കോട

അയാള്‍ സഞ്ചരിക്കുന്ന ആ പഴഞ്ചന്‍ ബസ് കുന്നുകയറി ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ ഇനിയും ഒന്നൊന്നര മണിക്കൂറെങ്കിലും കഴിയും. മലമ്പാതയാണെങ്കിലും കുത്തനെയുള്ള കയറ്റങ്ങളൊന്നുമില്ലാത്തതും അലസമായി ചരിഞ്ഞു കിടക്കുന്ന അരഞ്ഞാണംപോല ഒരു റോഡ്. വണ്ടി ഇടക്കിടെ ഉച്ചത്തില്‍ ഗിയര്‍ മാറിമാറി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു. വണ്ടിക്കുള്ളില്‍ അധികം യാത്രക്കാരൊന്നുമില്ല. പല സീറ്റും കാലിയാണ്. ഏറെയും സാധാരണക്കാര്‍. മലമുകളിലെ തണുപ്പ് തേടിപ്പോകുന്ന പരിഷ്കൃതരായ...
Your Subscription Supports Independent Journalism
View Plansഅയാള്‍ സഞ്ചരിക്കുന്ന ആ പഴഞ്ചന്‍ ബസ് കുന്നുകയറി ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ ഇനിയും ഒന്നൊന്നര മണിക്കൂറെങ്കിലും കഴിയും. മലമ്പാതയാണെങ്കിലും കുത്തനെയുള്ള കയറ്റങ്ങളൊന്നുമില്ലാത്തതും അലസമായി ചരിഞ്ഞു കിടക്കുന്ന അരഞ്ഞാണംപോല ഒരു റോഡ്. വണ്ടി ഇടക്കിടെ ഉച്ചത്തില്‍ ഗിയര്‍ മാറിമാറി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു. വണ്ടിക്കുള്ളില്‍ അധികം യാത്രക്കാരൊന്നുമില്ല. പല സീറ്റും കാലിയാണ്. ഏറെയും സാധാരണക്കാര്‍. മലമുകളിലെ തണുപ്പ് തേടിപ്പോകുന്ന പരിഷ്കൃതരായ ഒന്നോ രണ്ടോ പേരാണ് പിന്നെയുള്ളത്. അഴിച്ചിട്ട മുടിയിഴപോലെ മുഖത്തേക്ക് വെള്ളമിറ്റിക്കുന്ന മഴപെയ്യുന്നുണ്ടെങ്കിലും ആരും ബസിന്റെ ഷട്ടറുകളൊന്നും അടച്ചിട്ടില്ല.
ഒരുപക്ഷേ പുറത്തെ കാഴ്ചകളാവാം അതിന്റെ കാരണം. സ്ഥിരം യാത്രക്കാര്‍പോലും ആ ദിവസത്തിന്റെ ഭംഗിയെ മറച്ചുപിടിക്കാന്‍ ഇഷ്ടപ്പെടാത്തതുപോലെ. അല്ലെങ്കില്‍ ഇടക്ക് മഞ്ഞ് കയറിവന്ന് എല്ലാ കാഴ്ചയും മറയ്ക്കുന്ന ആ നിമിഷത്തെ എന്തിന് നഷ്ടപ്പെടുത്തണമെന്ന് കരുതിയുമാവാം. ഇടക്ക് കോടമഞ്ഞ് കയറ്റം കയറി ബസിനേക്കാള്‍ വേഗത്തില്‍ കിഴക്കോട്ട് പാഞ്ഞുപോകും. അപ്പോഴെല്ലാം പ്രക്ഷുബ്ധമായ കടലിലെ തിരകള്‍പോലെ പുറത്തു പച്ചപ്പാര്‍ന്ന മലനിരകള്‍ ഫണം വിടര്‍ത്തി നിൽക്കുന്നത് കാണാം. യാത്രക്കാരെല്ലാം പുറം കാഴ്ചകളില്‍ ആനന്ദത്തിനുള്ള വക കണ്ടെത്തുമ്പോഴും അയാളുടെ ഉള്ളില്‍ അകാരണമായതും എന്നാല്‍ അയാള്‍ക്ക് മാത്രം അനുഭവിക്കാവുന്നതുമായ ചില നഷ്ടങ്ങളുടെ ഭാരം ഭയമായി പടര്‍ന്നിട്ടുണ്ടായിരുന്നു.
അയാള്‍ യാത്രചെയ്യുന്ന ആ പഴയ ട്രാന്‍സ്പോര്‍ട്ട് ബസിനുള്ളിലെ തുരുമ്പെടുത്തു പൊള്ളിയ ഇളം പച്ചപ്പില്‍ അയാളുടെ കണ്ണുകള്‍ പരതി നടന്നു. അതിനുള്ളിലെ ‘മുതിര്‍ന്ന പൗരന്മാര്’,‘സ്ത്രീകള്‍’, ‘അമ്മയും കുഞ്ഞും’, ‘കൈയും തലയും പുറത്തിടരുത്’... തുടങ്ങിയ എഴുത്തുകള്‍ അയാള്‍ പലയാവര്‍ത്തി വായിച്ചു. വടിവൊത്ത അക്ഷരങ്ങളും എഴുത്തും അയാളുടെ ഉള്ളിലെ ആകുലതകളെ കൂടുതല്‍ മുറിപ്പെടുത്തി. ആ അക്ഷരങ്ങള്‍ക്കിടയില്‍ വള്ളിയിട്ടിരിക്കുന്ന രീതി താന്‍ ചുമക്കുന്ന വ്യഥകളുടെ ഭാരം വര്‍ധിപ്പിക്കുന്നതായി അയാള്‍ക്ക് തോന്നി. കാല്പാദങ്ങള് തണുത്തു മരവിച്ചിരിക്കുന്നതുപോലെ. ഒന്നുറക്കെ ശബ്ദിക്കണമെന്ന് അയാള്‍ ഉള്ളുകൊണ്ട് ആഗ്രഹിച്ചെങ്കിലും സാധിക്കാനാകാത്തവിധം അയാളാ അക്ഷരങ്ങളുടെയിടയിലെ വള്ളികളില്‍ കുരുങ്ങിപ്പോയി. അതയാളെ ഭൂതകാലത്തിലേക്ക് വലിച്ചിഴച്ചു.
അത്രയൊന്നും വലിയ നഗരമല്ലെങ്കിലും ഒരു നഗരത്തിന്റെ കെട്ടിലേക്കും മട്ടിലേക്കും ചുവടുവെച്ചു തുടങ്ങിയ ഒരു ചെറുപട്ടണത്തിലെ ഫൈന്‍ ആര്‍ട്സ് കോളജ് വിദ്യാർഥികളായിരുന്നു അയാളും സുഹൃത്ത് ഭാസിയും. ഈ ലോകത്തെ മൊത്തം വരകൊണ്ട് ആവിഷ്കരിക്കാന്‍ ഞങ്ങള്‍ ആർത്തി മൂത്ത് അലയുന്ന കാലം. വിക്ടര്‍ പെരേടിന്റെ അനാട്ടമി ആന്‍ഡ് ഡ്രോയിങ് ആവര്‍ത്തിച്ചു വരച്ചു മടുക്കുമ്പോള്‍ പരുക്കന്‍ ചുമരുകളില്‍ അക്ഷരമെഴുതുന്ന അപ്ലൈഡ് ആര്ട്ടിസ്റ്റിനെന്ത് അനാട്ടമിയെന്നു ചോദിച്ചു ഭാസി തലവഴി മുണ്ട് വലിച്ചിട്ട് കൂര്‍ക്കംവലിച്ച് ഉറങ്ങും.

എല്ലാവര്ക്കും മുമ്പേ അവന് ഉണരും. ഒന്നിന് പുറകെ ഒന്നായി മൂന്ന് കുര്‍ബാനി ബീഡി വലിക്കും. തലേ ദിവസം കഴിച്ച ചാത്തന് മദ്യത്തിന്റെ ബാക്കി വല്ലതുമുണ്ടോന്ന് പരതും. അയ്യപ്പാ ലോഡ്ജിലെ ഇടുങ്ങിയ മുറിയില്‍ ചിതറിക്കിടക്കുന്ന ഞങ്ങളുടെ നഗ്ന ശരീരങ്ങളുടെ അനാട്ടമികൊണ്ട് ഡ്രോയിങ് ബുക്ക് നിറക്കും. റാഡിക്കല്‍ മൂവ്മെന്റിന്റെ അലയൊലികള്‍ അവസാനിക്കാത്ത ഫൈന്‍ ആര്‍ട്സ് കോളജിലെ പഠന കാലത്തെപ്പോഴോ ആണ് ഭാസി താനെഴുതുന്ന അക്ഷരങ്ങള്‍ക്കൊരു തനത് ശൈലി ഉണ്ടാകണമെന്ന് വാശി പിടിച്ചു തുടങ്ങിയത്. അയാള്‍ മലയാളം അക്ഷരമെഴുതുന്നതിനിടയിലിടുന്ന വള്ളികളില്‍ മുഗള്‍ ആര്ട്ടിന് സമാനമായ ചില വരകളെ സന്നിവേശിപ്പിച്ചു. അതേ വാശിയോടെ അയാള്‍ തന്റെ സഹപാഠിയായ പെണ്‍കുട്ടിയെ പ്രണയിക്കുകയും ചെയ്തു. മരത്തിനു ചുറ്റും നിരത്തിവെച്ച ക്രിംസന്റെ കോടാലികളോളം വലിയ ആര്‍ട്ടിനെ ആവിഷ്കരിക്കണമെങ്കില് നിങ്ങള്‍ യുദ്ധത്തില്‍ കൊല്ലപ്പെടണമെന്ന് അവന് ഞങ്ങളോട് തര്‍ക്കിക്കും. സമാധാനത്തിന്റെ നിറം വെളുപ്പായതുപോലെ കള്ളമാണ് നിങ്ങളുടെ ചിത്രകലയെന്നും അവന് അധിക്ഷേപിക്കും.
രണ്ടാം വര്‍ഷത്തിന്റെ തുടക്കത്തിലെ ഒരുദിവസം നാലുനിലയുള്ള അയ്യപ്പാ ലോഡ്ജിന്റെ മുറ്റത്തെ കിണറിനോട് ചേര്‍ന്ന് ഭാസി മരിച്ചുകിടക്കുന്നതാണ് ലോകം കണ്ടത്. ചിത്രകലാ വിദ്യാർഥി ആത്മഹത്യചെയ്തെന്നോ നാലാം നിലയുടെ മുകളില്‍നിന്നും മദ്യലഹരിയില്‍ കാലുതെറ്റി വീണെന്നോ ഒക്കെ പത്രങ്ങള്‍ എഴുതി. ലോഡ്ജിന്റെ മുകളില്‍ ചിതറിക്കിടന്ന മദ്യക്കുപ്പികളില്നിന്നും പൊലീസ് നിഗമനം ശരിവെച്ച് മടങ്ങി. അധികം കഴിയാതെ അയ്യപ്പാ ലോഡ്ജില്‍നിന്നും ചിത്രകലാ വിദ്യാര്‍ഥികള്‍ മറ്റൊരു ലാവണത്തിലേക്ക് മാറി. ഭാസി പ്രണയിച്ച പെണ്‍കുട്ടി ആരോടും പറയാതെ കോളജില്‍ നിന്നും പടിയിറങ്ങി. പിന്നെ ജീവിതത്തില്‍ എന്തെല്ലാം വഴിത്തിരിവുകള്‍.
കുറെയധികം കൂട്ടുകാര്‍ പഠനം മുഴുമിപ്പിക്കാതെ കോളജ് വിട്ടു. പ്രിന്റിങ് ടെക്നോളജിയും സാങ്കേതികവിദ്യയുമൊക്കെ ചിത്രകലയുടെ സാധ്യത കുറക്കുമെന്ന് അവരില്‍ പലരും ആശങ്കപ്പെട്ടു. ഫോട്ടോഷോപ് വന്നു, ഇനിയെന്ത് ചിത്രകലയെന്ന് പഠിപ്പിക്കുന്നവര്‍ തന്നെ ചോദിച്ചു തുടങ്ങി. ലളിതകല പോലെ ലളിതമല്ലാത്ത ജീവിതവും പേറിയുള്ള ഓട്ടമായിരുന്നു ഇത്രകാലവും. മകനായും പതിയായും പിതാവായും അണിഞ്ഞിരുന്ന മേലങ്കിയൊക്കെ പാകമായിരുന്നോ എന്ന് ചോദിച്ചാല്‍ സ്വന്തം പാപഭാരം ഒരു വേട്ടപ്പട്ടിയെപ്പോലെ പിന്തുടരുമ്പോള് അതെങ്ങനെ സാധ്യമാകും.
ഭാസി അവന്റെ മരണം. പ്രായത്തിന്റെ എടുത്തുചാട്ടമെന്നോ അറിവില്ലായ്മയെന്നോ കൈപ്പിഴയെന്നോ ഒരുപക്ഷേ ആരെങ്കിലുമൊക്കെ സമാധാനിപ്പിച്ചേക്കാം. ഉള്ളിലൊരു കള്ളം ഉറങ്ങാതെ കിടക്കുവോളം മനുഷ്യന് അവന്റെ ആത്മാവിനെപ്പോലും അപരനെയെന്നപോലെ ഭയപ്പെടാന്‍ തുടങ്ങും. ആര്‍ക്കും പിടികൊടുക്കാതെ സ്വന്തം പാപഭാരവും പേറിയുള്ള ഓട്ടപ്പാച്ചിലിനിടയില്‍, മക്കളെപ്പോലും സ്നേഹിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഒടുവില്‍ വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ കരളുമായി ജീവിതത്തിന്റെ അവസാന മണിയൊച്ചകള്ക്കായി കാത്തിരിക്കുമ്പോഴാണ് ഈ തീരുമാനമെടുത്തത്. ഭാസിയുടെ കുടുംബം സത്യമറിയണം. ആ മരണം, ആത്മഹത്യയോ അപകടമോ?
കടും വർണങ്ങള്‍കൊണ്ട് പകയും സമാധാനവും വരച്ച ഈ കൈകളാണ് ആ കടുംകൈ ചെയ്തത്. ഇപ്പോ ഈയാംപാറ്റകളെ പോലെ വിറക്കുന്ന ഈ കൈകള്‍. ഉള്ളില്‍ താൻ മോഹിച്ച പെണ്‍കുട്ടിയോട് ഭാസിക്കുണ്ടായിരുന്ന പ്രണയമാണോ കാരണമെന്ന് ഇപ്പോഴും ഉറപ്പില്ല. എന്തായാലും രണ്ടു പേരും മദ്യപിച്ചിരുന്നു. അന്നുമുതല്‍ ഈ ലോകത്തെ കബളിപ്പിക്കുന്നതില്നിന്ന് ഒരു മോചനം വേണം. വീണൊടുങ്ങും മുമ്പ് എന്നോ നഷ്ടപ്പെട്ടുപോയ മനസ്സാക്ഷിക്കു മുന്നില്‍ ഒന്നു പൊട്ടിക്കരയണം. കിഴക്കന്‍ മലയിലെ ഗ്രാമത്തില്‍ ഭാസിയുടേതായി ആരെങ്കിലുമുണ്ടെങ്കില്‍ എല്ലാം ഏറ്റുപറയണം. അവിടേക്കാണ് ഒരു കൊലപാതകിയെയും വഹിച്ചുകൊണ്ട് ബസ് മലകയറുന്നത്. മരിച്ചു മരവിച്ച അവന്റെ ശരീരത്തെ പിന്തുടര്ന്ന് ആ ഗ്രാമത്തിലെത്തിയപ്പോള്‍ ഉള്ളില്‍ പതിച്ച ചില മുഖങ്ങള്‍ ഓർമയിലുണ്ട്. അലമുറയിട്ടു കരയുന്ന അവന്റെ അമ്മ, അഗാധമായ നിശ്ശബ്ദതകൊണ്ട് യാത്രാമൊഴി ചൊല്ലുന്ന അച്ഛന്, ഒന്നോ രണ്ടോ സഹോദരന്മാർ, ഒരനിയത്തി.

മണിക്കൂറുകളായി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ബസില്‍ നിന്നും മണിയടി ഉയരുന്നത് കേട്ടാണ് ഓർമകള്‍ മുറിഞ്ഞത്. വണ്ടി ഗ്രാമത്തിലെത്തിയിരിക്കുന്നു. അയാളോടൊപ്പം അവിടെയിറങ്ങാന്‍ അധികമാരും ഉണ്ടായിരുന്നില്ല. ഒരു വലിയ മഴ പെയ്തൊഴിഞ്ഞതുപോലെ നനവാര്‍ന്നു കിടന്ന ആ ഗ്രാമത്തിലേക്ക് അയാള്‍ ചുവടുവെച്ചു. അവിടെ ആകെയുള്ള രണ്ടോ മൂന്നോ പീടികകളിൽ ആളനക്കം ഒന്നുമില്ലായെന്ന് തോന്നുന്നു. അയാള്‍ നടന്നു തുടങ്ങിയതോടെ എവിടെ നിന്നോ ഓടിവന്ന ഒരു തെരുവുനായ ചിരപരിചിതനായ ഒരാള്‍ എത്തിയതുപോലെ അയാളെ മുട്ടിയുരുമ്മാന്‍ തുടങ്ങി. ഒപ്പം തണുപ്പിന്റെ സൂചിമുനകള്‍ തുന്നിവെച്ച ഒരു കാറ്റും.
ഗ്രാമമാകെ കോടമഞ്ഞ് പെയ്തു. തൊട്ടടുത്തു നില്ക്കുന്ന നായയെപ്പോലും കാണാനാവാത്തവിധം, കടും വെള്ളനിറത്തിലുള്ള ഇരുട്ടിന്റെ പാട അയാളെ പൊതിഞ്ഞു. തണുത്തു മരവിച്ച കാലുകള്‍ നിലത്തുനിന്നും പറിച്ചെടുക്കാനാവാത്തതുപോലെ. അയ്യപ്പാ ലോഡ്ജിന്റെ പടവുകള്‍ വഴി താഴേക്കോടുമ്പോള് തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചൊരു കരച്ചില് വര്‍ഷങ്ങള്‍ക്കിപ്പുറം അയാളില്‍നിന്നും പുറത്തേക്കൊഴുകി. ഗ്രാമത്തിന്റെ മുകളിൽനിന്നും കോടമഞ്ഞ് അതിന്റെ പുതപ്പ് വലിച്ചുമാറ്റി മറ്റൊരു ദിക്കിലേക്ക് പലായനം ചെയ്തു.
