നല്ല കളറ്ള്ള ഫോട്ടോ

‘‘നല്ല കളറ്ള്ള ഫോട്ടോ വേണംന്ന് പറയണു…’’ അവൾ കേട്ടില്ലാന്ന് തോന്നുന്നു. ചുവരോരം തിരിഞ്ഞ് വളഞ്ഞ് കിടപ്പാണ്. ഇടുപ്പിന്റെവിടെ നൈറ്റി നീളത്തിൽ കീറിയിരിക്കുന്നു. ചപ്രത്തലമുടി തലയിണയിലാകെ പറ്റിപ്പിടിച്ചിരിക്കുന്നു. കാൽ മടമ്പിൽ രണ്ടു മാസം മുമ്പ് എലി കടിച്ചിടത്ത് നീരു കെട്ടിയതുപോലെയുണ്ട്. മുഷിഞ്ഞ തുണികൾ തൂങ്ങുന്ന ഇടുക്കു മുറിയിൽ നാറുന്ന തുണിക്കഷണം പോലെ അവൾ കിടക്കുന്നു. ‘‘ഗീതേ… അവര്‍ നല്ല ഒരു ഫോട്ടോ ചോദിക്കിണു…’’ ‘‘ഏ…’’ അവൾ...
Your Subscription Supports Independent Journalism
View Plans‘‘നല്ല കളറ്ള്ള ഫോട്ടോ വേണംന്ന് പറയണു…’’
അവൾ കേട്ടില്ലാന്ന് തോന്നുന്നു. ചുവരോരം തിരിഞ്ഞ് വളഞ്ഞ് കിടപ്പാണ്. ഇടുപ്പിന്റെവിടെ നൈറ്റി നീളത്തിൽ കീറിയിരിക്കുന്നു. ചപ്രത്തലമുടി തലയിണയിലാകെ പറ്റിപ്പിടിച്ചിരിക്കുന്നു. കാൽ മടമ്പിൽ രണ്ടു മാസം മുമ്പ് എലി കടിച്ചിടത്ത് നീരു കെട്ടിയതുപോലെയുണ്ട്. മുഷിഞ്ഞ തുണികൾ തൂങ്ങുന്ന ഇടുക്കു മുറിയിൽ നാറുന്ന തുണിക്കഷണം പോലെ അവൾ കിടക്കുന്നു.
‘‘ഗീതേ… അവര്‍ നല്ല ഒരു ഫോട്ടോ ചോദിക്കിണു…’’
‘‘ഏ…’’
അവൾ ഞെട്ടിയെഴുന്നേറ്റു.
‘‘ആരാ...ആരാ വന്നത്…’’
‘‘ആരും വന്നിട്ടൊന്നും ല്യ…’’
‘‘പിന്നെയാരാ കണ്ടൂന്ന് പറഞ്ഞത്…’’
‘‘എന്ത് കണ്ടൂന്ന്…’’
പീള കെട്ടിയ കണ്ണിൽ ചത്ത നോട്ടവുമായി അവൾ മുഖത്തേക്കു തിരിഞ്ഞിരുന്നു. അവളുടെ കവിളുകൾ ഏറെ കുഴിഞ്ഞതായും പല്ലു പൊങ്ങിയതായും തോന്നുന്നു. ചീഞ്ഞ മുട്ടപോലെ എന്തോ ഒന്നിലൂടെ അവൾ ശ്വാസം ഊതിവിടുന്നു. തൊടാൻ തോന്നുന്നില്ല. അവളെ തൊടുമ്പോൾ വേറെയാരോ വേറെയാരെയോ അമർത്തി തൊട്ടതുപോലൊരു ഓർമ വന്നുതികട്ടുന്നു.
‘‘നിന്റെ കാലിൽ നീര്ണ്ട്. അഞ്ചാമത്തെ കുത്തിവെപ്പ് നമ്മള് ചെയ്തില്ല…’’
‘‘ആ…’’ അവൾ പുറങ്കയ്യുകൊണ്ട് കണ്ണമർത്തി തുടച്ചു. പഴുപ്പുപോലുള്ള പീള കവിളത്തു പടർന്നു. മനുഷ്യന്റെ ശരീരത്തിനകത്തു നിന്നു വരുന്ന എല്ലാത്തിനും ചീഞ്ഞളിഞ്ഞ നാറ്റവും വഴുവഴുത്ത ഒട്ടലുമാണ്, വാക്കുകൾക്കുപോലും…
‘‘നീയ്യെഴുന്നേറ്റ് പല്ലു തേച്ചൊന്ന് കുളിക്ക്. ഞാനപ്പഴക്കും ഇവിടൊക്കെ ഒന്ന് അടിച്ച് വാരട്ടെ…’’
അവള് പിന്നേം വായും തുറന്ന് മുഖത്തേക്കു നോക്കിയിരിപ്പാണ്. ഒരു മാസം കൊണ്ടവളെ കാണാൻ വയ്യാതായി. നല്ലോണം എണ്ണ തേച്ച് പറ്റിച്ചു വടിച്ച് പിന്നിയിട്ടിരുന്ന മുടിയാണോ ചാക്കുനാരുപോലെ തൂങ്ങുന്നത്. അടിച്ചുവാരിത്തുടച്ച് ചന്ദനത്തിരി കത്തിച്ചുവെച്ചിരുന്ന മുറിയാണോ ഇങ്ങിനെ നാറിക്കിടക്കുന്നത്.
‘‘നീയ്യിങ്ങനെ ഇരിക്കാതെ വൃത്തിയാവ്. നമക്കീ വീടൊക്കെ ഒന്നു ശരിയാക്കാം ന്ന്…’’
മൂലക്ക് രണ്ട് വലിയ അലുമിനിയ പെട്ടികളുണ്ട്. അതിനകത്താണ് അവളുടെ സമ്പാദ്യങ്ങളൊക്കെ. ഇടക്കൊക്കെ അവള് അത് തുറന്ന് ഒരു നോക്കലുണ്ട്. ‘ഭണ്ണാരപ്പെട്ടി തൊറന്ന്വോലോ’ എന്ന് ഞാൻ കളിയാക്കും. ബാങ്ക് കടലാസുകള്‍ വീടിന്റെ കടലാസുകള്‍ പിന്നെ ഏതോ ചില ബില്ലുകള്‍ ചില പിച്ചള പാത്രങ്ങള്‍ മൂന്നാലു നല്ല സാരികള്‍ എന്റെ നല്ല കുപ്പായങ്ങള്‍ മുണ്ടുകള്‍ അവളുടെ അമ്മ കൊടുത്ത കിണ്ടി ഓലക്കിണ്ണം ചില മന്ത്രച്ചരടുകൾ ഉണക്ക വാഴിലക്കീറിൽ പറ്റിപ്പിടിച്ചിരിക്കുന്ന പ്രസാദം പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് ഫോട്ടോ തിരുകിവെക്കുന്ന തരം ഒരാൽബം പിന്നേയും എന്തൊക്കെയോ…
അവളുടെ കാശുകുടുക്ക അതിനകത്തല്ല. അതെവിടെയോ ഒളിപ്പിച്ചിരിക്കുകയാണ്.
ഞാൻ മുകളിലെ പെട്ടി തുറന്നു. ഒരു മാസം മുമ്പാണ് ഞാനിത് ആദ്യമായി തുറന്നത്. അന്ന് പൊലീസും വേറെ ചില ആളുകളും ഒപ്പമുണ്ടായിരുന്നു. ഇതിനകത്തെ അവളുടെ സമ്പാദ്യങ്ങളൊക്കെ കണ്ടത് അന്നാണ്. മാങ്ങാച്ചൊണ വീണ് കറ പിടിച്ചൊരു കുട്ടിക്കുപ്പായം പൊതിയഴിച്ചപ്പോൾ കൂടെ നിന്ന ആരോ തേങ്ങി. അതവിടെത്തന്നെ വെച്ചേക്ക് എന്ന് പൊലീസ് മാഡം പറഞ്ഞു. അവളുടെ തീരെ നിറംകെട്ട തിടംകെട്ട ശേഖരങ്ങൾ അപരിചിതർക്കു മുന്നിൽ തൊള്ള തുറന്നു കിടക്കുന്നതു കണ്ട് അന്നേറെ നൊന്തു. അവളെ ആരോ പരസ്യമായി നഗ്നയാക്കിയതുപോലെ കണ്ണു കത്തി.
‘‘എന്തിനാദ് ഇപ്പൊ തൊറക്കണത്…’’
‘‘നീയ്യ് കുളിച്ചു വാ, ഒരു ഫോട്ടോ തപ്പിയെടുക്കണം…’’
‘‘ഏത് ഫോട്ടോ…’’
‘‘രാവിലെ കടേല് വെച്ച് പവിത്രൻ പറഞ്ഞു, കുട്ടിടെ ഒരു ഫോട്ടോ വേണം ന്ന്…’’
അവൾ കുറച്ചുനേരം എന്നെത്തന്നെ നോക്കിനിന്നു. അവൾക്കെന്നെക്കാളും പൊക്കവും വണ്ണവും ഉണ്ടെന്നു തോന്നിക്കുന്നതുപോലെ. കാലിലെ വീണ്ടുകീറലിൽ ഇട്ടു വലിക്കാതിരിക്കാൻ മുകളിലേക്ക് പൊക്കിക്കെട്ടിവെച്ചിരിക്കുന്ന നൈറ്റിയും ചിതറിയ മുടിയുമായി അവൾ പാടത്ത് കുത്തിനിർത്തിയ പേയ്ക്കോലം പോലെ…
‘‘അതിലൊന്നും ണ്ടാവില്ല. കുട്ടീടൊക്കെ അകത്താണ്…’’
‘‘ഞാൻ ഇവടൊന്നു നോക്കട്ടെ…’’ ‘‘എന്തിനാ പവിത്രന് ഫോട്ടോ…’’
‘‘കൂട്ടുപാതേല് ഫ്ലക്സ് വെക്കാൻ, പരീക്ഷക്ക് നല്ല മാർക്ക് കിട്ട്യേതിന്…’’
‘‘കുട്ടിക്ക് കിട്ടീത് നല്ല മാർക്കാണോ…’’
‘‘നീയ്യ് മറന്നോ, ടീച്ചറമ്മാരൊക്കെക്കൂടെ വന്ന് പറഞ്ഞില്ലേ…’’
‘‘അവര്‍ പറഞ്ഞത് നമ്മളവളെ നന്നായി ശ്രദ്ധിച്ചില്യാന്നല്ലേ…’’
മുറിക്ക് നടുവിൽ കൂത്താണ്ടന്റെ പെരുങ്കോലംപോലെ അവൾ നിൽക്കുന്നു. തുറന്ന പെട്ടിയിൽ ഇടങ്കയ്യിട്ട് ഞാൻ വെറുതെ പരതിക്കൊണ്ടു നിന്നു. ചുവന്നൊരു തോർത്തെടുത്ത് തോളിലിട്ട് അവൾ പുറത്തേക്കിറങ്ങിയപ്പോൾ ഞാനാശ്വാസത്തോടെ പെട്ടിയടച്ചു.
രാവിലെ രാജന്റെ ചായക്കടേല് കണ്ടപ്പോഴാണ് പവിത്രൻ ഓടി അടുത്തുവന്നത്. പുറത്തേക്കൊക്കെയിറങ്ങിയത് നന്നായി സുദേവേട്ടാ, ഗീതേച്ചിയും പണിക്ക് പോട്ടെ, എല്ലാം ശരിയാവുംന്നേ എന്നൊക്കെ പറഞ്ഞ് തോളിലും കയ്യിലും തൊട്ടു നിന്നു. രാജനും സന്തോഷും ധർമനും പിന്നെയും ആരൊക്കെയോ വന്ന് വട്ടം കൂടി നിന്നു.
‘‘നമക്ക് ഒരു ഫ്ലക്സടിക്കണം സുദേവേട്ടാ. ഞാൻ നിങ്ങടെ വീട്ടിൽക്ക് വരാൻ നിക്ക്വാര്‍ന്നു…’’
പവിത്രൻ അങ്ങനാണ് തുടങ്ങിയത്. പ്ലസ് ടു പരീക്ഷയില്‍ നല്ല മാർക്കാണ് കിട്ടിയിരിക്കുന്നത്. അതുകൂടെ ചേർത്ത് അവളുടെ ഫ്ലക്സ് വെക്കണം എന്നാണ് അവന്റെ ആവശ്യം.
‘‘നമ്മടെ ചൂരിയാട്ടുള്ള അടിസ്ഥാന വർഗത്തിന്റെടേല് ഇത്ര മാർക്ക് ആദ്യാണ് സുദേവേട്ടാ...’’
പവിത്രന് സന്തോഷം താങ്ങാൻ വയ്യ.
‘‘അതും പൊതുവിദ്യാലയത്തീന്ന്…’’
ധർമന് അഭിമാനവുമുണ്ട്.
‘‘ന്നാലും അദൊക്കെ വേണോന്നാണ്…’’
പ്രേമേട്ടൻ കൂട്ടത്തിൽ വന്നുനിന്നത് അറിഞ്ഞില്ല.
‘‘അദ് വേണം, അവള് അധ്വാനിച്ച് നേടീതാ…’’
കഫം കെട്ടിയ പൊന്നേട്ടന്റെ ശബ്ദം മുദ്രാവാക്യം വിളിപോലെ.
‘‘ന്നാലും…’’
‘‘അതില്‍ തെറ്റില്യ…’’
‘‘എല്ലാടത്തും കുട്ട്യോൾടെ ഫ്ലക്സ് വെക്കണ്ണ്ട്…’’
‘‘അതു പോലാണോ…’’
‘‘നമ്മക്ക് ദുക്കണ്ട്, പടിച്ച് വല്യ നെലേൽക്ക്…’’
‘‘ഇനീപ്പൊ അദൊന്നും പറയണ്ടാന്ന്…’’
ചുണ്ടത്ത് വന്നിരുന്ന ഈച്ചയെ ആട്ടാതെ ആറിത്തണുത്ത ചായ ഗ്ലാസുമായി ഞാൻ കുനിഞ്ഞിരുന്നു. ആരോ തോളിൽ കൈവെച്ചു. ചുമലിൽ ഷർട്ടിന്റെ തുന്നല്‍ വിട്ടിരുന്നത് അപ്പോഴാണറിഞ്ഞത്. ഗീതയറിഞ്ഞാല് എനിക്ക് വയറു നിറയെ കിട്ടും. മുഷിഞ്ഞതോ കുടുക്ക് പൊട്ടിയതോ ഇട്ട് പുറത്തിറങ്ങിയാൽ അവൾ പിന്നാലെ ഓടി വന്ന് കയ്യോടെ പൊക്കും. ഞാനിന്ന് വീട്ടിൽ നിന്നു ഇറങ്ങിയതുതന്നെ അവളറിഞ്ഞിട്ടില്ല…
‘‘അപ്പൊ എല്ലാം പറഞ്ഞപോലെ.സുദേവേട്ടൻ പോയി ഒരു ഫോട്ടോ എട്ത്ത് വെക്ക്. ഞാൻ വൈന്നേരം വന്ന് മേടിക്കാം…’’
‘‘അതേയ് ഇവടെ ഈ പോഷ്ട്ക്കാലില് തന്നെ കെട്ടണം, അന്ന് കുഞ്ചമ്മായി ചത്തപ്പൊ വെച്ചപോലെ മരത്തിന്റെ മോളിലല്ല…’’
‘‘അന്ന് മരത്തിന്റെ മോളിലൊന്നും അല്ലാട്ടോളിൻ…’’
‘‘ഒക്കേതേ…’’
‘‘മിണ്ടാണ്ടിരിക്കിൻ മൻഷ്യമ്മാരേ…’’
ചില്ലറയെടുത്ത് പെട്ടിക്കു മുകളിൽ വെച്ച് എഴുന്നേറ്റു. വേണ്ടാ എന്നോ മറ്റോ രാജൻ പറഞ്ഞത് ശ്രദ്ധിക്കാതെ വഴിയിലേക്കിറങ്ങി.
‘‘ഫോട്ടോ സ്കൂൾന്ന് മേടിച്ചോ പവിത്രാ…’’
‘‘ആവു, ആരേക്കൊണ്ടാവും അവടെപ്പോയ് ചോയ്ക്കാൻ…’’
‘‘എന്റേല് ഫോട്ടോ ഒന്നും ഇല്ലപ്പാ…’’
‘‘നോക്കിൻന്ന്… ഇണ്ടാവും. നല്ല കളറ്ള്ള ഫോട്ടോ വേണംട്ടോളിൻ. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി രേഷ്മ സുദേവന് ചൂരിയാടിന്റെ ബാഷ്പാഞ്ജലി എന്നെഴ്തണം…’’
‘‘കുഞ്ചമ്മായിടെ ഫ്ലക്സില്‍ അതല്ല എഴ്തീത്…’’
‘‘നെന്റെ കുഞ്ചമ്മായി പ്ലസ് ടു പരീക്ഷ എഴ്തീട്ടാണോ ചത്തത്…’’
‘‘ദാ ദ് നോക്കിൻ…’’
ഗീത അടുത്തു വന്നിരുന്നു. കുളിച്ച് വൃത്തിയായിട്ടുണ്ട്. നല്ലൊരു ചൂരിദാറും ഇട്ടിട്ടുണ്ട്.
‘‘ഇതില്‍ വേറേം ആൾക്കാരില്ലേ ...ഇതെങ്ങനെ കൊട്ക്കും…’’
‘‘നിങ്ങള്‍ ഈ കീറക്കുപ്പായോം ഇട്ടോണ്ടാണോ പൊറത്തെറങ്ങീത്…’’
‘‘നീയ്യ് ഫോട്ടോ കാണിക്ക്…’’
‘‘പിന്നെള്ളത് കൊറെ ചെറ്തായിരിക്കമ്പഴത്തെ ഒന്നാണ്…’’
അതുംകൊണ്ട് രാത്രി പവിത്രന്റെ ഒപ്പം പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നപ്പോഴാണ് അവര്‍ ചിരിച്ചത്. പതിനെട്ടു വയസ്സുള്ള കുട്ടിയെ കണ്ടുപിടിക്കാൻ പത്തു വയസ്സിന്റെ ഫോട്ടോയാണോന്ന് ചോദിച്ച്…
പിന്നെ പിറ്റേ ദിവസം സ്കൂളിൽ നിന്നാണ് പരീക്ഷക്ക് അയച്ച ഫോട്ടോ അവരെടുത്തത്. അതാണ് പിന്നെ പത്രങ്ങളിലും ഒക്കെ വന്നത്…
‘‘കുട്ടീടെ ഫോൺ പോലീസിന്റെട്ത്തല്ലേ, അതിലാണ് ചിത്രങ്ങളൊക്കെ…’’
‘‘അതില്‍ ഒന്നുമില്ല, ഒക്കെ കുട്ടി മായ്ച്ചു കളഞ്ഞു എന്നാണവർ പറഞ്ഞത്…’’

സത്യംതന്നെയായിരിക്കും. തുപ്പലു കൂട്ടി സ്ലേറ്റ് മായ്ച്ചതിന് ഒരിക്കലൊരു അടി കണങ്കാലിനിട്ടു കൊടുത്തത് ഓർമയുണ്ട്.
അടുക്കള വാതിൽ പതുക്കെ തുറന്നു. ഇപ്പോൾ ഇതിനകത്ത് വെപ്പും തീറ്റയുമൊന്നുമില്ല. പുറത്ത് ചെരിച്ചെടുത്ത ചായ്പിലാണ് ഗീത വല്ലതും ഉണ്ടാക്കിയൊപ്പിക്കുന്നത്. അടുക്കളക്ക് പഴുത്തളിഞ്ഞ അത്താഴങ്ങയുടെ നാറ്റമാണ് എന്നു പറഞ്ഞാണവൾ അത് അടച്ചത്.
അരിച്ചാക്കിനകത്തിരുന്ന് ചീഞ്ഞു കെട്ട അത്താഴങ്ങ നാറ്റമടിച്ചപ്പോഴാണ് അന്നോർമ വന്നത്. കുട്ടിക്ക് വലിയ ഇഷ്ടമാണ് തിന്നാൻ. ശരിക്കും പഴുക്കും മുമ്പെ ചാക്കിൽ പൂഴ്ത്തിയത് അവളെടുത്ത് കാർന്നു തിന്നാൻ തുടങ്ങും. നാലെണ്ണം പറിച്ച് അരിയിൽ പൂഴ്ത്തിവെച്ചിരുന്നു. കുട്ടിയെ കാണാതാവലും പിറ്റേന്ന് വൈകീട്ട് പുഴക്കക്കരെ കൂളിക്കാടിനകത്തെ മരക്കൊമ്പിൽനിന്ന് തിരിച്ചു കിട്ടലും ഒക്കെക്കഴിഞ്ഞ് ദിവസം നാലു കഴിഞ്ഞു.
കുട്ടി എഴുത്തു വല്ലതും എഴുതിവെച്ചിട്ടുണ്ടോന്ന് നോക്കാൻ പൊലീസ് അവളുടെ മുറി മുഴുവൻ തപ്പി. നിലത്ത് ടൈൽസൊട്ടിച്ച് നീലച്ചായം തേച്ച് മഞ്ഞപ്പാവിട്ടകൊണ്ട് അലമാരയുണ്ടാക്കി മേശയും കസേരയും ഫാനും കട്ടിലും കണ്ണാടിയും ട്യൂബ് ലൈറ്റും ഒക്കെയായി കുട്ടിക്കുണ്ടാക്കിയ മുറി മുഴുവൻ അവർ വലിച്ചിട്ടു തപ്പി. അവളുടെ കുപ്പായങ്ങളും സ്കൂളിൽനിന്നു കിട്ടിയ സമ്മാനങ്ങളും നിലത്തു കിടന്നു.
മേശവലിപ്പിൽ കയ്യിട്ട പൊലീസുകാരന്റെ കയ്യിൽ അവളുടെ മുടിപ്പിന്നുകളിലൊന്ന് കുത്തി. വിരലിൽ പൊടിച്ച ചോരത്തുള്ളിയിലേക്കു നോക്കി അയാൾ കണ്ണുതുടച്ചു.
അതുകഴിഞ്ഞ് എന്നെക്കൊണ്ട് അലുമിനിയം പെട്ടികൾ തപ്പിച്ചു. അടുക്കള അലമാര ഒഴിപ്പിച്ചു. എന്തെങ്കിലും കിട്ടിയാൽ അറിയിക്കണമെന്ന് പറഞ്ഞ് അവർ പോയതിനുശേഷമാണ് അത്താഴങ്ങ അളിഞ്ഞ നാറ്റം വന്നത്.
ന്റെ കുട്ട്യേ… എന്ന് ആർത്തുവിളിച്ചുകൊണ്ട് ഗീത അരിച്ചാക്കിൽ കയ്യിട്ട് ഭ്രാന്തിയെപ്പോലെ പരതി. പഴുത്തളിഞ്ഞ അത്താഴങ്ങകളും അരിയും കൂടെ വാരി വാരി അവൾ പുറത്തേക്കിട്ടു. കടകോലെടുത്ത് അരിച്ചാക്കിൽ ആഞ്ഞുകുത്താൻ തുടങ്ങിയപ്പോൾ അവളെ പിടിച്ചുകൊണ്ടുവന്ന് മുറിയിൽ കിടത്തി. രാത്രി മുഴുവൻ അവൾ നിലവിളിച്ചു കൊണ്ടേയിരുന്നു. ഞാനവളുടെ കാലിലെ എലി കടിച്ച മുറിവായിൽ തലോടിക്കൊണ്ടിരുന്നു.
പുലരെ തേങ്ങിത്തേങ്ങി ഒന്നു മയങ്ങിയപ്പോഴാണ് ഷർട്ടിന്റെ കൈമടക്കിലൊളിപ്പിച്ച എഴുത്ത് ഞാൻ പുറത്തെടുത്തത്. കടലാസിൽനിന്ന് അത്താഴങ്ങച്ചാറും പുഴുവും കട്ടകുത്തിയ അരിയും തട്ടിക്കുടഞ്ഞ് അടുക്കളയിൽ ചെന്നിരുന്ന് വായിച്ചത്…
‘‘ന്റെ കയ്യിൽ ദാ ദേ ള്ളൂ…’’
അവളൊരു ഫോട്ടോ എടുത്ത് കാണിച്ചു.
‘‘ദ് പോര, നല്ലത് വേണം, നല്ല കളറ്ള്ളദ്… ഞാനിപ്പൊ വരാ... ഒര് സ്ഥലം വരെ പൂവ്വാൻണ്ട്…’’
‘‘ഇപ്പൊ എവടക്ക്…’’
‘‘ഞാൻ വേം വരാ…’’
‘‘കുപ്പായം മാറ്റ്…’’
‘‘ഞാൻ വേം വരാ…ന്ന്’’
പഴയ ലോഡ്ജ് പോലെ നീളത്തിൽ മുറികളാണ്. രണ്ടു മൂന്നെണ്ണമല്ലാതെ ഒക്കെ പൂട്ടിക്കിടപ്പാണ്. ആളൊഴിഞ്ഞ വെട്ടുവഴിയോരത്താണ്. ബസു പോകുന്ന വഴിയിൽ നിന്നൊക്കെ മാറി അകത്തോട്ടാണ്. വാതിൽ തുറന്നത് ഒരു ചെറുപ്പക്കാരനാണ്. കുറ്റിത്താടിയും കുറ്റിച്ചൂലുപോലെ മുടിയുമൊക്കെയായി ഒരുത്തൻ. അവന്റെ ചുവന്ന കുപ്പായത്തിൽ കറുത്ത വലിയ ചിലന്തികൾ.
‘‘ദീപക് അല്ലേ, ദീപൂന്ന് വിളിക്കണ…’’
‘‘അതെ, നിങ്ങളാരാ…’’
‘‘ഞാൻ രേഷ്മടെ അച്ഛൻ...’’
അവൻ പെട്ടെന്ന് വാതിലടക്കാൻ ശ്രമിക്കുമെന്ന് അറിയാമായിരുന്നു. വാതിലിൽച്ചാരി കട്ടിളയിൽ കൈ വെച്ചു നിന്നു.
‘‘നിങ്ങൾ ആരാണ്, എന്താ വേണ്ടത്…’’
നിന്റെ കയ്യിലുള്ള രേഷ്മയുടെ ചിത്രങ്ങളിൽനിന്ന് ഏറ്റവും നല്ലത് ഒന്ന്. നല്ല ചന്തമുള്ളത്. അവളുടെ അമ്മയുടെ നിറവും അവളുടെ അമ്മായിയുടെ കണ്ണും അതുപോലെ പറിച്ചുവെച്ച ഒന്ന്. നേർത്ത കള്ളച്ചിരിയും നീണ്ട കഴുത്തും പിന്നിയിട്ട മുടിയുമായി ഒരു നല്ല ഫോട്ടോ. കൂട്ടുപാതയിൽ ചൂരിയാടിന്റെ ബാഷ്പാഞ്ജലി ഏറ്റുവാങ്ങാൻ പറ്റിയ ഒരെണ്ണം. മികച്ച വിജയം നേടി വലിയ നിലയിൽ പോകാനിരിക്കുന്ന ഒരു പെൺകുട്ടിയുടെ തിളങ്ങുന്ന ചിത്രം.
‘‘പോയ് എട്ത്തോണ്ട് വാടാ…’’
‘‘ഏത് രേഷ്മ എന്ത് ചിത്രം…’’
‘‘പോയ് കൊണ്ടുവാടാ നായേ…’’
ചെക്കൻ തിരിഞ്ഞ് ക്രിക്കറ്റ് ബാറ്റെടുത്തു. അതുതന്നെ പിടിച്ചു വാങ്ങി അവന്റെ തലക്കാഞ്ഞൊന്നു കൊടുത്തു. തൊണ്ടയിൽ കുടുങ്ങിയൊരു നിലവിളിയുമായി അവൻ കസേരയിലിരുന്നു. നെറ്റിയിലൂടെ കുപ്പായത്തിന്റെ നിറമൊഴുകി. അവന്റെ തുറിച്ച കണ്ണുകൾ കറുത്ത ചിലന്തികളായി.
നീ പതുക്കെ തിരഞ്ഞെടുക്ക്. ഞാനിതാ ഈ ചാരിയ വാതിൽക്കൽ തന്നെ ഇരിപ്പുണ്ട്. നിന്റെ കയ്യിലുണ്ടെന്നു പറയുന്ന വീഡിയോ ഒന്നും വേണ്ട. പവിത്രന് ഫ്ലക്സടിക്കാൻ ചൂരിയാടിന് ബാഷ്പാഞ്ജലി അർപ്പിക്കാൻ കൂട്ടുപാതയോരത്തെ പോസ്റ്റിൽ കെട്ടിവെക്കാൻ, കുമാരി രേഷ്മ സുദേവന്റെ ഒരു നല്ല ഫോട്ടോ എടുത്തോണ്ട് വാ.
‘‘നല്ലത് ട്ടോ ചെക്കാ, നല്ല കളറ്ള്ളത്…’’
