ഒരു പറവയുടെ കഥ

വേനലിലൊരു തുള്ളി വെള്ളത്തിനായി കാതങ്ങള്‍ നടന്നതും, മഴയില്‍ കരയോ പുഴയോ തിരിയാതെ നട്ടംതിരിഞ്ഞതും, കുന്നിന്‍മുകളിലിരുന്ന് പാട്ടുപാടി കൂകിവിളിച്ചതും അർമാദിച്ചതും കടല്‍ത്തിരകളില്‍ കിടന്നുരുണ്ട് വേണ്ടത്ര മദിച്ചതും സദാ നാറ്റത്തിലൊരു കനാലിനരികിലെ പൊത്തിലിരുന്ന് വര്‍ഷങ്ങള്‍ വെന്തതും സര്‍ക്കസ് കൂടാരത്തില്‍ പലരോടൊന്നിച്ചൊരു കൂട്ടില്‍ ഉറങ്ങിയുണര്‍ന്നതും പഴയൊരു ബുള്ളറ്റില്‍ പറവ കണക്കെ ദേശങ്ങള്‍ താണ്ടിപ്പറന്നതും ഇടക്കിടെ പറയും വാപ്പുപ്പ. കഥകളുടെ ചരിത്രംതന്നെ വാപ്പുപ്പയില്‍നിന്ന് തുടങ്ങുന്നുവെന്നായിരുന്നു ചെറുപ്പത്തിലൊക്കെ ഞാന്‍ കരുതിയിരുന്നത്. ബദ്റ് യുദ്ധവും കൃഷ്ണാവതാരങ്ങളും...
Your Subscription Supports Independent Journalism
View Plansവേനലിലൊരു തുള്ളി വെള്ളത്തിനായി കാതങ്ങള്‍ നടന്നതും, മഴയില്‍ കരയോ പുഴയോ തിരിയാതെ നട്ടംതിരിഞ്ഞതും, കുന്നിന്‍മുകളിലിരുന്ന് പാട്ടുപാടി കൂകിവിളിച്ചതും അർമാദിച്ചതും കടല്‍ത്തിരകളില്‍ കിടന്നുരുണ്ട് വേണ്ടത്ര മദിച്ചതും സദാ നാറ്റത്തിലൊരു കനാലിനരികിലെ പൊത്തിലിരുന്ന് വര്‍ഷങ്ങള്‍ വെന്തതും സര്‍ക്കസ് കൂടാരത്തില്‍ പലരോടൊന്നിച്ചൊരു കൂട്ടില്‍ ഉറങ്ങിയുണര്‍ന്നതും പഴയൊരു ബുള്ളറ്റില്‍ പറവ കണക്കെ ദേശങ്ങള്‍ താണ്ടിപ്പറന്നതും ഇടക്കിടെ പറയും വാപ്പുപ്പ. കഥകളുടെ ചരിത്രംതന്നെ വാപ്പുപ്പയില്‍നിന്ന് തുടങ്ങുന്നുവെന്നായിരുന്നു ചെറുപ്പത്തിലൊക്കെ ഞാന്‍ കരുതിയിരുന്നത്. ബദ്റ് യുദ്ധവും കൃഷ്ണാവതാരങ്ങളും ആയിരത്തൊന്ന് രാത്രികളുമെല്ലാം കടുത്ത വേനലുകളിലും ഞങ്ങളില്‍ മഴവില്ല് വിരിയിച്ചു.
ഇവിടെ, ഞങ്ങളുടെ ഈ പുതിയ ഫ്ലാറ്റില്‍ വാപ്പുപ്പയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആ ജനലോരമാണ്. മഴ കഴിഞ്ഞുള്ള മണവും പൂച്ചമക്കളുടെ കലമ്പലും കലര്‍ന്ന സന്ധ്യ. വാപ്പുപ്പ എന്‍റെ കയ്യിലിരിക്കുന്ന ചക്കരക്കാപ്പിയിലേക്ക് കൊതിയോടെ നോക്കി.
‘‘പനംചക്കരയാണ്. കൊതി കൂടും,’’ ഞാന്‍ കണ്ണിറുക്കി.
അപ്പുറത്തെ ലളിതേച്ചിയാണ് ഞങ്ങളുടെ ഈ ഫ്ലാറ്റില്‍ സ്വൈരവിഹാരം നടത്തുന്ന മറ്റൊരാള്‍. എത്ര വേണ്ടെന്ന് പറഞ്ഞാലും വൈകീട്ടത്തെ പങ്ക് ആളിങ്ങെത്തിക്കും, ഇന്നും എന്തൊക്കെയോ കൊണ്ടുവെച്ചിട്ടുണ്ട്. ചക്കരക്കാപ്പിയും കുടിച്ചങ്ങനെ മഴയിലേക്ക് നോക്കിനിന്നപ്പോള്‍ എന്തോ, എനിക്കവളെ ഒരു വട്ടംകൂടി കാണാന്‍ തോന്നി. കല്യാണദിവസം അവളണിഞ്ഞ വസ്ത്രങ്ങളില്‍നിന്നുതിര്‍ന്നുവീണ അത്തര്‍സുഗന്ധവും നിക്കാഹിനിരിക്കുമ്പോള്‍ കണ്ട സുന്ദര നോട്ടവും ഓർമവന്നു. ഞാന്‍ ഇറ്റാലിയന്‍ ഫർണിച്ചർ മാര്‍ട്ടില്‍ ജോലിചെയ്യുന്ന സമയമായിരുന്നു അത്. അക്കാലത്ത്, എന്നും വൈകീട്ട് ഇലയില്‍ പൊതിഞ്ഞെടുത്ത മീനും വാങ്ങി പുഴവക്കത്തൂടെ പുതുതായി വാടകക്കെടുത്ത വീട്ടിലേക്കെത്തുന്നതും നോക്കി കാത്തിരിക്കുന്നുണ്ടാവും വാപ്പുപ്പയും അവളും. അവള്‍ വന്നതില്‍പ്പിന്നെ എന്നേക്കാള്‍ അവരായിരുന്നു വലിയ കൂട്ട്. അവളൊരിക്കല്‍ രഹസ്യമായിട്ടെന്നോട് പറഞ്ഞു
‘‘അതേയ്, വാപ്പുപ്പ മോളിലെ കുഞ്ഞിനെ എപ്പോഴും നോക്കിക്കൊടുക്കാറില്ലേ. എന്നാ ഒരു കാര്യമറിയോ ഇക്കാക്ക്. അവളെ കാണാനാ കുട്ടീനോടുള്ള ഈ ഒടുക്കത്തെ വാത്സല്യം. അവള് വരുമ്പോ എന്തൊരർമാദാണെന്നറിയോ ആള്‍ക്ക്.’’ ഞങ്ങള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഓർമകളുടെ തെളിച്ചം ഒരേസമയം മുന്നോട്ടുള്ള ചൂട്ടും, അതേസമയം അപ്പപ്പോള്‍ കത്തിത്തുടങ്ങുന്ന ചിതയുമാണ്.
അപ്പുറത്ത് ഫ്ലാറ്റ് ഓണര്‍ പാട്ട് വെച്ചിട്ടുണ്ട്, ഈ സമയത്ത് എന്നുമിത് പതിവാണ്. വാപ്പുപ്പ എന്തിനോ ‘സബ്യേ’ എന്ന് വിളിച്ചതുപോലെ തോന്നി, ഉമ്മച്ചിയാണ്. വാപ്പുപ്പയ്ക്കടുത്തായുള്ള ജനലിനുള്ളിലെ ആകാശത്തിലൂടെ കണ്ടു, ഒറ്റ നക്ഷത്രം. പണ്ടത്തെ ആ ഒറ്റമുറിക്കുള്ളില്‍നിന്ന് വെന്തു നാറി മുറ്റത്തിറങ്ങിനില്‍ക്കുമ്പോഴും നിറയെ നക്ഷത്രങ്ങളെ കാണാമായിരുന്നു. ഓരോരുത്തരായി മെല്ലെ പുറത്തിറങ്ങി നില്‍ക്കാന്‍ തുടങ്ങും. ഉമ്മച്ചിക്കായിരുന്നു അവിടെ ഏറ്റവും ഈര്‍ഷ്യ.
ഒരു കെട്ട വാട ആ ഒറ്റമുറിക്കുള്ളില്‍നിന്ന് എപ്പോഴും നുരഞ്ഞ്പൊന്തുന്നുവെന്ന് ഉമ്മച്ചി സദാസമയം പരാതി പറയും, മുഖം വീര്‍പ്പിക്കും. സത്യമായിരുന്നു, എന്നിട്ടും നാലഞ്ച് മനുഷ്യര്‍ നിന്നും ഇരുന്നും ഒറ്റപ്പാളിച്ചന്തിയിലുറങ്ങിയും അവിടെ പറ്റിച്ചേര്‍ന്നു. എന്തായാലും ഞങ്ങള്‍ കുട്ടികള്‍ക്ക് ഉത്സവകാലമായിരുന്നു അത്, കളിക്കാനും വഴക്കുണ്ടാക്കാനും നിറയെ കുട്ടികള്‍, എല്ലാ ദിവസവും ആഘോഷ രാവ്. വെളിച്ചവും ആര്‍പ്പും പല അച്ഛന്‍മാര്‍ കൊണ്ടുവരുന്ന പലനിറ മിഠായികളും.
അയല്‍ക്കാര്‍ ക്രിസ്ത്യാനികളാണെന്നുള്ളതില്‍ ഒരൽപം അമ്പരപ്പായിരുന്നു തുടക്കത്തില്‍ ഉമ്മച്ചിക്ക്. പത്ത് മുപ്പത്തഞ്ച് വയസ്സു വരെ ക്രിസ്ത്യാനികളെ കണ്ടിട്ടേയില്ല. പക്ഷേ, അവിടെ നിന്നിറങ്ങുമ്പോഴേക്കും ‘ക്രിസ്ത്യാനികളെല്ലാം എന്‍റെ ബന്ധുക്കളാ’ എന്നു പറയുന്ന രീതിയിലേക്ക് വളര്‍ന്നിരുന്നു കാര്യങ്ങള്‍. അവര് തരുന്ന പിടിയും കോഴിയും പെസഹ അപ്പവും മുന്തിരി വൈനും ഞങ്ങള്‍ക്കും പ്രിയപ്പെട്ടതായിക്കഴിഞ്ഞിരുന്നു. നീണ്ടവരാന്ത തരംതിരിച്ച ക്ലാസ്മുറികളെപ്പോലുള്ള അഞ്ചാറ് മുറികള്‍, അതിലഞ്ചാറ് കുടുംബങ്ങള്‍. പല മതക്കാര്‍ പൊതുവായുള്ളൊരു കുളിമുറിയും കക്കൂസും ഉപയോഗിച്ച് ജീവിച്ചുപോന്നു.
‘‘കെട്ടിക്കൊണ്ട് വന്നിട്ടിപ്പം ഇക്കാലമത്രേം നിങ്ങളെ കൂടെ പെറുക്കി നടന്നു ഞാന്‍, മതിയായി. ഇങ്ങനെ കെടന്നാ പെണ്‍മക്കളെ ആരും കൊണ്ടോവുംന്ന് കരുതണ്ട.’’
ഇടക്കിടക്ക് അതും പറഞ്ഞ് ഉമ്മച്ചി വാപ്പയെ നോക്കി പല്ലിറുമ്മി, നെഞ്ചെരിച്ചു. എത്ര കൂട്ടിനോക്കിയിട്ടും എനിക്കുമിപ്പോ കണക്കുകളൊന്നും ഓര്‍മ്മ വരുന്നില്ല. ഇത്രദൂരം സഞ്ചരിച്ച നൂറ് കണക്കിന് വഴികളാകെ ഓര്‍ക്കാന്‍പോലും പറ്റാത്തവിധം പിണഞ്ഞ് കല്ലിച്ച് വേദനിച്ച് കിടക്കുന്നു. തുടക്കമോ ഒടുക്കമോ ഇല്ലാത്ത പല മുറിവുകളുടെ ചാല്‍.
പ്ലേറ്റ് തുറന്ന് ചേച്ചി കൊണ്ടുവെച്ച ചോറും അവിയലും അൽപമെടുത്ത് കഴിച്ചു. ചാറ് കറിയുണ്ടെങ്കിലും തുറന്നുപോലും നോക്കിയില്ല. ഒന്നിനും ഒരു രുചിയും ഇല്ലാത്തപോലെ. വാപ്പുപ്പയുമുണ്ട് അപ്പുറത്ത്.
‘‘വാപ്പുപ്പ എന്താ ഓര്‍ക്കുന്നേ?’’
‘‘ഒന്നൂല്ലെടാ. ആ അര്‍മാൻ ഹാജി കൊറേനാളായി പറയുന്നത് കേള്‍ക്കുന്നു, കപ്പലില്‍ ഹജ്ജിന് പോയതിനെപ്പറ്റി. കപ്പലിലൊക്കെ ആള്‍ക്കാര് പോക്ക് നിര്‍ത്തിയിട്ട് കാലങ്ങളായി. വിമാനം വന്ന്ട്ടും കഅ്ബ കാണാനായില്ലല്ലോന്ന് ഓര്‍ത്തതാ.’’
‘‘നമുക്ക് പോകാം വാപ്പുപ്പാ.’’ ആളിന്‍റെ കണ്ണുകളില്‍ തിളങ്ങിച്ചിരി. ‘‘ഞാന്‍ കൊണ്ടോവും. ഞാനും കൂടെ വരേം ചെയ്യാം. ഇവളെ കൂട്ടണ്ട. പക്ഷേ, തിരിച്ച് വരുമ്പോ നെനക്ക് ഒരു വിമാനം നെറയെ സമ്മാനങ്ങളുമായിട്ടാ ഞങ്ങള് വരാ.’’
അവളുണ്ടായിരുന്നപ്പോള്‍ ഇങ്ങനെ പറയുമ്പോള്‍ വാപ്പുപ്പ പുഞ്ചിരിച്ചുകൊണ്ട് പറയുമായിരുന്നു.
‘‘അല്ലെങ്കിലും ഇവനെങ്ങനാ മോളെ ഇഞ്ഞെ കൊണ്ടോകാതിരിക്ക്യാ. ഞാനെങ്ങനാ വളര്‍ത്തിയേന്നറിയോ. ഇവന്‍റെ കൂട്ടുകാര്‍ക്കും കൂടെപ്പെറന്നോര്‍ക്കും ഒക്കെ അസൂയാര്ന്നു. ഞാന്‍ നെലത്ത് വെക്കുന്നില്ലാന്നും പറഞ്ഞ്. എങ്ങനാ വെക്ക്വാ. ന്‍റെ ആകെയുള്ളൊരു മോന് ആദ്യായിട്ട് ജനിച്ചൊരു ആൺതരിയായിരുന്നില്ലേ. വന്‍റെ ചെറുപ്പകാലത്തൊക്കെ ഞാന്‍ നിലത്തുറയ്ക്കാത്ത ഓട്ടായിരുന്നു. പിന്നെ തുടുത്തൊരാപ്പിള് പോലെ വയസ്സാം കാലത്ത് കയ്യില്‍ കിട്ടിയത് ഇവനെയാ.’’
ചെറുപ്പത്തില്‍ എങ്ങോട്ട്പോകുമ്പോഴും എന്നെ വാപ്പുപ്പ തോളിലെടുത്തുകൊണ്ടാണ് നടക്കുക. അന്ന് ഞങ്ങള്‍ താമസിച്ചിടത്തുനിന്ന് സ്ഥിരം വഴളുകള്‍ക്കും ഉത്സവങ്ങള്‍ക്കും പോകും. കയറ്റത്തിലും ഇറക്കത്തിലും വെയിലിലും മഴയിലും എന്നുവേണ്ട, എന്തിലും വേതാളത്തെപ്പോലെ ഞാന്‍ വാപ്പുപ്പയുടെ ചുമലില്‍ കേറിയിരുന്നു. കൂടെപ്പിറന്നോര്‍ അസൂയയോടെ മുഖം കൂര്‍പ്പിച്ചു ഒച്ചയുയര്‍ത്തി പറഞ്ഞു, ‘‘ഓ, ഒരു വലിയ രാജാവ് വന്നിരിക്കുന്നു.’’ എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അതൊക്കെ.
ചൂട്ടും ചിതയും
ഉമ്മച്ചിയുടെ നെഞ്ചെരിച്ചില്‍ എനിക്കുമിപ്പോ മനസ്സിലാവുന്നുണ്ട്. അത്, അതേ ആഴത്തില്‍ നൂണ്ട് പൊതിയുന്നു. അതിനിടയിലൂടെ പല കാലങ്ങളാണ് കിതച്ചുന്തുന്നത്. കുറച്ചുനേരം ആലസ്യത്തോടെ പുറത്തേക്ക് നോക്കിയിരുന്നു, എന്തോ പെട്ടെന്ന് ആലപ്പുഴക്കാലം ഒാർമയിലേക്ക് വന്നു. പത്തു പതിനഞ്ച് വര്‍ഷം മുമ്പാണ്, ഒരു കൂട്ടുകാരനൊക്കൊപ്പം പണിക്ക് പോയതാണ്, അവന്‍റെ വീട്ടിലായിരുന്നു താമസവും. പല പണികള്‍ ചെയ്ത് മടുത്ത് അത്യാവശ്യം ശമ്പളമുള്ളൊരു ജോലി തപ്പുന്നതറിഞ്ഞ് അവന്‍ വിളിച്ചിട്ട് പോയതാണ്. ‘ശമ്പളം തരാം’ എന്നൊക്കെ പറഞ്ഞാണ് വിളിച്ചിരുന്നതെങ്കിലും ‘അതിലും ലാഭമാണ് നിനക്കിത്’ എന്നും പറഞ്ഞങ്ങ് തുടങ്ങി അവള്‍. രാവിലെ ഇറങ്ങും ഞങ്ങള് രണ്ട് പേരുംകൂടി. ക്വാര്‍ട്ടേഴ്സുകളാണ് പ്രധാനലക്ഷ്യം. ഇന്‍ഡക്ഷന്‍ സ്റ്റൗ ആളുകള്‍ക്ക് പരിചയമായി വരുന്നേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ബള്‍ക്കായി സാധനമെടുക്കും.
ഒന്ന് വിറ്റു കിട്ടിയാല്‍ മതി പകുതിയാ ലാഭം. വീടുകളില്‍ ഗ്യാസും വിറകും എന്നൊക്കെ പറഞ്ഞ് ഒന്നെടുപ്പിക്കാന്‍ വലിയ പാടായിരുന്നു. പക്ഷേ, ഗ്യാസിനെ മാത്രം ആശ്രയിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ അതല്ല സ്ഥിതി. ഞാനാദ്യമായി കടലിനടുത്ത് താമസിച്ചത് ആ കാലത്താണ്. മണല്‍ത്തരികളില്‍ സൂര്യനും വെള്ളത്തുള്ളികളും ഒരുമിച്ച് വന്ന് വീഴുന്നത് കാണണം. മനോഹരം! മണലിലിരുന്ന് ഞങ്ങള്‍ സ്വർണക്കൊട്ടാരങ്ങളും പൂക്കാലങ്ങളും പണിഞ്ഞ് തുടങ്ങിയതാണ്, എന്ത് ചെയ്യാം വാപ്പയൊന്ന് വീണു കിടന്നുപോയപ്പോള്‍ തിരിച്ചുപോരുകയല്ലാതെ നിവൃത്തിയുണ്ടായില്ല.
തൊട്ടടുത്തുണ്ടായിരുന്നെങ്കിലും വാപ്പയെപ്പറ്റി വലിയ ഓർമകളൊന്നുമില്ല എനിക്ക്. ഉമ്മച്ചിയും വാപ്പുപ്പയുമെല്ലാം പറഞ്ഞ വാപ്പയോർമകളാണ് കൂടുതലും. കൂടുതല്‍ പ്രിയപ്പെട്ട മനുഷ്യര്‍ ഒപ്പമുള്ളതിനാല്‍ വിസ്മൃതിയിലായിപ്പോകുന്നവരുമുണ്ടാകും എപ്പോഴും എവിടെയും. അതിലൊരാളാണ് എനിക്ക് വാപ്പ. പക്ഷേ, വാപ്പയെപ്പറ്റി പറഞ്ഞപ്പോള്‍ വാപ്പുപ്പയുടെ കണ്ണില്‍ നനവും തണുപ്പും പടരുന്നത് കണ്ടു. വാപ്പുപ്പ ദുആയിലായിരുന്നു. നാല് തലമുറകളെ കണ്ടു വാപ്പുപ്പയുടെ ആ ഇരിപ്പില്‍. കുഞ്ഞ ഉണ്ടായിരുന്നെങ്കില്‍ വാപ്പുപ്പയിപ്പോള്‍ കഥകളുടെ പരവതാനി വിരിച്ചേനെ അവനായി.
കുഞ്ഞയെ അവസാനമായി കണ്ടത് അവളുടെ വീട്ടിലെ നടവഴിയില്‍ വെച്ചാണ്. എത്രയൊക്കെ ഓര്‍ക്കരുതെന്നോര്‍ത്തിട്ടും അന്നാദ്യമായി ആ വീട്ടിലേക്ക് കയറിച്ചെന്നതോര്‍ത്തു. നീണ്ട വഴിയിലേക്ക് കടന്നുനിന്നപ്പോള്‍ ആദ്യം കണ്ടത് മുന്നിലേക്ക് വലിച്ചുകെട്ടിയ ടാര്‍പ്പായയാണ്.
‘‘വീട് വാര്‍ത്തതാണെന്ന് പറഞ്ഞിട്ട്,’’ അമ്മായി ആരോടോ ചോദിക്കുന്നത് കേട്ടു. ആരും മറുപടി പറഞ്ഞില്ല.
നിറയെ കവുങ്ങുകളാല്‍ നിറഞ്ഞ പറമ്പുകള്‍ക്കിടയിലുള്ള വീടായിരുന്നു അത്. കുഞ്ഞുമുറ്റവും കുഞ്ഞുമുറികളുമുള്ളൊരു സുന്ദരവീട്. ഹോര്‍ലിക്സ് നുണഞ്ഞുകൊണ്ട് നിറയെ ചെമ്പരത്തികള്‍ നിറഞ്ഞിരുന്ന അവരുടെ ചെമ്പരത്തി മതിലില്‍ നുള്ളിക്കൊണ്ട് ഒരഞ്ച് മിനിറ്റ് മിണ്ടിയതില്‍നിന്നുതന്നെ അവള്‍ വിവാഹത്തിനൊരുക്കമായിരുന്നുപോലും. അവളേക്കാള്‍ മുന്നേ അവളുടെ ഭംഗിയുള്ള മുടക്കാല്‍ അന്നാദ്യമായി ചിരിച്ചിരുന്നുവെന്ന് പിന്നീട് പറഞ്ഞു. ആ തിളക്കം മെല്ലെ എന്‍റെ ജീവിതത്തിലേക്കും പടര്‍ന്നു.
പണിത്തിരക്കിലേക്ക് കുമ്പിട്ട് വീണ നേരത്താണ് ലളിതേച്ചി പാത്രമെടുക്കാന്‍ വന്നത്. ചിലപ്പോഴൊക്കെ തോന്നും അവരെന്നെ ഒറ്റയ്ക്കാക്കാതിരിക്കാനാണ് മനഃപൂര്‍വം ഈ നേരത്ത് പാത്രം തിരിച്ചെടുക്കാന്‍ വരുന്നതെന്ന്. ഇത്ര ധൃതിപ്പെട്ടെടുക്കാന്‍ അവിടെ പാത്രങ്ങള്‍ക്കൊന്നും യാതൊരു കുറവുമില്ല. അല്ലെങ്കില്‍ ഇനിയിപ്പോ അവര്‍ക്കുമുണ്ടോ ഒറ്റപ്പിടപ്പിന്‍റെ ഈ ദീനം.
വാപ്പുപ്പയപ്പോള്‍ ആരോടെന്നില്ലാതെ മിണ്ടിത്തുടങ്ങുന്നത് കേട്ടു.
‘‘ഈ മഴക്കാലത്ത് അവിടേക്ക് ഈ സമയത്ത് വരാനേ പറ്റില്ലായിരുന്നു. വന്‍റെ വാപ്പ എല്ലാ ദിവസോം ഈ സമയത്താ പണിയും കഴിഞ്ഞ് വന്ന് കേറാ. വന്നിട്ടൊരിരിപ്പുണ്ട്. ബസ് വന്നിറങ്ങുമ്പോഴേക്കും ആള്‍ക്കാര്‍ തുണി പൊക്കിപ്പിടിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. കുറച്ച് നടന്നുതുടങ്ങുമ്പോഴേക്ക് മുട്ടുകാലിന്‍റത്രേം വെള്ളാവും. നല്ല ചെരിപ്പൊക്കെ ഇട്ടവര് അതെടുത്ത് ബാഗിലോ ഷാളിലോ കെട്ടിയിട്ടുണ്ടാവും. തുടക്കത്തില് അര കിലോമീറ്ററോളം കാനയേ ഉള്ളൂ, അതില് വീണുപോയാലും വലിയ കുഴപ്പമൊന്നും പറ്റില്ല. പക്ഷേ, ഒരരക്കിലോമീറ്ററങ്ങ് കഴിഞ്ഞാല് തോടും തെങ്ങിന്‍ തോപ്പുകളുമാണ്. അതിനിടയിലൂടെയാണ് വീട്ടിലേക്കുള്ള വരമ്പ്. ഒന്ന് പാളിപ്പോയാ മതി, ഒരാള്‍ക്കൊപ്പം വെള്ളാ. ഇവനെന്‍റെ കൂടെയായിരുന്നില്ലേ. ഇതൊക്കെ ഓർമയുണ്ടോന്നാര്‍ക്കറിയാം. വന്‍റെ ഉമ്മയെ കെട്ടിക്കൊണ്ട് വന്നത് ആ വീട്ടിലായിരിക്കുമ്പോഴാ.’’
ആളിപ്പോഴൊന്നും നിര്‍ത്താന്‍ ഭാവമില്ല. ചേച്ചി പാത്രവുമെടുത്ത് വന്ന് എന്‍റെ പേപ്പര്‍ക്കെട്ടുകളിലേക്ക് കണ്ണാഴ്ത്തിപ്പിടിച്ച് നിലത്തേക്കിരുന്നു.
‘‘ഇതെന്താ ഇന്ന് ഇതുവരെ കാണാത്തപോലൊരു കടലാസ് കൂമ്പാരം. ഇത്രേം പണിയൊക്കെയുണ്ടായിരുന്നോ യ്യ് പോണിടത്ത്.’’
‘‘ആ, വേഗം തീര്‍ക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് ലളിതേച്ചീ. നല്ല തിരക്കാ. എല്ലാം ഇന്ന് തന്നെ തീര്‍ത്ത് വെയ്ക്കണം.’’ ഇനിയിവിടെ ഇരുന്നിട്ട് കാര്യമൊന്നുമില്ലെന്ന് തോന്നിയിട്ടാവണം. ചേച്ചിയെഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. അവരുടെ നടപ്പ് കണ്ടപ്പോ വീണ്ടും ഉമ്മച്ചിയെ ഓർമവന്നു. അവസാന കാലമായപ്പോയേക്കും ഉമ്മച്ചിയ്ക്കും ഇതുപോലെ വലിച്ചുനീട്ടിയുള്ള നടപ്പായിരുന്നു. മേത്ത് മറ്റാരുടെയൊക്കെയോ ഭാരവും തൂക്കിയുള്ള നടപ്പ്. മനുഷ്യരല്ലെങ്കിലും എത്രപേരെയും തൂക്കിയാ ഒരു ജീവിതകാലം ജീവിച്ചുതീര്‍ക്കുക?
വാപ്പുപ്പയിപ്പോള്‍, ഒരു വീട്ടില്‍ നിന്നിറങ്ങി മറ്റൊരു വീട്ടിലേക്ക് നടന്നുതുടങ്ങിയിട്ടുണ്ടാകും. വേദന, വേദനയുടെ ഇരമ്പം.
എന്‍റെ കല്യാണക്കാലമൊക്കെയായപ്പോഴേക്കും ഞങ്ങള്‍ നഗരവാസികളായിക്കഴിഞ്ഞിരുന്നു. തട്ടുതട്ടായിരുന്ന പറമ്പായിരുന്നു ആ നഗരവീടിന്. ഏറ്റവും ഉയരത്തില്‍ ഉടമസ്ഥന്‍. നാലാമത്തെ തട്ട് തുടങ്ങുന്നത് ഞങ്ങളുടെ വീട്ടുതറയോടൊന്നിച്ചായിരുന്നു. ഞങ്ങളുടെ തൊട്ടുമുകളില്‍ ഒരു തമിഴ് കുടുംബമായിരുന്നു, അവിടെനിന്ന് ഏത് നേരവും വഴക്കും വക്കാണവും കേള്‍ക്കാം. നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരമ്മായിയമ്മയും കഷ്ടിച്ച് അവരുടെ പകുതി മാത്രം ഉയരമുള്ള അവരുടെ മരുമകളും തമ്മിലുള്ള പൊട്ടിത്തെറികള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരിചിതമായിരുന്നു.

മലയാളം നന്നായറിയാമെങ്കിലും ഈ തെറിപ്പാട്ടിന്‍റെ സമയത്ത് രണ്ടുപേരും തമിഴേ പറയൂ. അങ്ങനെ ഞങ്ങളില്‍ പലരും തമിഴ് പഠിച്ചു. ആ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചുപോയിരുന്നു. മകനാണെങ്കില്‍ ജോലിസ്ഥലത്തുനിന്ന് ആഴ്ചയിലൊരിക്കലേ വരൂ. ഈ ബഹളത്തിന്‍റെ സമയമത്രയും അവരുടെ രണ്ടര വയസ്സുകാരി കൊച്ചുമോള്‍ മുറ്റത്തിരുന്ന് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കും. ഞങ്ങള്‍ എല്ലാ താമസക്കാര്‍ക്കും പ്രിയങ്കരിയായിരുന്നു അവള്‍. കല്യാണം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പ്രേകേളികള്‍ക ഴിഞ്ഞയുടന്‍ അവള്‍ നാണത്തോടെ പറയുമായിരുന്നു: ‘‘എനിക്കും അതുപോലൊരു സുന്ദരി പെൺകൊച്ചിനെ
വേണം.’’ ഞങ്ങളുടെ പ്രേമനെഞ്ചിലെ മന്ദാരച്ചെപ്പ്, തണുപ്പ്. ഒരു സ്വർഗകാലത്തേക്ക് കടന്നുവെന്ന് തോന്നിയിരുന്നു അക്കാലത്തെങ്കിലും ആരും എവിടെയും രക്ഷപ്പെട്ട് പോയില്ല. പതിയെ മുളച്ച് തുടങ്ങുമ്പോഴേക്കും ഒരു കൂട്ടം കൂറ്റന്‍തിരകള്‍ വന്ന് എല്ലാത്തിനെയും നക്കിത്തുടക്കും. അടയാളംപോലും ബാക്കിവെക്കാതെ.
നെറഞ്ഞ മുടീം പഞ്ചാതത്തെളക്കം ള്ള കണ്ണൂം. കഴുത്തിന് പിറകിലും കൃതാവിലുമുള്ള എളം രോമങ്ങള്‍. ഏത് മരണക്കിണറിലുമുള്ള ദാ ഇതുപോലത്തെ പതിഞ്ഞ ചിരി, ഉറച്ച പ്രകൃതം. യാത്രയിലുള്ള തോളില്‍ മുറുക്കിപ്പിടിച്ചുള്ള ഇരുത്തം. നെഞ്ചിലേക്ക് കൂനിക്കൂടിയുള്ള കിടപ്പ്. ഒപ്പമുള്ളവരോടുള്ള മരിച്ചാലും മാറാത്ത കൂറ്, സ്നേഹത്തോടുള്ള ആര്‍ത്തി, യ്യ് വെക്കുന്ന ബീഫ്. ഹോ... ഖല്‍ബാണ് പെണ്ണേ നീയെന്‍റെ.
പൂച്ചകള്‍ ഒന്നിന് പിറകെ ഒന്നായി പതുങ്ങിപ്പതുങ്ങിക്കയറി അടുക്കളയില്‍ തെണ്ടിത്തിരിഞ്ഞ് തിരിച്ചുവന്ന് എനിക്കടുത്തായി ഇരിപ്പുറപ്പിച്ചു. കുഞ്ഞയ്ക്ക് വലിയ കൂട്ടായേനേ ഇവര്‍. കുഞ്ഞ വന്നതിന് ശേഷമാണ് ആദ്യമായി ഫ്ലാറ്റിലേയ്ക്ക് മാറിയത്. ജീവിതം പുരോഗമിക്കുന്നു എന്ന് അങ്ങേയറ്റം അപമാനിച്ചിറക്കി വിട്ട അവളുടെ വീട്ടുകാരെ കാണിക്കാനുള്ളൊരു പാഴ്ശ്രമമായിരുന്നു അത്.
രാത്രിയില്‍ ഇടയ്ക്കിടക്കെണീറ്റ് കരഞ്ഞ്, കുഞ്ഞ പാല്‍ കുടിക്കുമായിരുന്നു. മണിക്കൂറുകളിടവിട്ട് ഉണര്‍ന്നു കരയുന്ന കുഞ്ഞിന് പാല്‍ കൊടുത്ത് അവളുടെ കണ്ണുകള്‍ക്കടിയില്‍ കരി പിടിച്ചുതുടങ്ങിയിരുന്നു. വലിക്കില്ലെങ്കിലും അതവന്‍റെ വായില്‍ വെയ്ക്കണം. ഒന്ന് മാറ്റുമ്പോഴേയ്ക്കും അവനറിയും, വാവിട്ട് കരയും. ഒടുക്കം സഹിക്കവയ്യാതെ അവളെങ്ങാനും ഉറങ്ങിപ്പോയാല്‍ മുലയ്ക്കിടയില്‍ ശ്വാസംമുട്ടി കുഞ്ഞിനെന്തെങ്കിലും പറ്റുമോ എന്ന ഭീതിയില്‍ എനിക്കും ഉറക്കമില്ലെന്ന് തന്നെയായി. ഉമ്മ മാത്രമല്ല, ഉപ്പമാരും കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്നുവെന്ന് പറയുന്നതിതാണ്.
ബോധമില്ലാതെ ഉറങ്ങിപ്പോകുമ്പോഴൊക്കെ കൈത്തണ്ടയില്‍ അവന്‍റെ നനവറിഞ്ഞ് ഞെട്ടിയുണരല്‍ സ്ഥിരമായിരിക്കുന്നു ഇപ്പോള്‍. ചൂട്ടും ചിതയും.
വാപ്പുപ്പയെ ഒന്ന് പോയിനോക്കി പ്രശ്നമൊന്നുമില്ലല്ലോ എന്നുറപ്പിച്ച് വീണ്ടും പേപ്പറുകളിലേക്ക് കുമിഞ്ഞ്കൂടിയിരുന്നു. കണ്ണുകള്‍ക്ക് കാഴ്ച കുറഞ്ഞുവരുന്നതുപോലെ ഈയിടെയായി. ഫോണെടുത്ത് നോക്കിയപ്പോള്‍ രണ്ട് മൂന്ന് മിസ് കോളുണ്ട്, എന്തോ തിരിച്ച് വിളിക്കാന്‍ തോന്നിയില്ല. കുഞ്ഞയ്ക്കന്ന് നാലോ അഞ്ചോ എത്രയായിരുന്നു പ്രായം. അത്രയ്ക്ക് ചെറുതായിരുന്ന അവനോട് പോലീസ്, പലവട്ടം കുത്തി ക്കുത്തി ചോദ്യങ്ങള്‍ ചോദിക്കുന്നത് കണ്ടുനിന്നിട്ടുതന്നെ തളര്‍ന്നുപോയിട്ടുണ്ട്. യൗവനത്തില്‍ അങ്ങേയറ്റം അരോഗദൃഢഗാത്രനായിരുന്നു വാപ്പുപ്പ. തോള് കഴിഞ്ഞും നീണ്ട മുടി. ജീപ്പ് കെട്ടിവലിക്കലില്‍ തുടങ്ങി നാട്ട്മ്പുറത്തുള്ള സര്‍ക്കസില്‍ നെഞ്ചില്‍വെച്ച് കല്ലിടിച്ച് പൊട്ടിക്കല്‍, ആശാരിപ്പണി, കൊല്ലപ്പണി, തോക്കുണ്ടാക്കല്‍, ഷാപ്പില്‍ കറിവെപ്പ് , കള്ള്ചെത്ത്, കരിങ്കല്‍പ്പണി, മരപ്പണി തുടങ്ങി നിരവധി തൊഴിലുകളില്‍ വിദഗ്ധന്‍.
അന്ന്, സ്കൂളില്‍നിന്ന് വന്ന കുഞ്ഞയുടെ തലയില്‍ പേന്‍ നോക്കുകയായിരുന്നുപോലും അവള്‍. അപ്പോഴാണ് വാപ്പുപ്പ ഇറങ്ങിപ്പോകുന്നത് കണ്ടത്., മിഠായിക്കൊതി മൂത്ത് കുഞ്ഞയും കൂടെ ഓടിയതാണ്.
പോയി ഒരു മണിക്കൂര്‍ തികച്ചായില്ല, ‘വാപ്പുപ്പയ്ക്ക് കുത്തേറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ക്രിട്ടിക്കലാണ് ’ എന്നും പറഞ്ഞ് ഫോണ്‍ വന്നു. എനിക്കത് കേട്ടയുടനെ മനസ്സിലായി കടയുടെ തര്‍ക്കവുമായി ബന്ധപ്പെട്ടാവും ഇത് നടന്നിട്ടുണ്ടാവുക എന്ന്. തടിമില്ലിലെ പണിയില്‍ വലിയ പ്രശ്നമൊന്നുമില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് വാപ്പുപ്പയുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ കൊച്ചേട്ടനും വിശ്വന്‍മാമനും വന്ന് സ്വന്തമായി കടയിടുന്നതിനെക്കുറിച്ച് പറയുന്നത്.
‘സ്വന്തമായി തുടങ്ങാനുള്ളതൊന്നും എന്‍റെ കയ്യിലില്ല’ എന്ന് പറഞ്ഞപ്പോള്‍ അവര് തന്നെയാണ് ‘കടയൊന്ന് ട്രാക്കിലാക്കാന്‍ രാവന്തിയോളം യ്യ് കൂടെണ്ടായാ മതി. അതാണ് നെന്‍റെ ഷെയര്‍’ എന്ന് പറഞ്ഞത്. പറഞ്ഞപോലെ രാവന്തിയോളം പണിയെടുത്ത് കട അവിടത്തുകാര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറ്റിയപ്പോഴേക്കും തികച്ചും അപ്രതീക്ഷിതമായി അതിലെ പ്രധാനി വിശ്വന്‍മാമന്‍ അറ്റാക്ക് വന്ന് മരിച്ചു.

പിന്നീട് നടന്നതെല്ലാം അങ്ങേയറ്റം വേദനജനകമായിരുന്നു. അതുവരെ കടയുടെ സമീപപ്രദേശത്തേക്കുപോലും വരാതിരുന്ന വിശ്വന്‍മാമന്‍റെ ഭാര്യയും രണ്ടാണ്‍മക്കളും കടയുടെ നടത്തിപ്പേറ്റെടുക്കുകയും കൂടെയുണ്ടായിരുന്നവര്‍ ഇടപെടാതിരിക്കാനായി അവര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. അന്ന്, കടയില്‍ കയറിച്ചെന്ന് ചെറുതായി സംസാരമായപ്പോള്‍ വെറുതെ പ്രകോപിപ്പിക്കാനായി ആ സ്ത്രീ കത്തിയെടുത്ത് കാണിച്ചെന്നും അത് കണ്ടുകൊണ്ടു വന്ന അവരുടെ ചെറിയ പയ്യന്‍ സംഗതി ഗൗരവത്തോടെയെടുത്ത് ഓടിക്കിതച്ച് വന്ന് ആ സ്ത്രീയുടെ എതിര്‍പ്പ് വകവെയ്ക്കാതെ കത്തിയെടുത്ത് ആഞ്ഞു കുത്തിയെന്നുമാണ് കഥ. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വാപ്പുപ്പ പിന്നീട് ജീവനോടെ തിരിച്ച് വന്നില്ല. അമിതരക്തസ്രാവം കൊണ്ടും വൃക്ക മുറിഞ്ഞതുകൊണ്ടും വാപ്പുപ്പ ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരിച്ചു. കുത്തിയ ചെറുക്കന്‍ അന്നുതന്നെ നാട് വിട്ടു. വാപ്പുപ്പയുടെ മയ്യിത്ത് കണ്ട കുഞ്ഞ, അവളുടെ വീട്ടിലേക്ക് താമസം മാറുന്നതുവരെ പിന്നെ മിണ്ടിയതേയില്ല.
‘‘എന്നെക്കൂടി നിങ്ങളെന്തിനാ ഈ പാതാളത്തിലോട്ട്
വലിച്ചിട്ടത് ?’’ ഉറങ്ങുന്ന കുഞ്ഞയെയുമെടുത്ത് അന്ന് ഇറങ്ങാന്‍നേരം അവള് ചോദിച്ചത് ഒരിക്കലും മറക്കില്ല.
ഇന്നലെ ഒരിക്കല്‍ക്കൂടി ആ സ്ഥലങ്ങളിലൂടെയെല്ലാം പോയിരുന്നെങ്കിലും എവിടെയുമിറങ്ങാതെ വേഗത്തിലൊന്ന് കണ്ട് തിരിച്ചു േപാന്നു.
എല്ലാ പണിയും തീര്‍ത്തെന്ന് ഉറപ്പുവരുത്തി മെല്ലെ മുറിയിലേക്ക് നടന്നു. ഒരിക്കല്‍ക്കൂടി എല്ലാരെയും കരളിലേക്കെടുത്തു വെച്ചു. ജനലഴിക്കുള്ളിലൂടെ കുഞ്ഞയുടെ മുല്ലപ്പൂമുഖം കണ്ടുകൊണ്ട് മെല്ലെ, ശ്രദ്ധയോടെ കഴുത്തിന് പിറകിലായി നെറ്റില്‍ നോക്കിപ്പഠിച്ചത് മാതിരി വേദനിക്കാത്ത തരത്തിലൊരു കുരുക്കിട്ടു.
സത്യം, വാപ്പുപ്പയുടെ തോളിലിരുന്ന് മല കയറുന്നതുപോലെയുണ്ട്.
