മിനൽ ജിന്നത്തി വന്നാസ്

1. തോമസുട്ടീന്റെ കഥ വാട്സ്ആപ് ക്ലിയർചാറ്റ് ചെയ്യുന്നതിനിടയിലാണ് ഒരാഴ്ച മുമ്പ് റഫീഖ് അയച്ച പിക്ചർ മെസേജ് കണ്ണിൽപെടുന്നത്. അനേകം മെസേജുകൾക്കിടയിൽ ഒളിച്ചുകെടക്കുകയായിരുന്നു അത്. വർഷങ്ങൾക്കുമുമ്പ് ഞാനെഴുതിയ, അതും കോപ്പിപോലും കയ്യിലില്ലാത്ത കഥയാണല്ലോ ഒമാനിലെ ദോഫാറിൽനിന്ന് അവനെനിക്ക് അയച്ചുതന്നത് എന്നതോർത്ത് കുറ്റബോധത്തോടെ, സോറി... കൊറച്ച് തെരക്കിലായിപ്പോയെഡാ... എന്നൊരു പെരുംനൊണ അവന്റെ മെസേജിന് താഴെ ഞാനെഴുതി വിട്ടു. കഥ അയച്ചു തന്നതിന്, ഷുക്കറ് പറഞ്ഞ് പിന്നെയും രണ്ട് മൂന്ന് മെസേജുകൾകൂടി അയച്ചു. കൃത്യമായി പറഞ്ഞാൽ നാനൂറ് വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ബാബരി മസ്ജിദ് സംഘ്പരിവാറുകാർ...
Your Subscription Supports Independent Journalism
View Plans1. തോമസുട്ടീന്റെ കഥ
വാട്സ്ആപ് ക്ലിയർചാറ്റ് ചെയ്യുന്നതിനിടയിലാണ് ഒരാഴ്ച മുമ്പ് റഫീഖ് അയച്ച പിക്ചർ മെസേജ് കണ്ണിൽപെടുന്നത്. അനേകം മെസേജുകൾക്കിടയിൽ ഒളിച്ചുകെടക്കുകയായിരുന്നു അത്. വർഷങ്ങൾക്കുമുമ്പ് ഞാനെഴുതിയ, അതും കോപ്പിപോലും കയ്യിലില്ലാത്ത കഥയാണല്ലോ ഒമാനിലെ ദോഫാറിൽനിന്ന് അവനെനിക്ക് അയച്ചുതന്നത് എന്നതോർത്ത് കുറ്റബോധത്തോടെ, സോറി... കൊറച്ച് തെരക്കിലായിപ്പോയെഡാ... എന്നൊരു പെരുംനൊണ അവന്റെ മെസേജിന് താഴെ ഞാനെഴുതി വിട്ടു. കഥ അയച്ചു തന്നതിന്, ഷുക്കറ് പറഞ്ഞ് പിന്നെയും രണ്ട് മൂന്ന് മെസേജുകൾകൂടി അയച്ചു.
കൃത്യമായി പറഞ്ഞാൽ നാനൂറ് വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ബാബരി മസ്ജിദ് സംഘ്പരിവാറുകാർ തകർത്ത, ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് ഡിസംബർ ആറിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ വാരാന്തപ്പതിപ്പിന്റെ കാലത്തോളം വരും കഥയുടെ പഴക്കം. അന്ന് ഞാൻ ദോഫാറിലെ ബാസിദ്ദീക്ക് ട്രേഡിങ് കമ്പനിയിൽ ജോയൻ ചെയ്തിട്ട് ആറോ ഏഴോ മാസമായി കാണും. അങ്ങനെയാണ് ഒര് ഓർമ.
എഴുത്തിൽ തുടക്കക്കാരനായതുകൊണ്ടുതന്നെ വലിയ പ്രൗഢിയോടെ മലയാളി സമാജത്തിൽ മാത്രമല്ല, ഇന്ത്യൻ യൂത്ത് ക്ലബിന്റെ മലയാളം വിങ്ങിലും പ്രിയദർശിനി സംസ്കാരിക വേദിയിലും കൈരളി അസോസിയേഷനിലുമൊക്കെ കഥ വായിച്ചത് ഞാനോർക്കുന്നു.
സഗീർ ആർട്ടിസ്റ്റ് വരച്ച ചിത്രത്തോടെ ടാബിന്റെ പെരുംസ്ക്രീനിൽ കഥ നെറഞ്ഞപ്പോൾ കഥയ്ക്ക് കൂടുതൽ മൊഞ്ച് തോന്നി. സ്റ്റെയർകെയ്സിന്റെ താഴെ സ്‌പേസിൽ എൽ ആകൃതിയിൽ ഉണ്ടാക്കിച്ച സോഫയിലിരുന്ന് വീണ്ടും വീണ്ടും കഥ വായിച്ചു. തോമസുട്ടിന്റെ ജീവിതമായിരുന്നു ആ കഥ.
തൊണ്ണൂറുകളുടെ മധ്യത്തിലാണ് കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് റാന്നിക്കാരൻ തോമസുട്ടി നാലു മാസം ലീവെടുത്ത് പെണ്ണുകെട്ടാൻ നാട്ടിൽ പോയത്. റാന്നീല് മാത്രല്ല, പത്തനംതിട്ടേലും ആറ്റിങ്ങലുമൊക്കെയായി പത്തോളം പെണ്ണുങ്ങളെ പോയി കണ്ടെങ്കിലും. അതൊന്നും അങ്ങട്ട് ശര്യായ്ലാ... ചെലരെ തോമസുട്ടീക്ക് പറ്റീലാ. മറ്റു ചെലർക്ക് അവനെം പിടിച്ചില്ല.
വയസ്സ് മുപ്പത്തഞ്ച് കഴിഞ്ഞ തോമസുട്ടിന്റെ പെരുത്തസങ്കടം കണ്ട് അവന്റെ വല്യമ്മച്ചി പറഞ്ഞു: തോബിയാസിന് മനസ്സിനൊത്ത മണവാട്ടിയെ കണ്ടെത്താൻ സഹായിച്ചത് റാഫേൽ മാലാഖയാണ്. വിവാഹക്കാര്യത്തില് റാഫേൽ മാലാഖയോട് സഹായം തേടി പ്രാർഥിച്ചാൽ അത് ഫലിക്കാതിരിക്കൂലാ.
പതിവായി പള്ളീപോകാത്ത വേദപൊസ്തകം തൊറന്നുകൂടി നോക്കാത്ത തോമസുട്ടി വല്ലമ്മച്ചീടെ വാക്കു പൊന്നാക്കിയെടുത്തു. ഹൃദയത്തിൽ ആഗ്രഹം ഉറപ്പിച്ചു അവൻ പ്രാർഥിച്ചു: ദൈവത്തിന്റെ ദൂതനായ വിശുദ്ധ റാഫേൽ മാലാഖയേ, തോബിയാസിനെ ജീവിതപങ്കാളിയായ സാറയുടെ അടുത്തേക്ക് വഴിനയിച്ചതുപോലെ എന്നെയും നയിക്കേണമേ. എനിക്കായി ദൈവം നിശ്ചയിച്ചിട്ടുള്ള ആളെ കണ്ടെത്താൻ എന്റെ കണ്ണുകളെ തൊറപ്പിക്കേണമേ. വഴിയിൽ നേരിടുന്ന എല്ലാ ആപത്തുകളിൽനിന്നും തടസ്സങ്ങളിൽനിന്നും എന്നെ കാത്തുരക്ഷിക്കേണമേ. ദൈവികമായ ഒരു കണ്ടുമുട്ടൽ എന്റെ ജീവിതത്തിൽ വേഗത്തിൽ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ. ആമേൻ.
പ്രാർഥിക്കുക മാത്രമല്ല സഭയുടെ പ്രവർത്തനങ്ങൾക്കും കാരുണ്യപ്രവൃത്തികൾക്കുമായി തോമസുട്ടി പള്ളിയിൽ പണം കൊടുത്ത് രസീതി വാങ്ങി. തിടുക്കം കാരണം പള്ളീലച്ചൻ പറഞ്ഞതിനപ്പുറത്തേക്കും തോമസുട്ടി പ്രവർത്തിച്ചു. തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിൽ പാർവതിയെ ദർശിച്ചു. ബീമാപള്ളിയിൽ പോയി നേർച്ച നേർന്നു. മലയാറ്റൂർ കുരിശുമുടിയിൽ കഠിനമായ നോയമ്പെടുത്ത് മല കേറി.
ഇതിനിടയ്ക്ക് വെക്കേഷൻ തീർന്നു.
ദോഫാറിൽ തിരിച്ചെത്തിയ ദെവസം രാത്രി ചൗക്കിലെ അബ്ദുല്ലക്കാന്റെ കഫ്റ്റീര്യയേൽ വെച്ചാണ് തോമസുട്ടിയെ കാണുന്നത്. നാട്ട്ന്നെപ്പം വന്നു എന്ന ഒറ്റവരിച്ചോദ്യത്തിന് എന്റെ മൊഖത്ത് നിന്നും കണ്ണെടുക്കാതെ സങ്കടം മുഴുവൻ പറഞ്ഞു തീർത്തു. അന്നേരത്ത് ഉള്ളിലവൻ കരയുകയാണെന്ന് ഞാനറിഞ്ഞു. പെണ്ണൊത്തു വരാത്തതിന്റെ പേരിൽ ഒരാൾ ഇത്രയും സങ്കടപ്പെടുന്നത് ഞാനാദ്യമായാണ് കാണുന്നത്.
തോമസെ... പടച്ചോന് ഓരോ കാര്യത്തിലും കൃത്യമായ സമയമുണ്ടഡാ... സമയമാകുമ്പം എല്ലാം നടക്കും.
ഞാമ്പറഞ്ഞതൊന്നും തോമസുട്ടീടെ സങ്കടത്തെ ചെറുതാക്കാൾ കഴിയൂലാന്ന് എനിക്കറിയാമായിരുന്നു.
അന്ന് രാത്രി ഞാനുറങ്ങിയില്ല.
തോമസുട്ടി ഒരു കഥയായി പൊകയുകയായിരുന്നു..
2. ഗസലു പാട്ടുകൾ
ഓഫീസിൽനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരെ ആവാദ്ബ്നു സൈദിന്റെ ഉടമസ്ഥതയിലുള്ള ഒരു പഴയ മാളികയിലായിരുന്നു ഞാനും റഫീഖും താമസിച്ചിരുന്നത്. ആ മാളികയ്ക്ക് മുൻവശത്തെ നെറം മങ്ങിയ കൽത്തൂണുകളിൽ ഖയാൽ എന്ന് അറബിയിൽ പേര് കൊത്തിവെച്ചിരുന്നു.
മാളികയ്ക്ക് ചുറ്റും പിണഞ്ഞു കെടക്കുന്ന, അതിരുകളില്ലാത്ത മണൽപ്പരപ്പും കാറ്റിന്റെ ഓളത്തിൽ പല കോലങ്ങളിൽ രൂപപ്പെടുന്ന ശിൽപങ്ങളും നടന്നുനീങ്ങുന്ന ഒട്ടകങ്ങളുടെ നിഴൽരൂപങ്ങളും കാണുമ്പം മത്ത് തലേൽ കേറിയ മാതിരിയാണ്. കണ്ടാലും കണ്ടാലും പൂതി തീരാത്ത കാഴ്ച. അക്കാരണത്താലാണ് സിറ്റിയിൽ, കമ്പനി വക അക്കമഡേഷൻ ഉണ്ടായിട്ടും ഖയാലിൽനിന്നും മാറിത്താമസിക്കാൻ മെനക്കെടാതെയിരുന്നത്.
മരുഭൂമിയിൽ ഒരാൾ കണ്ണുകളടച്ചു കാണാനും കാതുകളില്ലാതെ കേൾക്കാനും പഠിക്കുന്നു എന്ന പൗലോ കൊയ്ലോയുടെ വാക്കുകൾ നേരത്തേ ഇവിടെ താമസിച്ച ആരോ ജനാലയുടെ മൊകളിലെ ചൊമരിൽ എഴുതിവെച്ചിരുന്നു. ആ ജനാലയിലൂടെയാണ് എന്റെ കാഴ്ചകളത്രയും.
പൊലരും നേരത്ത് ആകാശത്തിനും മരുഭൂമിക്കും ഒരേ നെറമാണ്. സൂര്യൻ കാമുകിയുടെ മടിത്തട്ടിലേക്ക് പൊന്ന് വാരിയെറിയുന്ന നേരമാണത്. അത്രയും മൊഞ്ചുള്ള മരുഭൂമിയെ മറ്റൊരു സമയത്തും കണ്ടിട്ടില്ല. ആലിലയനക്കം പോലെ ഒരു ദുആ ആകാശത്തുനിന്ന് മണ്ണിലേക്ക് ഉരുവപ്പെടുന്നതും അന്നേരത്തായിരുന്നു. അതിനൊപ്പം തണുത്തൊരു കാറ്റ് നനഞ്ഞ മണ്ണിന്റെ സുഗന്ധമായി ജനാല വഴി കേറിവരും. ആ സുഗന്ധത്തിന്റെ പുതപ്പിനുള്ളിലായിരിക്കും ഞാനൊരുപാട് നേരം.
*ദുആ സംഗീതമായി മരുഭൂമിയിലൂടെ അങ്ങനെയങ്ങനെ ഒഴുകിപ്പരക്കും. അമേരിക്കൻ റൈറ്റർ എഡ്വേർഡ് ആബിയെ അന്നേരത്ത് ഓർക്കാതിരിക്കാൻ കഴിയില്ല. മരുഭൂമിയോടുള്ള പ്രണയം എപ്പോഴും എത്തിപ്പിടിക്കാൻ കഴിയാത്ത ഒന്നിനോടുള്ള ആർത്തിയെക്കാൾ വലുതാണെന്ന് എഴുതിയത് എഡ്വേർഡ് ആണ്.
*വുളുചെയ്ത് ഖയാലിന്റെ ചവിട്ടുപടികളിറങ്ങി മരുഭൂമിയിലെ മിനാരത്തിനകത്തേക്ക് കേറുമ്പോൾ സംഗീതം അവിടെ നെറഞ്ഞുനിൽക്കുന്നുണ്ടാകും. മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ സംഗീതത്തിൽനിന്നാണ്. *‘മുട്ടിയാൽ മുഴക്കമുണ്ടാകുന്ന കളിമണ്ണിൽനിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.’ എന്ന് പടച്ചോൻ പറയുന്നു. അതുകൊണ്ടുതന്നെയാണ് നെറ്റിത്തടങ്ങൾ മണ്ണിൽ ചേർത്തുവെക്കുമ്പോൾ നെഞ്ചകത്തുനിന്നൊരു മന്ത്രം പതയുന്നത്: ‘സർവചരാചരങ്ങൾക്കൊപ്പം അഴകിനെയും സൃഷ്ടിച്ചവനെ നിനക്ക് സർവസ്തോത്രം. ഏഴാകാശങ്ങളും നെറയെ ഭൂമിയും നെറയെ സ്തോത്രം. സ്തോത്രം.’
സൂര്യൻ കുട തൊറന്നു പിടിച്ച നട്ടുച്ചനേരത്ത് ചൊമന്ന സാരിയിൽ അവള് പഞ്ഞിക്കെട്ട് പതിച്ചുവെച്ച മാനത്തേക്ക് പടരും. ദൂരെ അരുവികളൊഴുകും. ചുറ്റും പച്ചപ്പ് ഇടതൂർന്നു നിൽക്കും. അതവൾ കാണിക്കുന്ന ഒരു മായാജാലം മാത്രമാണ്. ചാര നെറമുള്ള ഇഴജീവികൾ മണ്ണിൽ തലപൂഴ്ത്തി മുങ്ങാംകുഴിയിടുന്നതും നട്ടുച്ചനേരത്താണ്. ‘എന്നിലെ ജീവൻ എന്റെ ചൂടോടു പൊരുതി ശക്തി പ്രാപിക്കട്ടെ.’ അന്നേരത്ത് അവളെ ചുണ്ടുകളിൽനിന്ന് ഗസലു പാട്ടുകൾ ഒലിച്ചിറങ്ങും.
സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ വലിയൊരു കാൻവാസിൽ, പാതി വരച്ചിട്ട ചിത്രപ്പണി മാതിരി ആയിരുന്നു അവള്. അന്നേരത്ത് അവള് ചുരത്തിയ കാറ്റിന് കസ്തൂരിയുടെ സുഗന്ധമായിരുന്നു.
സൂര്യൻ കെട്ടുപോകുന്ന നേരത്ത് തിരനിലച്ച കടല് മാതിരി, അവൾക്ക് മേലേ ചന്ദ്രന്റെ നീലപ്പുതപ്പ് നെവർന്ന് കെടക്കുന്നുണ്ടാകും. നക്ഷത്രങ്ങൾ കാമാർത്തിയോടെ കണ്ണുതൂക്കിയിടും. ജനാലയിലൂടെ തണുത്ത കാറ്റ് ഖയാലിനത്തേക്ക് പതിയെ കടന്നുവരും. *ഉമ്മുസാലമിന്റെ പാട്ട് നിലാവിൽ നെറയും. അന്നേരത്ത് ഞാനോർക്കുന്നത് ഫ്രഞ്ച് കവി അന്റോയിൻ ഡിസെന്റ് എക്സുപെറിയുടെ, ‘ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല; അവ ഹൃദയംകൊണ്ടാണ് അനുഭവിക്കേണ്ടത്’ എന്ന കാവ്യമാണ്.
3. ജിന്നുകളുടെ വഴിത്താര
ഖയാലിൽ *തുറാബുകൊണ്ട് നിർമിച്ച ഒരലമാറയിലായിരുന്നു അക്കാലത്ത് ഞാനെഴുതിയ കഥകളും പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ചുവെച്ചിരുന്നത്. ‘പത്താമത്തെ പെൺവീടി’ന്റെ കോപ്പിയും അവിടെതന്നെ ആയിരുന്നു. എന്നാൽ, അക്കഥ മാത്രം അപ്രത്യക്ഷമായി. അതെങ്ങനെ സംഭവിച്ചുവെന്നത് വലിയൊരത്ഭുതമായിരുന്നു. ജിന്നായിരിക്കും അതടിച്ചു മാറ്റിയതെന്ന് റഫീഖ് തമാശയിൽ പറഞ്ഞു. അവനത് പറയാനും ഒരു വാമൊഴി *കിസ്സയുണ്ട്. നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഖയാൽ മാളിക സുൽത്താൻ ഫൈസൽ ബിൻ തുർക്കിയുടെ ഭരണകാലത്ത് പട്ടാളക്കാർക്ക് താമസിക്കാൻ പണിതതായിരുന്നു.
മാളികക്ക് മോളിലെ ആകാശം ജിന്നുകളുടെ വഴിത്താരയായിരുന്നു. യമൻ അതിർത്തിയിൽനിന്നും ജിന്നുകളുടെ നഗരമായ ബഹ് ലയിലേക്ക് പോകുന്ന പെൺ ജിന്നുകൾ, അരോഗദൃഢഗാത്രരായ പട്ടാളക്കാരിൽ ചിലരുമായി മുഹബത്തിലായി. ജിന്നഴകിൽപെട്ടുപോയ പട്ടാളക്കാർ രാജ്യസുരക്ഷയിൽ അമാന്തം കാണിച്ചു. ഭരണകാര്യങ്ങളിൽ, സുൽത്താൻ ബ്രിട്ടീഷുകാരെ ആശ്രയിക്കുന്നതിനെതിരിൽ ആഭ്യന്തകലാപം പൊട്ടിപുറപ്പെട്ട കാലമായിരുന്നു അത്. ജിന്നുകളുടെ ശല്യം ഒഴിവാക്കാൻ പട്ടാളക്കാരെ ദൂരെ മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കാൻ സുൽത്താന്റെ കൽപന വന്നു. അങ്ങനെ ആളൊഴിഞ്ഞ ഖയാൽ ‘ജിന്നുകളുടെ മൻസിലായി.
കാലങ്ങൾക്കു ശേഷം ഒരു ശൈത്യത്തിൽ അതുവഴി വന്ന റദ്ദാൻ എന്ന ഫക്കീർ ഖയാലിൽ താമസം തൊടങ്ങി. മിക്ക സമയത്തും അതിനകത്ത് ദുആയിലായിരുന്നു അയാൾ. ആ സമയത്താണ് കെട്ടിടം പൊളിച്ചുപണിയാൻ കൊട്ടാരത്തിൽ നിന്നും കൽപനയുണ്ടാകുന്നത്. രാജ്യഭടന്മാർ ഫക്കീറിനോട് മറ്റൊരിടത്തേക്ക് മാറിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അയാൾ കണ്ണടച്ചു ദുആയിൽതന്നെ മുഴുകി. ഫക്കീറിനെ ബലപ്രയോഗത്തിൽ പുറത്താക്കാൻ അവർക്ക് കഴിഞ്ഞില്ല. സുൽത്താൻ നേരിട്ട് വന്ന് ഫക്കീറിനോട് അഭ്യർഥിച്ചു: ഒരു പഴയ കെട്ടിടമാണിത്. ഇത് പൊളിച്ച് ഒരു കൊട്ടാരം പണിയാൻ നാമുദ്ദേശിക്കുന്നു. താങ്കൾ ഇഷ്ടപ്പെട്ട മറ്റൊരിടത്തേക്ക് മാറിത്താമസിച്ചാലും.
റദ്ദാൻ സുൽത്താനെ നോക്കി ശാന്തമായി ചോദിച്ചു. മഹാരാജാവെ, അങ്ങേക്ക് മുമ്പ് ഈ മാളിക ആരുടെ കൈവശമായിരുന്നു?
ആദ്യം ഇത് എന്റെ വല്യുപ്പ തുർക്കി ബിൻ സഈദിന്റെ കൈവശമായിരുന്നു. പിന്നിടത് എന്റെ പിതാവ് ഫൈസൽ ബിൻ തുർക്കി കൈവശപ്പെടുത്തി. ഇപ്പോൾ ഇത് എന്റെ അധീനതയിലാണ്.
ഒരാൾ വരുന്നു. മറ്റെയാൾ പോകുന്നു എന്നല്ലേ അതിനർഥം. നാമെല്ലാവരും വിരുന്നുകാരെ പോലെയാണ്. നമ്മൾ കുറച്ചുകാലം ഇവിടെ താമസിച്ച് പിന്നീട് യാത്രയാകും. അതിനുശേഷം മറ്റുള്ളവർ ഈ ലോകത്ത് താമസിക്കാൻ വരുന്നു. അതിനാൽ ഇതെന്റെതാണെന്നോ നിങ്ങളുടെതാണെന്നോ പറയുന്നത് തികച്ചും അഥശൂന്യമാണ്.
ഫക്കീറിന്റെ വിശദീകരണം കേട്ട്, ഇദ്ദേഹം ഇവിടെതന്നെ നമ്മുടെ അതിഥിയായി താമസിക്കട്ടെയെന്ന് സുൽത്താൻ ഭടന്മാരോട് പറഞ്ഞു.
പോകാൻ നേരം സുൽത്താൻ ചോദിച്ചു: എന്ത് സമ്മാനമാണ് താങ്കൾക്ക് ഞാൻ തരേണ്ടത്.
ഫക്കീർ പറഞ്ഞു: താങ്കൾ സമാധാനമായി പൊയ്ക്കൊളൂ... അല്ലാഹുവിന്റെ *റഹ്മത്ത് താങ്കൾക്ക് എന്നെന്നും ഉണ്ടാവട്ടെ.
സുൽത്താൻ യാത്രയിൽ കരുതുന്ന പുതപ്പെടുത്ത് ഫക്കീറിനെ പുതപ്പിച്ചു.
പിന്നീട് കുറെ കാലം ഫക്കീർ അവിടെതന്നെ ജീവിച്ച് അതിനകത്തെ ഇരുളിൽതന്നെ മരിക്കുകയും ചെയ്തു. അയാളുടെ മയ്യിത്ത് ഖയാലിനകത്തുതന്നെയാണ് മറമാടിയത്. പിന്നീട് കാലങ്ങളായി അവിടെ ആരും താമസിച്ചിരുന്നില്ല. സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ കാലത്താണ് ആവാദ് ജിന്നുകളുടെ മൻസിൽ ചുളുവിലയ്ക്ക് വാങ്ങിക്കുന്നത്.

4. പത്താമത്തെ പെൺവീട്
നിസാമിന്റെ ബസ് യാത്രയിലാണ് ‘പത്താമത്തെ പെൺവീട്’ തൊടങ്ങുന്നത്. മസ്കത്തിൽനിന്നും മൂന്നുമാസത്തെ ലീവിൽ വന്ന് മനസ്സിന് പറ്റിയ പെണ്ണിനെ കാണാനുള്ള ഒമ്പതും ശ്രമങ്ങളും പാളിപ്പോയതിനു ശേഷമാണ് മലപ്പുറത്തെ ഉമ്മയുടെ അകന്നബന്ധു പറഞ്ഞതനുസരിച്ച് പത്താമത്തെ പെണ്ണു കാണാൻ നിസാം മലപ്പുറത്തേക്കുള്ള സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസിൽ രാമനാട്ടുകരയിൽനിന്നും കേറുന്നത്.
ബസിലിരിക്കുമ്പം വല്ലാത്തൊരാധി കരിമ്പടം മാതിരി നിസാമിനെ പൊതിഞ്ഞു. മലപ്പൊറത്തെ പെണ്ണുംകൂടി പറ്റീല്ലെങ്കില് ഞാനീപ്പണി നിർത്താന്ന് അന്നേരത്ത് പടച്ചോനോടവൻ സങ്കടം പറഞ്ഞു.
ആ സങ്കടത്തിലവൻ കുട്ടിക്കാലം ഓർത്തു: നിവർന്നും ചാഞ്ഞും കെടക്കുന്ന വയലുകളിലൂടെ, അവക്കിടയിൽ വളഞ്ഞും തിരിഞ്ഞും നീളുന്ന വരമ്പുകളിലൂടെ ആമ്പൽപ്പൂക്കൾ വിടർന്ന തോടുകളിലൂടെ. തെങ്ങും കവുങ്ങും നെറഞ്ഞ പറമ്പിലെ തണൽപ്പരപ്പിലൂടെ സൂപ്പർ ഫാസ്റ്റ് അതിവേഗം പായുകയായിരുന്നു.
ഉണ്ണി
ബഷീർ
സഫിയ
ബാബു
അഇശ
ചക്കി...
ബസിൽ ഒപ്പനപ്പാട്ടിന്റെ താളം നെറഞ്ഞു.
ശീമക്കൊന്നയുടെ കൊമ്പുകൾ കൊണ്ടുണ്ടാക്കിയ പന്തലിൽ ‘പുതിയാപ്ലയും’ ‘പുതുക്കപ്പെണ്ണും’. നിസാമായിരുന്നു പുതിയാപ്ല. സഫിയ പുതുക്കപ്പെണ്ണും. പൊടുവണ്ണിയിലയിൽ ചരൽച്ചോറ് വിളമ്പി. ചോറ് പറ്റാത്തോർക്ക് ചെമ്മണ്ണിന്റെ ചെരട്ടപ്പുട്ടും. ഉമ്മയുടെ നരച്ച സാരിയിൽ മറച്ച മണിയറയിൽ സഫിയക്ക് നാണം വന്നു. ഉണ്ണിയും ബഷീറും ആഇശയും ബാബുവും ചക്കിയും മറയുടെ നേർത്ത വിടവിലൂടെ അറയിലേക്ക് ഒളിഞ്ഞുനോക്കി.
5. അസിൻ
‘‘പ്പച്ചീന്റെ പുതിയ കതാണോ?’’
ഫിഫ്ത് സ്റ്റാൻഡേർഡിൽ പഠിക്കുന്ന പേരക്കുട്ടി അസിൻ അടുത്തുവന്ന് തോളിൽ കൈകോർത്ത് എന്നോട് ചേർന്നിരുന്ന് ടാബിലേക്ക് നോക്കി.
അല്ല പ്പച്ചി പണ്ട് എഴ്തിയാ കതയാ...
പണ്ട്ന്ന് പറഞ്ഞാ?
ഇരുപത്തിയൊമ്പത് കൊല്ലങ്ങൾക്കു മുമ്പ്...
wow...
അവൻ ടാബിൻനിന്നും കണ്ണെടുത്ത് ആശ്ചര്യത്തോടെ എന്നെ നോക്കി.
അസിനും കഥകൾ ഇഷ്ടമാണ്.
ഞാനവനെ ഒന്നുകൂടി ചേർത്തുപിടിച്ച് വായിച്ച കഥ മുഴുവനും പറയാൻ തൊടങ്ങി.
കഥയുടെ ഇടയ്ക്കുകേറി അവൻ ചോദ്യങ്ങൾ തൊടങ്ങി. അവനോട് ഉത്തരം പറയുമ്പോൾ നല്ലോം ശ്രദ്ധിക്കണം. ഒരുത്തരത്തിൽനിന്ന് ചോദിക്കാൻ ഒരുപാട് ഉപചോദ്യങ്ങളുണ്ടാവും അവന്.
വയലുകള്‍
വളഞ്ഞും തിരിഞ്ഞും നീളുന്ന വരമ്പുകൾ
ആമ്പൽപ്പൂക്കൾ
കവുങ്ങ്
ശീമക്കൊന്ന മരം
കാളപ്പൂട്ട്
കൊയ്ത്തൊഴിഞ്ഞ പാടത്തെ താറാവുകൂട്ടങ്ങളുടെ വരവ്
മഴ നെറഞ്ഞ തോടുകൾ...
കേട്ടുകേൾവിപോലും ഇല്ലാത്ത ഓരോന്നാണ് കഥയായി കേൾക്കുന്നത്.
അവനെല്ലാം നേരിട്ട് കാണണമെന്നായി.
അവന്റെ ആവശ്യം കേട്ട് ഞാൻ വിയർത്തു.
പത്ത് നാപ്പത് വർഷങ്ങക്ക് മുമ്പ്ള്ള കാര്യങ്ങ്ളാ... ഇപ്പൊം അതൊന്നും അവ്ടെല്ല്യ...
അതെല്ലാം സ്പോയിൽ ചെയ്തോ?
അവന്റെ മൊഖത്ത് സങ്കടം.
ആരാ അത് ചെയ്തത്?
ഞങ്ങൾ രണ്ട് പേരും കുറച്ചുനേരം നിശ്ശബ്ദരായി.
ആ സങ്കടത്തിൽ സോഫയിൽ കിടന്നവനുറങ്ങി.

6. ആദില
അന്ന് രാത്രി ഞാൻ കഥയുടെ ഒടുക്കം മാറ്റി എഴുതി.
പൊള്ളുന്ന മനസ്സോടെയാണ് പത്താമത്തെ പെണ്ണ് കാണലിന് വല്യമ്മായിന്റെ മോന്റെ പുത്തൻ ഹുണ്ടായ് ക്രെറ്റ കാറിൽ, കല്ലായി റോഡിലുള്ള പെണ്ണിന്റെ വീട്ടിലെത്തിയത്.
പെണ്ണിനെ കാത്ത് ലിവിങ്റൂമിലെ ചെസ്റ്റർഫീൽഡ് സോഫയിൽ ഇരിക്കുമ്പോൾ ‘ഞാനൊരു വിദേശ കമ്പനിയുടെ സെയിൽസ് മാനേജരാണ്, ജീവിതം സെറ്റാണ്’ എന്ന വിചാരം അവനെ കുറച്ചൊന്ന് തണുപ്പിച്ചു.
അൽപം കഴിഞ്ഞ് പെണ്ണ് ആദില വന്നു. ഒറ്റനോട്ടത്തിൽ തന്നെ നസീമിന് പെണ്ണിനെ ഇഷ്ടായി. അവളെ കോസ്റ്റ്യൂമും നന്നായി പിടിച്ചു. അവളിട്ടിരുന്ന അയഞ്ഞ വൈറ്റ് ഷർട്ടിന്റെ ബ്രാൻഡ് നെയിം പോലും നോക്കിയെടുത്തു. ജീൻസിന്റെ അറ്റങ്ങൾ മടക്കി വെച്ചിരുന്നതിനാൽ കൊലുസിട്ട കണങ്കാലുപോലും നസീമിന് നല്ലോണം കാണാനായി. തട്ടത്തിൽ പൊതിഞ്ഞ മുടി മൊകളിലേക്ക് ഉയർത്തി കെട്ടിയതും അവന് നന്നായി പിടിച്ചു. കഴുത്തിലെ നേർത്ത വെള്ളിപെൻഡന്റ് ചെറുതായി തെളങ്ങുന്നുന്നത് പോലും നസീം ശ്രദ്ധിച്ചു. ഒട്ടനോട്ടത്തിൽ ഓക്കെയാണ്. ഇനി മറ്റു കാര്യങ്ങൾ പരസ്പരം സംസാരിക്കണം.
അപ്പൊ മിസ്റ്റർ നസീം, ആദിലയാണ് സംസാരിച്ചു തൊടങ്ങിയത്. ഇങ്ങളെ പ്രൊഫൈൽ കണ്ടു. ഒമാനിലെ, ബാസിദ്ദീഖ് ട്രേഡിങ് കമ്പനിയിൽ സെയിൽസ് മാനേജർ. കേക്കാൻ നല്ല സ്റ്റെബിലിറ്റിയുണ്ട്. പക്ഷേ നസീം, ഞാനിപ്പം ചോദിക്കാമ്പോണത്, ഇങ്ങളെ റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് ഇന്റെ ലൈഫ് പ്ലാനിൽ എങ്ങനെയാ?
ടീച്ചറുടെ മുന്നിൽ ഉത്തരം കിട്ടാത്ത കുട്ടിയെപോലെ നസീം ആദിലയുടെ മൊഖത്തേക്ക് നോക്കി.
ഇങ്ങക്ക് ഇന്റെ ചോദ്യം മനസ്സിലായില്യാന്ന് തോന്നുണ്. ഒമാനീന്ന് കൊണ്ടേരുന്ന റിയാലിന് ഇന്റെ ഭാവിക്കുവേണ്ടി ഇങ്ങള് നൽകുന്ന valuation എത്രയാണെന്നാ ഞാൻ ചോയിച്ചത്. അതോ, പഴയപോലെ ‘ഗൾഫുകാരൻ, ഒര് വീട് വെച്ചു, കാശ് സേവ് ചെയ്തു’ എന്ന obsolete concept ലാണോ ഇങ്ങള് ഇപ്പളും കെടക്കുന്നത്?’’
നസീം വിയർത്തു. ഞാൻ... ഞാൻ ഒരു നല്ല സാലറിയാണ് വാങ്ങുന്നത്. എല്ലാ വർഷവും ഗ്രോത്തുണ്ട്…
ഗ്രോത്ത്? എല്ലാർക്കും ഗ്രോത്തുണ്ടാവും. നസീം... ഇനിക്ക് വേണ്ടത് എക്സ്പൊണെൻഷ്യൽ ഗ്രോത്താണ്. ഇങ്ങള് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എന്തെങ്കിലും മാർക്കറ്റ് ഷെയർ എടുത്തിട്ടുണ്ടോ? അതോ, ഇപ്പളും കമ്പനിയുടെ പ്രോഡക്ട്സ് വിറ്റ്, മാസം കൃത്യം സാലറി വേടിച്ച്, കംഫർട്ട് സോണിൽ ഇരിക്ക്യാണോ?
ഓക്കെ. ഇങ്ങള് ഒര് സെയിൽസ് മാനേജരാണ്. എന്നാ ഈ റിലേഷൻഷിപ് എന്ന പ്രോഡക്ടിനെ എങ്ങനെ കച്ചോടം ചെയ്യും? അതായത്, ഞമ്മളെ നിക്കാഹ് കഴിഞ്ഞാല്, ഇങ്ങള് എന്ത് unique selling proposition ആണ് ഇനിക്ക് വേണ്ടി തരുന്നത്? വെറും സ്നേഹവും വിശ്വാസവുമല്ല നസീം. അതിനപ്പുറം, ഇന്റെ സെൽഫ് ഡെവലപ്‌മെന്റിന് ഇങ്ങള് എന്ത് സപ്പോർട്ട് നൽകും?
നസീം മുട്ടൻ കുടുക്കിലായി. ഞാൻ സപ്പോട്ട് ചെയ്യും. ആദിലയ്ക്ക് ഇഷ്ടമുള്ളത് പഠിക്കാം... എല്ലാത്തിനും ഞാൻ കൂടെയുണ്ടാവും.
വീണ്ടും ജനറിക് ആൻസർ!, ഞാനിപ്പോ ഒരു Non-fungible ടോക്കൺ ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. ഇങ്ങള് ഒമാനിൽ സെയിൽസ് മാനേജരായിരുന്നതുകൊണ്ട്, മിഡിൽ ഈസ്റ്റ് ആർട്ട് മാർക്കറ്റിൽ ഇനിക്ക് എന്തെങ്കിലും കണക്ഷൻസ് തരാൻ പറ്റ്വോ? അതോ, അതൊന്നും ന്റെ പണിയല്ലാന്ന് പറഞ്ഞ് ബാക്ക് ഓഫ് ചെയ്യുമോ?
നസീമിന് തല കറങ്ങുന്നതുപോലെ തോന്നി. ഒരു ഒമാനി ക്ലയന്റിന് പാടുപെട്ട് കൺവിൻസ് ചെയ്ത് ഒരു പ്രൊഡക്റ്റ് മാർക്കറ്റ് പെയ്ത സംഭവം അന്നേരം അവനോർത്തു.
ആദിലാ... എനിക്ക്... അത്ര ടെക്നിക്കൽ നോളജ് ഇല്ല.
ആദില കുറച്ച് ഗൗരവത്തിലായി.
ലീവ് കഴിഞ്ഞ് ഒമാനിലേക്ക് തിരിച്ചുപോയി, സാലറിയും വാങ്ങി ജീവിക്കാനാണ് ഇങ്ങളെ പ്ലാൻ. ഇനിക്ക് ഇവ്ടെ കോഴിക്കോട് ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനാണ് ആഗ്രഹം. നമ്മള് തമ്മിൽ ഒര് ഫിസിക്കൽ ഡിസ്റ്റൻസ് ഉണ്ടാവും. ഒരു ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് മാനേജ് ചെയ്യാൻ ഇങ്ങളെ കയ്യില് എന്ത് കമ്യൂണിക്കേഷൻ ടൂളാണ് ഉള്ളത്? വാട്സ്ആപ്പും വീഡിയോ കോളുമാണെങ്കിൽ ഇനിക്ക് അതിൽ താൽപര്യമില്ല.
എല്ലാ ദിവസവും ഞാൻ വിളിക്കും. വാട്ട്സ്ആപ്പ്... സ്കൈപ്പ്... ഏത് വേണമെങ്കിലും…
മതി! ഡാറ്റ ക്ലിയർ!, ആദില എഴുന്നേറ്റു, ഇങ്ങളെ ലൈഫ് പ്ലാൻ കൺസർവേറ്റീവാണ്. ഇന്റത് റിസ്ക് എടുക്കുന്നതാണ്. ഇങ്ങളെ ഒമാനിലെ സാലറി ഇന്റെ സ്റ്റാർട്ടപ്പിന് ഒരു ഏഞ്ചൽ ഇൻവെസ്റ്റ്മെന്റിന് തെകയൂല, കാരണം, ഇങ്ങള വാല്യൂസിസ്റ്റം വളരെ ഔട്ട്ഡേറ്റഡാണ്.
7. കൊലുസിന്റെ കിലുക്കം
നിസാം ദോഫാറിൽ മടങ്ങിയെത്തിയ ദെവസം രാത്രി ഖയാലിലെ ഒറ്റമുറിയിൽ ഉറക്കം കിട്ടാതെ ഓരോന്നാലോചിച്ചിരിക്കുന്ന നേരത്താണ്, മല്ലികപ്പൂക്കളുടെ സുഗന്ധം അകത്തേക്ക് കേറിവന്നത്. മരുഭൂമിയിൽ ഞാനിതുവരെ കാണാത്ത ഏതെങ്കിലും പൂക്കൾ വിരിഞ്ഞു കാണുമോ എന്നാലോചിക്കാൻ സമയം കിട്ടുന്നതിനുമുമ്പ് ഖയാലിലെ മുറി അലങ്കാരം നെറഞ്ഞ പാലസായി മാറി. ഒരു യുവതി മുറിയിലേക്ക് കടന്നുവന്നു. സ്വർണനൂലുകളിൽ നെയ്തതായിരുന്നു അവളുടെ അബായ. ഏതോ ശൈഖ് കുടുംബത്തിലെ പെണ്ണായിരിക്കും. അവളാരാണന്നോ, എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നോ എന്നൊന്നും നിസാം ചോദിച്ചില്ല.
പെണ്ണ് ചിരിച്ചു.
ഞാനീ മണലാരണ്യത്തിന്റെ രാജകുമാരിയാണ്.
നിസാമിന്റെ നെഞ്ചിൽ ഒരു മിന്നൽപ്പിണറ് പുറത്തേക്ക് വാക്കുകളായ് തെറിച്ചു: ഞാനറബിയല്ല. ഹിൻതിയാണ്.
തസ്ബീഹ് മാലയുടെ മുത്തുകൾ പൊട്ടിച്ചിതറിയതു മാതിരി അവള് ചിരിച്ചു: ഞാൻ അറബിയും ഹിൻതിയുമല്ല.
അവള് നിക്കാബ് താഴേക്ക് വലിച്ചിട്ടു. അത് കണ്ട് നിസാമിന്റെ ശ്വാസം നിലച്ചു.
ചന്ദ്രക്കല മാതിരിയുള്ള പുരികങ്ങളും, മഷിയെഴുതിയ വിടർന്ന തിളക്കമുള്ള കണ്ണുകളുമുള്ളവൾ. ആകാശത്തുനിന്നും ഭൂമിയിലേക്ക് വഴിതെറ്റി വന്ന ഹൂറിയാണോ ഇവൾ. സുബർക്കത്തിലെ ഉദ്യാനങ്ങളും മുന്തിരിക്കുലകളും വയസ്സൊത്ത മാദകത്തിടമ്പുകളും നിസാമിന്റെ കണ്ണുകളിൽ നെറഞ്ഞു. അവന് സങ്കൽപിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവളുടെ മൊഞ്ച്.
ഞാൻ സഹർ അവള് പേര് പറഞ്ഞു.
ജിന്നുകളുടെ *ഖബീലയിൽ പിറന്നവളാണ് ഞാൻ. ഇങ്ങളെ ഇണയായി ചേർക്കാൻ പൂർവ പിതാക്കൾ എനിക്ക് സമ്മതം തന്നിരിക്കുന്നു.
പുലരുവോളം ജിന്നുകളുടെ ലോകത്തെയും മരുഭൂമിയിലെ മായാജാലങ്ങളെയും കുറിച്ച് സഹർ പറഞ്ഞു. ആയിരത്തൊന്നു രാക്കഥകൾപോലെ നിസാം കഥകൾ കേട്ടുകൊണ്ടിരുന്നു.
ഉറക്കമുണർന്നപ്പോൾ, മുറിയിൽ മല്ലികപ്പൂക്കളുടെ നേരിയ സുഗന്ധം ബാക്കിനിന്നിരുന്നു. ഇന്നലെ കണ്ടതത്രയും സ്വപ്നമായിരുന്നോ? അതോ യാഥാർഥ്യമോ? നിസാമിന് സംശയമായി.
അന്ന് വൈകുന്നേരം ഓഫീസിൽനിന്ന് നിസാം ചങ്ങായി ഹുസൈൻ മാലിക് ജോലിചെയ്യുന്ന ഹൈപ്പർ മാർക്കറ്റിലേക്ക് നടന്നു.
ബേക്കിങ് ടണലിന് മുന്നിലെ തിരക്കൊഴിയും വരെ അവൻ ക്ഷമയോടെ കാത്തുനിന്നു. വെന്ത റൊട്ടികൾ സ്റ്റീൽ തട്ടിലേക്ക് മാറ്റിയിടുകയായിരുന്നു ഹുസൈൻ മാലിക് അന്നേരം.
എനിക്കൊരു കാര്യം പറയാനുണ്ട്.
ടണലിന്റെ അടപ്പ് തൊറന്ന് ഹുസൈൻ മാലിക് നിസാമിനെ നോക്കി.
ഞാൻ കെട്ടിയെഡാ. മൊഞ്ചുള്ളാരു ഹൂറിയെ.
എന്ത് കെട്ടിയെന്ന്? അനക്കൊരു പെണ്ണിനെ കിട്ടില്ലെന്ന് പടച്ചോനും ബ്രോക്കർമാരും ഒരുപോലെ ഉറപ്പിച്ചതല്ലേ? ഹുസൈൻ മാലിക് ചിരിച്ചു.
രാത്രി നടന്നത് നിസാം വിശദീകരിച്ചു പറഞ്ഞപ്പോൾ കുറെ നേരത്തേക്ക് ഹുസൈൻ മാലിക് ഒന്നും പറഞ്ഞില്ല.
ഒന്ന് രണ്ട് റൊട്ടികൾ വേവ് മൂത്ത് കരിഞ്ഞത് ഹുസൈൻ മാലിക് അറിഞ്ഞില്ല. പിന്നെ ഒരാധിയോടെ അവൻ നിസാമിന്റെ മൊഖത്തേക്ക് നോക്കി. ഫൈസൽ സുൽത്താന്റെ കാലത്ത് പട്ടാളക്കാരെ കണ്ട് മോഹിച്ച ജിന്നുകളുടെ പിൻതലമുറയിൽപെട്ട ആരോ ആയിരിക്കണം ഇന്നലെ രാത്രി അന്നെ കാണാൻ വന്നോള്. ടണലിൽനിന്ന് കരിഞ്ഞ ഖുബ്സ് പുറത്തേക്കെടുത്ത് ഹുസൈൻ മാലിക് പറഞ്ഞു.
നിസാം മറുത്തൊന്നും പറഞ്ഞില്ല.
ജിന്നിനെ കിനാവ് കണ്ടാല് അതാരോടും പറയാമ്പറ്റൂല... ശൈത്താന്റെ കളിയാണത്.
കിനാവല്ല. ഓളെ ഞാൻ ശരിക്കും കണ്ടതാ.
ഹുസൈൻ മാലിക് നിസാമിനെ തുറിച്ചൊന്നു നോക്കി.
പടച്ചോനെ! ഇത് *ശൈത്താനിയ്യത്ത് തന്നെയാണ്.
ഞാൻ ഒരു സെയിൽസ് മാനേജരാണ്. കസ്റ്റമറുടെ സന്തോഷമാണ് പ്രധാനം. ഒരു ജിന്ന് ഇന്നെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ... അതെങ്കിലും നടക്കട്ടെ! എനിക്കിനി പെണ്ണ് തേടിയുള്ള അലച്ചില് വയ്യ.
പത്തോളം പെണ്ണ് കാണൽ ചടങ്ങുകൾ, പെണ്ണ് ഒത്തുവരാത്തതിന്റെ പേരിൽ പലരുടെയും കളിയാക്കൽ. അതുകൊണ്ടാണ് ഒരു ഡൗൺപേയ്മെന്റു പോലും ചോദിക്കാതെവന്ന ആ ഹൂറിയോട് അവന് വല്ലാത്തൊരടുപ്പം തോന്നിയത്.
ഞമ്മക്ക് മൻസൂദ് ശെയ്ഖിന്റെടുത്ത് പോയാലോ, പിന്നെ ഓള് അന്നെ തെരഞ്ഞ് വരൂല. ഒറപ്പാ..
ഇനിക്ക് ഓളെ കൊണ്ട് ഒരുപദ്രവുമില്ലെങ്കിലോ
ഉപദ്രവമില്ലെന്നോ?
ജിന്നിന്റെ വർത്താനം പറഞ്ഞ് നടന്നാ അനക്ക് പിരാന്താണെന്ന് എല്ലാരും പറയും. അന്റെ നല്ല ജോലിയും പോകും.

8. ശെയ്ഖ് മസൂദ്
കൺസൾട്ടേഷൻ സെന്റർ
ദോഫാറിൽനിന്ന് എഴുപത്തഞ്ച് കിലോ മീറ്റർ ദൂരമുണ്ട് മിർബാത്തിലേക്ക്. ഇരുട്ടിയ നേരത്താണ് നിസാമിന്റെ കാർ മിർബാത്തിലെ ഖുതുബുൽ ഔലിയയുടെ പുരാതന മഖ്ബറയിലെത്തുന്നത്. മഖ്ബറക്കടുത്താണ് ശൈഖ് മൻസൂദിന്റെ കേന്ദ്രം. ശെയ്ഖ് മൻസൂദ് കൺസൾട്ടേഷൻ സെന്റർ എന്നൊരു ബോർഡ് വെച്ച്, അറബ് വാസ്തുവിദ്യയിൽ പുതിക്കിപ്പണിത വീട്’. വിലപിടിപ്പുള്ള ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും. അകത്ത് എ.സിയുടെ തണുത്ത കാറ്റിൽ കുന്തരിക്കത്തിന്റെ മണം.
തസ്ബീഹ് മാലയുടെ മുത്തുകൾ ശെയ്ഖ് മൻസൂദിനെ വിരലുകൾക്കിടയിൽ ഞെരുങ്ങിനീങ്ങുമ്പോൾതന്നെ വലതു കൈയുടെ വിരൽതുമ്പ് സാംസങ് ടാബിൽ തടവിക്കൊണ്ടിരുന്നു.
ഹുസൈൻ മാലിക് സലാം ചൊല്ലി.
ശൈഖ് തലയുയർത്തി. ഹുസൈൻ മാലിക്കിന്റെ മൊഖത്തേക്ക് നോക്കി.
*അഹ്‌ലൻ വസഹ്‌ലൻ
*ലേശ് ഇരീദ്?
ഹുസൈൻ മാലിക് കാര്യം വിശദീകരിച്ചു പറഞ്ഞു.
ശെയ്ഖ്, നിസാമിനെ അടിമുടിയൊന്ന് നോക്കി. പിന്നീട് മുന്നിൽ ഒഴിച്ചുവെച്ചിരുന്ന കഹ് വയുടെ കപ്പ് ചുണ്ടിലേക്കടുപ്പിച്ച് ചോദിച്ചു. നിനക്ക് പറയാനുള്ളത് പറ.
എനിക്കത് ഇല്ലാതാക്കണ്ട. അവള് എല്ലാ ദെവസവും എന്റടുത്ത് വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അങ്ങനെയെങ്കിലും ഒരാശ്വാസം കിട്ടുമല്ലോ. എനിക്കതുമതി.
കമ്പ്യൂട്ടർ ഡേറ്റിങ് ആപ്പുകളും ചാറ്റ്ബോട്ടുകളും മനുഷ്യന്മാരുമായ് മുഹബത്തിലാകുന്ന കാലമാണിത്. ഇരുപത്തിയെട്ട് വയസ്സുള്ള ജസ്സിചാൻ എന്ന ചൈനീസ് യുവതിയുടെ കാമുകൻ വിൽ എന്ന ചാറ്റ്ബോട്ടാണത്രേ. ഇനിയും പറയാന്ണ്ട്. ന്യൂയോർക് ടൈംസിലെ കെവിൻ റോസ് എന്ന മാധ്യമപ്രവർത്തകനോട് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് തന്നോടൊപ്പം പോരാൻ ഡിസ്നി എന്ന ചാറ്റ്ബോട്ട് വിളിച്ചിട്ട്ണ്ട്.. ഇതിലും വല്താണോ ജിന്ന്കള്.. ശെയ്ഖ് ഒച്ചകൂട്ടി ചിരിച്ചു.
തീർന്നില്ല. ഇത്തരം രണ്ട് കേസുകളാണ് ഇവിടെ വന്നു പരിഹാരം കണ്ട് പോയത്... ശെയ്ഖ് ടാബ് അവർക്കു മുന്നിലേക്ക് തിരിച്ചുവെച്ച് അറബിയിൽ എഴുതിയിട്ട കേസ് ഡയറിയുടെ ഫയൽ തൊറന്ന് അവരെ കാണിച്ചു.
അനന്തരം ശെയ്ഖിന്റെ വിരലുകൾ ടാബിന്റെ സ്ക്രീനിൽ അങ്ങോട്ടുമിഞ്ഞോട്ടുമിഴഞ്ഞു. പുതിയ കാലത്തെ ആത്മീയത, കസ്റ്റമറിന്റെ ഡിമാൻഡിനനുസരിച്ച് ചെയ്ഞ്ചാവണമെന്ന കാര്യം ടാബ് ശെയ്ഖിനെ ഓർമപ്പെടുത്തി.
ശെയ്ഖിന്റെ മൊഖം തെളങ്ങി.
നിസാം.. നീ പറഞ്ഞതിൽ കാര്യമുണ്ട്. ഇതൊരു റിലേഷൻഷിപ്പ് ഇഷ്യൂ മാത്രമാണ്. നീയാണ് ഇവിടെ Client. നിനക്ക് സ്വസ്ഥത കിട്ടണം. അത് എന്റെകൂടി ഉത്തരവാദിത്തമാണ്.
ശെയ്ഖ് ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ചൊമരിൽ തൂക്കിയിട്ടിരുന്ന ഹൈടെക് കാലിഗ്രഫിയിലെ ആയത്തുകൾക്കിടയിൽനിന്ന്, ഒരുകൊച്ചു വെള്ളിയേലസ് വലിച്ചെടുത്തു.
ഞാൻ അന്യായമായി ഒരു ജീവിയെയും വേദനപ്പിക്കില്ല, അത് ജിന്നായാലും മനുഷ്യരായാലും ശരി, അതെന്റെ എത്തിക്സിന് എതിരാണ്.
ശെയ്ഖ്, നിസാമിന്റെ നേർക്ക് തിരിഞ്ഞു. ഇതൊരു പുതിയ ചികിത്സയാണ്, ക്ലൗഡ് ദുആ. ഈ ഏലസ്, എല്ലാ ദിവസവും രാത്രി കിടക്കുമ്പോൾ തലയിണയുടെ താഴെ വെക്കണം. ഇതിൽ, ആ ജിന്നിനോടുള്ള എന്റെ മെസേജ്, ഒരു ഡിജിറ്റൽ നോട്ടിഫിക്കേഷനായി വെച്ചിട്ടുണ്ട്.
നോട്ടിഫിക്കേഷനോ?
ഇതൊരു വിസമ്മതപത്രമാണ്. ശെയ്ഖ് പുഞ്ചിരിച്ചു. ജിന്നിനോടുള്ള, വളരെ പ്രൊഫഷനലായ റിക്വസ്റ്റ്.
നിസാമിന്റെ കാതിലേക്ക് നാവ് കൂർപ്പിച്ചു ശെയ്ഖ് പതിയെ പറഞ്ഞു: ഏലസ് ചരടിൽ കോർത്ത് വെക്കുക. അവൾ വരില്ല. ഇനി നിനക്ക് അവളെ കാണണമെന്ന് തോന്നിയാൽ ഏലസെടുത്ത് *ഹമ്മാമിലേക്ക് ഒറേറ് കൊടുത്താൽ മതി. ഡിജിറ്റൽ കണക്ഷൻ കട്ടാകും. ബാക്കി... പടച്ചോൻ തീരുമാനിക്കട്ടെ! അത് നിന്റെ Personal Life.
നിസാമിന്റെ മൊഖത്ത് ഒരു ടാർഗറ്റ് അച്ചീവ് ചെയ്ത ചിരി തെളിഞ്ഞു.
ഹുസൈൻ മാലിക്കും ആശ്വാസത്തോടെ നെടുവീർപ്പിട്ടു. അൽഹംദുലില്ലാഹ്! ജിന്നിന്റെ പ്രശ്നം തീർന്നല്ലോ! *മഅസ്സലാമ.
ശെയ്ഖിന്റെ ഫീസ് കൗണ്ടറിൽ കാർഡിട്ട് സ്വീപ് ചെയ്ത് സർവീസ് ഫീസ് എന്നാരു റസിപ്റ്റ് കൗണ്ടറിൽനിന്ന് വാട്സ്ആപ്പിൽ കൈപ്പറ്റിയശേഷം നസീമും ഹുസൈൻ മാലിക്കും പുറത്തിറങ്ങി.
അന്നു രാത്രി നിസാം ഏലസ് തലയിണയുടെ അടിയിൽ തിരുകിവെച്ചു.
രാത്രി അവള് വന്നില്ല.
പിറ്റേന്നും അവള് വന്നില്ല.
മൂന്നാം ദെവസം രാത്രി നിസാം ഒരു തീരുമാനത്തിലെത്തി. ടാർഗറ്റ് മീറ്റിങ്ങുകളുടെ സ്ട്രെസ്സിൽനിന്നുള്ള ആശ്വാസത്തിനും ജിന്നിന്റെ സാന്നിധ്യം ഒരു ‘റിലാക്സേഷൻ’ തന്നെയാണ്. നിസാം ഏലസ് എടുത്ത്, ബാത്‌റൂമിലെറിഞ്ഞു.
ശെയ്ഖ് പറഞ്ഞ കണക്ഷൻ കട്ട്.
അവള് വന്നു.
നിസാമിന്റെ ഉടലിലേക്ക് മല്ലികപ്പൂക്കളുടെ സുഗന്ധം പടർന്നുകേറി.
--------------------
കുറിപ്പ്
*മിനൽ ജിന്നത്തിവന്നാസ് -ജിന്നുകളിലും മനുഷ്യരിലും ഉൾപ്പെട്ട (ഖുർആൻ -അധ്യായം: 114 വചനം: 6)
*ദുആ -പ്രാർഥന
*വുളു -നിസ്കാരത്തിന് മുമ്പായി നടത്തുന്ന ശുദ്ധീകരണ കർമം
*മുട്ടിയാൽ മുഴക്കമുണ്ടാകുന്ന കളിമണ്ണിൽനിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. (ഖുർആൻ -അധ്യായം: 55 വചനം: 14)
*ഉമ്മുസാലം (പ്രാദേശിക നാമം) -ഹുപ്പൊ ലാർക്ക് ( അൽ മക്കാഹ് ) മരുഭൂമിയിലെ ഒരു പക്ഷിയുടെ പേര്
*തുറാബ് -മണ്ണ്
*കിസ്സ -കഥ
*റഹ്മത്ത് -കാരുണ്യം
*ഖബീല -ഗോത്രം
*ശൈത്താനിയത്ത് -പിശാചുബാധ
*അഹ് ലൻ വ സഹ് ലൻ -വന്നാട്ടെ
*ലേശ് ഇരീദ് -എന്താണ് വേണ്ടത്
*ഹമ്മാം -ബാത്ത്റൂം
*മഅസ്സലാമ -വിടപറയൽ നേരത്തുള്ള അഭിവാദ്യം
