അഭ്രപാളിച്ചകൾ

ജയനെ കൊല്ലാനായിരുന്നു* എം.എൻ. നമ്പ്യാർ, മാർത്താണ്ഡൻ എന്ന ഗുണ്ടയെയും കൂട്ടാളികളെയും ഫാക്ടറിയിലേക്ക് പറഞ്ഞയച്ചത്. കൂടെ ഡ്രൈവറായും വഴികാട്ടിയായും നിരീക്ഷകനായും, എം.എൻ. നമ്പ്യാരുടെ ശിങ്കിടി കൊച്ചിൻ ഹനീഫയുമുണ്ട്. ഫാക്ടറിക്കാന്റീനിലെത്തിയ ജയൻ ഒരു മരബെഞ്ചിലിരുന്ന് സപ്ലയറോട് ചായക്കായി വിളിച്ചുപറഞ്ഞു. അന്നേരമാണ് മുട്ടോളമുള്ള കള്ളിട്രൗസർ കാണത്തക്കവിധം ലുങ്കി മടക്കിക്കുത്തി ബീഡിപ്പുകയൂതിക്കൊണ്ട് മാർത്താണ്ഡന്റെ വരവ്. ഏതാണ്ട് അതേ...
Your Subscription Supports Independent Journalism
View Plansജയനെ കൊല്ലാനായിരുന്നു* എം.എൻ. നമ്പ്യാർ, മാർത്താണ്ഡൻ എന്ന ഗുണ്ടയെയും കൂട്ടാളികളെയും ഫാക്ടറിയിലേക്ക് പറഞ്ഞയച്ചത്. കൂടെ ഡ്രൈവറായും വഴികാട്ടിയായും നിരീക്ഷകനായും, എം.എൻ. നമ്പ്യാരുടെ ശിങ്കിടി കൊച്ചിൻ ഹനീഫയുമുണ്ട്.
ഫാക്ടറിക്കാന്റീനിലെത്തിയ ജയൻ ഒരു മരബെഞ്ചിലിരുന്ന് സപ്ലയറോട് ചായക്കായി വിളിച്ചുപറഞ്ഞു. അന്നേരമാണ് മുട്ടോളമുള്ള കള്ളിട്രൗസർ കാണത്തക്കവിധം ലുങ്കി മടക്കിക്കുത്തി ബീഡിപ്പുകയൂതിക്കൊണ്ട് മാർത്താണ്ഡന്റെ വരവ്. ഏതാണ്ട് അതേ വേഷത്തിലും ഭാവത്തിലുമുള്ള മൂന്നുനാല് കൂട്ടാളികൾ അകന്നുമാറി നിൽപ്പുണ്ട്. ഉരസാൻ തക്കംപാർത്ത് ജയന്റെ സമീപത്ത് ചെന്നിരുന്ന് മാർത്താണ്ഡനും ചായക്ക് ഓർഡർ നൽകി. സപ്ലയർ ചായ കൊണ്ടുവന്നപ്പോൾ ‘‘ഇവിടെ ഇവിടെ’’ എന്ന് മാർത്താണ്ഡൻ. ‘‘ആദ്യം വന്നത് ഞാനാണ്, അതുകൊണ്ട് ആദ്യം ഇവിടെ’’ എന്ന് ജയൻ. ‘‘എന്നാലതൊന്ന് കാണണമല്ലോ’’ എന്ന് മാർത്താണ്ഡൻ. ‘‘കാണിച്ചു തരാം’’ എന്ന് ജയൻ. ധർമസങ്കടത്തിലായ സപ്ലയർ ‘‘ആരുവേണമെങ്കിലും എടുത്തോ’’ എന്നുപറഞ്ഞ്, ചായ ഇരുവരുടെയും ഒത്തനടുവിൽ കൊണ്ടുെവച്ചു. ജയൻ ഊക്ക് കാട്ടി അതെടുക്കാൻ നോക്കിയപ്പോൾ മാർത്താണ്ഡന്റെ ഉരുക്കുബലമുള്ള കൈയും നീണ്ടു. അതിനിടയിൽ ആരുടെയോ കൈ തട്ടി ചായമറിഞ്ഞു. മേശമേലത് അജ്ഞാതമായ വൻകര സൃഷ്ടിച്ചു. കാരണമൊന്നുമില്ലാതെ കലാപമുണ്ടാക്കുന്നത് കൈപ്പിടിപോയ കത്തി പോലെയാണ് മാർത്താണ്ഡന്. കാലിച്ചായയുടെ കണക്കിലായാലും മര്യാദകേടിനു മുന്നിൽ മാറിക്കൊടുക്കുക എന്നത് കത്തിപോയ കൈപ്പിടി പോലെയാണ് ജയന്.
രണ്ട്
റോഡരികിലെ പുറമ്പോക്കിൽ തകരഷീറ്റ് കൊണ്ടുമറച്ച ചാപ്പകളിലൊന്നിലെ ചാക്കുവിരിപ്പിൽ കിടന്ന് മാർത്താണ്ഡന്റെ അപ്പൻ നുറുമ്പ് ഞരങ്ങുകയും മൂളുകയുംചെയ്യുന്നുണ്ട്. വായ്ക്കകത്ത് എന്തെങ്കിലും ചെന്നിട്ട് ദിവസങ്ങളായതിന്റെ പരവേശത്തിലാണയാളെന്ന് മാർത്താണ്ഡനും, ഭാര്യ വള്ളിക്കും അറിയാം. മാർത്താണ്ഡൻ ഒന്നും മിണ്ടാതെ പല്ലിറുമ്മുക മാത്രം ചെയ്തു. ‘‘വായും മൂക്കും പൊത്തിപ്പിടിച്ച് കൊല്ലണ്ടേങ്കില് അനങ്ങാതാട കെടന്നോൾണം’’ എന്ന വള്ളിയുടെ ഭീഷണിയിൽ നുറുമ്പിന്റെ ഞരക്കം മെലിഞ്ഞു. മൺചട്ടിയിലുണ്ടായിരുന്ന പഴകിയ കഞ്ഞിവെള്ളത്തിൽനിന്ന് ഒരു തവി കോരി നുറുമ്പിന്റെ പിളർന്ന വായിൽ ഇറ്റിച്ചുകൊടുക്കുമ്പോൾ ‘‘ഈ പണ്ടാരത്തിന്യൊന്നും അങ്ങ് കെട്ടിയെട്ക്കാനായിറ്റ്ല്ലേ ഭഗവാനേ’’ എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. ചിറിയുടെ ഇരുവശത്തും ഒലിച്ചിറങ്ങിയ വെള്ളം തുണിക്കഷണംകൊണ്ട് തുടച്ചെടുത്തശേഷം വള്ളി, നുറുമ്പിന്റെ ഗുഹപോലെ പിളർന്നുകിടക്കുന്ന വായ അമർത്തിമൂടാൻ നോക്കി. നടന്നില്ല. പൂർവാധികം വലുപ്പത്തിൽ അത് തുറന്നുകിടന്നു. അതിനേക്കാൾ വലുതും ഭയജനകവുമായ രണ്ടു ഗർത്തങ്ങളായിരുന്നു കണ്ണുകളുടെ സ്ഥാനത്ത്. ഇരുട്ട് കട്ടപിടിച്ചു കിടക്കുന്ന രണ്ട് കൊല്ലികൾ.
വള്ളിയുടെ കലമ്പലിന്റെ അല കാതിൽനിന്ന് ഒഴിയുകയും കുടിച്ച കഞ്ഞിവെള്ളം ഉടുതുണിയിൽ മൂത്രമായി ഒലിച്ചുതീരുകയും ചെയ്തപ്പോൾ, നുറുമ്പ് വീണ്ടും എനയാനും ഞരങ്ങാനും തുടങ്ങി. അപ്പന്റെ വായടപ്പിക്കാൻ വല്ലതും തടയുമോ എന്ന് നോക്കാനോ, കാതിന് അൽപം സ്വൈരംകിട്ടാനോ എന്നറിയില്ല മാർത്താണ്ഡൻ വാതിൽപലക കാലുകൊണ്ട് നിരക്കിമാറ്റി വെളിയിലിറങ്ങി. അന്നേരമാണ് റോഡരികിലെ കുറ്റിക്കാടിനടുത്ത് കാപ്പിക്കളറിലുള്ള അംബാസഡറിലിരുന്ന് കൊച്ചിൻ ഹനീഫ ഹോണടിച്ച് വിളിക്കുന്നത്. അടുത്ത് ചെന്നപ്പോൾ ‘‘വാ കേറ് ഒരുത്തനെ കൊല്ലാനുണ്ട്’’ എന്ന് ചെവിയിൽ പറഞ്ഞു. എന്തോ മറുപടിക്കായി മാർത്താണ്ഡൻ വാ തുറക്കവേ ‘‘ഒന്നും പറയണ്ട, ബോസിനെ അറിയാല്ലോ’’ എന്നമട്ടിൽ കൊച്ചിൻ ഹനീഫ കണ്ണും കൈയുംകൊണ്ട് ഗോഷ്ടി കാണിച്ചു. തുടർന്ന് മാർത്താണ്ഡൻ തിടുക്കത്തോടെ ഡോർ തുറക്കുകയും കാറിലേക്ക് നൂണുകയറുകയുമാണുണ്ടായത്.
മൂന്ന്
ചായ തട്ടിമറിഞ്ഞപ്പോൾ ജയൻ മാർത്താണ്ഡന്റെ കരണക്കുറ്റിക്ക് നേരെ കൈയാഞ്ഞ് ഒന്ന് കൊടുത്തു. തുടർന്ന് നടന്നത് അടിയുടെ പൊടിപൂരം. കാന്റീനിലെ പലഹാരത്തട്ടും ചായഗ്ലാസുകളും മേശകളും ബെഞ്ചുകളും പൊളിച്ചശേഷം അടിപിടി പുറത്തെ വിശാലമായ തെങ്ങിൻതോപ്പിലെത്തി. പിന്നെ വയലോരത്തും പുഴയോരത്തുമായി അത് പാഞ്ഞുനടന്നു. ജയൻ തന്റെ കൈകൾ ഇരുഭാഗത്തും വിടർത്തി എതിരാളികളെ ഒന്നൊന്നായി ക്ഷണിച്ചു. ഓരോരുത്തരെയും അടിച്ച് മലർത്തിയശേഷം പൊടികളയുമ്പോലെ കൈകൾ പരസ്പരം തട്ടി. വരച്ചുെവച്ചതുപോലുള്ള കരിമീശക്കു കീഴെ ചുണ്ടുകൾ എന്തോ നുണയുന്നത് കണക്കെ ഞപ്പിക്കൊണ്ടിരുന്നു.
കൊല്ലാൻ പോയിട്ട്, ഒന്ന് മുട്ടുമടക്കി തൊഴിക്കാനോ മുഷ്ടി ചുരുട്ടി ഇടിക്കാനോ വാ തുറന്ന് മുട്ടൻ രണ്ടു തെറി പറയാൻപോലുമോ മാർത്താണ്ഡനായില്ല. മറ്റുള്ളവരിൽനിന്ന് ടപേ ടപേ എന്ന അളിഞ്ഞ അടിയാണ് അനായാസം നേരിടാറുള്ളതെങ്കിൽ, ഇന്ന് ഇയാളിൽനിന്ന് കുതറാൻപോലുമാവാത്തവിധം ഠിഷ്യൂ ഠിഷ്യൂ എന്ന മൊരിഞ്ഞ ഇടി. കൂട്ടാളികളെ ഒന്നൊന്നായി പൊക്കിയെടുത്ത് ജയൻ പുഴയിലേക്കെറിഞ്ഞു. ‘‘ഇതെല്ലാം പലിശ, ഇനിയുള്ളത് മൊതല്’’ എന്നു പറഞ്ഞ് അവസാനം മാർത്താണ്ഡനെ പിടിക്കാൻ കൈവിടർത്തി. ഓടാൻ നോക്കിയ മാർത്താണ്ഡനെ വളഞ്ഞിട്ടു പിടിച്ച് തുരുതുരെ ഇടിച്ചു. പിന്നെ പൊക്കി വട്ടം കറക്കി നിലത്തടിച്ച്, ചുരുട്ടിക്കൂട്ടി പുഴയിലേക്കെറിഞ്ഞു. കൈകളിലെ പൊടി ഒന്നുകൂടി തട്ടി ചുറ്റും കണ്ണോടിച്ചു. അകലെ മറഞ്ഞുനിൽപ്പായിരുന്ന കൊച്ചിൻ ഹനീഫക്ക് സംഗതി പന്തിയല്ലെന്ന് തോന്നി. അയാൾ കാറിനകത്ത് പതുങ്ങി, ധൃതിയിൽ ഗ്ലാസ് ഉയർത്തുകയും കാർ സ്റ്റാർട്ടാക്കുകയുംചെയ്തു.

നാല്
രാത്രി.
റോഡിലൂടെ ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ മിന്നിമറയുന്ന വെളിച്ചം, തകരഷീറ്റിന്റെ വിടവുകൾക്കിടയിലൂടെ ചാപ്പക്കുള്ളിൽ ഇടക്കിടെ എത്തിനോക്കുന്നുണ്ടായിരുന്നു.
നുറുമ്പിന്റെ ഞരക്കവും മൂളലും നിലച്ചിരിക്കുന്നു. അടയ്ക്കാൻ കണ്ണുകളില്ലെങ്കിലും
അയാൾ ഉറങ്ങിയിട്ടുണ്ടാവണം.
എവിടെയോ തെണ്ടിത്തിരിഞ്ഞ് രാത്രിയായപ്പോൾ കയറിവന്ന മകൻ രുദ്രൻ തിന്നാനൊന്നും കിട്ടാത്തതിന് കണ്ണിൽ കണ്ടതെല്ലാം ചവിട്ടിപ്പൊട്ടിച്ചു. ‘‘ആ കാല് ഞാൻ കൊത്തും’’ എന്ന് കയർത്ത വള്ളിയെ മുടിക്ക് കുത്തിപ്പിടിച്ച് കുനിച്ചുനിർത്തി പുറത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിച്ചു. പ്രായക്കുറവ് ക്ഷോഭത്തിന് തടസ്സമായില്ല. വിശപ്പ് ഊക്കിനെ ഉലച്ചില്ല. നിശ്ചേഷ്ടവും നിർവികാരവുമായ മുഖത്തോടെ വള്ളി രുദ്രനെ നോക്കി. രുദ്രന്റെ കണ്ണുകളിൽ തീക്കാറ്റ് വീശുന്നുണ്ടായിരുന്നു.
പ്രതികരണം ഇല്ലാതായപ്പോൾ രുദ്രൻ നിലത്ത് കുനിഞ്ഞിരിക്കുകയും, പിന്നെ ഉടുത്ത ലുങ്കി അഴിച്ചുവിരിച്ച്, ഗർഭപാത്രത്തിലെന്നപോലെ ചുരുണ്ടു കിടക്കുകയുംചെയ്തു.
വള്ളി എഴുന്നേറ്റ് സാരിത്തലപ്പുകൊണ്ട് മുഖവും കഴുത്തും കൈയും അമർത്തിത്തുടച്ചു. ചിതറി, അലങ്കോലപ്പെട്ടിരുന്ന തലമുടി വിരൽകൊണ്ട് കോതിയൊതുക്കി. പുറത്തിറങ്ങി, വാതിൽക്കൽ മരപ്പലക നിരക്കിവെച്ചശേഷം, റോഡരികിലെ കുറ്റിക്കാടിനടുത്തേക്ക് നടന്നു. ഇരമ്പിപ്പായുന്ന വാഹനങ്ങളിലൊന്നിന്റെ വെളിച്ചം കുറ്റിക്കാടിനടുത്ത് കെട്ടു.
അഞ്ച്
ചത്ത പരുവത്തിലാണ് മാർത്താണ്ഡനും കൂട്ടാളികളും ബംഗ്ലാവിൽ മടങ്ങിയെത്തിയത്. ഓടിയിട്ടില്ല, ഓടിച്ചിട്ടേയുള്ളൂ ഇന്നേവരെ. കൊണ്ടിട്ടില്ല കൊടുത്തിട്ടേയുള്ളൂ ഇന്നേവരെ. എവിടെയോ എന്തോ പിഴച്ചു. ചവച്ചുതുപ്പിയ ചണ്ടി കണക്കെ മാർത്താണ്ഡനും കൂട്ടാളികളും ബംഗ്ലാവിന്റെ നടുത്തളത്തെ മലീമസമാക്കി.
‘‘ഇത്തവണത്തേക്ക്... മാപ്പ്.’’
നനഞ്ഞതും മുറിഞ്ഞതും കരച്ചിൽ പുരണ്ടതുമായ ശബ്ദത്തിൽ മാർത്താണ്ഡൻ പറഞ്ഞു.
‘‘മാപ്പ്?’’
ബാൽക്കണിയിലെ തിരിയൻ കസേരയിൽ പുറംതിരിഞ്ഞിപ്പായിരുന്ന എം.എൻ. നമ്പ്യാർ പൊടുന്നനെ മാർത്താണ്ഡന്റെ നേർക്ക് തിരിഞ്ഞ് പൊട്ടിച്ചിരിച്ചു.
‘‘എനിക്ക് പരിചയമില്ലാത്ത വാക്കാണത്.’’
പൈപ്പിൽനിന്നും പുക വലിച്ചെടുത്ത് അന്തരീക്ഷത്തിലേക്ക് ഊതിപ്പറത്തിയശേഷം എം.എൻ. നമ്പ്യാർ തന്റെ, വിസ്താരമേറിയ കൂളിങ് ഗ്ലാസുകൾക്കിടയിലൂടെ മാർത്താണ്ഡനെയും കൂട്ടാളികളെയും നോക്കി.
വിശ്വാസവഞ്ചന കാട്ടുന്നവരെയും മാനഹാനി വരുത്തുന്നവരെയും ഉത്തരവാദിത്തം മറക്കുന്നവരെയും എം.എൻ. നമ്പ്യാർ വെറുതെവിടാറില്ല. ഇഞ്ചിഞ്ചായാണ് ഇല്ലാതാക്കുക. ഒറ്റയടിക്ക് ഇല്ലാതാക്കാൻ അറിയാഞ്ഞിട്ടല്ല. അതെളുപ്പമാണുതാനും. നെറികേട് കാട്ടിയവന്റെ നെഞ്ചിലേക്ക് വിരൽ ഞൊടിയുന്ന ലാഘവത്തോടെ നിറയൊഴിച്ച് അപ്പോൾതന്നെ കണക്ക് ക്ലോസ് ചെയ്യാം. അതിലൊരു ഗുമ്മില്ലാത്തതുകൊണ്ട് മുറിവേൽപ്പിച്ചും അംഗഭംഗം വരുത്തിയും ജീവച്ഛവമായി വലിച്ചെറിയുന്ന രീതിയോടാണ് പുള്ളിക്ക് കമ്പം. വേദനിപ്പിച്ചു വേദനിപ്പിച്ച്, ഒരിറക്ക് വെള്ളത്തിനായി കരഞ്ഞ്, പിടഞ്ഞുപിടഞ്ഞ് നരകിക്കണം. വിശ്വാസവഞ്ചനക്കുള്ള ശിക്ഷ മരണംവരെ ഉള്ള് നീറ്റണം. അത് കൃത്യതയോടെയും സൂക്ഷ്മതയോടെയും നടപ്പാക്കാൻ എം.എൻ. നമ്പ്യാർക്ക് ഒരു വിശ്വസ്തനുണ്ട്. റോബർട്ട്. നീണ്ട കൊക്കും ആർത്തിമൂത്ത കണ്ണുകളും ക്രൂരനഖങ്ങളും ഭീകര ചിറകുകളുമുള്ള കഴുകൻ.
‘‘റോബർട്ട്..!’’
എം.എൻ. നമ്പ്യാർ പ്രത്യേക സ്വരത്തിലും ഈണത്തിലും വിളിച്ചു. തൂങ്ങിക്കിടക്കുന്ന കമ്പിവലയത്തിൽ കാലുകളൂന്നി, വട്ടം തിരിഞ്ഞ് എല്ലാം കാണുകയും കേൾക്കുകയുമായിരുന്നു റോബർട്ട്. ഉടൻ ഒരു ആക്ഷൻ തരപ്പെടും എന്നതിന്റെ ആഹ്ലാദത്തിലും ആവേശത്തിലും കുറച്ചുനേരമായി കിൽ കിൽ ശബ്ദമുണ്ടാക്കുകയായിരുന്നു. എം.എൻ. നമ്പ്യാരുടെ ഓരോ വിളിയുടെയും അർഥം റോബർട്ടിനറിയാം. കൊക്കുകൊണ്ട് കൊത്തി, നഖംകൊണ്ട് മാന്തി, ചിറകടിച്ച് വട്ടംകറക്കി പേടിപ്പിക്കുക. ഇപ്പോഴത്തെ വിളിയുടെ അർഥം അതാണ്. ബോസ് നീതിമാനും ഔചിത്യബോധമുള്ളയാളുമാണ്. നെറികേടിന്റെ ആഴത്തിനനുസരിച്ചേ ശിക്ഷ വിധിക്കൂ.
വിളി കേട്ടപ്പോൾ റോബർട്ട്, ടക ടക ശബ്ദത്തിൽ ചിറകടിച്ചുയർന്ന്, ശരംവിട്ടപോലെ പറന്നുവന്ന്, മാർത്താണ്ഡന്റെ തലക്ക് വട്ടമിട്ടു. മുട്ടി മുട്ടിയില്ല, കൊത്തി കൊത്തിയില്ല, മാന്തി മാന്തിയില്ല എന്നമട്ടിൽ കുറെ ഭ്രമിപ്പിച്ചു. പ്രാണഭീതി കൊണ്ടുതന്നെ മാർത്താണ്ഡൻ ഏതാണ്ട് ചാകാറായി. റോബർട്ട് പക്ഷേ വിട്ടില്ല. മാന്തിപ്പറിയും കൊത്തിക്കീറലും ആരംഭിച്ചു. എം.എൻ. നമ്പ്യാർ പൈപ്പിൽനിന്ന് വലിച്ചെടുത്ത പുക ഊതിയൂതി ചുരുളുകളാക്കി പറത്തിവിട്ട് ഹാളിനകം നിറച്ചു.
മാർത്താണ്ഡനിൽനിന്ന് നിസ്സഹായതയുടെ നിലവിളിയുണ്ടായി. വേദനയുടെ പിടച്ചിലുണ്ടായി. സഹഗുണ്ടകളിൽനിന്ന് സങ്കടത്തിന്റെയും സംഭ്രമത്തിന്റെയും ഏങ്ങലടിയുണ്ടായി. എം.എൻ. നമ്പ്യാരിൽനിന്ന് ആഹ്ലാദത്തിന്റെ അട്ടഹാസമുണ്ടായി.
ദേഹമാസകലം മുറിവുകളുമായി മരണവെപ്രാളത്തിൽ പിടയുന്ന മാർത്താണ്ഡന്റെ രണ്ട് കണ്ണുകളും ആർത്തിയോടെ കൊത്തിയെടുത്തു, റോബർട്ട്. ചിട്ടപ്പെടുത്തിയ ആക്രമണത്തിന്റെ അവസാനത്തെ ഐറ്റമായിരുന്നു അത്.
ബംഗ്ലാവിന്റെ ഇരുമ്പുവാതിൽ തള്ളിത്തുറന്ന് കൊച്ചിൻ ഹനീഫ ജയനേയും കൂട്ടി അകത്തുവരുന്നത് ആ സമയത്തായിരുന്നു.
അവിചാരിതമായി കണ്ട, വേറിട്ടതും നൂതനവുമായ ആക്രമണരീതി ജയനിൽ കൗതുകമുണർത്തി. ‘ഇതൊക്കെ എന്ത്’ എന്ന അർഥത്തിൽ കൊച്ചിൻ ഹനീഫ ജയനെ നോക്കി മുഖംകോട്ടി.
‘‘ഉം. കൊണ്ടുപോയ്ക്കോ.’’
ആഗതരെ കണ്ടപ്പോൾ എം.എൻ. നമ്പ്യാർ അനുചരന്മാർക്ക് നിർദേശം നൽകി. ചോരയൊലിച്ച് മൃതപ്രായനായ മാർത്താണ്ഡനെ കോരിയെടുത്ത് അനുചരൻമാർ പുറത്തുപോയി. തന്റെ ദൗത്യം പൂർത്തിയാക്കിയ റോബർട്ട് ഉച്ചത്തിൽ ചിറകടിച്ചുവന്ന് എം.എൻ. നമ്പ്യാരുടെ ഇടതുകൈത്തണ്ട മേൽ അനുസരണയോടെ ഇരിപ്പുറപ്പിച്ചു.
‘മനുഷ്യൻ! വിശ്വസിക്കാൻ കൊള്ളാത്ത ഒരേയൊരു വർഗം.’
തന്റെ വലതു കൈവിരലുകളാൽ റോബർട്ടിന്റെ തൂവലുകൾ പതുക്കെ തലോടിക്കൊണ്ട്, എം.എൻ. നമ്പ്യാർ മനസ്സിൽ പറഞ്ഞു.

ആറ്
നുറുമ്പ് ഞരക്കവും മൂളലും പുനരാരംഭിച്ചിരിക്കുന്നു. അത് ഉടൻ കനക്കും. ചൊറിയമ്പുഴുക്കൾപോലെ ചാപ്പക്കുള്ളിലാകെ ഇഴഞ്ഞുനടക്കും. ഇറ്റിച്ചുകൊടുത്ത് വായടക്കാമെന്ന് വെച്ചാൽ കഞ്ഞിവെള്ളം അടികണ്ടിരിക്കുന്നു.
വൈകിയാണ് എഴുന്നേൽക്കുകയെങ്കിലും രുദ്രന് അപ്പോൾതന്നെ മുന്നിൽ എന്തെങ്കിലും കിട്ടണം. കിട്ടിയില്ലെങ്കിൽ കൂട്ടിലിട്ട വെരുകിനെപ്പോലെ ചാപ്പക്കുള്ളിൽ വിറളിപിടിച്ചോടും. കണ്ണിൽപെടുന്നതെന്തായാലും അതിൻമേൽ കാലുകൊണ്ട് ഉശിരുകാട്ടും. തർക്കുത്തരം പറഞ്ഞും പരബ്രഹ്മം കണക്കെ നിന്നും മടുത്തു.
വിയർപ്പിൽ കുതിർന്ന ബ്ലൗസിനുള്ളിൽ മാറിടംപറ്റി ചുരുണ്ടുകിടപ്പായിരുന്ന രൂപയെടുത്ത് നിവർത്തി എണ്ണിനോക്കി. ഒരുനേരത്തേക്ക് കഷ്ടിച്ച് രണ്ടോ മൂന്നോ വയറ് തികക്കാനുള്ളതുണ്ട്. പുറത്തിറങ്ങാനായി വാതിൽപ്പലക നിരക്കിമാറ്റിയപ്പോൾ, അവിടവിടെയായി ചോര കുടിച്ച അടയാളങ്ങളുള്ള വലിയ തുണിക്കെട്ട് മുന്നിൽ വഴിമുടക്കിക്കിടക്കുന്നു. അടുത്തുചെന്ന് നോക്കി. തുണിക്കെട്ടല്ല. മാർത്താണ്ഡൻ. വള്ളി അയാളെ തൊട്ടുനോക്കി. അനക്കമുണ്ട്. മേലാസകലം ചോരവാർന്ന മുറിവുകൾ. മുഖത്തു നോക്കിയപ്പോൾ കണ്ണുകൾക്കു പകരം രണ്ട് ചോരക്കിണറുകൾ.
ഏഴ്
സകലമാന മുറകളും അറിയാവുന്ന മാർത്താണ്ഡനെയും കൂട്ടാളികളെയും നിഷ്പ്രയാസം പരാജയപ്പെടുത്തിയ വീരശൂരപരാക്രമിയായ ജയനെ എങ്ങനെയെങ്കിലും എം.എൻ. നമ്പ്യാരുടെ മുന്നിലെത്തിക്കണമെന്ന തന്റെ ദൗത്യം നിറവേറ്റിയ സംതൃപ്തിയോടെ കൊച്ചിൻ ഹനീഫ നടുത്തളത്തിന്റെ ഒരു ഭാഗത്ത് ഒതുങ്ങിനിന്നു. ആക്രമിച്ച് കീഴ്പ്പെടുത്താനാവാത്തവരെ ആശ്ലേഷിച്ച് വരുതിയിലാക്കണമെന്ന, ബോസിന്റെ നയം കൊച്ചിൻ ഹനീഫക്ക് നന്നായറിയാം. എതിരാളിയുടെ ശക്തിയും ബുദ്ധിയും കൃത്യമായി അളന്നെടുത്താണ് ബോസിന്റെ ഓരോ ചുവടുവെപ്പും.
എം.എൻ നമ്പ്യാർ: വരൂ, വരൂ...
ജയൻ: എന്നെ എന്തിനാണ് ഇവിടേക്ക് വിളിപ്പിച്ചത്?
എം.എൻ. നമ്പ്യാർ: പറയാം, ഫാക്ടറിയിൽ നടന്ന കാര്യങ്ങൾ ഞാനറിഞ്ഞു. വീരന്മാരെ എനിക്കെപ്പോഴും ഇഷ്ടമാണ്. കൺഗ്രാജുലേഷൻസ്.
ജയൻ: നിങ്ങളുടെ സ്നേഹത്തിനും അഭിനന്ദനത്തിനുംവേണ്ടിയല്ല, ഞാനത് ചെയ്തത്. മര്യാദകേട് എവിടെക്കണ്ടാലും ഞാനെതിർക്കും.
എം.എൻ. നമ്പ്യാർ: വെരി ഗുഡ്. നിന്നെപ്പോലുള്ളവരുടെ സേവനമാണ് എനിക്കാവശ്യം.
ജയൻ: മനസ്സിലായില്ല.
എം.എൻ. നമ്പ്യാർ: ഇന്നലെവരെ നിസ്സാര ശമ്പളത്തിന് ജോലിചെയ്ത നിനക്ക് ഇന്നുമുതൽ ആവശ്യമുള്ള പണം ഞാൻ തരാൻപോവുകയാണ്.
ജയൻ: ആവശ്യമുള്ള പണമോ? അതിനുതക്ക ജോലി?
എം.എൻ. നമ്പ്യാർ: സമൂഹം നിഷിദ്ധമെന്നു കരുതുന്ന എല്ലാ ജോലികളും നാം ചെയ്യേണ്ടിവരും. പണം പണം പണം... അതുണ്ടാക്കാൻ നമുക്ക് നമ്മുടേതായ നീതിയും നിയമവുമാണ്. നാട്ടുനിയമങ്ങൾ നമ്മുടെ സാമ്രാജ്യത്തിൽ ബാധകമല്ല.
ജയൻ: ഞാൻ സമ്മതിച്ചിരിക്കുന്നു.
എം.എൻ. നമ്പ്യാർ: വെരി ഗുഡ്, പക്ഷേ അത്ര ലാഘവത്തോടെ ചെയ്യാവുന്ന തൊഴിലല്ല ഇത്. അപകടം ഏത് ഭാഗത്തും പതിയിരിക്കുന്നുണ്ടാകും. അതുകൊണ്ട് ഒരു സഹായിയെ കൂടെ വെക്കാം. എന്തിനും പോന്ന ഒരു സഹായി.
ജയൻ: ഒരു ബോഡിഗാർഡിന്റെ ആവശ്യം എനിക്കില്ല.
എം.എൻ. നമ്പ്യാർ: എനിക്കിഷ്ടമായി നിന്റെ ആത്മവിശ്വാസം. ഇതുപോലുള്ള ഒരാളെ കിട്ടാനാണ് ഞാൻ കാത്തിരുന്നത്. ബിസിനസ് സാമ്രാജ്യം ലോകത്തോളം വളർത്താനുള്ള കരുത്ത് നിനക്കുണ്ട്. ഓൾ ദ ബെസ്റ്റ്.
ഹസ്തദാനത്തിനു ശേഷം ‘‘കാണാം’’ എന്നു പറഞ്ഞ് ജയൻ ബംഗ്ലാവിന് വെളിയിലിറങ്ങി. നടുത്തളത്തിന്റെ ഒരു മൂലയിൽ, എല്ലാം കണ്ടും കേട്ടും നിൽപ്പായിരുന്ന കൊച്ചിൻ ഹനീഫ ജേതാവിന്റെ ശരീരഭാഷയോടെ എം.എൻ. നമ്പ്യാരുടെ മുന്നിൽ വിനയാന്വിതനായി.
കൊച്ചിൻ ഹനീഫ: ഇവൻ നമ്മുടെ ബിസിനസിന് മുതൽക്കൂട്ടാകും, ബോസ്.
എം.എൻ. നമ്പ്യാർ: ശരിയാണ്. പക്ഷേ എപ്പോഴും പിറകിൽ കണ്ണുകൾ ഉണ്ടായിരിക്കണം. എവിടെ പോകുന്നു, എന്തുചെയ്യുന്നു, ആരെ കാണുന്നു, ആരോട് സംസാരിക്കുന്നു, എന്നൊക്കെ അറിയാൻ ശക്തവും സൂക്ഷ്മവുമായ കണ്ണുകൾ. തണ്ടും തടിയുമുള്ള ഒരാളുടെ കണ്ണുകൾ, അടിക്കാൻ പറഞ്ഞാൽ അറുത്തിട്ടുകൊണ്ടുവരുന്ന, ചാകാൻ പറഞ്ഞാൽ ചത്തിട്ടുവരുന്ന ഒരാളുടെ ധൈര്യവും വീര്യവുമുള്ള കണ്ണുകൾ. ഉത്തരവാദിത്തബോധമുള്ള കണ്ണുകൾ. വിശ്വാസവഞ്ചന കാട്ടിയാൽ, മാനഹാനി വരുത്തിയാൽ, തക്കതായ ഫലം അനുഭവിക്കേണ്ടിവരുമെന്ന തിരിച്ചറിവുള്ള കണ്ണുകൾ...
എട്ട്
നുറുമ്പിന്റെ ഞരക്കവും മൂളലും ഒന്നുമല്ലെന്നമട്ടിൽ മാർത്താണ്ഡന്റെ എനച്ചിൽ ചാപ്പക്കുള്ളിൽ കുമിഞ്ഞു. എപ്പോഴോ തീ കെട്ടുപോയ അടുപ്പിലെ ചട്ടിയിൽ വള്ളി, തവിയിട്ടിളക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഇളക്കി ശബ്ദമുണ്ടാക്കുക മാത്രമായിരുന്നു വള്ളിയുടെ ഉദ്ദേശ്യം. നുറുമ്പിന്റെയും മാർത്താണ്ഡന്റെയും മത്സരിച്ചുള്ള, അരോചകമായ ആർത്തനാദങ്ങൾ, അതുകേട്ട് അൽപനേരമെങ്കിലും ദുർബലമായെങ്കിൽ എന്നാണ് വിചാരം.
രുദ്രൻ എഴുന്നേറ്റു. വിരിച്ച ലുങ്കി തട്ടിക്കുടഞ്ഞ്, മുട്ടോളമെത്തുന്ന ട്രൗസറിനു മീതെ വാരിച്ചുറ്റി. വാതിൽക്കലുള്ള മരപ്പലക ഒരു ചവിട്ടിന് തള്ളിവീഴ്ത്തി. ഇരുഭാഗത്തും നിരനിരയായി കിടക്കുന്ന തകരഷെഡുകളുടെ വിടവുകളിലൂടെ മൂളലുകൾ, തേങ്ങലുകൾ, ഞരക്കങ്ങൾ, ആർത്തനാദങ്ങൾ... അതേ സ്വരത്തിൽ, അതേ ഈണത്തിൽ, അതേ താളത്തിൽ...
എങ്ങോട്ട് നടക്കണമെന്നറിയാതെ രുദ്രന്റെ കാലുകൾ ഒരു നിമിഷം അനക്കമറ്റു. റോഡരികിലെ കുറ്റിക്കാടിനടുത്ത് അപ്പോഴേക്കും കാപ്പിക്കളറിലുള്ള അംബാസഡർ വന്നുനിന്നിരുന്നു.
-----------
* ‘ശക്തി’ എന്ന ജയൻ സിനിമ
