മീറ്റപ്പ്

വിബിയും വിനുവും നിഷിനും ഞാനും കൂടെ കയ്യാലയിലിരുന്നാണ് പത്ത് സീയുടെ മീറ്റപ്പിനെ കുറിച്ച് ചർച്ച ചെയ്തത്. ചിലരെ ഫോണിൽ വിളിച്ചു. മറ്റ് ചിലരെ വാട്സാപ്പിൽ കിട്ടുമോന്ന് നോക്കി. നേരം വെളുത്തപ്പോൾ വിനു വന്ന് എന്നെ വീട്ടിൽനിന്നും വിളിച്ചിറക്കുകയായിരുന്നു. ഇരുന്ന് മടുത്തപ്പോളിറങ്ങി നടന്നു. ഇടവഴികളും ഒഴിഞ്ഞു കിടക്കുന്ന വിളകളും കടന്നാണ് കൈത്തോട്. അത് രണ്ട് പണകളെ ചേർത്ത് പിടിക്കുന്നുണ്ട്. മാനത്ത്കണ്ണിയും മുട്ടായിത്തൊലികളും പ്ലാസ്റ്റിക് കവറുകളും...
Your Subscription Supports Independent Journalism
View Plansവിബിയും വിനുവും നിഷിനും ഞാനും കൂടെ കയ്യാലയിലിരുന്നാണ് പത്ത് സീയുടെ മീറ്റപ്പിനെ കുറിച്ച് ചർച്ച ചെയ്തത്. ചിലരെ ഫോണിൽ വിളിച്ചു. മറ്റ് ചിലരെ വാട്സാപ്പിൽ കിട്ടുമോന്ന് നോക്കി. നേരം വെളുത്തപ്പോൾ വിനു വന്ന് എന്നെ വീട്ടിൽനിന്നും വിളിച്ചിറക്കുകയായിരുന്നു. ഇരുന്ന് മടുത്തപ്പോളിറങ്ങി നടന്നു. ഇടവഴികളും ഒഴിഞ്ഞു കിടക്കുന്ന വിളകളും കടന്നാണ് കൈത്തോട്. അത് രണ്ട് പണകളെ ചേർത്ത് പിടിക്കുന്നുണ്ട്. മാനത്ത്കണ്ണിയും മുട്ടായിത്തൊലികളും പ്ലാസ്റ്റിക് കവറുകളും തോട്ടിലൂടെ ഒഴുകിപോകുന്നുണ്ട്. വിബിയെ സ്കൂളിൽ ചേരാൻ ആദ്യത്തെ ദിവസം അവന്റെ അച്ഛൻ ഇത് വഴിയാണ് തോളിലിരുത്തി കൊണ്ടു വന്നത്. തോട് കടന്നപ്പോൾ അവൻ അച്ഛന്റെ ഉടുപ്പിലൂടെ പേടിച്ച് മുള്ളി. ഞങ്ങൾ കുറച്ചുനേരം എന്തൊക്കെയോ പറഞ്ഞ് സമയം കൊന്നുകൊണ്ട് തോട്ടിൽ കാല് ഒഴുക്കിയിരുന്നു. കാലൊഴുകി പോകുമോന്ന് പേടിച്ചു. വിളിക്കേണ്ടവരുടെ പേരുകൾ എ, ബി, സി, ഡി എന്ന ക്രമത്തിലെഴുതാൻ നിഷിന് വയ്യ. അ, ആ പിടിച്ച് ഡയറിയിൽ കുറിച്ച് െവച്ചു.
ഇടത്തോടിലും കുപ്പിച്ചില്ലും ബിയറ് കുപ്പികളും നിറഞ്ഞിട്ടുണ്ട്. ‘‘ഇടവഴി കേറി പോകാം’’, വിനു അങ്ങനെ പറഞ്ഞത് സുൽഫിയെയും സുനിയെയും കൂടെ കാണാമെന്ന് വിചാരിച്ചാണ്. ഇടവഴി പിടിച്ചാൽ വല്യ തിരക്കില്ലാതെ സ്കൂളിലെത്താം. ചന്തിയിലെ നുള്ളും ചൂരലടിയും ഒഴിവാക്കാം. ഇടവഴിയിൽ പകല് പോലും ഇരുട്ട് വീണുകിടക്കും. പായല് ചുടുകട്ടയിൽ പടം വരച്ചിട്ടതു പോലെ തോന്നും. എറുമ്പുകൾ വരിവരിയായി പോകുന്നത് വീണ് കിടക്കുന്ന ഒരു മാമ്പഴത്തിനടുത്തോട്ടാണ്. ‘‘പെണ്ണുങ്ങളെ വിളിക്കണ്ടേ?’’ സുൽഫിയുടെ വീട്ടീന്ന് അപ്പവും മുട്ടക്കറിയും തിന്നിട്ട് അവന്റെ മുറിയിൽ എല്ലാരും കൂടെ വട്ടംചുറ്റിയിരുന്നു. ‘‘നിഷ, സ്മിത, ബെറ്റി, ദിവ്യ, ശാലിനി, ബിൻസി, ഷമീല’’ സുനി ഓരോരുത്തരെയായി ഓർത്തെടുത്തു. ‘‘ശ്യാമിലി, ശ്യാമിലി’’, കൊതുവല കെട്ടിപ്പിടിച്ചുകൊണ്ട് വിനു പറഞ്ഞു. വിനുവിന് പണ്ടേ അവളെയൊരു നോട്ടമുള്ളതാണ്. അവന് മീശയും അവൾക്ക് മുഖക്കുരുവും വന്നത് ഏതാണ്ട് ഒരേ സമയത്താണ്.
ശ്യാമിലി ആ ക്ലാസിലെ തന്നെ ബിജിനെ കെട്ടി പാർക്കുന്നത് തുരുത്തിനടുത്താണ്. തുരുത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ അത് തീർക്കാൻ ആയിരം നാക്ക് വേണം. എട്ടി വച്ച് നിഷിൻ പറഞ്ഞ് മൂപ്പിച്ച് ക്ലാസിൽനിന്നും അഞ്ചാറ് പേര് തുരുത്ത് കാണാൻ പുറപ്പെട്ട് പോയി. രാവിലെ തുറക്കുന്ന തുരുത്ത് വൈകുന്നേരമാകുമ്പോ അടയും. തുരുത്തിലുള്ള ജീവികളേയും ജന്തുജാലങ്ങളേയും എണ്ണിയാൽ തീരൂല്ല. സ്വർണ അട്ട, പീണിക്കിളികൾ, ചെറുകുരുവികൾ, ചിത്തിരക്കിളികൾ, കാക്കകൾ, പലജാതി ചിത്രശലഭങ്ങൾ ഇവക്കെല്ലാം വെള്ളത്തിൽ കാവൽ നിൽക്കുന്ന കൊക്കുകളും.
‘‘സിനിമ, സിറ്റിയിൽ കറക്കം, അറിയാത്ത കല്യാണത്തിന് ദേവികൃപാ മണ്ഡപത്തിൽ പോയുണ്ണൽ, തുരുത്ത്’’ ഇതിലേത് വേണം? ചോദ്യം ചോദിച്ചതും ഉത്തരം പറഞ്ഞതും നിഷിൻതന്നെ. ‘‘തുരുത്ത് മതി.’’ തുരുത്തിൽ രാത്രിയെന്നോ പകലെന്നോയില്ല. എപ്പഴും ഇരുട്ട് മാത്രം. വൈകുന്നേരമാകുമ്പോൾ കിളികൾ ചേക്കേറാനായി തുരുത്തിലേക്ക് പറക്കും. തുരുത്തിൽ പോയവരെ കാണാതെ അന്ന് നാട്ടുകാർ നാട് മുഴുവൻ തെരഞ്ഞു. കണ്ട് കിട്ടിയപ്പോൾ പള്ളും അടിയും കിഴുക്കും പിന്നെ ഇമ്പോസിഷനും കിട്ടി. കാമുകിമാരുള്ള ആമ്പിള്ളേർക്ക് ഇമ്പോസിഷനെഴുതി കൈ കഴച്ചില്ല. ‘‘നിന്റെയൊക്കെ തെണ്ടിത്തിരിയൽ ഇന്നത്തോടെ നിർത്തും’’, എച്ച്.എം സ്കൂൾ അസംബ്ലിയിൽ െവച്ച് സർക്കീട്ടുകാർക്ക് മുഴുവനുമായി ഒരു താക്കീത് കൊടുത്തു. തൊട്ടടുത്ത ശനിയാഴ്ച അടി കിട്ടിയവർ കൂടുതൽ പിള്ളേരെ കൂട്ടി വീണ്ടും തുരുത്തിൽ പോയി. പേടിയുള്ളവർ കള്ളപ്പനി പറഞ്ഞ് വീട്ടിൽ കേറിയിരുന്നു. ചിലര് ബന്ധുവീടുകളിലും ചന്തയിലും പോയി. വേറെ ചിലര് ഏതൊക്കെയോ മരങ്ങളിൽ വലിഞ്ഞ് കേറാൻ പോയി.

തുരുത്ത് കിളികൾ ചേേക്കറാനായി അവർക്ക് വേണ്ടി ഒരുക്കി വച്ച ഒരിടമാണ്. അന്ന് തുരുത്തിലേക്ക് വന്ന് കേറിയ കുട്ടികളെ കിളികൾ അപരിചിതരെ പോലെ തുറിച്ച് നോക്കി. തുരുത്തിൽ പോയ രാത്രിയിൽ എല്ലാരും കൂടുതൽ ആണുങ്ങളായി. ആ തുരുത്തിലോട്ടാണ് ഇപ്പോൾ നടന്നുകേറിക്കൊണ്ടിരിക്കുന്നത്. സ്ലിപ്പറഴിച്ച് മുന്നിൽ നടന്ന് നിഷിൽ തന്നെ വഴികാട്ടി. ഇടക്കുെവച്ച് റോൾ നമ്പർ രണ്ടിനെ കാണാതായി. ക്ലാസ് ലീഡർ ബിജോയ് അവനെ തിരഞ്ഞ് പോയി. കൈലി മടക്കിക്കുത്തി ഞാനും പിറകേ പോയി. രണ്ടുപേരും തെങ്ങുന്തോട്ടത്തിൽ പുകവലിച്ചോണ്ട് നിൽക്കുന്നു. കടലടുത്തുള്ളതുകൊണ്ട് തെങ്ങുകൾക്കെല്ലാം ഒരു വളവുണ്ട്. പുകവലിക്കാർ അവർക്ക് മാത്രം പറയാവുന്ന ചില തമാശകൾ പറഞ്ഞ് ചിരിക്കുന്നു. ദൂരെ മാറിനിന്ന എന്നെ അടുത്തു വിളിച്ച് സിഗരറ്റ് വലിക്കാർ അലിവോടെ ഒരു എക്ലെയർസ് മുട്ടായി നീട്ടി. ആരോ വന്ന് ഉറക്കെ വിളിച്ചപ്പോൾ എല്ലാരും തിരിച്ച് ചെന്ന് സംഘത്തിൽ കേറി.
നടന്ന് നടന്ന് തുരുത്തിനടുത്തെത്തി. വളർന്ന് വലുതായി ശ്യാമിലി ഒരു തയ്യൽക്കാരിയായി മാറിയിരുന്നു. കുഞ്ഞുടുപ്പ്, നൈറ്റി, ബ്ലൗസ്, അടിപ്പാവാട, ചുരിദാർ ഇവയൊക്കെ തയ്ക്കാനുള്ള തുണിയും ചുമന്ന് നാട്ടുകാർ തുരുത്തിന്റെ വഴിയിലേക്ക് പോകുമായിരുന്നു. ബിജിന് പന്തല് പണിയാണ്. തുരുത്തിന്റെ അറ്റത്തെ ജീവിതം അവർക്ക് ബോറടിച്ച് തുടങ്ങിയിരുന്നു. കാര്യം ചെന്ന് പറഞ്ഞപ്പോൾ തന്നെ ഷാമിയാന റെഡിയാക്കാമെന്ന് ബിജിനേറ്റു. മീറ്റപ്പ് കളറാക്കണം. ശ്യാമിലിക്ക് പത്ത് സീയിലെ ആൺപിള്ളേരെ ഒരുമിച്ച് കണ്ടപ്പോൾ നാണം വന്നു. ഊണ് കഴിക്കാൻ കുറേ നിർബന്ധിച്ചു. ‘‘ഓവ് ചാലിനടുത്ത് പോയിരിക്കാം’’ വിനു പെട്ടെന്ന് വിഷയം മാറ്റി. ഒരു കൂട് മിക്ച്ചറും ഒരു കുപ്പിയുംകൊണ്ടാണ് വിനു രാവിലെ വന്നത്. ഓവ് ചാലിന്റെ കെട്ടനാറ്റം മൂഡില്ലാതാക്കും. ‘‘ക്ലബ്ബിന്റെ പുറകിൽ പോയിരിക്കാം.’’ നടന്ന് നടന്ന് അങ്ങെത്തി, എല്ലാരും വട്ടംകൂടി ഇരുന്നപ്പോൾ ഞാനവിടെനിന്നും പതുക്കെ വലിഞ്ഞു.
ഒമ്പതിവച്ച് സ്കൂളിൽ പോകാതെ ക്ലാസ് കട്ട് ചെയ്ത് എല്ലാരും കൂടെ സിറ്റി നിരങ്ങാൻ പോയപ്പഴും ഞാനിങ്ങനെ തെന്നിമാറിയിരുന്നു. അന്ന് പോയത് കൊക്കോത്തോട്ടത്തിലോട്ടാണ്. അത് ദീപ വിളിച്ചിട്ടായിരുന്നു. അവൾ കണ്ടുപിടിച്ച ഒളിയിടമാണത്. ഞങ്ങളുടെ നാട്ടിൽ കാവില്ല. പാടവും വീതി കൂടിയ വരമ്പുമുണ്ട്. അലഞ്ഞ് നടക്കാൻ ഒരുപാട് സ്ഥലമുണ്ടെങ്കിലും ഒളിച്ചിരിക്കാൻ സ്ഥലങ്ങൾ തീരെയില്ല. ‘‘ഇവിടം അത്ര നല്ലതല്ല. വാ വേറെ എങ്ങോട്ടെങ്കിലും പോകാം’’, ഞാൻ ദീപയുടെ കൈ പിടിച്ച് ആളൊഴിഞ്ഞു കിടക്കുന്ന ഒരു വീടിന്റെ പുറക് വശത്തോട്ട് പോയി. ആ വീട്ടുകാർ ഗൾഫിലാണ്. വാടകക്കാർ ഒരു മാസം മുമ്പേ കാലിയാക്കിയിരുന്നു. ഞങ്ങളവിടെ മണ്ണിൽ കിടന്നുരുണ്ടു. പണ്ട് വയലിരുന്ന സ്ഥലമായതുകൊണ്ട് മണ്ണിന് നല്ല പശമയമുണ്ട്. ദീപ വീട്ടിൽനിന്നും കെട്ടിക്കൊണ്ടു വന്ന പൊതിയിലെ മീൻ പൊരിച്ചത് ഞാൻ ആദ്യമേ കൈക്കലാക്കി. ആ വീടിന്റെ പിന്നാമ്പുറത്ത് എച്ചിലും വളിച്ച കൂട്ടാനും കുഴി കുത്തി ഉണങ്ങി കിടന്നു.
ദീപയുടെ പാവാട പൊങ്ങിപ്പോയപ്പോൾ അവളുടെ ചെറുരോമങ്ങൾ എത്തിനോക്കി. ഞാനും ആ ചെറുരോമങ്ങളും ഒളിച്ചേ കണ്ടേ കളിച്ചു. അവള് ഇന്നലെ കാല് ഷേവ് ചെയ്ത് കാണണം. അതാണിത്ര പൊടിരോമങ്ങൾ. അവൾക്ക് വളർന്ന് വലുതായി ടീച്ചറാവണം. പിള്ളേരെ അടിക്കണം. കിഴുക്കണം. സ്കൂള് പൊളിക്കണം. അവിടെ ഒരു മൈതാനമാക്കി കൊന്നി തൊട്ട് കളിക്കണം. എനിക്ക് കള്ളന്മാരെ എടുത്തിട്ടിടിക്കുന്ന ഒരു പോലീസാവണം. ജീപ്പിരപ്പിച്ച് പോയി കള്ളന്മാർ, കൊലപാതകികൾ, വേഷംകെട്ടുകാർ, പണം പിടുങ്ങുന്നവർ, അസൂയയും കുശുമ്പും കുന്നായ്മയുമുള്ളവർ, പൊക്കമടിക്കാർ ഇവരെയൊക്കെ പിടിച്ച് അകത്താക്കണം. പെണ്ണേ, അതിനിനിയും ഒരുപാട് കാലമെടുക്കും. സഞ്ചിയിൽനിന്നും ബിയറ് കുപ്പി പുറത്തെടുത്തപ്പോൾ ദീപ സന്തോഷംകൊണ്ട് മണ്ണിൽ ഒരിക്കക്കൂടെ കിടന്നുരുണ്ടു. ‘‘ഇവിടെ ഇരുന്നാ ശരിയാവൂല്ല. വേറെ എങ്ങോട്ടെങ്കിലും പോവാം. വാ’’, അവള് കൈ പിടിച്ചോടി. റെയിൽവേ സ്റ്റേഷന്റെ അടുത്ത് കുറച്ച് പുറമ്പോക്കുണ്ട്. പുല്ലും പാഴ് ചെടികളും വളർന്ന് മൂടിക്കിടക്കുന്നു.

‘‘നിന്റെ കൂട്ടുകാരെങ്ങോട്ട് പോയി?’’ അവൾ ബിയറ് കുടിച്ച് തടിച്ച് ചുവന്ന് തുടുക്കുന്നത് സ്വപ്നം കണ്ടു. ‘‘ആ, വല്ല സിനിമയ് ക്കോ കടപ്പുറത്തോ പോയിക്കാണും. അവന്മാർക്ക് ഒരിടത്ത് ഇരിപ്പുറയ്ക്കൂല്ലല്ല്...’’ ബിയറ് അവളുടെ വായിൽനിന്നും തുള്ളിച്ചാടി ശരീരത്തിലൂടെ ഒഴുകി. വാട്ടർ ബോട്ടിലാണ് ബിയർ ഗ്ലാസ്. ‘‘നിനക്ക് അവരുടെ കൂടെ പോകുന്നതാണോ എന്റെ കൂടെ വരുന്നതാണോ ഇഷ്ടം. സത്യമേ പറയാവൂ.’’ അവള് തലയിൽ പിടിച്ച് ആെണയിടീപ്പിച്ചു. എനിക്ക് പേടിയായി. ഞാൻ അച്ഛനെ വിളിച്ചും അമ്മയെ വിളിച്ചും കൊച്ചേച്ചിയെ വിളിച്ചും ആണെയിട്ടു. ‘‘ബസ് സ്റ്റാൻഡിലും പാർക്കിലും നിന്റെ കൂടെ ഇരിക്കാനാണിഷ്ടം. പിന്നെ ഉത്സവപ്പറമ്പിൽ അവന്മാരുടെ കൂടെ കറങ്ങാനും.’’ ബിയറ് കുടിച്ച് വയറും തലയും പെരുത്തപ്പോൾ അവൾക്ക് അടുത്തുള്ള ചെറിയ കുന്ന് കേറാൻ കൊതി തോന്നി.
‘‘വാ പോവാം...’’ അവൾ മുന്നിൽ കേറി നടപ്പ് പിടിച്ചു. നടന്ന് നടന്ന് ഞങ്ങൾ ഇടക്കുന്നിലെത്തി. പിടിച്ചും വലിച്ചും ചുമന്നും ഒരുവിധം മണ്ടയിലെത്തിയപ്പോൾ അവള് ഒരു പാറക്കല്ലിൽ കേറിയിരുന്ന് കുമ്പസരിച്ചു. ‘‘ബിന്ദു ടീച്ചറിന് ഒരു പണി കൊടുക്കണം. അവരെ എന്റെ അമ്മ പോയിക്കണ്ട് കുറേ എന്തൊക്കെയോ തലയിൽ പറഞ്ഞ് കേറ്റിയിട്ടുണ്ട്. ഞാൻ ഉച്ചയ്ക്ക് ചോറ് കൊണ്ടുപോകുന്ന പാത്രം കഴുകൂല്ല. മീൻമുള്ളും മുരിങ്ങാക്കാലും തിന്നിട്ട് ഇട്ടടച്ച് തിരിച്ച് കൊണ്ടുപോകും. പിന്നെയത് കഴുകാതെ ബാഗിൽ തന്നെയിടും. പിറ്റേന്ന് രാവിലെ അത് കണ്ടിട്ട് എന്റെ അമ്മക്ക് ഓക്കാനിക്കാൻ വരുമെന്ന്. ഇവര് എന്നെ വിളിച്ച് ഒരു കെട്ട് ഉപദേശം. അമ്മ എന്റെ തീട്ടവും മൂത്രവും കോരിയതല്ലേ. ഇവർക്കെന്താണ് കേട്. വാ നമുക്കീ കുന്നീന്നെടുത്ത് ചാടാം.’’ ബിന്ദു ടീച്ചറിനെ ശരിപ്പെടുത്താമെന്ന് സത്യംചെയ്ത് ഒരുവിധം അവളെ താഴെയിറക്കി. കയറ്റത്തേക്കാൾ എളുപ്പമാണ് ഇറക്കം. കേറിയപ്പോൾ പറഞ്ഞതിനേക്കാൾ നല്ലൊരു കഥയാണ് ഇറങ്ങിയപ്പോൾ അവൾ പറഞ്ഞത്. ‘‘കുറ്റിക്കാട്ടിൽ കൊണ്ടുപോയാലേ ഞാൻ കഥ പറയൂ’’, അവൾ ഗമയടിച്ചു.
നേരെ പോയാൽ കുറ്റിക്കാട്ടിലെത്തൂല്ല. പഞ്ചായത്തതിര് കടക്കണം. നടന്ന് നടന്ന് കുറ്റിക്കാടെത്തിയപ്പോൾ സമയം കുറേ പോയി. പാറക്വാറിയുടെ അറ്റത്ത് പോയിരുന്നാൽ മതിയായിര്ന്ന്. ‘‘നമ്മുടെ ക്ലാസ്സിലെ ഒരുത്തി ആരോ കൊടുത്ത കോണ്ടമെടുത്ത് ബലൂണെന്ന് വിചാരിച്ച് ഊതിവീർപ്പിച്ച്. മണ്ടി. മരമണ്ടി.’’ ദീപ കഥ പറഞ്ഞിട്ട് മൂക്കുകുത്തി ചിരിച്ചു. എനിക്ക് കുറ്റിക്കാട്ടിൽനിന്നും അവളുടെ കുരുക്കുന്ന ചിരിയിൽനിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി. കുറച്ച് കൂടെ വെട്ടവും ആളുമുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം. അത് വഴി കാറും ജീപ്പും ബസും ലോറിയും പോകും. ‘ഇതിനേക്കാൾ നല്ലത് കിണറ്റുങ്കരയോ എന്നെച്ചിന്റെ ഓരമോ ആയിര്ന്ന്’, ഞാൻ മനസ്സിലോർത്തു. കൂട്ടുകാരുടെ അടുത്ത് എളുപ്പമെത്താനുള്ളതുകൊണ്ട് പല വീടുകളുടെ നടവഴി കേറിയാണ് അന്ന് തിരിച്ചു പോയത്. കൂട്ടുകാർ വഴിമാറി തീവണ്ടിപ്പാളത്തിൽ പോയിക്കാണുമോന്ന് ഞാൻ വിചാരിച്ചു. അല്ലെങ്കിൽ ചതുപ്പിനടുത്തുള്ള മതിലിൽ. ഒരിടത്തോട്ട് പോയി മറ്റൊരിടത്ത് എത്തിപ്പെടുക ഒരു നടത്തരീതിയാണ്. കുറേ നടക്കുമ്പോൾ കാല് കഴയ്ക്കും. അപ്പോൾ ഒരിടത്ത് ഇരിപ്പ് പിടിക്കും.
‘‘നീയിതെവിടെ പോയി കിടക്കയായിര്ന്ന്?’’ കുപ്പിച്ചില്ല് പതിക്കാത്ത മതിലിൽ സംഘം നിരന്നിരിക്കുന്നു. എന്നെ കണ്ടതും എല്ലാരും കൂടെ കടിച്ച് കീറി. പെറോട്ട മാവ് പോലെ ചുഴറ്റിവീശി ചുവരിലെടുത്ത് തേച്ചു. ‘‘നിന്റെയീ മുങ്ങൽ ഞങ്ങള് നിർത്തും. നോക്കിക്കോ. വാ മൈതാനത്തോട്ട് വിടാം. കുറേ പരിപാടികൾ ചെയ്യാനുണ്ട്.’’ കൂട്ടം ഇപ്പോൾ കൊഴുത്തു. നാൽപത്തിരണ്ട് പേരെയും ഈ വർഷം ഒരുമിച്ച് കൂട്ടണമെന്ന് തീരുമാനിച്ചു. ദൂരെയുള്ളവരെ നേരത്തെ വിളിച്ച് ഡേറ്റ് അറിയിക്കണം. എങ്കിലേ അവർക്ക് വണ്ടിയും വള്ളവും പിടിച്ച് ഒരുങ്ങി ഇങ്ങെത്താൻ പറ്റൂ. ചൊറിയണം, പതിവുപോലെ ചില വെറുപ്പിക്കുന്ന ഡയലോഗുകൾ അടിച്ച് വിട്ടു. ക്ലാസ് ഒറ്റക്കെട്ടായിട്ടാണ് അവനാ പേരിട്ടത്. അവന്റെ കയ്യിലിരുപ്പ് തന്നെ കാരണം. മൈതാനത്തിന്റെ പുറക് വശത്തായി മരച്ചീനിവിളയുണ്ട്.
അവിടോട്ട് ചിലപ്പോൾ പന്തുരുണ്ട് പോകും. അവിടെയിട്ടാണ് ചൊറിയണത്തിനെ ചവിട്ടിക്കൂട്ടിയത്. അവനൊന്ന് ഒതുങ്ങിയെങ്കിലും സെന്റോഫിന് തിരിച്ചടിക്കുമെന്ന് അവൻ പത്ത് സീയിലെ ബെഞ്ചിൽ എഴുതിെവച്ചു. മൂത്രപ്പുരയിലും സ്കൂളിന്റെ മതിലിലും എഴുതിയിട്ടു. മൂത്രപ്പുരയിൽ വച്ച് തുടങ്ങിയ ഒരു ചെറിയ പരുവാണ് മുതുക്ക് പുണ്ണായി മാറിയത്.
ഒരു കാലത്തെ വേദന പിന്നയൊരു കാലത്തെ തമാശയാണല്ലോ. വെയില് മൂത്തതുകൊണ്ട് കടത്തിണ്ണയിലോട്ട് പോകാമെന്ന് ഞങ്ങള് തീരുമാനിച്ചു. മീറ്റപ്പിന്റെ അന്നത്തെ ചായക്കടി സുബൈറ് സ്പോൺസർചെയ്തു. കപ്പപ്പഴവും പൊതിക്കേക്കും മിക്സ്ച്ച റും ഡ്രിങ്ക്സും മതിയെന്ന് തീരുമാനിച്ചു. പഫ്സ് തിന്നാൽ ശരീരം മുഴുവൻ വൃത്തികേടാവും. സുബൈർ ഗൾഫിൽനിന്നും ആക്സോയിലും ടൈഗർബാമും കൊണ്ടുവന്നിരുന്നു. കരീമിക്കയുടെ കടത്തിണ്ണയിലിരുന്ന് ഞങ്ങൾ പഴിഞ്ഞി കുടിച്ച് കൊണ്ട് മൂത്ത് വന്ന വെയിലിനെ നോക്കി. ‘‘ഇങ്ങനെ ഇരുന്നാൽ പിത്തംപിടിക്കും. വാ ഇറങ്ങിനടക്കാം’’, ആരോ പറഞ്ഞു. പണ്ടേ ഞങ്ങൾക്ക് ക്ലാസിലിരിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. കുണ്ടും കുഴിയും നിറഞ്ഞ ഇടവഴികൾ കേറി ഏതെങ്കിലും വിറകുപുരയുടെ മുന്നിൽ പോയി എത്രനേരം വേണമെങ്കിലും വായും നോക്കിനിൽക്കാം. യാത്രകളുടെ റൂട്ടും കാഴ്ചകളും കൂടുതൽ തിട്ടം പത്ത് സീയിലെ പിൻബെഞ്ചുകാർക്കാണ്.
നടന്നു നടന്ന് പഞ്ചായത്തതിർത്തി കഴിഞ്ഞു. ഇനിയൊരു തേരിയാണ്. കേറിയാലും കേറിയാലും അത് തീരൂല്ല. പിന്നെയൊരു മുടുക്കുണ്ട്. ‘‘ഒരു ഡ്രസ്സ് കോഡ് വേണം.’’ വിനു അധികാരഭാവത്തിൽ പറഞ്ഞു. ക്ലാസ് ഫസ്റ്റ് ആണെന്ന ധാർഷ്ട്യം അവനുണ്ട്. പരീക്ഷ വന്ന് കഴിയുമ്പോഴാണ് ക്ലാസ് രണ്ട് രാജ്യങ്ങളായിത്തീരുന്നത് –മാർക്ക് വേട്ടക്ക് ഇറങ്ങുന്നവരും, ഇറങ്ങാത്തവരും. മാർക്ക് വേട്ടക്ക് പോകുന്നവരുടെ കൂട്ടത്തിൽ നിറച്ചുമാളുണ്ടാവും. സാറന്മാരും വീട്ടുകാരും അയൽക്കാരും ട്യൂഷൻ സാറന്മാരും ഗൈഡ് ഉടമകളുമൊക്കെ അതിൽ കാണും. മാർക്ക് വേട്ടക്കാരാരുംതന്നെ അത്ര വല്യ യാത്രികരല്ല. വേട്ടക്ക് പോയിട്ട് കിട്ടുന്ന കോള് കണ്ടിട്ട് വേണം ഫ്ലെക്സ് അടിച്ച് നാട്ടിൽ മുഴുവനും നിരത്തിവെക്കാൻ. മാർക്ക് വേട്ടക്ക് ഇറങ്ങാത്തവർ ശാന്തന്മാരും സമാധാനപ്രിയരുമാണ്. അവരപ്പോൾ ഏതെങ്കിലും തോട്ടുവക്കിൽ പോയി ഇരിക്കുന്നുണ്ടാവും.
മീറ്റപ്പിന് ഡിജെ വേണമെന്ന് എല്ലാരും ഒരുമിച്ച് പറഞ്ഞു. ഡിസ്കോ ലൈറ്റും ഡാൻസും പരിപാടി തീരുമ്പോൾ വേണം. വായിക്കേണ്ട പാട്ടുകളുടെ ലിസ്റ്റ് ആദ്യമേ ഉണ്ടാക്കിവെക്കണം. ഇല്ലെങ്കിൽ അവസാനം എല്ലാംകൂടെ അലമ്പാവും. ഫാമിലിയെ മീറ്റപ്പിന് കൂട്ടണോന്ന് ആലോചിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും പോയി കലുങ്കിലിരുന്നു. അവരവർ വരുന്നതേ പ്രയാസമുള്ള കാര്യമാണ്. പിന്നെ കുഞ്ഞുകുട്ടികളുമായി വരുന്നത് കൂടുതൽ പാടാണ്. ഞാൻ പാത്രത്തിലിട്ട് കൊണ്ടുപോയ പയറ്സഞ്ചി നിമിഷനേരംകൊണ്ട് എല്ലാരും അകത്താക്കി. ചില സ്റ്റൈലുകാർ പാവം പയറ് സഞ്ചിയെ മോദകം എന്ന് വിളിച്ചു. ഇവിടെയീ കലുങ്കിലിരുന്നാൽ സ്കൂളിന്റെ ഒരു തുണ്ട് കാണാം. സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്തവർക്കും ദൂരെ എവിടെയെങ്കിലും പോയിരുന്ന് സ്കൂളിലോട്ട് നോക്കിക്കൊണ്ടിരിക്കുക വല്യ ഇഷ്ടമുള്ള കാര്യമാണ്. വൈകുന്നേരങ്ങളിൽ മാടൻപാറയിൽ കേറി നിന്നാൽ സ്കൂൾ മുഴുവനായി തന്നെ കാണാം. പശുവും ആടും മേഞ്ഞ് നടക്കുന്ന വഴിക്ക് കുറുകെ പോയാൽ ഞങ്ങൾ സ്കൂള് വിട്ട് വരുന്ന വഴി വരെയും കാണാം.
അന്ന് വിനോദയാത്രക്ക് പോയതും ഏതാണ്ട് ഇതുപോലൊരു സന്ധ്യാനേരത്തായിരുന്നു. ട്രാവലറിൽ സിനിമാപ്പാട്ട് വെക്കാൻ ഞങ്ങൾ വിളിച്ച് കൂകി. സഞ്ചികളിൽ ആപ്പിളും മടക്ക്സാനും വെള്ളക്കുപ്പികളും കൂളിങ് ഗ്ലാസുകളും െവച്ചിട്ടുണ്ടായിരുന്നു. ബസ് വിട്ട് ഒരു മിനിറ്റ് കഴിയും മുമ്പേ എല്ലാരും തുള്ളിച്ചാടാൻ തുടങ്ങി. എനിക്ക് ദീപയുടെ അടുത്ത് പോയി ഇരിക്കണമെന്നുണ്ടായിരുന്നു. കൊട്ടാരത്തിൽ പോകുമ്പോഴോ ജയന്റ് വീലിൽ കേറുമ്പോഴോ കടലിൽ കാല് നനയ്ക്കുമ്പോഴോ എപ്പഴെങ്കിലും എനിക്ക് അവളുടെ കൂടെയൊന്ന് ഇരിക്കണം. അത് മാത്രമാണ് യാത്ര തുടങ്ങും മുമ്പേ എന്റെ മനസ്സിൽ. ടൂറിനുള്ള പൈസ ഏറ്റവും അവസാനമടച്ചത് ദീപയാണ്.
ഞങ്ങളുടെ നാട്ടിലെങ്ങും വെള്ളച്ചാട്ടമില്ല. ഞങ്ങൾ ബോറടിക്കുമ്പോൾ പോയിരിക്കുന്നത് വേലിക്കപ്പുറത്തോ മൈതാനത്തിലോ ആണ്. ക്ലാസിലെ വല്യ സവാരിക്കാരാരുംതന്നെ ഇന്നേ വരെ ഒരു വെള്ളച്ചാട്ടം നേരിട്ട് കണ്ടിട്ടില്ല. വയല്, കുന്ന്, തോട്, ഇടവഴി, പണ, മല, കവല, തുരുത്തിന്ററ്റം ഇവിടങ്ങളിലൊക്കെ പോയി നിന്ന് ഞങ്ങൾക്ക് മടുത്തിരുന്നു. സൂ കണ്ട ബിൻസി ഞങ്ങൾക്കൊരു ആവേശമായിരുന്നു. വെള്ളച്ചാട്ടം കാണാൻ പോകുന്നതിന്റെ സന്തോഷം ഞങ്ങളുടെ മനസ്സിലും മുഖത്തുമുണ്ടായിരുന്നു. അങ്ങനെ പോയപ്പോഴല്ലേ ഞങ്ങളാ ആഴമുള്ള കൊക്കയിലെ ഇരുട്ടിലേക്ക് ഉരുണ്ടുരുണ്ട് വീണത്. ആഴം, ആഴം, ആഴമാഴം... അതും കഴിഞ്ഞൊരു യാത്ര. എനിക്കന്ന് ദീപയുടെ അടുത്ത് സീറ്റ് കിട്ടിയില്ലല്ലോ! മീറ്റപ്പിന് എന്ത് വന്നാലും ഞാൻ അവളുടെ അടുത്തേ ഇരിക്കൂ... നമുക്ക് ജീവിക്കാനാവാത്ത ജീവിതങ്ങളാണല്ലോ കുഞ്ഞേ കഥകളായി മാറുന്നത്!
