾ അയാൾ ബംഗ്ലാവിലേക്ക് മടങ്ങി. ഒരു ബിയറും കുടിച്ച്, കൂണും തക്കാളിയും, പാലക്കുമിട്ട് വഴറ്റിയതും കഴിച്ചിട്ട് അയാൾ കിടപ്പുമുറിയിൽ പോയി കിടന്നു.
അവൻ വരുമോ?
അയാളിൽ പ്രതീക്ഷയുടെ തരിതരിപ്പ്. അവൻ വെറും ഒരു പൂച്ചയല്ല. അവനൊരു വ്യക്തിയാണ്. തന്റെ ഏകാന്തതയിലെ കൂട്ടുകാരൻ.
അവൻ വരാതിരിക്കുമോ?
അയാൾ നേരത്തേ ഉറങ്ങാൻ കിടന്നു. ഇരുട്ടിൽ അപരിചിതത്വത്തിന്റെ അടരുകളെ അയാൾ അടർത്തിമാറ്റി. സമുദ്രത്തിന്റെ അത്യാഴത്തിൽ ഏകനായ മുങ്ങലുകാരനെപ്പോലെ, ബാഹ്യാകാശത്തിൽ കറങ്ങുന്ന സഞ്ചാരിയുടെ ഒറ്റപ്പെടൽപോലെ... അയാൾ ഇരുട്ടിൽ ഒഴുകിനടന്നു.
എപ്പഴോ, കതകു തുറക്കാൻ ശ്രമിക്കുന്ന ശബ്ദം അയാൾ കേട്ടു. അയാൾ ചാടി എഴുന്നേറ്റു. ഹൃദയത്തിൽ ഒരുതരം ആനന്ദം നിറഞ്ഞു. അയാൾ വിളക്കിട്ടതും, അതാ അവൻ, അയാളുടെ അടുത്തേക്ക് നടന്നുവന്ന് കാലിൽ ദേഹമുരക്കുന്നു...
രാത്രി അവൻ അയാളുടെ നെഞ്ചിനോട് ചേർന്നുകിടന്നാണ് ഉറങ്ങിയത്. അയാൾക്കതൊരു ആശ്വാസമായി തോന്നി. ഇടക്കിടെ, അനങ്ങുന്ന അവന്റെ തടിയൻ വാല് അയാളുടെ ശരീരത്തിൽ തൊട്ടു. അയാൾ ഇരുട്ടിൽ പുഞ്ചിരിച്ചു. അപ്രതീക്ഷിത സൗഹൃദത്തിന്റെ ഇളംചൂടേറ്റു എപ്പോഴോ ഉറങ്ങി.
പിറ്റേന്നും അവൻ അടുക്കളയിൽ അയാളോടൊപ്പം ഉണ്ടായിരുന്നു. ഇടക്കിടെ അവൻ അയാളുടെ മുഖത്തേക്ക് നോക്കിയിരിക്കും. എന്തോ പറയാനുള്ളതുപോലെ.
‘‘ജിൻഗുയെ...’’
അയാൾ അവനെ നോക്കി പറഞ്ഞു.
‘‘നന്ദി...’’
‘‘ജിൻഗുയെ... മൈ ഫ്രണ്ട്... വന്നതിനു നന്ദി...’’
അന്നും അവൻ വൈകുന്നേരമായപ്പോൾ തുറന്നിരിക്കുന്ന ജനൽ പാളി വഴി പുറത്തേക്കു പോയി.
രാത്രി ഏറെ വൈകിയിട്ടും അയാൾ അവനെ കാത്തിരുന്നു. രണ്ടു ബിയറുകൾ കുടിച്ചു തീർത്തു. അടുക്കളയിൽ പോയി അവനു വേണ്ടി സോസേജുകൾ പൊരിച്ചു.
പേക്ഷ, അവൻ വന്നില്ല.
പിറ്റേന്ന് രാവിലെ കരോലിനയും മറ്റു സ്റ്റാഫുകളുമെത്തി. കരോലിന അയാളെ കാണാൻ മുകളിൽ വന്നു.
‘‘ജെൻ ഡോബ്രെ... ഗുഡ് മോർണിങ്!’’ അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാൾ അവരെ ആലിംഗനംചെയ്തു. ‘‘ക്ഷമിക്കണം... രണ്ടു ദിവസം നിങ്ങൾ ഇവിടെ ഒറ്റക്കായിപ്പോയി അല്ലെ…’’
‘‘സാരമില്ല’’, അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘പൂച്ച...’’
അയാൾ പറഞ്ഞുതീരും മുമ്പ് കരോലിന പറഞ്ഞു, ‘‘ക്ഷമിക്കണം... അവനെ പരിചയപ്പെടുത്താൻ മറന്നുപോയി...’’
അവർ അപ്പുറത്തെ മുറിയിൽനിന്നും ഒരു ഫോട്ടോ ഫ്രെയിം കൊണ്ടു വന്നു അയാളെ കാണിച്ചു.
അതാ നിൽക്കുന്നു നമ്മുടെ നിശാസഞ്ചാരി… സന്തോഷത്തോടെ അയാൾ തന്റെ അപ്രതീക്ഷിത സന്ദർശകന്റെ വിശേഷം പറയാൻ തുടങ്ങുന്നതിന് മുമ്പ് കരോലിന വീണ്ടും പറഞ്ഞു: ‘‘അവൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷങ്ങളായി... എന്നാലും അവൻ ഇപ്പോഴും ഞങ്ങളുടെ കൂടെയുള്ളതുപോലെയാണ്.’’
അയാൾ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചുനോക്കി. അത് അവൻ തന്നെ. അതേ കറുപ്പും വെളുപ്പും കലർന്ന ശരീരം. അതേ തടിയൻ വാല്.
അയാളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അയാൾ പോക്കറ്റിൽനിന്നും ഫോണെടുത്തിട്ട്, ഫോട്ടോ ഗാലറി തുറന്നു. അവൻ പാല് കുടിക്കുന്ന ഫോട്ടോയിൽ ക്ലിക്ക് ചെയ്തു.
അയാൾ ഞെട്ടി.
ഫോട്ടോയിൽ മേശയും പാലൊഴിച്ച പാത്രവുമുണ്ട്.
പൂച്ചയില്ല.
അയാൾ എല്ലാ ഫോട്ടോകളും തുറന്നു. ഒന്നിലും അവനില്ല.
‘‘എന്താ, എന്തുപറ്റി?’’ കരോലിന ചോദിച്ചു.
അയാൾ ഒന്നുമില്ലെന്ന് ചെറുതായി തലയാട്ടി.
അയാളുടെ കാലിൽനിന്നും ഒരു തരിപ്പ് മുകളിലേക്ക് അരിച്ചുകയറി.
