Begin typing your search above and press return to search.
proflie-avatar
Login

വ്യാകുല മാനസം

വ്യാകുല മാനസം
cancel
camera_alt

ചിത്രീകരണം: ചിത്ര എലിസബത്ത്

അപ്പന്റെ ആദ്യത്തെ ബാച്ചിലെ കുട്ടികൾ വരുന്നുണ്ടെന്നും അന്നു വീട്ടിലെത്തണമെന്നും അമ്മ നേരത്തേ അറിയിച്ചിരുന്നു.

‘‘എന്നെക്കൊണ്ട് എന്താവാനാ! എഴുപത്താറാവുന്നു. വല്ലടത്തും കാലും നീട്ടിയിരുന്ന് വിശ്രമിക്കേണ്ട കാലം! അല്ലേല് സ്വസ്ഥായിട്ടു കുഴീല് കെടക്കണ്ട പ്രായം! അടുക്കളേക്കെടന്നു കഷ്ടപ്പെടാൻ മാത്രവാ ഇപ്പഴും എപ്പഴും യോഗം!’’

രണ്ടു മണിക്കൂർ യാത്രക്കപ്പുറം പിറന്ന വീട്, അമ്മക്കും അപ്പനും ആവശ്യമുള്ളപ്പോഴൊക്കെ അവിടെ ഓടിയെത്താറുണ്ട്, എന്നാലും ഓരോതവണയും അമ്മ ഈ പ്രാരബ്ധങ്ങളൊക്കെ പറയുന്നു.

‘‘നിശ വരത്തില്ലേ? ഞായറാഴ്ചയല്ലേ? അവധിയാണല്ലോ?’’

എല്ലാത്തവണത്തെയും പോലെ ഞാൻ ചോദിക്കും. അമ്മ ‘‘ഓ അവളൊണ്ടോ വരാമ്പോകുന്നു’’ എന്നോ മറ്റോ ഉദാസീനയാകും.

‘‘അല്ലേലും അവൾ ഇവിടത്തെ ഏതാവശ്യത്തിനാ വന്നിട്ടൊള്ളേ? ഇനി വന്നാത്തന്നെ അവക്കു വിരുന്നുകാരത്തിയായിട്ട് ഇരിക്കാനല്ലേ അറിയത്തൊള്ളൂ. ഞാന്തന്നെ നടുവൊടിഞ്ഞ് പണിയെടുക്കണം’’ എന്നു പറയാനും അമ്മ മറക്കാറില്ല.

അതു കേൾക്കുമ്പോൾ ഒന്നും ചോദിക്കേണ്ടിയിരുന്നില്ലെന്നു എല്ലാത്തവണത്തെയും പോലെ ഞാൻ ഓർക്കും. നിശക്ക് ആകെ കിട്ടുന്ന ഞായറാഴ്ചയാണ്, നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ടാവും. ശമ്പളത്തിന്റെ മുക്കാൽ പങ്കും ലോണടച്ച് അവൾ സ്വന്തമിഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് ഉണ്ടാക്കിയിട്ട വീട് വിട്ട് ദൂരെ വാടക ഫ്ലാറ്റിൽ താമസിക്കുന്നതിന്റെ കാര്യമൊക്കെ അറിയാവുന്ന ഞാൻ അത്തരം കാര്യങ്ങൾ ചോദിക്കാൻ പാടില്ല. ജോണും ഇങ്ങോട്ടു തിരിഞ്ഞുനോക്കാറേയില്ലെന്നു പറയാം.

‘‘ആയ്ക്കോട്ടെ, അവളു വരത്തില്ല, അവളില്ലാത്തതുകൊണ്ട് ജോണും വരത്തില്ല. ഞാൻ നേരത്തെ വരണം, അത്രയല്ലേയൊള്ളൂ. അതുപോട്ടെ, എന്നാത്തിനാ അപ്പന്റെ സ്റ്റുഡന്‍റ്സ് വരുന്നേ?’’

‘‘ഏതാണ്ട് പാദപൂജയോ ഗുരുവന്ദനമോ... എന്നാന്നാർക്കറിയാം... കയ്യില് കാശൊള്ള ഓരോരുത്തന്മാര്ടെ ഓരോ വട്ട്! ഇങ്ങേരടെ അനുഗ്രഹം കിട്ടാഞ്ഞിട്ടാ ഇനി!’’

അമ്മ അപ്പന്റെ കാര്യങ്ങളിൽ എപ്പോഴും കാണിക്കാറുള്ള ഉദാസീനതയും പരിഹാസവും കലർത്തി പറഞ്ഞു. അപ്പന്റെ എഴുത്ത്, പ്രഭാഷണങ്ങൾ, ശിഷ്യസമ്പത്ത്... എല്ലാത്തിനോടും അമ്മയ്ക്കു പുച്ഛവും നീരസവുമാണ്. പുറത്തൊന്നും അകത്തു വേറൊന്നുമായി ജീവിക്കുന്ന മനുഷ്യരോട് എനിക്ക് വെറുപ്പാണെന്നു വരെ ചിലപ്പോൾ പറഞ്ഞുകളയും.

അറുപതാണ്ടു തികഞ്ഞ അവരുടെ ദാമ്പത്യം ഭദ്രമായിരിക്കണമെന്ന വ്യഗ്രതകൊണ്ട് ഞാൻ അമ്മയോട് അത്തരം കാര്യങ്ങളൊന്നും അധികം ചോദിക്കാറില്ല. അമ്മ കൂടുതൽ പറയുകയും ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ മാതൃകാദമ്പതിമാരായ അവരുടെ ജീവിതം അങ്ങനെയല്ലാതാവുകയും ചെയ്യുന്നത് എനിക്കു സങ്കൽപിക്കാൻപോലും ഇഷ്ടമല്ലായിരുന്നു. എല്ലാം ഇങ്ങനെ പോവട്ടെ... പൊട്ടിച്ചിന്നിയ കുപ്പിപ്പാത്രമാണെന്ന് ആരുമറിയണ്ട, കയ്യിലെടുത്താലല്ലേ ചിതറിപ്പോവൂ. അലമാരയിൽ കയ്യെത്താത്തിടത്ത് ഭദ്രമായിരുന്നോട്ടെ.

വിവരങ്ങളറിയാൻ ഞാൻ അപ്പനെത്തന്നെ വിളിച്ചു. ആദ്യത്തെ റിങ്ങിൽ അറ്റൻഡുചെയ്ത് ആവേശത്തോടെ വിശേഷങ്ങൾ പറയുകയും ചെയ്തു.

‘‘മണിമലേലെ സെന്തോമസിലല്ലേ ഞാൻ പഠിപ്പിക്കാൻ തുടങ്ങിയേ, അന്നെനിക്കെന്നാ പ്രായം! ഇരുപതു തെകഞ്ഞിട്ടില്ല, ട്രെയിനിങ്ങും കഴിഞ്ഞ്‌ നേരെ ചെന്നുനിക്കുന്നത് എന്നേക്കാൾ തണ്ടും തടീമൊള്ള പിള്ളേരടെ മുന്നില്! ഞാനന്ന് മെലിഞ്ഞ് നാരു പോലാ, താമസം അമ്മേടെ ആങ്ങളേടെ വീട്ടില്.അമ്മായി രാവിലേം വൈകിട്ടും താറാമൊട്ട പുഴുങ്ങിത്തരും, കണ്ടാല് ഒരു വാധ്യാരാന്നു തോന്നണ്ടേ എന്നും പറഞ്ഞ്...’’

അപ്പൻ കാടുകയറി വർത്തമാനം പറയുന്നതു കേട്ടിരിക്കാൻ എനിക്കു സമയമുണ്ടായിരുന്നില്ല. അപ്പനിഷ്ടമുള്ളതു പറയാൻ തുടങ്ങിയാൽപ്പിന്നെ മറ്റുള്ളവരെക്കുറിച്ചു ഒട്ടും പരിഗണനയുണ്ടാവില്ല. വീട്ടിൽ വരുന്നവരും വഴിയേ പോകുന്നവരുമെന്നു വേണ്ട ആരെക്കിട്ടിയാലും വാചകമടിച്ചു മടുപ്പിച്ചുകളയും. ഇടക്കുകേറി പറയാൻ മടിച്ച് മിക്കവരും നിസ്സഹായതയോടെ കേട്ടിരിക്കും. ഫോൺ ചെയ്താൽ എന്തിനാ വിളിച്ചതെന്നോ സുഖമാണോയെന്നോപോലും ചോദിക്കാൻ അപ്പൻ മറന്നുപോവും, ഉള്ളുകലങ്ങിയും പതറിയുമിരുന്നപ്പോഴൊക്കെ പലപ്പോഴും അപ്പനെ വിളിച്ചിട്ടുണ്ട്, പക്ഷേ ശബ്ദം മാറിയതും സ്വരമിടറുന്നതും അറിഞ്ഞാലും അപ്പനതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരിക്കും.

‘‘ഞാൻ ഞാൻ എന്നുമാത്രം ചിന്തയൊള്ള മനുഷ്യന്മാരങ്ങനാ കുഞ്ഞേ, അവരു മറ്റുള്ളോർക്കും ചങ്കും കരളുമൊണ്ടെന്നു മറന്നുപോകും, സൊന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും വേദനകളും മാത്രമേ അവര് കാണത്തൊള്ളു. നിന്‍റപ്പൻ നെഞ്ചത്തൊരു തൊളയൊണ്ടാക്കി അതീക്കൂടെ അവനോന്റെ ഉള്ളിലേക്കു മാത്രമാ നോക്കുന്നേ. എലി മാളമൊണ്ടാക്കുന്ന പോലെ അങ്ങേര് സ്വെയം തൊരന്നോണ്ടിരിക്കുവാ.’’

ഒരിക്കൽ സങ്കടം സഹിക്കാതെ അമ്മയോടു പരാതിപ്പെട്ടപ്പോൾ അമ്മ പതിവില്ലാതെ ഉറക്കെച്ചിരിച്ചു കൊണ്ടുപറഞ്ഞതാണ്. സ്വയം മാന്തുന്ന മനുഷ്യൻ എന്ന ഉപമയോർത്ത് ആ സങ്കടത്തിനിടയിലും ചിരിച്ചതിനു കണക്കില്ല.

അപ്പന്റെ വർത്തമാനങ്ങൾക്കു പാതി ചെവി കൊടുത്തും അതിനിടയിൽത്തന്നെ സംശയങ്ങളുമായി അടുത്തുവന്ന രൂപക്കും ലിസിച്ചേച്ചിക്കും നിർദേശങ്ങൾ കൊടുത്തും ഞാനാ കോൾ, തിരക്കുണ്ട് അപ്പാ, വൈകുന്നേരം വിളിക്കാമെന്നും പറഞ്ഞ് ഒരുവിധത്തിൽ അവസാനിപ്പിച്ചു. ശരിക്കും തിരക്കുണ്ടായിരുന്നു, കട്ടിങ് ചെയ്യുന്ന പവൻ കുറെ ബ്ലൗസ് തുണികളുമായി കാത്തിരിക്കുന്നു, മുന്നേ എഴുതിക്കൊടുത്താലും തുണിയിൽ കത്രികയോടിക്കുമ്പോൾ അവനതൊക്കെ ഒന്നൂടെ പറഞ്ഞുകൊടുക്കണം. പക്ഷേ ആ ഒരു മെനക്കേടേയുള്ളൂ, അവൻ മുറിച്ചുവെക്കുന്നത് ദേഹത്തുവെച്ച് തയ്ച്ചത്രയും പെർഫെക്ഷനോടെ സ്റ്റിച്ചു ചെയ്യാൻ പറ്റുമെന്നാണ് രൂപയും ലിസിച്ചേച്ചിയുമൊക്കെ പറയുക. അന്നേരം അവൻ നിഷ്കളങ്കമായി ചിരിക്കും. തിളങ്ങുന്ന തൊലി ഒന്നൂടെ തുടുക്കും. പഴുത്തുതുടുത്തു ഇപ്പോ അടർന്നുവീഴാൻ പോകുന്ന ചാമ്പങ്ങപോലെ. ‘‘എന്റെ ചെറുക്കാ നീ ചിരിക്കുമ്പോ ഒറ്റക്കടി വെച്ചു തരാനാ തോന്നുന്നതെന്നു’’ രൂപ പറയുമ്പോൾ മനസ്സിലായിട്ടോ ആവാതെയോ പവൻ പെ​െട്ടന്നു മുഖത്തുനിന്ന് ചിരി മായ്ച്ചുകളയും.

വൈകുന്നേരം വരെ മറ്റൊന്നുമാലോചിക്കാൻ സമയമില്ലായിരുന്നു. ഒന്നിനു പിറകെ ഒന്നായി കസ്റ്റമേഴ്സ്, അളവെടുക്കൽ, അതിനെടേൽ കട്ടിങ്, സ്റ്റിച്ചിങ്, പിള്ളേരുടെ സംശയങ്ങൾ, പരിഹാരങ്ങൾ... ഇറങ്ങുന്നതിനു മുന്നേ അടുത്താഴ്ചത്തേക്കുള്ള ഡെലിവറികളും വർക്കുകളുമൊക്കെ ഒന്നൂടെ ഡയറിയെടുത്തു നോക്കിയുറപ്പിച്ചു. ഒക്കെ മനസ്സിലുണ്ട്, പക്ഷേ പിന്നേം പിന്നേം നോക്കിയാലേ സമാധാനമാവൂ.

ഇരുട്ടു പരന്ന വഴികളിലൂടെ വീട്ടിലേക്കു വണ്ടിയോടിക്കുമ്പോഴാണ് അപ്പന്റെ ഗുരുവന്ദനം പിന്നെ ഓർമയിലേക്കു വന്നത്. എൺപതു വയസ്സുള്ള അപ്പൻ ഇരുപതാം വയസ്സിൽ പഠിപ്പിച്ച, ഇപ്പോൾ എഴുപത്തഞ്ചു വയസ്സെങ്കിലുമുള്ള കുട്ടികൾ! അറിയാതെ ചിരി വന്നു. കുറെപ്പേരൊക്കെ മരിച്ചിരിക്കും, ചിലർ കിടപ്പിലായിക്കാണും, എത്രപേരു വരുമോ ആവോ! അമ്മയിത്ര വെപ്രാളപ്പെടാനൊന്നുമില്ല, അപ്പനു വേണ്ടിയുണ്ടാക്കുന്ന പയറുകഞ്ഞീം ഓട്സ് പുട്ടുമൊക്കെ പോലത്തെ ലഘുവായ വിഭവങ്ങൾ മതി.

ഞായറാഴ്ച കുർബാന കഴിഞ്ഞ് സെമിത്തേരിയിൽ അജോയുടെ കല്ലറയിൽ മെഴുകുതിരിയും കത്തിച്ചിട്ടാണ് ഞാൻ വീട്ടിലേക്കു പോയത്. ജൂലൈ മാസം പുലർച്ചേ എല്ലാടവും തണുത്തും നനഞ്ഞും കിടക്കുന്നു. തിരി കത്തിക്കിട്ടാൻ സമയമെടുത്തു. കത്തിച്ചിട്ടേ പോകുവെന്നു ഞാൻ വാശിയോടെ പിന്നെയും പിന്നെയും തീപ്പെട്ടിയുരച്ചു. ഒടുവിൽ കൊള്ളികൾ തീരാറായപ്പോഴാണ് അതൊന്നു ദുർബ്ബലമായെങ്കിലും കത്തിക്കിട്ടിയത്. സെമിത്തേരിയുടെ മതിൽക്കെട്ടിനപ്പുറത്തു റബർ​േത്താട്ടമാണ്. നനഞ്ഞ കാറ്റ് മൃദുവായി വന്നുതൊട്ടു ഉടൽ തണുപ്പിക്കുന്നു. സാരികൊണ്ടു മൂടിപ്പൊതിഞ്ഞു തിരിഞ്ഞുനടക്കുമ്പോൾ അജോയ്ക്കു വേണ്ടി കത്തിച്ച തിരിനാളത്തിന്റെ അവസ്ഥയെന്താണെന്നു ഞാൻ ശ്രദ്ധിച്ചതേയില്ല. അതന്നേരം തന്നെ കെട്ടുപോയിരിക്കും. പക്ഷേ, ഞാൻ വന്നു, അജോയെ ഓർത്തു തിരി കത്തിച്ചു. ഇതൊക്കെ ആരെ ബോധ്യപ്പെടുത്താനാണെന്നു എനിക്കു തന്നെ ചിരിയും വരാറുണ്ട്. ഞങ്ങൾ വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയതിന്റെ എട്ടാം വർഷമാണ് അജോ മരിച്ചത്. ഇടക്ക് അജോയുടെ വീട്ടിൽനിന്നാരെങ്കിലും വരും, കോംപ്രമൈസ് ചർച്ചകൾ നടക്കും, ജയമ്മ വീട്ടിലേക്കു വരട്ടെ, അജോ തിരുത്താനും നന്നാവാനും തീരുമാനിച്ചെന്നു അവിടത്തെ അമ്മാവന്മാരോ അമ്മച്ചിയോ ഉറപ്പുതരും. ‘‘കെട്ടിച്ചുവിട്ട പെണ്ണുങ്ങള് കെട്ടിയോന്റെ വീട്ടിലാ നിക്കണ്ടതെന്നു’’ അപ്പനവരുടെ മുന്നിൽവെച്ചു എന്നെ ശാസിക്കും. ഞാൻ പെട്ടിയൊക്കെ ഒരുക്കും, അജോ വിളിക്കാൻ വരുന്നതു കാത്തിരിക്കും.

പക്ഷേ ഒന്നും നടക്കില്ല, എന്തെങ്കിലും പ്രശ്നമുണ്ടാവുകയും അജോയ്ക്കൊപ്പം പോകണമോ വേണ്ടയോ എന്നു ഞാൻ പിന്നെയും സന്ദേഹത്തിലാവുകയും ചെയ്യും. എന്റെ ശരീരം അവനെ കാംക്ഷിക്കുകയും ഹൃദയം അവനെ പ്രണയിക്കാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരിക്കൽ അങ്ങോട്ടു തിരിച്ചുചെന്നാൽ മതി, എല്ലാം ശരിയാവുമെന്ന വല്ലാത്തൊരു ശുഭാപ്തിവിശ്വാസവും. പക്ഷേ ഒന്നും നടന്നില്ല. അജോ വന്നുമില്ല, ഞാൻ പോയതുമില്ല. എട്ടുവർഷത്തിനിടയിൽ മൂന്നാലുവട്ടം ഫോൺ ചെയ്തിരിക്കും, ഒന്നുരണ്ടു തവണ എവിടൊക്കെയോ വെച്ചു കണ്ടിട്ടുമുണ്ട്.

അപ്പോഴെല്ലാം ‘‘ഞാൻ വരുമെടോ ഉവ്വേ, കുറച്ചൂടെ കാര്യങ്ങള് ശരിപ്പെടുത്താനൊണ്ട്, നീ കൂടെ വരുമ്പം എല്ലാം പുത്തനായിട്ടു വേണം, പഴേതൊക്കെ നമുക്കു മറക്കണം, കർത്താവിന്റെ അരൂപിയില് നമ്മള് ഒരു ദിവ്യകുടുംബമാകണം...’’ എന്നു അജോ അടുത്തുവന്നു സ്വകാര്യം പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞു രണ്ടാം വർഷം ആ വീട്ടിൽനിന്നും അജോയിൽനിന്നും ഇറങ്ങിപ്പോരാനിടയാക്കിയ സംഭവങ്ങളൊക്കെ ഞാനും മറക്കാൻ തയ്യാറായിരുന്നു, ഇനി അജോ അതൊന്നും ആവർത്തിക്കില്ലെങ്കിൽ. പക്ഷേ ആ ഉറപ്പ് ഒരിക്കലും അജോക്കുണ്ടാവാത്തതു കൊണ്ടാവാം വരാതിരുന്നത്.

അക്കാലത്തു അമ്മ നിർബന്ധിച്ചു പറഞ്ഞു വിട്ടതുകൊണ്ടാണ് തയ്യലും ഫാഷൻ ഡിസൈനിങ്ങും പഠിച്ചെടുത്തത്. അജോ മരിച്ചപ്പോൾ, രണ്ടു വർഷത്തെ ദാമ്പത്യത്തിനും എട്ടു വർഷത്തെ കാത്തിരിപ്പിനും ജീവിതം മുഴുവൻ പൊടിയടിഞ്ഞു പോയതിനും കിട്ടിയ നഷ്ടപരിഹാരമെന്നപോലെ അവന്റെ വീതത്തിലുള്ള സ്ഥലവും കടമുറികളും എന്‍റേതായി. വീട്ടിൽ നിന്നു മാറാനും സ്വന്തമായൊരു സ്ഥാപനം തുടങ്ങാനുമൊക്കെയുള്ള തുടക്കം അവിടെ നിന്നായിരുന്നു. അപ്പൻ ഒന്നിനും സഹായിച്ചില്ല, ജേക്കബ് സാറിന്റെ മകള് തയ്യൽക്കട നടത്തുകാന്നു പറയുന്നത് നാണക്കേടാണെന്നു പറഞ്ഞ് കട തുടങ്ങുന്ന ദിവസം ഒന്നവിടെ വന്നതുപോലുമില്ല.

പക്ഷേ, ഒറ്റമുറിയിൽനിന്ന് ആ കെട്ടിടത്തിലെ നാലു മുറികളിലേക്കു സ്ഥാപനം പടർന്നപ്പോൾ അപ്പൻ വന്നു, കുറെനേരം ഇരിക്കുകയും കടയിലെ തിരക്കും ബഹളങ്ങളുമൊക്കെ ശ്രദ്ധിക്കുകയും ചെയ്തു. പവൻ കൊണ്ടുവന്ന ഇളനീരു കുടിച്ചുകൊണ്ടു ഈ ബംഗാളികളെയൊക്കെ എന്നാ വിശ്വസിച്ചാ നീയിവിടെ നിർത്തിയേക്കുന്നേ എന്നുറക്കെ ചോദിച്ചു. അവൻ ലഖ്നോവിൽ നിന്നാണെന്നും കട്ടിങ് മാസ്റ്റർ ആണെന്നും ചോദിക്കുന്ന സാലറീം കൊടുത്താണ് ഇവിടെത്തന്നെ പിടിച്ചു നിർത്തിയിരിക്കുന്നതെന്നും അപ്പനോടു വിശദീകരിക്കാനുള്ള ശ്രമം വെറുതെയായി.

‘‘കട്ടിങ് നിനക്കറിയാൻ മേലേ? കൊറെനാള് നീയും പഠിച്ചാരുന്നല്ലോ? ഒരു സ്ഥാപനത്തില് ഒരു മാസ്റ്ററേ പാടുള്ളൂ, അത് സ്ഥാപനത്തിന്റെ മൊതലാളിതന്നെ ആയിരിക്കണം. ആരേം തലേക്കേറി നെരങ്ങാൻ സമ്മതിക്കരുത്, അടുത്തുകൂടുന്നവരെയെല്ലാം കണ്ണടച്ചു വിശ്വസിക്കേമര്ത്, ഒരു ബിസിനസു നന്നായിട്ടു നടത്തിക്കൊണ്ടുപോവണേ ഒറക്കത്തിപ്പോലും നമ്മടെ കണ്ണുകള് തൊറന്നിരിക്കണം...’’

അങ്ങനെയെന്തെല്ലാമോ ഉപദേശങ്ങളും നിർദേശങ്ങളും തന്നു, പിന്നെയും ഒന്നുരണ്ടുവട്ടം വന്നിട്ടുണ്ടാവും, അതേ ഉപദേശങ്ങൾ, ബിസിനസു പച്ചപിടിക്കാനും കൂടുതൽ വിജയിക്കാനുമുള്ള നിർദേശങ്ങൾ... സൂക്ഷ്മത, ജാഗ്രത, നാലു ചുറ്റും കണ്ണുകൾ... അപ്പന്റെ ഉപദേശങ്ങളെപ്പറ്റി അമ്മയോടു പറഞ്ഞപ്പോൾ അമ്മ പതിവുപോലെ പുച്ഛത്തോടെ ചിരിച്ചു.

‘‘ബിസിനസിനെപ്പറ്റി ഉപദേശിക്കാനറിയുന്ന ഒരാള്! പിള്ളേരെ പഠിപ്പിക്കുക, മാസാമാസം ശമ്പളം വാങ്ങുക, പറമ്പിലെ ആദായമെടുക്കുക അതല്ലാണ്ട് എന്തേലും റിസ്കൊള്ള പണി ജീവിതത്തില് അങ്ങേരെടുത്തിട്ടുണ്ടോ!’’

എന്തായാലും പിന്നീട് അപ്പൻ ജയമ്മക്ക് ടൗണിനടുത്ത് ഡിസൈനിങ് സ്റ്റുഡിയോ ആണെന്നും നിന്നുതിരിയാൻ പറ്റാത്ത തെരക്കാണെന്നും പത്തുപന്ത്രണ്ട് സ്റ്റാഫൊണ്ടെന്നുമൊക്കെ അഭിമാനത്തോടെ പലരോടും പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്, സ്റ്റാഫിന്റെ എണ്ണം കേൾവിക്കാരുടെ സാമ്പത്തികനിലവാരമനുസരിച്ചു കൂടും... അത്രക്കൊന്നുമില്ല, ചെറിയ രീതിയില്... എന്നു തിരുത്താനൊന്നും അവസരം കിട്ടാറില്ല. അപ്പന് എന്നെച്ചൊല്ലി അഭിമാനിക്കാൻ ഇത്രയെങ്കിലും ഉണ്ടല്ലോന്നു ഞാനും സന്തോഷിക്കും. ഡോക്ടറാക്കണമെന്നും കളക്ടറാക്കണമെന്നുമെല്ലാം ആശിച്ച് വളർത്തിയ മകളുടെ പാരലൽ കോളേജിലെ ഡിഗ്രിപഠനമൊക്കെ അപ്പന് വലിയ അപമാനമായിരുന്നു. അക്കാലത്ത് ജോണിനെപ്പറ്റി മാത്രമേ അപ്പൻ സംസാരിക്കാറുണ്ടായിരുന്നുള്ളൂ, അവന്റെ മിടുക്ക്, കിട്ടുന്ന സമ്മാനങ്ങൾ, മാർക്ക്... കല്യാണം കഴിഞ്ഞ കാലത്ത് അജോയുടെ വീട്ടിലെ വിശേഷങ്ങൾ പറയുമായിരുന്നു, തോമാശ്ലീഹ മാർക്കം കൂട്ടിയ കുടുംബം, നോക്കെത്താതെ പരന്നുകിടക്കുന്ന പാടങ്ങള്, മലേല് തോട്ടം, കടമുറികൾ, കാറ്, നാലുകെട്ടുപുര... അവിടന്നു പോന്നതോടെ അപ്പന്റെ വർത്തമാനങ്ങളിൽ വീണ്ടും ഞാൻ അദൃശ്യയായി... പിന്നെ ഇപ്പോഴാണ് അപ്പൻ എന്നെക്കുറിച്ചു അഭിമാനത്തോടെ സംസാരിക്കാൻ തുടങ്ങിയത്. അതും കെട്ടിച്ചു വിട്ട വീട്ടിലെ പ്രതാപത്തെപ്പറ്റിയല്ല, ഞാനൊറ്റക്കു കെട്ടിപ്പൊക്കിയവയെക്കുറിച്ച്!

വീട്ടിലെത്തുമ്പോൾ അമ്മയുടെ അടുക്കള ബഹളമയമാണ്. പാത്രങ്ങളും പച്ചക്കറികളുമൊക്കെ നിരന്നു യുദ്ധക്കളംപോലെ! എത്ര വയ്യായ്ക പറഞ്ഞാലും ആരെങ്കിലും വരുന്നെന്നു കേട്ടാൽ പതിവുള്ളതാണിത്‌... നീ ഇപ്പഴേലും വന്നല്ലോ എന്ന പരിഭവം, കാപ്പി കുടിച്ചില്ലേല് അപ്പവും കറീമൊണ്ട്, കഴിച്ചേച്ച് ഇച്ചിരെ തേങ്ങ വറുത്തു താ, ഉള്ളിത്തീയലൊണ്ടാക്കാനാ, പലേ ദിക്കിൽ കെടക്കുന്നവരല്ലേ, നാട്ടിലെ രുചിയോട് കൊതി കാണത്തില്യോ... മീൻ മപ്പാസും പിന്നെ വറുത്തതും. പൈനാപ്പിളിട്ട് പുളിശ്ശേരി ഇന്നലെത്തന്നെ റെഡിയാ. കോഴിക്കറീം ഒണ്ടാക്കണം. പിന്നെ തോരൻ, മെഴുക്കു പൊരട്ടി, ബീഫൊലർത്തീത്... മധുരത്തിന് വട്ടേപ്പവും ഫ്രൂട്ട് സലാഡും...’’

അമ്മ നെടുങ്കൻ പട്ടിക നിരത്തി. പറഞ്ഞതിൽ പലതും ഉണ്ടാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവ തയ്യാറായിക്കൊണ്ടിരിക്കുന്നു. സാരി മാറ്റി പഴയൊരുടുപ്പെടുത്തിട്ട് ഞാനും യുദ്ധത്തിനിറങ്ങി. ഇടക്ക് അപ്പൻ അടുക്കളയിൽ വന്നെത്തി നോക്കി എന്തെല്ലാമോ നിർദേശങ്ങൾ കൊടുത്ത് അമ്മയെ ശുണ്ഠി പിടിപ്പിക്കുന്നുണ്ട്. ‘‘ഇങ്ങേർക്കെന്നാത്തിന്റെ കേടാ? ആ പെണ്ണിനെക്കൊണ്ടു ഞാൻ പണിയെടുപ്പിക്കുന്നുണ്ടോന്നു നോക്കാനാ എടക്കിടെ എത്തിനോക്കുന്നേ... എന്നാ ഒരു പൊന്നാരമാന്നറിയാവോ! കൊച്ചുറാണിക്ക് പണിയധികമാവും, കൊച്ചുറാണിയെക്കൊണ്ട് മുറ്റമടിപ്പിക്കണ്ട... അങ്ങനെ... ഇങ്ങനേന്ന്... എന്നാ ഞാൻ നടുമുറിയെ പണിയെടുക്കുന്നതൊട്ടു കാണത്തുമില്ല...’’

അമ്മയുടെ ആവലാതി കേട്ടില്ലെന്നു നടിച്ചാൽ ഈ വീട്ടിൽ എനിക്കു പട്ടീടെ വിലയാണെന്നും അപ്പനും മക്കളും ഒറ്റക്കെട്ടാണെന്നുമൊക്കെ പരാതിപ്രളയമാവും പിന്നെ അമ്മ കണ്ണീരൊഴുക്കാനും തുടങ്ങും. അതുകൊണ്ടു, ഇപ്പം മിണ്ടാതിരി അമ്മേ, കൊച്ചുറാണിയെങ്ങാൻ കേട്ടാലോ എന്നുപദേശിച്ചു. അവള് ജോലി നിർത്തി പോയാലുള്ള കഷ്ടപ്പാടോർത്താവും അമ്മ പിന്നെയൊന്നും പറഞ്ഞില്ല.

പന്ത്രണ്ടു മണിയാകുമ്പഴേക്ക് അടുക്കളയിലെ കോലാഹലം ഏതാണ്ടവസാനിപ്പിച്ച് അമ്മ മേൽകഴുകി കട്ട് വർക്കുള്ള പിസ്ത കളർ സാരി ചുറ്റി മുടി പുട്ടപ്പ് ചെയ്തു കുട്ടിക്യൂറയും പൊത്തി ജേക്കബ് സാറിന്റെ ഭാര്യയായി സെറ്റിയിലിരുന്നു പത്രം മറിച്ചുനോക്കാൻ തുടങ്ങിയ നിമിഷംതന്നെയാണ് ഒരു വലിയ കാർ ഗേറ്റു കടന്നത്. അപ്പൻ ആവേശത്തോടെ തിണ്ണയിലേക്കിറങ്ങിച്ചെന്നു വണ്ടി പാർക്കു ചെയ്യാനും മറ്റും നിർദേശം കൊടുക്കുന്നതു ഞാൻ ജനാലയിലൂടെ നോക്കി. ഒരാളെയുള്ളൂ, കറുത്തു സമൃദ്ധമായ തലമുടി, നല്ല ഉടുപ്പുകൾ, തിളങ്ങുന്ന ഷൂസ്... കാശുകാരനാണ്! അപ്പന്റെ പൊങ്ങച്ചം ഒന്നൂടെ കൂടും... ‘‘എത്ര വല്യ നെലേലുള്ളവരാ എന്റെ സ്റ്റുഡന്റ്സ്... അവരെന്നെ മറന്നിട്ടില്ല, എങ്ങനെ മറക്കും, രക്ഷപ്പെടാനുള്ള വഴി തെളിച്ചുകൊടുത്തതു ഞാനാണല്ലോ! മറന്നാൽ അതു ഗുരുനിന്ദയാണ്! മറക്കില്ല, മറക്കരുത്.’’

പൂർവവിദ്യാർഥികളെന്നും ഗുരുവന്ദനമെന്നുമൊക്കെ പറഞ്ഞത് വെറുതെയായിരുന്നോ, ബാക്കിയുള്ളവരെവിടെ... അടുക്കളയിൽ അമ്മയൊരുക്കിയ വിഭവങ്ങൾ ഈയൊരാളെ ഊട്ടാനായിരുന്നോ... ഒരുപാടു സംശയങ്ങളോടെ അമ്മ ഉണ്ടാക്കിവെച്ച പാഷൻ ഫ്രൂട്ട് ജ്യൂസ് ഞാൻ അതിഥിക്കു വിളമ്പി.

അയാൾ മധുരമായി ചിരിച്ചുകൊണ്ടു ഗ്ലാസ് കയ്യിലെടുത്തു സെറ്റിയിലേക്കിരുന്നു. ഇത് സാറിന്റെ മോളാണോ മരുമോളാണോ എന്നന്വേഷിച്ചു, മകളാണെന്നു പറഞ്ഞപ്പോൾ സാറിന്റേത് ലേറ്റ് മാര്യേജായിരുന്നു അല്ലേ എന്നു അനാവശ്യമായ അന്വേഷണം നടത്തി...

‘‘അത്ര ലേറ്റൊന്നും അല്ല, പക്ഷേ മക്കളുണ്ടാവാൻ കൊറച്ചധികം വൈകി. പ്രവിത്താനം ആശുപത്രിയിലെ ഡോക്ടർ ഗോപിനാഥ കർത്തയായിരുന്നു ഞങ്ങളെ സഹായിച്ചത്. ഗോപിനാഥനെ ഞാൻ പഠിപ്പിച്ചതാണ്, ആ ഗുരുത്വം അവനെപ്പഴും ഒണ്ട്, ഇപ്പം ടെക്സാസിലാ... ടെക്സാസ് ഫെർട്ടിലിറ്റി സെന്ററില് സീനിയർ മെഡിക്കൽ ഓഫീസർ! ഇടയ്ക്കു വിളിക്കും.. വരുമ്പഴൊക്കെ കുപ്പീം ചോക്ലേറ്റുമായി കാണാൻവരും... നമ്മുടെ മീനച്ചിൽ കർത്താക്കന്മാരുടെ താവഴീപ്പെട്ടതാ...’’

അപ്പൻ ഡോക്ടറുടെ അപദാനങ്ങൾ തുടരുമായിരുന്നു, പക്ഷേ അമ്മ ഇടയ്ക്കു കയറി,

‘‘കൊച്ചിന്റെ പേരെന്താ? കൊറെപ്പേരു വരുമെന്നാണല്ലോ പറഞ്ഞത് ...ബാക്കിള്ളോരൊക്കെ പൊറകേ വരുന്നൊണ്ടോ?’’ എന്നന്വേഷിച്ചതോടെ ആ ചരടു മുറിയുകയും അപ്പൻ അസ്വസ്ഥതയോടെ അമ്മയെ നോക്കുകയും ചെയ്തു.

‘‘എന്നെ കൊച്ചേന്നൊന്നും വിളിക്കല്ലേ, ചെലപ്പോ അമ്മച്ചിയെക്കാൾ പ്രായം കാണും, മുടി നരയ്ക്കാത്തതൊന്നും കണക്കിലെടുക്കണ്ട, നല്ല ഡൈയുടെ കുരുത്തം’’ എന്നയാൾ പൊട്ടിച്ചിരിച്ചു.

‘‘രവിയെന്നാ പേര്, കുറെ വർഷങ്ങളായി ജർമനീലാണ്... സാറിനെ കാണണംന്നു എപ്പഴും തോന്നാറുണ്ട്. ഇത്തവണ പോയാൽ മിക്കവാറും ഇനി തിരിച്ചുവരവുണ്ടാവില്ല, അതുകൊണ്ടു കണ്ടിട്ടേ പോകൂ എന്നു നിശ്ചയിച്ചു. പക്ഷേ, അന്നു വിളിച്ചപ്പോൾ വേറാരും വരുന്നതിനെപ്പറ്റി ഞാൻ പറഞ്ഞിരുന്നില്ലല്ലോ..? സാറു കേട്ടതിന്റെ പ്രശ്നമായിരിക്കുമോ?’’

അയാൾ സംശയത്തോടെ അപ്പനെയും അമ്മയെയും മാറി മാറി നോക്കി.

‘‘ശരിയാ! അറുപത്തിനാലിലെ പത്താം ക്ലാസ് സ്റ്റുഡന്റാന്നും കാണാൻ വരുന്നുണ്ടെന്നുമാ പറഞ്ഞത്. ഞാൻ തെറ്റിദ്ധരിച്ചതായിരിക്കും... സ്കൂളിൽ ജോലിക്കു കേറിയേച്ച് ആദ്യത്തെ ബാച്ചാരുന്നല്ലോ നിങ്ങള്... പഠിപ്പിച്ചു വിട്ടോര് കണ്ണുതെളിഞ്ഞു വരുന്നതു കാണുമ്പോ ഒരു ഗുരുനാഥനെന്ന നെലേല് വേറെന്താ വേണ്ടത്! ബാക്കിയൊള്ളോരും ഒണ്ടാകുമെന്നു പ്രതീക്ഷിച്ചു. ഇപ്പം അങ്ങനത്തെ കൂടിച്ചേരലൊക്കെ സാധാരണവു മാണല്ലോ.’’

അപ്പൻ വിഷണ്ണതയോടെ പറഞ്ഞു. അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കിയില്ല, പത്തിരുപതു പേർക്കുണ്ടാക്കിയ ഭക്ഷണവും അതിനു പിന്നിലെ പ്ലാനിങ്ങും അധ്വാനവുമൊക്കെ അമ്മയെ അരിശം കൊള്ളിക്കുന്നുണ്ടെന്നുറപ്പാണ്.

‘‘അവരൊക്കെ എവിടെന്നൊന്നും വല്യ പിടിയില്ല. അന്നത്തെക്കാലമല്ലേ, കത്തെഴുതിയാലും നേരിൽക്കണ്ടാലുമൊക്കെയേ റിലേഷൻസ് നിലനിൽക്കൂ... അതിനൊന്നും അവസരമില്ലാത്തകൊണ്ടു പലവഴിക്കു ചിതറിപ്പോയി. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ഞങ്ങളുടെ ബാച്ചിലെ ചെലര് ശ്രമിക്കുന്നുണ്ടായിരുന്നു, ഗ്രൂപ്പൊക്കെയുണ്ട്. ചിലരെ കിട്ടി, ചിലർ മരിച്ചുപോയി... അങ്ങനങ്ങനെ... പക്ഷേ, സാറിനെകാണാൻ വരുന്നത് ഞാനാരോടും പറഞ്ഞില്ല, ആരേം വിളിച്ചതുമില്ല.’’

അയാൾ കയ്യിലുള്ള വിദേശ കവർ അപ്പനു വിനയപൂർവം നീട്ടി.അപ്പനതു വിടർത്തി ഉള്ളിലേക്കു നോക്കുമ്പോൾ അയാൾ പറഞ്ഞു, ‘‘സാറ് മദ്യപിക്കുമോന്നറിയില്ല, പക്ഷേ വിദേശത്തുനിന്നു വരുന്നവര് മദ്യം കൊണ്ടുവരുന്നതാണല്ലോ അതിന്റൊരു രീതി... രണ്ടു കുപ്പി ഷ്ലാഡററുണ്ട്, ജർമനീലെ പ്രസിദ്ധമായ ഫ്രൂട്ട് ബ്രാണ്ടി, ബ്ലൂബെറിയും ചെറീം ഫ്ലേവർ... കൊറച്ചു ചോക് ലേറ്റ്സ്, പെർഫ്യൂം.... ഇതൊക്കെ സാറിനുപകരിക്കുമോന്നറിയില്ല... ആ... പിന്നെ ഒരു ബൈബിളും, ഞാൻ വത്തിക്കാനിൽ പോയപ്പോ അവിടന്നു വാങ്ങിച്ചതാ.’’

അൽപം കുറ്റബോധത്തോടെയായിരുന്നു അയാൾ പറഞ്ഞു തുടങ്ങിയതെങ്കിലും ബൈബിളിലെത്തിയപ്പോൾ ശബ്ദത്തിൽ ആത്മവിശ്വാസമായി. ഗുരുവിനെ സന്തോഷിപ്പിക്കാൻ ബൈബിളും വിദേശമദ്യവും മതി. തീർച്ചയായും ആ കവറിൽ വത്തിക്കാനിൽനിന്നു വാങ്ങിയ കൊന്തകളും കാണും, ഗുരുപത്നിയെ പ്രീതിപ്പെടുത്താനുള്ളതുമായി!

അപ്പൻ കവറിനുള്ളിൽ നിന്നു കുപ്പിയുടെ കഴുത്തുപിടിച്ചു പുറത്തെടുത്തു അടപ്പിൽ മുഖമടുപ്പിച്ചു വാസനിച്ചു,

കണ്ണിൽ കൊതി തിളങ്ങി.

‘‘നീയെന്നാത്തിനാടാ ഇതൊക്കെ കൊണ്ടുവന്നത്! പഠിപ്പിച്ച സാറിനെ ഓർത്തല്ലോ! കാണാൻ വരാനും സമയം കണ്ടെത്തി! വെറും

കയ്യോടെ വന്നാലും എനിക്കു സന്തോഷം. എടക്കിടെ ഇങ്ങനെ വല്ലോരും വരും, എല്ലാരും വല്യ വല്യ നെലേലാ.., എന്റെ കഴിവു കൊണ്ടുമാത്രമല്ല, അവരടെ കഠിനാധ്വാനംകൊണ്ടും. അല്ലേലും ഞാനെന്നാ ചെയ്തു, പുസ്തകത്തിലൊള്ളത് പഠിപ്പിച്ചു, നേർവഴി പറഞ്ഞുതന്നു, ബാക്കി നിങ്ങടെ മിടുക്ക്! മുപ്പത്തേഴു വർഷം പഠിപ്പിച്ചു... പഠിപ്പിച്ചോരടെയൊക്കെ മനസ്സിലൊരിടമുണ്ടെന്നതാ എന്റെ അഭിമാനം, ഇപ്പം നീ തന്നെ നോക്ക് പത്തമ്പത്തഞ്ചുവർഷം കഴിഞ്ഞ് എന്നെക്കാണാൻ വന്നത്! വല്യ മാളികകളും പറമ്പുമൊന്നുമുണ്ടാക്കിയിട്ടില്ലേലെന്നാ അതിലും വല്യ സ്വത്തല്ലേ എനിക്കൊള്ളത്...’’

അപ്പൻ തെളിഞ്ഞ ചിരിയോടെ കുപ്പി തിരിച്ചുവെച്ച് കവർ എനിക്കു നീട്ടി. മകൾക്ക് ടൗണിലു സ്വന്തമായി ഡിസൈനിങ് സ്ഥാപനമാണെന്നും പത്തിരുപതു സ്റ്റാഫും മൂന്നാലു ബ്രാഞ്ചും ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ ഒരുപക്ഷേ ഭാവിയിൽ അതൊക്കെ സംഭവിച്ചേക്കുമെന്നു മനസ്സിൽ ചിരിച്ചുകൊണ്ടു അകത്തേക്കുപോയി.

ഉന്നതപദവികളിലുള്ള ശിഷ്യന്മാരുടെ കേമത്തവും അവരുടെ ഗുരുഭക്തിയുമൊക്കെ ഇടതടവില്ലാതെ അപ്പൻ പറഞ്ഞുകൊണ്ടിരിക്കുന്നത് അടുക്കളയിലും കേൾക്കാം.

‘‘ഞാനങ്ങനെ സ്ഥിരമായിട്ടു കുടിക്കത്തൊന്നുമില്ല, പിന്നെ ശിഷ്യന്മാര് സ്നേഹത്തോടെ സമ്മാനിക്കുമ്പോ... രണ്ടു പെഗ്ഗ് പരമാവധി... ഇന്നാള് ഫ്രാൻസീന്നൊരുത്തൻ ഗ്രേ ഗൂസ് കൊണ്ടെത്തന്നു, വോഡ്ക എനിക്കിഷ്ടമൊന്നുമല്ല, പക്ഷേ അതൊരു അസാധ്യ സംഭവമായിരുന്നു... പിന്നൊരാള് ജോണിവാക്കർ ബ്ലൂലേബല്... രണ്ടു വർഷം വെച്ചോണ്ടിരുന്ന് ഈസ്റ്ററിനാ ഞാനതു തീർത്തേ... നിനക്കു തിരിച്ചു ഡ്രൈവ് ചെയ്യണ്ടതോണ്ടാ അല്ലേൽ നീ കൊണ്ടന്ന എന്നതാ അതിന്റെ പേര്... ആ ഫ്രൂട്ട് ബ്രാണ്ടി പൊട്ടിക്കാമായിരുന്നു.’’

‘‘അതൊന്നും വേണ്ട സാറേ, സാറതു മെല്ലെ മെല്ലെ കുടിച്ചുതീർത്തേച്ചാ മതി. അന്നേരമൊക്കെ എന്നെ ഓർക്കുമല്ലോ! സത്യം പറഞ്ഞാ എനിക്കിച്ചിരെ പനങ്കള്ളാ കുടിക്കാൻ കൊതി. അതൊട്ടു വിശ്വസിച്ചു കുടിക്കാൻ കിട്ടുന്നുമില്ല...’’

‘‘നിനക്കൊരു വാക്ക് പറയാമായിരുന്നു... പനങ്കള്ളോ തെങ്ങിൻകള്ളോ എന്തു വേണേലും ചെത്തിയെറക്കിയ പാട് ഞാൻ റെഡിയാക്കിത്തരാമായിരുന്നു... അടുത്ത തവണയാകട്ടെ, നേരത്തേ പറഞ്ഞാ മതി...’’

അടുക്കളയിൽ അമ്മ അങ്കലാപ്പിലായിരുന്നു. ഒരുപാടാൾക്കുണ്ടാക്കിയതൊക്കെ ഒരാൾക്കു മാത്രമായി വിളമ്പുന്നതാണ് പ്രയാസമെന്ന് എനിക്കും തോന്നി. അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ ഊട്ടാം... അയ്യായിരം കൊണ്ടു അഞ്ചു പേരെ ഊട്ടിത്തീർക്കാനൊരിക്കലും പറ്റത്തുമില്ല. സാരമില്ല, എനിക്കു രണ്ടു ദിവസത്തേക്കു കുക്ക് ചെയ്യേണ്ടിവരില്ല, കുറെ കൊച്ചുറാണി കൊണ്ടുപോകും. പാവം അമ്മയ്ക്കു മാത്രം രക്ഷയില്ല, അന്നന്നേരം വെച്ചതല്ലാതെ അപ്പനൊന്നും കഴിക്കില്ല. ഇത്രയൊക്കെ വിഭവങ്ങളുണ്ടെങ്കിലും രാത്രി ഇതുതന്നെ കഴിച്ചേക്കാമെന്നു അപ്പൻ ഇത്തിരിപോലും അഡ്ജസ്റ്റ് ചെയ്യുകയുമില്ല. തേങ്ങാപ്പാലൊഴിച്ച കഞ്ഞി, ചപ്പാത്തിയും വെജിറ്റബിൾ കറിയും ഗോതമ്പു പുട്ടും ചെറുപയറും തുടങ്ങി ഓരോ ദിവസവും കൃത്യമായ മെനു ഉണ്ട്. എട്ടുമണിക്ക് അതു ഊണുമേശയിലെത്തിയിരിക്കണം. ഇല്ലെങ്കിൽ അപ്പനിലെ പഴയ ഹെഡ്മാഷ് വാക്കുകളുടെ ചൂരൽവടിയെടുക്കും.

ഉണ്ണാനിരിക്കുമ്പോൾ അയാൾ നിർബന്ധപൂർവം എന്നെയും അമ്മയെയും ഒപ്പമിരുത്തി, ‘‘ആകെ നമ്മള് നാലാള്, വിളമ്പിത്തരുന്നതെന്തിനാ, വേണ്ടത് എടുത്താ മതിയല്ലോ, നിങ്ങളും ഇരിക്ക്, അല്ലേലും വിളമ്പാനൊരാള് അടുത്തു നിക്കുന്നത് എനിക്ക് ശ്വാസം മുട്ടലാ’’ എന്നൊക്കെപ്പറഞ്ഞപ്പോൾ അപ്പന്റെ മുഖത്തെ അനിഷ്ടം ശ്രദ്ധിക്കാതെ ഞങ്ങളും ഉണ്ണാനിരുന്നു. ഓരോന്നെടുക്കുമ്പോഴും അയാൾ രുചിയുടെ സീൽക്കാരങ്ങളുയർത്തുകയും അമ്മയെ പ്രശംസിക്കുകയും ചെയ്തു. എത്ര കാലായി ഇങ്ങനൊരു ഫുഡ് കഴിച്ചിട്ട്... എന്ന ഉദാരമായ പ്രശംസകൾ അമ്മയെ ദുഃഖിതയാക്കുകയാണെന്ന് എനിക്കറിയാം. കുറഞ്ഞത് ഇരുപതുപേരിൽ നിന്നെങ്കിലും കേൾക്കേണ്ടതാണ് അമ്മ ഒരാളിൽനിന്നു മാത്രം കേൾക്കുന്നത്! അമ്മയ്ക്കാ പ്രശംസാവചനങ്ങൾ എത്ര വിലപിടിച്ചതായിരിക്കുമെന്നും ഞാനോർത്തു. ഒന്നിച്ചുള്ള ജീവിതത്തിലൊരിക്കലും അമ്മയുണ്ടാക്കിയ ഭക്ഷണത്തെക്കുറിച്ച് നല്ലത് എന്നൊരു വാക്ക് അപ്പൻ പറഞ്ഞിട്ടില്ലത്രേ! കുറ്റവും കുറവും ഉറക്കെ വിളിച്ചുപറയാൻ മറക്കുകയുമില്ല. ചിലപ്പോൾ പാത്രം തള്ളി നീക്കിയും കഴിക്കാതെ എണീറ്റു പോയും നാടകമുണ്ടാക്കുകയും ചെയ്യും. പ്രായം കൂടുംതോറും അപ്പനിലെ കടുപ്പങ്ങൾ അലിയുകയോ മിനുസ്സപ്പെടുകയോ അല്ല, കൂടുതൽ ഉറയുകയും പരുക്കനാവുകയുമാണ്. തീൻമേശാ കലഹങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു.

‘‘സത്യം പറയാവല്ലോ രവീ, എന്റെ അമ്മ ഒരു കാന്താരി പൊട്ടിച്ചാൽ അതുമതിയാരുന്നു മുന്നാഴി ചോറുണ്ണാൻ... ഇക്കണ്ട കറികളും സാധനങ്ങളുമൊക്കെ നീക്കി വെച്ചേച്ച് നമ്മളതുമാത്രം കൂട്ടും.അതാ കൈപ്പുണ്യം! അത് എന്റെ ഭാര്യക്കോ മകക്കോ കിട്ടിയിട്ടില്ല... മരുമോള് വല്ലോം വെച്ചൊണ്ടാക്കാറൊണ്ടോന്ന് കർത്താവിനറിയാം. ഫ്ലാറ്റിലെ ജീവിതമല്ലേ... ഫോണില് കുത്തിയാൽ ഒക്കെ വാതിക്കലെത്തുമല്ലോ!’’

അമ്മാമ്മയുടെ കാന്താരി പൊട്ടിക്കൽ മാഹാത്മ്യം അമ്മയെ ഇകഴ്ത്താൻ മറ്റൊന്നും കിട്ടിയില്ലെങ്കിൽ അപ്പനെടുക്കുന്ന വജ്രായുധമാണ്. ഒറ്റയ്ക്കാക്രമിക്കണ്ട എന്നു കരുതിയാണ് എന്നെയും നിശയെയും കൂടി ഉൾപ്പെടുത്തുന്നത്‌. അമ്മയുടെ മുഖത്ത് അരിശം പുകയുന്നുണ്ടാവും, ഞാൻ ചിരിയോടെ ഓരോന്നെടുക്കാൻ അയാളെ പ്രേരിപ്പിച്ച് സംഘർഷം അയക്കാൻ ശ്രമിച്ചു.

‘‘രവിയുടെ ഫാമിലിയൊക്കെ? അവരേം കൂടി കൂട്ടാമായിരുന്നു.’’

അമ്മ ചോദിച്ചപ്പോൾ അയാൾ മുഖമുയർത്താതെ പറഞ്ഞു.

‘‘ഞാൻ ഒന്നു സെറ്റിലാവാൻ ഒത്തിരി കാലമെടുത്തു, അലഞ്ഞും തിരിഞ്ഞും ലേറ്റ് ഫോർട്ടീസിലാ ജർമനിയിലെത്തിയേ... അവിടേം കാലുറപ്പിക്കാൻ കുറെ വർഷങ്ങൾ!പിന്നെന്തു ഫാമിലി... ഒറ്റയ്ക്കങ്ങു ജീവിച്ചു ശീലമായി... അതൊരു സുഖമാണെന്നൊന്നും ഞാൻ പറയില്ല... നമ്മളില്ലേല് കെട്ടുപോകുന്ന, നമ്മളു കേറിച്ചെല്ലുമ്പോ മാത്രം തെളിയുന്ന ഒരു വീട് സത്യത്തില് മടുപ്പാ! ആരേലുമതിനകത്തൊണ്ടേല് നമ്മളെ കാത്തിരിക്കും, നമുക്കു വേണ്ടി വിളക്കുകൾ തെളിയിച്ചിട്ടേക്കും... പ്രായം കൂടുംതോറും ആ നഷ്ടങ്ങളെക്കുറിച്ചു കൂടുതൽ കോൺഷ്യസാവുകയാണ്.’’

‘‘ഒറ്റയ്ക്ക് ജീവിക്കുന്നതൊരു സുഖവാ രവീ... ശരിക്കൊന്നാലോചിച്ചാൽ കുടുംബംന്നു പറേന്നതിൽ സന്തോഷത്തിന്റെ അളവു കൊറവും ദുരിതത്തിന്റെ ശതമാനം കൂടുതലുമാ! നമ്മളത് തിരിച്ചറിയത്തില്ലെന്നേയൊള്ള്! എനർജീം പോസിറ്റിവിറ്റീം ഒക്കെ ഊറ്റിയെടുത്ത് നമ്മളെ വെറും ചണ്ടിയാക്കിക്കളയും ഈ കുടുംബം. ചെറുപ്പത്തില് ഞാൻ പെണ്ണുകെട്ടത്തില്ലെന്നു വാശി പിടിച്ചതാ, എഴുത്തും വായനേം കൊറച്ചു രാഷ്ട്രീയപ്രവർത്തനോമൊക്കെയായി വേറൊരു ജീവിതമാ ഞാൻ കൊതിച്ചത്. ബിബ്ലിയോളജിയുമായി ബന്ധപ്പെട്ട് കുറെ പഠിക്കുകേം എഴുതുകേമൊക്കെ ചെയ്തിരുന്നു.

അമ്മേടെ ഒറ്റ നിർബന്ധത്തിന് ഒടുക്കം കെട്ടണ്ടിവന്നു. ആ കുരിശ് ഇപ്പഴും ചുമക്കുന്നു! കുരിശെന്നു ഞാൻ പറയുന്നത് ഇവളെയല്ല കേട്ടോ! ദാമ്പത്യത്തെപ്പറ്റിയാ... അതൊരിക്കലേറ്റിയാൽ പിന്നെ രണ്ടിലൊരാള് കുഴിമാടത്തിലെത്തിയാലേ താഴെയെറക്കാൻ പറ്റൂ.’’ അപ്പൻ ദീർഘനിശ്വാസമയച്ചു.ഇടയ്ക്കിടെ പറയുന്നതായതുകൊണ്ടു ഞാൻ ഉള്ളിത്തീയലിൽ ശ്രദ്ധിച്ചു, വറുത്തരച്ചതിന്റെ മൂപ്പും പുളിയുമൊക്കെ പാകം! പതിവിലും നന്നായിട്ടുണ്ട്.

‘‘സാറ് പറേന്നത് ശരിയാ രവീ, കുടുംബം ന്നു പറേന്നത് ആണുങ്ങക്കു മാത്രമല്ല, പെണ്ണുങ്ങക്കും കുരിശാ! പെണ്ണുങ്ങടെ കുരിശിനു ഭാരം കൂടുതലുമാരിക്കും. ഞാൻ മoത്തിപ്പോണംന്നു വാശിപിടിച്ചിരുന്നതാ... സ്ത്രീധനമൊന്നും വേണ്ടാന്നും പറഞ്ഞ് കൊള്ളാവുന്ന കുടുമ്മത്തീന്ന് ഒരു വാധ്യാരടെ ആലോചന വന്നപ്പോ അപ്പനുമമ്മേം കൂടി തലേലെടുത്തു വെച്ചു തന്നതാ ഈ മുൾക്കിരീടം! മുൾക്കിരീടമെന്നു ഞാമ്പറയുന്നത് സാറിനെപ്പറ്റിയല്ല കേട്ടോ! കുടുംബജീവിതത്തെപ്പറ്റിയാ!’’

അമ്മ പതിവില്ലാത്ത വിധം സംസാരിക്കുന്നത് എന്നെ അമ്പരപ്പിച്ചു. ആദ്യമായിക്കാണുന്ന ഒരാളുടെ മുന്നിൽ ഇങ്ങനെയൊക്കെ! ഇതിന് അമ്മ വലിയ വിലകൊടുക്കേണ്ടിവരുമെന്നു ഞാൻ ഭയന്നു. അപ്പനെ പാളിനോക്കുമ്പോൾ മുഖം വിളറിയിരിക്കുന്നു. ഞങ്ങളുടെ ഊണുമേശയിൽ അതിഥികളുണ്ടെങ്കിലും ഇല്ലെങ്കിലും അപ്പൻ മാത്രമായിരുന്നു സംസാരിക്കുക. അതെടുക്ക്, മറ്റത് കഴിക്ക് എന്നൊക്കെ പറയുന്നതിനപ്പുറം ഞങ്ങൾക്കാർക്കും കാര്യമായൊന്നും പറയാനവകാശമില്ലായിരുന്നു. ആദ്യമായി അമ്മയാ കീഴ്വഴക്കം ലംഘിച്ചിരിക്കുന്നു.

‘‘പിന്നെ രവീ... ഭാര്യമാര് ആരാധനയോടെ, ഭക്തിയോടെ വേണ്ടതെല്ലാം ചെയ്തുതരുന്നതു കണ്ട് ആണുങ്ങള് വിചാരിക്കും അതു സൊന്തം മഹിമയാണെന്ന്! കിന്നരോം കാഹളോം മുഴക്കി സ്തുതി പാടി കാൽക്കൽ വീഴാൻമാത്രം കേമന്മാരാണെന്ന്! ഒക്കെ ചുമ്മാതാ! വെറും അഡ്ജസ്റ്റ്മെന്റാ!

ഒരു പത്തുകൊല്ലമൊക്കെ ആകുമ്പത്തേനും എത്ര കൊമ്പത്തെ മിടുക്കനായാലും ഭാര്യമാർക്ക് മടുക്കും. ഒച്ചയൊണ്ടാക്കിക്കൊണ്ടു ചോറു കുഴച്ചുതിന്നുന്നതു മുതല് ഒറക്കത്തില് കൂർക്കം വലിക്കുന്നതു വരെ സഹിക്കാൻ പറ്റാണ്ടാവും... പക്ഷേ, കളഞ്ഞേച്ചു പുറത്തുചാടാൻ വല്ല വഴീമൊണ്ടോ! അതാ പെണ്ണുങ്ങടെ അവസ്ഥ! രവി കെട്ടാത്തത് നന്നായേ ഒള്ള്, ഏതോ പെണ്ണ് രക്ഷപ്പെട്ടു.’’

ഞാൻ അമ്മയെ ശാസനയോടെ നോക്കി. എനിക്ക് മുഖം തരാതെ, അമ്മ ബീഫുലർത്തിയത് കഴിക്കെന്ന് ചിരിയോടെ അയാൾക്കു നീക്കി വെക്കുന്നു. അയാളാണെങ്കിൽ അന്തരീക്ഷം ലഘൂകരിക്കാനാവും

‘‘അമ്മച്ചീടൊരു ഹ്യൂമർസെൻസ്! ഉരുളയ്ക്കുപ്പേരിതന്നെ! പക്ഷേ ഇത്രേം വിഭവങ്ങൾക്കെടേല് ഇങ്ങനെ കൂടിയിരുന്നു അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയൊക്കെ ഭക്ഷണം കഴിക്കുന്നതു കാണുമ്പഴാ എനിക്ക് കുടുംബമില്ലാത്തേന്റെ നഷ്ടബോധം തോന്നുന്നേ! ഇതൊക്കെയാണ് ഫാമിലീടെ വാല്യു! ഇതിനൊക്കെയാണ് ഫാമിലി’’ എന്നു ഉറക്കെച്ചിരിക്കുകയും എന്തെല്ലാമോ പിന്നെയും സംസാരിച്ചും ചിരിച്ചും അപ്പനെ പഴയ മൂഡിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്തു. എന്നിട്ടും ഊണുമേശയിൽ അസുഖകരമായൊരു മൗനം പടർന്നുകിടന്നു.

അതിനെ മായ്ക്കാനുള്ള ശ്രമത്തിനിടയിലായിരിക്കും അയാളുടെ കണ്ണുകളിൽ ഞാൻ കുരുങ്ങി.

‘‘ജയമ്മേടെ ഹസ്ബൻഡ്? ബിസിനസ് തന്നാണോ? മക്കൾ?’’

അപ്പൻ മറുപടി പറഞ്ഞോളുമെന്നറിയുന്നതുകൊണ്ടു ഞാൻ പ്ലേറ്റിലേക്കു തല കുമ്പിട്ടിരുന്നു.അമ്മയിന്നുണ്ടാക്കിയതെല്ലാം അസ്സലായിട്ടുണ്ട്. വേറാരും വരാത്തതു നന്നായി, ബാക്കിയുള്ളതു വീട്ടിലേക്കു കൊണ്ടുപോകാമല്ലോ.

‘‘ഇവൾടെ കാര്യമൊന്നും പറയാത്തതാണ് നല്ലത്. ഒരു കൊറവും പറയാനില്ലാത്ത കുടുമ്മം, എല്ലാം തെകഞ്ഞ ചെറുക്കൻ! അനുഭവിക്കാൻ യോഗം വേണമല്ലോ! രണ്ടു വർഷമേ ഒന്നിച്ചു ജീവിച്ചൊള്ള്. ആ സങ്കടത്തില് അവനങ്ങു പെ​െട്ടന്നുപോയി. മകളുടെ ജനനം നഷ്ടകരമാണെന്ന് ബൈബിളിലു പറേന്നത് വെറുതെയല്ല.. അവിവേകിനിയായ മകള് അപ്പനും ഭർത്താവിനും ദുഃഖവും അപമാനവുമൊണ്ടാക്കുമെന്നു അതിലു പറേന്നതും സത്യം! ഞാനതനുഭവിച്ചു, പാവം ആ ചെറുക്കനും! ഇപ്പം ഇവള് ബിസിനസുമൊക്കെയായി ഒറ്റയ്ക്ക്!’’

അപ്പന്റെ ശബ്ദത്തിലെ കുറ്റപ്പെടുത്തലിന്റെ ആണികൾ തലങ്ങും വിലങ്ങും തറയുമ്പോൾ പണ്ടൊക്കെ നൊന്തുപിടയുമായിരുന്നു, ചോര വാർന്നൊലിക്കുമായിരുന്നു.ഇപ്പോൾ ഒന്നും തോന്നാറില്ല. അതുകൊണ്ടു ഭക്ഷണത്തിൽമാത്രം ശ്രദ്ധിച്ചു.

‘‘രവിയുടെ വീടെവിടാ? മണിമല സ്കൂളിലല്ലേ സാറു പഠിപ്പിച്ചത്..? അതിനടുത്താരുന്നു എന്റെ അമ്മ വീടും. നിങ്ങടെ വീട്ടുപേരെന്നതാ?’’

അമ്മ വിഷയം മാറ്റാനായി ചോദിച്ചു.

‘‘സാറിനും എന്നെ ശരിക്കങ്ങു മനസ്സിലായിക്കാണില്ലെന്നു തോന്നുന്നു... ഞാൻ മണിമലക്കാരനല്ല, അവിടന്നും നാലഞ്ചു മൈല് പോണം.’’

അയാൾ സ്ഥലപ്പേരു പറഞ്ഞപ്പോൾ ‘‘ശരിയാ രവി, എനിക്കും നീയാരാന്നു ശരിക്കങ്ങു പിടി കിട്ടിയിട്ടില്ല, പത്തമ്പത്തഞ്ചു വർഷം മുന്നത്തെ പൊടിമീശക്കാരെയൊക്കെ ഇപ്പം കണ്ടാലൊണ്ടോ തിരിച്ചറിയുന്നു! ഒരു ക്ലാസിത്തന്നെ നാപ്പതിലധികം കുട്ടികൾ, അത്തരം എത്ര ഡിവിഷനാ... നീയാ മേനോൻ ഡോക്ടറുടെ കുടുംബത്തിലെയാണോ? അവിടത്തെ ഒത്തിരിപ്പിള്ളേരെ ഞാൻ പഠിപ്പിച്ചിട്ടൊണ്ട്.എല്ലാരും വല്യ വല്യ നെലേലാ... ഒരുത്തനിന്നാള് ഇറ്റലീന്ന് വിളിച്ചാരുന്നു, ഒരു മണിക്കൂറാ സംസാരിച്ചത്. നാട്ടില് വരുമ്പം കാണാനും വരും. ഗുരുത്തമൊള്ള പിള്ളേര്! നിന്നെക്കണ്ടപ്പഴേ എനിക്കു തോന്നിയാരുന്നു, അവിടത്തെയായിരിക്കുമെന്ന്, ഈ വിനയം, ഐശ്വര്യം... അതൊക്കെയങ്ങനെ എല്ലാർക്കും കിട്ടത്തില്ല. പാരമ്പര്യ ഗുണവാ.’’

അയാൾ മപ്പാസിലെ മുഴുത്തൊരു കരിമീൻ പ്ലേറ്റിലേക്കു വിളമ്പി രുചിച്ച് ഒന്നാന്തരമെന്നു അമ്മയോടു ചിരിച്ച് പറയാൻ തുടങ്ങി.

‘‘എന്റെ സാറേ, ഞാൻ മേനോന്റെയും കർത്താക്കളുടെയുമൊന്നും താവഴീപ്പെട്ടതല്ല. എന്റച്ഛന്റെ പേരോ വീട്ടുപേരോ പറഞ്ഞാല് സാററിയുകയുമില്ല. സത്യം പറഞ്ഞാ വീടിനൊരു പേരുതന്നെയില്ല. അതിനെ വീടെന്നു പറയാവോന്നുമറിയില്ല. വെളുപ്പാങ്കാലത്തെണീറ്റ്‌ പത്തഞ്ഞൂറ് റബ്ബറും വെട്ടിയേച്ചു വേണം നാലഞ്ചു മൈല് ഓടീം നടന്നും സ്കൂളിലെത്താൻ. റബർപ്പാലിന്റേം മണ്ണിന്റേം ചേറിന്റേമൊക്കെ മണമുള്ള ഉടുതുണി മുക്കിപ്പിഴിഞ്ഞ് വിരിച്ചിട്ട് തോട്ടില് മുങ്ങിക്കേറി അതുതന്നെ ഉടുക്കും. ദേഹത്തു കെടന്നാ ഒണക്കുന്നത്. വീട്ടില് കൊച്ചുങ്ങളും വല്യോരുമായിട്ട് കുറെപ്പേരൊണ്ട്, രാവിലെ ഇത്ര പഴങ്കഞ്ഞി കിട്ടിയാ കിട്ടി, ഇല്ലേലില്ല... എന്നും ആദ്യത്തെ പീര്യഡൊക്കെ കഴിയാറാകുമ്പഴേ ഞാനെത്തൂ. പഠിക്കണമെന്ന കൊതി മാത്രമേ കരുത്തായൊള്ളു, പുസ്തകവുമില്ല, സമയത്ത് ഫീസുമില്ല, ഉച്ചക്ക് ഭക്ഷണോമില്ല...’’

അയാൾ ദീർഘനിശ്വാസത്തോടെ നിർത്തി. ഞാനും അമ്മയും ശ്വാസമടക്കി കേൾക്കുകയായിരുന്നു. അപ്പന്റെ മുഖത്ത് ഒരു പുച്ഛച്ചിരിയാണ്. ഇവനൊന്നും ഇത്ര ബഹുമാനം കൊടുക്കണ്ടായിരുന്നു എന്നാണാ ചിരിയുടെ അർഥമെന്നു എനിക്കറിയാം.

‘‘സാറ് അക്കൊല്ലമാണല്ലോ സ്കൂളില് വന്നതും. മെലിഞ്ഞു നീണ്ടൊരു സുന്ദരൻ. സാറിനേക്കാൾ വലുപ്പമുള്ളോര് ക്ലാസിലൊണ്ട്. ഞാനിങ്ങനെ ലേറ്റായി വെപ്രാളപ്പെട്ടു വരുമ്പോ സാറ് കണക്കു പഠിപ്പിക്കുകയായിരിക്കും, അല്ലേല് ഇംഗ്ലീഷ്... രണ്ടും എനിക്കു പിടിതരാത്ത വിഷയം. വല്ലോം കേട്ടുപഠിക്കാമെന്നുവെച്ചാ സാറെന്നെ ക്ലാസില് കേറാൻ സമ്മതിക്കില്ല, വൈകി വന്നേന് ഗ്രൗണ്ടില് പൊരിവെയിലത്ത് മുട്ടുകുത്തിക്കും... എന്നതാന്നറിയത്തില്ല, സാറിനെന്നോടു ഭയങ്കര അരിശമായിരുന്നു, അറിഞ്ഞോണ്ടു ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഒരനുസരണക്കേടും കാണിച്ചിട്ടില്ല... എന്നിട്ടും... അക്കൊല്ലം സ്കൂൾ ഫൈനലെഴുതാനുള്ളോരടെ ലിസ്റ്റ് കൊടുത്തപ്പം സാറെന്റെ പേരു വെട്ടി..! ക്ലാസിൽക്കേറാഞ്ഞിട്ടും പുസ്തകമില്ലാഞ്ഞിട്ടും സാറിന്റെ മേനോൻ കുട്ടികളെക്കാൾ പല വിഷയത്തിനും എനിക്കു മാർക്കൊണ്ടായിരുന്നു. പക്ഷേ, കണക്കിനും ഇംഗ്ലീഷിനും തോൽപിച്ചേച്ച് നീയൊന്നും പരീക്ഷ എഴുതാറായിട്ടില്ലെന്നു സാറ് പറഞ്ഞു. ഇംഗ്ലീഷില് ബാക്കിയൊള്ളോരടെ വ്യാകരണോം അക്ഷരത്തെറ്റുമൊക്കെ ക്ഷമിക്കുന്ന സാറ് എന്റെ കുഞ്ഞുതെറ്റിനുപോലും മാർക്കു കുറക്കും, അതോണ്ട് ഒരുപകാരമുണ്ടായി കേട്ടോ, എന്റെ ഇംഗ്ലീഷ് അത്രേം നന്നായി ! ഞാൻ മെനക്കെട്ടു പഠിച്ചിട്ടും പിറ്റേ വർഷവും സാറെന്നെ തോൽപിച്ചു. മൂന്നാം വർഷവും എന്നെ പരീക്ഷ എഴുതിക്കില്ലെന്നറിഞ്ഞപ്പോ ഞാൻ സാറിനോടു വഴക്കുണ്ടാക്കി...’’

അപ്പന്റെ മുഖത്ത് അമ്പരപ്പ് പരക്കുന്നതു ഞാൻ കണ്ടു.

‘‘ഞാനതൊന്നും ഓർക്കുന്നില്ല രവീ. എങ്ങനെ ഓർത്തിരിക്കാനാ? എന്റെ സർവീസില് എത്രയോ തവണ ഞാനങ്ങനെ ചെയ്തിട്ടുണ്ട്! പാസാവുമെന്നുറപ്പൊള്ളോരെയേ ഞാൻ പരീക്ഷയ്ക്കിരുത്തൂ... അതാ എന്നും എന്റെ പോളിസി! ഭോഷന്റെ മനസ്സ് ഓട്ടക്കലമാണെന്നും അറിവ് അതിൽ തങ്ങിനിൽക്കത്തില്ലെന്നുമാ കർത്താവ് പറഞ്ഞത്! നിന്റേം നിന്നെപ്പോലുള്ളോരുടേം മനസ്സിന്റെ ഓട്ട അടക്കാനായിരുന്നു ഞാൻ കുറച്ചു കർക്കശമായി പെരുമാറിയിരുന്നത്.

അല്ലേത്തന്നെ അതു നിന്റെ നന്മയ്ക്കല്ലേ, അതുകൊണ്ടല്ലേ നീയീ നെലയിലെത്തിയത്.’’

അപ്പന്റെ ശബ്ദത്തിനു ക്ഷീണമുണ്ടായിരുന്നു.

‘‘എന്റെ നന്മക്ക്! എന്റെ 3 വർഷങ്ങൾ കളഞ്ഞത്... പരീക്ഷയെഴുതിയാ ഞാൻ ജയിക്കുമെന്നെനിക്കുറപ്പായിരുന്നു. പക്ഷേ സാറു സമ്മതിക്കില്ല. ഓരോ വർഷവും ഫീസ്... ഓരോ അണയും എന്റെ വിയർപ്പും ചോരേമായിരുന്നു, വീട്ടുകാരുടെ പ്രതീക്ഷയായിരുന്നു. ഒക്കെ നശിപ്പിച്ചു. പത്തു പാസായാ പട്ടാളത്തിലോ മറ്റോ ചേരാം, കുടുംബത്തെ രക്ഷിക്കാം...

ആ പ്രതീക്ഷേല് പിന്നേം പിന്നേം കടിച്ചുതൂങ്ങിക്കിടന്നു. അന്നൊക്കെ എനിക്കു സാറിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്. പക്ഷേ, കാണിക്കാൻ പറ്റില്ലല്ലോ, എന്തു ചീത്ത പറഞ്ഞാലും കേൾക്കാത്ത മട്ടിൽ വാലാട്ടിക്കൊണ്ടു നിന്നു. സഹികെട്ടപ്പഴാണ് കുരച്ചുചാടിയത്. സാറിനതു സഹിക്കാൻ പറ്റിയില്ല. സ്കൂൾമുറ്റത്ത് എല്ലാരടേം മുന്നിൽ വെച്ചു സാറെന്റെ ചെകിട്ടത്തടിച്ചു. നിന്നെപ്പോലത്തെ പട്ടികളൊന്നും പഠിച്ചുമിടുക്കരാവണ്ടെന്നും വല്ല എച്ചിൽക്കൂനേം ചെകഞ്ഞാൽ മതിയെന്നും അലറി. ഞാൻ സാറിന്റെ കയ്യേൽക്കേറിപ്പിടിച്ചു. സാറിനേക്കാൾ തണ്ടും തടീം എനിക്കായിരുന്നു. പണിയെടുത്തുറച്ച തടി! പഴങ്കഞ്ഞി കുടിച്ചുണ്ടാക്കിയ തണ്ട്! സാറു താളുപോലെ ചുരുണ്ടുപോയി... സാറതൊന്നും മറന്നുകാണത്തില്ലല്ലോ? അനുഭവിച്ച അപമാനങ്ങള് മറക്കണേല് നമ്മള് ചാവണം...’’

ഊണുമേശ പൂർണമായും നിശ്ശബ്ദമായി. അപ്പന്റെ മുഖത്തേക്കു നോക്കാൻ ഞാൻ ഭയന്നു. ഇയാളെന്തിനു വന്നതാണെന്നും ഈ പഴങ്കഥകളെന്തിനു പറയുന്നെന്നും ഞാൻ അമ്പരന്നു. കരിമീൻ മപ്പാസിന്റെ ഗ്രേവിയിൽ വിരലൂന്നി നാവിൽ തൊട്ടുകൊണ്ടു അയാൾ പെ​െട്ടന്നു അമ്മയോടു പറഞ്ഞു.

‘‘മീനും അസ്സല്, കറീം ഒന്നാന്തരം! ഇനി ഇങ്ങനൊരൂണ് എനിക്കുണ്ണാൻ പറ്റുമോന്നാർക്കറിയാം! അടുത്താഴ്ച തിരിച്ചുപോകുന്നു, പിന്നെ നാട്ടിലേക്കു വരവില്ല. പറ്റുമെങ്കിൽ അമ്മച്ചി ഈ തീയല് കുറച്ചു പാക്കു ചെയ്തു തന്നേക്കൂ... അന്ന് സാറ് പൊലീസിനെ വിളിച്ചു. അവരെന്നെക്കൊണ്ടോയി തല്ലിച്ചതച്ചു. ആളും അർഥോം ഇല്ലാത്തോർക്ക് എന്നും എവിടേം അധോഗതിയാ! എന്റെ അച്ഛൻ വന്നു സാറിന്റെ കാലുപിടിച്ചു, മാപ്പിരന്നു, സാറു കനിഞ്ഞില്ല. തല്ലീം ചവിട്ടീം നടുനീർക്കാൻ പറ്റാതാക്കീട്ടാ പൊലീസുകാര് വിട്ടത്. പരീക്ഷയെഴുത്ത് അക്കൊല്ലോം നടന്നില്ല, പിറ്റേക്കൊല്ലം എഴുതി, ഫസ്റ്റ്ക്ലാസും മേടിച്ചു. പക്ഷേ എസ്.എസ്.എൽ.സി ബുക്കിലെ സർട്ടിഫിക്കറ്റില് സാറ് എഴുതിവെച്ചേക്കുവല്ലേ, സ്വഭാവം തൃപ്തികരമല്ല, അതും വെച്ചോണ്ട് എനിക്ക് പട്ടാളത്തിലോ സർക്കാർ സർവീസിലോ ഒന്നും കേറാൻ പറ്റിയില്ല. അങ്ങനങ്ങനെ അലഞ്ഞും തെണ്ടിത്തിരിഞ്ഞും തീർന്നതാ എന്റെ നല്ല കാലം... ഇപ്പഴെങ്കിലും ഞാൻ വന്നിതൊക്കെയൊന്നു പറയണ്ടേ?’’

അപ്പൻ വിളറിയ മുഖത്തോടെ മന്ത്രിച്ചു.

‘‘എന്റെ കുഞ്ഞേ! ഞാനിതൊന്നുമോർക്കുന്നില്ല, അല്ലേത്തന്നെ അന്നെനിക്ക് നിന്നെക്കാൾ മൂന്നാലു വയസ്സല്ലേ കൂടുതല് കാണൂ, ചോരത്തിളപ്പിന്റെ പ്രായം! വെല്ലുവിളിക്കാനും അനുസരണക്കേടു കാട്ടാനും വന്നപ്പോ നന്നാക്കണമെന്ന ചിന്ത കൊണ്ടുതന്നെയാ കുറച്ചു കൂടുതല് ശിക്ഷിച്ചത്! അതു നിനക്കു മനസ്സിലാകാതെ പോയല്ലോന്നോർത്താ ഞാനിപ്പോ ഖേദിക്കുന്നത്. ഒരധ്യാപകൻ എങ്ങനാവണമെന്നു എനിക്കറിയാം.. കുട്ടികളെ അവരുടെ വഴിക്കു വിടുകയല്ല, അവരെ നല്ല വഴിയിലേക്കു തിരിച്ചുവിടുകയായിരുന്നു എന്നും എന്റെ ലക്ഷ്യം. അതിനു ഞാൻ ഇരട്ടി അധ്വാനിച്ചിട്ടുണ്ട്... അങ്ങനെ വലുതായവര് ഇപ്പഴുമതിനെന്നോടു നന്ദി പറയും, സാറു കാരണമാ ഞങ്ങളിത്രേം വല്യ പൊസിഷനിലൊക്കെ എത്തിയേന്ന്!’’

‘‘സാറ് വലുതാക്കിയവര് ജന്മനാ തന്നെ വലുതായിരുന്നു. എന്നും എല്ലാടത്തും ചവിട്ടിയരക്കപ്പെടുന്ന ഒരുത്തന് നീട്ടിക്കൊടുക്കാൻ സാറിന്റെ കൈ നീണ്ടില്ല. തീരെ ചെറിയവരെ വലുതാക്കാനാ സാറേ കഷ്ടപ്പാട്. അതിനാണു കഠിനാധ്വാനോം നല്ല മനസ്സും വേണ്ടത്. വലിയവരെ പിന്നേം വലുതാക്കാനല്ല... അതെളുപ്പമാ.’’

ഞാനെഴുന്നേറ്റ് കപ്പിൽ ഐസ്ക്രീം വിളമ്പി, മേലെ കൊച്ചുറാണി മുറിച്ചുവെച്ച ഫ്രൂട്സ് വിതറി, മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടിവെച്ച് അയാൾക്കും അപ്പനും നീട്ടി.

‘‘സാറേ, ഞാനിതും കഴിച്ചങ്ങു പോകും. നമ്മുടെ കൂടിക്കാഴ്ചയുടെ അവസാനത്തെ ഓർമ ഈ മധുരവും തണുപ്പുമാകട്ടെയെന്നൊക്കെ വിചാരിക്കണംന്നുണ്ട്. പക്ഷേ പറ്റില്ല, ആ ഉറഞ്ഞുപോയ കയ്പ് എന്തുകൊണ്ടും മാറില്ല. ഇവിടെ വരുമ്പോ പറ്റിയാ സാറിനെയൊന്നു തല്ലണമെന്നുപോലും എനിക്കുണ്ടായിരുന്നു. ഇത്രയും വെച്ചുവിളമ്പി ഊട്ടിയ അമ്മച്ചിയെയും സാറിന്റെ മകളെയുമൊക്കെ കണ്ടപ്പോ എന്നെക്കൊണ്ടതു സാധിക്കില്ലെന്നുറപ്പായി. ഇനിയിപ്പോ ആ കണക്കു തീരാതെ കിടക്കട്ടെ.’’

അപ്പൻ വാക്കുകൾ മുട്ടി നിസ്സഹായതയോടെ ഐസ്ക്രീമിൽ സ്പൂണിട്ടിളക്കിക്കൊണ്ടിരുന്നു. ഞാൻ കുറച്ചു ഉള്ളിത്തീയൽ കുപ്പിയിലാക്കിത്തരാമെന്നു അമ്മ പെ​െട്ടന്നെഴുന്നേറ്റു അടുക്കളയിലേക്കു നടന്നു. ഫ്രൂട്ട്സലാഡ് ആസ്വദിച്ചു കഴിക്കുന്ന അയാളെയും മുഖം താഴ്ത്തിയിരിക്കുന്ന അപ്പനെയും നോക്കാൻ മടിച്ചു ഞാൻ അവിടെത്തന്നെയിരുന്നു. പാത്രങ്ങളെടുക്കാനും മേശ വൃത്തിയാക്കാനും കൊച്ചുറാണി കാത്തുനിൽക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുതീർന്നെങ്കിലും ഈ വിരുന്നവസാനിച്ചിട്ടില്ലെന്നു എനിക്കുതോന്നി. ഹൃദയഭേദകമായതെന്തോ കൂടി വരാനിരിക്കുന്നു, അതിനായി കാത്തിരിക്കുന്നതിനിടയിൽ ബാക്കിവന്ന വിഭവങ്ങൾക്കൊപ്പം അയാൾ കൊണ്ടുവന്ന ഫ്രൂട്ട് ബ്രാണ്ടിയിലൊരു കുപ്പികൂടി വീട്ടിലേക്കെടുക്കുമെന്നു ഞാനുറപ്പിച്ചു. ഏതു പഴത്തിന്റേതു വേണമെന്നു തീരുമാനിക്കാൻ പക്ഷേ എനിക്കിനിയും സമയം വേണം.

Show More expand_more
News Summary - malayalam story