ഏറ്റുമാനൂരച്ഛൻ

നവമി എത്തുമ്പോൾ ഓഫീസ് പതിവില്ലാത്തവിധം ശോകമൂകമായിരുന്നു. തണുത്ത ഗുഡ്മോണിങ് പറച്ചിലുകൾ, തെളിയാത്ത നോട്ടങ്ങൾ. “എന്തുപറ്റി എല്ലാർക്കും?” അവൾ തൊട്ടടുത്ത സീറ്റിലെ പ്രമോദിനോട് തിരക്കി. അയാളുടെ രക്തശോഭയുള്ള മുഖം വിളർത്തും ശാന്തമായ കണ്ണുകൾ തുടുത്തുമിരുന്നു. ഓഫീസിൽ നവമിയുടെ അടുത്ത സുഹൃത്താണ് പ്രമോദ്. അതുകൊണ്ടുതന്നെ അവളുടെ ഈ ചോദ്യത്തിന് എന്തു മറുപടി കൊടുക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു അയാൾ. പത്തു വർഷമായി നവമിയെ അയാൾക്കറിയാം. എന്നും...
Your Subscription Supports Independent Journalism
View Plansനവമി എത്തുമ്പോൾ ഓഫീസ് പതിവില്ലാത്തവിധം ശോകമൂകമായിരുന്നു. തണുത്ത ഗുഡ്മോണിങ് പറച്ചിലുകൾ, തെളിയാത്ത നോട്ടങ്ങൾ.
“എന്തുപറ്റി എല്ലാർക്കും?” അവൾ തൊട്ടടുത്ത സീറ്റിലെ പ്രമോദിനോട് തിരക്കി. അയാളുടെ രക്തശോഭയുള്ള മുഖം വിളർത്തും ശാന്തമായ കണ്ണുകൾ തുടുത്തുമിരുന്നു. ഓഫീസിൽ നവമിയുടെ അടുത്ത സുഹൃത്താണ് പ്രമോദ്. അതുകൊണ്ടുതന്നെ അവളുടെ ഈ ചോദ്യത്തിന് എന്തു മറുപടി കൊടുക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു അയാൾ. പത്തു വർഷമായി നവമിയെ അയാൾക്കറിയാം. എന്നും കാലത്തും ഉച്ചക്കും വൈകീട്ടും മുറതെറ്റാതെ അവളെ വിളിക്കാറുള്ള ആ അച്ഛനെയും അറിയാം. എന്നും വിളിക്കുന്നത് ഭർത്താവാണെന്നാണ് പ്രമോദ് ആദ്യം കരുതിയിരുന്നത്. പിന്നീട് അവൾതന്നെ പറഞ്ഞു: “ഏറ്റുമാനൂരച്ഛനാണ്.”
“ഏറ്റുമാനൂരപ്പൻ എന്ന് കേട്ടിട്ടുണ്ട്. ഏറ്റുമാനൂരച്ഛൻ എന്ന് ആദ്യമായിട്ടാ കേൾക്കുന്നത്.”
“അയ്യോ, അതെന്റെ അച്ഛനാണ്. വിവാഹം കഴിഞ്ഞപ്പോ രണ്ട് അച്ഛന്മാരും തമ്മിൽ കൺഫ്യൂഷൻ ആവാതിരിക്കാൻ അങ്ങനെയാക്കിയതാണ്.” “ഏറ്റുമാനൂരച്ഛന്, നവമി ഇപ്പോഴും സ്കൂൾക്കുട്ടി ആണെന്നാവും വിചാരം. ആദ്യമായിട്ടാ കെട്ടിച്ചുവിട്ട് വർഷങ്ങൾ കഴിഞ്ഞും മകളെ എന്നും വിളിച്ച് വിശേഷം തിരക്കുന്ന ഒരച്ഛനെ കാണുന്നത്.”
“അച്ഛൻ അങ്ങനെയാണ്. ഓഫീസിൽ എത്തിയോ? ഭക്ഷണം കഴിച്ചോ? ഓഫീസിൽനിന്ന് ഇറങ്ങിയോ? തിരികെ വീടെത്തിയോ? എന്നിങ്ങനെ യാതൊരു മാറ്റവും ഇല്ലാത്ത ചോദ്യങ്ങളാണ്. എങ്കിലും എന്നും അച്ഛനത് ചോദിച്ചില്ലെങ്കിൽ വിഷമമാകും. ശീലമായിപ്പോയി.”
നവമിയുടെ അച്ഛൻ പ്രമോദിന്റെ ഉള്ളിൽ കൗതുകമായി നിറഞ്ഞു. അതുപോലെ ഒരച്ഛനാവാൻ അയാൾ ആഗ്രഹിച്ചു. എന്നാൽ, നീണ്ടനാളത്തെ സ്ഥലംമാറ്റത്തിനുശേഷം വീണ്ടും കൂട്ടിമുട്ടിയപ്പോൾ അച്ഛന്റെ വിളികൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു നവമിയെയാണ് പ്രമോദ് കണ്ടത്.
“ഏറ്റുമാനൂരച്ഛനായിരിക്കും. എടുക്കുന്നില്ലേ?” ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട് പ്രമോദ് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം,
“ഈ അച്ഛന്റെയൊരു കാര്യം. നൂറു തിരക്കുണ്ട് അപ്പഴാ” എന്നും പറഞ്ഞ് കട്ട് ചെയ്യും. ഇല്ലെങ്കിൽ തിരക്കിട്ട് എന്തേലും ഒന്ന് പറഞ്ഞുവെക്കും. കഴിഞ്ഞ ദിവസങ്ങളിൽ നവമിക്ക് ഓഫീസിൽ വെച്ച് അച്ഛന്റെ വിളികൾ വന്നിട്ടില്ലെന്ന് പ്രമോദ് ഓർത്തു. അതാണ് ആ വാർത്തക്കു പിറകെ അയാൾ പോയതും.
“എന്താടോ? എന്തുപറ്റി?” നവമി പ്രമോദിന്റെ ചുമലിൽ തട്ടി ചോദ്യം ആവർത്തിച്ചു.
“ഏറ്റുമാനൂരച്ഛൻ എവിടെങ്കിലും പോകുന്ന കാര്യം നിന്നോട് പറഞ്ഞിരുന്നോ?’’
“ഇല്ല. എന്തേ?”
“നിന്നെ എപ്പോഴാ ലാസ്റ്റ് വിളിച്ചേ?”
“മൂന്നാലുദിവസം മുമ്പ് ഉച്ചയ്ക്ക്. ഞാനന്നേരം മീഷോയിൽ ഒരു സാരി നോക്കുവായിരുന്നു. നീ ചോദിച്ചില്ലേ എന്താ കാൾ എടുക്കാത്തേന്ന്. പിന്നെ വിളിച്ചിട്ടില്ല. കുറച്ചു നാളായിട്ട് രാത്രി വിളിച്ചാൽ ഞാൻ എടുക്കാറില്ല. വല്ല വെബ് സീരീസും കണ്ടിരിക്കുന്ന നേരത്താവും വിളി. പിന്നെ വിളിച്ചിട്ടില്ല, എന്തേലും തിരക്കായിരിക്കും. എന്താടോ? പറ” അസ്വസ്ഥതയോടെ നവമി അയാളെ നോക്കി.
“ഇൻസ്റ്റഗ്രാമിൽ വന്ന ഒരു ന്യൂസാണ്. രണ്ടുദിവസം മുമ്പ് തിരുപ്പതിമല കയറുന്നതിനിടെ ഒരു വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. അയാളുടെ കയ്യിൽനിന്നും കിട്ടിയ വിവരംവെച്ച് ഏറ്റുമാനൂരിൽനിന്ന് ബസ്സിൽ യാത്ര ചെയ്തുവന്നയാളാണ്. കാഴ്ചക്ക് എഴുപതുകാരൻ. സഞ്ചിയിൽ പവേഴ്സ് ഓഫ് മൈൻഡ് എന്ന പുസ്തകം കിടപ്പുണ്ട്. ജഡം അവിടെ ടൗൺ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിവരം കിട്ടിയിട്ടില്ല’’, പ്രമോദ് അറിഞ്ഞ വസ്തുതകൾ പങ്കുവെച്ചു. നവമിക്ക് അതു കേട്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ല. മൊത്തത്തിൽ ഒരു തരിപ്പ്. അത്രമാത്രം. എന്നാൽ, ആ തരിപ്പ് ഒതുങ്ങിയതും നിന്നനിൽപിൽ ഒരു സൂനാമിത്തിര വന്ന് തന്നെ അടിച്ചു കൊണ്ടുപോകുന്നപോലൊരു തിക്കുമുട്ടൽ തോന്നി.
“അച്ഛനോ? എന്റച്ഛനാവില്ല”, അവൾ ശ്വാസം കിട്ടാൻ പ്രയാസപ്പെട്ടെന്നോണം പ്രമോദിന്റെ മുന്നിലെ കസേരയിൽ ഇരുന്നു.
“ഉറപ്പില്ല. ഊഹം മാത്രം. അച്ഛനെ ഒന്ന് വിളിച്ചുനോക്കൂ. എന്നും ഒരു മുടക്കവും വരുത്താതെ അച്ഛൻ വിളിക്കുമായിരുന്നില്ലേ? വീട്ടിൽ മറ്റാരും ഇല്ലാത്ത സ്ഥിതിക്ക് പതിവുപോലെ വിളിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ”, പ്രമോദിന് തന്റെ ഉത്തരവാദിത്തമില്ലായ്മ ഓർത്ത് നീരസവും അച്ഛനെ ഓർത്ത് വലിയ ഉത്കണ്ഠയും ഉണ്ടെന്ന് ദുർഗക്ക് മനസ്സിലായി. അവൾ വിറയ്ക്കുന്ന കൈകൾകൊണ്ട് മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽനിന്നും ഏറ്റുമാനൂരച്ഛനെ തപ്പിയെടുത്തു. പണ്ടെല്ലാം ആ നമ്പർ കാണാപ്പാഠമായിരുന്നു. ഇപ്പോൾ ഏകദേശം നാല് വർഷമെങ്കിലും ആയിക്കാണും ആ നമ്പറിലേക്ക് വിളിച്ചിട്ട്. അച്ഛൻ എന്നും ഇങ്ങോട്ട് വിളിക്കുന്നതുകൊണ്ടായിരുന്നോ, അതോ ജീവവായുവെന്നപോലെ അദൃശ്യ സാന്നിധ്യമായി അച്ഛനെ അനുഭവിക്കുന്നുണ്ടെന്ന തോന്നൽകൊണ്ടാണോ? അവൾ കുറ്റബോധത്തോടെ ഒരാത്മ പരിശോധന നടത്തി.
“അല്ലേലും പലർക്കും കടമയും സ്നേഹവും കീഴോട്ടു മാത്രമേ കാണൂ. സ്വന്തം കുട്ടികളോടും കുടുംബത്തോടും മാത്രം! പൊന്നേ പൊടിയേന്നും പറഞ്ഞ് വളർത്തിയ അച്ഛനോടും അമ്മയോടും ഒന്നു മിണ്ടാൻപോലും നേരം കാണില്ല”, പണ്ട് ആരോ പറഞ്ഞുകേട്ട പരിഭവത്തിന്റെ പൊരുൾ അവൾക്ക് ഇപ്പോഴാണ് മനസ്സിലായത്.
അച്ഛന്റെ ഫോണിലെ ‘‘ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ” എന്ന റിങ്ടോണും അതിന്റെ അറ്റത്തുള്ള മോളേ… എന്നുള്ള വിളിയും കേൾക്കാൻ കൊതിച്ചുകൊണ്ട് പലവട്ടം വിളിച്ചെങ്കിലും കിട്ടിയില്ല.
“അച്ഛനെ കിട്ടുന്നില്ല, ഫോൺ സ്വിച്ച് ഓഫാണ്,” നവമിയുടെ ശബ്ദം പരിഭ്രാന്തിയിൽ മുങ്ങി.
“പേടിക്കാതെ. അച്ഛന്റെ കൂട്ടുകാർ, അയൽക്കാർ, ബന്ധുക്കൾ അങ്ങനെ ആരുടെയെങ്കിലും നമ്പറിലേക്ക് വിളിച്ചുനോക്കൂ”, പ്രമോദ് ആശ്വസിപ്പിച്ചു.
“അങ്ങനെ ആരുമില്ല. എനിക്കാരുടെയും നമ്പർ അറിയില്ല...” കോൺടാക്ട് ലിസ്റ്റിലൂടെ ഒരു നിമിഷം കണ്ണുകളോടിച്ചതിനുശേഷം വെപ്രാളത്തോടെ നവമി എഴുന്നേറ്റ് പുറമേക്കോടി.
“താൻ എങ്ങോട്ടാ ഈ ഓടിപ്പോകുന്നേ?”, പ്രമോദ് പുറകെ എത്തി.
“എനിക്കറിയില്ല.”
“ടെൻഷൻ ആവാതെ. എന്തുവന്നാലും ഫേസ് ചെയ്തല്ലേ പറ്റൂ. ഞാൻ ഓഫീസിൽ ഒന്ന് പറഞ്ഞിട്ട് വരട്ടെ. എന്നിട്ട് നമുക്കാദ്യം ഏറ്റുമാനൂരെ വീട്ടിലേക്ക് ചെല്ലാം. അച്ഛന്റെ തിരിച്ചറിയൽ രേഖകൾ എന്തെങ്കിലും എടുത്തുവേണം തിരുപ്പതിയിലോട്ട് പോകാൻ”, പ്രമോദ് ഉപദേശിച്ചു. അയാൾ കൂടെ വരാമെന്നേറ്റത് നവമിക്ക് നേരിയ ആശ്വാസം നൽകി. ശ്യാം നാട്ടിലില്ല, കാലത്തെ കമ്പനിയാവശ്യം പ്രമാണിച്ച് യു.എസിലേക്ക് പോയി. ശ്യാമിന്റെ അച്ഛനും അമ്മയും കാനഡയിൽ സഹോദരിയുടെ അടുത്ത് കുറച്ചുനാൾ നിൽക്കാൻ പോയിരിക്കുകയാണ്. മകൻ ഒരു പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്ററിൽ താമസിച്ചു പഠിക്കുന്നു. മകന്റെ വാട്സ്ആപ്പിലേക്ക് ഒരു മെസേജ് അയച്ചു. എപ്പോഴെങ്കിലും കാണുമെന്നേ കരുതിയുള്ളൂ. പക്ഷേ, നെഞ്ചിന്റെ നീറ്റൽ കൂട്ടിക്കൊണ്ട് മറുപടി വന്നു: “അത് അപ്പൂപ്പൻതന്നെ ആയിരിക്കണം. അപ്പൂപ്പന്റെ സഞ്ചിയിൽ ആ പുസ്തകം ഞാനും കണ്ടിട്ടുണ്ട്.” നവമിയുടെ ഹൃദയവേഗം കൂടി.
വീട്ടിലേക്കുള്ള ആ യാത്ര വർഷങ്ങളായി ഏറക്കുറെ വിസ്മൃതിയിലാണ്ടു കിടന്ന അച്ഛനെന്ന ബോധത്തിലേക്ക് അൽപാൽപമായി വെളിച്ചം വീശിക്കൊണ്ടിരുന്നു. ഓർമകളുടെ കനത്തിൽ നവമിയുടെ നെഞ്ചുവിങ്ങി. അവൾ പതിയെ സീറ്റിലേക്ക് ചാഞ്ഞു. അച്ഛന് താലൂക്കിലായിരുന്നു ജോലി. അമ്മക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലും. പരസ്പരമറിയാതെ കടന്നുപോകുന്ന ഒരു നിമിഷവും തങ്ങളുടെ ജീവിതത്തിലില്ലായിരുന്നു. അതിരാവിലെ വിളിച്ചുണർത്തി പഠിക്കാനിരുത്തുന്നത് അച്ഛനാണ്. അമ്മക്കന്നേരം അടുക്കളയിൽ പിടിപ്പത് ജോലികൾ കാണും. മുറ്റത്തെ കിണറ്റിൽനിന്നും വെള്ളം കോരുക, മുറ്റമടിക്കുക, തേങ്ങ പൊതിക്കുക, വിറക് കീറുക, വസ്ത്രങ്ങൾ ഇസ്തിരിയിടുക ഇതൊക്കെ അച്ഛനാണ് ചെയ്യുക. കൃത്യം ആറരക്ക് അച്ഛൻ ജോലികൾ തീർത്ത് മുകളിലെത്തുമ്പോൾ പുസ്തകം അടച്ചുവെച്ച് ആ കൈകളിൽ തൂങ്ങി ഗോവണിയിറങ്ങും. അടുക്കളയിൽ കടുകുവറയുടെ ഘോഷം നടക്കുകയായിരിക്കും അപ്പോൾ.
“വാ”, അച്ഛൻ മുറ്റത്തുകൂടെ തെന്നിത്തെറിച്ചു നടക്കുന്ന തന്നെ പടിക്കെട്ടിൽ പിടിച്ചിരുത്തി നീണ്ട ചുരുൾമുടിയിൽ കയ്യുണ്യമിട്ടുകാച്ചിയ എണ്ണതേച്ച് കെട്ടുകളഞ്ഞ് ചീകി വൃത്തിയാക്കിത്തരും. എണ്ണനനവുള്ള തലയോട്ടിയിലൂടെ ചീപ്പിന്റെ കോമ്പല്ലുകൾ താളത്തിൽ കയറിയിറങ്ങുമ്പോൾ ഉന്മേഷം കൂടും. അമ്മക്ക് അച്ഛനോളം ക്ഷമയില്ല, മയവും. അമ്മ തലയിൽ തൊട്ടാൽതന്നെ ഭ്രാന്തുപിടിക്കും. പിന്നെ അടിപിടിയായി, ചീത്തവിളിയായി…
“കുതിരവാല് പോലെ കോലൻ മുടിയുള്ളോർക്ക് ചുരുണ്ട മുടിക്കാരുടെ വേദനയറിയില്ലച്ഛാ” എന്നും പറഞ്ഞ് ഒരുദിവസം ഹൃദയംപൊട്ടി കരഞ്ഞതോടെയാണ് അച്ഛൻ ആ പണി ഏറ്റെടുത്തത്. അന്ന് സ്കൂളിലെ ഏറ്റവും മുടിയുള്ള കുട്ടി താനായിരുന്നു. ചെമ്പരത്തിപ്പൂക്കളും റോസും മുല്ലയും ചെണ്ടുമല്ലിയും ഞെരടിപ്പിഴിഞ്ഞ് അച്ഛനുണ്ടാക്കുന്ന താളിയുടെ ഗുട്ടൻസറിയാൻ ടീച്ചർമാർ ഒത്തിരി പണിപ്പെട്ടിട്ടുണ്ട്. പുസ്തകമെടുക്കാൻ സ്റ്റാഫ്റൂമിൽ ചെല്ലുമ്പോൾ അടുത്തേക്ക് ചേർത്തു നിർത്തും. എന്നിട്ട്,
“കുട്ടീടെ മുടിയിൽ എന്താ തേക്കണ്? എന്തൊരു ഉള്ളാണ്... നല്ല മണോം. പട്ടുപോലെ കിടക്കുന്നത് കാണാൻ എന്താ ഭംഗി!” എന്നു പറയും. കൂട്ട് പറഞ്ഞുകൊടുത്താൽ ഫലം കുറയും എന്ന് അമ്മ പറഞ്ഞതുകൊണ്ട്, “വെറും ചെമ്പരത്തിത്താളിയാ ടീച്ചറേ” എന്നു പറഞ്ഞ് ഒഴിയും.
“ഞങ്ങളും തേക്കണുണ്ടല്ലോ. പക്ഷേ, ഇതുപോലെ ആവണില്ല”, അവർ നെടുവീർപ്പിടും. ഇന്നും അച്ഛന്റെ താളിക്കൂട്ട് രഹസ്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്.
അച്ഛൻ താളിക്കൂട്ട് തയാറാക്കി കഴിയുമ്പോഴേക്കും ഒഴിച്ചുകറികളുടെയും മെഴുക്കുപുരട്ടിയുടെയും പ്രാതൽ പലഹാരങ്ങളുടെയും ഗന്ധമുയരുന്ന അടുക്കള അടച്ചുപൂട്ടി മുഷിഞ്ഞ തുണി നിറച്ച ബക്കറ്റുമായി അമ്മയെത്തും. പിന്നെ ആഘോഷത്തോടെ തൊടിയിലെ ആമക്കുളത്തിലേക്ക് ഒരു യാത്രയാണ്. മുഷിഞ്ഞ തുണികൾ നിറച്ച ബക്കറ്റുമായി അമ്മയും അച്ഛന്റെ കൈ പിടിച്ച് ഞങ്ങളും. കയ്യുണ്യവും കലംപൊട്ടിയും ശംഖുപുഷ്പവും മന്ദാരവും ശതാവരിയും അണലിവേഗവും തുമ്പയും അമ്മിമുറിയനും വളർന്നുനിൽക്കുന്ന തൊടിയിലൂടെ ചിരിച്ചു കളിച്ച് കലപിലകൾ പറഞ്ഞാണ് പോക്ക്. അമ്മിമുറിയന്റെ ഇലകളിൽ ആട്ടക്കാരിയുടെ മുട്ടകളുണ്ടാകും. അതു വളർന്ന് പുഴുക്കളും അവ മൂത്ത് ശലഭവുമാകാൻ ആവണിയും താനും കാത്തിരിക്കും. ഒരിടത്തും അടങ്ങിയിരിക്കാതെ തുള്ളിപ്പറന്നു നടക്കുന്നതുകൊണ്ട് ആവണിയെ അച്ഛൻ ആട്ടക്കാരിയെന്നാണ് വിളിക്കാറുണ്ടായിരുന്നത്.
ആമക്കുളത്തിലെ വെള്ളം കണ്ണാടിപോലെ അടിത്തട്ടുവരെ കാണുന്നതായിരുന്നു. ഇടക്ക് പൊടിപ്പായൽ പൊന്തുമ്പോൾ അച്ഛനത് വൃത്തിയാക്കും. പണ്ട് കൃഷിയാവശ്യത്തിന് വേണ്ടി കുഴിച്ച കൊക്കർണ്ണിയായിരുന്നു. ചുറ്റുമുള്ള മണ്ണിടിഞ്ഞും എക്കലടിഞ്ഞും ആഴം കുറഞ്ഞ് കുളമായി മാറിയതാണ്. അരിനെല്ലിക്കയുടെയും വെള്ളചമ്പകത്തിന്റെയും മരങ്ങൾ അരികുചേർന്ന് ഉള്ളതുകൊണ്ട് വെള്ളത്തിന് നല്ല മണവും തണുപ്പുമുണ്ടായിരുന്നു. വെള്ളത്തിലിറങ്ങാൻ ആവണിക്കും മടിയായിരുന്നു. അച്ഛനുമമ്മയും തുണിയലക്കുമ്പോൾ കൽപ്പടവിൽ വെള്ളത്തിലേക്ക് കൈകാലുകൾ നീട്ടിവെച്ചിരുന്ന് അടിയിലൂടെ താളത്തിൽ നീന്തിനടക്കുന്ന മീനുകളെയും വാൽമാക്രികളെയും കാണും.
“കുറച്ചുനേരം അങ്ങനെ ഇരിക്കൂ. പെഡിക്യൂറും മാനിക്യൂറും മീനുകൾ ചെയ്തുതരും,” അച്ഛൻ പറയും. മീൻകുഞ്ഞുങ്ങൾ പെരുവിരൽ മുതൽ പൊക്കിൾവരെ ഉരുമിയും ഉരസിയും ഇക്കിളികൂട്ടുന്നതും നഖങ്ങൾക്കിടയിലും മുറിവുകളിലും കൊത്തിവലിക്കുന്നതും ഒരു പ്രത്യേക അനുഭൂതിയായിരുന്നു. അവയ്ക്കൊന്നും ഒരു ഭയവുമുണ്ടായിരുന്നില്ല.
മീനുകളും വാൽമാക്രികളുമായിരുന്നില്ല ഒരു ആമക്കുട്ടനായിരുന്നു കുളത്തിലെ താരം. അച്ഛൻ കോളേജിൽ പഠിക്കുന്ന കാലത്ത് വെള്ളപ്പാച്ചിലിനൊപ്പം വീട്ടുമുറ്റത്തേക്ക് ഒഴുകിവന്നതാണ്. അച്ഛൻ അതിനെ കുളത്തിൽ കൊണ്ടിട്ടു. അവൻ അവിടെക്കിടന്ന് വളർന്നു വലുതായി. എന്നും കാലത്തെ ഞങ്ങളെ കാണുമ്പോഴേക്കും കയ്യിലെടുക്കാൻ പാകത്തിന് പൊന്തിവരും. അവനു കൊടുക്കാൻ എന്നും അച്ഛന്റെ കയ്യിൽ എന്തെങ്കിലും കാണും. അവനെ പുന്നാരിച്ചു കഴിഞ്ഞാണ് അച്ഛൻ പ്രധാന പരിപാടിയിലേക്ക് കടക്കുക. വാഴയിലക്കീറിൽ സോപ്പു പതപ്പിച്ച് രണ്ടാളെയും തേച്ചുരച്ചു കുളിപ്പിക്കുന്നത് അച്ഛനാണ്. ആദ്യം അമ്മയാണത് ചെയ്തിരുന്നത്. അപ്പോൾ, “അയ്യോ, മതിയേ,” എന്നും പറഞ്ഞ് ഞങ്ങൾ ഉറക്കെ കരയുമായിരുന്നു. അന്നേരം നല്ല അടി കിട്ടും.
കുളി കഴിഞ്ഞ് വീട്ടിലെത്തിയാൽ പ്രാതൽ, പത്രവായന, ഓഫീസിലേക്കും സ്കൂളിലേക്കും പോകാനുള്ള ഒരുക്കങ്ങൾ –അങ്ങനെ പോകും കാര്യങ്ങൾ. വൈകീട്ട് കൃത്യം അഞ്ചരമണിക്ക് അച്ഛൻ വീട്ടിലെത്തും. വീട്ടിലുള്ളപ്പോൾ അച്ഛന്റെ സമയം മുഴുവനും അമ്മക്കും ഞങ്ങൾക്കുമുള്ളതായിരുന്നു. സന്ധ്യയാകുമ്പോഴേക്കും ഹോംവർക്കും കുളിയും തീർത്ത് കുറച്ചുനേരം അച്ഛന്റെ ലൈബ്രറിയിൽ ചെന്നിരിക്കും. അച്ഛന്റെ പുസ്തകശേഖരത്തിൽ സ്വാമി വിവേകാനന്ദന്റെയും അംബേദ്കർ, ഗാന്ധിജി തുടങ്ങിയ ഒരുപാട് സാമൂഹിക പരിഷ്കർത്താക്കളുടെയും പുസ്തകങ്ങളുണ്ട്. അതെല്ലാം മറിച്ചുനോക്കി ഇരിക്കും.

വായനയും നാമജപവും കഴിഞ്ഞാൽ അച്ഛനും അമ്മക്കുമൊപ്പം ഇറയത്ത് ചെന്നിരിക്കും. അന്നത്തെ ദിവസത്തെ കാഴ്ചകൾ, തിരിച്ചറിവുകൾ, ആനന്ദങ്ങൾ, അബദ്ധങ്ങൾ... എല്ലാം അവർ ചോദിച്ചറിയും. തിടുക്കമോ വിരസതയോ കൂടാതെ എല്ലാം താൽപര്യത്തോടെ കേട്ടിരിക്കും. അച്ഛനും അമ്മയും തമ്മിലും മടുപ്പില്ലാതെ ഏറെനേരം സംസാരിക്കുമായിരുന്നു. കുടുംബകാര്യങ്ങളെക്കുറിച്ചല്ലാതെ പൊതുകാര്യങ്ങളെക്കുറിച്ച് അത്രമേൽ ഗഹനമായി സംസാരിക്കുന്ന ഭാര്യാഭർത്താക്കന്മാരെ പിന്നെവിടെയും താൻ കണ്ടിട്ടില്ല.
“ഉഷ പറയൂ.”
“ഏട്ടൻ പറയൂ,” എന്നിങ്ങനെ പരസ്പരം കേൾക്കാൻ കൊതിച്ചുകൊണ്ടാണ് അവർ സംസാരം തുടങ്ങുക.
രാത്രി ഞങ്ങൾ ഉറങ്ങുംവരെ കഥകൾ പറഞ്ഞുതന്നും പാട്ടുകൾ മൂളിയും അച്ഛനും അമ്മയും ഒപ്പം വന്നു കിടക്കുമായിരുന്നു.
ആരും ആർക്കുവേണ്ടിയും ത്യാഗം ചെയ്യുകയാണെന്ന് പരാതി പറയാത്ത, അസഹിഷ്ണുത ഒട്ടുമില്ലാത്ത കാലം! ഞങ്ങൾ മുതിർന്നിട്ടും ആ കിടപ്പും കരുതലും തുടർന്നു. ആദ്യം ആവണിയുടെ വിവാഹമായിരുന്നു നടന്നത്. പ്രണയിച്ചവനൊപ്പം ആർഭാടമായി ഇറക്കിവിടുമ്പോൾ ഒന്നേ അച്ഛൻ പറഞ്ഞുള്ളൂ: “എന്നേലും നിനക്ക് വേണ്ടെന്നു തോന്നിയാ ഉപദ്രവിക്കരുത്, ഒരു പോറൽപോലും ഏൽപിക്കരുത്. എനിക്ക് തരണം. ഞാൻ നോക്കിക്കോളാം.”
അന്നയാൾ അച്ഛന് വാക്കു കൊടുത്തെങ്കിലും ഒരു വർഷം തികയും മുമ്പേ ആരെയും ഒന്നും അറിയിക്കാതെ ആവണി ആത്മഹത്യ ചെയ്തു. അത് ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യവുമായി അച്ഛൻ കുറെനാൾ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും ഇന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ പ്രയാസപ്പെട്ടാണ് ആ ആഘാതത്തിൽനിന്ന് അച്ഛൻ കരകയറിയത്. അമ്മക്ക് പക്ഷേ, അതിന് കഴിഞ്ഞില്ല. അമ്മയുടെ മരണശേഷമായിരുന്നു ശ്യാമുമായുള്ള വിവാഹം.
‘‘അച്ഛനെ തനിച്ചാക്കി പോകാൻ വയ്യ’’ എന്നും പറഞ്ഞ് ഉറുമ്പടക്കം കെട്ടിപ്പിടിച്ച് കരഞ്ഞു. ഈ ലോകത്ത് അച്ഛനുവേണ്ടിത്തുടിക്കാൻ തന്റെ ഹൃദയം മാത്രമേ ബാക്കിയുള്ളൂ എന്ന ഉൾബോധം! പക്ഷേ, കാലം ഒരു മായാജാലക്കാരൻ കണക്കെ കൺകെട്ടിലൂടെ പഴയ നവമിയിൽനിന്നും പുതിയൊരാളെ സൃഷ്ടിച്ചെടുത്തു.
“കല്യാണത്തിന്റെയന്ന് നിന്റെയമ്മ അപ്പൂപ്പനെ കെട്ടിപ്പിടിച്ച് എന്തൊരു കരച്ചിലായിരുന്നു. കുറേനാൾ ഒരവധി വരാൻ നോക്കിനിൽക്കുമായിരുന്നു വീട്ടിലേക്ക് പോകാൻ. ഇപ്പൊ വീട്ടിലേക്ക് പോകുന്നില്ലേ? എന്നു ചോദിച്ചാ അയ്യയ്യോ സമയമില്ല. വലിയ തിരക്കാ എന്നു പറയും. അത് അഡാപ്റ്റേഷന് ബെസ്റ്റ് എക്സാമ്പിളാണ്”, ഒരിക്കൽ പരിസ്ഥിതിയോടുള്ള ജീവികളുടെ പൊരുത്തപ്പെടലിനെക്കുറിച്ച് മകനോട് സംസാരിക്കുന്നതിനിടെ ശ്യാം നർമഭാവേന പറഞ്ഞു.
“എനിക്കെന്ത് പറ്റിയെന്നാണ് പരിഹസിക്കുന്നത്? എല്ലാ സ്ത്രീകൾക്കും ഇങ്ങനെത്തന്നെയാണ്. ചെല്ലുന്ന വീട്ടിലെ മുഴുവൻ ഉത്തരവാദിത്തവും അവരുടെ തലയിൽ ആയിരിക്കുമല്ലോ. പിന്നെ എന്ത് ചെയ്യാനാണ്’’ എന്ന് പിറുപിറുത്തുകൊണ്ട് അടുത്ത ജോലികളിൽ മുഴുകി. അതല്ലാതെ അച്ഛനെക്കുറിച്ചോ അച്ഛന്റെ ഒറ്റപ്പെടലിനെക്കുറിച്ചോ ഒന്നു ചിന്തിക്കാനുള്ള മനസ്സുപോലും ഉണ്ടായില്ല. കാർ വീടിനോടടുക്കുന്തോറും നവമിയുടെ ഹൃദയതാളത്തിന്റെ വേഗം കൂടി. മൊത്തത്തിൽ ഒരു ധൈര്യക്കുറവ് അവളെ മൂടി. അച്ഛൻ അവിടെ ഇല്ലെന്ന തോന്നൽ ശക്തമായി.
“ഹോ അടുത്തെങ്ങും ഒരു വീടുപോലുമില്ലല്ലോ. ഇവിടെ ഒറ്റയ്ക്ക് ഇത്രയും കാലം കഴിഞ്ഞ അച്ഛനെ സമ്മതിക്കണം. എന്തുകൊണ്ട് അച്ഛന് ഒരു കൂട്ടുവേണമെന്ന് താൻ ചിന്തിച്ചില്ല?”, കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരങ്ങൾക്ക് നടുവിലെ ഓടുമേഞ്ഞ പഴയ ആ ഇരുനില മാളികവീട് കണ്ട് പ്രമോദ് ചോദിച്ചു. നവമി മറുപടി പറഞ്ഞില്ല. പറയാൻ പാകത്തിന് അത്തരത്തിൽ ഒന്നും അച്ഛനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. അച്ഛനുണ്ടോ? ഉണ്ട്, അത്രതന്നെ. അവളുടെ കുറ്റബോധം പെരുകി.
“തിരുപ്പതിയിലെ ഹോസ്പിറ്റൽ മോർച്ചറിയിൽ അനാഥ ജഡമായി കിടക്കുന്നത് മക്കളെ പൊന്നുപോലെ സ്നേഹിച്ച ആ അച്ഛനാവാതിരിക്കട്ടെ”, പ്രമോദ് ആത്മഗതംചെയ്തു. നവമിക്ക് ശക്തി മുഴുവൻ ചോർന്നുപോകുന്നതായി തോന്നി.
“ഇനിയൊന്നും പറയല്ലേ...” അവൾ പ്രമോദിന്റെ കൈയിൽ പിടിച്ചു.
ഉച്ച മയങ്ങിയിരുന്നു. വെയിൽ കതിരിട്ട നെൽപാടങ്ങൾക്ക് മുകളിൽ വെള്ളിനിറത്തിൽ ഉഗ്രമായി തിളങ്ങിക്കൊണ്ടിരുന്നു. കാറിൽനിന്നിറങ്ങി രണ്ടടി വെച്ചപ്പോഴേക്കും ഉഷ്ണക്കാറ്റിൽ മുഖവും ദേഹവും പൊള്ളുന്നതായി നവമിക്ക് തോന്നി. മുറ്റത്ത് നിറയെ കരിയില വീണുകിടന്നിരുന്നു. അത് കണ്ടപ്പോൾ അച്ഛൻ അവിടെയില്ലെന്ന് അവൾ ഉറപ്പിച്ചു.
“ഞാൻ വരുന്നില്ല. എനിക്ക് വയ്യ”, അവൾ തളർച്ചയോടെ മുറ്റത്തെ കൽക്കെട്ടിൽ മുഖംപൊത്തി ഇരുന്നു.
“നവമീ… എഴുന്നേൽക്കൂ...” പ്രമോദിന്റെ ശബ്ദം അവൾ കേട്ടു. ഒപ്പം രണ്ടു പെൺകുട്ടികളുടെ കലപിലകളും പൊട്ടിച്ചിരികളും. നവമി വേഗം കണ്ണു തുറന്നു. മുമ്പിൽ അച്ഛന്റെ കൈകളിൽ തൂങ്ങി ആമക്കുളത്തിലേക്ക് പോകുന്ന രണ്ടു പെൺകുട്ടികൾ!
“അച്ഛാ”, നവമി അവർക്കരികിലേക്ക് ഓടിയടുക്കാനാഞ്ഞു. എന്നാൽ, അമ്മിമുറിയന്റെ ഇലകളിൽ പതുങ്ങിനിന്നിരുന്ന ആട്ടക്കാരികളുടെ ഒരു കൂട്ടം പൊങ്ങിപ്പറന്നു വന്ന് കാഴ്ചയിൽനിന്നും അച്ഛനെ മറച്ചുവെച്ചു. വെയിൽ തീനാളം കണക്കെ ഉച്ചിയിലേക്ക് എരിഞ്ഞിറങ്ങി.
‘‘എഴുന്നേൽക്ക്. അച്ഛന്റെ തിരിച്ചറിയൽ രേഖകൾ എടുക്കണ്ടേ?” പ്രമോദ് അവളെ പിടിച്ചെഴുന്നേൽപിച്ചു. കാൽപാടുകൾ വീണ് പതംവെക്കാത്ത കരിയിലകൾക്ക് മുകളിലൂടെ അബോധത്തിലെന്നോണം പ്രമോദിന്റെ തോളിൽ ചാരി അവൾ നടന്നു. മുൻവാതിൽ പൂട്ടിയിരുന്നില്ല.
“കള്ളൻ കയറിയെന്നാണ് തോന്നുന്നത്”, വാതിൽ തള്ളിത്തുറന്ന് പ്രമോദ് അവളെയുംകൊണ്ട് അകത്തു കയറി. പെട്ടെന്നൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് നവമി ഞെട്ടി.
“പേടിക്കണ്ട, ആരോ ബലൂൺ പൊട്ടിച്ചതാണ്”, പ്രമോദിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നു.
“ആര്? എന്തിന്?” നവമി അയാളെ തുറിച്ചുനോക്കി.
“പറയാം. അതിനു മുമ്പ് നല്ലൊരു സദ്യ കഴിച്ചാലോ?” മുകളിൽനിന്നും അച്ഛന്റെ മുഴക്കമുള്ള ശബ്ദം! നവമി ഞെട്ടലോടെ മുകളിലേക്ക് നോക്കി. അച്ഛൻ കോണിപ്പടി ഇറങ്ങിവരുന്നു. സ്വപ്നമാണോ, സത്യമാണോ എന്ന വിഭ്രാന്തിയോടെ അവൾ അച്ഛനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു.
“സോറി അച്ഛാ…” അവളുടെ കണ്ണീരു വീണ് അച്ഛന്റെ ഷർട്ട് നനഞ്ഞു.
“കരയണ്ട. എന്റെ പിറന്നാൾ ഇന്നാണെന്ന് ഓർത്തുവെച്ച് ശ്യാമും ഈ കുട്ടീം നന്ദൂട്ടനും അറിഞ്ഞുള്ള പ്ലാനായിരുന്നു. ഞാൻ പറഞ്ഞതാ ഒന്നും വേണ്ടെന്ന്... പിന്നെ ഇയാൾ കൂടി പറഞ്ഞപ്പോ ഞാൻ തടസ്സത്തിന് നിന്നില്ല”, അച്ഛൻ നവമിയുടെ ശിരസ്സിൽ തഴുകിക്കൊണ്ട് പറഞ്ഞു. നവമി അച്ഛന് പിറകെ ഗോവണി ഇറങ്ങിവരുന്ന സ്ത്രീയെ നോക്കി. മനോഹരമായ ഇളംപച്ച കൈത്തറി സാരിയുടുത്ത് പുഞ്ചിരി തൂകി… മെലിഞ്ഞു സുന്ദരിയായ ആ അറുപതുകാരിയെ കണ്ട് അവളുടെ ചുണ്ടുകൾ വിറച്ചു: “പാർവതി ടീച്ചർ.”
പണ്ട് അമ്മയുടെ ഒപ്പം ജോലിചെയ്തിരുന്നതാണ്! അവരെന്താ ഇവിടെ? അച്ഛന്റെ സുഹൃത്തോ, അതോ? നവമി അച്ഛന്റെ ദേഹത്തുനിന്നും അടർന്നുമാറിക്കൊണ്ട് അത്ഭുതത്തോടെ അവരെ നോക്കിനിന്നു.
“കുട്ടി പേടിച്ചുപോയോ? വരൂ അച്ഛന്റെ പിറന്നാൾ സദ്യ കഴിക്കാം”, പാർവതി ടീച്ചർ പുഞ്ചിരിയോടെ ഊണുമുറിയിലേക്ക് നടന്നു. പിറകെ അച്ഛനും.
“ഈ കമ്യൂണിക്കേഷൻ ഗ്യാപ് എന്നു പറയുന്നത് ചില്ലറക്കാര്യമല്ല. ഒരു ഞൊടിക്കുള്ളിൽ എന്തൊക്കെ സംഭവിക്കാം! ഇനിയെല്ലാം അച്ഛനോട് ചോദിച്ച് മനസ്സിലാക്കിക്കോ”, നവമിയുടെ അന്തംവിട്ട നിൽപ് കണ്ട് പ്രമോദ് ചിരിച്ചു.
“ആ ഇൻസ്റ്റഗ്രാം വാർത്ത സത്യമായിരുന്നോ?”, നവമി തിരക്കി.

കെ. സുധീഷ്
“അതെ. കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ്. ഏറ്റുമാനൂരുള്ളതല്ല. വേറെങ്ങോ ഉള്ള, മകളുടെ പേരും ചിത്രവും ദേഹത്ത് പച്ച കുത്തിയ ഒരച്ഛൻ.”
“എന്നിട്ട് ആരെങ്കിലും അയാളെ തിരഞ്ഞുവന്നു കാണുമോ?”
“ഇല്ല, താൻ കഴിക്കാൻ വാടോ. എനിക്ക് വിശക്കുന്നു”, പ്രമോദ് കൈ കഴുകി സദ്യക്ക് മുമ്പിലിരുന്നു.
അച്ഛനൊപ്പമിരുന്ന് പാർവതി ടീച്ചർ വിളമ്പിയ പിറന്നാൾ സദ്യ കഴിക്കുമ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും ചിന്തകളും നവമിയെ വട്ടംചുറ്റി നിന്നു. തിരുപ്പതിയിൽ മരണപ്പെട്ട ആ അച്ഛന്റെ മകൾ എവിടെയായിരിക്കും? എന്തായിരിക്കും അച്ഛനെ തിരഞ്ഞ് വരാഞ്ഞത്? തന്നെപ്പോലെ അച്ഛനെ മറന്നു കളഞ്ഞതാവുമോ? വിവാഹശേഷം ഏറ്റുമാനൂരച്ഛൻ എന്നു വിളിക്കുന്നതുപോലെ അവൾ എന്താവും അവളുടെ അച്ഛനെ വിളിച്ചിരിക്കുക?
പുറമെ വെയിൽ ഒന്നൊതുങ്ങി. ജനാലയുടെ മരയഴികൾക്കുള്ളിലൂടെ തൊടിയിലെ സകല പൂമണവും പേറി തണുത്തൊരു കാറ്റു വീശി. നവമി പെരുകിക്കൊണ്ടിരുന്ന ചിന്തകൾക്ക് തടയിട്ട് പഴയ കുട്ടിയായി അച്ഛന്റെ നെഞ്ചിലേക്ക് തല ചേർത്തുവെച്ചിരുന്നു.
