വിപ്ലവം ജയിക്കട്ടെ…

12 ദിവസങ്ങളായി അങ്ങാടിയും ചെറുകവലകളും തോണിക്കടവും ശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട്. മുട്ടിന് താഴോട്ട് പട്ടീസ് ചുറ്റിയ, കൈയിൽ മുളലാത്തി സൂക്ഷിക്കുന്ന, കാക്കിനിക്കറും കൂർമ്പൻ തൊപ്പിയുമിട്ട കൊമ്പൻ മീശക്കാർ മാത്രമുണ്ട് തെരുവിൽ. പൊലീസുകാർ തിങ്ങിപ്പാർക്കുന്ന കോളനിപോലെ തോന്നിച്ചു ഏനാദി തുരുത്ത്. കയറും കൊപ്രയും എടുക്കാൻ ആലപ്പുഴക്കാരുടെ വഞ്ചികൾ വരാതായി. രാത്രിയുടെ മറപിടിച്ച് കരകടത്തി എത്തിച്ചുകൊടുക്കാൻ ചിലർ ഒരു ശ്രമം നടത്തി. പക്ഷേ, പരീത് പിടിച്ച് ലാടമടിച്ച് വിട്ടു. പിന്നെ ഒരാളും ആ വഴിക്ക് ചിന്തിച്ചില്ല. ചരക്ക് കുന്തിയമ്മക്ക് കൊടുക്കാം. പക്ഷേ, പകുതി വിലപോലും കിട്ടില്ല. കൊടുക്കാതെ സൂക്ഷിച്ചു....
Your Subscription Supports Independent Journalism
View Plans12
ദിവസങ്ങളായി അങ്ങാടിയും ചെറുകവലകളും തോണിക്കടവും ശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട്. മുട്ടിന് താഴോട്ട് പട്ടീസ് ചുറ്റിയ, കൈയിൽ മുളലാത്തി സൂക്ഷിക്കുന്ന, കാക്കിനിക്കറും കൂർമ്പൻ തൊപ്പിയുമിട്ട കൊമ്പൻ മീശക്കാർ മാത്രമുണ്ട് തെരുവിൽ. പൊലീസുകാർ തിങ്ങിപ്പാർക്കുന്ന കോളനിപോലെ തോന്നിച്ചു ഏനാദി തുരുത്ത്.
കയറും കൊപ്രയും എടുക്കാൻ ആലപ്പുഴക്കാരുടെ വഞ്ചികൾ വരാതായി. രാത്രിയുടെ മറപിടിച്ച് കരകടത്തി എത്തിച്ചുകൊടുക്കാൻ ചിലർ ഒരു ശ്രമം നടത്തി. പക്ഷേ, പരീത് പിടിച്ച് ലാടമടിച്ച് വിട്ടു. പിന്നെ ഒരാളും ആ വഴിക്ക് ചിന്തിച്ചില്ല. ചരക്ക് കുന്തിയമ്മക്ക് കൊടുക്കാം. പക്ഷേ, പകുതി വിലപോലും കിട്ടില്ല. കൊടുക്കാതെ സൂക്ഷിച്ചു. പ്രതിയെ കിട്ടിയാൽ പൊലീസ് പോകുമല്ലോ? അതുവരെ ചേമ്പ്, ചേന, കാച്ചിലുകൾ തിന്ന് വിശപ്പടക്കാം. ആളുകൾ കരുതി.
ശബ്ദപ്പരീക്ഷ കഴിയുന്നതുവരെ പുരുഷന്മാർ വീടുവിട്ട് ഇറങ്ങരുത്! തുരുത്തിലെ മുഴുവൻ ആണുങ്ങളുടെയും ലിസ്റ്ററിയാവുന്ന ബാർബർ ശശാങ്കനെ സഹായത്തിന് നിയമിച്ച ശേഷം ലാടം പരീത് നിയമം പാസാക്കി. പൊലീസിന്റെ കൂടെ നടക്കണമെന്ന് പറഞ്ഞപ്പോൾ സ്വർഗത്തിൽ ഇടംകിട്ടിയ സന്തോഷം ശശാങ്കനുണ്ടായി. ശത്രുതയുള്ള മൂന്നാല് പേരുടെ മുഖം ഓർക്കുകയും ചെയ്തു.
തൂക്കുന്നതുവരെ കട്ടിങ്ങും ഷേവിങ്ങും (വിശ്രമവും) ഉണ്ടായിരിക്കുന്നതല്ല. സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് പ്രൊ. ശശാങ്കൻ. ന്യൂ വാർ സലൂൺ.’’
കടയുടെ മുന്നിൽ ബോർഡ് സ്ഥാപിച്ച ശേഷം ഇട്ടിരുന്ന ഷർട്ടും മുണ്ടുമൂരി ദൂരെയെറിഞ്ഞ് വരയൻ അണ്ടർവെയർ മാത്രമിട്ട് മസിലുകൾ പെരുപ്പിച്ച് അവൻ ലാടം പരീതിന്‍റെ അടുത്തേക്ക് പോയി. ശശാങ്കനുമുന്നെ ശശാങ്കന്റെ വയറ് ചെന്ന് അയാളുടെ മുന്നിൽ കമ്പിച്ച് നിന്നു.
‘‘എന്താടാ പന്നി ഈ കോലത്തില്. തുണീം കോണാനും ഇല്ലാതാന്നോ കൂടെ വരാൻ പോന്നെ’’
ലാത്തിക്ക് വയറിന് കുത്തി ലാടം ചോദിച്ചു.
‘‘അല്ലേമാനെ, പൊലീസിൽ ചേരുമ്പോ കാക്കി കിട്ടൂല്ലെ.’’
‘‘കാക്കിയോ?’’
‘‘പഴേത് മതി. എലി വെട്ടിയത് ഒക്കെ എമ്പിടി കാണൂല്ലോ. ചില ഏമാന്മാര് കൂട്ടിതയ്ച്ചതൊക്കെ ഇടുന്നുണ്ടല്ലോ.’’
ലാടത്തിന് വിറഞ്ഞു. അയലിൽ കിടന്ന തോർത്തെടുത്ത് അയാൾ ശശാങ്കന്റെ മുഖത്തെറിഞ്ഞു.
‘‘കഴുവേർട മകനെ വേണേല് ഉടുക്ക്.’’
നിയമങ്ങൾ പിന്നെയും ചിലത് പ്രാബല്യത്തിൽ വന്നു. ഹെൽത്ത് സെന്‍ററിന് മുടക്കമില്ല! പക്ഷേ, ദിവസം അഞ്ച് രോഗികൾ മാത്രം! മറ്റൊന്ന് പോക്കർ സാഹിബിന്‍റെ പലചരക്ക് കടയുമായി ബന്ധപ്പെട്ടതായിരുന്നു. അങ്ങാടിയിൽ അയാളുടെ കട മാത്രം തുറന്ന് പ്രവർത്തിക്കും! സ്ത്രീകളോ കുട്ടികളോ വന്ന് സാധനങ്ങൾ വാങ്ങണം! പെണ്ണുങ്ങൾ പക്ഷേ, പരീതിനെയും കൂട്ടരെയും പേടിച്ച് പുറത്തിറങ്ങിയില്ല. കണ്ടാൽ കയറിപ്പിടിക്കും. ക്ഷേത്രത്തിലും അങ്ങനെ തന്നെ. പ്രവേശനം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം! തോട്ടാക്കേസിലെ പ്രതി വലയിലാകുന്നതുവരെ വീട്ടിലെ പുരുഷന്മാർക്കുവേണ്ടി അവര് വേണം പ്രാർഥിക്കാൻ! നിത്യപൂജ മുടങ്ങി ഏനാദിക്ക് ഒരാപത്ത് ഉണ്ടാവരുതെന്ന് ലാടം പരീതിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് പൂജാരിയുടെ ശബ്ദപ്പരീക്ഷ ത്രിസന്ധ്യ നേരംനോക്കി ശ്രീകോവിലിനുള്ളിൽവെച്ച് അയാൾ നടത്തി.
‘വിപ്ലവം തോൽക്കട്ടെ’
ശിവലിംഗത്തിന്‍റെ ചോട്ടിലിരുന്ന് പൂജാരി അലറി.
പള്ളിമുറ്റത്ത് മുദ്രാവാക്യം മുഴക്കി നിരപരാധിയാണെന്ന് തെളിയിച്ച കശാപ്പുകാരൻ ഇദ്രീസിന് മാന്യമായ ഒരു ഇളവ് കിട്ടി. ഞായറാഴ്ച പത്തുമണി വരെ തുരുത്തിൽ സൈക്കിൾ ചവിട്ടി നടക്കാം! ആവശ്യക്കാരുടെ വീടുകളിൽ അതിനുള്ളിൽ ഇറച്ചി വിതരണം ചെയ്തുകൊള്ളണം. പക്ഷേ, പണമില്ലാതെ ആര് വാങ്ങാൻ. എന്നാലും ഇദ്രീസ് ആ ആനുകൂല്യം വേണ്ടെന്ന് വെച്ചില്ല. ഇരുന്ന് മുഷിയാതെ കറങ്ങി നടക്കാമല്ലോ. കാറ്റ് കൊള്ളാമല്ലോ. ഒതുക്കത്തിലും പതുക്കത്തിലും സ്ത്രീകളുടെ ദുഃഖത്തിൽ പങ്കുചേരാമല്ലോ. ചരുവം വെച്ചുകെട്ടി ഞായറാഴ്ചകളിൽ സൈക്കിൾ ചവിട്ടി, വിശന്ന വയറുമായി അയാൾ തേരാപാരാ നടന്നു.
തീറ്റയും കിടപ്പും കടക്കുള്ളിൽ ആണെന്ന ഒറ്റക്കാരണത്താൽ കാറ്റും വെളിച്ചവും കടക്കാൻ പാകത്തിൽ ടിപ്പ് ടോപ്പ് ടെയ്ലേഴ്സിന്‍റെ രണ്ട് പലകതട്ടികൾ രാത്രി എട്ടുമണിവരെ തുറന്നിടാൻ ചെട്ടിയാർക്ക് അവസരമുണ്ടായി. സൈനുവെന്ന ഒറ്റ പ്രതീക്ഷയിലാണ് അയാൾ ഇപ്പോഴും ജീവിക്കുന്നത്. മറ്റാരേക്കാളും ബുദ്ധിമാനായിരുന്നു താനെന്ന് അയാൾ വിശ്വസിച്ചു. കരിജിന്ന് ഒഴിഞ്ഞാൽ സൈനു സ്വതന്ത്രയായി.
തയ്യലിനൊപ്പം അതിനുള്ള ശ്രമങ്ങളും രഹസ്യമായി ചെട്ടിയാർ ചെയ്തുപോന്നു. എല്ലാ വെള്ളിയാഴ്ചയും വീതിക്കോളർ ഷർട്ടും ബെൽബോട്ടവും ധരിച്ച് കൂളിങ് കണ്ണട മുഖത്തുവെച്ച് ഒറ്റപ്പുന്നയിലുള്ള ഒരു ഒറ്റക്കണ്ണൻ മന്ത്രവാദിയുടെ വീട്ടിൽ ഏഴരപ്പുലർച്ചക്ക് അയാളെത്തി. കൂളിങ് കണ്ണട ഒഴിച്ച് ബാക്കിയെല്ലാം ഊരിവെച്ച് പരിപൂർണ നഗ്നനായി മന്ത്രവാദക്കളത്തിൽ ഭസ്മത്തിലും ചെത്തിപ്പൂവിലും കുളിച്ചിരിക്കണം! ലിറ്റർ കണക്കിന് ഒറ്റക്കണ്ണൻ തലവഴി ഊറ്റുന്ന നെയ്യും പെട്രോളും കലർന്ന മിശ്രിതം അതുവേറെ!
“നെയ്യ് ഓക്കെ. പെട്രോൾ എന്തിനാ. തീയൊന്ന് പാളിയാൽ പോത്തിനെ ഇരുത്തി പൊരിച്ച കണക്കാകും ഞാൻ.”
ഭീതിയോടെ ഹോമകുണ്ഠത്തിലേക്ക് നോക്കി ചെട്ടിയാർ മന്ത്രവാദിയോട് ചോദിച്ചു.
“മിസ്റ്റർ ടിപ്പ് ടോപ്പ്, ഈ പെട്രോളെന്ന പൂജാദ്രവ്യം എവിടുന്നാണ് വരുന്നത്?”
ഒറ്റക്കണ്ണൻ തിരിച്ചൊരു ചോദ്യം അങ്ങോട്ടും ചോദിച്ചു.
‘‘അറബി നാട്ടിൽനിന്ന്.’’
‘‘ജിന്ന് എവിടുന്നാണ് വരുന്നത്?’’
‘‘അതും അറബി നാട്ടിൽനിന്ന്’’
‘‘സംശയം തീർന്നോ?’’
‘‘ തീർന്നു.’’
‘‘എങ്കിൽ രണ്ടടി പിന്നോട്ട് മാറി ഇരുന്നോളൂ’’
മന്ത്രവാദി പറഞ്ഞു. പൂജ കഴിഞ്ഞ് തുണിയില്ലാതെ തന്നെ കുളത്തിൽ മുങ്ങിക്കയറണം. അപ്പോഴും കൂളിങ് കണ്ണട ചെട്ടിയാർ ഊരിയില്ല. തയ്ച്ച് കിട്ടുന്നത് മുഴുവൻ അയാൾ ഒറ്റക്കണ്ണന് ദക്ഷിണ കൊടുത്തുകൊണ്ടിരുന്നു. ജിന്ന് ഒഴിഞ്ഞ് സൈനു സ്വതന്ത്രയാവേണ്ട അവസാന വെള്ളിക്ക് തൊട്ടുമുമ്പ് തുരുത്തിൽ പൊലീസ് ഇറങ്ങി. പൂജ മുടങ്ങിയാൽ വീണ്ടും ഒന്നേന്ന് തുടങ്ങണമെന്ന് ഓർത്തപ്പോൾ ചെട്ടിയാരുടെ നെഞ്ച് തകർന്നു. കാക്കി നിക്കറും കുപ്പായവും അകത്തിടുന്ന ബനിയനും തികച്ചും സൗജന്യമായി സ്ഥിരം ഇസ്തിരിയിട്ട് കൊടുക്കുന്ന ബന്ധത്തിന്‍റെ ബലത്തിൽ നേരെ ലാടം പരീതിനെ ചെന്നുകണ്ടു.
‘‘ഏമാനെ, ഇന്നോനാളെയോ എന്നുപറഞ്ഞ് ഇരിക്കുന്ന ആളാണ് അമ്മ. മുടങ്ങാതെ വൈക്കത്തപ്പന്‍റെ മുന്നിൽ എല്ലാ വെള്ളിക്കും വഴിപാടുണ്ട്. പോകാൻ അനുവദിക്കണം’’
‘‘പുണ്ടമോനെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും.’’ ലാടം അലറി.
‘‘പ്രതിയെ കിട്ടാതെ പെടുക്കാൻ പോലും നീ കടേന്ന് പുറത്തിറങ്ങരുത്. അവന്‍റെ ഒരു ബെൽബോട്ടോം കണ്ണടേം. ഊര് കഴുവേറി രണ്ടും.’’
ചെട്ടിയാർ അനുസരിച്ചു. രണ്ടും ഊരി.
സുന്ദരവും സുമുഖവുമായ അയാളുടെ മുഖത്ത് തെക്കുവടക്കായി നിൽക്കുന്ന കൃഷ്ണമണികൾ കണ്ട് പരീത് പറഞ്ഞു.
‘‘നിസ്സാര ഊടല്ലല്ലോ നീ. മേലിൽ ഈ മലര് കണ്ണടവെച്ച് നിന്നെ ഈ നാട്ടിൽ കണ്ടുപോകരുത്.’’
എല്ലാം വെറുതെയായല്ലോ സൈനു മോളെ എന്ന് ഉള്ളിൽ വിലപിച്ച് പോകാൻ തുടങ്ങിയ ചെട്ടിയാരോട് പരീത് ചോദിച്ചു.
‘‘നിന്നെ എന്താടാ പെട്രോള് നാറുന്നെ.’’
‘‘പെർഫ്യൂമാ ഏമാനെ. അറബികൾ അടിക്കുന്നത്.’’
അതിൽപ്പിന്നെ കടവിട്ട് ചെട്ടിയാർ പുറത്ത് ഇറങ്ങിയില്ല.
ഒറ്റയാൾക്ക് ചെയ്യാവുന്ന ജോലികൾ തുരുത്തിൽ അനുവദിക്കപ്പെട്ടു. മുദ്രാവാക്യം വിളിക്കാത്തവർ ജോലിക്കിടയിൽ ലാടം പരീതിനെ വിളിച്ച് കേൾപ്പിക്കണമെന്ന് മാത്രം.
‘വിപ്ലവം തോൽക്കട്ടെ’
തെങ്ങിന്‍റെ മണ്ടക്കിരുന്ന് ചിലർ വിളിച്ചു. പശുവിന്‍റെ അകിട്ടിൽ കിടന്ന് ചിലർ വിളിച്ചു. ചൂണ്ടവള്ളത്തിലിരുന്നവനും അഞ്ചലോട്ടക്കാരനും അങ്ങനെ പലരും പരീതിനെ കാണുന്ന മുറക്ക് വിപ്ലവം തോൽക്കണമെന്ന് അലറിവിളിച്ചു. സംശയം തോന്നിക്കുന്ന മുഖഭാവങ്ങളുമായി ജനിച്ചുപോയ ചിലർക്ക് മുദ്രാവാക്യം ആവർത്തിച്ച് മുഴക്കേണ്ടി വന്നു. പോകപ്പോകെ ഇടതടവില്ലാതെ പകൽ സമയങ്ങളിൽ തുരുത്തിലാകെ അത് ഉയർന്നുകേട്ടു.
‘‘കേൾക്കാൻ നല്ല ചൊറുക്കുണ്ട്. എന്നാലും എന്ത് മണ്ണാങ്കട്ടയാണ് ഈ വിപ്ലവം.’’
അപൂർവമായി കണ്ടുമുട്ടുന്നവർ പരസ്പരം ചോദിച്ചു. അടുക്കളപ്പുറത്തിരുന്ന് പെണ്ണുങ്ങളും അതുതന്നെ തമ്മിൽ ചോദിച്ചു. ഞായറാഴ്ചകളിൽ കശാപ്പുകാരൻ ഇദ്രീസ് വീട് വീടാന്തരം നടന്നുചോദിച്ചു. ആരുടെ പക്കലും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. എന്നാലൊട്ട് അറിയില്ലെന്ന് പറയാനും വയ്യാത്ത അവസ്ഥ.
‘‘വിശപ്പ് സഹിക്കാൻ പറ്റാണ്ടാകുമ്പ മനുഷ്യേൻ ചെയ്യുന്ന എന്തോ പരാക്രമ പരിപാടിയാണ് വിപ്ലവം.’’
പോഷകമില്ലാതായ ക്ഷീണത്തിൽ ഒരാഴ്ചയായിട്ട് ബന്ധപ്പെടാൻ സമ്മതിക്കാതെ ഭിത്തിയിലേക്ക് തിരിഞ്ഞുകിടക്കാറുള്ള ഭാര്യയെ മലർത്തിയിട്ടുകൊണ്ട് ഒരു ഭർത്താവ് പറഞ്ഞു.
‘‘കട്ടികൂടിയ വയറുകടിയാന്ന്. വന്നാ പടരും. തൂറ്റിച്ചാകുമെന്നാ കേൾക്കുന്നെ.’’
ഒരുത്തൻ പറഞ്ഞു.
‘‘എം.ജി.ആറ് ജയലളിതേടെ ചുണ്ടിൽ കടിച്ചതിന് തോക്കെടുത്ത് പൊട്ടിച്ചപ്പോ എം.ആർ. രാധ കാച്ചിയ ഡയലോഗാന്ന് വിപ്ലവം.’’
യുവാവായ ഒരുവൻ അഭിപ്രായപ്പെട്ടു.
‘‘ചൈനക്കാരുടെ ഭാഷയാ. ദൈവത്തെ തട്ടണോന്നാ അതിനർഥം.’’
‘‘ജയിച്ചാൽ ഏഡിനേക്കാൾ വലിയ ജോലികിട്ടുന്ന എന്തോ പരീക്ഷയാണ്, അതുകൊണ്ടാണ് നാറി ഇടിച്ച് തോൽപിക്കുന്നത്.’’
തുരുത്തിലങ്ങനെ വിപ്ലവത്തിന് പല നിർവചനങ്ങളുമുണ്ടായി.
ഈ വിഷയത്തിൽ വല്ലാതെ ഉഷ്ണിച്ച ഒരാൾ എൽ.പി സ്കൂളിലെ ഏകാധ്യാപകൻ ഉക്കണ്ടൻ മാഷാണ്. ഒളിച്ചുംപാത്തും ആളുകൾ വിപ്ലവത്തിന്‍റെ അർഥമറിയാൻ അയാളെ തിരക്കിച്ചെന്നു. ചിലർ കുട്ടികളെ പറഞ്ഞുവിട്ടു. മറ്റുചിലർ അഞ്ചലോട്ടക്കാരൻ വഴി കത്തുകൾ കൊടുത്തയച്ചു. ഒരു ഞായറാഴ്ച മാഷിന്‍റെ മുറ്റത്ത് ഇറച്ചിക്കാരൻ ഇദ്രീസ് ചരുവം വെച്ച് കെട്ടിയ സൈക്കിളുമായി മൂന്ന് മണിക്കൂർ അദ്ദേഹത്തെ കാത്തുനിന്നു.
സമ്പൂർണ സസ്യാഹാരിയും വിശിഷ്യാ ബീഫ് വിരോധിയുമായ മാഷിന് അത് വലിയ അപമാനമായി തോന്നി.
ഉക്കണ്ടൻ മാഷിന് പുകച്ചിലെടുത്ത് തുടങ്ങി.
‘‘വിപ്ലവമെന്താണെന്ന് ഞാൻ പറഞ്ഞുതരാം.’’ സദാ നെഞ്ച് തിരുമ്മിയുള്ള അയാളുടെ നടത്തം കണ്ട് ഒരു ദിവസം ഭാര്യ പറഞ്ഞു. ‘‘1688ൽ ബ്രിട്ടണിലും 1917ൽ റഷ്യയിലും…’’
അത്രയും പറയാനേ അവർക്ക് പറ്റിയുള്ളൂ. അതിനുമുമ്പ് ഉക്കണ്ടൻ മാഷ് തെറിയുടെ കെട്ടഴിച്ചുവിട്ടു. ഗിന്നസ് റെക്കോഡിൽ ചേർക്കപ്പെടാൻ തക്ക യോഗ്യമായിരുന്നു ഒറ്റശ്വാസത്തിൽ നാലര മിനിറ്റോളം നീണ്ടുനിന്ന അനർഗനിർഗളമായ ആ തെറിപ്രവാഹം. അസഭ്യവാക്കുകളിൽ ഒന്നുപോലും തനിക്ക് വശമില്ലെന്ന് അഭിമാനിച്ചിരുന്ന മാഷ് തന്നെ സ്വന്തം പ്രകടനമികവിൽ ഞെട്ടി. അസഭ്യങ്ങളും അനാശാസ്യ നടപടിക്രമങ്ങളും ഇതിനേക്കാൾ ഭാവനാസമ്പന്നമായി കൂട്ടിയിണക്കാൻ ഇനിയാർക്ക് കഴിയും?
തെറിപറച്ചിലിൽ തനിക്കൊരു എതിരാളി ഏനാദിയിൽ ഇല്ലെന്ന സത്യവും മാഷ് ആ നിമിഷം തിരിച്ചറിഞ്ഞു. ഉക്കണ്ടന്‍റെ അഭിഷേകത്തിന് തടയിട്ട് ചിലച്ച പല്ലിയെ തീർത്താൽ തീരാത്ത നന്ദിയോടെ ഭാര്യ നോക്കി.
വിപ്ലവം! നല്ല പരിചയമുണ്ട്.
എവിടൊക്കെയോ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇരുന്നും കിടന്നും നിലത്തുരുണ്ടും തലകുത്തി നിന്നുമൊക്കെ ഉക്കണ്ടൻ ആലോചിച്ചു. കിട്ടിയില്ല. കോട്ടയം പുഷ്പനാഥിനെയും പരാമാരയേയും വിശിഷ്യാ പമ്മനെയും വായിക്കാൻവേണ്ടി മാത്രം വായനശാല തുടങ്ങിയത് വലിയ മണ്ടത്തം ആയിപ്പോയി. ദസ്തേയവ്സ്കി, വിക്ടർ ഹ്യൂഗോ, ബോറിസ് പാസ്റ്റർനാക്, ചാൾസ് ഡിക്കൻസ്, ഓർവെൽ, ടാഗോർ, എന്തിന് ബഷീറിനെയെങ്കിലും ഒന്ന് മറിച്ചുനോക്കാമായിരുന്നു. നിഘണ്ടു തപ്പുകയല്ലാതെ ഇനി മാർഗമില്ല. താക്കോൽ ലൈബ്രേറിയന്‍റെ വീട്ടിലാണ്.
ചോദിക്കാൻ ചെന്നാൽ അവനും ചോദിക്കും അർഥം. രാത്രിക്കുരാത്രി ജ്ഞാനപോഷിണി വായനശാലയുടെ ഓട് ഉക്കണ്ടൻ മാഷ് പൊളിച്ചു. ഉടുമുണ്ട് കഴുക്കോലിൽ കെട്ടി ഉള്ളിലിറങ്ങി. ലോകസാഹിത്യങ്ങൾ ചിതലരിച്ച് തീർത്തിരുന്നു. ഒന്നര ദിവസത്തെ മെനക്കേടിനൊടുവിൽ നിഘണ്ടു തപ്പിയെടുത്ത് മൂപ്പിലാൻ മറിച്ചു. വിപ്ലവം വെണ്ടക്കാ മുഴുപ്പിൽ കിടപ്പുണ്ട്. പക്ഷേ, അർഥവിവരണം എലി കരണ്ടിരിക്കുന്നു. അടുത്ത രാത്രി കലിതുള്ളി ഉക്കണ്ടൻ മാഷ് വീട്ടിൽ ചെന്നുകയറി.
‘‘144 കഴിയുന്നവരെ എനിക്ക് വസൂരിയാണ്. കൊടിമൂത്ത വസൂരി. മനസ്സിലായല്ലോ.’’
ഭാര്യയോട് പറഞ്ഞിട്ട് മാഷ് പത്തായപ്പുരയിൽ കയറി വാതിലടച്ചു.
മുതിർന്നവർ അത്യാസന്നഘട്ടം തരണം ചെയ്യണമെന്ന ഉദ്ദേശ്യത്താൽ വിളിച്ചുകൊണ്ടിരിക്കുന്ന മുദ്രാവാക്യം കുട്ടികൾ ഏറ്റെടുക്കുന്ന ഒരു സാഹചര്യമുണ്ടായി. തോൽവി ഇഷ്ടപ്പെടാത്തവർ ആയതുകൊണ്ട് കുട്ടികൾ ‘വിപ്ലവം ജയിക്കട്ടെ’ എന്ന് ശരിയായിത്തന്നെ വിളിച്ചു. സ്ഥാനത്തും അസ്ഥാനത്തും അവരത് വിളിച്ചുപറഞ്ഞു. ‘വിപ്ലവം ജയിക്കട്ടെ’ വെച്ച് മൂന്നാല് തരം കളികളും അവരുണ്ടാക്കി. എല്ലാ കളിയിലും തോൽക്കുന്നവൻ ലാടം പരീത്. ജയിക്കുന്നവൻ തോട്ടാച്ചേട്ടൻ. അമ്മമാർ തൊട്ടിൽകുട്ടികളെ ഉറക്കാൻ വേണ്ടി വിപ്ലവ താരാട്ടുകളുണ്ടാക്കി. അവർക്കും തോൽവിയോട് താൽപര്യം ഉണ്ടായില്ല.
‘‘വാ… വാ… വോ…
വാ…വാ… വോ….
വിപ്ലവം
വാ…വാ… വോ…
വാ…വാ… വോ...
ഉണ്ണിക്ക് ഒപ്പമുറങ്ങാൻ
ഉണ്ണിക്ക് ഒപ്പമുണരാൻ
ഉണ്ണിക്കുള്ളിൽ വളരാൻ
ഉണ്ണിക്കൈകൾ പിടിക്കാൻ
വിപ്ലവം
വാ...വാ...വോ...
വാ...വാ...വോ...’’
കളികളുണ്ടാക്കുകയും പാട്ടുണ്ടാക്കുകയും മാത്രമല്ല തങ്ങൾക്കിടയിൽ മാത്രമായി അത് സൂക്ഷിക്കുകയും ചെയ്തു അവർ. വടക്ക് തീർന്നാൽ തെക്കെന്ന കണക്ക് നാടിന്‍റെ സകല മുക്കുമൂലകളിലേക്കും ബാർബർ ശശാങ്കൻ പൊലീസിനെ തെളിച്ചിട്ടും കുട്ടികളുടെ കളിയും സ്ത്രീകളുടെ പാട്ടും ലാടം പരീതിന്റെ ചെവിയിലെത്തിയില്ല.
13
ദാസന്‍റെ അടുത്ത് സൈനു ദിവസവും ചെന്നു. കൂവച്ചെടിയുടെ ഇലകളിൽ മുഴുവൻ അറബി അക്ഷരങ്ങൾ എഴുതി നിറച്ചിരിക്കുന്നു. ആദ്യദിനം അവൾ അത്ഭുതപ്പെട്ടു.
‘‘പഠിക്കുവാ.’’ അവൻ പറഞ്ഞു. ‘‘പഠിച്ചിട്ട് വേണം സഖാവ് എഴുതുമ്പോലെ കോറത്തുണിയിൽ എഴുതാൻ.’’
അറബി പഠിച്ച് എഴുതിയിട്ട് എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല. മദ്റസയിൽ നിന്നുകേട്ട വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും ചെറിയ മൂന്ന് ‘സൂറത്തുകൾ’ മണിമണിപോലെ ദാസൻ ഓതുന്നതുകേട്ട് അവൾ അന്തംവിട്ടു.
ഭക്ഷണവും മറ്റും സൈനു ഏറ്റതിൽ പിന്നെ കൂവക്കാട്ടിൽനിന്ന് അവൻ പുറത്തിറങ്ങിയില്ല. പക്ഷേ, പൂച്ചയെ തിരക്കി അതിന്‍റെ വാസസ്ഥലത്ത് ചെന്നു. എല്ലും മുള്ളും അല്ലാത്ത ചവച്ചിറക്കാൻ പാകത്തിനുള്ള ഭക്ഷണം തന്‍റെ പങ്കിൽനിന്ന് അതിന് വെച്ചുകൊടുത്തു.
‘‘ഒരു നിവൃത്തിയുണ്ടെങ്കിൽ കട്ടും കൈനീട്ടിയും തിന്നരുത്.’’ അവൻ പൂച്ചയോട് പറഞ്ഞു. ‘‘വിശക്കുന്നവനെ മറക്കുകയും ചെയ്യരുത്.’’ ആ നിമിഷം അവിടം ഉപേക്ഷിച്ച കരിമ്പൂച്ച പിന്നീട് ദാസനൊപ്പം പൊറുതി തുടങ്ങി.
‘വിപ്ലവം ജയിക്കട്ടെ.’
മുഷ്ടിചുരുട്ടി അവൻ വിളിക്കുമ്പോൾ മുൻകൈയിൽ ഒന്നുയർത്തി അതേ താളത്തിൽ കരഞ്ഞ് പൂച്ച അത് ഏറ്റുവിളിക്കും. കൂവയിലയിൽ മനുഷ്യരൂപം വരഞ്ഞ് ദാസൻ അതിന്‍റെ മുന്നിലേക്കിട്ടുകൊടുക്കും.
‘ലാടം പരീത്’
അവൻ പറയും. കരിമ്പൂച്ച കൂവയില കടിച്ചുകീറി നാശകോശമാക്കി തുപ്പും. സൈനുവിന് അതൊക്കെ കൗതുകമുള്ള കാഴ്ചകളായിരുന്നു. ഒരുദിവസം എന്തോ പച്ചില പിഴിഞ്ഞ് കുപ്പിയിലാക്കിയ നീര് അവൻ അവൾക്ക് കൊടുത്തു.
‘‘ബാപ്പാന്‍റെ കണ്ണിലെഴുത്. അന്തിക്കുരുട് പോട്ട.’’
നാലിന്‍റന്ന് ചേക്കുവിന്‍റെ കണ്ണിലെ ഇരുട്ട് മങ്ങിത്തുടങ്ങി. നേരിയ വെളിച്ചങ്ങൾ അയാൾക്ക് കാണാനായി.
അയലത്തുള്ള പലർക്കും ദാസന്‍റെ ഒറ്റമൂലി സൈനു എത്തിച്ചുകൊടുത്തു.
ഖദീജത്തയുടെ വിട്ടുമാറാത്ത വയറ് വീക്കം. രാജമ്മ ചോകോത്തിയുടെ നെഞ്ചെരിച്ചില്. കുഞ്ഞൻ പണിക്കന്‍റെ മൂലക്കുരു. കുട്ടിത്രേസ്യാടെ ഒടുക്കത്തെ വെള്ളപോക്ക്. വാസൂന്‍റെ തൊലിപ്പുണ്ണ്. ചുരുങ്ങിയ ദിവസംകൊണ്ട് പലരുടെ രോഗവും സുഖപ്പെട്ടു.
ആളുകൾ അത്ഭുതപ്പെട്ടു.
‘‘എന്‍റെ മിടുക്കല്ല.’’ ചോദിച്ചവരോടൊക്കെ സൈനു പറഞ്ഞു. ‘‘കരിജിന്ന് മേത്ത് കൂടുമ്പ പറഞ്ഞുതരുന്ന മരുന്നുകളാ ഇതൊക്കെ. കുഷ്ഠം വരെ മാറ്റും എന്‍റെ ജിന്ന്.’’
കരിജിന്ന് കാമിക്കുന്ന പെണ്ണ് തന്നെയാണ് സൈനു. വെറുതെയല്ല കെട്ടിയ രാത്രിതന്നെ ആലപ്പുഴക്കാരൻ ജീവനുംകൊണ്ടോടിയത്. അവളുടെ ജിന്ന് ബാധ സത്യമാണെന്ന് തുരുത്തുകാർ ഉറപ്പിച്ചു.
ടിപ്പ് ടോപ്പ് ചെട്ടിയാർ ഒരുദിവസം അവളെ കാണാൻ ചെന്നു. പൊലീസിനെ കാണുമ്പോൾ കൂളിങ് കണ്ണട ഊരും. അവര് പോകുമ്പോൾ വെക്കും. അങ്ങനെയാണ് അയാൾ ചേക്കുവിന്‍റെ വീട്ടിലെത്തിയത്.
‘‘നിന്‍റെ ജിന്നിന്‍റെ അടുത്ത് കോങ്കണ്ണിന് മരുന്നുണ്ടോ സൈനു?’’
‘‘ചെങ്കണ്ണിനുണ്ട്.’’
‘‘ചെങ്കണ്ണ് ആയിട്ടില്ല. ആകുമ്പ വരാം.’’ ചെട്ടിയാർ മടങ്ങി.
കുടുംബത്ത് പോകാതെ ഔട്ട് പോസ്റ്റിൽ താമസമാക്കിയിരുന്ന ഏഡ് വർക്കി ലാടം പരീത് അറിയാതെ അവളെ വന്ന് കണ്ടു.
‘‘ആയിരത്തൊന്ന് രാവുകൾ ഞാൻ വായിച്ചിട്ടുണ്ട്. ജിന്ന് വിചാരിച്ചാൽ നടക്കും. തകർച്ചയുടെ വക്കിലാണ് ഫാമിലി. കുഞ്ഞ് കൈവിടരുത്.’’
വർക്കി ഏഡ് കരഞ്ഞു. അയാൾക്കും കൊടുത്തു ദാസൻ ഒറ്റമൂലി. ഉത്തേജനമില്ലാതെ കുടുംബത്ത് കയറാതെ നടന്ന അയാൾ ആട്ടിൻപാലിൽ കുറുക്കി ഒറ്റവലി വലിച്ചു മരുന്ന്! നേരത്തോട് നേരം വേണ്ടി വന്നില്ല. അതിഭീകരമായ ഉദ്ധാരണത്തിന് വർക്കി ഏഡ് വിധേയനായി. ടെന്‍റിൽ നിന്നിറങ്ങിയോടി. സുബർക്കം ജമീലയെന്ന പ്രശസ്തയുടെ വീട്ടിൽ ചരിത്രപ്രാധാന്യമുള്ള ആ ഓട്ടം ചെന്ന് അവസാനിച്ചു. രഹസ്യ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന പുരുഷന്മാരോട് കാരുണ്യമുള്ളവളാണ് ജമീല. കീശയിൽ ചക്രമില്ലെങ്കിലും തന്നെ പ്രതി നിരാശനായി മടങ്ങാൻ ആരെയും അവൾ അനുവദിച്ചിരുന്നില്ല.
എന്നിട്ടും വർക്കി ഏഡ് മടങ്ങിയതിനുശേഷം കേട്ട മുട്ടിനൊന്നും അവൾ വാതിൽ തുറന്നില്ല.
‘‘പിണക്കം വിചാരിക്കല്ല്.’’
മുട്ടുകാരോട് ജമീല വിളിച്ചുപറഞ്ഞു. ‘‘ഒന്നരയാഴ്ച എടുക്കും ഒന്ന് നിവർന്ന് നിൽക്കാൻ.’’
ആനക്കാരൻ ശിവൻകുട്ടിയുടെ ഭാര്യ ലളിത ഒരുദിവസം സൈനുവിനെ കാണാൻ ചെന്നു.
‘‘വർക്കിയേമാന്‍റെ കഥ ഞാനും കേട്ടു. നിന്‍റെ ജിന്നിന്‍റെ അടുത്ത് തളർത്താനുള്ള മരുന്ന് വല്ലതുമുണ്ടോ? കൊല്ലാനുള്ളത് ആണേലും മതി.’’
ലളിത ബ്ലൗസിന്‍റെ കുടുക്കുകൾ വലിച്ച് പൊട്ടിച്ചു. സൈനു കണ്ടു.മുലകൾക്കുപകരം തുറിച്ച് നിൽക്കുന്ന പഴുത്ത് പൊട്ടാറായ കറുത്തുകരിഞ്ഞ രണ്ട് വ്രണത്തടിപ്പുകൾ!
വർക്കി ഏഡിന്‍റെ സംഭവത്തോടെ തുരുത്തിൽ തമ്പടിച്ച പൊലീസുകാർക്കിടയിൽ സൈനുവിന് ചെറിയ മതിപ്പുണ്ടായി. പലവിധ രോഗങ്ങൾ അലട്ടുന്നവരായിരുന്നു മിക്കവരും. അതുകൊണ്ട് ലാടം പരീത് അവൾക്കുമേൽ ഏർപ്പെടുത്തിയ അപ്രഖ്യാപിത ഉപരോധത്തിൽനിന്ന് അവർ പിന്മാറി. രാത്രിയുള്ള തെറിവിളി നിന്നു! പലകമേൽ ലാത്തിക്കുള്ള കൊട്ട് അവസാനിച്ചു! കഴുകി കമഴ്ത്തിയ ചട്ടികളും കലങ്ങളും പൊട്ടാതെയായി!
ഉണങ്ങിയ ചൂട്ടുകറ്റകളും വിറക് കൊള്ളികളും നനയാതെ ഇരുന്നു! ഇറയത്ത് കയറിയുള്ള മൂത്രമൊഴിക്കലും അപൂർവമായ മുറ്റത്തെ അപ്പിയിടലും നിന്നു! മറപ്പുരയിൽ സ്വസ്ഥമായി കുളിക്കാനും പുഴക്കടവിൽ സമാധാനത്തോടെ അലക്കാനും തുരുത്തിൽ അവൾക്ക് മാത്രം കഴിഞ്ഞു. എല്ലാം ദാസൻ ഒരാൾ കാരണമാണ്. സൈനുവിന്‍റെ ഉള്ളിൽ അവൻ നിറഞ്ഞ് വളർന്നു.
തന്‍റെ പോക്കുവരവ് പുറത്തറിയാതെ സൂക്ഷിക്കാനായി വെളുപ്പിന് മൂന്നുമണിക്ക് അവൾ എഴുന്നേൽക്കും. ഭക്ഷണം ഉണ്ടാക്കും. ഒരുമണിക്കൂർ കൊണ്ട് ദാസന് മൂന്നുനേരത്തേക്കുള്ളത് പൊതികെട്ടി വീട്ടിൽ നിന്നിറങ്ങും. അഞ്ചര മണിയാകുമ്പോൾ കുറച്ച് കൂവക്കിഴങ്ങുമായി തിരികെയെത്തും.
മകളുടെ പുതിയശീലങ്ങൾ ചേക്കു അറിയുന്നുണ്ടായിരുന്നു. തെളിഞ്ഞുവരുന്ന അന്തിക്കാഴ്ച അയാൾക്ക് എല്ലാം വെളിപ്പെടുത്തിക്കൊടുത്തു. ലാടത്തിന്റെ ഭീഷണി ഉള്ളിൽ തട്ടിയതിൽ പിന്നെ നേരാംവണ്ണം അയാൾ ഉറങ്ങിയിരുന്നില്ല. സൈനുവിന്റെ പോക്കുവരവിൽ പന്തികേട് മണത്ത അയാൾ പലവട്ടം കാര്യം ചോദിച്ചു. അവൾ പറഞ്ഞില്ല. ഒരുവശത്ത് പരീത്. മറുവശത്ത് മകളുടെ ചെയ്തികൾ. താൻ ജയിലിൽ അടക്കപ്പെട്ടാൽ അവൾക്ക് പിന്നെ ആരാണുള്ളത്? ഭയംകൊണ്ട് ചേക്കുവിന് പൊറുതിമുട്ടി. അയാളുടെ സ്വരത്തിൽ മറ്റങ്ങളുണ്ടായി.
‘‘കരിജിന്നിന്‍റെ കാര്യം വെറുതെ പറഞ്ഞതല്ല. അത് ഈ തുരുത്തിലുണ്ട്. തിന്നാനും കുടിക്കാനും കൊടുക്കണം.’’
സൈനു വിളക്കൂതി. ഇരുട്ട് അവരെ ഉദരത്തിലടച്ചു.

14
സൈനുവും ചേക്കുവും ഉറങ്ങിയിരുന്നില്ല. അതുകൊണ്ട് പൊലീസിന്റെ ചലനങ്ങൾ അവർക്ക് അറിയാനായി. പാതാളം തുരക്കാൻ ശക്തിയുള്ള വെളിച്ചമായിരുന്നു ആദ്യം തുരുത്തിന് മേലേക്ക് പുറപ്പെട്ടുവന്നത്. നാല് കണ്ണുകളുടെ കാഴ്ചയിറങ്ങിപ്പോകാൻ പാകത്തിൽ ജനാല ഒരുതുണ്ട് തുറന്നു.
കൈയിൽ ആയുധങ്ങളുമായി മുഴുവൻ പൊലീസും അച്ചടക്കത്തിൽ ലാടം പരീതിന് ചെവികൊടുത്ത് നിരന്നുനിൽക്കുന്നു! ഉറങ്ങുന്ന തുരുത്തിനെ ഉണർത്താൻ പോവുകയാണ് അവർ! സൈനുവിന് മനസ്സിലായി. ചേക്കുവിനെയും വിളിച്ച് ശബ്ദമുണ്ടാക്കാതെ അവൾ പിന്നിലെ കടവിലേക്ക് ഇറങ്ങി. വള്ളമെടുത്തു. കടവിൽനിന്ന് നീങ്ങിയില്ല, അതിനുമുമ്പേ ലാടം പരീതിന്റെ മുഴക്കമുള്ള ശബ്ദം രാത്രിയെ നെടുകെ പിളർന്നു. പിന്നാലെ പൊലീസിന്റെ ബൂട്ട് മുഴക്കങ്ങളും വിസിലടിയും നാലുപാടിലേക്കുമായി ചിതറി. അവൾ കണ്ടു, ഓരോ വീട്ടിലേക്കും പാഞ്ഞുകയറുകയാണ് കാക്കി നിഴലുകൾ. സൈനു വള്ളം ആഞ്ഞുതുഴഞ്ഞു.
അന്ന് ഉച്ചയൂണിന് നേരത്ത് പനയ്ക്കൽ കുന്തിയമ്മ പറമ്പിൽ ഉലാത്തുന്ന പൊലീസുകാരെ നോക്കി. തന്റെ സൽക്കാരം അവന്മാരിൽ കാണാനുണ്ട്. കൊഴുത്ത് ചീർത്ത് പൊട്ടുന്ന നിലയിലായിരിക്കുന്നു പലരും. തുരുത്തിലാണെങ്കിൽ ഇപ്പോഴും ആളുകൾ തോൽക്കാൻ തയാറായിട്ടില്ല. ഈ സമയവും കടന്നുപോകും. ആലപ്പുഴ വള്ളങ്ങൾ വരും. കയറും കൊപ്രയും മറ്റനതാരികളും വാങ്ങും. ഒടുക്കത്തെ പ്രതീക്ഷയിലാണ് നാശങ്ങൾ. അവനവന്‍റെ പറമ്പിൽ ഉള്ളത് പരസ്പരം പങ്കിട്ട് പട്ടിണി അകറ്റാമെന്ന ധൈര്യം. തെണ്ടികൾ. ലാടത്തിനെ അവർ അടുത്തേക്കുവിളിച്ചു.
‘‘ഇങ്ങനെ ആയാൽ ശരിയാവില്ല പരീത് ഏമാനെ. ഒറ്റയൊരുത്തൻ ചരക്ക് തരുന്നില്ല.’’ കുന്തിയമ്മ പറഞ്ഞു. ‘‘നട്ടുനനച്ചത് പറമ്പിൽ നിൽക്കുന്നേന്‍റെ ഹുങ്കാ എല്ലാവനും.’’
ശരിയാണവർ പറയുന്നത്. നെയ് മുറ്റി കിടക്കുന്നതല്ലാതെ കൂടെയുള്ള ഒരുത്തനും വേല ചെയ്യുന്നില്ല. തിന്നുക. തൂറ്റുക. ഉറങ്ങുക. ഇടക്ക് പെണ്ണുങ്ങളെ മുതുകത്ത് നിരങ്ങുക. പാതിരിപ്പണിക്ക് തുരുത്തിൽ വന്ന മട്ടാണ് എല്ലാവനും. ലാടത്തിന് ദേഷ്യം വന്നു. തീറ്റയും കുടിയും കഴിഞ്ഞ് പുഴക്കാറ്റുകൊണ്ട് കിടക്കുന്ന പൊലീസുകാരുടെ അടുത്തേക്ക് അയാൾ ചെന്നു.
‘‘ശബ്ദപ്പരീക്ഷ ഒരു വഴിക്ക് നടക്കും. എന്നുവെച്ച് പൊലീസ് പൊലീസല്ലാതെ ജീവിക്കരുത്. ഒറ്റയൊരുത്തന്‍റെ വീട് ഒഴിവാക്കരുത്. കേറി നിരങ്ങിക്കോണം രാത്രി നീയൊക്കെ.’’ അയാൾ അലറി. ‘‘എന്നാക്കെ ചെയ്യാവോ അതൊക്കെ ചെയ്തോ. ഏനാദിയുടേന്നല്ല, ഈ ലോകത്തിന്റെതന്നെ ഉടയോനാടാ പൊലീസ്.’’
കൂട്ടിലടക്കപ്പെട്ട വന്യമൃഗങ്ങളായിരുന്നു തങ്ങളെന്ന് ആ ഒറ്റരാത്രി കൊണ്ട് പൊലീസുകാർ തുരുത്തുകാരെ ബോധ്യപ്പെടുത്തി. തോക്കിന്‍റെ ബയണറ്റുകളും ലാത്തികളുമായി അവർ ഇരച്ചുകയറി. ആദ്യം വീടിന് പുറം. പിന്നെ അകം. അങ്ങനെയാണ് അവർ ജോലി പൂർത്തിയാക്കിയത്. പാവപ്പെട്ട മനുഷ്യർ നട്ടുപിടിപ്പിച്ചതത്രയും വെട്ടിയും പിഴുതും അവർ നശിപ്പിച്ചു. വാഴ, ചേമ്പ്, ചേന, ചീര, വെണ്ട സകലതും അരിഞ്ഞു. ഉണക്കിവെച്ച വിറകുകൾ കത്തിച്ചു. കോഴികളുടെ പിരടി പിരിച്ചു. ആടുമാടുകളുടെ തലയരിഞ്ഞു. വീടിന്‍റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചു. കുട്ടികളും പാത്രങ്ങളും പുറത്തേക്ക് തെറിച്ചു. ആണുങ്ങളെ തല്ലിയോടിച്ചു. വിശപ്പ് കെടാത്ത മൃഗങ്ങളെപ്പോലെ പെണ്ണുങ്ങളെ കടിച്ചുകുടഞ്ഞു. പുഴയോടുചേർന്ന് താമസിച്ചവർക്കുമാത്രം സൈനുവിനെപ്പോലെ വള്ളത്തിൽ കയറി തൽക്കാലം രക്ഷപ്പെടാൻ കഴിഞ്ഞു. പൊലീസുകാർ പോയ പിന്നാലെ പരീത് അവളുടെ വീട്ടിൽ കയറിയിരുന്നു. അവിടം പക്ഷേ, ശൂന്യമായിരുന്നു. അയാൾ അവളുടെ വീട് അടിച്ചുനിരത്തി.
15
ഇരുട്ട് ഉന്തിനീക്കി സൈനുവിന്‍റെ വഞ്ചി മുന്നോട്ടുപോയി. പേടിച്ച് ചിറകൊതുക്കിയ ദുർബലനായ ചെറുപക്ഷിയെപ്പോലെ ചേക്കു കൂനിക്കൂടിയിരുന്നു. അയാളുടെ ഉടൽ വിറച്ചുകൊണ്ടിരുന്നു. ജീവിതമല്ല അനുഗ്രഹം. ജീവിക്കാനുളള സാഹചര്യങ്ങളാണ് അനുഗ്രഹം. മകൾ ഇല്ലായിരുന്നെങ്കിൽ എന്നേ താൻ ഈ പുഴയിൽ ഒടുങ്ങുമായിരുന്നു. അവളും അതുതന്നെയായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത്. കുറച്ചുനേരം കഴിഞ്ഞ് ചേക്കു പറഞ്ഞു.
‘‘ആരാ എന്താന്ന് പിടുത്തമില്ലെങ്കിലും നിന്‍റെ കരിജിന്ന് ഒരു മനുഷ്യനാന്ന് എനിക്കറിയാം. എങ്ങോട്ടാന്ന് വെച്ചാ അവനേം കൂട്ടി ഈ നശിച്ച തുരുത്തീന്ന് പോകാൻ നോക്ക് മോളെ. എന്‍റെ കാര്യവാണ് തടസ്സോങ്കി അത് നീ മറന്നേര്.’’
സൈനു വിഷമിച്ചു. നിശ്ചലനായി പുഴയിൽ ഒഴുകിനടക്കുന്ന ബാപ്പ അവളുടെ സങ്കൽപത്തിലേക്ക് വന്നു.
പള്ളിയിലെ സംഭവത്തിനുശേഷം ചേക്കുവിന് മിണ്ടാട്ടമില്ലാതായത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശരീരം മെല്ലിച്ചു. കണ്ണുകൾ കുഴിഞ്ഞു. കഴിപ്പ് കുറഞ്ഞു.
‘‘എന്താണിങ്ങനെ?’’ പലവട്ടം സൈനു ചോദിച്ചു. ‘‘അവനെന്ത് നാശോണ് പള്ളീല് വെച്ച് ബാപ്പാന്‍റെ ചെവീല് ഓതീത്.’’
ചേക്കു മറുപടി പറഞ്ഞില്ല. മിണ്ടാതെ നടന്നു. അവൾക്കറിയാം അയാൾ ഭയത്തിന്‍റെ പുതപ്പിനുള്ളിലാണ്.
ദാസന്‍റെ സഖാവിനെപ്പോലൊരാൾ തങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ. വിഷമത്തോടെ അവൾ വിചാരിച്ചു. നേരം വെളുക്കട്ടെ, ദാസനോട് ചോദിക്കണം തന്നെയും ബാപ്പയേയും അവന്‍റെ ഊരിലേക്ക് കൂട്ടുമോ എന്ന്. സഖാവ് ജീവിച്ച മണ്ണല്ലേ. അഭയം കിട്ടാതിരിക്കില്ല. അവരുടെ മാത്രമല്ല മറ്റൊരുപാട് മനുഷ്യനിഴലുകളെ പേറിയ വള്ളങ്ങൾ പുഴയിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തിക്കൊണ്ടിരുന്നു. കരയിലെ ബഹളങ്ങൾ അവസാനിച്ച പുലർച്ചയോട് അടുക്കുംവരെ.
16
വീട് മുഴുവൻ തല്ലിത്തകർത്തിരുന്നു. അടുക്കാനോ പെറുക്കാനോ നിന്നില്ല. പായ നീർത്തി മറിഞ്ഞു. കിടന്നതേ ഓർമയുള്ളൂ. സൈനു ഉറങ്ങിപ്പോയി. അതികഠിനമായ വേദന കാലിൽ പടരുന്നത് അറിഞ്ഞാണ് പിന്നെ ഉണർന്നത്. തരിച്ചുപോയി. വീടിനുള്ളിൽ ലാടം പരീത്! കമഴ്ത്തിയ ചെമ്പുകുടത്തിന് മുകളിൽ കവച്ചിരുന്ന് ചുരുട്ട് വലിക്കുകയാണ് അയാൾ. ലാടം തറച്ച ബൂട്ട് തന്‍റെ കാലുകളിൽ ചവിട്ടിപ്പിടിച്ചിരിക്കുന്നു. കൂർമ്പൻ തൊപ്പിയും കാക്കിനിക്കറും വേഷം. മേൽക്കുപ്പായം ധരിച്ചിട്ടില്ല. വെള്ളിയുറുക്ക് നിക്കറിന് പുറത്തുകാണാം. വിലങ്ങിട്ട നിലയിൽ പായയിൽ എഴുന്നേറ്റിരിക്കുന്ന ചേക്കുവിനെ സൈനു കണ്ടു. നീളൻ തോക്കിന്‍റെ ബയണറ്റ് അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചിട്ടുണ്ട് പരീത്. അനങ്ങാനോ കുതറാനോ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായി.
‘‘മൂന്നിനാണല്ലോ സാധാരണ ഉണർച്ച. ഇന്നെന്താ താമസിച്ചോ?’’ ലാടം ചിരിച്ചു. ‘‘വേണേല് കിടന്നോ. സമയമാകുമ്പ വിളിക്കാം. അപ്പ എഴുന്നേറ്റാൽ മതി.’’
സൈനു മിണ്ടിയില്ല. അവളുടെ കണ്ണിൽ വെള്ളം തുടുത്തുപൊട്ടി. രസം പിടിച്ചതുപോലെ അയാൾ പറഞ്ഞു.
‘‘ഒച്ചപ്പരീക്ഷ പാസാകാൻ തുരുത്തിൽ ഇനി രണ്ടുപേരെ ഉള്ളൂ. കൂവക്കാട്ടിൽ ഒളിച്ചിരിക്കുന്ന കറുമ്പൻ ജിന്നും പിന്നെ നിന്‍റെ തന്തേം.’’
സൈനുവിന്‍റെ നെഞ്ചിന് കനംകൂടി. ദാസന്‍റെ വിവരം പരീത് അറിഞ്ഞിരിക്കുന്നു. അയാൾ പറഞ്ഞു.
‘‘രാവിലെ പത്തിന് തുരുത്തിലെ മുഴുവൻ എമ്പോക്കികളെയും സാക്ഷിയാക്കി രണ്ട് തെണ്ടികളും വിളിക്കും.”
‘വിപ്ലവം തോൽക്കട്ടെ.’
മുഷ്ടിചുരുട്ടി ലാടം പരീത് മുദ്രാവാക്യം മുഴക്കി. ‘‘രണ്ടിലൊരുത്തന്‍റെ ഒച്ച ഞാൻ തിരിച്ചറിയും. മുമ്പ് നിന്‍റെ തന്തേട് പറഞ്ഞതുതന്നെ നിന്നോടും പറയുന്നു. ആരുടെ ഒച്ചയാവണം അതെന്ന് നീതന്നെ തീരുമാനിക്ക്.’’
സൈനുവിന്‍റെ കാലുകൾ ഒന്നൂടെ ഞെരിച്ച് അമർത്തിയിട്ട് ചേക്കുവിനെ ഉയർത്തി അയാൾ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു.
‘‘പിന്നേ, തോട്ട എറിഞ്ഞത് പുറത്തൂന്ന് വന്ന നക്സലുകൾ ആണെന്ന് എഴുതി കേസിന് തീർപ്പുണ്ടാക്കാനും എനിക്ക് പറ്റൂട്ടോ. അങ്ങനെ ഞാൻ ചെയ്യണോങ്കി അതും നിനക്ക് തീരുമാനിക്കാം. നമ്മക്ക് എടേലുള്ള കടംവീട്ടാനുള്ള മനസ്സ് നീ കാണിച്ചാൽ മതി. ഞാൻ വരുന്ന വരെ നിനക്ക് സമയമുണ്ട്. നന്നായി ആലോചിക്ക്.’’
ചേക്കുവിനെയും കൊണ്ട് ലാടം പരീത് പോയി.
പകൽ പതിവിലും തെളിഞ്ഞുനിൽക്കുന്നു. ഏതോ വലിയൊരു യുദ്ധപ്പട തുള്ളിയാർത്ത് കടന്നുപോയ വഴിപോലെ തുരുത്ത് കിടക്കുന്നു. പൊലീസുകാർ അല്ലാതെ ആരെയും കാണാനില്ല. പശിയടങ്ങാത്ത ഗോത്രസൈന്യം കണക്കെ ഉത്തരവ് കാത്തുനിൽക്കുകയാണ് അവർ. സൈനു ജാലകത്തിലൂടെ നോക്കിനിന്നു. അപ്പോൾ ആ നിമിഷത്തിൽ ഏനാദിയിൽ ആകെ ഒരാൾ ഉറങ്ങുന്നത് ദാസനാണ്! അവൾ കണ്ടു. പൊലീസ് ടെന്‍റിനുള്ളിൽ സുഖമായ ഉറക്കത്തിലാണ് അവൻ! കൊച്ചുകുട്ടികളെപ്പോലെ വിലങ്ങിട്ട കൈകൾ കാലിനിടയിൽ പിണച്ച്.
ഒരുപക്ഷേ, എന്തെങ്കിലുമൊരു നല്ല സ്വപ്നത്തിൽ ആയിരിക്കും അവൻ. നല്ല സ്വപ്നങ്ങൾ ഉള്ളവർക്കല്ലേ നന്നായി ഉറങ്ങാൻ കഴിയൂ. അല്ലാത്തവരൊക്കെ ഉറക്കം നടിക്കുകയാണ്. അവൾ ആലോചിച്ചു. ദാസന്‍റെ സ്വപ്നത്തിൽ ആരാവും ഇപ്പോൾ. അപ്പൻ, അമ്മ, സഖാവ്, ആളുകൾ, എറിഞ്ഞുകൊന്ന അവന്‍റെ വളർത്തുനായ കണ്ണി. താനുണ്ടാവുമോ? ഏയ് ഉണ്ടാവില്ല.
ലാടം പരീത് ദാസനെ ചവിട്ടിയുണർത്തുന്നത് സൈനു കണ്ടു. കൂസലില്ലാതെ അവൻ എഴുന്നേറ്റു. തന്നെപ്പോലെ വിലങ്ങിട്ട് നിർത്തിയ ചേക്കുവിനെ നോക്കി. അവന് ആളെ മനസ്സിലായി.
‘‘അസ്സലാമു അലൈക്കും.’’
ദാസൻ അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.
ചേക്കു സലാം മടക്കി.
‘‘ആരാണ് നീ.’’
അയാൾ ചോദിച്ചു.
‘‘അബ്ദുല്ല.’’
അവൻ പറഞ്ഞു.
രണ്ടാളെയും മുന്നിലേക്ക് തള്ളി മൈക്രോഫോണിലൂടെ ലാടം പരീത് മാർച്ച് വിളിച്ചു. സൈനുവിന് കരച്ചിൽ വന്നു.
17
ബൂട്ടുകളുടെ കനമുള്ള മുഴക്കം ഏനാദിയിൽ വീണ്ടുമുയർന്നു. കടലിരമ്പുന്ന കണക്ക് തോന്നിച്ച ശബ്ദം വീടകങ്ങളിൽ വേദനകളിൽ ഉറഞ്ഞിരുന്ന ആളുകളെ ഭയത്തിനുമേൽ ഭയമുള്ളവരാക്കി. ഓടാനും ഒളിക്കാനും അവർക്കിനി ഒരിടമില്ല. ഒന്നരമാസം മുമ്പ് കണ്ട അതേ കവാത്ത് വീണ്ടും തെരുവിലൂടെ പോകുന്നു. വിളിച്ച് പറച്ചിലുമുണ്ട്.
‘‘മാന്യമഹാജനങ്ങളുടെ ശ്രദ്ധക്ക്. പൊലീസ് ഔട്ട് പോസ്റ്റിന് നേർക്കുണ്ടായ നക്സൽ ആക്രമണത്തെ തുടർന്ന് ബഹുമാനപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഏനാദി ദേശത്ത് പ്രഖ്യാപിച്ചിരുന്ന സെക്ഷൻ 144 ഇന്നത്തോടെ അവസാനിച്ചതായും പഴയപടി പൗരന്മാർക്ക് പൊതുജീവിതം തുടരാവുന്നതാണെന്നും ഈ റൂട്ട് മാർച്ചിലൂടെ അറിയിക്കുന്നു.’’
എല്ലാം പഴയത് പോലായിരിക്കുന്നു. ഇനി എന്ത് പേടിക്കാൻ? എന്നൊക്കെ ചിന്തിക്കാനും വീടിന് പുറത്തേക്ക് ഇറങ്ങാനും അവർക്ക് കഴിഞ്ഞില്ല. കാരണം വെയില് കൊണ്ടും വിയർപ്പ് തൂവിയും കൂട്ടിക്കിഴിച്ചും സൂക്ഷിച്ചിരിക്കുന്ന മുതലുകളുമായി റൂട്ട് മാർച്ച് കഴിയുന്ന മുറയ്ക്ക് ടെന്‍റിനുമുന്നിൽ ചെല്ലണമെന്നാണ് ലാടം പരീതിന്‍റെ കൽപന.
പൊലീസിന്‍റെ സാന്നിധ്യത്തിൽ പനയ്ക്കൽ കുന്തിയമ്മയുടെ ആളുകൾ ചരക്ക് തൂക്കും. വില നിശ്ചയിച്ച് കൊടുക്കും. കിട്ടുന്നത് എത്രയോ അത് വാങ്ങണം. പരീത് ഏമാന്‍റെ ഉത്തരവാണ്. ആളുകൾ അതിനുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. മാർച്ച് മടങ്ങി വരും മുമ്പ് ചരക്കുകൾ ടെന്‍റിൽ എത്തിക്കണം.
കുട്ടികൾ മാത്രം ചെറിയ സുഷിരങ്ങളിൽ കണ്ണൊട്ടിച്ച് കവാത്ത് കണ്ടു. എത്ര മുതിർന്നാലും തങ്ങൾക്ക് കളിക്കേണ്ടതില്ലാത്ത ഒരു കളിയാണ് ആ പോകുന്നതെന്ന് അവർ വിചാരിച്ചു.
അന്നത്തെ പരേഡിന്‍റെ മുൻപന്തിയിൽ ലാടം പരീതായിരുന്നു. ഇന്ന് പക്ഷേ, അയാൾക്കും മുന്നിൽ വിലങ്ങിട്ട രണ്ടുപേർ നടക്കുന്നത് കുട്ടികൾ കണ്ടു.
കാണുമ്പോൾ തേൻമിഠായി തരാറുള്ള ചേക്കുവിനെ വേഗം തന്നെ അവർക്ക് മനസ്സിലായി. പക്ഷേ, കൂടെയുള്ളത്?
കുട്ടികൾ അമ്മമാരെ വിളിച്ച് അയാളെ കാണിച്ചു. സ്ത്രീകൾ പുരുഷന്മാരെയും. അങ്ങനെ എല്ലാവരുടെയും നോട്ടങ്ങൾ ദാസനിൽ ചെന്ന് മുട്ടി. ഓർമയുടെ മൺകുടങ്ങളുടച്ച് ആളുകൾ പരതി. താടിമീശകൾ ചുരുണ്ട, മലർന്ന ചുണ്ടുകളുള്ള, തെല്ലും കൂസലില്ലാതെ തല ഉയർത്തിപ്പിടിച്ച, കറുത്ത് മെല്ലിച്ച ഈ മനുഷ്യൻ ഓർമക്കള്ളിയിൽ ഒരിടത്തുമില്ല. വല്യുസ്താദിന് ഒന്ന് മനസ്സിലായി. അയാൾ ഇട്ടിരിക്കുന്ന കുപ്പായവും തലേക്കെട്ടും തന്‍റേതാണ്. പക്ഷേ, എങ്ങനെ? തോണിക്കാരൻ ദാമുവിനും ദാസന് ഇടിയപ്പം കൊടുത്ത അപ്പക്കാരി കൈയ്യോമ്മക്കും ആളെ മനസ്സിലായി. ഗുരുദേവൻ! താടിയും മുടിയും വളർത്തി വേഷം മാറിയ ഗുരുദേവൻ! ദാമു ഉറപ്പിച്ചു. കറുത്ത ഔലിയ! കറാമത്തുകൾ കാണിക്കുന്ന കറുത്ത ഔലിയ! കൈയ്യോമ്മയും ഉറപ്പിച്ചു.
തുരുത്ത് മുഴുവൻ ചുറ്റിച്ച് പഴയതുപോലെ തന്നെ സൈനുവിന്‍റെ വീടിന് മുന്നിൽ മാർച്ച് അവസാനിപ്പിക്കാനാണ് ലാടം പരീതിന്‍റെ തീരുമാനം. അപ്പോഴേക്കും ചരക്കുകളുമായി നാട്ടുകാർ മുഴുവനും അവിടെ എത്തിയിരിക്കും. അവരുടെയൊക്കെ മുന്നിൽ വെച്ചാവണം ഈ കഴുവേറികൾ മുദ്രാവാക്യം മുഴക്കാൻ.
നിർത്താതെ വിളിപ്പിക്കണം നാറികളെക്കൊണ്ട്. എന്നിട്ട് താൻ സൈനുവിന്‍റെ മുറിയിൽ ചെല്ലും. അവസാനത്തെ അവസരം കൊടുക്കും. ബാപ്പക്കുവേണ്ടി അവൾ വഴങ്ങും. വഴങ്ങാതെ തരമില്ല. മാറിമാറി ഇവന്മാർ വിളിക്കുന്ന മുദ്രാവാക്യം കേട്ടുവേണം അവളെ പെരുമാറാൻ. കടിച്ച് കുടയണം! ബെൽറ്റിന് അടിച്ച് തൊലി ഉരിക്കണം! മുലക്കണ്ണുകൾ ലാടത്തിന് ഞെരിച്ച് പൊട്ടിക്കണം! തുടയിടുക്ക് മാന്തിക്കീറണം! ലാത്തി കയറ്റി തിരിക്കണം. മേലിൽ ഒരുത്തനും അവളെ ആഗ്രഹിക്കരുത്. ആ മട്ടിൽ അവളുടെ മുഖത്ത് തീച്ചുരുട്ട് കുത്തി പൊള്ളിക്കണം! താനും അവളും തമ്മിലുള്ളതാണ് ശരിയായ സമരം.
ഈ വിപ്ലവം താൻ ജയിച്ചുകയറും. സൈനു തോൽക്കും. അത് കഴിഞ്ഞാൽ കുന്തിയമ്മ തരുന്നതും വാങ്ങി തുരുത്ത് വിടണം. ഓർത്തപ്പോൾ ലാടം പരീതിന് നിലവിട്ടു. മൈക്രോഫോൺ വാങ്ങി സ്വയം മറന്ന് അയാൾ വിളിച്ചു.
‘വിപ്ലവം തോൽക്കട്ടെ.’
പിന്നെ ദാസനെ അതിക്രൂരമായി മർദിക്കുകയും വഴിയിലൂടെ വലിച്ചിഴക്കുകയും ചെയ്തു അയാൾ.
18
ഇത്തവണ മാർച്ചിന് പനയ്ക്കൽ തമ്പുരാട്ടി വക സ്വീകരണമുണ്ടായില്ല. പകരം എട്ടുകെട്ടിന് മുകളിൽ നിന്ന് പരേഡ് അവർ കണ്ടു. ചന്ദനനിറമുള്ള വസ്ത്രങ്ങളായിരുന്നു അവരുടെ പതിവ് വേഷം. പക്ഷേ, ഇത്തവണ ചുവന്ന പട്ടിലും കെട്ടിലുമായിരുന്നു കുന്തിയമ്മ. വിശേഷങ്ങളിൽ മാത്രമാണ് അവർ ആ ചുവപ്പ് ധരിക്കാറുള്ളത്. അവരെ കണ്ടപ്പോൾ ദാസൻ, സഖാവിനെ ഓർത്തു. സഖാവിന്‍റെ കൊടികൾ ഓർത്തു. അരയിൽ ഇരിക്കുന്ന ബാനറിലെ ചുവന്ന അക്ഷരങ്ങൾ ഓർത്തു. തമ്പുരാട്ടിയെ നോക്കി അവൻ മുഷ്ടി മുകളിലേക്കുയർത്തി. തോക്കിന്‍റെ പാത്തിക്ക് ലാടം പരീത് അവനെ അടിച്ചു. കൊല്ലാൻ കാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു ഏമാൻ സഖാവിനെ ഇങ്ങനെ അടിക്കുന്നത് ആമത്താളിയുടെ ചില്ലയിലിരുന്ന് അവൻ കണ്ടിരുന്നു. സഖാവ് അപ്പോൾ വീണിരുന്നില്ല. അതുകൊണ്ട് ദാസനും വീണില്ല. തല ഉയർത്തി മുന്നോട്ടുതന്നെ നടന്നു.
ആരവം അടുത്തുവരുന്നത് സൈനു കേട്ടു. അനങ്ങിയില്ല. മൂർച്ച കൂട്ടിയ വെട്ടുകത്തി തലവണക്കടിയിൽ വെച്ച് കിടന്ന കിടപ്പിൽ തുടർന്നു. മാർച്ച് നിന്നു.
ഏനാദിയിലെ മുഴുവൻ ആളുകളും തലച്ചുമടുമായി അവിടെ എത്തിയിട്ടുണ്ട്. തല്ലുകൊണ്ടും ചവിട്ടുകൊണ്ടും വീങ്ങിയിരുന്നു അവരിൽ പലരും. തമ്പുരാട്ടിയുടെ ആളുകൾ ചരക്കുകൾ തൂക്കി വലിവണ്ടികളിലേക്ക് വെച്ചു. കിട്ടിയ പണം വാങ്ങി പരീത് പറഞ്ഞ വശത്തേക്ക് ഓരോരുത്തരായി മാറി. വലിവണ്ടികൾ ഒഴിഞ്ഞു. പക്ഷേ, ആൾക്കൂട്ടം പിരിയാൻ അയാൾ സമ്മതിച്ചില്ല. വളഞ്ഞുനിൽക്കുന്ന നാട്ടുകാർക്കും പൊലീസിനും നടുവിൽ ദാസനെയും ചേക്കുവിനെയും ലാടം പരീത് മുഖാമുഖം നിർത്തി.
ആദ്യം മുദ്രാവാക്യം വിളിപ്പിക്കേണ്ടത് ഈ കറുമ്പനെക്കൊണ്ടാണ്. അയാൾ തീരുമാനിച്ചു.
‘‘ഞാൻ വരുന്നതുവരെ രണ്ട് നാറികളും നിർത്താതെ വിളിക്കണം’’
പൊലീസുകാരോട് പറഞ്ഞേൽപിച്ചിട്ട് ലാടം പരീത് സൈനുവിന്‍റെ വീട്ടിലേക്ക് നടന്നു. ആ നിമിഷം ദാസൻ വിളിച്ചു.
സർവശക്തിയുമെടുത്ത് വിളിച്ചു. തെറ്റാതെ. സഖാവ് വിളിക്കാറുള്ളതുപോലെ സ്ഫുടമായി.
‘വിപ്ലവം ജയിക്കട്ടെ.’
ഭൂമിയിലെ സകല നിരാശകളുടെയും അടിത്തട്ടിൽനിന്ന് ഉയർന്നുവന്നത് പോലുണ്ടായിരുന്നു അത്. മരിച്ചുകിടന്ന മനുഷ്യരാശിയെ അപ്പാടെ വിളിച്ചുണർത്താൻ പര്യാപ്തമായതും ആയിരുന്നു അത്. വരണ്ട നിലത്തുവീഴുന്ന മഴപോലെ ആളുകളെ ആ വിളിയൊച്ചയുടെ ഓരോ അണുവും തൊട്ടു. പൊട്ടിവീണതുപോലെ ആ നാട്ടുകാർക്ക് അപരിചിതരായ, ദാസന് മാത്രം പരിചയമുള്ള രണ്ട് യുവാക്കൾ പൊടുന്നനെ മുന്നോട്ടുവന്നു. ദാസന്‍റെ മേൽ കുറ്റബോധമുള്ളതുപോലെ അവർ അവന്‍റെ പിന്നിലേക്ക് നിന്നു. മുഷ്ടി ആകാശത്തേക്ക് എറിഞ്ഞു. ഉറച്ച ശബ്ദത്തിൽ ദാസൻ വിളിക്കുന്ന മുദ്രാവാക്യം അവർ ഏറ്റുവിളിച്ചു.
‘‘വിപ്ലവം ജയിക്കട്ടെ.’’
അവരത് തുടർന്നുകൊണ്ടേയിരുന്നു.
വളർച്ച ചുവട്ടിൽനിന്നാണ് ആരംഭിക്കുന്നത്. ഇവിടെയും കുട്ടികളിൽ നിന്നാണ് തുടക്കമുണ്ടായത്. ദാസന്‍റെയും താടിവെച്ച ചെറുപ്പക്കാരുടെയും വിളി കുട്ടികൾ ഒന്നാകെ ഏറ്റെടുത്തു.
‘‘വിപ്ലവം ജയിക്കട്ടെ.’’
ചെറുചുണ്ടുകളിൽ നിന്ന് തെറിക്കുന്നത് വെറും ശബ്ദങ്ങളല്ല. പ്രതീക്ഷകളുടെ നനവ് പറ്റിയ ശബ്ദങ്ങളാണ്. സ്ത്രീകൾ ഉണർന്നു. ആവേശത്തിൽ അവരും വിളിച്ചു.
‘‘വിപ്ലവം ജയിക്കട്ടെ.’’
തങ്ങളുടെ സ്ത്രീകളും കുട്ടികളുമാണ് വിളിക്കുന്നത്. പുരുഷന്മാർ ചിന്തിച്ചു. നഷ്ടപ്പെടാൻ തങ്ങൾക്കിനി എന്താണുള്ളത്? ജീവിതമൊഴിച്ച് ഒന്നുമില്ല. തങ്ങളുടെ പെണ്ണുങ്ങൾക്കും മക്കൾക്കും ഒപ്പമല്ലാതെ തങ്ങൾ എങ്ങനെയാണത് ജീവിച്ച് തീർക്കേണ്ടത്. ഭയം തങ്ങളിൽ നിന്ന് അഴിയുന്നതായി അവർക്ക് തോന്നി.
ആണുങ്ങളും വിളിച്ചലറാൻ തുടങ്ങി.
‘‘വിപ്ലവം ജയിക്കട്ടെ.’’
സൈനുവിന്‍റെ വീടിനും ഇരമ്പിയാർക്കുന്ന ജനക്കൂട്ടത്തിനും ഇടയിലായി ഇതെല്ലാം കണ്ട് ലാടം പരീത് നിന്നു. രക്തം തിളച്ചുകയറി. കൈകാലുകൾ പെരുത്തു. ഒറ്റക്കുതിപ്പിന് അയാൾ ദാസന്‍റെ മുന്നിലെത്തി. ലാടംതറച്ച ബൂട്ട് അവന്‍റെ നെഞ്ചിലേക്ക് അമർന്നു. അവൻ വീണു.
സഖാവ് താങ്ങിയതായി അവന് തോന്നി. ദാസൻ വിളി നിർത്തിയില്ല! ആരും വിളി നിർത്തിയില്ല! പരീതിന്‍റെ ഉത്തരവിൽ പൊലീസ് ഉണർന്നു. ആക്രമിക്കാൻ തുടങ്ങി. പക്ഷേ, ഇത്തവണ ജനവും വിട്ടില്ല. സ്ത്രീകളാണ് ആദ്യം മുന്നിട്ടത്.
കൈയിൽ കിട്ടിയതുവെച്ച് അവരും തിരിച്ചടിച്ചു. പുരുഷന്മാരും നോക്കിനിന്നില്ല. അവരും അടി തുടങ്ങി. കുട്ടികൾ കല്ലുകൾ തുടരെ വലിച്ചെറിഞ്ഞു.
‘‘അനീതിക്കുമേൽ തീപിടിക്കാൻ കാലങ്ങളെടുക്കും. പിടിച്ചാൽ നിമിഷംകൊണ്ട് പടരും. പടർന്നാൽ അണയരുത്. ആളിക്കത്തണം. നഷ്ടങ്ങളാണ് ഒഴിക്കാനുള്ള ഇന്ധനം. അത് ജീവനാകാം. ജീവിതങ്ങളാവാം. പക്ഷേ, വിപ്ലവകാരി തോറ്റുപോകരുത്. കാരണം അനീതിയിൽനിന്ന് നീതി വേർതിരിയുവോളം കത്തുന്ന തീയാണ് വിപ്ലവം.’’
സഖാവ് കാതിൽ പറയുന്നതായി ദാസന് തോന്നി. കഴുത്തിൽ ലാടം പരീതിന്‍റെ ബൂട്ടമർന്ന് ശബ്ദം പുറത്തുവരാതായിട്ടും അവൻ മുദ്രാവാക്യം മുഴക്കി.
പെട്ടെന്നാണ് അതിദീർഘമായ കുറെയധികം ചിന്നംവിളികൾ ഒരുമിച്ച് അന്തരീക്ഷത്തിൽ ഉയർന്നുകേട്ടത്. കരിങ്കടൽ ഇളകിവരുന്നത് പോലുണ്ടായിരുന്നു അത്. തുമ്പിക്കൈകൾ ഉയർത്തി, ലക്ഷണമൊത്ത മസ്തകങ്ങൾ വിറപ്പിച്ച്, കൂർത്ത കൊമ്പുകൾ വെളിവാക്കി, ഭൂമി ചവിട്ടിപ്പിളർന്ന് പനയ്ക്കൽ കുന്തിയമ്മയുടെ പന്ത്രണ്ട് മദയാനകൾ പാഞ്ഞുവരുന്നു. ഒന്നിനുമേൽ രണ്ടുവെച്ച് 24 പാപ്പാത്തി പെണ്ണുങ്ങളും ആനപ്പുറത്തുണ്ട്. ഏറ്റവും മുന്നിലെ കൊമ്പന്‍റെ മുകളിലാണ് ലളിത. അവളാണ് നയിക്കുന്നത്. പനയ്ക്കൽ കുന്തിയമ്മ തമ്പുരാട്ടിയുടെ ചുവന്ന പട്ടുചേല ലളിത ഉയർത്തിവീശുന്നുണ്ട്.
പൊലീസും ജനവും തമ്മിലുള്ള യുദ്ധം നിന്നു. സൈനു വാതിൽ തുറന്നു. കാക്കിയിട്ടവനെന്നും ഇടാത്തവനെന്നും വേർതിരിവില്ലാതെ ആളുകൾ നാലുദിക്കിലേക്കായി പരക്കംപാഞ്ഞു. ദാസൻ മാത്രം നിന്നിടത്ത് നിന്നു! അനങ്ങിയില്ല. അരപ്പട്ട ചേർത്ത് പിന്നിൽനിന്ന് ദാസൻ പിടിച്ചുനിർത്തിയതുകൊണ്ട് ലാടം പരീതും നിന്നിടത്ത് നിന്നുപോയി! പക്ഷേ, അനങ്ങുന്നുണ്ട്. കുതറി. തെറിവിളിച്ചു. ലാടമുള്ള ബൂട്ടിന് ചവിട്ടി. പിന്നെ കരഞ്ഞു. യാചിച്ചു. ദാസൻ പക്ഷേ, ലളിതയുടെ കൊലകൊമ്പൻ മുന്നിലെത്തുവോളം അയാളെ വിട്ടില്ല.
‘‘എന്തൊരു ധൈര്യം. കറുത്ത ഔലിയ തന്നെ’’.
‘‘എന്തൊരു ശാന്തത ഗുരു തന്നെ’’.
കൈയ്യോമ്മയുടെയും ദാമുവിന്‍റെയും ഉറപ്പിൽ ഓടുന്നതിനിടെ ആളുകൾ ദാസന് വ്യാഖ്യാനം കൊടുത്തു.
‘‘എടുത്തലക്ക് ആനേ കാക്കീനെ’’
ആനപ്പുറത്തിരുന്ന് ലളിത പറഞ്ഞു.
ആന നീട്ടിയ തുമ്പിക്കൈയിലേക്ക് ലാടം പരീതിനെ വെച്ചുകൊടുത്തിട്ട് ദാസൻ പിന്നോട്ട് നിന്നു. അവനപ്പോൾ മീനത്തിൽ വള്ളിയൂരമ്മയുടെ ഒപ്പനച്ചാട്ടം കഴിഞ്ഞ് മടങ്ങിയ രാത്രി ഓർത്തു. അപ്പനെയും അമ്മയെയും ഓർത്തു. ഭൂമിയിലേക്ക് അവരെ പറ്റിച്ച് വെച്ചിട്ട് ആന പോയിട്ടും കൊച്ചുദാസൻ ആമത്താളിയുടെ ചില്ലയിൽ തന്നെയിരുന്നു. ഊരിലുള്ളവർ വന്നശേഷവും അവിടെ തന്നെയിരുന്നു. ആരുടെയോ രണ്ടുപേരുടെ ഉടുമുണ്ടുകൾ വന്ന് അപ്പനെയും അമ്മയെയും മൂടുന്നതുവരെ ദാസൻ മരക്കൊമ്പിൽ ഇരുന്നു. ടെന്‍റ് തകർത്ത ശേഷം പനയ്ക്കലെ ആനക്കൂട്ടം ഔട്ട് പോസ്റ്റിന്‍റെ ദിക്കിലേക്ക് പോയപ്പോൾ ചിന്തകളിൽനിന്ന് അവൻ ഉണർന്നു.
അരയിൽനിന്ന് ബാനർ എടുത്ത് ചതഞ്ഞരഞ്ഞ ലാടം പരീതിന്‍റെ മുകളിലേക്ക് വിരിച്ചു. കോറത്തുണിയിൽ സഖാവ് എഴുതിയത് സൈനു അവനെ വായിച്ചു കേൾപ്പിച്ചു.
‘വിപ്ലവം ജയിക്കട്ടെ’...

19
ചിതറിയോടിയെങ്കിലും ആളുകളുടെ കൈയിൽനിന്ന് പൊലീസുകാർക്ക് രക്ഷയുണ്ടായില്ല. വെടിമരുന്ന് ചാക്കിൽ തീച്ചൂട്ട് വീണതുപോലെ ‘വിപ്ലവം ജയിക്കട്ടെ’ എന്നലറിക്കൊണ്ട് അവർ അവരെ പിന്തുടർന്ന് തല്ലി. അടികൊണ്ട് വീഴുന്ന പൊലീസുകാരെ വളഞ്ഞുനിന്ന് അവർ മുദ്രാവാക്യം വിളിച്ചു. തുരുത്ത് പ്രകമ്പനംകൊണ്ടു. ആളുകൾ നിലമറന്നു. കുട്ടികൾ തലകുത്തിമറിഞ്ഞ് വിളിച്ചു. സ്ത്രീകൾ അവരുണ്ടാക്കിയ വിപ്ലവത്താരാട്ട് സംഘം സംഘമായി പിരിഞ്ഞ് ചൊല്ലി. മാപ്പിള ഈണത്തിൽ പാടിത്തിമിർത്ത മേത്തച്ചിപ്പെണ്ണുങ്ങൾ ഒപ്പനച്ചുവടുകൾ വെട്ടിക്കൊണ്ട് വിളിച്ചു.
‘വിപ്ലവം ജയിക്കട്ടെ.’
ചോകോത്തിപ്പെണ്ണുങ്ങളും നായരേച്ചികളും കൂടിക്കലർന്ന് അത് തിരുവാതിരപ്പാട്ടാക്കി. അവരുടെ ആണുങ്ങൾ കൈകൊട്ടി കളിച്ചപ്പോൾ മേത്തന്മാർ കോൽക്കളിയുമായി അഴിഞ്ഞാടി. പടക്കങ്ങൾ പൊട്ടി. എവിടെനിന്ന് എന്നറിയാത്ത തരത്തിൽ പുരുഷന്മാർക്കിടയിൽ തപ്പും താളവാദ്യങ്ങളും പ്രത്യക്ഷപ്പെട്ടു. വീക്ക് ചെണ്ടകളുടെ നിലവിളി ആകാശം വിറപ്പിച്ചു.
20
പത്തായപ്പുരയുടെ വാതിലിൽ നിർത്താതെയുള്ള തട്ട് കേട്ടു. ചിന്തയിൽനിന്ന് ഉണർന്ന ഉക്കണ്ടൻ മാഷ് ചെവി കൂർപ്പിച്ചു. ഭാര്യയാണ് പേടിക്കാനില്ല. വാതിൽ തുറന്നു.
‘‘ഇറങ്ങിപ്പോര്. ഇനിയാരും അർഥം ചോദിച്ച് വരില്ല.’’ ആ സ്ത്രീ പറഞ്ഞു. ഉക്കണ്ടന് ഒന്നും മനസ്സിലായില്ല.
‘‘എലി കരണ്ടുപോയത് എന്നതാണെന്ന് നാട്ടുകാര് കണ്ടുപിടിച്ചിട്ടുണ്ട്.’’
അവർ ചിരിച്ചു...
